ചങ്ക്‌സ് :

എ ‘ചവര്‍’ ഫണ്‍ 

August 7, 2017, 6:33 pm
എ ‘ചവര്‍’ ഫണ്‍ 
Movie Reviews
Movie Reviews
എ ‘ചവര്‍’ ഫണ്‍ 

ചങ്ക്‌സ് :

എ ‘ചവര്‍’ ഫണ്‍ 

Movie Rating

★★★★★ ★★★★★

ബോളിവുഡിന്റെ സ്‌ക്രീനില്‍ ഇടയ്ക്കിടെ വരാറുള്ള ചില സിനിമകളുണ്ട്. റിതേഷ് ദേശ്മുഖും തുഷാര്‍ കപൂറും അഫ്താബ് ശിവ്ദസാനിയുമൊക്കെ മിക്കവാറും നായകന്മാരാവുന്ന 'അഡള്‍ട്ട് കോമഡി' genreല്‍ പെടുന്ന സിനിമകള്‍. നായകന്മാര്‍ ആവര്‍ത്തിക്കുമെങ്കിലും നായികമാര്‍ മാറിക്കൊണ്ടിരിക്കും ആ ചിത്രങ്ങളില്‍. അതതുകാലങ്ങളില്‍ 'ഗ്ലാമറസ്' സ്‌ക്രീന്‍ ഇമേജുള്ള നടിമാര്‍ (ഏറ്റവുമൊടുവില്‍ സണ്ണി ലിയോണ്‍ വരെ) ആ നായികാവേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെടും. കേരളത്തിന്റെ പരിതസ്ഥിതി വച്ച് ഒരു ഫുള്‍-ഓണ്‍ 'അഡള്‍ട്ട് കോമഡി' സാധ്യമല്ലെന്ന് ചിന്തിച്ചിട്ടാവാം, അത്തരം സിനിമകളുടെ അല്‍പം നേര്‍പ്പിച്ച ഒരു കേരള വെര്‍ഷനാണ് ഒമര്‍ ലുലു എന്ന സംവിധായകന്റെ പുതിയ സിനിമ 'ചങ്ക്‌സ്'.

അപ്രതീക്ഷിത ബോക്‌സ്ഓഫീസ് വിജയം നേടിയ ഒമറിന്റെ ആദ്യസിനിമ, 'ഹാപ്പി വെഡ്ഡിംഗി'ലേതു പോലെ എഞ്ചിനീയറിംഗ് കോളെജിന്റെ പശ്ചാത്തലം. റൊമാരിയോ (ബാലു വര്‍ഗീസ്), ആത്മാറാം (ധര്‍മ്മജന്‍ ബോള്‍ഗാട്ടി), യൂദാസ് (വിശാഖ് നായര്‍), റിയാസ് (ഗണപതി) എന്നിവരാണ് ക്യാമ്പസിലെ, ഒമറിന്റെ ഫ്രെയ്മില്‍ വരുന്ന സുഹൃദ്‌സംഘം. 'ഹാപ്പി വെഡ്ഡിംഗി'ലെ വിദ്യാര്‍ഥികള്‍ പറഞ്ഞ സെക്‌സിസ്റ്റ് ഡയലോഗുകള്‍ 'ചങ്ക്‌സി'ലെത്തുമ്പോള്‍ മുന്നോട്ടുള്ള ഗിയറുകള്‍ പലത് മാറിയിട്ടുണ്ട്. വൈവ പരീക്ഷയ്ക്ക് എന്താണ് ഒരു 'വൈബ്രേറ്റര്‍' എന്ന് ചോദിക്കുന്ന അധ്യാപികയോട് സ്വയംഭോഗം ചെയ്യുന്നതിന്റെ ആക്ഷന്‍ ശബ്ദസഹിതം കേള്‍പ്പിക്കുന്ന, 'തേച്ചിട്ടു'പോയ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയായ പെണ്ണിനോട് വിസ്പറും കോണ്ടവും വാങ്ങി വായില്‍ വെക്കൂ എന്ന് പറയുന്ന തരത്തില്‍ അതിര്‍ത്തിരേഖകളേതുമില്ലാത്ത ഗിയര്‍മാറ്റം.

ഒരു പെണ്‍കുട്ടി പോലുമില്ലാത്ത മെക്കാനിക്കല്‍ അവസാനവര്‍ഷ ബാച്ചിലെ വിദ്യാര്‍ഥികളാണ് റൊമാരിയോയും ആത്മാറാമും യൂദാസും. റിയാസാകട്ടെ, അത്തരമൊരു പോരായ്മയില്ലാത്ത കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും കോളെജ് റോമിയോയും. സഹപാഠികളായി പെണ്‍കുട്ടികളില്ലാതെ നാല് വര്‍ഷം പഠിച്ചതിന്റെ 'ദൈന്യം' പേറുന്ന റൊമാരിയോ-ആത്മാറാം-യൂദാസ് സഖ്യത്തിന്റെ ബാച്ചിലേക്ക് റിയ (ഹണി റോസ്) എന്ന വിദ്യാര്‍ഥിനി കടന്നുവരുന്നതും തുടര്‍ന്നുള്ള സാഹചര്യങ്ങളുമാണ് ഒമര്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

അഞ്ചാം ഗിയറിലോടുന്ന അഡള്‍ട്ട് കോമഡി പടവും തുല്യതയോടെയല്ലെങ്കിലും സ്ത്രീപ്രേക്ഷകരെക്കൂടി പരിഗണിക്കാറുണ്ട്. ഇവിടെ പക്ഷേ ഒമര്‍ ഒരുക്കുന്ന 'ഫണ്‍' സ്ത്രീവിരുദ്ധരായ കാണികള്‍ക്കുവേണ്ടി റിസര്‍വ്ഡ് ആണ്. വി.കെ.പ്രകാശിന്റെ സംവിധാനത്തില്‍ അഞ്ച് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ 'ട്രിവാന്‍ഡ്രം ലോഡ്ജ്' പതിച്ചുനല്‍കിയ സ്‌ക്രീന്‍ ഇമേജില്‍ നിന്ന് മോചിപ്പിക്കാതെയാണ് മെക്കാനിക്കല്‍ ഫൈനല്‍ ഇയര്‍ ബാച്ചിലേക്ക് ഒമര്‍ ഹണി റോസിന്റെ റിയയെ എത്തിക്കുന്നത്. സ്വന്തമായി അഭിപ്രായവും തന്റേടവുമൊക്കെയുള്ളവള്‍ എന്ന മട്ടിലാണ് റിയയുടെ അവതരണമെങ്കിലും ആ കഥാപാത്രത്തിന്റെ അകം ഉള്ളി പൊളിച്ചതുപോലെയാണ് അവസാനമെത്തുമ്പോള്‍ മനസിലാവും. ഹണി റോസിന്റേത് മാത്രമല്ല, കഥയെ നിയന്ത്രിക്കുന്ന രണ്ട് പുരുഷന്മാര്‍ക്കൊഴികെ (റൊമാരിയോയും അച്ഛനും-ലാല്‍) സംവിധായകന്‍ ആര്‍ക്കും പതിച്ചുകൊടുക്കാന്‍ തയ്യാറാവുന്നില്ല, വ്യക്തിത്വം.

എന്‍ജിനീയറിംഗ് കോളെജിന്റെ പശ്ചാത്തലത്തില്‍ എപ്പോഴും 'ബ്രോ', 'ചങ്ക്' എന്നൊക്കെ പരസ്പരം സംബോധന ചെയ്യുന്നു വിദ്യാര്‍ഥികള്‍ എന്നതൊഴിച്ചാല്‍ ആ പ്രതിനിധീകരണങ്ങളൊക്കെ വ്യാജവും മലയാളസിനിമയിലെ മുന്‍കാല ക്ലീഷേകളെ അധികരിച്ച് നിര്‍മ്മിച്ചതുമാണ്. സ്ത്രീവിരുദ്ധതയുടെ ചുവയൊന്നുമില്ലാതെ ഒരു ബി.ടെക് ക്യാമ്പസ് കാണിച്ചുതന്ന ഗണേഷ് രാജിന്റെ (ആനന്ദം-2016) കാലത്തോടല്ല, മേല്‍പ്പറഞ്ഞ തമാശകളിലൂന്നി ബോക്‌സ്ഓഫീസ് വിജയങ്ങള്‍ നേടിയ ഉദയ്കൃഷ്ണ-സിബി കെ.തോമസ് തിരക്കഥകളോടാണ് ഇതിന് ചാര്‍ച്ച. ജോസഫ് വിജീഷ്, അനീഷ് ഹമീദ്, സനൂപ് തൈക്കൂടം എന്നിവരാണ് 'ചങ്ക്‌സി'ന്റെ തിരക്കഥാകൃത്തുക്കള്‍. മലയാളിയുടെ മുഴുവന്‍ ഹിപ്പോക്രസിയെയും അടങ്കലം പുല്‍കുന്ന, ട്വിസ്റ്റോട് ട്വിസ്റ്റുള്ള ക്ലൈമാക്‌സ് എത്തുമ്പോഴാണ് എന്തൊരു വ്യാജോക്തിയാണ് പിന്നിട്ട ഒന്നേമുക്കാല്‍ മണിക്കൂര്‍ സംവിധായകന്‍ ഉള്ളില്ലാ കഥാപാത്രങ്ങളെക്കൊണ്ട് കെട്ടിയാടിച്ചതെന്ന് മനസിലാവുക. സ്വവര്‍ഗ്ഗ ലൈംഗികതയോടും വംശീയതയോടുമൊക്കെ മലയാളി പൊതുബോധത്തിനുണ്ടായിരുന്ന ഇരട്ടത്താപ്പുകള്‍ മാറിവരുന്നതിന്റെ ലക്ഷണം കാണിച്ചുതുടങ്ങുന്നകാലത്ത് ആ മുന്‍വിധികള്‍ക്കുള്ള ഷെയ്ക്ഹാന്റാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്.

ഹണി റോസ് എന്ന അഭിനേത്രിയുടെ, 'ട്രിവാന്‍ഡ്രം ലോഡ്ജി'ല്‍ നിന്നുലഭിച്ച സ്‌ക്രീന്‍ ഇമേജിനെയാണ് ഒമറും സംഘവും 'ചങ്ക്‌സി'ന്റെ യുഎസ്പിയായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നത്. മനോഹരമായ വേഷവിധാനങ്ങളില്‍ മനോഹരിയായിപ്രത്യക്ഷപ്പെടുക എന്നതൊഴിച്ചാല്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ അവര്‍ക്ക് ഒന്നും ചെയ്യാനില്ലതന്നെ സിനിമയില്‍. പേച്ചെല്ലാം നായകനും അനുചരന്മാര്‍ക്കുമാണ്. ബാലു വര്‍ഗീസിന്റേതും ധര്‍മ്മജന്റേതും പല സിനിമകളില്‍ കണ്ടുമറന്ന കഥാപാത്രങ്ങളാണെങ്കിലും 'ഹാപ്പി വെഡ്ഡിംഗ് ടീ'മിനെ പൂര്‍ണമായും ഒഴിവാക്കി ഇവരും ഒപ്പം ഗണപതിയെയും 'ആനന്ദം' ഫെയിം വിശാഖ് നായരെയും പ്രധാന കഥാപാത്രങ്ങളായി കാസ്റ്റ് ചെയ്തത് ഒമര്‍ ലുലു എന്ന സംവിധായകന്റെ ആത്മവിശ്വാസമാണ്. നായികാനായകന്മാരുടെ അച്ഛന്മാരായെത്തുന്ന ലാലും സിദ്ദിഖും മുന്‍പുകണ്ടുമറന്ന അവരുടെ പല കഥാപാത്രങ്ങളില്‍ ഒന്ന്.

സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമസാന്ദ്രതയുടെ സമകാലത്ത് സിനിമയിലെ സ്ത്രീവിരുദ്ധത അക്രമിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട്, മുന്‍കാലത്തെ അതിന്റെ പതാകാവാഹകര്‍ പോലും തിരക്കഥയില്‍ ഒരു സംഭാഷണമെഴുതുംമുന്‍പ് പലവട്ടം ചിന്തിക്കുന്ന കാലമാണിത്. അത്തരം സംഭാഷണങ്ങള്‍ പറയാന്‍ മടിയ്ക്കാതിരുന്ന മെഗാസ്റ്റാറിനെ വനിതാ കമ്മിഷന്‍ പേരെടുത്ത് വിമര്‍ശിച്ചത് വാര്‍ത്തയാവുന്ന കാലം. ആ കാലത്താണ് മുന്‍തലമുറയോളം ലൈംഗിക അടിച്ചമര്‍ത്തല്‍ നേരിടാന്‍ സാധ്യതയില്ലാത്ത ഇന്നത്തെ യുവത്വത്തിന്റെ പേരില്‍ സ്ത്രീവിരുദ്ധതയും വംശീയതയും തന്റെ മുപ്പതുകളുടെ തുടക്കത്തിലുള്ള ഒരു സംവിധായകന്‍ 'ഫണ്‍' എന്ന പേരില്‍ വെള്ളം തൊടാതെ പറയിക്കുന്നത്. ആര്‍ത്തവം, സാനിറ്ററി നാപ്കിന്‍ എന്നതൊക്കെ ആണ്‍കൂട്ട നേരമ്പോക്കുകളുടെ ഭാഗമാകുന്ന ക്യാമ്പസുകളല്ല ഇന്ന് നമ്മുടെ ചുറ്റുവട്ടങ്ങളിലുള്ളതെന്നറിയാന്‍ ഇടയ്ക്ക് പത്രം വായിച്ചാല്‍ മതി. മലയാളസിനിമ സ്ഥിരം പ്രതിനിധീകരിക്കുന്ന 'അരാഷ്ട്രീയ ക്യാമ്പസുകളി'ല്‍ത്തന്നെയാണ് 'ആര്‍ത്തവ അശുദ്ധി'യെ ചോദ്യംചെയ്ത് സാനിറ്ററി നാപ്കിനുകളില്‍ ചിത്രങ്ങള്‍ വരച്ച് സര്‍ഗ്ഗാത്മകമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുമുള്ളത്. മലയാളസിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പല കാരണങ്ങളാല്‍ സജീവമായിരിക്കുന്ന ഒരുകാലത്ത് ഇത്തരമൊരു സിനിമയെക്കുറിച്ച് ആലോചിക്കാന്‍ അപാരമായ തൊലിക്കട്ടി വേണം.

മേല്‍പ്പറഞ്ഞതൊക്കെയുള്ള ഒരു ചിത്രത്തിന് ക്ലീന്‍ ‘യു’ നല്‍കി ആശീര്‍വദിച്ച സെന്‍സര്‍ ബോര്‍ഡിന് നമോവാകം. പല വീടുകളില്‍നിന്നും വരുന്ന ആളുകള്‍ക്ക് ‘ചേരിയിലെ തെറി’ തീയേറ്ററില്‍ കേള്‍ക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് 'കമ്മട്ടിപ്പാട'ത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് പറഞ്ഞൊരു അംഗമുള്ള സെന്‍സര്‍ ബോര്‍ഡാണല്ലോ നമ്മുടേത് എന്നോര്‍ക്കുമ്പോള്‍ ആ സംവിധാനത്തോടുള്ള ബഹുമാനം വര്‍ധിക്കുന്നു.

അതേസമയം ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് സ്വീകാര്യമായേക്കാം ഈ സിനിമ. 'ഹാപ്പി വെഡ്ഡിംഗി'ന്റെ വിജയം നല്‍കിയ ആത്മവിശ്വാസത്താലാവണം 'ചങ്ക്‌സി'ന്റെ ടെയ്ല്‍ എന്‍ഡില്‍ ഒമര്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രതിഫലം ആവശ്യപ്പെടുന്ന നായകനോട് പടം വിജയിക്കട്ടെ എന്നിട്ട് നോക്കാം എന്നാണ് സംവിധായക മൊഴി. അങ്ങനെയെങ്കില്‍ നായകന് ഭാവിയില്‍ പ്രതിഫലം ലഭിക്കാനും ഒമര്‍ ഇതിന്റെയൊരു രണ്ടാംഭാഗവുമായി വീണ്ടുമെത്താനുമുള്ള സാധ്യതയും അങ്ങുദൂരെ കാണുന്നു.