c/o സൈറാ ബാനു :

കൈയടിക്കാം, ഈ അമ്മയ്ക്കും മകനും 

March 20, 2017, 3:18 pm
കൈയടിക്കാം, ഈ അമ്മയ്ക്കും മകനും 
Movie Reviews
Movie Reviews
കൈയടിക്കാം, ഈ അമ്മയ്ക്കും മകനും 

c/o സൈറാ ബാനു :

കൈയടിക്കാം, ഈ അമ്മയ്ക്കും മകനും 

Movie Rating

★★★★★ ★★★★★

അരക്ഷിതമായ അവസ്ഥയില്‍ ഉത്തരം കിട്ടാതെ നട്ടം തിരിയുമ്പോള്‍, മുന്നിലേക്കുള്ള വഴികള്‍ ഓരോന്നായി അടക്കപ്പെടുമ്പോള്‍ എവിടെ നിന്നോ ഒരു കരസ്പര്‍ശം നമ്മുടെ ചുമലില്‍ പതിക്കുന്നു. ദൈവത്തിന്റെ കൈ (God's Hand) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ആ അദൃശ്യ സ്പര്‍ശത്തിന്റെ മാന്ത്രികത പ്രേക്ഷകരിലേക്ക് പകര്‍ന്നു നല്‍കുകയാണ് ആന്റണി സോണിയെന്ന നവാഗത സംവിധായകന്‍ C/o സൈറാ ബാനുവിലൂടെ.

നമ്മുടെ നീതിബോധവും സത്യനിഷ്ഠയും അവസരോചിതമായി മാറുന്നുവോ എന്ന ആത്മപരിശോധനയുടെ വക്കോളമെത്തിക്കുന്ന ശിഥില ചിന്തകളാണ് ചിത്രം നല്‍കുന്ന ഹാങ്ഓവര്‍. മേല്‍വിലാസമില്ലാത്തവരുടെ നിശബ്ദതയ്ക്കു മീതെ കണ്ണിചേര്‍ക്കപ്പെട്ട സാമൂഹിക തലം ചിത്രത്തിനു ഉദാത്തമായൊരു മാനം നല്‍കുന്നു. പൊരുതി ജീവിക്കാനുറച്ച സൈറ ബാനു എന്ന പോസ്റ്റ് വുമണിന്റെ കെയര്‍ ഓഫിലാണ് ചിത്രം വളരുന്നതും വികസിക്കുന്നതും. സൈറാ ബാനുവിന്റെയും ജോഷ്വാ പീറ്ററിന്റെയും ഇണക്കങ്ങളിലൂടെയും പിണക്കങ്ങളിലൂടെയും കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയുമാണ് ആദ്യപകുതിയുടെ സഞ്ചാരം. അവിചാരിതമായി ഉണ്ടാകുന്ന ചില സംഭവവികാസങ്ങളിലൂടെ കഥയുടെ ഗതിമാറുന്നു. രണ്ടാം പകുതിയില്‍ കോര്‍ട്ട് റൂം ഡ്രാമയിലേക്ക് ചുവടുമാറ്റുന്നു ചിത്രം. സൈറാ ബാനുവെന്ന പ്രീഡിഗ്രിക്കാരി നടത്തുന്ന നിയമ പോരട്ടത്തിന്റെ കഥയായി അത് മാറുന്നു.

കുസൃതിയും കുറുമ്പും ശക്തിയും ഒത്തുചേര്‍ന്ന ഒരു സാധാരണക്കാരി പെണ്ണിനെ അസാധാരണ മികവോടെ അവതരിപ്പിച്ച്, മഞ്ജു വാര്യര്‍ സ്‌ക്രീനില്‍ നിറസാന്നിധ്യമാകുന്നു. സിനിമയിലെ തന്റെ രണ്ടാം വരവില്‍ ഒരേ അച്ചിലിട്ടു വാര്‍ത്ത കഥാപാത്ര ശരീരങ്ങളായി പരിമിതപ്പെട്ടുപോയ അഭിനേത്രിക്കു കരിയറിലെ മികച്ചൊരു ബ്രേക്കായി മാറുന്നു സൈറാ ബാനു. കണ്ണില്‍ മരുന്ന് ഒഴിക്കുമ്പോഴുള്ള റിയാക്ഷന്‍ സീന്‍ ഉള്‍പ്പടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ചിത്രത്തീലുടനീളം മഞ്ജു നിറഞ്ഞു നില്‍ക്കുന്നു.

അമലയുടെ രണ്ടര പതിറ്റാണ്ടിനു ശേഷമുള്ള തിരിച്ചുവരവിന് വേദിയൊരുക്കുന്ന ചിത്രമെന്ന നിലയില്‍ ചിത്രീകരണവേളയില്‍ തന്നെ സൈറാ ബാനു ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രതിഭാശാലിയായ അഭിഭാഷകയുടെ വേഷത്തിലാണ് അമലയെത്തുന്നത്. ഇതിനു മുമ്പ് രണ്ടേ രണ്ടു മലയാള സിനിമകളില്‍ മാത്രം വേഷമിട്ടിട്ടുള്ള അമല മലയാളികള്‍ക്ക് അത്രമേല്‍ പ്രിയങ്കരിയാകുന്നത് അവരുടെ അസാധാരണമായ അഭിനയമികവുകൊണ്ടാണ്. തിരിച്ചുവരവില്‍ നെഗറ്റീവ് ഷെയ്ഡുകളുള്ള ചലഞ്ചിങ്ങായ കഥാപാത്രത്തെയാണ് അമല തിരഞ്ഞെടുത്തിരിക്കുന്നത്. ആനി ജോണ്‍ തറവാടിയെന്ന അഭിഭാഷകയുടെ വേഷത്തില്‍ ശരാശരി മികവ് പുറത്തെടുക്കാനേ അമലക്ക് കഴിയുന്നുള്ളു. അമല കഥാപാത്രത്തിനോട് നീതി പുലര്‍ത്തുന്നുണ്ടെങ്കിലും അമലയുടെ പ്രായം കഥാപാത്രത്തെ ഉള്‍കൊള്ളുന്നില്ല. ഡബ്ബിങിലും ചെറിയ ന്യൂനതകളുണ്ട്.

ആരുടെയും കെയര്‍ ഓഫില്‍ അല്ലാതെ സ്വന്തം പ്രകടനം കൊണ്ടു ഞെട്ടിപ്പിക്കുന്നത് ഷെയിന്‍ നിഗമാണ്. ജോഷ്വാ പീറ്റര്‍ എന്ന നിയമ വിദ്യാര്‍ഥിയെ കയ്യടക്കത്തോടെ അനായാസമായി ഷെയിന്‍ അവതരിപ്പിക്കുന്നു. ഷെയിനിന്റെ മിതത്വമാണ് മികവ്. ഓരോ സിനിമകള്‍ കഴിയുത്തോറും സ്വയം മെച്ചപ്പെടുന്നു ഷെയിനിലെ നടന്‍. മഞ്ജു-ഷെയിന്‍ സ്‌ക്രീന്‍ കെമിസ്ട്രിയും ചിത്രത്തിന്റെ പ്ലസാണ്. ശബ്ദ സാന്നിധ്യത്തിലൂടെ മാത്രം പീറ്റര്‍ ജോര്‍ജ്ജ് എന്ന ന്യൂസ് ഫോട്ടോഗ്രാഫറുടെ കഥാപാത്രത്തെ അനശ്വരമാക്കുന്നു മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍. അകാലത്തില്‍ പൊലിഞ്ഞു പോയ ന്യൂസ് ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജിനുള്ള സമര്‍പ്പണമാകുന്നു പീറ്റര്‍ ജോര്‍ജ്ജിന്റെ കഥാപാത്രം.

മിനി സ്‌ക്രീനിലെ മിന്നും താരം ബിജു സോപാനം സുബ്രമണ്യന്‍ വക്കീലായും കയ്യടി നേടുന്നു. കോടതിവളപ്പിലെ ചില സ്ഥിരം ചിരിക്കാഴ്ചകള്‍ക്ക് തിരികൊളുത്തിയാണ് ബിജുവിന്റെ വരവ്. ഓര്‍മചിത്രങ്ങളുടെ സൂക്ഷിപ്പുകാരായ (ചിലരുടെ നിയോഗമാണത്) ജോണ്‍പോളും ജോയ് മാത്യുവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് വല്ലാത്ത ഒരു വെള്ളി വെളിച്ചമുണ്ട്. രാഘവന്‍, ഗണേശ്കുമാര്‍, സുനില്‍ സുഖദ, നിരജ്ഞന അനൂപ് തുടങ്ങി ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കുന്നു. സൈറാ ബാനുവിന്റെ ബാല്യകാലം അവതരിപ്പിക്കുന്ന പെണ്‍കുട്ടിയും മികച്ചു നില്‍ക്കുന്നു. അമ്മയില്‍ നിന്ന് മക്കളിലേക്ക് വളരുന്ന ഒരു സ്‌നേഹചരടിന്റെ നിതാന്തമായ ജാഗ്രതയാണ് വാടക വീടിന്റെ മുമ്പില്‍ പൂവും ചൂടിയിരിക്കുന്ന വയോധിക.

നീതി, ന്യായം, നിയമം, ഇതര സംസ്ഥാന തൊഴിലാളി, ചുംബനസമരം തുടങ്ങി സമകാലിക പ്രസക്തിയുള്ള ഒട്ടേറെ വിഷയങ്ങളെ തൊട്ടുതലോടിയാണ് സിനിമ പുരോഗമിക്കുന്നത്. കഥയുടെ ഗതിയെ നിയന്ത്രിക്കുന്ന സംഭവവികാസങ്ങള്‍ക്കപ്പുറം അതൊരു രാഷ്ട്രീയ പ്രഖാപനമായി മാറുന്നില്ല. അതുകൊണ്ടു തന്നെ അത്തരം ഘടകങ്ങളെ കീറിമുറിച്ച് പോസ്റ്റ്മാര്‍ട്ടം നടത്തുന്നതില്‍ യുക്തിയും ഇല്ല.

പരിചിതവും വിശ്വസീനയവുമായ രീതിയില്‍ കഥാസന്ദര്‍ഭങ്ങളെ കൂട്ടിയിണക്കാന്‍ ആര്‍ജെ ഷാനിന്റെ തിരക്കഥക്കു കഴിഞ്ഞിരിക്കുന്നു. ബിപിന്‍ ചന്ദ്രന്റെ സംഭാഷണങ്ങള്‍ ചിത്രത്തിന് കൂടുതല്‍ കരുത്തു പകരുന്നു. മനസ്സിന്റെ അവസ്ഥയും ജീവിക്കുന്ന ഇടവും തമ്മിലുള്ള ചേര്‍ച്ചയും വൈരുദ്ധ്യവും കൃത്യമായി ഒപ്പിയെടുക്കുന്ന അബ്ദുള്‍ റഹിമിന്റെ ഷോട്ടുകള്‍ അതിവാചാലതയില്ലാതെ ചിത്രത്തിന്റെ ഗതിയെ നിയന്ത്രിക്കുന്നു. രണ്ടര വര്‍ഷത്തെ ഇടവേളക്കു ശേഷം തിരിച്ചെത്തുന്ന മെജോ ജോസഫും പാട്ടിലും പശ്ചാത്തല സംഗീതത്തിലും മേല്‍ക്കൈ നേടുന്നു. ചിത്രസംയോജകന്‍ സാഗര്‍ ദാസും പുതിയ പ്രതീക്ഷയാകുന്നു.

അസാധാരണമായ കഥയോ തിരിവുകളോ സസ്‌പെന്‍സോ ഒന്നും ചിത്രം അവകാശപ്പെടുന്നില്ല. ഒരു സ്ത്രീപക്ഷ ടാഗും ചിത്രമെടുത്ത് അണിയുന്നില്ല. C/o സൈറാ ബാനു ഒരമ്മകഥയാണ്. മകന്റെ രക്ഷകയായും സംരക്ഷകയായും അവതരിക്കുന്ന സൈറയുടെയും ആനിയുടെയും കഥ. മറ്റൊരു അമ്മയിലേക്കുള്ള യാത്രയിലേക്ക് പ്രേക്ഷകരുടെ ചിന്തകളെ തുറന്നുവിട്ടു സൈറാ ബാനു തിരശീല താഴ്ത്തുന്നു. മക്കളുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും വാശികള്‍ക്കുമൊപ്പം നില്‍ക്കേണ്ടവരല്ല മറിച്ച് അവരുടെ അനാവശ്യ വാശികളോട് നോ പറയേണ്ടവരാണ് മാതാപിതാക്കള്‍ എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നു ചിത്രം.