സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക :

പോകാം, ഈ സഖാവിനൊപ്പം 

May 7, 2017, 6:12 pm
പോകാം, ഈ സഖാവിനൊപ്പം 
Movie Reviews
Movie Reviews
പോകാം, ഈ സഖാവിനൊപ്പം 

സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക :

പോകാം, ഈ സഖാവിനൊപ്പം 

Movie Rating

★★★★★ ★★★★★

ആദ്യചിത്രത്തില്‍ക്കൂടിത്തന്നെ (ബിഗ് ബി) മുഖ്യധാരാ മലയാളസിനിമയുടെ ദൃശ്യാഖ്യാനത്തെ തന്റേതായ രീതിയില്‍ പുനര്‍നിര്‍വചിച്ച്, അക്കാരണംകൊണ്ടുതന്നെ പഴികേട്ട സംവിധായകനാണ് അമല്‍ നീരദ്. ബിഗ് ബിക്ക് പിന്നാലെവന്ന 'സാഗര്‍ ഏലിയാസ് ജാക്കി', 'അന്‍വര്‍', 'ബാച്ചിലര്‍ പാര്‍ട്ടി' തുടങ്ങിയ ചിത്രങ്ങളും ഉള്ളടക്കത്തിനപ്പുറത്ത് ദൃശ്യപരതയില്‍ അഭിരമിക്കുന്ന, ഒട്ടുമേ ആഴം പ്രതീക്ഷിക്കേണ്ടാത്ത ചിത്രങ്ങളുടെ സംവിധായകനായി അമല്‍ നീരദിനെ അടയാളപ്പെടുത്തി. എന്നാല്‍ തുടര്‍ന്നുവന്ന രണ്ട് ചിത്രങ്ങള്‍ ('അഞ്ച് സുന്ദരികള്‍' എന്ന സിനിമാസമുച്ചയത്തിലെ 'കുള്ളന്റെ ഭാര്യ' എന്ന ഹ്രസ്വചിത്രവും 'ഇയ്യോബിന്റെ പുസ്തകവും') ആ ധാരണയില്‍ വ്യത്യാസം വരുത്തി. അതില്‍ അവസാനം പുറത്തെത്തിയ 'ഇയ്യോബിന്റെ പുസ്തക'ത്തിലും ചാരുതയുള്ള ദൃശ്യങ്ങളില്‍ നിന്ന് കണ്ണെടുക്കാനാവാത്ത തന്നിലെ ഛായാഗ്രാഹകനെ അമല്‍ അകറ്റിനിര്‍ത്തിയില്ലെങ്കിലും മനോഹരമായ ഫ്രെയ്മുകളില്‍ ഒടുങ്ങിയ സിനിമയായിരുന്നില്ല അത്. 'ഇയ്യോബ്' ഇറങ്ങി രണ്ടര വര്‍ഷത്തിന് ശേഷം കരിയറില്‍ ആദ്യമായി ദുല്‍ഖറിനെ ഒരു മുഴുനീള ചിത്രത്തില്‍ നായകനാക്കി അമല്‍ നീരദ് എത്തുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്? അവസാന രണ്ട് ചിത്രങ്ങളില്‍ ഉയര്‍ത്തിയ പ്രതീക്ഷ കാക്കുന്നുണ്ടോ അദ്ദേഹം? അതോ മനോഹരമായ ഫ്രെയ്മുകളിലുള്ള ദുല്‍ഖറിന്റെ സ്ലോമോഷന്‍ നടത്തം മാത്രമാണോ 'സിഐഎ'? നോക്കാം..

ദുല്‍ഖര്‍ സല്‍മാന്‍ 
ദുല്‍ഖര്‍ സല്‍മാന്‍ 

മലയാളത്തിന്റെ സ്‌ക്രീനില്‍ രണ്ട് മാസത്തിനുള്ളില്‍ എത്തുന്ന മൂന്നാമത്തെ 'സഖാവാ'ണ് ദുല്‍ഖറിന്റെ ‘അജി മാത്യു’. മെക്‌സിക്കന്‍ അപാരതയിലെയും സഖാവിലെയും നായകകഥാപാത്രങ്ങള്‍ക്ക് ശേഷം ചെങ്കൊടിയുടെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന മറ്റൊരു നായകന്‍. പാലാക്കാരനായ കേരള കോണ്‍ഗ്രസ് നേതാവ് മാത്യുവിന്റെ (സിദ്ദിഖ്) മകനാണ് സുഹൃത്തുക്കള്‍ 'അജിപ്പന്‍' എന്ന് വിളിക്കുന്ന അജി മാത്യു. മാര്‍ക്‌സിലാണ് മകന്റെ വിശ്വാസമെങ്കിലും ഇരുവരുടെയും ബന്ധത്തിലെ ഊഷ്മളതയ്ക്ക് അതൊരു തടസമല്ല. കോളെജ് പഠനം പൂര്‍ത്തിയാക്കിയ അജി അല്‍പസ്വല്‍പം രാഷ്ട്രീയപ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയാണ്. പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ഹരിയും (ദിലീഷ് പോത്തന്‍) ജോയ്‌മോനു (സൗബിന്‍ ഷാഹിര്‍) മാണ് അയാളുടെ സന്തതസഹചാരികള്‍. തന്റേതായ വഴിയില്‍ തൃപ്തനായ അജിയുടെ ജീവിതത്തിലേക്ക് സാറ കുര്യന്‍ എന്ന അമേരിക്കന്‍ മലയാളിയായ പെണ്‍കുട്ടി കടന്നുവരികയാണ്. പ്രണയസാക്ഷാത്കാരത്തിനായി, സാഹചര്യത്തിന്റെ സമ്മര്‍ദത്താല്‍ അജിക്ക് നടത്തേണ്ടിവരുന്ന അമേരിക്കയിലേക്കുള്ള അപ്രതീക്ഷിത യാത്രയാണ് 'സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക'. വീസയ്ക്ക് കാത്തിരിക്കാനുള്ള സമയമില്ലാത്തതിനാല്‍ നിക്കരാഗ്വ, ഗ്വാട്ടിമാല, മെക്‌സിക്കോ വഴി നിയമവിധേയമല്ലാത്ത അതിര്‍ത്തി കടക്കല്‍ എന്ന സാഹസത്തിനാണ് അയാള്‍ മുതിരുന്നത്.

സ്വഭാവ സവിശേഷതകളുള്ള കഥാപാത്രങ്ങളെയും അവര്‍ക്കിടയിലെ സംഘര്‍ഷങ്ങളെയും ചാരുതയോടെ വരച്ചിട്ട ചിത്രമായിരുന്നെങ്കിലും 'സ്‌റ്റൈല്‍ ഓവര്‍ സബ്‌സ്റ്റന്‍സ്' എന്ന, അമല്‍ നീരദിനെതിരേ എപ്പോഴും ഉന്നയിക്കപ്പെടുന്ന ആരോപണത്തില്‍ നിന്ന് ഒഴിവാക്കിനിര്‍ത്താന്‍ പറ്റാത്ത സിനിമയായിരുന്നു 'ഇയ്യോബിന്റെ പുസ്തക'വും. കഥപറച്ചിലിന്റെ തീവ്രതയെ പലപ്പൊഴും മറച്ചുവെക്കുന്ന തരത്തില്‍ 'മനോഹരമാക്കപ്പെട്ട' സീക്വന്‍സുകള്‍ അതിലുമുണ്ടായിരുന്നു. എന്നാല്‍ 'സിഐഎ'യിലെത്തുമ്പോള്‍ അമലിലെ സംവിധായകന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പക്വത പ്രദര്‍ശിപ്പിക്കുന്നു. ഫ്രെയിം എന്ന നിലയില്‍ 'മനോഹരം' എന്ന് പറയാന്‍ തോന്നിപ്പിക്കുന്ന ഒന്ന് 'കൊമ്രേഡ് ഇന്‍ അമേരിക്ക'യില്‍ ഇല്ലതന്നെ. മനോഹാരിതയ്ക്ക് പകരം 'ഉപയോഗക്ഷമ'മാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'സിഐഎ'യുടെ ദൃശ്യഭാഷ. ആ ദൃശ്യഭാഷയുടെ മികവിലാണ് ചെറിയ പിഴവിനുപോലും വലിയ വില കൊടുക്കേണ്ടിവരുമായിരുന്ന ഒരു തിരക്കഥയെ രക്ഷിച്ചുനിര്‍ത്തി അമല്‍ ഭേദപ്പെട്ട ഒരു എന്റര്‍ടെയ്‌നര്‍ ഒരുക്കിയിരിക്കുന്നത്.

സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക 
സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക 

'പ്രണയത്തിന് വേണ്ടി നിങ്ങള്‍ എത്ര ദൂരം സഞ്ചരിക്കും' എന്ന ചോദ്യമായിരുന്നു സിനിമയുടെ പ്രധാന പരസ്യവാചകങ്ങളിലൊന്ന്. മൂക്കറ്റം മദ്യപിച്ച ഒരു രാത്രിയില്‍ പാലാ രാമപുരത്തെ പാര്‍ട്ടി ഓഫീസില്‍ മാര്‍ക്‌സും ലെനിനും ചെഗുവേരയുമായി മുഖാമുഖം ചര്‍ച്ച നടത്താന്‍തക്ക കാല്‍പനിക ഭാവനയുള്ളയാളാണ് നായകനായ അജിയെങ്കിലും മെക്‌സിക്കന്‍ അതിര്‍ത്തിവഴി അമേരിക്കയിലേക്ക് കടക്കാന്‍തക്കവണ്ണം തീവ്രമായ പ്രണയമാണോ അയാളുടേതെന്ന് കണ്ടിരിക്കുമ്പോള്‍ സംശയം തോന്നാം. പക്ഷേ ഒതുക്കവും മുറുക്കവുമുള്ള ദൃശ്യഭാഷയിലൂടെയും നരേഷന്റെ ചടുലതയിലൂടെയും ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയില്‍ അവിടവിടെയുള്ള ബലഹീനതകളെയും വ്യക്തയയില്ലായ്മകളെയും അമല്‍ നീരദ് മറികടന്ന് പോകുന്നു. തിരക്കഥയുടെ ദൗര്‍ബല്യത്തെ മാത്രമല്ല, കഥാപാത്രങ്ങളെ സാധൂകരിക്കാത്ത ചില പ്രകടനങ്ങള്‍ പോലും (ഉദാഹരണത്തിന് കേരള കോണ്‍ഗ്രസ് മന്ത്രിയായ കോര സാറായി സി.ആര്‍.ഓമനക്കുട്ടന്റേത്) സിനിമയുടെ മൊത്തത്തിലുള്ള ആസ്വാദനത്തിന് തടസം നില്‍ക്കാതെ കാക്കാന്‍ അമല്‍ നീരദിന്റെ ദൃശ്യപരിചരണമികവിന് ആവുന്നു.

രണ്ടേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'സിഐഎ'യുടെ ആദ്യപകുതി അജി മാത്യുവിന്റെ പാലാ ജീവിതത്തിനൊപ്പമാണെങ്കില്‍ രണ്ടാംപകുതി, തെക്ക്-വടക്ക് അമേരിക്കകളിലൂടെയുള്ള അയാളുടെ സാഹസിക സഞ്ചാരമാണ്. മാര്‍ക്‌സും ലെനിനും ചെഗുവേരയുമായുള്ള അജി മാത്യുവിന്റെ മുഖാമുഖം ഒഴിച്ചുനിര്‍ത്തിയാല്‍ സവിശേഷതകളൊന്നുമില്ലാത്ത ആദ്യപകുതിയെ രസകരമാക്കി നിലനിര്‍ത്തിയത് താരനിര്‍ണയമികവും (സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, സിദ്ദിഖ്, മാല പാര്‍വ്വതി/ അജിയുടെ അമ്മ) ഏറെക്കുറെ സ്വാഭാവിക അവതരണവുമാണ് (നാട്ടിലെ ബസ് സ്റ്റാന്റില്‍ വച്ചുള്ള ഒരു സംഘട്ടനരംഗം ഉള്‍പ്പെടെ ചുരുക്കം സീക്വന്‍സുകളില്‍ മാത്രമാണ് അമല്‍ സ്ലോമോഷന്‍ എടുത്ത് പ്രയോഗിക്കുന്നത്).

ദുല്‍ഖര്‍ സല്‍മാന്‍ 
ദുല്‍ഖര്‍ സല്‍മാന്‍ 

സിനിമയുടെ കേന്ദ്രഭാഗമായ രണ്ടാംപകുതിയിലെ തെക്കേ അമേരിക്കന്‍ ഹൃദയഭൂമിയിലൂടെയുള്ള അജിയുടെ സഞ്ചാരം മലയാളസിനിമയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സംവിധായകന്‍ സാധ്യമാക്കിയ നേട്ടമാണ്. മലയാളത്തിന്റെ സ്‌ക്രീനില്‍ ആദ്യമായി കാണുന്നതിന്റെ കൗതുകത്തിനപ്പുറം ലാറ്റിനമേരിക്കന്‍ ജീവിതം അതിന്റെ ജൈവികതയോടെ നായകന്റെ യാത്രയ്ക്കിടെ ഇടപെടുകയോ അപൂര്‍വ്വമായല്ലാതെ നരേഷനിലേക്ക് നേരിട്ട് കടന്നുവരുകയോ ചെയ്യുന്നില്ല. അതേസമയം പാസിംഗ് ഷോട്ടുകളില്‍ അവസാനിച്ച് പോകുന്നതുമല്ല ആ യാത്ര. ക്ലിപ്തമായ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതുള്ളതിനാലും നിയമവിധേയമല്ലാതെ നടത്തുന്ന യാത്രയാണ് എന്നതിനാലും ചുറ്റുപാടുകളിലേക്ക് കണ്ണയയ്ക്കാന്‍ മെനക്കെടാതെയുള്ള അജിയുടെ അതിവേഗസഞ്ചാരം എന്ന നിലയ്ക്കാണ് ഒരു റോഡ് മൂവിയുടെ രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന രണ്ടാംപകുതി. മെക്സിക്കന്‍ അതിര്‍ത്തിയിലേക്കുള്ള യാത്രയില്‍ നായകനൊപ്പമുള്ള മറ്റ് കഥാപാത്രങ്ങളിലൂടെയാണ് ('സ്വാതന്ത്ര്യം' മോഹിച്ച് യുഎസിലേക്ക് കടക്കാന്‍ എത്തിയിരിക്കുന്ന ചൈനക്കാരന്‍, എല്‍ടിടിഇ ബന്ധമുള്ളയാളെന്ന് സൂചനയുള്ള ശ്രീലങ്കന്‍ സ്വദേശി, ദാരിദ്ര്യം സാഹസത്തിന് പ്രേരിപ്പിച്ച ഒരു മെക്സിക്കന്‍ കുടുംബം, അമേരിക്ക വീസ നിഷേധിച്ചതിനാല്‍ ഭാര്യയെയും മകളെയും കാണാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന പാകിസ്താനി മധ്യവയസ്‌കന്‍, ഒരു അനധികൃത കുടിയേറ്റക്കാരനായിരുന്ന അച്ഛന്റെ കുഴിമാടം തേടിയിറങ്ങിയ മലയാളി പെണ്‍കുട്ടി) അഭയാര്‍ഥിത്വം എന്ന, ലോകമാനവികത നിലവില്‍ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധികളിലൊന്നിലേക്ക് സംവിധായകന്‍ നോട്ടമയയ്ക്കുന്നത്. മൂന്ന് തവണ മെക്‌സിക്കന്‍ അതിര്‍ത്തി, 'റെയ്‌നോസ' വഴി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച് മൂന്ന് തവണയും പിടിക്കപ്പെട്ട ശ്രീലങ്കന്‍ തമിഴ് വംശജന്റേതാണ് കൂട്ടത്തില്‍ ഏറ്റവും മികച്ച പാത്രസൃഷ്ടി. ബോധ്യമാകാതെ പോകുന്നത് മലയാളി പെണ്‍കുട്ടിയുടേതും. തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഒപ്പം പോരുന്ന സന്ദര്‍ഭങ്ങള്‍ കുറവാണ് അക്കൂട്ടത്തില്‍. അതേസമയം കണ്ടിരിക്കുമ്പോള്‍ അതിര്‍ത്തികള്‍ ഭേദിച്ചുള്ള മനുഷ്യപലായനങ്ങളെക്കുറിച്ച് നൊമ്പരമുണര്‍ത്താനാവുന്നുണ്ട് ചിത്രത്തിന്. അഭയാര്‍ഥികളുടെ ദുരിതങ്ങളിലേക്ക് ഒരു പരിധിക്കപ്പുറത്ത് ഫോക്കസ് ചെയ്യാതെ പശ്ചാത്തലത്തില്‍ അത് നിലനിര്‍ത്തിക്കൊണ്ടുതന്നെ ത്രില്ലര്‍ മൂഡില്‍ സിനിമയെ മുന്നോട്ട് കൊണ്ടുപോകാനാണ് അമല്‍ നീരദ് താല്‍പര്യം പ്രകടിപ്പിക്കുന്നത്. ഗംഭീരമായതും എന്നാല്‍ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഒരു ആശയത്തെ നടപ്പില്‍ വരുത്തിയപ്പോള്‍ വീണുപോകാതെ കാക്കാനായത് ഈ സംവിധായകന്റെ സാങ്കേതിക മികവുകൊണ്ടാണ്.

ദുല്‍ഖര്‍ സല്‍മാന്‍ 
ദുല്‍ഖര്‍ സല്‍മാന്‍ 

ദുല്‍ഖറിലെ നടന് പുതിയ വെല്ലുവിളികള്‍ എന്തെങ്കിലും ഉയര്‍ത്തുന്ന കഥാപാത്രമല്ല അജി മാത്യു. മറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തെ ഗംഭീരമായി അവതരിപ്പിച്ചിരിക്കുകയാണ് അമല്‍ നീരദ്. അച്ഛനും മകനുമായി സിദ്ദിഖ്-ദുല്‍ഖര്‍ കോമ്പിനേഷന്‍ 'ഉസ്താദ് ഹോട്ടലി'ന് ശേഷം സ്‌ക്രീനില്‍ കൗതുകമുണര്‍ത്തുന്നു. കേരള കോണ്‍ഗ്രസ് നേതാവ് മാത്യുവായി സിദ്ദിഖ് പതിവുപോലെ സ്വാഭാവികമായി പെരുമാറി. സ്ഥിരം നായകന്റെ കൂട്ടുകാരനാണെങ്കിലും സൗബിന്‍ ഇപ്പോഴും മടുപ്പിക്കുന്നില്ല. ദിലീഷ് പോത്തന്റെ 'ഹരിച്ചേട്ടനും' കൊള്ളാം. അഭിനയപ്രാധാന്യമുള്ള വേഷമല്ലെങ്കിലും നായികാകഥാപാത്രമായ സാറ കുര്യന്റെ കാസ്റ്റിംഗ് നന്നായി. പ്രമുഖ ഛായാഗ്രാഹകന്‍ സി.കെ.മുരളീധരന്റെ മകള്‍ കാര്‍ത്തിക മുരളീധരനാണ് സാറയെ അവതരിപ്പിച്ചിരിക്കുന്നത്.

ബിഗ് ബി മുതല്‍ അമല്‍ നീരദിനൊപ്പമുള്ള രണദിവെ ആദ്യമായി ഒരു മുഴുനീള ചിത്രത്തിന് സ്വതന്ത്ര ഛായാഗ്രഹണം നിര്‍വഹിക്കുകയാണ് 'സിഐഎ'യിലൂടെ (നേരത്തേ 'കുള്ളന്റെ ഭാര്യ'യ്ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചത് അദ്ദേഹമായിരുന്നു). അമല്‍ നീരദ് ആവിഷ്‌കരിച്ച ദൃശ്യപദ്ധതി കൃത്യതയോടെ നടപ്പാക്കാനായിട്ടുണ്ട് രണദിവെയ്ക്ക്. വിശേഷിച്ചും അമേരിക്കന്‍ സീക്വന്‍സുകള്‍. മനോഹരമായ ഫ്രെയ്മുകള്‍ ഒരുക്കുന്നതിന് പകരം അജിയുടെ ആമേരിക്കന്‍ സഞ്ചാരം മുന്നോട്ടുള്ള ഒരൊറ്റ ചലനമായാണ് സ്‌ക്രീനില്‍ അനുഭവപ്പെടുന്നത്. തെക്കേ അമേരിക്കയിലെ പാസിംഗ് ഷോട്ടുകള്‍ പോലും ഒരു അപരിചിത ഭൂമികയിലേക്ക് പ്രേക്ഷകന്റെ കൗതുകം കാണുന്ന മാത്രയില്‍ ഉണര്‍ത്താന്‍ പര്യാപ്തവുമാണ്. പിന്നീട് മൂളാന്‍ തോന്നുന്ന പാട്ടുകളല്ലെങ്കിലും ഏറെക്കാലത്തിന് ശേഷം പശ്ചാത്തലസംഗീതത്തില്‍ ഗോപി സുന്ദര്‍ മടുപ്പിക്കാതിരുന്ന സിനിമയാണ് സിഐഎ. അമേരിക്കന്‍ ഹിപ് ഹോപ് ആര്‍ട്ടിസ്റ്റുകളായ കെയ്ന്‍ വെസ്റ്റിന്റെയും ജെ സെഡിന്റെയും 'വാച്ച് ദി ത്രോണ്‍' എന്ന ആല്‍ബത്തിലെ 'നോ ചര്‍ച്ച് ഇന്‍ ദി വൈല്‍ഡ്' എന്ന പാട്ടിന്റെ ബീറ്റുകളില്‍ വ്യത്യാസം വരുത്തിയതാണ് 'സിഐഎ'യുടെ തീം മ്യൂസിക്. ടൈറ്റിലില്‍ ഒറിജിനലിന്റെ സൃഷ്ടാക്കള്‍ക്ക് ക്രെഡിറ്റ് നല്‍കിയിട്ടുണ്ട്.

സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക 
സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക 

എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കരുതെന്ന് അമേരിക്കന്‍ പൗരത്വമുള്ള ബന്ധു സിറിളിനോട് മടക്കയാത്രയില്‍ അജി മാത്യു പറയുന്നുണ്ട്. പക്ഷേ ട്രംപ് ജയിച്ചതും അധികാരമേറ്റയുടന്‍തന്നെ തന്റെ കുടിയേറ്റവിരുദ്ധ നയങ്ങള്‍ ഉറക്കെ പ്രഖ്യാപിച്ചതും യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ 3100 കി.മീ. മതില്‍ പണിയുമെന്ന് പറഞ്ഞതുമൊക്കെ പിന്നീടുള്ള യാഥാര്‍ഥ്യം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനദിവസമാണ് അമല്‍ നീരദും സംഘവും സിഐഎ ചിത്രീകരണത്തിന് യുഎസില്‍ എത്തുന്നത്. രണ്ട് മാസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചത് ട്രംപ് അധികാരമേല്‍ക്കുന്നതിന് പത്ത് ദിവസം മുന്‍പും! വീസ പ്രശ്‌നങ്ങളാല്‍ സ്വതവേ വൈകിയ യുഎസ് ഷെഡ്യൂള്‍ ഒരു മാസംകൂടി വൈകിയിരുന്നെങ്കില്‍ അമേരിക്കന്‍ ചിത്രീകരണം തന്നെ നടക്കുമായിരുന്നോ എന്നും യുഎസ് ഒഴിവാക്കി സാധ്യമല്ല എന്നതിനാല്‍ ഈ സിനിമ തന്നെ മുടങ്ങുമായിരുന്നോ എന്നും അമല്‍ നീരദ് സംശയം പ്രകടിപ്പിച്ചിരുന്നു. ട്രംപിന്റെ അധികാരമേറ്റെടുക്കലിന് ശേഷം യുഎസ് ഭരണകൂടം വീസ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിത്തുടങ്ങി എന്നതിനാല്‍ ആ ആശങ്ക അസ്ഥാനത്തുമല്ല. പിറന്നുവീണ പ്രദേശത്തിന്റെ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളാല്‍ ഉണങ്ങാമുറിവുകളുമായി ഓടാന്‍ വിധിക്കപ്പെട്ട അഭയാര്‍ഥിസമൂഹത്തിന്റെ ചെറുപരിച്ഛേദത്തെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു എന്റര്‍ടെയ്‌നര്‍ തന്നെയാണ് 'സിഐഎ'യിലൂടെ അമല്‍ നീരദിന്റെ ലക്ഷ്യം. കനപ്പെട്ട ഒരു വിഷയം 'എന്റര്‍ടെയ്‌നര്‍ ഫോര്‍മാറ്റി'ലാക്കിയപ്പോള്‍ ആഴത്തിലും പരപ്പിലും ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. അതേസമയം ഫ്രെയ്മിനുള്ളിലാക്കിയതിനെ വൃത്തിയായി അവതരിപ്പിട്ടുമുണ്ട് അമല്‍ നീരദ്. ദുല്‍ഖറും അമല്‍ നീരദും ആദ്യമായി ഒരു ഫുള്‍-ലെങ്ത് സിനിമയ്ക്കുവേണ്ടി ഒന്നിച്ചപ്പോള്‍ നിരാശ പകരുന്നില്ല അത്. 'കുള്ളന്റെ ഭാര്യ'യും 'ഇയ്യോബിന്റെ പുസ്തകവും' കണ്ട് പ്രതീക്ഷയര്‍പ്പിക്കുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല അമല്‍. തന്റേതായ വഴികളുള്ള ഈ സംവിധായകനില്‍നിന്ന് ഇനിയും പ്രതീക്ഷിക്കാനുണ്ടെന്നുതന്നെയാണ് 'സിഐഎ' പറയുന്നത്.