ഡണ്‍കേര്‍ക്ക് :

മരണമുഖത്തെ ലക്ഷത്തില്‍ ഒരാളാകാം  

July 23, 2017, 1:25 pm
മരണമുഖത്തെ ലക്ഷത്തില്‍ ഒരാളാകാം  
Movie Reviews
Movie Reviews
മരണമുഖത്തെ ലക്ഷത്തില്‍ ഒരാളാകാം  

ഡണ്‍കേര്‍ക്ക് :

മരണമുഖത്തെ ലക്ഷത്തില്‍ ഒരാളാകാം  

Movie Rating

★★★★★ ★★★★★

ചലച്ചിത്ര ഭാഷ്യമോ പരിഭാഷ്യമോ സാധ്യമാകാത്ത സാഹിത്യരചനകളെ അണ്‍ഫിലിമബിള്‍ എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. സിനിമയെന്ന ഏറ്റവും ജനകീയമായ മാധ്യമത്തിലൂടെ ഭാവനകളിലെ വന്യതയെ പുനരാവിഷ്‌കരിക്കുന്നതിനുള്ള സങ്കീര്‍ണത പരിഗണിച്ചാണ് പലപ്പോഴും ഈ വിലയിരുത്തല്‍ ഉണ്ടാവാറ്. കിസ്റ്റഫര്‍ നൊളാന്‍ സംവിധാനം ചെയ്ത ഡണ്‍കേര്‍ക്ക് കണ്ടുതീര്‍ത്താല്‍ ചലച്ചിത്രഭാഷ്യം അസാധ്യമായിരുന്ന ആലോചനയെ ആണോ ഈ ചലച്ചിത്രകാരന്‍ ദൃശ്യവല്‍ക്കരിച്ചതെന്ന് തോന്നും. ഇന്റര്‍സ്റ്റെല്ലാര്‍ എന്ന ശാസ്ത്രകല്‍പ്പിത കഥയില്‍ നിന്ന് ചരിത്ര പ്രാധാന്യമുള്ള ഒരു യുദ്ധാനന്തര അതിജീവനത്തെ ചലച്ചിത്രമാക്കിയിരിക്കുകയാണ് ക്രിസ്റ്റഫര്‍ നോളന്‍. ഹോളിവുഡിലും ഇതര ഭാഷകളിലുമായി വന്നിട്ടുള്ള വാര്‍/ ആന്റി വാര്‍ സിനിമകളില്‍ നിന്ന് തികച്ചും വേറിട്ടൊരു ആഖ്യാനപദ്ധതിയുടേതാണ് ഡണ്‍കേര്‍ക്ക്.

യുദ്ധമുഖത്തുള്ളവരുടെ ബാഹ്യ-ആന്തരിക സംഘര്‍ഷങ്ങളും വിജയ/പരാജയമുഹൂര്‍ത്തങ്ങളുമല്ല ഡണ്‍കേര്‍ക്ക്. മരണത്തോട് മുഖാമുഖം നില്‍ക്കുന്ന മുഹൂര്‍ത്തങ്ങളില്‍ നിന്നുള്ള ഒരു പറ്റം മനുഷ്യരുടെ അതീജീവനമാണ് നോളന്‍ ഒരു മണിക്കൂര്‍ 47 മിനുട്ടില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കരയിലും കടലിലും ആകാശത്തുമായി നടക്കുന്ന അതിജീവന/രക്ഷാദൗത്യ നീക്കങ്ങളിലൂടെ യുദ്ധഭൂമികയുടെ സംഘര്‍ഷാവസ്ഥയിലൂടെയും പിരിമുറുക്കത്തിലൂടെയുമുള്ള പ്രേക്ഷകരുടെയും അനുയാത്രയാവുന്നുണ്ട് ഡണ്‍കേര്‍ക്ക്. പതിവ് ഹോളിവുഡ് വാര്‍ ഡ്രാമകളെ പിന്തുടര്‍ന്ന് കമ്പ്യൂട്ടര്‍ ജനറേറ്റജ് ഇമേജറികളെ അവതരണസൗകര്യമാക്കി മാറ്റാതെയാണ് നോളന്റെ വഴിമാറി നടത്തം. ദൃശ്യപരിചരണവും, പശ്ചാത്തല സംഗീതവും ശബ്ദസങ്കലനവുമെല്ലാം പ്രേക്ഷകരെ മരണ(യുദ്ധ)മുഖത്തെ ഒരു പറ്റം മനുഷ്യര്‍ എന്ത് സംഭവിക്കാനിരിക്കുന്നുവെന്ന ഉദ്വേഗതീവ്രതയില്‍ നിര്‍ത്തിമുന്നേറുന്നതാണ്. ക്രിസ്റ്റഫര്‍ നോളന്‍ മാസ്റ്റര്‍ പീസ് എന്നോ കരിയര്‍ ബെസ്റ്റ് എന്നോ വിശേഷിപ്പിക്കുന്ന അതിശയോക്തിക്കപ്പുറം ലോകോത്തര വാര്‍ ഡ്രാമകളില്‍ നിന്ന് വേറിട്ടതും സ്വതന്ത്രവുമായ യുദ്ധ സിനിമാനുഭവം എന്ന് ഡണ്‍കേര്‍ക്കിനെ വിലയിരുത്താനാണ് താല്‍പ്പര്യം.

രണ്ടാം ലോക മഹായുദ്ധത്തില്‍ ബല്‍ജിയത്തിനോട് ചേര്‍ന്നുള്ള ഫ്രഞ്ച് തുറമുഖമായ ഡണ്‍കേര്‍ക്കിലേക്ക് ജര്‍മ്മന്‍ സേന ഇരമ്പിയെത്തിയപ്പോള്‍നാല് ലക്ഷത്തോളം ആംഗ്ലോ-ഫ്രഞ്ച് സൈനികരാണ് ഇവിടെ ശത്രുനിരയുടെ മുന്നില്‍ കുടുങ്ങിയത്. ബ്രിട്ടീഷ്- ഫ്രഞ്ച് സഖ്യസേനയെ ചക്രവ്യൂഹത്തിലാക്കിയ ജര്‍മ്മന്‍ യുദ്ധതന്ത്രത്തെ അതിജീവിച്ച് 9 ദിവസത്തിനിപ്പുറം കര പറ്റിയത് മൂന്നേ കാല്‍ലക്ഷത്തിനടുത്ത് മാത്രം സെനികരാണ്. യുദ്ധഭൂമികയില്‍ മരണത്തെ അഭിമുഖീകരിച്ച് കഴിയുന്ന സ്വന്തം സൈനികരെ ജന്മനാട്ടിലേക്ക് തിരികെയെത്തിക്കാന്‍ ബ്രിട്ടന്റെ റോയല്‍ നേവി പുറപ്പെട്ടപ്പോള്‍ ആ മഹാദൗത്യത്തില്‍ ബിട്ടീഷ് ജനതയും പങ്കാളികളായി. ചെറു ബോട്ടുകളും ചരക്കുകപ്പലുകളും ഇംഗ്ലീഷ് ചാനലിലേക്ക് തിരിച്ചു. കരയുദ്ധത്തില്‍ നിന്ന് പിന്‍മാറി ആംഗ്ലോ ഫ്രഞ്ച് സേനയെ വ്യോമാക്രമണത്തിലൂടെ തകര്‍ത്തെറിയാനായി ജര്‍മ്മനിയുടെ ശ്രമം. യുദ്ധക്കപ്പലുകളും രക്ഷാ ബോട്ടുകളും ഡര്‍കേര്‍ക്ക് ബീച്ചിലെ പാലങ്ങളും സൈനികര്‍ രക്ഷ തേടി അണിനിരത്ത തീരവുമെല്ലാം വ്യോമാക്രണത്തിനും ബോംബിംഗിനും വേദിയായി. 9 ദിവസം കൊണ്ട് നടന്ന സഖ്യസേനയുടെ പിന്‍വാങ്ങലിനെ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിക്കാനാണ് ക്രിസ്റ്റഫര്‍ നോളന്‍ ശ്രമിച്ചിരിക്കുന്നത്. ലോകചരിത്രത്തില്‍ നിര്‍ണായകമെന്ന് അടയാളപ്പെടുത്തപ്പെട്ട യാര്‍ത്ഥ സംഭവത്തിന്റെ റിയലിസ്റ്റിക് ഡോക്യുമെന്റേഷന്‍ എന്നതിനേക്കാള്‍ നാല് ലക്ഷം മനുഷ്യര്‍ ബോംബ് വര്‍ഷത്തിനും വെടിയുണ്ടകള്‍ക്കുമിടയിലും കരയിലും കടലിലുമായി നടത്തിയ അതിജീവനത്തിന്റെ വിശാല തലത്തിലുള്ള ദൃശ്യാവിഷ്‌കാരത്തിനാണ് നോളന്‍ ശ്രമിച്ചിരിക്കുന്നത്. നോണ്‍ ലീനിയര്‍ ആഖ്യാനപദ്ധതിയില്‍ കരയിലെയും കടലിലെയും ആകാശത്തെയും അതിജീവന/രക്ഷാദൗത്യത്തെ മൂന്ന് സമയ കാലങ്ങളിലായി വിന്യസിച്ച് ത്രില്ലര്‍ മൂഡില്‍ കഥ പറഞ്ഞിരിക്കുകയാണ് നോളന്‍. മുന്‍സിനിമകളെക്കാള്‍ അതീവ ലളിതമായ ആഖ്യാനപദ്ധതിയിലൂടെയും ഒട്ടുമേ സംഭാഷണ പ്രധാനമല്ലാതെ ഭൂരിഭാഗവും ദൃശ്യകേന്ദ്രീകൃതമായുള്ള കഥ പറച്ചിലിലൂടെയും പിരുമുറുക്കമേറുന്ന അനുഭവ പരിസരത്ത് ആസ്വാദകരെ നിര്‍ത്തിയിരിക്കുകയാണ് സംവിധായകന്‍.

മൂന്ന് പാളികളില്‍ മൂന്ന് സമയ കാലങ്ങള്‍. സമര്‍ത്ഥവും സൗന്ദര്യപൂര്‍ണവുമായി മാച്ച് കട്ടിലൂടെ കര-കടല്‍-വ്യോമ കാഴ്ചകളുടെ സമന്വയം. ഡണ്‍കേര്‍ക്ക് ബീച്ചില്‍ നിന്നുള്ള ആംഗ്ലോ-ഫ്രഞ്ച് സഖ്യസേനയുടെ പിന്‍മാറ്റവും അതിജീവനവും ഒരാഴ്ചയില്‍ നടക്കുന്ന സംഭവങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. കടലില്‍ ഒരു ദിവസത്തിനുളളിലും, ആകാശത്ത് ഒരു മണിക്കൂറിനുളളിലും. അതിജീവനവും രക്ഷാദൗത്യവും ഹൃദ്യമായി സമന്വയിപ്പിച്ച് പ്രേക്ഷകന്റെ ഹൃദയതാളം ഉയര്‍ന്നും താഴ്ന്നും ഉദ്വേഗമായും ആധിയുമായി മാറിമറിയുന്ന വിധത്തിലാണ് നോളന്റെ കഥ പറച്ചില്‍. സമര്‍ത്ഥമായ ത്രില്ലറിന്റെ ഉദ്വേഗവേഗ ഭാവങ്ങള്‍ സാധ്യമാക്കുന്നതിനാണ് പല സമയ കാലങ്ങളെ സമര്‍ത്ഥമായി സമന്വയിപ്പിച്ചതെന്ന് മനസിലാകും.

കേന്ദ്രകഥാപാത്രത്തിന്റെ മനോതലങ്ങളില്‍ നിന്നോ രണ്ട് കഥാപാത്രങ്ങള്‍ക്കിടയിലുള്ള ആന്തരിക സംഘര്‍ഷങ്ങളിലോ തുടങ്ങി അവര്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിലേക്കും ബാഹ്യാന്തരീക്ഷത്തിലേക്കും സഞ്ചരിക്കുന്ന നോളന്‍ ശൈലിയല്ല ഡന്‍കേര്‍ക്കിന്റേത്. പുറമേ നിന്ന് കഥാപാത്രത്തിന്റെ അകപഥത്തിലേക്ക് തിരികെനടക്കുന്നതുമല്ല ഈ ചിത്രം. ഇവിടെ ഒരു നായകനിലോ ഒന്നോ രണ്ടോ കഥാപാത്രങ്ങളിലോ കേന്ദ്രീകരിക്കുന്നില്ല നോളന്‍, ആംഗ്ലോ-ഫ്രഞ്ച് സഖ്യസേനയുടെ അതിജീവനം പ്രമേയമാകുമ്പോഴും അവരെ മരണമുഖത്ത് നിര്‍ത്തിയ ജര്‍മ്മന്‍ പടയുടെ ക്രൗര്യതയെ വിവരിക്കാന്‍ മുതിരുന്നുമില്ല സംവിധായകന്‍. യുദ്ധത്തില്‍ ശത്രുപക്ഷത്ത് ആരായാലും മറുപുറത്ത് മരണക്കെണിയില്‍ അകപ്പെട്ട ഒരു പറ്റം മനുഷ്യര്‍ ജീവിതമെന്ന കരയിലെത്തിപ്പെടാന്‍ നടത്തുന്ന സങ്കീര്‍ണമായ അതിജീവന ശ്രമത്തിന്റെ തീവ്രത പറയാനാണ് നോളന്‍ ശ്രമിച്ചത്.

മരണപ്പെടുന്നവരുടെ കണക്കെടുപ്പിന് പ്രസക്തിയില്ല. ശത്രുസൈന്യമൊരുക്കിയ മരണക്കെണിയില്‍ നിന്ന് കരയിലേക്ക് എത്രപേര്‍ക്ക് എത്താനാകുമെന്നത് മാത്രമാണ് പ്രസക്തം. ബ്രിട്ടീഷ് റോയല്‍ ആര്‍മിയുടെ പ്രൗഡിയോ, ആത്മവീര്യമോ, സൈനിക മികവോ വീരവാദമാക്കി അവതരിപ്പിക്കാതെ നാല് ലക്ഷത്തോളം മനുഷ്യരുടെ ജീവന്‍ തിരികെപ്പിടിക്കാനുള്ള അവസാന ശ്രമത്തെ കലര്‍പ്പില്ലാത്ത കാഴ്ചയാക്കിയിരിക്കുകയാണ് നോളന്‍.

കഥാന്ത്യത്തില്‍ ഒരു രംഗമുണ്ട് നാട്ടിലേക്ക്/ വീട്ടിലേക്ക് മടങ്ങിയെത്തിയ സൈനികര്‍ പരാജയം അംഗീകരിച്ച് തങ്ങളുടെ ജനതയ്ക്ക് മുന്നില്‍ മുഖം താഴ്ത്തിയിരിക്കുകയാണ്. ജര്‍മ്മന്‍ പടയ്ക്ക് മുന്നില്‍ നാടിന്റെ പേര് കാക്കാന്‍ സാധിക്കാതെ പോയതിന്റെ നിരാശയിലാണ് അവശേഷിക്കുന്ന സൈന്യം. അഭയാര്‍ത്ഥികളെ പോലെ കരയിലെത്തിയതിന്റെ അപമാനബോധത്തില്‍ ഇരിക്കുന്നവരോട് അവരുടെ സ്വന്തം ജനത പറയുന്നുണ്ട്. നിങ്ങളുടെ ഈ അതിജീവനം യഥാര്‍ത്ഥത്തില്‍ വിജയമാണെന്ന്. പില്‍ക്കാല ചരിത്രത്തോട് ചേര്‍ത്ത് നിര്‍ത്തിയാല്‍ ബ്രിട്ടീഷ് ദേശീയ ബോധത്തെയും പോരാട്ടവീര്യത്തെയും സൂചിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്താവനയാണ് ഇതെന്ന് വേണമെങ്കില്‍ വായിച്ചെടുക്കാം. എന്നാല്‍ സിനിമയുടെ സമഗ്രഭാവം നോക്കുമ്പോള്‍ മാനവിക പക്ഷത്ത് നിന്ന് സംവിധായകന്‍ നടത്തിയ രാഷ്ട്രീയ പ്രസ്താവനയായി ഈ ഐക്യപ്പെടലിനെ കാണാനാണ് താല്‍പ്പര്യം.

മറുപുറത്ത് മരണമുണ്ട് അല്ലെങ്കില്‍ ഏത് നിമിഷം മരണമെത്താം എന്ന ആപത് സൂചനയെ നിര്‍ത്തിയാണ് മൂന്ന് പാളികളിലെയും കഥാസഞ്ചാരം. വ്യക്തിയധിഷ്ഠിതമായി യുദ്ധഭീകരതയെ വിവരിക്കുന്നതിന് ഒരു യുദ്ധം സര്‍വ്വായുധരായ ഒരു സേനയെ ഞൊടിയിട കൊണ്ട് നിസ്സാരരായ മനുഷ്യരാക്കി മാറ്റുന്നുവെന്ന് നോളന്‍ ബോധ്യപ്പെടുത്തുന്നുണ്ട്. യുദ്ധമേഖലയിലെ വയലന്‍സിന്റെയും ക്രൗര്യങ്ങളുടെയും ക്ലോസപ്പ് ഷോട്ടുകളിലേക്ക് ക്യാമറ തിരിക്കാതെ ഒരു കൂട്ടം മനുഷ്യരുടെ നിസഹായതയെ പരന്ന കാഴ്ചയാക്കിയിരിക്കുകയാണ് നോളന്‍. വാര്‍/ആന്റി വാര്‍ സിനിമകള്‍ യുദ്ധഭീകരതയോ യുദ്ധവീരസ്യമോ ചിത്രീകരിക്കുന്നിടത്ത് നോളന്‍ യുദ്ധമുഖത്തെ മനുഷ്യരുടെ നിസ്സഹായതയും അതിജീവന ത്വരയും ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. സേവിംഗ് ദ പ്രൈവറ്റ് റ്യാനില്‍ നിന്ന് മാറി നിന്ന് യുദ്ധ സിനിമകളുടെ മറ്റൊരു സാധ്യത തുറന്നിടുകയുമാണ് നോളന്‍.

പരസ്പര ബന്ധിതമാണെങ്കിലും മൂന്ന് സമയപരിധിക്കകത്തുള്ള സംഭവങ്ങളെ നോണ്‍ ലീനിയര്‍ സ്വഭാവത്തില്‍ ക്രമീകരിച്ചപ്പോഴും ഈ ടൈംലൈനുകളെ ഇടര്‍ച്ചയില്ലാതെ മാറ്റിയത് സൈനികര്‍ നേരിടുന്ന അവസ്ഥകളിലേക്ക് കാഴ്ചക്കാരെ അകപ്പെടുത്തിയാണ്. കാഴ്ചയെ ഉത്കണ്ഠാകുലമാക്കിയും ഓരോ നിമിഷവും ഉദ്വേഗമേറ്റിയും ശ്വാസതാളത്തെ ക്രമീകരിക്കുംവിധമാണ് ദൃശ്യപരിചരണവും പശ്ചാത്തല സംഗീതവും സമന്വയിപ്പിച്ചിരിക്കുന്നത്. ജീവിതത്തിലേക്ക് മടങ്ങുമെന്ന പ്രത്യാശയില്ലാതെ ഏത് നിമിഷവും മരണത്തെ പ്രതീക്ഷിച്ചാണ് ഓരോ അതിജീവന ശ്രമവും അതിന്റെ വൈകാരിക തീവ്രതയും സങ്കീര്‍ണതയും സമ്മര്‍ദ്ദവുമെല്ലാം കഥാപാത്രങ്ങളെ വിശദമായി പിന്തുടരുന്ന ക്യാമറയിലൂടെയും, സൗണ്ട് ഡിസൈനിങ്ങിലെ സൂക്ഷ്മതയാലും പിരിമുറുക്കം തീര്‍ക്കുന്ന ഹാന്‍സ് സിമ്മര്‍ സംഗീതത്തിലൂടെയും സാധ്യമാക്കിയിട്ടുണ്ട് സിനിമ. ഇന്റര്‍സ്റ്റെല്ലാര്‍ ക്യാമറയില്‍ പകര്‍ത്തിയ ഹൊയ്‌റ്റെ ഫാന്‍ ഹൊയ്‌റ്റെമയാണ് ഡണ്‍കേര്‍ക്കിന്റെയും ഛായാഗ്രാഹകന്‍. 65 എംഎം ക്യാമറകളും ഐമാക്‌സ് ഫിലിം ക്യാമറകളുമാണ് നോളന്‍ ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. യുദ്ധചിത്രങ്ങളിലെ പതിവ് ഫ്രെയിമുകളില്‍ നിന്ന് മാറിയുള്ള വിഷ്വലൈസേഷനാണ് ഹൊയ്‌റ്റെ പ്രാമുഖ്യം കല്‍പ്പിച്ചത്. പോര്‍വിമാനങ്ങളില്‍ നിന്നുള്ള രംഗങ്ങളും ബോട്ടുകളുടെ തകര്‍ച്ചയും കടലിലെ രക്ഷാദൗത്യവുമൊക്കെ പുതിയ ദൃശ്യശൈലിയിലൂടെ അവതരിപ്പിക്കാന്‍ ഛായാഗ്രാഹകന്‍ ശ്രമിച്ചിട്ടുണ്ട്.

മുന്‍സിനിമകളില്‍ നിന്ന് വിഭിന്നമായി ദൃശ്യപ്രധാനമായി കഥ പറയുന്ന നോളന്‍ ചിത്രമെന്നതിനൊപ്പം ക്രിസ്റ്റഫര്‍ നോളന്റെ ആദ്യ സ്വതന്ത്ര തിരക്കഥ കൂടിയാണ് ഡണ്‍കേര്‍ക്ക്. മുന്‍രചനകളില്‍ ഭാഗമായിരുന്ന സഹോദരന്‍ ജോനാഥന്‍ നോളന്റെ അഭാവം മൂലമാണോ എന്നറിയില്ല ഡണ്‍കേര്‍ക്ക് സംഭവപരമ്പരകളുടെ തീവ്രതയേറിയ അനുഭവം എന്നതിനപ്പുറം ആഴമില്ലായ്മ അനുഭവപ്പെടുന്നുമുണ്ട്.

പടക്കോപ്പുകളെ കൈവിട്ട് മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തുഴയുന്ന മനുഷ്യരുടെ നിര്‍വികാരതയെ ആണ് പരിചിതരല്ലാത്ത ഒരു കൂട്ടം അഭിനേതാക്കളിലൂടെ സംവിധായകന്‍ അവതരിപ്പിച്ചത്. ടോംഹാഡി പൈലറ്റിന്റെ ഹെല്‍മറ്റിനകത്തായപ്പോള്‍ കണ്ണുകളിലൂടെയും ആധിയെയും തന്ത്രപരമായ നീക്കത്തെയും പ്രതിഫലിപ്പിക്കുന്ന കരചലനങ്ങളിലൂടെയും കഥാപാത്രത്തെ അര്‍ത്ഥവത്താക്കി. മര്‍ക് റൈലന്‍സ്, നവാഗതനായ ഫിയണ്‍ വൈറ്റ് ഹെഡ്, കിലിയന്‍ മര്‍ഫി എന്നിവരും മികച്ചതാക്കി.

ഒരു പ്രേക്ഷകന് സ്വന്തം അനുഭവം പോലെ തോന്നണം ഡണ്‍കേര്‍ക്ക് എന്നായിരുന്നു എന്റെ ആഗ്രഹം. സ്‌ക്രീനില്‍ നടക്കുന്ന കാര്യങ്ങളില്‍ കണ്ടിരിക്കുന്നവരെ ഭാഗഭാക്കാവുക എന്നത്. നോളന്‍ സിനിമയ്ക്ക് ആമുഖമായി അഭിമുഖങ്ങളില്‍ പറഞ്ഞത് ഇങ്ങനെയാണ്. ഇക്കാര്യത്തില്‍ സംവിധായകന്‍ പരിപൂര്‍ണമായി വിജയിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം പേരുടെ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള വലിയ ഒറ്റപ്പെടലിനെ, നിര്‍വികാര മുഹൂര്‍ത്തങ്ങളെ,മരണഭീതിയെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുമുണ്ട് ഈ ചലച്ചിത്രകാരന്‍. ഉയര്‍ന്നുപാറുന്ന ദേശീയ പതാകയുടെ കീഴേ പുഷ്പ വിതാനത്തിലേക്ക് വീരന്‍മാരായി വാഴ്ത്തലുകള്‍ക്കൊപ്പം ആനയിക്കപ്പെടുന്ന വാര്‍ ഹീറോസിന്റെ ചരിത്രം മാത്രമല്ല യുദ്ധമെന്നും യുദ്ധകഥകളെന്നും പറയാന്‍ നോളന്‍ കാട്ടിയ സര്‍ഗാത്മക ശ്രമത്തിന് കൂടിയാണ് കയ്യടിക്കേണ്ടത്.