ജോര്‍ജ്ജേട്ടന്‍സ് പൂരം :

വിരസതയുടെ കൊടിയേറ്റ് 

April 1, 2017, 10:17 pm
വിരസതയുടെ കൊടിയേറ്റ് 
Movie Reviews
Movie Reviews
വിരസതയുടെ കൊടിയേറ്റ് 

ജോര്‍ജ്ജേട്ടന്‍സ് പൂരം :

വിരസതയുടെ കൊടിയേറ്റ് 

Movie Rating

★★★★★ ★★★★★

തൃശൂര്‍ വാമൊഴിയെ സ്‌ക്രീനില്‍ ജനപ്രിയമാക്കിയത് 2010ല്‍ പുറത്തിറങ്ങിയ രഞ്ജിത്ത്-മമ്മൂട്ടി ചിത്രം 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്' ആണ്. കുടുംബചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ വള്ളുവനാടന്‍ ഭാഷയില്‍ സംസാരിക്കണമെന്ന് വാശിപിടിച്ചിരുന്ന കാലത്തും നീട്ടലും കുറുക്കലുമുള്ള മറ്റ് മലയാള വഴക്കങ്ങള്‍ ചിലപ്പോഴൊക്കെ സ്‌ക്രീനിലെത്തിയിട്ടുണ്ട്. മധ്യതിരുവിതാംകൂര്‍-കോട്ടയം ഭാഷയും തിരുവനന്തപുരം ഭാഷയുമൊക്കെ. പത്മരാജന്റെ തൂവാനത്തുമ്പികള്‍ പോലെ വിരലിലെണ്ണാവുന്ന സിനിമകളിലെ കഥാപാത്രങ്ങള്‍ മുന്‍പ് തൃശൂര്‍ഭാഷ സംസാരിച്ചിട്ടുണ്ടെങ്കിലും സമീപകാല മലയാളസിനിമ അതില്‍ ജനപ്രിയതയുടെ ഒരു ചേരുവാസാധ്യത കണ്ടെത്തിയത് 'പ്രാഞ്ചിയേട്ടനി'ലൂടെയാണ്. കൗതുകമുണര്‍ത്തുന്ന കുറുക്കലും നീട്ടലും തനിമയുള്ള വൊക്കാബുലറിയുമൊക്കെ ചേര്‍ന്ന ഭാഷയും പൂരവും പുലികളിയുമൊക്കെ ചേരുന്ന ഒരു ദൃശ്യപശ്ചാത്തലവും. പുണ്യാളന്‍ അഗര്‍ബത്തീസും സപ്തമ.ശ്രീ.തസ്‌കരാ:യും തിരുവമ്പാടി തമ്പാനും മുതല്‍ സത്യന്‍ അന്തിക്കാട്-ദുല്‍ഖര്‍ ടീമിന്റെ 'ജോമോന്റെ സുവിശേഷങ്ങള്‍' വരെ എത്തിനില്‍ക്കുന്നു സമകാല മലയാളസിനിമയുടെ തൃശൂര്‍ പ്രേമം. ആ പശ്ചാത്തലത്തിലേക്ക് ദിലീപിന്റെ ഫെസ്റ്റിവല്‍ സീസണ്‍ നായകന്‍ എത്തുന്ന ചിത്രമാണ് 'ജോര്‍ജ്ജേട്ടന്‍സ് പൂരം'.

ടി.ജി.രവി, ദിലീപ് 
ടി.ജി.രവി, ദിലീപ് 

അഭിനയിക്കുന്ന സിനിമകളില്‍ പലതും നിലവാരത്തിന്റെ പേരില്‍ വിമര്‍ശനമേല്‍ക്കാറുണ്ടെങ്കിലും അവധിക്കാല ബോക്‌സ്ഓഫീസിന്റെ പ്രിയതാരമാണ് ദിലീപ്. ദ്വയാര്‍ഥ പ്രയോഗം കലര്‍ന്ന സംഭാഷണങ്ങളാലോ സ്ലാപ്‌സിറ്റിക് കോമഡികളാലോ കണ്ടിരിക്കുന്നവരെ 'രസിപ്പിക്കാന്‍' ഏതറ്റംവരെ പോകാനും മടികാട്ടാത്ത സിനിമകള്‍ പലപ്പൊഴും തീയേറ്ററുകളില്‍ ആളെ കൂട്ടിയിട്ടുണ്ട്, വിശേഷിച്ചും ഉത്സവ സീസണുകളില്‍. ആ 'ബ്രാന്റ് ദിലീപി'നെ പൂരങ്ങളുടെ നാട്ടിലെ 'ജോര്‍ജ്ജാ'യി അവതരിപ്പിക്കുകയാണ് കരിയറിലെ രണ്ടാംചിത്രത്തിലൂടെ കെ.ബിജു. മാത്യൂസ് വടക്കന്‍ എന്ന പുരോഹിതന്റെ (രണ്‍ജി പണിക്കര്‍) മൂന്ന് മക്കളില്‍ മൂത്തവനാണ് ജോര്‍ജ്ജ് വടക്കന്‍ (ദിലീപ്). മകനും തന്റെ വഴി പിന്തുടരണമെന്നാണ് മാത്യൂസിന്റെ ആഗ്രഹമെങ്കിലും ളോഹയിലല്ല ജോര്‍ജ്ജിന്റെ അഭിരുചി. കുട്ടിക്കാലം മുതല്‍ ഒപ്പമുള്ള മൂന്ന് സുഹൃത്തുക്കളുമായി (വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, തിരു ആക്ട്‌ലാബ്) തൊഴില്‍രഹിത-ആഘോഷജീവിതം നയിച്ച് ലക്ഷ്യങ്ങളുടെ ഭാരമൊന്നുമില്ലാതെ മുന്നോട്ടുപോവുകയാണ് അയാള്‍.

നേരത്തേ പറഞ്ഞ 'ദിലീപ് ബ്രാന്റ്' ആഘോഷപ്പടങ്ങളില്‍ പലതിലും മണ്ടന്മാരാണ് നായകകഥാപാത്രങ്ങളെങ്കില്‍ വിഡ്ഢിദിനത്തില്‍ തീയേറ്ററുകളിലെത്തിയ 'ജോര്‍ജ്ജേട്ടന്‍' അങ്ങനെയല്ല. മറിച്ച് 'പൂര്‍ണത'യോളമെത്തി ഇപ്പോള്‍ നമ്മുടെ സ്‌ക്രീനുകളില്‍ വംശനാശഭീഷണി നേരിടുന്ന നായകസങ്കല്‍പങ്ങളിലാണ് ജോര്‍ജ്ജേട്ടന്റെ നിര്‍മ്മിതി. സ്ത്രീവിരുദ്ധതയും ആണത്തത്തിന്റെ കൊമ്പുമൊക്കെ സംഭാഷണങ്ങളില്‍ തികട്ടിവരുന്നുണ്ടെങ്കിലും അവതരിപ്പിക്കുന്നത് ദിലീപ് ആണെന്നതിനാല്‍ 'ഞാനൊരു പാവമാണ്' മുഖഭാവം ജോര്‍ജ്ജിനുണ്ടെന്ന് മാത്രം. ഭാവിയില്‍ വിവാഹം കഴിക്കേണ്ട നായികയെ ആദ്യമായി കാണുമ്പോള്‍ത്തന്നെ ഇവളെ 'മാതാവാ'ക്കിയാലോ എന്നാണയാള്‍ ഒപ്പമുള്ള സുഹൃത്തിനോട് ചോദിക്കുന്നത്. മൂത്രമൊഴിച്ച് കഴിയുമ്പോള്‍ പെണ്ണുകാണലിനെക്കുറിച്ച് ഓര്‍മ്മ വരുന്ന സുഹൃത്താണ് അയാളുടെ മനസാക്ഷി സൂക്ഷിപ്പുകാരിലൊരാള്‍.

ദിലീപ്, രജിഷ വിജയന്‍ 
ദിലീപ്, രജിഷ വിജയന്‍ 

സിനിമ ആരംഭിച്ചാല്‍, വാതോരാതെ സംസാരിക്കാനുള്ള ചുമതലയാണ് ജോര്‍ജ്ജിനും മൂന്ന് കൂട്ടുകാര്‍ക്കും സംവിധായകനും തിരക്കഥാകൃത്ത് വൈ.വി.രാജേഷും ചേര്‍ന്ന് നല്‍കിയിരിക്കുന്നത്. ഈ നാല് പേരുടെയും സംഭാഷണങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ ഏറെക്കുറെ മുഴുമിക്കാവുന്നതാണ് 'ജോര്‍ജ്ജേട്ടന്റെ' തിരക്കഥ. നായകന്റെയും കൂട്ടുകാരുടെയും 'പരാക്രമങ്ങളൊ'ക്കെയുംകണ്ട് ഉരിയാടാതെ, കണ്ണുമിഴിച്ച് നില്‍ക്കാനാണ് മിക്ക കഥാപാത്രങ്ങളുടെയും യോഗം. മികച്ച നടിക്കുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് കിട്ടിയ രജിഷ വിജയന്‍ അവതരിപ്പിക്കുന്ന നായികയുടെ വിധിയും അതുതന്നെ. സിനിമയില്‍ സ്വന്തമായി അഭിപ്രായമുള്ള രണ്ടുപേര്‍ ഫാദര്‍ മാത്യൂസ് വടക്കനും ടി.ജി.രവി അവതരിപ്പിക്കുന്ന അവധൂത സ്വഭാവമുള്ള കഥാപാത്രവുമാണ്. എന്നാല്‍ കുറഞ്ഞ വാക്കുകളില്‍ പറയാനുള്ളത് അവസാനിപ്പിക്കുന്നവരാണ് അവരും. വിരലിലെണ്ണാവുന്ന സ്ത്രീകഥാപാത്രങ്ങളാണ് ഒന്നും മിണ്ടാനില്ലാതെ നില്‍ക്കുന്നതെന്നത് എളുപ്പത്തില്‍ കണ്ണില്‍പ്പെടും.

മത്തായി എന്ന മണ്‍മറഞ്ഞ കബഡി ചാമ്പ്യന്‍ സ്ഥലത്തെ പള്ളിയുടെ പേരില്‍ എഴുതിനല്‍കിയ, ഇപ്പോള്‍ 'മത്തായിപ്പറമ്പ്' എന്ന് വിളിക്കപ്പെടുന്ന സ്ഥലത്താണ് നായകന്റെയും കൂട്ടുകാരുടെയും ആഘോഷ (മദ്യപാന) ജീവിതം. പരസ്പരബന്ധമോ തുടര്‍ച്ചയോ ഇല്ലാത്ത രംഗങ്ങളില്‍ കാണിയെ രസിപ്പിക്കാനുള്ള ബന്ധപ്പാടൊന്നും കാട്ടാതെ, എന്തൊക്കെയോ നിര്‍ത്താതെ സംസാരിച്ച് ഇരിക്കുകയും നടക്കുകയുമാണ് ആദ്യപകുതിയില്‍ നായകനും അനുചരന്മാരും. മിക്ക ഫ്രെയ്മുകളിലും നിരന്ന് നില്‍ക്കുന്ന നായകനോ കൂട്ടുകാരോ പ്രേക്ഷകരുടെ കാര്യത്തില്‍ വിശേഷിച്ച് താല്‍പര്യമൊന്നും കാട്ടാത്തതിനാല്‍ വിരസതയുടെ ആകെത്തുകയാണ് ഒന്നര മണിക്കൂറോളം നീളുന്ന ആദ്യപകുതി.

ദിലീപ്, ചെമ്പന്‍ വിനോദ് ജോസ്  
ദിലീപ്, ചെമ്പന്‍ വിനോദ് ജോസ്  

'കളിയില്‍ അല്‍പം കാര്യ'മെന്ന ടാഗ്‌ലൈനുമായെത്തിയ ചിത്രത്തിന്റെ ആദ്യപകുതി കളിയായിരുന്നെന്നും എന്നാല്‍ രണ്ടാംപകുതി കാര്യമായിരിക്കുമെന്നുമുള്ള സൂചനയിലാണ് ഇന്റര്‍വെല്‍. 'കഥ'യില്ലായ്മയുടെ ആദ്യപകുതിയില്‍ നിന്ന് രണ്ടാംപകുതിയില്‍ ഒരു കഥയുണ്ടാക്കാനുള്ള നിയോഗം മണ്‍മറഞ്ഞ മത്തായിയുടെ മകനാണ് (ചെമ്പന്‍ വിനോദ് ജോസ്). ചെമ്പന്റെ കഥാപാത്രം തന്റെ പൂര്‍വ്വികസ്വത്തിന് അവകാശമുന്നയിച്ച് എത്തുന്നതോടെ കബഡിയുടെ കളത്തിലേക്ക് ഇറങ്ങുകയാണ് സിനിമ. ആദ്യപകുതിയില്‍ ചിരി വരാത്ത ഒരു കോമഡി-ഡ്രാമയാണെങ്കില്‍ രണ്ടാംപകുതിയില്‍ ആവേശം തോന്നിപ്പിക്കാത്ത സ്‌പോര്‍ട്‌സ്-ഡ്രാമയാണ് 'ജോര്‍ജ്ജേട്ടന്‍സ് പൂരം'. പ്രൊഫഷണല്‍ ടീമിനോട് ഏറ്റുമുട്ടുമ്പൊഴും ഇന്നലെ മാത്രം മൈതാനത്തിറങ്ങിയ ജോര്‍ജ്ജ് തന്റെ നായകത്വത്തെ സ്വയമൊന്ന് പൊലിപ്പിക്കാന്‍, എതിരാളികളെ തൊട്ടിട്ടും മിഡ്‌ലൈന്‍ കടക്കാന്‍ താല്‍പര്യമൊന്നും കാട്ടാതെ അവരെ ഇടിച്ച് നിലംപരിശാക്കുന്നതൊക്കെ കാണുമ്പോഴാണ് ശരിക്കും ചിരി വരുക.

രസിപ്പിക്കുന്നില്ലെങ്കിലും പതിവ് കോമാളിക്കളികള്‍ക്കൊന്നും അധികം മെനക്കെടാത്ത ദിലീപ് കഥാപാത്രമാണ് ജോര്‍ജ്ജ്. ടി.ജി.രവി, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍ കഥാപാത്രങ്ങളെല്ലാം അവരുടെ നിലവിലെ സ്‌ക്രീന്‍ ഇമേജില്‍ നിന്ന് കടുകിടെ വ്യതിചലിക്കാത്തവരാണ്. അഭിനയിക്കുന്ന എല്ലാ സിനിമകളിലും ആവര്‍ത്തിക്കുന്ന അതേ കഥാപാത്രമായാണ് പേര് മാത്രം മാറ്റി ഷറഫുദ്ദീന്‍ 'ജോര്‍ജ്ജേട്ടനി'ലും പ്രത്യക്ഷപ്പെടുന്നത്. പശ്ചാത്തലം തൃശൂരാണെങ്കില്‍ ഒഴിവാക്കുക ബുദ്ധിമുട്ടായ ടി.ജി.രവി കഥാപാത്രവും പല സിനിമകളില്‍ കണ്ടുമറക്കാത്തയാളാണ്. വലിയ അടുപ്പമുള്ള നായകകഥാപാത്രത്തെ കാണുമ്പോഴെല്ലാം പണം ചോദിക്കുന്ന സ്വഭാവത്തിന് 'പ്രാഞ്ചിയേട്ടനി'ല്‍നിന്ന് 'ജോര്‍ജ്ജേട്ടനി'ലെത്തുമ്പോഴും മാറ്റമൊന്നുമില്ല. രഞ്ജിത്ത് ചിത്രത്തില്‍ അഞ്ഞൂറും ആയിരവുമൊക്കെയാണ് മമ്മൂട്ടി കഥാപാത്രത്തോട് ഇടയ്ക്കിടെ ആവശ്യപ്പെടുന്നതെങ്കില്‍ ഇവിടെ കേവലം 10 രൂപ മതി അയാള്‍ക്ക്. സാന്നിധ്യം കൊണ്ട് സ്‌ക്രീനില്‍ ഊര്‍ജ്ജമനുഭവിപ്പിക്കുന്ന 'ജോര്‍ജ്ജേട്ടനി'ലെ ഒരേയൊരു നടന്‍ ചെമ്പന്‍ വിനോദ് ജോസാണ്. പക്ഷേ എല്ലാവരെയുംപോലെ വിശേഷിച്ച് വ്യക്തിത്വമൊന്നുമില്ലാത്ത കഥാപാത്രമായി അവസാനിക്കാനാണ് തിരക്കഥാകൃത്തിന്റെ പരിശ്രമത്താല്‍ അയാളുടെയും യോഗം.

ജോര്‍ജ്ജേട്ടന്‍സ് പൂരം 
ജോര്‍ജ്ജേട്ടന്‍സ് പൂരം 

സിനിമയ്ക്ക് നല്‍കിയിരിക്കുന്ന 'കളിയില്‍ അല്‍പം കാര്യം' എന്ന ടാഗ്‌ലൈന്‍ 1984ല്‍ പുറത്തിറങ്ങിയ, മോഹന്‍ലാല്‍ നായകനായ സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ പേരാണ്. അത്രത്തോളം പഴക്കം ആരോപിക്കാന്‍ പറ്റില്ലെങ്കിലും ട്രോളുകളുടെ വൈറല്‍ ചിരിയുടെ കാലത്ത് പഴഞ്ചന്‍ സെന്‍സിബിലിറ്റിയുമായെത്തിയ സിനിമയാണ് 'ജോര്‍ജ്ജേട്ടന്‍സ് പൂരം'. ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും പഴക്കം തോന്നുന്നുണ്ട് 'പൂര'ത്തിന്റെ രസം പേരില്‍ മാത്രം ഒതുങ്ങുന്ന പുതിയ ദിലീപ് ചിത്രത്തിന്.