ഹണി ബീ 2 സെലിബ്രേഷന്‍സ് :

തേനിച്ചക്കുത്തേറ്റ പ്രേക്ഷകര്‍ 

March 24, 2017, 6:37 pm
തേനിച്ചക്കുത്തേറ്റ പ്രേക്ഷകര്‍ 
Movie Reviews
Movie Reviews
തേനിച്ചക്കുത്തേറ്റ പ്രേക്ഷകര്‍ 

ഹണി ബീ 2 സെലിബ്രേഷന്‍സ് :

തേനിച്ചക്കുത്തേറ്റ പ്രേക്ഷകര്‍ 

Movie Rating

★★★★★ ★★★★★

നാല് വര്‍ഷം മുന്‍പ് ആദ്യചിത്രമായ 'ഹണി ബീ' തീയേറ്ററുകളില്‍ അന്‍പതാംദിവസത്തിലേക്ക് കടക്കുമ്പോള്‍ത്തന്നെ അതിനൊരു രണ്ടാംഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ എന്ന ലാല്‍ ജൂനിയര്‍ അറിയിച്ചിരുന്നു. തൊട്ടടുത്ത വര്‍ഷം പുറത്തെത്തി ചലനമുണ്ടാക്കാതെപോയ 'ഹായ് ഐ ആം ടോണി'ക്ക് ശേഷം ഇപ്പോഴാണ് ലാല്‍ ജൂനിയറിന്റെ 'ഹണി ബീ' രണ്ടാംഭാഗം 'സെലിബ്രേഷന്‍സ്' എന്ന പേര് ചേര്‍ത്ത് തീയേറ്ററുകളിലെത്തുന്നത്. പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന സന്ദേഹത്താല്‍ ഒരു എന്റര്‍ടെയ്‌നര്‍ സിനിമയില്‍ സംവിധായകന്‍ ഉള്‍പ്പെടുത്താന്‍ മടിക്കുന്ന പലതുമുണ്ട്. അത്തരം സംശയങ്ങളെയെല്ലാം പടിക്ക് പുറത്തുനിര്‍ത്തി ഒരു നവാഗതസംവിധായകന്‍ തനിക്കുതോന്നുംമട്ടില്‍ ഒരുക്കിയ എന്റര്‍ടെയ്‌നറായിരുന്നു ഹണി ബീ. വാനിറച്ചും ദ്വയാര്‍ഥം പറഞ്ഞ കഥാപാത്രങ്ങളും ഏതാണ്ടെല്ലാ രംഗങ്ങളിലുമുണ്ടായിരുന്ന മദ്യപാന/ പുകവലി രംഗങ്ങളുമെല്ലാം ഒരു കോണില്‍നിന്ന് വിമര്‍ശനം വാങ്ങിയപ്പോഴും ചിത്രം തീയേറ്ററുകളില്‍ ആളെക്കൂട്ടി. പൂര്‍ണമായും നിരാസമേറ്റ 'ഐ ആം ടോണി'ക്ക് ശേഷം പ്രേക്ഷകര്‍ സ്വീകരിച്ച 'ഹണീ ബീ'യുടെ രണ്ടാംഭാഗവുമായെത്തുമ്പോള്‍ ജനപ്രീതിയുടെ ആവര്‍ത്തനം തന്നെ സംവിധായകന്റെ ലക്ഷ്യം.

ആസിഫ് അലി, ശ്രീനാഥ് ഭാസി 
ആസിഫ് അലി, ശ്രീനാഥ് ഭാസി 

'ഹണി ബീ' ക്ലൈമാക്‌സില്‍ കപ്പല്‍ച്ചാലില്‍ ചാടിയ ഏയ്ഞ്ചലും സെബാനും കരയ്ക്കടിയുന്ന സീക്വന്‍സോടെയാണ് രണ്ടാംഭാഗത്തിന് ആരംഭം. റിയലിസ്റ്റിക്കായല്ല ഒരു സ്പനദൃശ്യം പോലെയാണ് സംവിധായകന്‍ ഈ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മരണത്തില്‍നിന്ന് രക്ഷപെട്ടെത്തിയവരോട് ഏയ്ഞ്ചലിന്റെ കുടുംബം ക്ഷമിച്ചുവെന്നറിയിച്ച ഒരു 'സെമിത്തേരി' സീക്വന്‍സായിരുന്നു ആദ്യഭാഗത്തിന്റെ ടെയ്ല്‍ എന്‍ഡ്. രണ്ടാംഭാഗം ആരംഭിക്കുമ്പോള്‍ ഇരുവരുടെയും വിവാഹം നടന്നുകാണാനുള്ള ആഗ്രഹത്തിലാണ് ഏയ്ഞ്ചലിന്റെ കുടുംബം.

കഥപറച്ചിലിനേക്കാളുപരി സെബാന്റെയും (ആസിഫ് അലി) ഏയ്ഞ്ചലിന്റെയും (ഭാവന) അവരുടെ സുഹൃത്തുക്കളുടെയും രസകരമായ മുഹൂര്‍ത്തങ്ങള്‍ തീര്‍ത്തും അനൗപചാരികമെന്ന് തോന്നുന്ന തരത്തില്‍ പകര്‍ത്തിയാണ് ഹണീ ബി-1 എത്തിയത്. കഥാപാത്രങ്ങളുടെ 'അനൗപചാരികത'യിലേക്ക് സംവിധായകന്റെ സാങ്കേതികമായ 'പേഴ്‌സണലൈസേഷന്‍' കൂടി ചേര്‍ന്നതായിരുന്നു ഹണി ബീയുടെ യുഎസ്പി. കഥപറച്ചിലിനെക്കുറിച്ച് ആകുലപ്പെടാതെ ആദ്യഭാഗത്തെ കഥാപാത്രങ്ങളെ ഒന്നൊന്നായി സ്‌ക്രീനിലെത്തിക്കുകയാണ് ഇവിടെ ആദ്യപകുതിയുടെ തുടക്കത്തില്‍ സംവിധായകന്‍. കൊച്ചി സ്ലാങ്ങില്‍ പരസ്പരമുള്ള 'ബ്രോ', 'മച്ചാന്‍' വിളികളോടെ സെബാനൊപ്പം ഫെര്‍ണോയും (ബാബുരാജ്) അബുവും (ശ്രീനാഥ് ഭാസി) ആംബ്രു (ബാലു വര്‍ഗീസ്)വുമൊക്കെ വീണ്ടും പ്രത്യക്ഷപ്പെടുന്നു. 'ഹണി ബീ' എന്ന സിനിമ പ്രേക്ഷകര്‍ക്കിടയില്‍ (വിശേഷിച്ചും യുവാക്കള്‍ക്കിടയില്‍) ഒരു ബ്രാന്റ് സ്റ്റാറ്റസ് നേടിക്കഴിഞ്ഞുവെന്ന് അവരെത്തന്നെ ബോധ്യപ്പെടുത്തുംപോലെയാണ് തുടക്കം മുതലുള്ള പോക്ക്. 'ഹണി ബീ-1'ല്‍ നിന്നുള്ള, സുഹൃത്തുക്കള്‍ക്കിടയിലെ 'അനൗപചാരികത' രണ്ടാംഭാഗത്തെത്തുമ്പോള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വിശേഷിച്ചും സംഭാഷണങ്ങളില്‍. എന്നാല്‍ കൊച്ചി സ്ലാങ്ങില്‍ അവര്‍ പറയുന്ന സംഭാഷണങ്ങള്‍ കൂടുതല്‍ 'അനൗപചാരിക്ക'മാക്കാന്‍ നടത്തിയിട്ടുള്ള ശ്രമങ്ങള്‍ പക്ഷേ കൃത്രിമത്വമാണ് അനുഭവിപ്പിക്കുക. തിരക്കഥാകൃത്ത് ഏറെനേരം മെനക്കെട്ടിരുന്ന്, പദാനുപദം അടുക്കി വൃത്തിയാക്കിയ പൂര്‍ണവാക്യങ്ങളിലാണ് പലപ്പൊഴും സെബാന്റെയും കൂട്ടുകാരുടെയും 'സ്വാഭാവിക' പേച്ച്.

ഹണി ബീ 2: സെലിബ്രേഷന്‍സ്
ഹണി ബീ 2: സെലിബ്രേഷന്‍സ്

കഥപറഞ്ഞ് എവിടെയെങ്കിലുമെത്താനുള്ള തത്രപ്പാടൊന്നും കാണിക്കാത്ത ആദ്യപകുതി ഒരു ഹണി ബീ-പ്രേമിയെ അത്രയൊന്നും രസിപ്പിക്കാനിടയില്ലെങ്കിലും അത്ര വിരസവുമല്ല. നാല് വര്‍ഷം മുന്‍പ് സ്‌ക്രീനില്‍ കണ്ടവരെ നിരത്തി നിര്‍ത്തി എന്തെങ്കിലുമൊക്കെ സംസാരിപ്പിക്കുന്നതല്ലാതെ അവരെക്കുറിച്ചുതന്നെ പുതുതായെന്തെങ്കിലും പറയാനില്ല സംവിധായകന്. ഏറെയും സംഭാഷണങ്ങളില്‍ ഊന്നിയുള്ള തമാശാശ്രമങ്ങളില്‍ ചിരിക്കണമെങ്കില്‍ കാത് കൂര്‍പ്പിച്ചിരിക്കേണ്ടതായുംവരും, വിശേഷിക്ക് കൊച്ചിക്ക് പുറത്തുനിന്നുള്ളവര്‍ക്ക്. സംഭാഷണങ്ങളിലെ 'മിനിമല്‍ ശ്രമങ്ങള്‍' നല്ലതുതന്നെയെങ്കിലും അത്തരത്തിലുള്ള ഡയലോഗ്-കോമഡികളില്‍ പലതും തീയേറ്ററില്‍ ഏശാതെപോകുന്നതിന്റെ കാരണം സെബാനും കൂട്ടരും എന്താണ് യഥാര്‍ഥത്തില്‍ പറഞ്ഞതെന്ന് പ്രേക്ഷകര്‍ക്ക് മനസിലാവാത്തതാണ്.

കഥയില്ലായ്മാ ക്ഷാമം പരിഹരിക്കാനുള്ള 'ഒടുക്കത്തെ ശ്രമ'വുമായാണ് സിനിമയുടെ രണ്ടാംപകുതി. ആസിഫ് അലിയുടെ നായകകഥാപാത്രത്തിനാണ് അതിനായുള്ള നിയോഗം. മുന്‍പ് നടത്തിയ ആത്മഹത്യാശ്രമത്തിന്റെ ഓര്‍മ്മയില്‍ ഏയ്ഞ്ചലിന്റെ ജീവിതപങ്കാളിയായി സെബാന്‍ എത്തുന്നതില്‍ എതിരഭിപ്രായമില്ലാത്തവരാണ് അവളുടെ കുടുംബം അഥവാ സഹോദരന്മാര്‍. ഏറെക്കാലമായി തനിക്ക് അകല്‍ച്ചയുള്ള മാതാപിതാക്കള്‍ കൂടി ഏയ്ഞ്ചലുമായുള്ള വിവാഹത്തിന് സമ്മതം മൂളുന്നതോടെ സെബാന്‍ മനോസംഘര്‍ഷങ്ങളിലേക്ക് വീണുപോവുകയാണ്, പ്രേക്ഷകര്‍ ബോറടിയിലേക്കും. അടുത്ത സുഹൃത്തുക്കളുമായിപ്പോലും പങ്കുവെക്കാനാവാത്ത ഏതോ സമ്മര്‍ദ്ദത്താല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് അയാള്‍. മനസ് വിങ്ങിയുള്ള സെബാന്റെ മുന്നോട്ടുപോക്കില്‍ എല്ലാമുള്ള ഒരുവന് തോന്നുന്ന ദാര്‍ശനിക വ്യഥയാണോ ഇതെന്നുപോലും കാണി ശങ്കിച്ചുപോയേക്കാം. അതേസമയം പലപ്പോഴായി വരുന്ന വൈകാരിക രംഗങ്ങളില്‍ ചിലതിന്റെയെല്ലാം പരിചരണം, കണ്ടിരിക്കുന്നത് ഒരു 'സ്പൂഫ്' ആണോ എന്ന് സംശയമുണ്ടാക്കുംവിധവുമാണ്. ഇടവിട്ട് സ്‌ക്രീനിലെത്തുന്ന കൂട്ടുകാര്‍ 'മച്ചാന്‍്', 'ബ്രോ' വിളികള്‍ തുടരുമ്പോള്‍ത്തന്നെ സമാന്തരമായി സെബാന്റെ മാതാപിതാക്കള്‍ വഴി (ലെന, ശ്രീനിവാസന്‍) അല്‍പം 'ഗൗരവ'ത്തിന്റെ ഒരു ലൈനും സംവിധായകന്‍ പിടിക്കുന്നുണ്ട്. അത്തരം രംഗങ്ങളില്‍ത്തന്നെ തമാശാനിര്‍മ്മാണത്തിനുള്ള ശ്രമം കാണുമ്പോള്‍ സംവിധായകന്‍ ഉദ്ദേശിച്ചത് അവിടവിടെ 'സ്പൂഫിംഗ്' ആണോ അതോ ചെയ്‌തെടുത്തപ്പോള്‍ ആകെത്തുകയില്‍ അങ്ങനെ ആയിപ്പോയതാണോ എന്ന് പടം കണ്ടവര്‍ സംശയിച്ചാല്‍ കുറ്റംപറയാനാവില്ല. അത്തരത്തില്‍ കലങ്ങിമറിഞ്ഞ അവസ്ഥയിലാണ് ഹണി ബീ-2വിന്റെ രണ്ടാംപകുതി. ക്ലൈമാക്‌സിനോടടുക്കുന്തോറും പ്രേക്ഷകന് തോന്നുന്ന സര്‍വത്ര ആശയക്കുഴപ്പം സംവിധായകന്റേത് കൂടിയാവാനാണ് സാധ്യത.

ലാല്‍, ഭാവന, ആസിഫ്‌ 
ലാല്‍, ഭാവന, ആസിഫ്‌ 

ഒരു ആഡംബരവിവാഹത്തിന്റെ തലേരാത്രിയിലെ ചിത്രീകരണമുള്‍പ്പെടെ ഹണി ബീ-1 നല്‍കിയ മൂഡിന് ഭേദപ്പെട്ട തുടര്‍ച്ച പകരാനാകുന്ന പശ്ചാത്തലങ്ങള്‍ അവിടവിടെയുണ്ട്. പക്ഷേ തിരക്കഥാഘട്ടത്തില്‍ത്തന്നെ പരാജയം സമ്മതിച്ചാണ് അവയൊക്കെയും സിനിമയില്‍ ഒന്നിനുപിന്നാലെ ഒന്നെന്ന നിലയില്‍ കടന്നുവരുന്നത്.

അതേസമയം ഒരു ദൃശ്യ ഉല്‍പ്പന്നമെന്ന നിലയില്‍ ഹണി ബീ-1 നെപ്പോലെതന്നെ സാങ്കേതികമായി കൗതുകമുണര്‍ത്തുന്നതാണ് രണ്ടാം ഭാഗവും. ലാല്‍ ജൂനിയറിന്റെ ആദ്യ രണ്ട് സിനിമകള്‍ക്കും ഛായാഗ്രഹണം നിര്‍വഹിച്ച ആല്‍ബി തന്നെയാണ് ഛായാഗ്രഹണം. ഈ സ്വഭാവത്തിലെത്തുന്ന ഒരു സിനിമയ്ക്ക് (കൃത്യമായി നിര്‍വചിക്കാനാവുന്ന ഒരു സ്വഭാവം രണ്ടാംഭാഗത്തിന് നല്‍കാനായില്ലെന്നതാണ് സംവിധായകന്റെ പരാജയം) ചേരും മട്ടിലുള്ള ഛായാഗ്രഹണമാണ് ആല്‍ബിയുടേത്. warm ആയ കളര്‍ സ്‌കീമുകളുമൊക്കെ ചേര്‍ന്ന് കണ്ണിന് ഇമ്പമാകുന്നതാണ് മറ്റെല്ലാം മാറ്റിനിര്‍ത്തിയാല്‍ ഹണി ബീ-2ന്റെ കാഴ്ച. കഥാപാത്രങ്ങളുടെ കോസ്റ്റിയൂംസിലും പ്രൊഡക്ഷന്‍ ഡിസൈനിലുമൊക്കെ വേണ്ട ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.

ശ്രീനാഥ് ഭാസി, ആസിഫ് അലി, ബാബുരാജ്, ബാലു വര്‍ഗീസ്‌ 
ശ്രീനാഥ് ഭാസി, ആസിഫ് അലി, ബാബുരാജ്, ബാലു വര്‍ഗീസ്‌ 

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മിക്കവരും 'സെലിബ്രേഷന്‍സി'ലും തുടരുമ്പോള്‍ അപൂര്‍വ്വം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കള്‍ക്ക് മാറ്റമുണ്ട്. ലാല്‍ അവതരിപ്പിച്ച മൈക്കിളിന്റെ ഭാര്യയായി ആദ്യ ഭാഗത്തില്‍ പ്രവീണയായിരുന്നുവെങ്കില്‍ ഇക്കുറി ആ വേഷം ചെയ്തത് കവിത നായരാണ്. അര്‍ച്ചന കവിയുടെ റോളില്‍ ആര്യ രോഹിത്തും എത്തുന്നു. സെബാന്റെ അച്ഛന്‍ തമ്പി ആന്റണി (ശ്രീനിവാസന്‍) രണ്ടാംഭാഗത്തിലാണ് ആദ്യമായി സ്‌ക്രീനിലെത്തുന്നത്. ട്രോള്‍ പേജുകളില്‍ ആരാധകരേറെയുള്ള 'രമണനെ' ഒരു പാചകക്കാരന്റെ റോളില്‍ കല്യാണവീട്ടില്‍ പുനരവതരിപ്പിച്ചിട്ടുണ്ട്.

ഒരു തവണ പ്രേക്ഷകര്‍ സ്വീകരിച്ച ഒരു ചിത്രത്തെ ബ്രാന്റ് മൂല്യമുള്ള ഒന്നാക്കി പുനരവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ല ജീന്‍ പോള്‍ ലാലിന്. അവസാനം സ്‌ക്രീനില്‍ അവശേഷിക്കുന്നത് ചലച്ചിത്രം എന്ന മാധ്യമത്തോടുള്ള ഒരു യുവസംവിധായകന്റെ പാഷന്‍ മാത്രമാണ്. അത്തരം പാഷന്‍ മാത്രംകൊണ്ട് സിനിമയ്‌ക്കോ കാണികള്‍ക്കോ വിശേഷിച്ച് കാര്യമൊന്നുമില്ലതാനും.