ജബ് ഹാരി മെറ്റ് സെജാല്‍ :

സങ്കടമാണീ സമാഗമം 

August 8, 2017, 12:22 pm
സങ്കടമാണീ സമാഗമം 
Movie Reviews
Movie Reviews
സങ്കടമാണീ സമാഗമം 

ജബ് ഹാരി മെറ്റ് സെജാല്‍ :

സങ്കടമാണീ സമാഗമം 

Movie Rating

★★★★★ ★★★★★

സല്‍മാന്‍ ഖാന്‍ അഭിനയിച്ച സിനിമകളുടെ പേര് ഓര്‍ത്തെടുക്കുക എന്നത് ഒരു കാലത്ത് ബോളിവുഡിലെ മോശം സിനിമകള്‍ കണ്ടെത്താനുള്ള എളുപ്പവഴിയായിരുന്നു. ഇപ്പോള്‍ കുറുക്കുവഴി ചെന്നെത്തുക ഷാരൂഖ് ഖാന്‍ സിനിമകളിലേക്കാണ്. ദില്‍വാലേ, ഫാന്‍, റയീസ്, ഇപ്പോഴിതാ ജബ് ഹരി മെറ്റ് സെജാല്‍. ആമിറും സല്‍മാനും അക്ഷയ്കുമാറുമൊക്കെ അവരിലെ അഭിനേതാവിനെ ഉപയോഗപ്പെടുത്തുന്നതും, കാഴ്ചയെ നവീകരിക്കുന്നതുമായ സിനിമകളെ സ്വീകരിക്കുമ്പോള്‍ ക്ലീഷേകളിലെ കൈവിരിച്ച് കാല്‍പ്പനിക കാമുകനായി പിന്നെയും പിന്നോട്ടായുകയാണ് 52കാരനാണ് കിംഗ് ഖാന്‍. ഷാരൂഖ് ചിത്രങ്ങളില്‍ അടുത്തകാലത്ത് അല്‍പ്പമെങ്കിലും ആശ്വാസമേകിയത് ഗൗരി ഷിന്‍ഡേയുടെ ഡിയര്‍ സിന്ദഗിയായിരുന്നു. രോഹിത് ഷെട്ടിയില്‍ നിന്ന് രാഹുല്‍ ധോലാക്കിയയിലേക്കും ഇംതിയാസ് അലിയിലേക്കും കൂടുമാറിയിട്ടും ഷാരൂഖിന് രക്ഷയില്ലെന്ന് വേണം കരുതാന്‍.

ഷാരൂഖ് ഖാന്റെ ചിത്രം എന്നതിനേക്കാള്‍ ഇംതിയാസ് അലിയുടെ സിനിമ എന്ന നിലയ്ക്കാണ് ജബ് ഹാരി മെറ്റ് സെജാല്‍ കണ്ടത്. കേട്ടുറച്ചുപോയ കെട്ടുകഥകളില്‍ നിന്ന് കെട്ടഴിച്ച് വരാനാവശ്യപ്പെടുന്ന സിനിമകളായിരുന്നു ഇംതിയാസ് അലിയുടേത്. പ്രവചനാത്മകമായ പ്രതിബന്ധങ്ങളെ കവടി നിരത്തയുള്ള ബോളിവുഡ് കോസ്റ്റിയൂം ഡ്രാമകളില്‍ നിന്നുള്ള മോചനവുമായിരുന്നു ഇംതിയാസ് സിനിമകള്‍. നൂറാവര്‍ത്തിക്കഥകളെ തിരസ്‌കരിച്ച് ഭാവനാസമ്പന്നമായ സൃഷ്ടികള്‍ ഇംതിയാസ് മുമ്പ് സമ്മാനിച്ചിട്ടുമുണ്ട്. നാട്യവും നാടകവുമാകുന്ന അപരജീവിതത്തില്‍ നിന്ന് അവനവനിലേക്ക് മടങ്ങുന്നവരുടെ കഥയാണ് ഓരോ വട്ടവും ഇംതിയാസ് പറഞ്ഞത്. അപരത്വത്തില്‍ നിന്നുള്ള അവരവരുടെ വീണ്ടെടുപ്പ് തന്നെയാണ് ഷാരൂഖ് ഖാനും അനുഷ്‌കാ ശര്‍മ്മയും നായികാനായകന്‍മാരായ ജബ് ഹാരി മെറ്റ് സെജാലിന്റെയും ഉള്ളടക്കം. എന്നാല്‍ കഥ പറച്ചിലിലും പരിചരണത്തിലും ആവര്‍ത്തിക്കപ്പെട്ടിരുന്ന ഇംതിയാസ് അലി സിഗ്നേച്ചര്‍ ഇവിടെ നഷ്ടവും നിരാശയുമാകുന്നു. പ്രാഗ്, ആംസ്റ്റര്‍ഡാം, വിയന്ന, ലിസ്ബണ്‍, ബുഡാപെസ്റ്റ് എന്നിവിടങ്ങള്‍ ചുറ്റിയടിച്ചൊരു യൂറോപ്യന്‍ ടൂറും വിനോദ സഞ്ചാര പരസ്യവും മാത്രമാകുന്നു 144 മിനുട്ടിലെ ജബ് ഹാരി മെറ്റ് സെജാല്‍. ആത്മാന്വേഷണ കഥകളുടെ വൈവിധ്യ തലങ്ങളിലൂടെ സഞ്ചരിച്ച ചലച്ചിത്രകാരന്റെ ഭാവനാത്മകമായ പിന്‍മടക്കമായി ഈ സിനിമയെ വിശേഷിപ്പിക്കേണ്ടിവരും. എന്നും എന്തുകൊണ്ടാണ് ഒരേ കഥകള്‍ എന്ന ചോദ്യവുമായെത്തി കഥകളില്‍ കുടുങ്ങിയ ജീവിതങ്ങളിലെത്തിയ ചിത്രമായിരുന്നു തമാശ, ഈ സിനിമ കണ്ടാല്‍ ചുമ്മാ തമാശയ്ക്ക് സിനിമയെടുക്കാന്‍ തീരുമാനിച്ച ഇംതിയാസ് അലിയെ ആണ് കാണാനാവുക.

നഷ്ടസ്വപ്‌നങ്ങളുടെയും നഷ്ടപ്രണയങ്ങളുടെയും ഓവര്‍കോട്ടിട്ട് യൂറോപ്പില്‍ ടൂറിസ്റ്റ് ഗൈഡായി ജീവിതം നയിക്കുകയാണ് ഹര്‍വീന്ദര്‍ സിംഗ് നെഹ്‌റ എന്ന ഹാരി. പഞ്ചാബിലെ ഗ്രാമീണ ഭൂതകാലവും കുടുംബത്തെ മറന്നുള്ള യൂറോപ്യന്‍ കുടിയേറ്റവും അയാളെ ഇടയ്ക്കിടെ വേട്ടടായുന്നു. ലഹരിയും കാഷ്വല്‍ സെക്‌സുമൊക്കെയായി ഏകാന്തതയെ മറികടക്കാനുള്ള പ്രയത്‌നത്തിലാണ് ഹാരി. അങ്ങനെയിരിക്കെ തരുണീമണികള്‍ ദൗര്‍ബല്യവും ഏകാന്തത മറികടക്കാനുള്ള ഒറ്റമൂലിയുമായി കണക്കാക്കിപ്പോരുന്ന ഹാരിയെ കാത്ത് കിലുക്കത്തിലെ രേവതിയുടെ കഥാപാത്രം പോലൊരു പെണ്‍കൊടിയെത്തുകയാണ്. അമ്മാവന്‍ അങ്കമാലിയിലെ പ്രധാനമന്ത്രിയാണെന്ന മട്ടില്‍ കിളി പോയ പേച്ചുകളാണ് സാജലിന്റേത്. കിളിയല്ല കൈവിരലിലെ വിവാഹനിശ്ച മോതിരമാണ് കളഞ്ഞുപോയതെന്ന് തുടര്‍രംഗത്തില്‍ പിടികിട്ടും. വിവാഹനിശ്ചയ മോതിരം പോയാല്‍ വിവാഹവും കുടുംബബന്ധവും താറുമാറാകുന്ന ഭാരതീയ കുടുംബ/വിശ്വാസ വ്യവസ്ഥയില്‍ ജീവിക്കുന്ന സേജലിന് മോതിരം തേടിപ്പിടിച്ചേ മതിയാവൂ.

വിവാഹനിശ്ചയമോതിരമെന്ന് വെറുമൊരു രൂപകമാണെന്നും സൈജലിന്റെ സഞ്ചാരമത്രയും സ്വത്വാന്വേഷണമാണെന്നും ഇംതിയാസ് അലിയുടെ മുന്‍സിനിമകളെ പിന്തുടര്‍ന്നാല്‍ പിടികിട്ടും. റോക്ക്‌സ്റ്റാറിലും ഹൈവേയിലും തമാശയിലും തുടര്‍ന്ന ആത്മാന്വേഷണ ഗാഥകളുടെ തുടരനാകാനുള്ള പരിശ്രമം ഭാവനാശൂന്യമായ തിരക്കഥയാല്‍ തരിപ്പണമായി.

കാശ്മീര്‍ അതിര്‍ത്തിയിലേക്കും കോര്‍സിക്കയിലേക്കുമല്ല അവരവരെ വീണ്ടെടുക്കുന്ന യാത്രകളുടെ ദൈര്‍ഘ്യം ഇക്കുറി അല്‍പ്പം കൂടുതലാണ്. പ്രാഗ്, ആംസ്റ്റര്‍ഡാം, വിയന്ന, ലിസ്ബണ്‍, ബുഡാപെസ്റ്റ് എന്നീ യൂറോപ്യന്‍ ഇടങ്ങള്‍ ചുറ്റിയടിച്ചാണ് ഹാരിയും സൈജലും ആത്മാന്വേഷണം പൂര്‍ത്തിയാക്കുന്നത്. ഈ നാടത്രയും ചുറ്റിയടിക്കുന്നതിനിടെ രണ്ട് ദിവസം ആകര്‍ഷകമായൊരു കഥാപദ്ധതിയ്ക്കായി ഇംതിയാസ് അലി മാറ്റിവച്ചിരുന്നെങ്കില്‍ റെഡ് ചില്ലീസ് എന്ന സ്വന്തം കമ്പനിയുടെ മുടക്കുമുതലിലുള്ള സിനിമ കിംഗ് ഖാനെ ചുവന്ന മുളക് കടിച്ച ആളുടെ അവസ്ഥയിലെത്തിക്കില്ലായിരുന്നു, പ്രേക്ഷകരെയും.

ഷാരൂഖ് ഉള്‍പ്പെടെയുള്ള നായകന്‍മാരുടെ റോം കോം സിനിമകളത്രയും ആണ്‍കേന്ദ്രീകൃത പ്രണയവിചാരങ്ങളാണെന്ന പരാതിയെ മറികടക്കാനാവും ഇവിടെ സെജലിനെ കേന്ദ്രീകരിച്ചാണ് കഥാസഞ്ചാരം. സ്ത്രീകഥാപാത്രങ്ങളെ ശക്തമാക്കാതെ പ്രണയകഥകള്‍ പറയാനാകില്ലെന്ന് നിരൂപക അനുപമാ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞിരുന്നു. ഡിയര്‍ സിന്ദഗിയുടെ കാര്യത്തില്‍ ഈ വാദം ശരിയാണെന്ന് സമ്മതിക്കാം. ഇവിടെ സെജലെന്ന നായികാ കഥാപാത്രത്തില്‍ കേന്ദ്രീകരിച്ച് നീങ്ങുന്നത് തന്നെ അവള്‍ക്ക് ജീവിതത്തില്‍ നിന്നും പ്രണയത്തില്‍ നിന്നും അവഗണിച്ച് പോകാനാകാത്ത അത്രയും ശ്രേഷ്ഠനാന് ഹാരി എന്ന കഥാപാത്രമെന്ന് വിശ്വസിപ്പിക്കാനാണ്.

തമാശയില്‍ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിച്ച വേദ് എന്ന കഥാപാത്രത്തോട് അടുത്ത് നില്‍ക്കുന്നയാളാണ് ഹാരി. ഓരോ ആഹ്ലാദമുഹൂര്‍ത്തത്തിലും നുഴഞ്ഞുകയറി പിന്നിലേക്ക് വലിച്ചിടുന്ന നോവാര്‍ന്നൊരു ഭൂതകാലം ഹാരിയെ പിന്തുടരുന്നുണ്ട്. ആ ഭൂതകാലം സെജലിനോട് വെളിപ്പെടുത്തി അനുഭാവം നേടാനുള്ള ക്ലീഷേ നമ്പരുകളൊന്നും ഇംതിയാസ് അലി പയറ്റുന്നില്ല. എന്നാല്‍ മൊണ്ടാഷുകളിലൂടെ ആ ഫ്ഷാഷ് ബാക്കിനായി പ്രേക്ഷകരില്‍ ഉദ്വേഗം ജനിപ്പിക്കുന്നുമുണ്ട് സംവിധായകന്‍.

ഹാരിയെയും സെജാലിനെയും കേന്ദ്രീകരിച്ച് അഞ്ചില്‍ താഴെ മാത്രം കഥാപാത്രങ്ങളിലൂന്നിയാണ് സിനിമ. വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ട് പേര്‍ അടുത്തിടപഴകി ജീവിക്കുമ്പോള്‍ അവരില്‍ സംഭവിക്കുന്ന മാറ്റങ്ങളെയാണ് ഹൈവേയിലും തമാശയില്‍ ഇംതിയാസ് ചിത്രീകരിച്ചത്. ഹരിയിലൂടെ സെജലും സെജലിലൂടെ ഹാരിയും ആത്മാന്വേഷണം പൂര്‍ത്തിയാക്കുന്നു. നേര്‍ത്ത രേഖയുടെ ഇരുപുറവുമായി ഫാന്റസിയെയും യാഥാര്‍ത്ഥ്യത്തെയും നിര്‍ത്തി, ഷേക്‌സ്പിയറും റൂമിയും ലയമാകുന്ന ഹൃദ്യമായ കഥ പറച്ചില്‍ ഇവിടെ ഇംതിയാസ് അലി നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഉള്‍ക്കനമുള്ളതും, മനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങളോട് സംവദിക്കുന്ന മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്ഥമായി ഷാരൂഖ് ഖാന്‍- അനുഷ്‌കാ ശര്‍മ്മ എന്നീ രണ്ട് സൂപ്പര്‍താരങ്ങളിലൂന്നിയ പൊള്ളക്കഥയാണ് സംവിധായകന് പറയാനുണ്ടായിരുന്നത്. സൈജലിന്റെ വിവാഹ വേദിയിലേക്കുള്ള ഹാരിയുടെ സഞ്ചാരം പോലും അതുവരെ പറഞ്ഞൊരു അറുബോറന്‍ കഥയെ എളുപ്പത്തില്‍ കെട്ടിയിട്ട് അവസാനിപ്പിക്കാനുള്ള ഉപായം മാത്രമാക്കി സംവിധായകന്‍.അവരവരെ വീണ്ടെടുക്കാനുള്ള സഞ്ചാരമാണ് ഇംതിയാസ് അലി സിനിമയില്‍ യാത്ര കടന്നുവരാറുള്ളത്. ഇവിടെ ഷാരൂഖ്- അനുഷ്‌കാ കഥാപാത്രങ്ങളുടെ യാത്ര തുമ്പും വാലുമില്ലാതെയുള്ള വട്ടംചുറ്റലാണ്. ഈ രണ്ട് കഥാപാത്രങ്ങളെയും പുറംപരിസരങ്ങളിലേക്ക ബന്ധിപ്പിക്കുന്ന സന്ദര്‍ഭങ്ങളാകട്ടെ ഏച്ചുകെട്ടിയതെന്നും തോന്നും.

ലവ് ആജ് കല്‍, തമാശാ എന്നീ സിനിമകളില്‍ ഭ്രമാത്മക വഴികളെ പതിവിലധികം കൂട്ടുപിടിച്ചിരുന്നു ഇംതിയാസ് അലി. ഇവിടെ ഒരു മണ്ടന്‍ സ്റ്റോറി ലൈന്‍ മികച്ച ദൃശ്യവിന്യാസത്തിന്റെയും പശ്ചാത്തല ഈണത്തിന്റെയും അകമ്പടിയില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്. യൂറോപ്യന്‍ തെരുവുകളിലും റോഡുകളിലും അലഞ്ഞുതിരിയുന്ന സെജാലിനെക്കുറിച്ച് ആധിയോ ആകുലതയോ ഇല്ലാത്ത ശതകോടീശ്വരന്‍മാരായ യാഥാസ്ഥിതിക കുടുംബം എന്നതും കുടിയേറ്റക്കാരെല്ലാം പിടിച്ചുപറിയും കൊള്ളയും അധോലോകവുമായി തിരിച്ചറിയല്‍ രേഖ ചോദിച്ചാല്‍ കൂടും കുടുക്കയും ഉപേക്ഷിച്ച് പേടിച്ചോടുമെന്നതുമെല്ലാം എന്തൊരു യുക്തിരാഹിത്യമാണ്.

എന്നും എന്തുകൊണ്ടാണ് ഒരേ കഥകളെന്ന് ടാഗ് ലൈനിലായിരുന്നു ഇംതിയാസിന്റെ തമാശ എന്ന സിനിമ. ഇവിടെ കിംഗ് ഓഫ് റൊമാന്‍സ് എന്ന ലേബലുള്ള ഷാരൂഖ് ഖാന്റെ താരപ്രതിഛായയ്ക്ക് ഉടവുതട്ടാതെയും താരമൂല്യം പ്രഥമ പരിഗണനയാക്കിയുമാണ് ഇംതിയാസ് ഹാരി മെറ്റ് സെജാല്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് സംശയിച്ച് പോകും. ഈ താരഭാരത്തില്‍ തട്ടിയാണ് റയീസും ഫാനും ദില്‍വാലേയും മൂക്കുകുത്തിയത് എന്നെങ്കിലും ഇംതിയാസിന് ഓര്‍ക്കാമായിരുന്നു. ഇംതിയാസും ഷാരൂഖ് ഖാനും അനുഷ്‌കാ ശര്‍മ്മയും ഒന്നിച്ചെത്തുമ്പോഴുള്ള സവിശേഷ സിനിമ പ്രതീക്ഷിച്ചിടത്ത് എന്തിനോ വേണ്ടി തിളച്ച് തൂവിയ സിനിമ കണ്ട് നിരാശപ്പെട്ട് മടങ്ങുകയാണ് ഫലം. ഷാരൂഖ്-അനുഷ്‌കാ കോമ്പിനേഷന്‍ രംഗങ്ങള്‍ പ്രകടനം കൊണ്ട് നല്ലതാണ്. അതിനപ്പുറം കൃത്യമായി രൂപപ്പെടുത്താത്ത കഥാപാത്രങ്ങളായതിനാലാവും അതിസാധാരണ പ്രകടനത്തിനപ്പുറം ഇരുവരും ഉയര്‍ന്നിട്ടുമില്ല.

സിനിമയുടെ ഭാവം ഉള്‍ക്കൊള്ളുന്ന ദൃശ്യപരിചരണമാണ് കെ യു മോഹനന്റേത്. ആംസ്റ്റര്‍ഡാം, വിയന്ന, ലിസ്ബണ്‍, ബുഡാപെസ്റ്റ് എന്നിവിടളിലെ നിറപ്പകിട്ടുകളില്‍ നിന്ന് ആളൊഴിഞ്ഞ ഇടനാഴികളിലേക്കും പൗരാണിക അവശേഷിപ്പുകളിലേക്കും ഉറക്കമൊഴിഞ്ഞ നഗരരാത്രികളിലേക്കും ക്യാമറ തെളിമയോടെ ചെന്നെത്തുന്നുണ്ട്. പ്രിതം ഒരുക്കിയ ഗാനത്തേക്കാള്‍ ആശ്വാസമേകിയത് പശ്ചാത്തല സംഗീതമാണ്. സമീപ വര്‍ഷങ്ങളില്‍ ഏ ആര്‍ റഹ്മാന്‍ ഒരുക്കിയ മികച്ച ഗാനങ്ങളില്‍ കൂടുതലും ഇംതിയാസ് സിനിമകളിലായിരുന്നു. അപ്രതീക്ഷിതമായെത്തി കഥാന്തരീക്ഷത്തോട് ലയിച്ചുനില്‍ക്കുന്നതായിരുന്നു നേരത്തെ ഇംതിയാസ് സിനിമകളിലെ ഗാനങ്ങളെങ്കില്‍ ഇവിടെ തട്ടിന് മുട്ടിന് പാട്ടുകളാണ്.

സ്വത്വം തേടിയുള്ള സഞ്ചാരത്തിനൊടുവില്‍ വീണ്ടെടുപ്പിനെ ആഘോഷിക്കുന്നവരുടെ വൈവിധ്യതമാര്‍ന്ന കഥകള്‍ പറഞ്ഞ ഇംതിയാസ് അലി ഈ യാത്രയില്‍ തന്നിലെ പ്രതിഭയെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇംതിയാസ് അലി എന്ന സംവിധായകന്റെ വീണ്ടെടുപ്പാകട്ടെ അടുത്ത സിനിമയെന്ന് പ്രതീക്ഷിക്കുന്നു.