ദി ഗ്രേറ്റ് ഫാദര്‍ :

സ്റ്റൈലില്‍ മാത്രമാണ് ത്രില്‍ 

March 30, 2017, 3:36 pm
സ്റ്റൈലില്‍ മാത്രമാണ് ത്രില്‍ 
Movie Reviews
Movie Reviews
സ്റ്റൈലില്‍ മാത്രമാണ് ത്രില്‍ 

ദി ഗ്രേറ്റ് ഫാദര്‍ :

സ്റ്റൈലില്‍ മാത്രമാണ് ത്രില്‍ 

Movie Rating

★★★★★ ★★★★★

പോക്കിരിരാജയ്ക്ക് ശേഷം മെഗാതാര മൂല്യത്തിനൊത്ത ബോക്‌സ് ഓഫീസ് വിജയം മമ്മൂട്ടിയെന്ന താരത്തിന് അന്യമായിരുന്നു. ഭേദപ്പെട്ടതും മുടക്കുമുതല്‍ തിരികെ നേടിയതുമായ സിനിമകളുണ്ടെങ്കിലും ബെസ്റ്റ് ആക്ടറിന് ശേഷമുള്ള ഏഴ് വര്‍ഷ കാലയളവില്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ഭാസകര്‍ ദ റാസ്‌കല്‍ മാത്രമാണ്. ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനരില്‍ ഒരാളായ അദ്ദേഹം ഇതേ കാലയളവില്‍ നടനെന്ന നിലയില്‍ അടയാളപ്പെടുത്തപ്പെട്ടത് മുന്നറിയിപ്പിലും പത്തേമാരിയിലും. മമ്മൂട്ടിയെന്ന താരത്തിനും ആരാധകര്‍ക്കും ചലച്ചിത്രവ്യവസായത്തിനും വമ്പനൊരു ബോക്‌സ് ഓഫീസ് വിജയം ആഗ്രഹവും അനിവാര്യതയുമായിരിക്കെയാണ് ദി ഗ്രേറ്റ് ഫാദറിന്റെ വരവ്. കെട്ടിലും മട്ടിലും ബിഗ് ബിയോടുള്ള സാമ്യം പ്രതീക്ഷയുടെ ഉയരവും കൂട്ടി. നാല് പതിറ്റാണ്ടായി സിനിമകള്‍ ചെയ്തിട്ടും മമ്മൂട്ടിയെ ആഘോഷിക്കാന്‍ പുതുതലമുറ ആരാധകര്‍ തെരഞ്ഞെടുക്കുന്നത് ബിഗ് ബിയാണ്. മോഹന്‍ലാലിന് സ്ഫടികവും നരസിംഹവും. ബിഗ് ബി ഹാംഗോവറിന്റെ രസത്തുടര്‍ച്ച പ്രതീക്ഷിച്ചവരോട് വരുന്നത് ബിലാല്‍ ജോണ്‍ കുരിശിങ്കല്ലല്ല നല്ലച്ഛനായ ഡേവിഡ് നൈനാനാണെന്ന് സംവിധായകന്‍ തന്നെ വിശദീകരിച്ചിരുന്നു. അപ്പോഴും സമീപവര്‍ഷങ്ങളിലൊന്നും മറ്റൊരു മമ്മൂട്ടി സിനിമയ്ക്ക് ലഭിക്കാത്തത്ര ആരവ വരവേല്‍പ്പ് ഗ്രേറ്റ് ഫാദറിന് ലഭിച്ചു. ബിഗ് ബിയെയും അതിന്റെ മൗലികരൂപമായ ഫോര്‍ ബ്രദേഴ്‌സിനെയും ദ ഗ്രേറ്റ് ഫാദര്‍ ആഖ്യാനത്തില്‍ പിന്തുടരുന്നേയില്ല. എന്നാല്‍ മമ്മൂട്ടിയെന്ന താരത്തെ സ്റ്റൈലിഷ് ഐക്കണായും ആക്ഷന്‍ ഹീറോയായും രൂപത്തിലും ഭാവത്തിലും ചലനങ്ങളിലുമെല്ലാം പ്രതിഷ്ഠിക്കാന്‍ ഈ പറഞ്ഞതടക്കം സിനിമകളെ പിന്തുടരുന്നുണ്ട് ഗ്രേറ്റ് ഫാദര്‍.

ബിഗ് ബിയല്ല, ത്രില്ലര്‍ അന്തരീക്ഷത്തിലെ നായകഗാഥ

ഒരു സൈക്കോപാത്ത് ത്രില്ലറിന്റെ രീതിഭാവങ്ങളില്‍ തുടങ്ങി നായക കേന്ദ്രീകൃത സിനിമകളുടെ തനിപ്പകര്‍പ്പിലേക്ക് പിന്തിരിയുന്ന സിനിമയാണ് ദ ഗ്രേറ്റ് ഫാദര്‍. കഥാപുരോഗതിയില്‍ ത്രില്ലര്‍ ഘടന ശോഷിക്കുകയും മാസ് ഹീറോ സിനിമയുടെ ചേരുവകള്‍ പെരുകുകയുമാണ്. തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ആദ്യസിനിമ Thriller genre ലായിരിക്കമെന്ന് തീരുമാനിച്ച്, അത്തരം സിനിമകളുടെ സ്വഭാവം ചിട്ടപ്പെടുത്താന്‍ ശ്രമിച്ച ഹനീഫ് അദേനിക്ക് മുന്നിലുണ്ടായിരുന്നത് ചെറുതല്ലാത്ത വെല്ലുവിളിയായിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ത്രില്ലറിനുള്ള അന്തരീക്ഷ നിര്‍മ്മിതിയില്‍ മാസ് അപ്പീലുള്ള സിനിമയ്ക്കാണ് സംവിധായകന്‍ പ്രാമുഖ്യം കല്‍പ്പിച്ചത്. സൂപ്പര്‍താരം നായകനാകുമ്പോള്‍ കൈവരുന്ന മിടുക്ക് കൊണ്ടല്ലാതെ, ബുദ്ധിസാമര്‍ത്ഥ്യത്താല്‍ കുറ്റവാളിയെ കുരുക്കുന്ന ത്രില്ലറുകള്‍ക്ക് മലയാളം പലപ്പോഴും ശ്രമിക്കാറില്ല. ഈ കണ്ണി കൂടി എന്ന കെ ജി ജോര്‍ജ്ജ് ചിത്രത്തിന്റെ ആവിഷ്‌കാര സാമര്‍ത്ഥ്യമൊന്നും അതേ ജനുസിലെത്തിയ സിനിമകളില്‍ അനുഭവപ്പെടാതിരുന്നത് ആഖ്യാനം നായകനിലേക്ക് ചുരുങ്ങിയതിനാലാണ്.

യുക്തിയെ പന്തുതട്ടുന്ന അന്വേഷണപരമ്പരയ്‌ക്കൊടുവില്‍ അതുവരെ പിടിതരാത്ത ഒരാളിലേക്ക് വിരലും വിലങ്ങുമുയരുന്ന ത്രില്ലറുകള്‍ക്ക് ഇനിയുള്ള കാലം സ്വീകാര്യത കിട്ടില്ല. സിബിഐ അഞ്ചാം ഭാഗം ആലോചനയെയും തടുക്കുന്നത് മുന്‍പേ വന്ന ഫോര്‍മാറ്റുകളെ മാറ്റിപ്പിടിച്ചില്ലെങ്കില്‍ പാളിപ്പോകുമെന്ന വിചാരമാണ്. ഹിച്ച്‌കോക്കിയന്‍ ആഖ്യാനം തന്നെയാണ് പുതിയ കാലത്തിനും പഥ്യം. നിഴല്‍പരിസരത്ത് നിലയുറപ്പിച്ച ആരോ ഒരാള്‍ ക്രൂരചെയ്തികളുമായി വിഹരിക്കുന്നതും അന്വേഷകന്‍ അയാളിലേക്ക് അടുക്കുന്തോറും വഴി ദുര്‍ഘടമാകുന്നതും ബുദ്ധിസാമര്‍ത്ഥ്യത്താല്‍ ഒടുക്കം കുരുക്കഴിച്ചെടുക്കുന്നതും ഹിച്ച്‌കോക്കിയന്‍ സൈക്കോ ത്രില്ലറുകളില്‍ ജനപ്രിയ ഘടനയാണ്. തൊട്ടടുത്തും അകലെയുമായി മാറി, മറഞ്ഞിരിക്കുന്ന കുറ്റവാളിയിലേക്കുള്ള ഉദ്വേഗത്തിന്റെ ദൂരമാണ് ഈ ത്രില്ലറുകളെ പലപ്പോഴും ആകര്‍ഷകമാക്കിയിരുന്നത്.

ത്രില്ലറുകളുടെ ആകര്‍ഷകാഖ്യാനം വലിയ പ്രയത്‌നമാണെന്നിരിക്കേ കന്നിച്ചിത്രത്തില്‍ അത്തരമൊരു അനുഭവാന്തരീക്ഷം പലയിടത്തായി കൊണ്ടുവരാന്‍ ഹനീഫ് അദേനിക്ക് സാധിച്ചിട്ടുണ്ട്. റോബി വര്‍ഗ്ഗീസ് രാജിന്റെ ക്യാമറ, സുഷിന്‍ ശ്യാമിന്റെ പശ്ചാത്തലം, രംഗനാഥ് രവിയുടെ ശബ്ദരൂപകല്‍പ്പന എന്നിവ ത്രില്ലര്‍ ഭാവാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വിജയിച്ചിട്ടുമുണ്ട്. ഉദ്വേഗതീവ്രത അനുനിമിഷം ഉയര്‍ത്തി പ്രേക്ഷകരെ ത്രസിപ്പിച്ചിരുത്തുന്ന രംഗങ്ങളില്‍ നിന്ന് ഒരു മാസ് ഹീറോ സിനിമയുടെ സാധാരണത്വത്തിലേക്കുള്ള പിന്തിരിയലിലാണ് പിടിച്ചിരുത്തുന്ന മുഹൂര്‍ത്തങ്ങളില്‍ നിന്ന് അയച്ചിരുത്തുന്നത്.

ത്രസിപ്പിക്കുന്ന തുടക്കം, ആവര്‍ത്തനങ്ങളിലേക്ക് മടക്കം

സാറയിലൂടെ ഡേവിഡിലേക്കും തുടര്‍ന്ന് അവരുടെ കുടുംബത്തെ അസ്വസ്ഥമാക്കുന്ന സംഭവങ്ങളിലേക്കും കഥ പറഞ്ഞെത്തുന്നു. ഒരു പ്രത്യേക ഘട്ടത്തില്‍ ഡേവിഡ് നൈനാന് മുന്നിലൊരു ദൗത്യം രൂപപ്പെടുകയാണ്. അവിടെ മുതല്‍ സമാന്തരമായി ഒരു സീരിയല്‍ കില്ലറിനെ പിന്തുടരുന്ന പോലീസ് ഉദ്യോഗസ്ഥരും അതേ ദൗത്യത്തിന് പിന്നാലെ നൈനാനും സമാന്തരമായി നീങ്ങുകയാണ്. ലീനിയര്‍ ഘടനയില്‍ നിന്ന് നോണ്‍ ലീനിയര്‍ സ്വഭാവത്തിലേക്കാണ് അവതരണം മാറുന്നത്. വിശ്വസനീയ സന്ദര്‍ഭങ്ങളും വികാരത്രീവമായ രംഗങ്ങളും തിരക്കഥയില്‍ സൃഷ്ടിക്കുമ്പോഴും രംഗസൃഷ്ടിയില്‍ അവ കൃത്രിമത്വത്തിലും നാടകീയതയിലും ചെന്നെത്തുകയാണ്. ജീവിതത്തിലെ അതിസങ്കീര്‍ണമായൊരു സാഹചര്യത്തെ നാടകീയസംഭാഷണങ്ങളാല്‍ നേരിടുന്ന ദമ്പതികള്‍, പഞ്ച് ഡയലോഗിനായി അനവസരത്തില്‍ സൃഷ്ടിക്കപ്പെട്ട സാഹചര്യങ്ങള്‍, നായകന് വീരത്വം നല്‍കാനായി ഒരുക്കിയ ഏച്ചുകെട്ടിയ പ്രതിബന്ധങ്ങള്‍ എന്നിവയും ആസ്വാദന താളം നഷ്ടപ്പെടുത്തുന്നു. നായകന് മുന്നിലുള്ള ദൗത്യവും, അയാളുടെ പ്രതിയോഗിയുടെ സ്വഭാവവും വിശദീകരിക്കാന്‍ മാത്രമായി ത്രില്ലര്‍ അന്തരീക്ഷം സെറ്റ് ചെയ്ത് വച്ചതായും തോന്നി.

ത്രില്ലറിന്റെ പരിചരണ രീതിയും ഉദ്വേഗവും സമര്‍ത്ഥമായി പ്രയോജനപ്പെടുത്താവുന്ന തിരക്കഥ സൃഷ്ടിക്കുന്നതിന് പകരം ആരാധക്കൂട്ടവും കയ്യടിയും പരിഗണനയാകുന്ന രംഗങ്ങളിലേക്കാണ് രണ്ടാംപകുതി. അതിസാധാരണക്കാരനായ ജോര്‍ജ്ജ്കുട്ടി അയാള്‍ക്ക് അസാധ്യമെന്ന് പ്രേക്ഷകര്‍ വിശ്വസിച്ചിരുന്ന സാഹചര്യത്തില്‍ നിന്ന് നിയമസംവിധാനത്തെ ഒന്നടങ്കം ബുദ്ധികൂര്‍മ്മതയാല്‍ കബളിപ്പിക്കുന്നതായിരുന്നു ദൃശ്യം. ഇവിടെ ഡേവിഡ് നൈനാന് മുന്നിലുള്ള ദൗത്യവും ഉത്തരവാദിത്വവും അയാള്‍ക്ക് അത്രയേറെ എളുപ്പമാണെന്ന തോന്നലിലേക്കാണ് കഥാസഞ്ചാരം.

ആരാധകക്കൂട്ടത്തിന്റെ കയ്യടിക്കൊത്ത പഞ്ച് വണ്‍ലൈനറും ഏത് നിമിഷത്തിലും വന്ന് പതിച്ചേക്കാമെന്ന സാഹചര്യമുണ്ട്. അനവസരത്തില്‍ അതിനാടകീമായി നായകതാരത്തെ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്താനുള്ള ഈ ഏച്ചുകെട്ടലുകളാണ് ഗ്രേറ്റ് ഫാദറിന്റെ തുടക്കത്തിലുണ്ടായിരുന്ന ആഖ്യാനരൂപം നഷ്ടപ്പെടുത്തിയത്.

മടുപ്പിനെ മടക്കി അയയ്ക്കുന്ന മമ്മൂട്ടി

ബേബി അനിഖ അവതരിപ്പിക്കുന്ന സാറാ ഡേവിഡിന് അവളുടെ ഡാഡി ഡേവിഡ് നൈനാന്‍ സൂപ്പര്‍ഹീറോയാണ്. കണ്ട സിനിമകളിലെയും ഗെയിമുകളിലെയും കഥകളിലെയും വീരനായകന്റെ അപരരൂപമാണ് സാറയ്ക്ക് ഡാഡി. ബില്‍ഡറായ ഡേവിഡ് നൈനാന്‍ മകളുടെ ഭാവനയെയും ആഗ്രഹങ്ങളെയും അലോസരപ്പെടുത്താറുമില്ല. മകന്റെയോ മകളുടെയോ സ്‌കൂള്‍ കുട്ടിയുടെയോ നിഷ്‌കളങ്ക ഭാവനയില്‍ നിന്ന് മമ്മൂട്ടിയിലെ നായകന്‍ ഉദിച്ചുയരുന്നത് മുമ്പ് ഡാഡികൂളിലും ഫയര്‍മാനിലും ഭാസ്‌കര്‍ ദ റാസ്‌കലിലും കണ്ടിരുന്നു. ഇവിടെ സാറയില്‍ നിന്ന് ഡേവിഡിലേക്കും അവരുടെ കുടുംബത്തിലേക്കും ചെല്ലുകയാണ്. സന്തോഷങ്ങളില്‍ നിന്ന് സങ്കടങ്ങളിലേക്കും ആശങ്കകളിലേക്കും അസ്വസ്ഥതകളിലേക്കുമാകുന്ന സഞ്ചാരം. കേരളസമൂഹം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന ഒരു സാമൂഹിക വിപത്തിനെയും കുറ്റകൃത്യത്തെയുമാണ് ദ ഗ്രേറ്റ് ഫാദര്‍ കഥാതന്തുവാക്കിയിരിക്കുന്നത്.( സ്‌പോയിലര്‍ സ്വഭാവമുള്ളതിനാല്‍ അധിക വിശദീകരണത്തിനില്ല). ഗൗരവതലത്തില്‍ തന്നെ വര്‍ത്തമാനകാലത്ത് വലിയ ആശങ്ക ഉയര്‍ത്തുന്ന ആ കുറ്റകൃത്യത്തെ സംവിധായകന്‍ സമീപിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തെ ഒരു മധ്യവര്‍ഗ്ഗ കുടുംബം എങ്ങനെ നേരിടുമെന്നതിനെയും കാട്ടുന്നുണ്ട്. എന്നാല്‍ നമ്മുടെ ത്രില്ലറുകളുടെ പതിവ് വിടാതെ പൊതുബോധത്തിലൂന്നിയ വൈയക്തിക നീതി നടപ്പാക്കലിലേക്കാണ് ദി ഗ്രേറ്റ് ഫാദറും മുതിരുന്നത്. നിയമസംവിധാനത്തിലും വ്യവസ്ഥയിലും അവിശ്വാസമുള്ള ഭൂരിപക്ഷം ആഗ്രഹിക്കുന്ന ആള്‍ക്കൂട്ടശിക്ഷാ വിധിക്ക് പോലീസ് സംവിധാനവും പിന്തുണ നല്‍കുന്നത് കാണാം.

നടനായും താരമായും പരാജയത്തിനൊപ്പം ആഘോഷിക്കേണ്ടയാളല്ല മമ്മൂട്ടിയെന്ന മുന്നറിയിപ്പെന്ന് ആ സിനിമയുടെ റിവ്യൂവില്‍ എഴുതിയിരുന്നു. വിമര്‍ശകരോ, നിരൂപകരോ ആരാധകരോ അല്ല മമ്മൂട്ടി എന്ന നടന്‍ തന്നെയാണ് നല്ല സിനിമകളിലൂടെ തുടര്‍ന്ന് സഞ്ചരിക്കാനുള്ള തീരുമാനമെടുക്കേണ്ടതെന്നും ആ സിനിമയെ ചേര്‍ത്ത് പറഞ്ഞിരുന്നു. മമ്മൂട്ടി എന്ന നടന്റെ മോശം തെരഞ്ഞെടുപ്പല്ല ദി ഗ്രേറ്റ് ഫാദര്‍. അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടിയുടെ എല്ലാ സിനിമകളെയും വെല്ലുന്ന നിലവാരം അവതരണത്തില്‍ രൂപപ്പെടുത്താന്‍ ഹനീഫ് അദേനിക്ക് സാധിച്ചിട്ടുണ്ട്. ബിലാലിലും സികെ രാഘവനിലുമൊക്കെ മുമ്പ് കണ്ട പുറമേക്ക് അഭിനയത്താല്‍ പെരുപ്പിക്കാതെ ഭാവതീവ്രതയെ അടക്കം ചെയ്തുള്ള പ്രകടനത്താല്‍ ഡേവിഡ് നൈനാനായി മമ്മൂട്ടി ഹൃദയം തൊടുന്നുണ്ട്. തുടക്കഭാഗത്തില്‍, നെടുവീര്‍പ്പിലൊതുങ്ങുന്ന നിസഹായതകളില്‍, ഉള്ളു തകരുന്ന വാല്‍സല്യത്തില്‍, മമ്മൂട്ടിയിലെ അണ്ടര്‍പ്ലേയിലൂടെ അനുഭവിപ്പിക്കുന്ന നടനെ കാണാനാകും. ഈ പ്രകടനത്തെ ഉപയോഗപ്പെടുത്താനുള്ള ശേഷി തിരക്കഥയ്ക്കില്ലെന്ന് മാത്രം.

ആസ്വാദനത്തിലെ ആകെത്തുക

വിശ്വാസയോഗ്യമായ കഥാസന്ദര്‍ഭങ്ങളില്‍ നിന്നും അതിനൊത്ത പരിചരണത്തില്‍ നിന്നും അതിനാടകീയതയിലേക്കും അതിനായകത്വത്തിലേക്കും ഊതിപ്പെരുക്കുന്നിടത്താണ് തുടക്കഭാഗങ്ങളില്‍ ഉണ്ടായിരുന്ന ഭാവതീവ്രത ചോര്‍ന്നിറങ്ങിയത്. ഡേവിഡ് നൈനാന്‍ സിഗരറ്റ് വലിക്കുമോ എന്ന സംശയവും പിന്നീട് ആ സംശയം പരിഹരിക്കപ്പെടുന്നതുമൊക്കെ ടീസറിന് വേണ്ടി സൃഷ്ടിച്ച രംഗമായി കേന്ദ്രപ്രമേയത്തിന് പുറത്തുനില്‍ക്കുന്നു. മമ്മൂട്ടി നായകനും സൂപ്പര്‍താരവുമായതിനാല്‍ ആനുകൂല്യമായി ലഭിക്കുന്ന മിടുക്കിനെ മുന്‍നിര്‍ത്തിയാണ് കുറ്റവാളിക്ക് പിന്നാലെ ഡവിഡ് നൈനാന്‍ മുന്നേറുമ്പോഴുള്ള ഓരോ രംഗങ്ങളും. സീരിയല്‍ കില്ലറോ, സൈക്കോപ്പാത്ത് കുറ്റവാളികളോ പ്രതിസ്ഥാനത്ത് വരുന്ന ത്രില്ലറുകളില്‍ കുറ്റവാളിയുടെ സ്വഭാവ വ്യാഖ്യാനത്തിന് പ്രാധാന്യമുണ്ടാകാറുണ്ട്. സൈക്കോപ്പാത്തിന്റെ വികൃത ചിന്തകളുടെയും ഉന്മാദത്തിന്റെ മൂര്‍ത്താവസ്ഥകളെ പിരിമുറുക്കം തീര്‍ക്കുന്ന രംഗങ്ങളായി മാറ്റിയാണ് പ്രധാന ത്രില്ലറുകള്‍ ഉദ്വേഗം ഉയര്‍ത്താറുള്ളത്.

ജനിതക കാരണമോ, ഒരു ദുരന്തത്തിലൂന്നിയ നിലതെറ്റലോ മൂലം കുറ്റകൃത്യം ശീലമാക്കിയ സൈക്കോപാത്തിലേക്ക് കേന്ദ്രകഥാപാത്രം അടുക്കുന്തോറും അയാള്‍ കൗശലത്താല്‍ തെന്നിമാറുകയും കൂടുതല്‍ അപടകാരിയുമാകുന്ന സന്ദര്‍ഭങ്ങളിലൂടെ നായകന്റെ ദൗത്യം ശ്രമകരവും സാഹസികവുമാണെന്ന് വരുത്താന്‍ ഇത്തരം ത്രില്ലറുകള്‍ക്ക് സാധിക്കാറുണ്ട്. ഇവിടെ എല്ലാം സാധ്യമായ നായകനെ ഇടവേളയ്ക്ക് മുമ്പേ പ്രതിഷ്ഠിക്കുന്നതിലൂടെ അയാള്‍ക്ക് മുന്നിലുള്ള ദൗത്യം ചെറുതാവുകയാണ്. സാറയുടെ സ്‌കൂള്‍ കഥയിലെ ഹീറോ പരിവേഷത്തിലേക്ക് ഡേവിഡ് നൈനാന്‍ മാറുന്നിടത്ത് പ്രതിബന്ധങ്ങളെ നിഷ്പ്രഭമാക്കാനുമാകുന്നു. നായകകേന്ദ്രീകൃത സിനിമകള്‍ മറ്റൊരാള്‍ക്കൊപ്പം കേന്ദ്രകഥാപാത്രം ഒരു മത്സരത്തിന് മുതിര്‍ന്നാല്‍ വിജയം ആര്‍ക്കാവുമെന്ന കാര്യത്തില്‍ നേരത്തെയും സിനിമ കണ്ടിട്ടുള്ളവര്‍ക്ക് സന്ദേഹം കാണില്ല. ആന്‍ഡ്രൂസ് ഈപ്പനെന്ന കഥാപാത്രം മിസ് കാസ്റ്റിംഗ് ആയും കഥാപ്രതലത്തില്‍ അനാവശ്യസൃഷ്ടിയായുമാണ് അനുഭവപ്പെട്ടത്. ഇടക്കിടെ നായകനുമായി മുട്ടിനോക്കാനൊരു സിക്‌സ് പാക്ക് കഥാപാത്രം എന്നതിനപ്പുറം ആ റോളിന് പ്രത്യേകിച്ച് വിശദീകരണവുമില്ല. യുക്തിയെയും സാമാന്യബോധത്തെയോ പരിഗണിക്കുന്നതല്ല ഈ രംഗങ്ങളും.

റോബി രാജിന്റെ ഛായാഗ്രഹണം ചില പ്രധാന രംഗങ്ങളെ ആകര്‍ഷകമാക്കിയിട്ടുണ്ട്. സൈക്കോപാത്തിന്റെ ഇടപെടലിനെ പോലീസ് പിന്തുടരുന്ന രംഗങ്ങള്‍, ക്രൈം സീന്‍ എന്നിവയെ ദൃശ്യപരമായി വിവരിക്കുന്നിടത്ത് മികവുണ്ട്. ടോട്ടല്‍ ടൈംലൈനിലേക്ക് ഒരു പശ്ചാത്തല ഈണം വലിച്ചിട്ട് അലോസരപ്പെടുത്താതെ നിശബ്ദതയിലും പശ്ചാത്തല ശബ്ദങ്ങളിലും ഉള്‍ച്ചേര്‍ത്ത് ഭാവപരിസരമൊരുക്കുന്നതില്‍ സുഷിന്‍ ശ്യാമിനും ശബ്ദരൂപകല്‍പ്പനയില്‍ രംഗനാഥ് രവിക്കും കഴിഞ്ഞിട്ടുണ്ട്. തിരക്കഥയിലെ പാളിച്ചയില്‍ ഇതിനും തുടര്‍ച്ചയുണ്ടാകുന്നില്ല.

ബേബി അനിഖ എന്ന ബാലതാരം അഭിനേതാവ് എന്ന നിലയില്‍ സേതുലക്ഷ്മി, എന്നൈ അറിന്താല്‍ എന്നീ സിനിമകളില്‍ പ്രതിഭയെ വെളിപ്പെടുത്തിയിരുന്നു. സാറാ ഡേവിഡ് എന്ന കഥാപാത്രത്തിലേക്ക് വച്ച് തിരുകിയ നാടകഭാഷണങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ആദ്യഭാഗത്തെ നിര്‍ണായക രംഗത്തില്‍ അനിഖയുടെ പ്രകടനം ഗംഭീരമാണ്. സ്റ്റൈലിഷ് നായകനൊത്ത ഒരു സ്റ്റൈലിഷ് നായികയുടെ വേഷഭൂഷാധികളില്‍ നായകന്‍ ഡേവിഡിനെ പിന്തുണയ്ക്കുക എന്നതിനപ്പുറം സ്‌നേഹയുടെ മലയാളത്തിലേക്കുള്ള മടക്കം നിരാശയാണ്. കലാഭവന്‍ ഷാജോണിന്റേത്‌ വേറിട്ട കഥാപാത്രവും പ്രകടനവുമാണ്. ആര്യ അഭിനയത്തിലും ഡബ്ബിംഗിലെ അപരസാന്നിധ്യത്തിലും നല്ല ബോറാണ്. ഐഎം വിജയനെ സ്വാഭാവിക അഭിനയത്തോടൊപ്പം കാണാനായി.

മികച്ച ത്രില്ലര്‍ അനുഭവമാക്കി മാറ്റാനുള്ള സാധ്യത മുന്നിലുണ്ടായിട്ടും മാസ് മസാലയുടെ ശരാശരിത്വത്തിലേക്ക് മുങ്ങാംകുഴിയിടാനാണ് ദ ഗ്രേറ്റ് ഫാദറിന്റെ നിയോഗം. കുടുംബത്തിന്റെ സ്വൈര്യം നഷ്ടമാകുന്ന തീവ്ര വൈകാരിക മൂഹൂര്‍ത്തങ്ങളില്‍ സാഹിത്യഭാഷണങ്ങളുടെ നാടകീയതയാല്‍ അഭിനേതാക്കളും പ്രകടനസാധ്യത നഷ്ടപ്പെടുത്തി. സ്ലോ മോഷനിലും സ്‌റ്റൈലിഷ് ക്ലോസ് അപ്പുകളിലും വണ്‍ ലൈനര്‍ പഞ്ച് ഡയലോഗുകളിലും ആക്ഷനിലുമൊക്കെ ആരാധനാമൂര്‍ത്തിയെ കണ്ടുവണങ്ങാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് ഇഷ്ടം പെരുക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ട്.