ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള :

കാണാം, ഇടവേള മറന്ന്‌ 

September 3, 2017, 7:12 pm
കാണാം, ഇടവേള മറന്ന്‌ 
Movie Reviews
Movie Reviews
കാണാം, ഇടവേള മറന്ന്‌ 

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള :

കാണാം, ഇടവേള മറന്ന്‌ 

Movie Rating

★★★★★ ★★★★★

ഒരു ഗുരുതര രോഗാവസ്ഥയുടെ പശ്ചാത്തലത്തില്‍ കറുത്ത ഹാസ്യം ചമയ്ക്കുന്നതിലെ റിസ്‌കിനെക്കുറിച്ച് 'സില സമയങ്ങളു'ടെ ആദ്യ ആലോചനാവേളയില്‍ പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ട്. സംവേദനക്ഷമതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ 'ബൂമറാംഗ്' പോലെ സംവിധായകനെ തിരിച്ചടിയ്ക്കാവുന്ന സിനിമകള്‍. പ്രേംനസീര്‍-സത്യന്‍ കാലം മുതല്‍ക്കേ 'ഗുരുതര' രോഗങ്ങള്‍ മലയാളസിനിമയുടെ ആഖ്യാനത്തിലേക്ക് വന്നിട്ടുള്ളത് മറ്റൊരു രീതിയിലാണ്. നായകനോ നായികയ്‌ക്കോ ആവും പേരില്‍ത്തന്നെ 'ഞെട്ടിക്കല്‍ ശേഷി'യുള്ള ഒരു രോഗം വരുക (കൂടുതല്‍ തവണയും രക്താര്‍ബുദം), അതും സിനിമയുടെ നിര്‍ണായക ഘട്ടത്തില്‍. പിന്നീട് ആ കഥാപാത്രത്തോട് പ്രേക്ഷകന് തോന്നുന്ന സഹതാപത്തെ അനുതാപമായി വളര്‍ത്തിയെടുക്കാനായാല്‍ സിനിമ വിജയിച്ചു! മധ്യവര്‍ത്തി സിനിമകളെന്ന് വിളിക്കപ്പെട്ട, ഇന്നും ആഘോഷിക്കപ്പെടുന്ന സംവിധായകരുടെ രചനകളില്‍പ്പോലും മുഖ്യകഥാപാത്രത്തിന്റെ രോഗാവസ്ഥയെയോ ശാരീരിക വൈകല്യത്തെയോ മുന്‍നിര്‍ത്തിയുള്ള ഈ വൈകാരിക 'ചൂഷണം' കണ്ടെത്താനാവും. എന്നാല്‍ ഇന്നത്തെ മലയാളിയെ ഏറ്റവുമധികം ആകുലപ്പെടുത്തുന്ന രോഗം- കാന്‍സറിന്റെ പശ്ചാത്തലത്തില്‍ ഒരു ബ്ലാക്ക് ഹ്യൂമര്‍ രചനയ്ക്കുള്ള സാധ്യത എന്ന 'റിസ്‌ക്' ഏറ്റെടുത്തിരിക്കുകയാണ് നവാഗതസംവിധായകനായ അല്‍ത്താഫ് സലിം, 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യെന്ന കൗതുകം പകരുന്ന ടൈറ്റിലിലെത്തിയ ചിത്രത്തിലൂടെ.

ഷീല ചാക്കോ (ശാന്തികൃഷ്ണ) എന്ന കോളെജ് അധ്യാപികയുടെ വീട്ടിലേക്കാണ് സംവിധായകന്റെ ക്ഷണം. ചെറിയ പ്രതിസന്ധികളുടെ മുന്നില്‍പ്പോലും പതറുന്ന, ഭയം എന്നത് തനിക്ക് പാരമ്പര്യമായി ലഭിച്ചതാണെന്ന 'ബോധ്യ'ത്തില്‍ ജീവിക്കുന്ന ഭര്‍ത്താവ് ചാക്കോ (ലാല്‍), ലണ്ടനിലുള്ള മകന്‍ കുര്യന്‍ ചാക്കോ (നിവിന്‍ പോളി), ഇളയ മകള്‍ സാറാ (അഹാന കൃഷ്ണകുമാര്‍), വിവാഹിതയായ മകള്‍ മേരി ടോണി (സ്രിന്റ അര്‍ഹാന്‍), മരുമകന്‍ ടോണി ഇടയാടി (സിജു വില്‍സണ്‍), രോഗക്കിടക്കയിലുള്ള ചാച്ചന്‍ (കെ.എല്‍.ആന്റണി) എന്നിവര്‍ ചേര്‍ന്നതാണ് ഷീലയുടെ കുടുംബം. ഒരു ഉപരി മധ്യവര്‍ഗ്ഗ കുടുംബത്തിന്റേതായ അനായാസതകളെ അസ്വസ്ഥമാക്കിക്കൊണ്ട് കാന്‍സര്‍ രംഗപ്രവേശം ചെയ്യുന്നു. ഗൃഹനാഥയ്ക്കാണ് അസുഖം. അപ്രതീക്ഷിതമായെത്തുന്ന രോഗാവസ്ഥയെ ഷീലയും കുടുംബത്തിലെ മറ്റുള്ളവരും എങ്ങിനെ നേരിടുന്നുവെന്നാണ് ചിത്രം പരിശോധിക്കുന്നത്.

തുടക്കം മുതല്‍ ഒടുക്കം വരെ ഒരു താളം അനുഭവിപ്പിക്കുന്നുണ്ട് സിനിമ. ഷീലയും ചാക്കോയും അവരുടെ മക്കളുമൊക്കെയായി കഥാപാത്രങ്ങള്‍ സ്വന്തം ചുറ്റുപാട് വെളിവാക്കി ധൃതി പിടിക്കാതെ സ്‌ക്രീനിലെത്തുമ്പോള്‍ തന്റെ സിനിമയില്‍ ആത്മവിശ്വാസമുള്ളൊരു സംവിധായകനെ അനുഭവിക്കാനാവുന്നു. എന്തുകൊണ്ട് നിങ്ങള്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നു എന്ന് പ്രേക്ഷകര്‍ ചോദിച്ചാല്‍, 'തിരക്കഥാകൃത്ത് എഴുതിവച്ചതിനാല്‍' എന്ന് മാത്രം പറയാന്‍ വിധിക്കപ്പെട്ട കഥാപാത്രങ്ങള്‍ നിറഞ്ഞ ഭൂരിഭാഗം സിനിമകളില്‍നിന്ന് വ്യത്യസ്തമാണ് ഇവിടെ സ്ഥിതി. ഷീലയും ചാക്കോയും മക്കളും മരുമകനും ചാച്ചനമടക്കമുള്ള അവരുടെ കുടുംബവും ആദ്യകാഴ്ചയില്‍ത്തന്നെ ബോധ്യപ്പെടും, ഒപ്പം വീട് എന്ന പശ്ചാത്തലവും.

മലയാളത്തിലെ പല യുവസംവിധായകരില്‍ തുടക്കമിട്ട്, ദിലീഷ് പോത്തന്റെ 'മഹേഷിന്റെ പ്രതികാര'ത്തില്‍ സൂക്ഷ്മത പ്രാപിച്ച് മുന്നേറുന്ന ഒരു ആഖ്യാനരീതിയെ തന്റേതായ രീതിയില്‍ പിന്‍പറ്റിയാണ് അല്‍ത്താഫ് സലിം ഒരു നരേറ്റീവ് സൃഷ്ടിച്ചിരിക്കുന്നത്. ട്രോളുകളുടെ കാലത്തെ പ്രേക്ഷകരെ എങ്ങനെ ചിരിപ്പിക്കുമെന്നൊരാശങ്ക സംവിധായകര്‍ക്കുള്ളതായി ഇന്നത്തെ പല സിനിമകളും കാണുമ്പോള്‍ തോന്നാറുണ്ട്. ട്രോളുകളെ കവച്ചുവച്ച് മുന്നോട്ടുപോവാനുള്ള ശ്രമത്തില്‍ തമാശാ രുചിക്കൂട്ടുകളുടെ അമിതോപയോഗത്താല്‍ രുചി, അരുചിയാക്കുന്ന സിനിമകള്‍. കാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയുമൊക്കെ പശ്ചാത്തലമാക്കി ഒരു 'ബ്ലാക്ക് ഹ്യൂമര്‍' സിനിമയെടുക്കാമെന്ന നവാഗത സംവിധായകന്റെ ആത്മവിശ്വാസത്തില്‍ ഒരുപക്ഷേ 'ട്രോള്‍ കാല'ത്തിന്റെ സ്വാധീനം കണ്ടെത്താം. പക്ഷേ ഇവിടെ അമിത രുചിക്കൂട്ടുകളിട്ടുള്ള പരീക്ഷണങ്ങളില്ല. കാന്‍സര്‍ ചികിത്സ എന്ന ഗൗരവപ്പെട്ട കാര്യം പറയുമ്പോള്‍, അത് 'രസകരമായി' പറയുക എന്ന 'ഭാരിച്ച' ഇത്തരവാദിത്തത്തെ അത്ഭുതപ്പെടുത്തുംവിധം അനായാസതയോടെ നടപ്പിലാക്കി കാണിച്ചുതരുന്നു അല്‍ത്താഫ്. ചെറിയ പിഴവുകള്‍ക്ക് പോലും വലിയ വില കൊടുക്കേണ്ടിവരുന്ന ഒരു പ്ലോട്ടിന് കുറുകെയുള്ള വഴുക്കന്‍ വരമ്പിലൂടെ തെന്നിവീഴാതെയാണ് സംവിധായകന്റെ നടത്തം. ദ്വയാര്‍ഥങ്ങളൊന്നുമില്ലാതെ രോഗിയെയോ രോഗത്തെയോ പരിഹസിക്കാതെ ഇടയ്ക്കയാള്‍ തീയേറ്ററില്‍ ചിരി പടര്‍ത്തുന്നു.

മുറുക്കമുള്ളൊരു തിരക്കഥയാണ് 'ഞണ്ടുകള്‍'ക്ക് ജോര്‍ജ്ജ് കോരയുമായി ചേര്‍ന്ന് അല്‍ത്താഫ് ഒരുക്കിയിരിക്കുന്നത്. തുടക്കത്തില്‍ ഷീലയ്ക്ക് തോന്നുന്ന ഒരു സംശയത്തിലൂടെ കാന്‍സറിന്റെ കടന്നുവരവ്, പിന്നാലെ മറ്റ് കഥാപാത്രങ്ങള്‍, വിഷയത്തോടുള്ള അവരുടെ പ്രതികരണം ഇങ്ങനെ, തുടക്കമുതല്‍ കണ്ടെത്തുന്ന ഒരു പതിഞ്ഞതാളത്തില്‍ സിനിമ മുന്നോട്ടുപോകുന്നതിനിടെ ഒരിക്കല്‍പ്പോലും കേന്ദ്രപ്രമേയത്തില്‍നിന്ന് വിട്ടുപോകുന്നില്ല. 'കീമോ, കീമോ' എന്നുപറഞ്ഞ് ഓടിക്കളിയ്ക്കുന്ന കുട്ടിയും എപ്പോഴും സിക്‌സ് പാക്ക് മസില്‍ വരുത്താനുള്ള ഉപകരണത്തെക്കുറിച്ചുള്ള ടെലി ബ്രാന്‍ഡ്‌സ് ഷോ കണ്ടിരിക്കുന്ന ചാച്ചനുമെല്ലാം ചേര്‍ന്ന് ഇരുപതുകളിലുള്ള ഒരു നവാഗതസംവിധായകനില്‍നിന്ന് പ്രതീക്ഷിക്കാനാവാത്ത ഉള്‍ക്കനം പലപ്പോഴും സിനിമ പ്രകടിപ്പിക്കുന്നുണ്ട്.

കാസ്റ്റിംഗിലും മികവ് പുലര്‍ത്തി സിനിമ. ഓരോരുത്തരുടെയും അഭിനയമികവിനേക്കാള്‍ ആ കഥാപാത്രങ്ങളുടെ താരനിര്‍ണയമാണ് മികവായി തോന്നിയത്. കഥാപാത്രങ്ങളോട് എല്ലാവരും നീതി പുലര്‍ത്തി. ഏറെക്കാലത്തിന് ശേഷമാണ് ശാന്തി കൃഷ്ണയെ സ്‌ക്രീനില്‍ കാണുന്നത്. മടങ്ങിവരവിന് അവര്‍ക്ക് ഇതിലും നല്ലൊരു അവസരം കിട്ടാനില്ല. സോള്‍ട്ട് ആന്റ് പെപ്പര്‍ മുതല്‍ പലതരം ഇന്‍ഹിബിഷന്‍സ് ഉള്ള കഥാപാത്രങ്ങളെ ലാല്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും 'അസ്വസ്ഥത കൂടപ്പിറപ്പായ' ചാക്കായെ തന്റേതായ രീതിയില്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തുന്നുണ്ട് ലാല്‍. നിവിന്‍ പോളിയുടേത് അദ്ദേഹത്തിന്റെ സേഫ് സോണിലുള്ള കഥാപാത്രമാണ്. നിവിന്റെ ബോക്‌സ്ഓഫീസ് വിജയങ്ങളില്‍ ഏറ്റവുമധികം ആവര്‍ത്തിച്ച മാതൃകയെ പിന്‍പറ്റിയുള്ള കഥാപാത്രം. ഇത്തരമൊരു സിനിമയെ തിരിച്ചറിഞ്ഞ് നിര്‍മ്മാതാവായി ഒപ്പം നിന്നതിനാണ് നിവിന്‍ പോളിക്കുള്ള മാര്‍ക്ക്. അഹാനകൃഷ്ണകുമാര്‍, സ്രിന്റ, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ് തുടങ്ങി താരനിര്‍ണയം മൊത്തത്തില്‍ മികച്ചുനിന്നു. എടുത്തുപറയേണ്ട ഒരു കഥാപാത്രം കെ.എല്‍.ആന്റണിയുടെ ചാച്ചനാണ്. പൊതുവെ ഒരു കഥാപാത്രത്തിനും അനാവശ്യ സംഭാഷണങ്ങളില്ലാത്ത സിനിമയില്‍ ഏറ്റവും കുറവ് ഡയലോഗുകളുള്ളത് ചാച്ചനാണ്. പക്ഷേ സംഭാഷണങ്ങള്‍ക്കെല്ലാം മുന്‍പ് ആദ്യകാഴ്ചയില്‍ത്തന്നെ ആ കഥാപാത്രം പ്രേക്ഷകശ്രദ്ധയിലേക്ക് കടന്നുകയറും.

കഥാപാത്രങ്ങളുടെ വൈകാരികതയില്‍ ഊന്നി കഥപറച്ചിലിന്റെ മുന്നോട്ടുപോക്കുള്ള ഒരു സിനിമയ്ക്ക് ചേര്‍ന്ന ഛായാഗ്രഹണമാണ് മുകേഷ് മുരളീധരന്റേത്. അല്‍ത്താഫിന്റെ ആഖ്യാനപദ്ധതിയെ ക്യാമറയുടെ അനാവശ്യ ഇടപെടലൊന്നുമില്ലാതെ പകര്‍ത്തിയിരിക്കുന്നു മുകേഷ്. ജസ്റ്റിന്‍ വര്‍ഗീസിന്റെ മെലഡികള്‍ കൊള്ളാം. കഥയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയല്ല പാട്ടുകളുടെയൊന്നും കടന്നുവരവ്. തിരക്കഥയുടെ മുറുക്കത്തെ ആദ്യാവസാനം ഒരേ താളത്തില്‍ നിര്‍ത്തിയതിന്റെ ക്രെഡിറ്റ് എഡിറ്റര്‍ ദിലീപ് ഡെന്നിസിനുകൂടി അവകാശപ്പെട്ടതാണ്.

ചികിത്സയ്ക്ക് വേണ്ടിവരുന്ന ഭീമമായ ചിലവടക്കം കാന്‍സര്‍ എന്ന രോഗാവസ്ഥയുടെ സാമൂഹികമാനം ചിത്രത്തിലില്ല. ഷീലയുടെയും അവരുടെ കുടുംബത്തിന്റെയും അനുഭവത്തിലൂടെ രോഗിക്ക് ആവശ്യമുള്ള വൈകാരിക പിന്തുണയെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. പുതിയ കാലത്തെ കാണിക്ക് മുന്നിലേക്ക് എന്ത് എത്തിക്കണമെന്ന ആശയക്കുഴപ്പത്തില്‍ ഉള്‍ക്കനമെല്ലാം കാറ്റില്‍ പറത്തുന്ന സീനിയര്‍ സംവിധായകരെ ചിന്തിപ്പിക്കും അല്‍ത്താഫ് സലിമിന്റെ ആദ്യചിത്രം. വേറിട്ട ശ്രമത്തിനാല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട സിനിമയാണിത്. തീയേറ്ററില്‍ പോയി കാണേണ്ട സിനിമ.