ഒരു സിനിമാക്കാരന്‍ :

ഒതുക്കമുള്ളൊരു ത്രില്ലര്‍ 

June 26, 2017, 2:18 pm
ഒതുക്കമുള്ളൊരു ത്രില്ലര്‍ 
Movie Reviews
Movie Reviews
ഒതുക്കമുള്ളൊരു ത്രില്ലര്‍ 

ഒരു സിനിമാക്കാരന്‍ :

ഒതുക്കമുള്ളൊരു ത്രില്ലര്‍ 

Movie Rating

★★★★★ ★★★★★

സിനിമയ്ക്കുള്ളിലെ കഥകള്‍ പറയുന്ന സിനിമകള്‍ മലയാളത്തില്‍ ഒരുപാട് വന്നിട്ടുണ്ട്. വിനീത് ശ്രീനിവാസനെ നായകനാക്കി, ലിയോ തദേവൂസ് സംവിധാനം ചെയ്ത 'ഒരു സിനിമാക്കാരന്‍', പേര് സൂചിപ്പിക്കും പോലെ പൂര്‍ണ്ണമായും സിനിമയ്ക്കുള്ളിലൊരു സിനിമയല്ല. നേരത്തെ പച്ചമരത്തണലില്‍, പയ്യന്‍സ് എന്നീ സിനിമകള്‍ ചെയ്ത സംവിധായകന്‍ ലിയോ തദേവൂസ്. സംവിധായകന്‍ തന്നെയാണ് ഒരു സിനിമാക്കാരന്‍ എന്ന സിനിമയുടെ തിരക്കഥയും. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ രജിഷാ വിജയനാണ് നായിക.

വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ആല്‍ബി സിനിമയില്‍ സഹസംവിധായകനാണ്. എത്രയും വേഗത്തില്‍ സ്‌ക്രീനില്‍ സംവിധായകനായി പേര് തെളിയണമെന്ന ആഗ്രഹത്തിന്് പിന്നാലെയാണ് ആല്‍ബി. സ്വന്തം സിനിമയെന്ന ആഗ്രഹത്തിലേക്ക് എളുപ്പമെത്താനായില്ലെങ്കിലും പ്രണയം അയാളുടെ ജീവിതത്തെ പുതിയൊരു അധ്യായത്തിലെത്തിച്ചു. ആല്‍ബിയുടെ കാമുകിയായും, കഷ്ടതകള്‍ വരുമെന്നറിഞ്ഞിട്ടും സഹ സംവിധായകനായി നില്‍ക്കെ തന്നെ , സ്വന്തം അച്ഛനെ ധിക്കരിച്ച് അയാള്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനമെടുക്കുന്ന സൈറയുടെ റോളിലാണ് രജിഷാ വിജയന്‍. പതര്‍ച്ചയോ പരിഭ്രമമോ ആശങ്കകളോ ഒക്കെ ഭരിക്കുന്ന നായക കഥാപാത്രങ്ങളായാണ് മുന്‍പ് പലപ്പോഴും വിനീതിനെ കണ്ടിട്ടുള്ളത്. സൈക്കിള്‍, ട്രാഫിക്, സെക്കന്‍ഡ് ക്ലാസ് യാത്ര എന്നീ സിനിമകള്‍ക്ക് ശേഷം വിനീതിന് ഗൗരവപ്രകൃതമുള്ള ഒരു കഥാപാത്രത്തെ ലഭിച്ചിരിക്കുകയാണ്. ആത്മവിശ്വാസവും, ലക്ഷ്യബോധവുമുള്ള സിനിമാ സഹസംവിധായകനാണ് ആല്‍ബി.

ആല്‍ബി-സേറാ പ്രണയവും, നോബി-ഹരീഷ് കണാരന്‍-ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ചില്ലറ തമാശകളുമായാണ് ചിത്രം ഒന്നാം പകുതി പിന്നിടുന്നത്. സ്വല്‍പം വിരസതയും നിരാശയുമൊക്കെ ഇടകലര്‍ന്നെത്തുന്ന വേഗം കുറഞ്ഞ ആദ്യപകുതിയില്‍ നിന്ന് തികച്ചും അപ്രതീക്ഷിതമായ ചില സംഭവങ്ങളിലേക്ക് പ്രവേശിക്കുകയാണ് രണ്ടാം പകുതിയില്‍ ഒരു

സിനിമാക്കാരന്‍. അതുവരെ പിന്തുടര്‍ന്ന കഥാഗതിയില്‍ നിന്ന് പൂര്‍ണമായും വെട്ടിത്തിരിഞ്ഞുള്ള ട്വിസ്റ്റുകള്‍ സൃഷ്ടിച്ചെടുക്കുന്നതിലും സിനിമയുടെ ടോട്ടല്‍ മൂഡ് തന്നെ മറ്റൊരു രീതിയിലെത്തിക്കുന്നതില്‍ ലിയോ തദേവൂസ് മുന്‍പും പ്രതിഭ തെളിയിച്ചിട്ടുണ്ട്. ആദ്യ സിനിമയായ പച്ചമരത്തണലില്‍ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോഴുള്ള പ്രധാന ട്വിസ്റ്റും പയ്യന്‍സ് എന്ന ചിത്രത്തിലെ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ എന്‍ട്രിയും ഈ രീതിയിലായിരുന്നു. ഇവിടെ ആല്‍ബിയുടെയും സേറയുടെയും ജീവിതവും ചുറ്റുപാടുകളിലെ തമാശകളുമൊക്കെയായി നീങ്ങുന്നതിനിടെ ത്രില്ലര്‍ സ്വഭാവത്തിലേക്ക് ഇടവേളക്ക് മുന്‍പ് തന്നെ സിനിമ എത്തിച്ചേരുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ രണ്ടാം പകുതിയിലാണ് സംവിധായകന്റെ കരവിരുത് പ്രകടമാവുന്നത്. സിനിമയുടെ ഗതി മാറുന്നിടത്തിന്നു നിന്നു അവസാനം വരെ പ്രേക്ഷകരെ ശ്വാസമടക്കിപ്പിടിച്ചിരുത്താനും കഥാഗതിയെ തന്മയത്വത്തിലൂടെ മുന്നോട്ട് കൊണ്ടു പോകാനും ലിയോ തദേവൂസിന് സാധിച്ചിരിക്കുന്നു. നായകനെ സിനിമയുടെ മര്‍മ്മം അറിയാവുന്നവനാക്കിയതിലും, മറ്റു ചില കഥാസന്ദര്‍ഭങ്ങളിലും, മലയാളത്തിലെ മികച്ച ത്രില്ലറായ 'ദൃശ്യ'ത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ചെറിയ അളവില്‍ ഒരു സിനിമാക്കാരന്‍.

ഒരു സിനിമാക്കാരന്‍ ആല്‍ബി എന്ന നായകനെ കേന്ദ്രീകരിച്ച്് നീങ്ങുന്ന കഥയാണ്. നേരത്തെ പറഞ്ഞത് പോലെ സ്വതവേ ഉള്‍വലിഞ്ഞുനില്‍ക്കുന്ന കഥാപാത്രമായി കൂടുതല്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള വിനീതിനെ മറ്റൊരു രീതിയില്‍ കഥാപാത്രമായി അവതരിപ്പിക്കാന്‍ സംവിധായകന്‍ ലിയോ തദേവൂസ് ശ്രമിച്ചിട്ടുണ്ട്. ആ ശ്രമം വിജയിച്ചിട്ടുമുണ്ട്. അഭിനേതാവ് എന്ന നിലിയിലും ഒരു സിനിമാക്കാരനിലെ ആല്‍ബി എന്ന കഥാപാത്രം ആവശ്യപ്പെടുന്ന ആത്മവിശ്വാസമുള്ള സിനിമാക്കാരനായി മാറാന്‍ വിനീതിന് സാധിച്ചു. ആല്‍ബി-സേറാ കോമ്പിനേഷന്‍ സീനുകളിലും നിര്‍ണായക രംഗങ്ങളിലും കഥാപാത്രത്തെ ഉള്‍ക്കൊണ്ടുള്ള പ്രകടനം വിനീത് കാഴ്ച വയ്ക്കുകയും ചെയ്തു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം രജിഷാ വിജയന് ലഭിച്ച ശേഷം അവര്‍ നായികയായി എത്തിയ രണ്ടാമത്തെ ചിത്രമാണ് ഒരു സിനിമാക്കാരന്‍. അനുരാഗ കരിക്കിന്‍വെള്ളം എന്ന സിനിമയിലെ എലി എന്ന കാമുകന് സൈ്വര്യം നല്‍കാത്ത കഥാപാത്രമാണ് രജിഷയെ പുരസ്‌കാരര്‍ഹയാക്കിയിരുന്നത്. കൊഞ്ചലും ശാഠ്യവുമൊക്കെയാണ് ആല്‍ബിയ്‌ക്കൊപ്പം എത് പ്രതിസന്ധിയും മറികടക്കാന്‍ തയ്യാറായി ജീവിക്കാന്‍ തീരുമാനമെടുത്തയാളാണ് ഈ സിനിമയിലെ സൈറാ. കഥാപാത്രമായി പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനാകും വിധം പെരുമാറാനാണ് രജിഷ ശ്രമിക്കുന്നത്. ജീവിതശൈലിയിലും സ്വഭാവത്തിലും രണ്ട് അറ്റങ്ങളില്‍ നില്‍ക്കുന്ന അച്ഛന്‍ കഥാപാത്രമായി രണ്‍ജി പണിക്കരും ലാലും അവരവരുടെ റോളുകള്‍ നന്നാക്കി.

ആല്‍ബിയുടെ അച്ഛനെയാണ് രണ്‍ജി പണിക്കര്‍ അവതരിപ്പിച്ചത്. സെറയുടെ അച്ഛനായി ലാലും. വിജയ് ബാബു, അനുശ്രീ എന്നിവരും നന്നായിട്ടുണ്ട്. എന്നാല്‍, സിനിമയുടെ കഥാഗതിയില്‍ വളരെ നിര്‍ണ്ണായകവുമായ കഥാപത്രത്തെ അവതരിപ്പിച്ച പ്രശാന്ത് നാരായണന്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. സിനിമ ത്രില്ലര്‍ സ്വഭാവത്തിലായതിനാലും സ്‌പോയിലര്‍ അലര്‍ട്ട് എന്ന നിലയ്ക്കും പ്രശാന്ത് നാരായണന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രകടനം കൂടുതല്‍ വിശദീകരിക്കാനുമാകില്ല. ബോളിവുഡില്‍ സജീവമായ ഈ മലയാളി നടന്‍ അപൂര്‍വമായി മലയാളത്തിലെത്തുമ്പോഴൊക്കെ കാഴ്ചക്കാരെ അമ്പരപ്പിച്ചാണ് മടങ്ങുന്നതെന്ന് പറയാതെ വയ്യ.

ചെറുസന്ദര്‍ഭങ്ങളില്‍ നിന്ന് ത്രില്ലര്‍ സ്വഭാവത്തില്‍ മെല്ലെയെത്തി പിന്നീടങ്ങോട്ട് വേഗവും ഉദ്വേഗവും വര്‍ദ്ധിപ്പിച്ചത് പോലെ തുടക്കത്തില്‍ കഥ പറച്ചിലിലും തിരക്കഥയിലും പാളിച്ചകളും ഒഴുക്കില്ലായ്മയും ഉണ്ട്. എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തിലെത്തിയപ്പോള്‍ തിരക്കഥയും കഥ പറച്ചിലും കൂടുതല്‍ മുറുക്കമുള്ളതാവുന്നുണ്ട്. കൈവിട്ടുപോകാന്‍ സാധ്യത ഉണ്ടായിരുന്ന ട്വിസ്റ്റുകളിലേക്ക് പ്രവേശിച്ചിട്ടും ഈ പിരിമുറുക്കം കളയാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ലിയോ തദേവൂസിന് സാധിച്ചു.

ഛായാഗ്രാഹകന്‍ സുധീര്‍ സുരേന്ദ്രന്‍ സിനിമയുടെ മൂഡിനൊത്ത ദൃശ്യങ്ങള്‍ സമ്മാനിച്ചു. എബി എന്ന ചിത്രത്തിന് പിന്നാലെ സുധീര്‍ സുരേന്ദ്രന്‍ വിനീത് ശ്രീനിവാസനൊപ്പം തുടര്‍ച്ചയായി സഹകരിക്കുന്ന സിനിമയുമാണ് ഒരു സിനിമാക്കാരന്‍. ഫ്രഷ്‌നസുള്ള വിഷ്വലുകളാണ് സിനിമയുടേത്. സിനിമയുടെ ടോട്ടല്‍ മൂഡിനെ ചേര്‍ത്തുവയ്ക്കുന്ന പാട്ടുകളും പശ്ചാത്തലവുമാണ് ബിജിബാലിന്റേത്. ഹ്യൂമര്‍ ടു ത്രില്ലര്‍ ഷിഫ്റ്റിനെ താളം മുറിയാതെ അവതരിപ്പിക്കുന്നതില്‍ എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമും പ്രയത്‌നിച്ചിട്ടുണ്ട്.

രണ്ടു മണിക്കൂര്‍ ആസ്വദിക്കാവുന്ന ചേരുവകളാല്‍ സമ്പന്നമായ ഒരു കൊച്ചു ചിത്രം. കണ്ടു മടുത്ത സ്ഥിരം ക്ളീഷേകള്‍ പല സന്ദര്‍ഭങ്ങളിലും വിരസത സൃഷ്ടിക്കുമെങ്കിലും, ഈ സിനിമാക്കാരനെ ഇഷ്ടപ്പെടാനാകും ഇതിന്റെ സോഫ്റ്റ് ത്രില്‍ രസമുളവാക്കും.