ഒരു മെക്‌സിക്കന്‍ അപാരത :

കലിപ്പും ചുവപ്പും അപാര അരാഷ്ട്രീയതയും 

March 4, 2017, 7:43 pm
കലിപ്പും ചുവപ്പും അപാര അരാഷ്ട്രീയതയും 
Movie Reviews
Movie Reviews
കലിപ്പും ചുവപ്പും അപാര അരാഷ്ട്രീയതയും 

ഒരു മെക്‌സിക്കന്‍ അപാരത :

കലിപ്പും ചുവപ്പും അപാര അരാഷ്ട്രീയതയും 

Movie Rating

★★★★★ ★★★★★

മലയാള സിനിമയിലെ ജനപ്രിയ നായകതാരങ്ങള്‍ക്കിടയിലേക്ക് അനിഷേധ്യ സാന്നിധ്യമായി ടൊവീനോ തോമസിനെ പ്രതിഷ്ഠിക്കുന്ന ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. അഞ്ച് വര്‍ഷം മുമ്പ് മൂവി ക്യാമറയ്ക്ക് മുന്നിലെത്തിയെങ്കിലും ടൊവീനോ തോമസ് പ്രേക്ഷകപ്രീതി സമ്പാദിച്ചത് എന്ന് നിന്റെ മൊയ്തീനിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ്. ഗപ്പിയിലൂടെ ടൊവീനോയുടെ അഭിനയശേഷി കുറേക്കൂടി വെളിപ്പെട്ടു. അപ്പുവിനും തേജസ് വര്‍ക്കിക്കും മുമ്പേ എബിസിഡിയിലും സ്റ്റൈലിലും യൂ ടു ബ്രൂട്ടസിലും ടൊവീനോ തോമസ് കഥാപാത്രങ്ങളെ ഭാവഭദ്രമാക്കിയിരുന്നു. 'യുവതാരങ്ങള്‍ക്കിടയില്‍ അഭിനയമറിയാവുന്ന ടൊവീനോ തോമസിനെപ്പോലൊരാളെ ഉപനായക വേഷങ്ങളിലും സ്വഭാവ കഥാപാത്രങ്ങളിലും തളച്ചിടാതിരുന്നാല്‍ നല്ലതായിരുന്നുവെന്ന്' യൂ ടൂ ബ്രൂട്ടസ് റിവ്യൂവില്‍ നേരത്തെ പരാമര്‍ശിച്ചിരുന്നു. മൊയ്തീന് ശേഷം വിശ്വസനീയ പ്രകടനത്തിലൂടെ ടൊവീനോ തോമസ് മലയാളത്തിലെ മുന്‍നിരയിലേക്ക് കുതിക്കുന്നതാണ് കണ്ടത്. ഇനിയങ്ങോട്ട് കയ്യടിയും ആര്‍പ്പുവിളിയും കൂടെപ്പോരുന്ന ജനപ്രിയതയിലേക്ക് ടോവിനോ തോമസ് എത്തിച്ചേരുന്നതിന്റെ കാഴ്ചയാണ് ഒരു മെക്‌സിക്കന്‍ അപാരത. ശരീരഭാഷയിലും രീതിഭാവങ്ങളിലും കൊച്ചനിയന്‍, പോള്‍ എന്നീ രണ്ട് കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട് ടൊവീനോ തോമസ്.

സമീപകാലത്തൊന്നും സമാനത ചൂണ്ടിക്കാണിക്കാനാകാത്ത പ്രീ റിലീസ് പ്രൊമോഷനായിരുന്നു ഒരു മെക്‌സിക്കന്‍ അപാരതയുടേത്. മഹാരാജാസിലെ പഴയ കാമ്പസ് കാലം ഓര്‍മ്മിപ്പിക്കുന്ന ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു ആദ്യമെത്തിയത്. കബാലിയിലെ നെരുപ്പ് ഡാ കത്തിനില്‍ക്കുമ്പോള്‍ അത് പാടിയ ഗായകനെ ഉപയോഗിച്ച് ‘കലിപ്പ് കട്ടക്കലിപ്പ്’ തീം സോംഗ് പാടിപ്പിച്ച് പ്രൊമോ വീഡിയോ. സിനിമയുടെ ചിത്രീകരണത്തിന് മുമ്പേ ഈ ഗാനം ഷൂട്ട് ചെയ്ത് പുറത്തുവിട്ടു. യുവപ്രേക്ഷകരെ ആവേശപ്പെടുത്താന്‍ പോന്ന താളവും ഓളവും പാട്ടിനുണ്ടായിരുന്നു. കട്ടക്കലിപ്പ് എന്ന ഗാനചിത്രീകരണത്തില്‍ ഇടത്-വലത് വിദ്യാര്‍ത്ഥി സംഘടനകളുടെ കാമ്പസ് പോരാട്ടമായിരിക്കും ചിത്രമെന്ന കൃത്യമായ സൂചനയും അണിയറക്കാര്‍ നല്‍കി. തുടര്‍ന്നിങ്ങോട്ടുള്ള പ്രചരണ തന്ത്രങ്ങളില്‍ ടീം മെക്‌സിക്കന്‍ അപാരത കാട്ടിയ സമര്‍ത്ഥമായ പ്രമോഷണല്‍ തന്ത്രമാണ് മമ്മൂട്ടിക്കും ദുല്‍ഖറിനും പൃഥ്വിരാജിനും മുകളില്‍ ഇനീഷ്യല്‍ ഉള്ള തുടക്കത്തിന് സിനിമയെ പ്രാപ്തമാക്കിയത്. പുലിമുരുകന് ശേഷം പുറത്തുവന്ന മോഹന്‍ലാല്‍ ചിത്രത്തിനോ യുവതാരങ്ങളില്‍ ബോക്‌സ് ഓഫീസിലെ ക്രൗഡ് പുള്ളറായ ദുല്‍ഖറിന്റെ സിനിമയ്‌ക്കോ നേടാന്‍ കഴിയാതിരുന്ന കളക്ഷനാണ് സിനിമയ്ക്ക് കിട്ടിയത്. എല്ലാം ശരിയാകും എന്ന കാല്‍പ്പനിക തലവാചകത്തിനൊപ്പം ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ട കാലത്ത്/ സഖാവ് എന്ന കവിത പൈങ്കിളിത്തം പോരായ്മയാകാതെ കാമ്പസ് ഒന്നടങ്കം ഏറ്റുപാടിയ കാലത്ത്/ എസ് എഫ് ഐ നായകത്വവും, കെ എസ് യു പരാജയപ്പെടേണ്ട പ്രതിനായകത്വവുമാകുന്ന ഒരു ഉപരിപ്ലവ-മുദ്രാവാക്യ സിനിമ പ്രേമത്തിന് പിന്നാലെ യുവതയുടെ ആഘോഷമാകുന്നതില്‍ അത്ഭുതമെന്തിരിക്കുന്നു!!!

മലയാളത്തില്‍ കാമ്പസ് സിനിമകള്‍ അപൂര്‍വ്വവും കാമ്പസ് രാഷ്ട്രീയ സിനിമകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമാണ്. ക്ലാസ്‌മേറ്റ്‌സും പ്രേമവും കാമ്പസിലെ പ്രണയവര്‍ണ്ണങ്ങളെ വാണിജ്യരസത്തിനൊത്ത് അവതരിപ്പിച്ചാണ് വിജയമായത്. പ്രണയം കാമ്പസിനകത്ത് പറയുന്നുവെന്നൊഴിച്ചാല്‍ മുമ്പ് വന്ന പല സിനിമകളിലും കേട്ട കഥയുടെ ആവര്‍ത്തനം തന്നെയായിരുന്നു ഈ സിനിമകള്‍. പുതുതായി യാതൊന്നും പറയാതെ സാങ്കേതിക സൗന്ദര്യത്തിന്റെയും അവതരണ കൗശലത്തിന്റെയും മിഴിവില്‍ ഒരു പഴങ്കഥ പുതുക്കിപ്പണിതതായിരുന്നു പ്രേമം എന്ന ചിത്രം.

കൃത്യമായി ഒരു വിഭാഗം പ്രേക്ഷകരെ ലക്ഷ്യമിട്ട ചിത്രമാണ് മെക്‌സിക്കന്‍ അപാരത. ചെഗുവേരയും ചെങ്കൊടിയും ആരാധനയാക്കിയ ചെറുപ്പത്തെയാണ് സിനിമ പ്രേക്ഷകരായി ലക്ഷ്യമിട്ടിരിക്കുന്നത്. സമരഭരിതകാലത്തേക്കും അതിന്റെ ആവേശത്തിലേക്കും ആസ്വാദനത്തെ താല്‍ക്കാലികമായി എത്തിക്കുന്ന ചെറുസന്ദര്‍ഭങ്ങള്‍ക്കപ്പുറം കൃത്യമായൊരു കഥ പറയാനോ വ്യക്തതയോടെ കഥാപാത്രങ്ങളെ സമീപിക്കാനോ രചയിതാവും സംവിധായകനുമായ ടോം ഇമ്മട്ടി മുതിര്‍ന്നിട്ടില്ല. കലിപ്പ് കട്ടക്കലിപ്പ് എന്ന ആദ്യഗാനത്തില്‍ ചെങ്കൊടിയുമായി നായകന്‍ മുന്നോട്ട് കുതിക്കുമ്പോഴും, എതിര്‍രാഷ്ട്രീയ പ്രസ്ഥാനത്തെ പരാജയപ്പെടുത്തിയപ്പോഴും കിട്ടിയ കയ്യടി മൂലധനമാക്കിയാണ് മെക്‌സിക്കന്‍ അപാരത രൂപപ്പെട്ടിരിക്കുന്നതെന്ന് വ്യക്തം. ഇതിനപ്പുറം കലാലയ രാഷ്ട്രീയത്തെ കൃത്യമായി നിര്‍വചിക്കാനോ, രാഷ്ട്രീയം കാമ്പസുകളെ എത്രമാത്രം സര്‍ഗാത്മകമാക്കിയിരുന്നുവെന്ന് മനസിലാക്കാനോ സിനിമ മുതിര്‍ന്നിട്ടില്ല. ചെഗുവേരയും ചെങ്കൊടിയും മഹാരാജാസും എസ് എഫ് ഐ പല കാലങ്ങളായി മുഴക്കുന്ന മുദ്രാവാക്യ ശകലങ്ങളും സൃഷ്ടിക്കുന്ന ആവേശപ്പെരുക്കം സ്‌ക്രീനിലും അതിന്റെ പ്രതിഫലനം കാണിയിലും സൃഷ്ടിക്കാനുള്ള ശ്രമം മാത്രമായി സിനിമ ചുരുങ്ങുന്നുണ്ട്.

മഹാരാജാ കോളേജില്‍ നടക്കുന്ന കഥയാണ് ഒരു മെക്‌സിക്കന്‍ അപാരത. മഹാരാജാസ് കോളേജില്‍ തന്നെയാണ് 'മഹാരാജാ കോളേജ്' ചിത്രീകരിച്ചിരിക്കുന്നത്. കെ എസ് യുവിന് (സിനിമയില്‍ 'കെഎസ്‌ക്യു') ആധിപത്യമുള്ള കോളേജാണ് മഹാരാജാ ( നേരേ തിരിച്ചാണെന്നത് യാഥാര്‍ത്ഥ്യം). അടിയേറ്റ് നിലംപരിശായ നായകന്റെ ആത്മഭാഷണത്തില്‍ നിന്നാണ് സിനിമയുടെ തുടക്കം. അയാള്‍ പോള്‍ തോമസ് എന്ന വിദ്യാര്‍ത്ഥിയാണ്. അയാളില്‍ നിന്ന് കാഴ്ച കാലങ്ങള്‍ക്ക് പിന്നിലേക്ക് പോകുന്നു. അവിടെ കൊച്ചനിയന്‍ എന്ന യുവസഖാവിനെ കാണാം. സ്‌റ്റേറ്റ് നേരിട്ട് അയാളിലെ ഇടതുരാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യാനൊരുങ്ങുമ്പോള്‍ ജീവന്‍ ത്യജിച്ചും പ്രസ്ഥാനത്തെ വളര്‍ത്തുമെന്ന് പ്രതിജ്ഞയെടുത്തയാളാണ് കൊച്ചനിയന്‍. കൊച്ചനിയനെ കാണിക്കുന്ന എഴുപതുകള്‍ മാത്രമാണ് ചിത്രീകരണത്തിലും കഥാപാത്ര വ്യാഖ്യാനത്തിലും വ്യക്തതയോടെ സിനിമയില്‍ ഉള്ളത്. മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ ആധിപത്യം അവസാനിപ്പിച്ച് 2010ല്‍ കെഎസ്‌യു നേടിയ വിജയവും, കുട്ടനെല്ലൂര്‍ കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന കൊച്ചനിയന്‍ കൊല്ലപ്പെട്ടതും മെക്‌സിക്കന്‍ അപാരതയ്ക്ക് ആധാരമായെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഈ രണ്ട് സംഭവങ്ങളും ചരിത്രത്തോട് നീതി പുലര്‍ത്തും വിധമല്ല സിനിമയിലുള്ളത്. എസ് എഫ് ഐയെ അട്ടിമറിച്ച് കെഎസ് യു നേടിയ വിജയത്തെക്കാള്‍ കാമ്പസിലെ കെഎസ്‌യു ഏകാധിപത്യം എസ് എഫ് ഐ ധീരമായി അവസാനിപ്പിക്കുന്ന കഥയ്ക്കാവും പൊതുസ്വീകാര്യതയെന്ന തിരിച്ചറിവില്‍ ചരിത്രയാഥാര്‍ത്ഥ്യങ്ങളെ തലതിരിച്ചിടുകയാണ് സംവിധായകന്‍. അതേ സമയം തന്നെ കെ എസ് യു കൊലപ്പെടുത്തിയെന്ന് എസ് എഫ് ഐ ആരോപിക്കുന്ന കൊച്ചനിയന്‍ വധം കൂട്ടത്തിലൊരു സഖാവിന്റെ ഒറ്റിനാല്‍ സംഭവിച്ചതാണെന്നും സിനിമ സ്ഥാപിക്കുന്നു. ഭൂരിപക്ഷ ആസ്വാദനത്തെ മാത്രം പരിഗണിച്ച് ചരിത്രത്തെ കയ്യടിക്കൊത്ത് മാറ്റിയെഴുതിയതിനൊപ്പം ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെക്കുറിച്ചുള്ള ഉപരിപ്ലവ ധാരണകളെയാണ് എസ് എഫ് വൈ(ഐ)യെ നിര്‍വചിക്കാന്‍ സംവിധായകന്‍ ഉപയോഗിച്ചത്. ഞങ്ങളുടെ മഹാരാജാസ് ഇതല്ലെന്നും ഇതല്ല മഹാരാജാസില്‍ നടന്നതെന്നും എസ് എഫ് ഐയും കെ എസ് യുവും ഒരുപോലെ പറയുമ്പോഴും ഇതൊന്നും ആസ്വാദനത്തെ ബാധിക്കാതെ വലിയൊരു വിഭാഗം മെക്‌സിക്കന്‍ അപാരതയെ ആഘോഷിക്കുന്നത് ഈ ഉപരിപ്ലവ ധാരണയ്ക്കാവണം യുവതയില്‍ വേരോട്ടം കൂടുതല്‍ എന്നതിനാലാണ്.

ആഷിക് അബുവിന്റെയും അന്‍വര്‍ റഷീദിന്റെയും മുഖഛായയുളളവരെ കഥാപാത്രങ്ങളാകാന്‍ ക്ഷണിച്ചതോടെ സംഗതി മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയവും സര്‍ഗാത്മക ജീവിതവുമാണ് സിനിമയെന്ന തോന്നലുമുണ്ടാക്കിയിരുന്നു. മലയാളത്തില്‍ നിലവില്‍ പുറത്തിറങ്ങിയ ഒരു സിനിമയും കലാലയ രാഷ്ട്രീയത്തെ ചരിത്രപരമായും ആധികാരികമായും അടയാളപ്പെടുത്തിയവയല്ല. പോപ്പുലര്‍ ഫോര്‍മാറ്റില്‍ മെക്‌സിക്കന്‍ അപാരത അത്തരമൊരു ശ്രമത്തിന് മുതിരുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചു. എന്നാല്‍ തനി ഫോര്‍മുലാ സിനിമയുടെ പ്രതലത്തിലേക്ക് നായക-പ്രതിനായക റോളുകള്‍ രണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നല്‍കുക മാത്രമാണ് മെക്‌സിക്കന്‍ അപാരത ചെയ്തത്.

രാഷ്ട്രീയം നിരോധിച്ചതിന് പിന്നാലെ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരുന്നു കാമ്പസുകള്‍. ജിഷ്ണു പ്രണോയ്‌യുടെ മരണത്തിന് പിന്നാലെയാണ് കലാലയം വീണ്ടും സജീവ രാഷ്ട്രീയത്തെ വരവേറ്റത്. എസ് എഫ് ഐയെ ആദര്‍ശപക്ഷത്തും കെ എസ് യുവിനെ എതിര്‍പക്ഷത്തും നിലയുറപ്പിച്ച ചിത്രമെന്ന തോന്നല്‍ ട്രെയിലറും പാട്ടുകളും നേരത്തേ നല്‍കിയിരുന്നു. ഇവിടെ കൊച്ചനിയനില്‍ നിന്ന് പോളിലേക്ക് കഥയെത്തുന്നു. കഥ പറയുന്ന കാലത്ത് എത്തിനില്‍ക്കുമ്പോള്‍ അവിടെ ഇടതുവിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് അടിത്തറയുണ്ടാക്കന്‍ സുഭാഷ് (നീരജ് മാധവ്), രാജേഷ് (സുബീഷ് സുധി) എന്നിവര്‍ ശ്രമം നടത്തുകയും പരാജയപ്പെടുകയുമാണ്. പോള്‍, സുഭാഷ്, രൂപേഷ്, രാജേഷ് എന്നിവരെ കേന്ദ്രീകരിച്ചാണ് സിനിമ വികസിക്കുന്നത്. രൂപേഷ് (രൂപേഷ് പീതാംബരന്‍) ആണ് ഏകാധിപതിയായ കോളേജ് യൂണിയന്‍ ചെയര്‍മാന്‍. വിവാദമൊഴിക്കാന്‍ എസ് എഫ് ഐ, എസ് എഫ് വൈയും കെ എസ് യു, കെ എസ് ക്യുവുമായി മാറി. ഈ ചുരുക്കെഴുത്തിന്റെയൊക്കെ പൂര്‍ണരൂപമെന്താണെന്ന് വ്യക്തമല്ല. വലതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ എസ് ക്യുവിനെ പ്രതിനിധീകരിക്കുന്ന രൂപേഷിനും അയാളുടെ അനുയായികള്‍ക്കും കച്ചവട സിനിമകളിലെ പ്രതിനായക 'ഗുണഗണ'ങ്ങളെല്ലാം നല്‍കിയിട്ടുണ്ട്. സ്ത്രീലമ്പടന്‍മാരും മദ്യപാനികളും അക്രമികളും അസഹിഷ്ണുതാ സ്വഭാവമുള്ളവരുമാണ് ഇക്കൂട്ടര്‍. മറുവശത്ത് ആദര്‍ശാത്മക രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന, കാമ്പസിനെ പുരോഗാത്മകവും സര്‍ഗാത്മകവുമാക്കാന്‍ വെമ്പുന്ന എസ് എഫ് വൈ ആണ്. അതിന്റെ നായകനാണ് സുഭാഷ്. കലോല്‍സവത്തില്‍ അര്‍ഹതയുള്ളവരെ പങ്കെടുപ്പിക്കാനും റാഗിംഗും അധികാരഹുങ്കുമായി മുന്നേറുന്ന കെ എസ് ക്യുവിനെ തറപറ്റിക്കാനും അവര്‍ക്ക് ആഗ്രഹമുണ്ട്. കാമ്പസ്-ഹോസ്റ്റല്‍ നൊസ്റ്റാള്‍ജിയയുമായി ബന്ധപ്പെട്ട അഞ്ചോ ആറോ വാക്കുകള്‍ ഉദാഹരിക്കാന്‍ പറഞ്ഞാല്‍ ഭൂരിപക്ഷവും പങ്കുവയ്ക്കുന്ന നൊസ്റ്റാള്‍ജിയാ ബിംബങ്ങളെ കേന്ദ്രീകരിച്ച് കുറേ രംഗങ്ങളുണ്ടാക്കുക എന്നതിലാണ് സംവിധായകന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കലോത്സവത്തിന്റെ പിന്നണി തമാശകള്‍, പ്രശ്‌നങ്ങള്‍, ഹോസ്റ്റലിലെ പരദൂഷണവും പ്രണയവും പ്രണയലേഖന രചനയും, നായകന്‍-നായികാ കൂട്ടിമുട്ടല്‍-പ്രണയം-പ്രണയത്തകര്‍ച്ച ഇങ്ങനെ കാമ്പസ് പാക്കേജിനുള്ള ചേരുവകളെല്ലാം സിനിമയിലുണ്ട്. ഇല്ലാതെ പോയത് കഥാപാത്രങ്ങളുടെ കൃത്യമായ സ്വഭാവ വ്യാഖ്യാനവും ആസ്വാദകര്‍ക്ക് വിശ്വാസയോഗ്യമായ രീതിയിലുള്ള പാത്ര നിര്‍മ്മിതിയുമാണ്. ഒന്നോ രണ്ടോ മുദ്രാവാക്യ ആവേശപ്പെടുത്തല്‍ രംഗത്തിനപ്പുറം കലാലയത്തെയും കാമ്പസ് രാഷ്ട്രീയത്തെയും അനുഭവതീവ്രമാക്കാന്‍ പോന്ന രംഗങ്ങളോ കഥാപശ്ചാത്തലമോ വൈകാരികാംശമോ സിനിമയില്‍ ഇല്ല. ആകര്‍ഷകമായ ആഖ്യാനപദ്ധതിക്ക് പകരം ഒരു വിഭാഗത്തിന്റെ കയ്യടി കിട്ടാനുള്ള രംഗങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് പോരായ്മയായത്.

രൂപേഷ് പീതാംബരന്‍ അവതരിപ്പിക്കുന്ന രൂപേഷ്, സുബീഷ് സുധിയുടെ രാജേഷ് എന്നീ കഥാപാത്രങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും കൃത്യമായ നിര്‍വചനം തിരക്കഥയില്‍ ഇല്ല. രാഷ്ട്രീയത്തോടൊക്കെ മുഖംതിരിച്ച് ആടിപ്പാടി നടക്കുന്ന പോള്‍ പൊടുന്നനെ വിപ്ലവ വീര്യമുള്ളയാളാകുന്നതും പിന്നൊരു ഘട്ടത്തില്‍ തെക്കിനിയില്‍ നിന്ന് നാഗവല്ലി കൂടെ വന്ന പോലെ മെക്‌സിക്കോ മുറിയില്‍ നിന്ന് ചെഗുവേരാ ബാധിതനാകുന്നതുമെല്ലാം യുക്തിഭദ്രമോ വിശ്വസനീയമോ അല്ല. സുഭാഷ് എന്ന വിദ്യാര്‍ത്ഥി നേതാവിന്റെ 'അടവ് നയ'ങ്ങളെ വിവരിച്ചതിലും സര്‍വ്വത്ര ആശയക്കുഴപ്പമുണ്ട്. ക്ലൈമാക്‌സാകുമ്പോള്‍ ഇടത് വിദ്യാര്‍ത്ഥികള്‍ എല്ലാവരും വിജയപക്ഷത്താകണം എന്ന ചിന്തയ്ക്കപ്പുറം സുഭാഷും പോളും നടത്തുന്ന ശ്രമങ്ങള്‍ക്കൊന്നും സംവിധായകന്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. കച്ചവട സിനിമ കാലങ്ങളായി പരിപാലിക്കുന്ന പൊതുബോധത്തിനുള്ള താരാട്ടുമാണ് സിനിമ. കൃത്യമായ കാരണമില്ലാതെ നായകനെ ഉപേക്ഷിക്കുന്ന 'തേപ്പുകാരി'യായ പ്രണയിനി തമാശയാകുന്നതും അവളുടെ വോട്ട് പോലും വേണ്ടെന്ന് നായകന്‍ പ്രഖ്യാപിക്കുന്നതും കാണാം. പഠിക്കാന്‍ കഴിവോ എകെജിയെ കണ്ടാല്‍ ആരെന്ന് മനസിലാക്കാനുള്ള രാഷ്ട്രീയ ബോധമോ ഇല്ലാത്ത, പ്രണയത്തിന് പോലും യോഗ്യതയില്ലാത്ത കറുത്തവനെ സിനിമ സൃഷ്ടിക്കുന്നത് വംശീയ വിരുദ്ധ പൊതുധാരണകളില്‍ നിന്നാണ്. മഹാരാജാസിന്റെ ചരിത്രവും കറുത്തവന്‍ പുറമ്പോക്കിലാകുന്ന രാഷ്ട്രീയത്തോട് ചേര്‍ന്നുപോകുന്നതാവില്ല. വിഷ്ണു ഗോവിന്ദന്‍ അവതരിപ്പിക്കുന്ന ജോമി എന്ന കഥാപാത്രത്തോട് ചേര്‍ന്നുള്ള തമാശകളില്‍ ഇത്തരമൊരു വിയോജിപ്പുണ്ട്. അയാളുടെ ഉടലിന്റെ നിറത്തിലൂന്നിയാണ് ഹാസ്യസൃഷ്ടി. വിഷ്ണുവിന്റെ 'കെട്ടുപ്രായം തികഞ്ഞ' സഹോദരിമാരില്‍ ചിരിക്കാനുള്ള വകയുണ്ടാകുന്നതും അവരുടെ ഉടലിന്റെ നിറത്തിലൂന്നിയാണ്.

ചുവപ്പിന്റെ രാഷ്ട്രീയം പറയുമ്പോള്‍ കണ്ണൂരിലേക്കുള്ള തീര്‍ത്ഥാടനം മുടക്കരുതെന്ന ചിന്തയില്‍ ഒളിവുജീവിതത്തിനായി നായകനും കൂട്ടരും കണ്ണൂരിലേക്ക് വണ്ടി കയറുന്നുണ്ട്. കാലദേശങ്ങള്‍ കൃത്യമായി വിശദീകരിക്കാത്തിടത്ത് കണ്ണൂരും മഹാരാജയും കൃഷ്ണനെന്ന സഖാവിന്റെ രക്തസാക്ഷിത്വവുമൊന്നും എവിടെ എപ്പോള്‍ എങ്ങനെ സംഭവിക്കുന്നുവെന്ന് വ്യക്തമല്ല. കണ്ണൂരിലെ ഒളിവുജീവിതം ആ പ്രദേശത്തെക്കുറിച്ചുള്ള രാഷ്ട്രീയ-മാധ്യമ-സമൂഹനിര്‍മ്മിത പൊതുധാരണയെ അടിവരയിടുന്ന വിധമാണ്. കണ്ണൂരിനെ ബോംബ് വിതയ്ക്കുന്ന നാടാക്കി, ആ ദേശത്തിന് മേലുള്ള അപരത്വത്തെ സ്ഥാപിക്കുകയാണ്. കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെ പരിചയപ്പെടുത്തിക്കൊണ്ട് വടക്കേ മലബാറില്‍ പ്രചരിക്കുന്ന ഗാനത്തെ കൃഷ്ണനെന്ന രക്തസാക്ഷിക്ക് വേണ്ടിയുള്ള ഗാനമായും സിനിമയില്‍ മാറ്റിയിട്ടുണ്ട്. കൃത്യമായ രാഷ്ട്രീയ ബോധമൊന്നുമില്ലാതെ കാമ്പസില്‍ ഉണ്ടായിരുന്ന കൃഷ്ണനെ പുഷ്പന്റെ അപരനാക്കുന്നതിലുമുണ്ട് നിരാശയും വിയോജിപ്പും. അതിനുമപ്പുറം ആശയപരമായ ഭിന്നതയല്ല വ്യക്തിവിദ്വേഷമാണ് കാമ്പസിലെ കലാപത്തിന് ആധാരം.

കായിക ബലത്താല്‍ രാഷ്ട്രീയ വിജയം സൃഷ്ടിക്കപ്പെടുന്ന കലാലയ സാഹചര്യത്തെയാണ് മെക്‌സിക്കന്‍ അപാരത കാട്ടുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ പിണറായി വിജയനെ മുന്‍നിര്‍ത്തി പ്രതിനായകരൂപത്തിലെത്തിയ കൈതേരി സഹദേവന്‍ അതേ രൂപഭാവങ്ങളില്‍ അപാരതയില്‍ നല്ല കമ്മ്യൂണിസ്റ്റ് നേതാവാകുന്നുണ്ട്. ഇടത് യുവത്വത്തിന്റെ മാര്‍ഗദര്‍ശകനായ നേതാവായി ഹരീഷ് പേരടിയാല്‍ കൈതേരി സഹദേവന്‍ തിരുത്തപ്പെടുന്നു. അതേസമയം കാമ്പസുകളില്‍ രക്തസാക്ഷിയെ സൃഷ്ടിച്ച് രാഷ്ട്രീയ വിജയം നേടുന്നതിനുള്ള പാര്‍ട്ടി ശ്രമങ്ങളെ ചോദ്യം ചെയ്യുന്നുമുണ്ട്. പോലീസിന്റെ സദാചാരവേട്ടയില്‍ പ്രതിഷേധിച്ചുള്ള 'ഊരാളി'/യെ അനുസ്മരിപ്പിക്കുന്ന ഏമാന്‍ പാട്ടും വെറുതെ ഒരു പാക്കേജിന്റെ ഭാഗമായി കടന്നുവരുന്നതാണ്.

മാസ് അപ്പീലുണ്ടാക്കുന്നതിന് പ്രകാശ് വേലായുധന്‍ എന്ന ഛായാഗ്രാഹകന്‍ മെക്‌സിക്കന്‍ അപാരതയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. എഴുപതുകളുടെ ചിത്രീകരണത്തിലും ഇദ്ദേഹത്തിന്റെ സാമര്‍ത്ഥ്യം എടുത്തറിയിക്കുന്നുണ്ട്. മണികണ്ഠന്‍ അയ്യപ്പന്റെ സംഗീതവും ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതവും പടം വിട്ടിറങ്ങിയാല്‍ തിയറ്ററിലേക്ക് തിരികെപോകുന്നതാണെങ്കിലും ഓളമുണ്ടാക്കാന്‍ പോന്നതാണ്. ടോവിനോ തോമസ് രണ്ട് കാലങ്ങളില്‍ രണ്ട് കഥാപാത്രങ്ങളായാണ് സ്‌ക്രീനിലെത്തിയിരിക്കുന്നത്. ഇതില്‍ കൊച്ചനിയന്‍ എന്ന വിപ്ലവവീര്യമുള്ള കഥാപാത്രമാണ് കൂടുതല്‍ നന്നായിരിക്കുന്നത്. മാസ് ഹീറോ കഥാപാത്രങ്ങള്‍ക്ക് ടോവിനോ അനുയോജ്യനാണെന്ന് ബോധ്യപ്പെടുത്തുന്നതുമാണ് ഈ കഥാപാത്രം. പോള്‍ എന്ന നായകന്റെ നിര്‍മ്മിതിയില്‍ ഒരു വ്യക്തതയുമില്ലെങ്കിലും തുടക്കത്തിലെ പ്രണയ ശ്രമങ്ങളിലും ഹാസ്യ രംഗങ്ങളിലും ഉള്‍പ്പെടെ പ്രസരിപ്പോടെ അഭിനയിച്ചിട്ടുണ്ട് ടോവിനോ. ആട് തോമാ ജൂനിയറായി സ്ഫടികത്തില്‍ തിളങ്ങിയ രൂപേഷ് പീതാംബരനെ പിന്നീട് സംവിധായകനായാണ് കണ്ടത്. ഇവിടെ രൂപേഷ് എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട് രൂപേഷ് പീതാംബരന്‍. മികച്ച സ്വഭാവകഥാപാത്രങ്ങളിലേക്കും പ്രതിനായക കഥാപാത്രമായും രൂപേഷിനെ ഇനിയങ്ങോട്ട് പരിഗണിക്കാവുന്നതാണ്. ജോമിയെ അവതരിപ്പിച്ച വിഷ്ണുവും രാജേഷിനെ അവതരിപ്പിച്ച സുബീഷ് സുധിയും നന്നായിട്ടുണ്ട്. സുബീഷ് സുധി കാരിക്കേച്ചര്‍ ശൈലിയിലുള്ള ചെറുറോളുകളിലാണ് മുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നത്. ആദര്‍ശത്തില്‍ നിന്ന് വ്യതിചലിക്കാത്ത രാജേഷേട്ടനായി സുബീഷ് നല്ല പ്രകടനം കാഴ്ച വച്ചു. നീരജ് മാധവ് ഹാസ്യകഥാപാത്രമായും കാരക്ടര്‍ റോളുകളിലും പ്രസരിപ്പോടെ അഭിനയിക്കാറുള്ള നടനാണ്. റിയലിസ്റ്റിക് അന്തരീക്ഷത്തില്‍ കഥാപാത്രമാകാന്‍ ശ്രമിച്ചപ്പോള്‍ കപടഗൗരവത്താല്‍ നീരജിന്റെ അഭിനയം ദുര്‍ബലമായി. ഗായത്രി സുരേഷും നിരാശപ്പെടുത്തി. ഓരോ സംഭാഷണത്തിനുമൊപ്പം കണ്ണ് മിഴിക്കുന്നതിനാണ് ഗായത്രി പ്രാധാന്യം നല്‍കിയത്. കൈതേരി സഹദേവന്റെ മീശയെടുത്ത വേര്‍ഷനാണ് ഹരീഷ് പേരടി. തമിഴിലാണ് അടുത്ത കാലത്ത് ഈ നടന്റെ അഭിനയം നന്നായി തോന്നിയിട്ടുള്ളത്.

വിപ്ലവത്തെയും ഇടതുപ്രസ്ഥാനത്തെയും വിദ്യാര്‍ത്ഥിസമരത്തെയും രക്തസാക്ഷിത്വത്തെയും പരാമര്‍ശിക്കുന്ന പഞ്ച് ഡയലോഗുകളും, ആദര്‍ശാത്മക കമ്മ്യൂണിസ്റ്റ് ജീവിതചര്യയെക്കുറിച്ചുള്ള ഗതകാലസ്മൃതിയും എസ് എഫ് ഐ മുദ്രാവാക്യങ്ങളും ചോരയും ചുവപ്പും വിപ്ലവവും സ്ലോ മോഷനില്‍ പെയ്യുന്ന രംഗങ്ങളും രസവും ഹരവുമാകുന്നിടത്ത് ഒരു മെക്‌സിക്കന്‍ അപാരത ബോക്‌സ് ഓഫീസിലും അപാരവിജയമാകാനിടയുണ്ട്.