പറവ :

പറന്നുയരുന്ന പറവ 

September 22, 2017, 11:45 am
പറന്നുയരുന്ന പറവ 
Movie Reviews
Movie Reviews
പറന്നുയരുന്ന പറവ 

പറവ :

പറന്നുയരുന്ന പറവ 

Movie Rating

★★★★★ ★★★★★

മട്ടാഞ്ചേരി എന്നും ഒരു സുരക്ഷിത സംഭരണ കേന്ദ്രമായിരുന്നു.നമ്മുടെ നാണ്യവിളകളായ കുരുമുളകും ഇഞ്ചിയും ഏലവും ഇവിടുത്തെ സംഭരണശാലകളില്‍ നിന്നാണ് പുതുലോകത്തേക്കുളള യാത്ര തുടങ്ങിയിരുന്നത്, സൗബിന്‍ ഷാഹിര്‍ എന്ന സംവിധായകന്റെ യാത്രയും മട്ടാഞ്ചേരിയുടെ ഭൂമികയില്‍ നിന്നായത്, യാദൃശ്ചികമല്ല. സുരക്ഷിത കേന്ദ്രമാണ് ഈ പശ്ചാത്തലമെന്ന തിരിച്ചറിവാണ് ഈ ചിത്രത്തിന്റെ ആദ്യത്തെ അനുകൂല ഘടകം.കണ്ടുവളര്‍ന്ന ജീവിത പരിസരങ്ങളില്‍ നിന്നാണ് തന്റെ ആദ്യ സിനിമാക്കാഴ്ചകള്‍ ഈ സംവിധായകന്‍ കണ്ടെടുത്തത്. സൗബിന് ജീവിതമാണ് സിനിമയെന്ന് ഈ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യക്തമാകുന്നു.

കൃത്യമായ ദിശാബോധവും സൂക്ഷ്മതയും ചിത്രത്തില്‍ ഉടനീളം സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പഴകിയടര്‍ന്ന കല്‍പ്പടവുകളും പൊട്ടിയടര്‍ന്ന മരപ്പാളികള്‍ കൊണ്ടുളള കെട്ടിടസമുച്ചയങ്ങള്‍ക്ക് മുകളിലെ തണലിടങ്ങളിലും, മറയിടങ്ങളിലും കുറുകുന്ന പ്രാവുകള്‍, ഇണയുടെ കൊക്കുരുമ്മി ചിറകിനുളളില്‍ നുഴഞ്ഞുകയറി പ്രണയത്തിന്റെ പാരാവാരം കടക്കുന്ന എക്കാലത്തെയും മോഹപക്ഷികളാണ് സൗബിന്റെ സിനിമയിലെ നായികാനായകന്മാര്‍. അവയ്ക്കുചുറ്റും തിരിയുന്ന കുറെ ജീവിതങ്ങളുടെ കഥയാണ് സ്‌ക്രീനില്‍ നമ്മള്‍ കാണുന്നത്. സിനിമയുടെ തുടക്കം മുതല്‍ പ്രേക്ഷകനെ സ്വാധീനിക്കാന്‍ സംവിധായകന് കഴിഞ്ഞുവെന്നതാണ് പറവയുടെ ആദ്യ സവിശേഷത.

പുതിയ കാഴ്ചകളിലേക്കുളള യാത്രയാണ് ഇതെന്ന് മനസിലാക്കിയ യാത്രികര്‍, മുന്നിലെ കാഴ്ചകളിലേക്ക് സ്വയംമറന്ന് ഇറങ്ങിച്ചെന്നു. അവിടെ മട്ടാഞ്ചേരി എന്ന കേരളത്തിലെ എക്കാലത്തെയും വ്യത്യസ്ത്യ ജീവിത പരിസരം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. പ്രാവ് വളര്‍ത്തലും , പറത്തലും പട്ടം പറപ്പിക്കലും, ചരടുവെട്ടി വീഴ്ത്തലും പകയും കണ്ണീരും പ്രണയവും അതിന്റെ എല്ലാ തീവ്രതയോടെയും മട്ടാഞ്ചേരിയില്‍ നിന്നും ആവാഹിച്ചെടുക്കാന്‍ സൗബിന്‍ എന്ന പുതുമുഖ സംവിധായകന് കഴിഞ്ഞു. പുതുമയുളള കഥാപരിസരവും കാഴ്ചാനുഭവവും കൊണ്ട് പ്രേക്ഷകരെ ചേര്‍ത്തുപിടിച്ച് മുന്നേറിയ ആദ്യപകുതി, മികച്ച നേട്ടങ്ങളുടേതാണ്. അതിന് സംവിധായകനൊപ്പം ഛായാഗ്രാഹകനും കലാസംവിധായകനും സംഗീതസംവിധായകനും ഒപ്പം നിന്നു. അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലും അവരെ കൈയ്യടക്കത്തോടെ തന്റെ കഥാപാത്രത്തിലേക്ക് പരകായ പ്രവേശം നടത്താനും സംവിധായകന് കൃത്യതയോടെ കഴിഞ്ഞിട്ടുണ്ട്.

ഗ്രാമീണ ജീവിതത്തിന്റെ നിഷ്‌കളങ്കതയും നൈര്‍മ്മല്യവും മട്ടാഞ്ചേരിയുടെ ഗലികളിലും നടവഴികളിലും ഒറ്റഭിത്തി വീടുകളില്‍ നിന്നും നമുക്ക് അനുഭവിക്കാനാകുന്നു. ഇച്ചാപ്പിയും ഹസീബും എന്ന രണ്ട് പതിനഞ്ച് വയസുകാരിലൂടെ ആരംഭിക്കുന്ന സിനിമ അവരിലൂടെ തന്നെയാണ് വളരുന്നത്, പ്രാവ് വളര്‍ത്തല്‍ അവരുടെ ജീവശ്വാസമാണ്. തങ്ങള്‍ അനുഭവിച്ചറിഞ്ഞ മാതൃസ്‌നേഹം അതേ അളവിലോ, കുറച്ച് കൂടുതലായോ, തങ്ങളുടെ വളര്‍ത്തുപ്രാവുകള്‍ക്ക് നല്‍കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. ഈ സ്‌നേഹ വാത്സല്യങ്ങളിലൂടെയും നിഷ്‌കളങ്ക സമീപനത്തിലൂടെയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി ഇച്ചാപ്പിയും ഹസീബും പൊടുന്നനെ മാറുന്നു. മട്ടാഞ്ചേരിയിലെ അവരുടെ സ്‌കൂളും, ടീച്ചറും, കൗമാര പ്രണയത്തിന്റെ ലോല ചലനങ്ങളും കൗതുകം കലര്‍ന്ന കണ്ണുകളോടെയാണ് ഓരോ പ്രേക്ഷകനും കണ്ടിരിക്കുന്നത്. ഈ ഇടങ്ങളിലാണ് സൗബിന്‍ ഷാഹിര്‍ എന്ന സംവിധായകന്‍ കൈയ്യടി നേടുന്നത്. ഈ പരിസരങ്ങളില്‍ എല്ലാം ലിറ്റില്‍ സ്വയംപ് എന്ന ഛായാഗ്രാഹകന്‍ നിറസാന്നിധ്യമായി സംവിധായകനൊപ്പം നില്‍ക്കുന്നു.

ഫ്രെയിമുകളുടെ ചാരുതയെക്കാള്‍ ആംഗിളുകളുടെ വ്യത്യസ്തയാണ് ദൃശ്യങ്ങളിലെ പുതുമ. ലൈറ്റിങ്ങില്‍ പുലര്‍ത്തുന്ന മിതത്വവും യാഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന കളര്‍ടോണുകളും എടുത്ത് പറയേണ്ടതാണ്. ഒരു ശരാശരി പ്രേക്ഷകന്‍ ഏറെ രസിക്കുന്ന ആദ്യ പകുതിയുടെ പകുതിയില്‍ ഇച്ചാപ്പിയും ഹസീബും മാത്രമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. അപ്രതീക്ഷിതമായ ഒരു കാഴ്ചയില്‍ പകച്ചുപോയ കുട്ടികളുടെ മനസിലൂടെ വിടരുന്ന പഴയകാല ജീവിതം, അതും അവര്‍ കണ്ടുവളര്‍ന്നതാണ്. ഇവിടെയാണ് ദുല്‍ഖറും ഷെയ്‌നും ഗ്രിഗറിയും സിനിമയിലേക്ക് എത്തുന്നത്. സൗഹൃദവും, ക്രിക്കറ്റും, പ്രണയവും സ്‌നേഹത്തിന്റെ ധാരാളിത്തവും കൊണ്ട് സമ്പന്നമാകുന്നതോടെ, പ്രേക്ഷകര്‍ മട്ടാഞ്ചേരിയില്‍ ജീവിതം തുടങ്ങുന്നു. അപ്രതീക്ഷിതമെന്ന് തോന്നാവുന്ന ചില സാധാരണ സംഭവങ്ങളിലൂടെയാണ് പിന്നീടുളള യാത്ര.

രണ്ടാം പകുതിയില്‍ എത്തുമ്പോഴേക്ക് വീണ്ടും വര്‍ത്തമാനകാലത്തേക്ക് എത്തുകയായി. ഈ ഭാഗങ്ങളിലും കൗമാരക്കാരുടെ ജീവിതമാണ് പ്രാധാന്യം, പക്ഷേ അവര്‍ക്കു മുന്നിലെ തലമുറയിലെ ജ്യേഷ്ഠന്‍മാരുടെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ, ഇവരുടെ ജീവിതം കണ്ടുകൊണ്ടിരിക്കുമ്പോഴും പ്രേക്ഷകന്റെ ഉളള് ഉലച്ചുകൊണ്ടിരിക്കും. അസാമാന്യ വൈദഗ്ധ്യത്തോടെ ഇവ ചേര്‍ത്തുവിളക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. പ്രാവ് മോഷണവും, പ്രാവ് വളര്‍ത്തലും വീണ്ടും എത്തിക്കുന്നത് മുന്‍ സംഭവങ്ങളുടെ ശേഷ ഭാഗങ്ങളിലേക്കാണ്. അങ്ങനെ രണ്ട് സുഹൃത്തുക്കളുടെ ജീവിതം പറഞ്ഞ്, ഒരുപാട് സുഹൃത്തുക്കളുടെ ജീവിതം കാണിക്കുകയെന്ന അസാധാരണമായ ഒരു കഥപറച്ചില്‍ രീതി അവലംബിക്കാന്‍ സൗബിന്‍ ശ്രമിച്ചിട്ടുണ്ട്, അതില്‍ വിജയിച്ചിട്ടുമുണ്ട്.

തെരഞ്ഞെടുത്ത കഥാപരിസരം വ്യത്യസ്തമായെങ്കിലും അവതരിപ്പിച്ച ജീവിതങ്ങളെ കൂട്ടിയിണക്കുന്ന സംഭവവികാസങ്ങളില്‍ എവിടെയെല്ലാമോ നാടകീയതയും അസ്വാഭാവികതയും കടന്നുവന്നിട്ടുണ്ട്. അത്രയേറെ സ്വാഭാവിതകയോടെ പറയുമ്പോഴും കഥപറയാനുളള തിടുക്കവും ആവേശവും തിരക്കഥയില്‍ മുഴച്ചുനില്‍ക്കുന്നു. അവയെ മറികടക്കാനുളള സംവിധായകന്റെ ശ്രമം കുറച്ചൊക്കെ വിജയിക്കുന്നുണ്ടെന്ന് മാത്രമെ പറയാന്‍ കഴിയു. മട്ടാഞ്ചേരി ഇങ്ങനെയൊക്കെയാണ് എന്ന് ബോധപൂര്‍വം പറയാനുളള ഒരു ശ്രമം പോലെ ഈ ഭാഗങ്ങളില്‍ തോന്നിയാല്‍ അത് തെറ്റല്ല. ഈ സംഭവങ്ങളെ ഈ കഥാപരിസരത്ത് നിന്ന് അടര്‍ത്തി മാറ്റിയാല്‍ വിരസതയുടെ ആവര്‍ത്തനമാണ് അവ നല്‍കുന്നത്. സംവിധായകന്റെ മികവ് മനസിലാക്കുവാനാണ് ഇങ്ങനെയൊരു കീറിമുറിച്ച, ചിന്ത മുന്നോട്ട് വെച്ചത്. സാധാരണമായ ഒരു ഒറ്റവരി ആശയത്തില്‍ നിന്നുകൊണ്ട് പുതുമയാര്‍ന്ന ഒരു സിനിമ ഉണ്ടാക്കാന്‍ കാണിച്ച തന്റേടമാണ് ഈ സിനിമയുടെ മേന്മയും അതേസമയം പാളീച്ചയുണ്ടെങ്കില്‍ അതും.

പ്രാവുകള്‍ സിനിമകളില്‍ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിട്ടുളളത് മലയാളിയുടെ മുംബൈ ദൃശ്യങ്ങളിലാണ്. നായികയ്ക്കും നായകനും മുന്നില്‍ നിന്ന് വെട്ടുകിളി കൂട്ടങ്ങളെ പോലെ പറന്നുപൊങ്ങുന്ന പ്രാവിന്‍കൂട്ടം ഒരനുഷ്ഠാനം എന്ന പോലെ മലയാള സിനിമകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടിരുന്നിടത്ത് നിന്ന് അവയ്ക്ക് ശാപമോക്ഷം നല്‍കുവാന്‍ കഴിഞ്ഞു എന്നുമാത്രമല്ല, ഈ പറവകളുടെ പ്രണയകൗതുകങ്ങളെ ആവിഷ്‌കരിക്കാനും സാധിച്ചുവെന്നത് നിസാരവത്കരിക്കേണ്ടതല്ല. ചിത്രീകരണത്തിലെ ക്ഷമയും കാത്തിരിപ്പും കൂട്ടിവായിച്ചാല്‍ പൂര്‍ണമാകും ഈ ശ്രമത്തിന്റെ വ്യാപ്തി.

മുസ്ലിം പശ്ചാത്തലത്തില്‍ കഥ പറയുമ്പോള്‍ കടന്നുവരുന്ന ആചാര അനുഷ്ഠാനങ്ങളെയും അമിത വിശ്വാസത്തിന്റെ പ്രതീകങ്ങളെയും ഈ വഴികളില്‍ എങ്ങും കാണാനില്ല. ഭാഷയുടെ പ്രാദേശികതയും നമ്മളെ കീഴ്‌പ്പെടുത്താന്‍ എത്തുന്നില്ല. എന്നാല്‍ മട്ടാഞ്ചേരിയുടെ വായ്‌മൊഴികള്‍ മാത്രമാണ് സിനിമയിലുളളത്. അതാകട്ടെ ഏറ്റവും സ്വാഭാവികതയോടെ നിലകൊളളുകയും ചെയ്യുന്നു. ഒരിക്കല്‍പോലും മട്ടാഞ്ചേരിയുടെ വഴികളില്‍ നിന്നും സിനിമ പോകുന്നില്ല എന്നതും ശ്രദ്ധേയമാണ്, അനന്തമായ ആകാശത്തിന്റെ വിസ്തൃതിയിലേക്ക് പറന്നുയരുന്ന പ്രാവുകള്‍ പോലും മട്ടാഞ്ചേരിയിലെ ഇടുങ്ങിയ ഗലികളിലേക്ക് തന്നെ പറന്നിറങ്ങുകയാണ് ഓരോ തവണയും. മട്ടാഞ്ചേരി ഒരു സ്‌നേഹ തണലാണെന്ന ഓര്‍മിപ്പിക്കലാകാം ഇത്.

പറവയുടെ പ്രദര്‍ശനം ഒട്ടേറെ നാളുകളായുളള സിനിമാ പ്രേമികളുടെ കാത്തിരിപ്പായിരുന്നു. ദുല്‍ഖറും ആ ഉത്സാഹത്തിലും ആവേശത്തിലുമായിരുന്നു.ഒരു നല്ല സംരഭത്തിനൊപ്പം നിന്നതിന്റെ മാനസിക സന്തോഷം ദുല്‍ഖറിന്റെ ഓരോ ഫെയ്‌സ്ബുക്ക് പോസ്റ്റിലും നിറഞ്ഞുനിന്നു. ഫാന്‍സിന് ഇത് വലിയ പ്രതീക്ഷ നല്‍കി. ഈ പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല, എന്നതാണ് യാഥാര്‍ത്ഥ്യം. ഹൃദയംകൊണ്ട് കീഴ്‌പ്പെടുത്തുന്ന സഹോദരസ്‌നേഹം, കനിവും കരുണയും കൈമുതലായുളള സുഹൃത്ത്, ദുല്‍ഖറിന്റെ സ്‌ക്രീനിലെ വേഷപ്പകര്‍ച്ച ഗംഭീരം എന്നുതന്നെ പറയണം. മട്ടാഞ്ചേരിയുടെ ഇടനെഞ്ചിലെ വേദനയായി ഇങ്ങനെ ചിലര്‍ ജീവിച്ച് പകുതി വഴിയില്‍ ചിരിച്ചുകൊണ്ട് മാഞ്ഞുപോയിട്ടുണ്ടാകാം, ആ ഓര്‍മ്മകള്‍ ഒരു നീറ്റലാണ് അവരെ അറിയുന്നവരുടെ നെഞ്ചകത്ത്. ഇങ്ങനെയൊരു വേദന സമ്മാനിക്കാന്‍ ദുല്‍ഖറിന് കഴിയുന്നു.

ഇച്ചാപ്പിയും ഹസീബും സിനിമയില്‍ പറയുന്നത് പോലെ മുത്താണ്.സൗബിന്‍ ഷാഹിര്‍ തേച്ചുമിനുക്കിയെടുത്ത മുത്തുകള്‍. എത്ര ഭദ്രമായാണ് അവര്‍ പ്രേക്ഷകനെ തങ്ങള്‍ക്കൊപ്പം ചേര്‍ത്തുനിര്‍ത്തുന്നതെന്ന് കണ്ടുതന്നെ അറിയണം. ചലനങ്ങളില്‍, നോട്ടങ്ങളില്‍, ചിരിയില്‍, കണ്ണീരില്‍....ഇവരങ്ങ് വിളയാടുകയാണ്.

ഷെയ്ന്‍ നിഗം മാറുന്ന സിനിമയുടെ പുതിയ മുഖം തന്നെയാണെന്ന് നിസംശയം പറയാം. ആകൂലതയും പ്രണയവും ആകാംക്ഷയും ആഹ്ലാദവും ഏതൊരു നവയുവാവിന്റേതും തന്നെയാണ്. ഒരുപാട് വ്യത്യസ്തയാര്‍ന്ന കഥാപാത്രങ്ങളിലേക്ക് കടന്നുചെല്ലാന്‍ കഴിഞ്ഞാല്‍ ഷെയ്ന്‍ നീഗം മലയാള സിനിമയില്‍ ഇടം നേടുക തന്നെ ചെയ്യും. ഇനിയും പേരെടുത്ത് പറയാത്ത മുഴുവന്‍ പേരും ഈ സിനിമയുടെ മൊഞ്ചിന് കാരണമാണ്.

തിരക്കഥയുടെ വഴികളിലെ ചില നിരാശപ്പെടുത്തലുകള്‍ ഒഴിവാക്കിയാല്‍ പറവ പൊളിപ്പറവ തന്നെയാണ്. മാറുന്ന മലയാള സിനിമയുടെ ഏറ്റവും പുതിയ കാഴ്ച. മട്ടാഞ്ചേരിയിലെ പാണ്ടികശാലകള്‍ക്ക് മുന്നിലെ അരിമണികള്‍ കൊത്തിയെടുത്ത് ഹുങ്കാരശബ്ദത്തോടെ പറന്നുപൊങ്ങുന്ന പറവക്കൂട്ടം ഇപ്പോള്‍ അനുസ്മരിപ്പിക്കുന്നത് കേരളത്തിലെ തിയറ്റര്‍ മുറ്റങ്ങളിലെ ആള്‍ക്കൂട്ടത്തെയാണ്. ഈ ആരവങ്ങള്‍ കരുത്തേകുക, യാഥാര്‍ത്ഥ്യ ജീവിതമാണ് സിനിമ എന്ന് വിശ്വസിക്കുന്നവര്‍ക്കാകും. അതുകൊണ്ട് തന്നെ പറന്നുയരട്ടെ ഈ പറവ.