പുള്ളിക്കാരന്‍ സ്റ്റാറാ :

ഉടുപ്പുണ്ട്, ഉയിരില്ല!

September 2, 2017, 6:04 pm
ഉടുപ്പുണ്ട്, ഉയിരില്ല!
Movie Reviews
Movie Reviews
ഉടുപ്പുണ്ട്, ഉയിരില്ല!

പുള്ളിക്കാരന്‍ സ്റ്റാറാ :

ഉടുപ്പുണ്ട്, ഉയിരില്ല!

Movie Rating

★★★★★ ★★★★★

പണം മുടക്കാന്‍ നിര്‍മ്മാതാവുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ്, മുന്നിലൊരു ഓണക്കാലം എന്നിവയുമുണ്ട്. ഒരു സിനിമയുണ്ടാക്കണം. രണ്ടര മണിക്കൂറില്‍ ഏറിയോ കുറഞ്ഞോ, വേറിട്ട പേരിലും കോസ്റ്റിയൂമിലും മമ്മൂട്ടിയെ അവതരിപ്പിക്കുക എന്ന കേവലലക്ഷ്യമായി ചുരുങ്ങിപ്പോയ അദ്ദേഹത്തിന്റെ സമീപകാലചിത്രങ്ങള്‍ക്ക് അപവാദമാകാനായില്ല ശ്യാംധര്‍ എന്ന 'സെവന്‍ത് ഡേ' സംവിധായകന്റെ രണ്ടാംചിത്രത്തിന്.

ഇടുക്കിയിലെ രാജകുമാരി സ്വദേശിയായ 'രാജകുമാരനാ'ണ് മമ്മൂട്ടിയുടെ നായകന്‍. 'ലളിതം' എന്ന പേരില്‍ ഒരു അധ്യാപകപരിശീലന പരിപാടി വികസിപ്പിച്ചെടുത്ത്, അതിന്റെ പ്രയോക്താവാണ് അയാള്‍. ചെയ്യാത്ത 'കുറ്റങ്ങളുടെ' പേരില്‍ കുട്ടിക്കാലം മുതലേ പലതരം ചീത്തപ്പേരുകള്‍ വിളിപ്പേരായി വീണുകിട്ടിയ ഹതഭാഗ്യന്‍. സുഹൃത്തുക്കളുടെയും അയാളുടെതന്നെയും അഭിപ്രായത്തില്‍, ജോലിയുടെ ഭാഗമായി അധ്യാപികമാരോടുള്ള ഇടപെടല്‍ ഒഴിച്ചാല്‍ സങ്കോചത്താല്‍ സ്ത്രീകളോട് സ്വാഭാവികമായി പെരുമാറാനറിയാത്ത സാധു. പ്രായം കടന്നുപോയിട്ടും വിവാഹം ഇനിയും അകലെ. ജോലിയുടെ ഭാഗമായി കൊച്ചി നഗരത്തിലെത്തുമ്പോള്‍ സുഹൃത്ത് കുര്യച്ചന്‍ (ദിലീഷ് പോത്തന്‍) താമസിക്കുന്ന ഫഌറ്റ് സമുച്ചയത്തില്‍ അയാള്‍ അയല്‍ക്കാരനാവുന്നു. ഇത്രയുമാണ് പ്ലോട്ട്. കൊച്ചി വാസത്തിനിടെ രാജകുമാരന്‍ മറ്റു ചിലരുടെ ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനവും അത് അയാളുടെ സ്വന്തം ജീവിതത്തില്‍ തന്നെയുണ്ടാക്കുന്ന ചില മാറ്റങ്ങളുമാണ് അവിടുന്നങ്ങോട്ട്.

പുള്ളിക്കാരന്‍ സ്റ്റാറാ 
പുള്ളിക്കാരന്‍ സ്റ്റാറാ 

രാജകുമാരി എന്ന പ്രദേശത്ത് ഭൂജാതനായ രാജകുമാരന്റെ ചരിത്രം പൊടിപ്പും തൊങ്ങലുംവച്ച്, നവതലമുറ സിനിമാ മാതൃകയില്‍ ആമുഖമായി ചുരുക്കിപ്പറയുന്നു ശ്യാംധര്‍. അതിനിടെ രാജകുമാരന്റെ ചെറുപ്പകാലത്തെ വിവിധ ഘട്ടങ്ങളിലുള്ള മൂന്നോളം അപ്പിയറന്‍സുകള്‍. ആനയും അമ്പാരിയുമില്ലാതെ സ്വാഭാവിക കടന്നുവരവാണ് സിനിമയിലേക്ക് മമ്മൂട്ടിയുടേതെങ്കിലും ശേഷം അതൊരു സമീപകാല ക്ലീഷേ മമ്മൂട്ടി ചിത്രമായി രൂപാന്തരം പ്രാപിക്കുന്നത് കാണാം.

'പത്തേമാരി'ക്ക് ശേഷമിറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ നോക്കുക. പുതിയ നിയമം, കസബ, വൈറ്റ്, തോപ്പില്‍ ജോപ്പന്‍, ദി ഗ്രേറ്റ് ഫാദര്‍, പുത്തന്‍ പണം.. ഇതിലെ നായകന്മാരില്‍ കഥാപാത്രമെത്ര മമ്മൂട്ടിയെത്ര എന്ന് തൂക്കിനോക്കിയാല്‍ 'മമ്മൂട്ടി' എന്ന തട്ടായിരിക്കും ഏറിയോ കുറഞ്ഞോ എപ്പോഴും താഴ്ന്നുനില്‍ക്കുക. പക്ഷേ കഥാപാത്രമല്ലാത്ത 'മമ്മൂട്ടി' ഇത്രയും മുഴച്ചുനില്‍ക്കുന്നൊരനുഭവം 'പുള്ളിക്കാരന്‍ സ്റ്റാറാ' പോലെ അടുത്തകാലത്ത് ഒരു സിനിമയും പകര്‍ന്നിട്ടില്ല. ക്ലാസ് എടുക്കാന്‍ പോകുന്നിടത്തെ അധ്യാപികമാര്‍ 'സുന്ദരന്‍ സാറെ'ന്ന് വിളിപ്പേരിട്ട് വിളിക്കുന്ന മമ്മൂട്ടിയെ സുന്ദരനായി ക്യാമറയ്ക്ക് മുന്നില്‍ എത്തിച്ചതല്ലാതെ ഇടുക്കിക്കാരനാണെന്ന് പറയപ്പെടുന്ന ആ കഥാപാത്രം ഒട്ടുമേ വിശ്വസനീയമല്ല. ക്ലാസുകളില്‍ ആത്മവിശ്വാസത്തിന്റെ ദൃഷ്ടാന്തം പോലെ നിവര്‍ന്നുനില്‍ക്കുന്ന മനുഷ്യന്‍. അപരിചിതരായ സ്ത്രീകള്‍ക്കുമുന്നില്‍ പൊടുന്നനെ 'സങ്കോച'ത്തില്‍ പെട്ടുപോകുന്നയാള്‍. കൊച്ചിയിലെ ഫഌറ്റ് ജീവിതത്തിനിടെയുള്ള 'രാജകുമാരന്‍' തനി മമ്മൂട്ടിയാണ്. ചില ഇന്‍ഹിബിഷന്‍സ് ഉള്ളയാളെന്ന് തിരക്കഥാകൃത്തും സംവിധായകനും പറയുമ്പൊഴും നെഞ്ചും വിരിച്ച്, കൂസലില്ലാതുള്ള അയാളുടെ നടപ്പ് കാണുമ്പോള്‍ അതെല്ലാം 'ആരോപണങ്ങളാ'യേ കാണികള്‍ക്ക് തോന്നൂ. സുഹൃത്ത് കുര്യച്ചനോടും പുതിയ പരിചയക്കാരന്‍ ഓമനാക്ഷന്‍ പിള്ളയോടും (ഇന്നസെന്റ്) ചില 'പരിവേദനങ്ങള്‍' സംഭാഷണങ്ങളായി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ രാജകുമാരനാവുന്നു മമ്മൂട്ടി. കൗണ്ടര്‍ ഡയലോഗുകള്‍ക്കായി ദിലീഷിലേക്കോ ഇന്നസെന്റിലേക്കോ തിരിഞ്ഞ് ക്യാമറ തിരിച്ചെത്തുമ്പോള്‍ ദേ രാജകുമാരന്‍ ഇരുന്നിരുന്ന സ്ഥാനത്ത് വീണ്ടും സുസ്‌മേരവദനനായി കൂസലൊന്നുമില്ലാതെയിരിക്കുന്ന മമ്മൂട്ടി!

ദിലീഷ് പോത്തന്‍, മമ്മൂട്ടി 
ദിലീഷ് പോത്തന്‍, മമ്മൂട്ടി 

മറ്റ് കാര്യങ്ങളെല്ലാം മമ്മൂട്ടിയുടേതെന്നല്ല, ഏത് സൂപ്പര്‍താര ചിത്രത്തില്‍നിന്നും പറയാതെ ഊഹിക്കാനാവുന്നതേ ഇവിടെയുമുള്ളൂ. അധ്യാപകപരിശീലകനായതിനാല്‍ നായകന്മാരുടെ സ്ഥിരം ദാര്‍ശനികോപദേശങ്ങള്‍ക്ക് രാജകുമാരന് ഒരു പരിധിവരെ ന്യായീകരണമുണ്ടെന്ന് മാത്രം. പക്ഷേ അവ കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ ബോറടിപ്പിക്കാന്‍ പര്യാപ്തമാണ്. പല പ്രായക്കാരായ, നായകനെ ഇങ്ങോട്ട് പ്രേമിക്കുന്ന നായികമാരെയൊക്കെ കണ്ടപ്പോള്‍ 'ഉദയനാണ് താര'ത്തിലെ ശ്രീനിവാസന്‍ കഥാപാത്രത്തിന്റെ സംഭാഷണങ്ങളാണ് കാതില്‍ അലയടിച്ചത്. തീവ്രപ്രണയികളായ കഥാപാത്രങ്ങളെയും സദാചാരപാലനത്തിന്റെ നിയന്ത്രണരേഖയ്ക്കിരുവശവും നിര്‍ത്തി നിര്‍വൃതിയടയാറുണ്ട് നമ്മുടെ സിനിമ. ക്രോണിക് ബാച്ച്‌ലറായ നായകന്റെ ഇനിയും ആരംഭിച്ചിട്ടില്ലാത്ത ലൈംഗികജീവിതത്തിന് തുടക്കമിടാന്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ മുറിയിലേക്കയയ്ക്കുന്ന സ്ത്രീയ്ക്ക് അബദ്ധവശാല്‍ ഗ്ലാസ് തട്ടിമറിഞ്ഞ് മുറിവേല്‍ക്കുന്നതൊക്കെ കണ്ടപ്പോള്‍ മമ്മൂട്ടിയുടെതന്നെ 'നിത്യഹരിത യുവാവ്' ഇമേജിനുള്ള ട്രോള്‍ ആയും തോന്നി.

മമ്മൂട്ടി, ദീപ്തി സതി 
മമ്മൂട്ടി, ദീപ്തി സതി 

മമ്മൂട്ടി എന്ന ഇമേജിന്റെ ഭാരത്തിലേക്ക് എത്തിച്ചേരുന്ന കഥാപാത്രങ്ങളെയാണ് അദ്ദേഹം കുറേനാളായി അവതരിപ്പിച്ച് വരുന്നതെങ്കിലും അദ്ദേഹത്തിനുള്ളിലെ നടന്‍ ആ കെട്ടിയാടലുകളോട് നിസ്സഹകരണം പ്രഖ്യാപിച്ച് നില്‍ക്കുന്നത് പോലെയാണ് 'പുള്ളിക്കാരന്‍' ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ കാഴ്ചാനുഭവം. പ്രാഞ്ചിയേട്ടനിലും മുന്നറിയിപ്പിലുമൊക്കെ വെളിപ്പെട്ട മമ്മൂട്ടിയിലെ അഭിനേതാവിന്റെ ഉയര്‍ച്ചയാണ് പ്രേക്ഷകര്‍ക്ക് കാണേണ്ടതെന്നും അല്ലാതെ പല പേരിലെത്തുന്ന 'ഒരേ കഥാപാത്ര'ങ്ങളുടെ കോസ്റ്റിയൂം വൈവിധ്യങ്ങളല്ലെന്നും അദ്ദേഹം എന്നാണ് തിരിച്ചറിയുക? (ജൂബയാണ് 'രാജകുമാരന്റെ' വേഷം. ഓരോ സീനിലും വര്‍ണവൈവിധ്യമുള്ള ഓരോന്ന്!)

'സെവന്‍ത് ഡേ'യിലൂടെ അരങ്ങേറിയ യുവസംവിധായകനില്‍നിന്ന് ഇത്തരമൊരു സിനിമയല്ല പ്രതീക്ഷിച്ചത്. മമ്മൂട്ടിയില്‍ തുടങ്ങി മമ്മൂട്ടിയില്‍ അസാനിച്ച, അടുത്തകാലത്തിറങ്ങിയ പല സിനിമകളില്‍ ഒന്നായി 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന ചിത്രവും. വിക്കിപീഡിയയിലെ 'മമ്മൂട്ടി ഫിലിമോഗ്രഫി'യില്‍ 2017ന് നേര്‍ക്ക് ഒരു പുതിയ എന്‍ട്രി. അല്ലാതെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒന്നുമില്ല തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍.