പുത്തന്‍പണം :

മുഷിയുന്ന നോട്ട്‌ 

April 12, 2017, 8:10 pm
മുഷിയുന്ന നോട്ട്‌ 
Movie Reviews
Movie Reviews
മുഷിയുന്ന നോട്ട്‌ 

പുത്തന്‍പണം :

മുഷിയുന്ന നോട്ട്‌ 

Movie Rating

★★★★★ ★★★★★

ഏത് വിധേനയുമുണ്ടാക്കുന്ന പണത്തിന് മറ്റെന്തിനേക്കാളും മാന്യത ലഭിക്കുന്ന ഒരു കാലത്തിനെ, വിയര്‍പ്പൊഴുക്കാതെ അത് സമ്പാദിക്കാന്‍ നടക്കുന്ന നായകനിലൂടെ അവതരിപ്പിച്ച സിനിമയായിരുന്നു 'ഇന്ത്യന്‍ റുപ്പി'. മിടുക്കും കൗശലവും മാത്രം മൂലധനമായി അവശ്യമുള്ള റിയല്‍ എസ്‌റ്റേറ്റ് ദല്ലാള്‍ പണിയുടെ പശ്ചാത്തലത്തില്‍ മോഹവിലകളെ മാത്രം പിന്തുടര്‍ന്ന് അവസാനം യാഥാര്‍ഥ്യവുമായി ബന്ധം നഷ്ടപ്പെട്ടുപോകുന്ന മനുഷ്യരുടെ ജീവിതമായിരുന്നു ഒരു മുന്നറിയിപ്പെന്ന മട്ടില്‍ രഞ്ജിത്ത് പറഞ്ഞുവച്ചത്. ഏറെക്കാലത്തിന് ശേഷം സ്‌ക്രീനിലേക്കുള്ള മടങ്ങിവരവ് തിലകനിലെ നടന്‍ ആഘോഷിച്ച സിനിമയുമായിരുന്നു 2011ല്‍ പുറത്തെത്തിയ ഇന്ത്യന്‍ റുപ്പി. 'കടല്‍ കടന്നൊരു മാത്തുക്കുട്ടി'ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി 'പുത്തന്‍പണ'വുമായി രഞ്ജിത്ത് എത്തുമ്പോള്‍ 'ദി ന്യൂ ഇന്ത്യന്‍ റുപ്പി' എന്നാണ് ടാഗ്‌ലൈന്‍. ഭാസ്‌കര പട്ടേലറെയും കോട്ടയം കുഞ്ഞച്ചനെയും രാജമാണിക്യത്തെയുമൊക്കെ പ്രാദേശിക ഭാഷാവഴക്കങ്ങളിലൂടെക്കൂടി അടയാളപ്പെടുത്തിയ മമ്മൂട്ടി ആദ്യമായി കലര്‍പ്പില്ലാത്ത കാസറഗോഡന്‍ വാമൊഴി സംസാരിക്കുന്ന സിനിമയാണിതെന്നും നവംബര്‍ എട്ടിലെ പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് സിനിമയുടെ പ്രമേയത്തില്‍ പ്രധാന പങ്കുണ്ടെന്നും ട്രെയ്‌ലറില്‍ സൂചനകളുണ്ടായിരുന്നു. 'പാലേരിമാണിക്യം' മുതല്‍ പറയാവുന്ന സമീപകാല രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടില്‍ 'പ്രാഞ്ചിയേട്ടന്റെ' ഓര്‍മ്മ 'മാത്തുക്കുട്ടി'യിലും മങ്ങലേല്‍ക്കാത്തതിനാല്‍ തീയേറ്ററിലെത്തും മുന്‍പ് പുത്തന്‍പണം കൗതുകമുണര്‍ത്തിയിരുന്നു.

മമ്മൂട്ടി 
മമ്മൂട്ടി 

ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയിലെ നടനെ പ്രസരിപ്പോടെ കാണാനാവുന്ന സിനിമയാണ് ആമുഖമായി പറഞ്ഞാല്‍ 'പുത്തന്‍പണം'. അണിയറക്കാര്‍ പ്രേക്ഷകര്‍ക്ക് കൊടുക്കുന്ന 'പുതുമ'യുടെ വാഗ്ദാനങ്ങളൊക്കെ മമ്മൂട്ടിയെ വ്യത്യസ്ത പേരുകളില്‍ വേറിട്ട വേഷവിധാനത്തോടെ അവതരിപ്പിക്കുന്നതില്‍ അവസാനിക്കുന്ന കാലത്ത് രഞ്ജിത്ത് എന്ന സംവിധായകനിലുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷയും വിശ്വാസവും തന്നെയാവണം അതിന് കാരണം. കാസറഡോഗന്‍ വാമൊഴി സംസാരിക്കുന്ന 'നിത്യാനന്ദ ഷേണായ്' ആയി അടുത്തകാലത്തൊന്നും നല്‍കാന്‍ കഴിയാത്ത സ്‌ക്രീന്‍ പ്രസന്‍സും കൗതുകവും പകരാന്‍ മമ്മൂട്ടിക്കാവുന്നു സിനിമയുടെ ആരംഭത്തില്‍. എന്നാല്‍ മമ്മൂട്ടിയുടെയും പ്രേക്ഷകരുടെയും പ്രതീക്ഷ പോലെ നിത്യാനന്ദ ഷേണായ് എന്ന പേരിലും അയാളുടെ വേഷവിധാനത്തിലും കാസര്‍ഗോഡന്‍ വാമൊഴിയുടെ കൗതുകത്തിനുമപ്പുറം പുതിയ അനുഭവമെന്തെങ്കിലും പകരാനുള്ള കെല്‍പ്പുണ്ടോ, പുത്തന്‍പണത്തിന്? നോക്കാം.

സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തിന്റെ 11 വര്‍ഷം മുന്‍പുള്ള, ഫഌഷ്ബാക്ക് എപ്പിസോഡിന് ശേഷം പ്രധാനമന്ത്രിയുടെ 'കള്ളപ്പണത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' പ്രഖ്യാപനത്തോടെയാണ് പുത്തന്‍പണത്തിന്റെ സ്‌ക്രീന്‍ ഉണരുന്നത്. എല്ലാവിഭാഗം ജനത്തിനും അപ്രതീക്ഷിത ഇരുട്ടടിയായ പ്രഖ്യാപനത്തില്‍ 'കള്ളപ്പണക്കാരനും അധോലോക നേതാവു'മായ നിത്യാനന്ദ ഷേണായ്ക്കും വലിയ പരുക്ക് പറ്റിയിട്ടുണ്ട്. നോട്ട് പിന്‍വലിക്കലിന് തൊട്ടുമുന്‍പ് നടന്ന ഒരു വലിയ തുകയുടെ ക്രയവിക്രയം, അതുമൂലം ഷേണായ്ക്കുണ്ടായ വലിയ ആഘാതം, അത് പരിഹരിക്കാനുള്ള അയാളുടെയും സംഘത്തിന്റെയും സഞ്ചാരം, പിന്നാലെ സംഭവിക്കുന്ന ഗൗരവമുള്ള ഒരു ക്രൈം എന്നിങ്ങനെയാണ് സിനിമയുടെ മുന്നോട്ടുപോക്ക്.

മാമുക്കോയ, കോട്ടയം നസീര്‍, മമ്മൂട്ടി, സുരേഷ് കൃഷ്ണ, ബിജു പപ്പന്‍ 
മാമുക്കോയ, കോട്ടയം നസീര്‍, മമ്മൂട്ടി, സുരേഷ് കൃഷ്ണ, ബിജു പപ്പന്‍ 

അടുത്തകാലത്തായി തന്റെ സിനിമകളില്‍ ഏറ്റവും കുറവ് എക്‌സ്ട്രാ അഭിനേതാക്കളെ ഉപയോഗിക്കുന്ന സംവിധായകനാണ് രഞ്ജിത്ത്. നിത്യാനന്ദ ഷേണായ്‌യുടെ ജീവിതത്തിലെ ഒരു എപ്പിസോഡുമായെത്തുന്ന പുത്തന്‍പണത്തിലും അങ്ങനെതന്നെ. ഓരോ ചെറുറോളുകളിലും നമുക്ക് സുപരിചിതരായ അഭിനേതാക്കള്‍, അധികശ്രമങ്ങളില്ലാത്ത മേക്കോവറുകളുടെ കൗതുകത്തോടെ സ്‌ക്രീനിലെത്തുന്നു. സായ്കുമാര്‍, സിദ്ദിഖ്, മാമുക്കോയ, സുരേഷ് കൃഷ്ണ, ബൈജു, വിജയകുമാര്‍ എന്നിങ്ങനെ നീണ്ട സ്റ്റാര്‍ കാസ്റ്റാണ് ചിത്രത്തിലേത്. ഏത് കാണിക്കും കണക്ട് ചെയ്യാവുന്ന നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനവും നിത്യാനന്ദ ഷേണായ് എന്ന കഥയിലെ നായകന് അതുമൂലം വന്നുകൂടുന്ന ഒരു പ്രതിസന്ധിയും നമുക്ക് ചിരപരിചിതരായ അഭിനേതാക്കളുടെ രൂപത്തില്‍ ഒട്ടനവധി കഥാപാത്രങ്ങളും നായകന്റെയും സംഘത്തിന്റെയും കാസറഗോഡന്‍ വാമൊഴിയുമെല്ലാംകൂടി ഒരു യഥാസമയ സിനിമയുടെ മട്ടിലുള്ള തുടക്കം പ്രതീക്ഷ തരുന്നതാണ്. പക്ഷേ മുന്നോട്ടുപോക്കില്‍ തുടക്കത്തിലുണര്‍ത്തുന്ന പ്രതീക്ഷ പാലിക്കാനാവുന്നില്ല സിനിമയ്ക്ക്.

'ഇന്ത്യന്‍ റുപ്പി' പോലെ, ഗൗരവമുള്ളൊരു വിഷയത്തെ ഉടനീളം പിന്തുടരുന്ന സിനിമയല്ല 'പുത്തന്‍പണം'. രാജ്യത്തെ ഓരോ പൗരനെയും നേരിട്ടുബാധിച്ച ഒരു സാമ്പത്തിക പ്രഖ്യാപനത്തെത്തുടര്‍ന്ന് നായകന്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്നാരംഭിക്കുന്ന സിനിമയില്‍, പ്രതിസന്ധി അയാളുടെ വ്യക്തിപരം മാത്രമാണ്. വ്യക്തിപരമായ പ്രതിസന്ധിയെ മറികടക്കാന്‍ മുന്നോട്ടുള്ള അയാളുടെ യാത്രയില്‍ സിനിമ 'നോട്ട് നിരോധന'വിഷയമൊക്കെ മറന്നുപോകുന്നു. പറഞ്ഞുതുടങ്ങി പകുതിയാവും മുന്‍പേ ടൈറ്റിലില്‍ സൂചിപ്പിക്കുന്ന വിഷയത്തിന്മേലുള്ള പിടി വിടുകയാണ് സംവിധായകന്‍ കൂടിയായ തിരക്കഥാകൃത്ത്. നോട്ട്‌നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ കള്ളപ്പണ വ്യവഹാരങ്ങളെക്കുറിച്ചുള്ള ഗൗരവമായൊരു സിനിമയാവും പുത്തന്‍പണമെന്ന് രഞ്ജിത്ത് എവിടെയും പറഞ്ഞതായി കേട്ടില്ല. സിനിമ നിത്യാനന്ദ ഷേണായ് എന്ന കള്ളപ്പണക്കാരന്റെ ജീവിതത്തില്‍ 'നോട്ട് നിരോധന'ത്തിന് പിന്നാലെയുണ്ടാകുന്ന ഒരു ലഘു എപ്പിസോഡിന്റെ ചിത്രീകരണം മാത്രമാണെന്നിരിക്കട്ടെ. അങ്ങനെയാണെങ്കിലും അതിലൂടെ പുതുതായെന്തെങ്കിലും പകരാനാകുന്നില്ല രഞ്ജിത്തിന്. കള്ളപ്പണത്തില്‍നിന്ന് പറഞ്ഞുതുടങ്ങി ദിനേന സമൂഹത്തില്‍ കൂടുതലാഴത്തില്‍ വേരോട്ടം ലഭിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളിലേക്കും യുവതലമുറയ്ക്കിടയിലെ വര്‍ധിക്കുന്ന ഹിംസാത്മകതയിലേക്കുമൊക്കെ വിരല്‍ചൂണ്ടാന്‍ ശ്രമിക്കുന്നതുപോലെയാണ് രണ്ടാംപകുതി. 'മുത്തു' എന്ന നായകന് ബന്ധപ്പെടേണ്ടിവരുന്ന എട്ടാംക്ലാസുകാരന്‍ കഥാപാത്രത്തിലൂടെ.

മമ്മൂട്ടി 
മമ്മൂട്ടി 

ഹിംസയും കുറ്റകൃത്യവുമൊക്കെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നതില്‍ 'അങ്കമാലി'ക്കാലത്ത് എത്തിനില്‍ക്കുകയാണ് മലയാളസിനിമ. 'ഡിഷ്യും ഡിഷ്യും' ഇടികളല്ലാതെ റിയലിസ്റ്റിക് പശ്ചാത്തലത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനൊപ്പം വേഗത്തിലുള്ള കഥാഗതിയിലേക്കും ദൃശ്യപരിചരണത്തിലേക്കുമൊക്കെ മലയാളത്തിന്റെ 'അധോലോകം' മാറ്റിച്ചവുട്ടുമ്പോള്‍ നിന്നിടത്തുനിന്ന് അനങ്ങാന്‍ കൂട്ടാക്കാതെ നില്‍ക്കുകയാണ് രഞ്ജിത്ത്. ഷേണായ്‌യും സംഘാംഗങ്ങളും പറയുന്ന കാസര്‍ഗോഡന്‍ ഭാഷയ്‌ക്കൊപ്പം നേരിയ നര്‍മ്മത്തിന്റെ അടിയൊഴുക്കോടെ നീങ്ങുന്ന സിനിമയിലെ 'അധോലോക'ത്തിന് തീക്ഷ്ണതയൊന്നും വേണ്ടെന്നത് സംവിധായകന്റെ തീരുമാനമായിരിക്കാം. പ്രത്യേകിച്ച് കുടുംബങ്ങളൊക്കെ കൂടുതലായി തീയേറ്ററിലേക്ക് വരുന്ന അവധിക്കാലത്ത് ഇറങ്ങുന്നതിനാല്‍. എന്നാല്‍ ഇത്തരമൊരു സിനിമ കണ്ടുകൊണ്ടിരിക്കാന്‍ അവശ്യംവേണ്ട അപ്രവചനീയതയും മിസ്സിംഗ് ആണ് രഞ്ജിത്തിന്റെ പുതിയ സിനിമയില്‍. പ്ലോട്ട് വിവരിച്ചുകഴിഞ്ഞതിന് ശേഷം എന്‍ഡ് ടൈറ്റില്‍സ് വരെ സംഭവിക്കാന്‍ പോകുന്നതെന്തെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയാത്ത പ്രേക്ഷകര്‍ തീരെ ചുരുക്കവുമായിരിക്കും. കാണി എന്തും അതിവേഗം ഗ്രഹിച്ചെടുക്കുന്ന ദൃശ്യപ്പെരുമഴയുടെ കാലത്ത് പറയാനുള്ളത് തന്നെ പറയാന്‍ മെല്ലെപ്പോക്ക് നയവുമാണ് രഞ്ജിത്ത് സ്വീകരിച്ചിരിക്കുന്നത്. ഫലം നിത്യാനന്ദ ഷേണായ്‌യുടെ വ്യക്തിപ്രഭാവത്തിലോ ആത്മപ്രശംസയിലോ കുലുങ്ങാത്ത എട്ടാം ക്ലാസുകാരന്‍ മുത്തുവിനെപ്പോലെയാണ് സിനിമ കണ്ടിരിക്കുമ്പോള്‍ പ്രേക്ഷകര്‍. അപൂര്‍വ്വം 'ത്രില്‍' അനുഭവിപ്പിക്കുന്ന ചില രംഗങ്ങള്‍ ഇല്ലെന്നല്ല. പക്ഷേ ധൃതിയൊട്ടുമില്ലാത്ത മുന്നോട്ടുപോക്ക് കാരണം പശ്ചാത്തലം പരിചയപ്പെടുത്തിയതിന് ശേഷം പലപ്പൊഴും വിരസത അനുഭവിപ്പിക്കുന്നു സിനിമ.

റിയലിസത്തോട് പിണങ്ങിനില്‍ക്കുന്നത് പോലുള്ള ദൃശ്യപരിചരണമാണ് പുത്തന്‍പണത്തിന്റേത്. നായകന്റെ ആഢ്യജീവിതപശ്ചാത്തലവും മുത്തുവിന്റെയും സഹവാസികളുടെയും നഗരപ്രാന്തത്തിലെ ദരിദ്രപശ്ചാത്തലവും ദൃശ്യവല്‍ക്കരിക്കുമ്പോള്‍ ഓം പ്രകാശിന്റെ ക്യാമറയ്ക്ക് ഒരേ ഭാവമാണ്. സാഹചര്യങ്ങളില്‍ വിഭിന്നമായ ജീവിതാവസ്ഥകളോടൊന്നും ഐക്യപ്പെടേണ്ടെന്ന് തീരുമാനിച്ച് കറുത്തഹാസ്യം ചമയ്ക്കാന്‍ ബോധപൂര്‍വ്വം തെരഞ്ഞെടുത്തതാണ് ആദ്യാവസാനം ഫ്രെയ്മുകളില്‍ മഴവില്‍ നിറങ്ങളില്‍ നല്‍കിയിരിക്കുന്ന ആ ടോണാലിറ്റിയെങ്കില്‍, അത് ബോറായിട്ടുണ്ട്.

പുത്തന്‍പണം 
പുത്തന്‍പണം 

നോട്ട് നിരോധനത്തില്‍ നിത്യാനന്ദ ഷേണായ് എന്ന അധോലോക നേതാവ് അനുഭവിച്ച ദുര്യോഗങ്ങള്‍ സമയമേറെയെടുത്ത് ദൃശ്യവല്‍ക്കരിച്ചപ്പോള്‍ വിഷയത്തില്‍ ജനം നേരിട്ട ബുദ്ധിമുട്ട് കടന്നുവരുന്നേയില്ല. അപൂര്‍വ്വമായി പണത്തിന്റെ കൈമാറ്റത്തിനിടെ 'ഇതിനൊന്നും വിലയില്ലെ'ന്ന് പഴയ നോട്ടിനെക്കുറിച്ച് കഥാപാത്രങ്ങള്‍ പറയുന്നതൊഴിച്ചാല്‍ എടിഎമ്മിനോ ബാങ്കിനോ മുന്നിലുള്ള ഒരു ക്യൂ പാസിംഗ് ഷോട്ടായിപ്പോലും കടന്നുവന്നില്ല എന്നത് കൗതുകമായി തോന്നി. സംഭാഷണമധ്യേയുള്ള ഷേണായ്‌യുടെ ഒരു പ്രയോഗമായോ മറ്റോ ആണ് എടിഎമ്മിന് മുന്നിലെ ക്യൂ സിനിമയില്‍ കടന്നുവരുന്നത്. വളരെ ഉയര്‍ന്ന തുക നോട്ടായിത്തന്നെ ക്രയവിക്രയം നടത്തുന്ന ആള്‍ എന്ന നിലയില്‍ സാങ്കേതികമായി 'കള്ളപ്പണക്കാര'നാണ് നിത്യാനന്ദ ഷേണായ് എങ്കിലും സിനിമയില്‍ ഒളിപ്പിച്ച നിലയില്‍ കള്ളപ്പണത്തിന്റെ ദൃശ്യം കടന്നുവരുന്നത് ജോയ് മാത്യു അവതരിപ്പിക്കുന്ന 'കോഴിക്കോട്ടുകാരന്‍ ഹാജ്യാരു'ടെ വീട്ടില്‍ മാത്രമാണ്. 'ഇത് എത്രയുണ്ടെന്ന് എനിക്കുതന്നെ അറിയില്ലെന്ന്' തന്നെ കാണാനെത്തിയ ഷേണായ്‌യോട് ഹാജ്യാരെക്കൊണ്ട് പറയിപ്പിക്കുന്നത് മറ്റൊരു രഞ്ജിത്ത് ക്ലീഷേ. പല രംഗങ്ങളും കാണുമ്പോള്‍, ഉദാഹരണത്തിന് ഗിറ്റാര്‍ മീട്ടി സദാസമയവും വലിയ കോലാഹലത്തോടെ പാട്ട് പാടിക്കൊണ്ടിരിക്കുന്ന മുത്തുവിന്റെ അയല്‍വാസികളായ മുടി വളര്‍ത്തിയ 'ന്യൂ ജനറേഷന്‍കാര്‍', രഞ്ജിത്ത് എന്തിനെയൊക്കെയോ സ്പൂഫ് ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നതുപോലെയുണ്ട്. ദാവൂദ് ഇബ്രാഹിമുമായിപ്പോലും നേരിട്ട് ഇടപാടുള്ളയാളാണ് നിത്യാനന്ദ ഷേണായ് എന്ന് ടെയ്ല്‍ എന്‍ഡില്‍ ടെലിവിഷന്‍ വാര്‍ത്താവായനയിലൂടെ പറയുമ്പൊഴും ഒരു സ്പൂഫ് മണക്കുന്നു. എന്തോ പറയാന്‍ തുടങ്ങി, വഴിയേ കാട്കയറി, എങ്ങും എത്താനാവാതെപോയൊരു സിനിമയുടെ കാഴ്ചാനുഭവമാണ് പുത്തന്‍പണം അന്തിമമായി സമ്മാനിക്കുന്നത്. തിരക്കഥ മുതല്‍തന്നെ സംവിധായകന്‍ പരാജയം സമ്മതിച്ചതായും അനുഭവപ്പെടുന്നു. പ്രാഞ്ചിയേട്ടന് ശേഷം ഒരു രഞ്ജിത്ത് ചിത്രത്തില്‍ പ്രാദേശിക ഭാഷാവഴക്കവുമായി മമ്മൂട്ടിയുടെ നായകന്‍ വരുമ്പോള്‍ ആ ഭാഷയില്‍ മാത്രമാണ് രസം. സിനിമ വിരസവും.