രക്ഷാധികാരി ബൈജു ഒപ്പ് :

ഹൃദ്യം ഈ നാടന്‍ പടം 

April 27, 2017, 2:12 pm
ഹൃദ്യം ഈ നാടന്‍ പടം 
Movie Reviews
Movie Reviews
ഹൃദ്യം ഈ നാടന്‍ പടം 

രക്ഷാധികാരി ബൈജു ഒപ്പ് :

ഹൃദ്യം ഈ നാടന്‍ പടം 

Movie Rating

★★★★★ ★★★★★

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് രഞ്ജന്‍ പ്രമോദ്. രചനകളില്‍ വൈവിധ്യത പുലര്‍ത്താനും ജീവിതഗന്ധിയായി പ്രമേയത്തെ സമീപിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നുവെന്നതിന്റെ ഉദാഹരണങ്ങളായിരുന്നു രണ്ടാം ഭാവം, മീശമാധവന്‍, നരന്‍ എന്നീ സിനിമകള്‍. ജനപ്രിയതയ്ക്കായി രുചിനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങുമ്പോഴും നരനിലും മീശമാധവനിലും ഫോട്ടോഗ്രാഫറിലുമെല്ലാം ആഴവും പരപ്പും ഉലച്ചിലുമൊക്കെയുള്ള ജീവിതങ്ങളെ സത്യസന്ധമായി ചിത്രീകരിച്ചിരുന്നു ഇദ്ദേഹം. സംവിധായകന്‍ എന്ന നിലയില്‍ രഞ്ജന്‍ പ്രമോദിന്റേതായി വന്ന രണ്ട് സിനിമകള്‍ ഫോട്ടോഗ്രാഫര്‍, റോസ് ഗിറ്റാറിനാല്‍ എന്നിവയായിരുന്നു. ഈ രണ്ട് സിനിമകളും തിയറ്ററുകളില്‍ നേരിട്ട തിരസ്‌ക്കാരം രക്ഷാധികാരി ബിജുവിന്റെ പിറവിക്ക് കാരണമായിട്ടുണ്ടാകാം. ലോലഗൃഹാതുരതയെയും അവ നിലനിര്‍ത്തുകയോ തിരിച്ചെത്തിക്കുകയോ ചെയ്യുന്ന ബിംബങ്ങളും വാണിജ്യ സിനിമ സമീപകലകാലത്ത് കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഒരു പാട്ടിലെങ്കിലും ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തിക്കാനും ആ വഴിക്ക് നൊസ്റ്റാള്‍ജിയ വിറ്റഴിക്കാനും മിക്ക സിനിമകളും ശ്രമിക്കാറുമുണ്ട്. രക്ഷാധികാരി ബിജു ഒപ്പ് എന്ന ബിജുമേനോന്‍ നായകനായ രഞ്ജന്‍ പ്രമോദ് ചിത്രവും ഗൃഹാതുരത്വത്തെയാണ് ആഘോഷിക്കുന്നത്, പതിവ് പൈങ്കിളീകൃത വഴിയില്‍ അല്ലെന്ന് മാത്രം.

സംഭാഷണത്തില്‍ അച്ചടിമലയാളത്തെ വിട്ടുപിടിക്കാത്ത, അവതരണത്തില്‍ സ്റ്റേജ് നാടകങ്ങളോട് കമ്പം വെടിയാത്ത സിനിമകളുടെ പെരുക്കത്തിനിടയില്‍ ചുരുക്കം സിനിമകളാണ് നാടകീയമല്ലാത്ത ആഖ്യാനം സാധ്യമാക്കാറുള്ളത്. ചുറ്റുവട്ടത്തെവിടെയോ നടക്കുന്ന കുറേ സംഭവങ്ങളുടെ കൃത്രിമത്വം കലരാത്ത ആഖ്യാനമായി അനുഭവപ്പെടുത്താന്‍ സംവിധായകന് കഴിഞ്ഞിടത്താണ് രക്ഷാധികാരി ബിജു ഒപ്പ് ആസ്വാദ്യകരമായത്. സങ്കീര്‍ണ്ണമോ, സംഘര്‍ഷഭരിതമോ ആയൊരു സിനിമാക്കഥ സൃഷ്ടിക്കാതെ കുമ്പളം എന്ന നാട്ടിന്‍പുറത്തെയും അവരുടെ ജീവനാഡീയായ കുമ്പളം ബ്രദേഴ്‌സ് എന്ന ക്ലബ്ബിനെയും പരിചയപ്പെടുത്തുകയാണ് സംവിധായകന്‍. രക്ഷാധികാരി ബൈജു എന്ന ടൈറ്റില്‍ റോളില്‍ ബിജുമേനോനാണ്. കുമ്പളത്തെ കുട്ടികളും മുതിര്‍ന്നവരും രക്ഷാധികാരിയായി ബൈജുവിനെ മുന്നില്‍ നിര്‍ത്തിയത് പോലെ സിനിമയും ബിജു മേനോനെ മുന്നില്‍ നിര്‍ത്തി ചെറുതും വലുതുമായ ഒരു നിര അഭിനേതാക്കളിലൂടെ നീങ്ങുകയാണ്. ഒരു നാടിന്റെ കഥ പറയുംനേരം നാട്ടുകാരായി ഇത്രയും കഥാപാത്രങ്ങള്‍ വന്നുപോയ സിനിമകള്‍ ഐവി ശശിയുടെ കാലത്തല്ലാതെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. ആഖ്യാനം മുന്നേറുമ്പോള്‍ ആദ്യമേ എത്തിയ പല കഥാപാത്രങ്ങളുടെ തുടര്‍ച്ച നഷ്ടമാകുന്നുവെങ്കില്‍ പോലും അതൊന്നും ആസ്വാദനത്തെ ബാധിക്കാത്ത വിധം രഞ്ജന്‍ പ്രമോദ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

നഗരം വളരുകയും ഗ്രാമം ചെറുതാവുകയും ചെയ്യുന്ന ആഗോളീകരണ കാലത്ത് പുതുതലമുറയ്ക്കും വരും തലമുറയ്ക്കും നഷ്ടമാകുന്ന കുറേ നാട്ടനുഭവങ്ങളും നാട്ടിന്‍പുറം രസങ്ങളുമുണ്ട്. ഏത് പ്രായത്തിനും സ്വീകാര്യമാകുന്ന ഇത്തരം നാട്ടിന്‍പുറ രസങ്ങളിലാണ് രക്ഷാധികാരി ബൈജുവിനെ സംവിധായകന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. നാല്‍പ്പത് കടന്ന ബൈജു അയാളുടെ എട്ട് വയസ്സ് മുതല്‍ കളിച്ചും കലഹിച്ചും നടന്ന നാടന്‍ മൈതാനവും അതിന്റെ സാരഥ്യമുള്ള കുമ്പളം ബ്രദേഴ്‌സ് എന്ന ക്ലബ്ബും. ആ മൈതാനത്തിന്റെ ഓരത്തുള്ള മരത്തിലാണ് കുമ്പളം ബ്രദേഴ്‌സ് എന്ന ബോര്‍ഡ് കാണാനാവുക. ആ മരച്ചുവടും മുന്നിലെ മൈതാനവുമാണ് ക്ലബ്ബിന്റെ ആസ്ഥാനം. എട്ട് വയസിനിപ്പുറം എന്നോ മുതല്‍ പിന്നീടിങ്ങോട്ട്

ബൈജുവാണ് കുമ്പളം ബ്രദേഴ്‌സിന്റെ ഓള്‍റൗണ്ടര്‍. കുടുംബസ്ഥനും കൗമാരക്കാരിയുടെ പിതാവുമായിരിക്കേ തന്നെ മകളേക്കാള്‍ പ്രായം കുറഞ്ഞ കുട്ടികള്‍ക്കൊപ്പം പന്തുകളിക്കാനും അവരുടെ ഗോളിയാകാനും ക്രിക്കറ്റ് കളിക്കും അയാള്‍ മുന്നിലുണ്ട്. ബൈജുവിലൂടെ അയാളെ ചുറ്റിപ്പറ്റി എന്നുമുള്ള കുമ്പളം ബ്രദേഴ്‌സിലെ 'ചങ്ക് ബ്രോ'കളിലൂടെ, കുട്ടിക്കൂട്ടങ്ങളിലൂടെ ഇടയ്ക്കിടെ ബൈജുവിന്റെ കുടുംബത്തിലൂടെ മുന്നേറുന്നതാണ് സിനിമയുടെ കഥാഗതി.

ഗ്രാമങ്ങളിലേക്ക് നമ്മുടെ സിനിമകള്‍ ചെല്ലുമ്പോള്‍ പലപ്പോഴും കടന്നുവരുന്നത് മൂല്യങ്ങളുടെ കണക്കെടുപ്പോ പറയെടുപ്പോ ഒക്കെയാണ്. നാട്ടുപ്പച്ചയും പാടവരമ്പും കുളവും കിണറുമൊക്കെ പാട്ടിലോ, ഒരു കഥാപാത്രത്തിന്റെ നന്മ പ്രകീര്‍ത്തിക്കാനോ ആയി നാടകീയമായി പ്രതിഷ്ഠിക്കുന്നതാണ് കാണാറുള്ളത്. അത്തരത്തില്‍ നാട്ടിന്‍പുറത്ത് ചായമിട്ടുണ്ടാക്കുന്ന വള്ളുവനാടന്‍ ഗ്രാമപ്രകീര്‍ത്തനമല്ല രക്ഷാധികാരി ബിജുവിലൂടെ അനുഭവപ്പെടുന്നത്. ജാതിയോ,മതമോ, രാഷ്ട്രീയമോ വേലികെട്ടിത്തിരിക്കാതെ ചായക്കടയിലും മരച്ചുവട്ടിലും മൈതാനത്തും കള്ളുഷാപ്പിലുമൊക്കെയായി ജീവിതത്തെ ആഘോഷിക്കുന്ന മനുഷ്യരെ തുറന്നുവിടുകയാണ് രഞ്ജന്‍ പ്രമോദ്. മതവും ജാതിയുമൊക്കെ മനുഷ്യരില്‍ ധ്രുവീകരണം ശക്തമാക്കുന്ന കാലത്തിന് കണ്ണാടിയായി നോക്കാനുള്ള അനുഭവ പരിസരങ്ങള്‍ ഈ സിനിമ സമ്മാനിക്കുന്നുണ്ട്. അവിശ്വസനീയമാം വിധം സ്വാഭാവികമായി ഈ നാട്ടിന്‍പുറ രസങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്.

അധികാരത്തിന്റേതല്ല കരുതലിന്റെ രക്ഷാകര്‍തൃത്വമാണ് കുമ്പളം ബ്രദേഴ്‌സിന് ബൈജുവെന്ന രക്ഷാധികാരി. പ്രായോഗികമായി ജീവിതത്തെ സമീപിക്കുന്നവര്‍ക്ക് തമാശയായി തോന്നാവുന്ന ബൈജുവിന്റെ ജീവിതം തന്നെയാണ് സിനിമ ആഘോഷിക്കുന്നത്. വാട്ടര്‍ അതോറിറ്റിയില്‍ ജോലിയുള്ള ബൈജു എന്നാല്‍ ഉഴപ്പനായ സര്‍ക്കാര്‍ ജീവനക്കാരനാണ്. കുമ്പളം ബ്രദേഴ്‌സിന്റെ കളിമൈതാനത്തെത്തിയാല്‍ ബൈജു ഉന്മേഷവാനുമാണ്. നാട്ടിന്‍പുറത്തെക്കുറിച്ചുള്ള അതിസൂക്ഷ്മമായ നിരീക്ഷണങ്ങളില്‍ നിന്ന് രൂപപ്പെട്ടിട്ടുള്ളതാണ് ബൈജുവിലെ ഓരോ കഥാപാത്രവും. രഘുനാഥ് പലേരിയുടെയോ ശ്രീനിവാസന്റെയോ ലോഹിതദാസിന്റെയോ രചനയില്‍ സത്യന്‍ അന്തിക്കാടിന്റെയോ കമലിന്റെയോ ഒക്കെ സിനിമകളില്‍ ഇവരില്‍ ചിലരെ മുമ്പ് കണ്ടിട്ടുണ്ട്. ഇന്ദ്രന്‍സിന്റെ കുശുമ്പുള്ള രാഷ്ട്രീയ നേതാവും, ജനാര്‍ദ്ദനന്‍ അവതരിപ്പിക്കുന്ന നിരന്തരം ഉടക്കുണ്ടാക്കുന്ന അയല്‍വാസിയും, മണികണ്ഠന്‍ പട്ടാമ്പിയുടെ ഗൗരവക്കാരന്‍ അധ്യാപകനും, ദിലീഷ് പോത്തന്റെ അമേരിക്കക്കാരനുമൊക്കെ മലയാളി നാട്ടുമനുഷ്യരുടെ നേര്‍പ്പകര്‍പ്പുകളാണ്.

കഥാസന്ദര്‍ഭങ്ങള്‍ക്കൊത്ത് ലൈവ് സൗണ്ടിന്റെ പിന്തുണയില്‍ സംഭാഷങ്ങള്‍ക്കൊത്ത് കഥാപാത്രങ്ങളെ നിയന്ത്രിക്കാതെ സ്വതന്ത്രരാക്കിയത് സിനിമയ്ക്ക് വലിയ രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട്. രക്ഷാധികാരി ബിജുവായി ബിജുമേനോന്‍ സ്വാഭാവികതയാല്‍ പ്രകാശപൂരിതമാകുമ്പോള്‍ അതിനോട് കിടപിടിക്കുന്ന പ്രകടനം ചില നിമിഷങ്ങളില്‍ ഒപ്പമുള്ള അഭിനേതാക്കളും കാഴ്ച വയ്ക്കുന്നുണ്ട്. സന്ദര്‍ഭങ്ങളെയൊന്നും നാടകീയമാക്കാതെയുള്ള അവതരണശൈലി ആദിമധ്യാന്തം നിലനിര്‍ത്തുമ്പോഴും നിയതമായ ആഖ്യാനഘടനയെ ഉപേക്ഷിച്ചാണ് രക്ഷാധികാരി ബൈജു നീങ്ങുന്നത്. ചില വേളകളിലെങ്കിലും എപ്പിസോഡിക് സ്വഭാവത്തിലുള്ള ഈ പോക്ക് ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. എഡിറ്റ് ടേബിളില്‍ സംവിധായകന് വെട്ടിയൊതുക്കാമെന്ന് തീരുമാനിക്കാമായിരുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്. ആസ്വാദനത്തില്‍ നീളക്കൂടുതലായി പരന്ന് നില്‍ക്കുന്ന ആ ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഒതുക്കത്തിന്റെ സൗന്ദര്യമുണ്ടായേനേ രക്ഷാധികാരി ബിജുവിന്. ഒരു കഥയില്‍ കേന്ദ്രീകരിച്ച് നീങ്ങാതെ ഉപകഥകളിലൂടെ കയറിയിറങ്ങി മുന്നേറുന്ന രീതിയിലാണ് സിനിമ. ക്ലൈമാക്‌സിലെത്തുമ്പോള്‍ അതുവരെ പറഞ്ഞുവന്ന കഥയോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു സാമൂഹിക പ്രശ്‌നത്തെ അഭിമുഖീകരിച്ച് അതിന്റെ തുടര്‍ചര്‍ച്ച പ്രേക്ഷകര്‍ക്ക് വിട്ടുനല്‍കിയിരിക്കുകയാണ് രഞ്ജന്‍ പ്രമോദ്. ഉപകഥകളിലൂടെ മുന്നേറുന്ന സിനിമ അവ നീട്ടി പരത്തി പറഞ്ഞു നീണ്ടുപോകുമ്പോഴും വലിയ തോതില്‍ മടുപ്പിക്കാത്തത് അവ അത്രമാത്രം കാഴ്ച്ചക്കാരനോട് അടുത്തുനില്‍ക്കുംവിധം അവതരിപ്പിച്ചതിനാലാണ്.

ഗ്രാമാന്തരീക്ഷ സിനിമകളിലേറെയും നഗരത്തെ കാപട്യലോകവും, കുറ്റകൃത്യഭൂമികയായും ചിത്രീകരിക്കുകയും നാട്ടിന്‍പുറത്തെ നന്മയുടെ വിളഭൂമിയായി മഹത്വവല്‍ക്കരിക്കാനുമാണ് മിക്കപ്പോഴും ശ്രമിക്കാറുള്ളത്. എന്നാലിവിടെ ചെറുതും വലുതുമായ കള്ളങ്ങളുടെയും കാപട്യങ്ങളുടെയും സ്വാര്‍ത്ഥതയുടെയും കുറ്റകൃത്യങ്ങളുടെയും കളിക്കളമാണ് ഗ്രാമം. തോടും പുഴയും കാത്തിരിപ്പുകേന്ദ്രവും മൈതാനവും ക്ലബ്ബും കള്ളു ഷാപ്പുമെല്ലാം കടന്നുവരുന്നുണ്ടെങ്കിലും അവയൊന്നും കഥാവഴിയിലേക്ക് എച്ചുകെട്ടിയവയല്ല. അതേ സമയം തന്നെ ക്ലബ്ബ് വാര്‍ഷികത്തിലൂടെയും ഷാപ്പിലെ പാട്ടായും ഗ്രാമ്യബിംബങ്ങളെ ബോധപൂര്‍വ്വം കടത്തിവിടുന്നുമുണ്ട് സംവിധായകന്‍. ടി എസ് അര്‍ജുനാണ് രക്ഷാധികാരി ബിജു ഒപ്പ് എന്ന സിനിമയുടെ കഥ രചിച്ചിരിക്കുന്നത്. വിജയഫോര്‍മുലകളെ പിന്തുടരാതെ ഫ്രഷ് ആയൊരു കഥാതന്തു സൃഷ്ടിച്ച ഈ തുടക്കക്കാരനും അഭിനന്ദനം.

ഫയര്‍ ഡാന്‍സില്‍ നിന്ന് അഭിനയരംഗത്തെത്തി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ വിനായകന്‍ ചാനല്‍ അഭിമുഖത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞത് മതിമറന്ന് നൃത്തം ചെയ്യുന്നതിനെക്കുറിച്ചായിരുന്നു. ലയിച്ച് ഡാന്‍സ് ചെയ്താല്‍ തീരാത്ത പ്രശ്‌നമുണ്ടോ എന്നും വിനായകന്‍ ചോദിച്ചിരുന്നു. ബാഹ്യവും ആന്തരികവുമായ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും പരിഹരിക്കാനുള്ള ഒറ്റമൂലിയല്ല നൃത്തമെങ്കിലും ഡാന്‍സിലൂടെ, ഡാന്‍സ് ചെയ്യാന്‍ ക്ഷണിക്കുന്നതിലൂടെ വിനായകന്‍ വിശദീകരിച്ചൊരു ഫിലോസഫിയുണ്ട്. ഇതിന് സമാനമാണ് എല്ലാം മറന്ന്, ജയമോ തോല്‍വിയോ കാര്യമാക്കാതെ കളിക്കാനിറങ്ങാനുള്ള കളിസ്ഥലത്തെക്കുറിച്ച് ബൈജുവും പറയുന്നത്. നിറവും, ജാതിയും, രാഷ്ട്രീയവുമൊക്കെ കളക്കളിക്ക് മുതിരുമ്പോള്‍ പൊതുകളിസ്ഥലത്തിന്റെ ആവശ്യകത അത് നാട്ടിന്‍പുറത്തിന് മാത്രം അനിവാര്യമായ ഒന്നല്ലെന്ന് സിനിമ അടിവരയിടുന്നുണ്ട്. നീട്ടിപ്പറഞ്ഞ് രസംകളയുന്നുവെന്ന വിയോജിപ്പിനെ നിലനിര്‍ത്തിക്കൊണ്ട് ഈ സിനിമയെ പിന്തുണയ്ക്കുന്നു. വിശാലാര്‍ത്ഥത്തില്‍ ജീവിതത്തെ തന്നെയാണ് രഞ്ജന്‍ പ്രമോദ് ഈ കളിമൈതാനത്തിലൂടെ വായിച്ചെടുക്കുന്നത്. ബൈജുവിന്റെ സഹോദരിയെ കഥാപശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കുന്നതും അനുബന്ധരംഗങ്ങളും മാത്രമാണ് ഏച്ചുകെട്ടിയതായി അനുഭവപ്പെട്ടത്. സാരോപദേശ സ്വഭാവത്തില്‍ എല്ലാവരും ബൈജുവിനാല്‍ നവീകരിക്കപ്പെടുന്നു എന്ന ട്രീറ്റ്‌മെന്റും വിയോജിപ്പുണ്ടാക്കുന്നു.

ഏകദേശം നൂറിലേറെ അഭിനേതാക്കളുള്ള ചിത്രം സിങ്ക് സൗണ്ടിന് ഉപയോഗപ്പെടുത്തി ചിത്രീകരിക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണ്. അവതരണത്തില്‍ സ്വാഭാവികത നിലനിര്‍ത്താന്‍ തല്‍സമയ ശബ്ദസന്നിവേശം നന്നായി ഗുണം ചെയ്തിട്ടുണ്ട്. പാട്ടിലോ നായകനോ നായികയോ നഗരമധ്യത്തിലെത്തിയ മുഹൂര്‍ത്തങ്ങളിലോ പാസിംഗ് ഷോട്ടില്‍ മാത്രം സമൂഹത്തിന് ഇടം ലഭിക്കുന്ന വാണിജ്യ സിനിമകള്‍ക്കിടയില്‍ ഒരു നാടിനെ നായകകേന്ദ്രീകൃതമല്ലാതെ അവതരിപ്പിച്ച് വിജയിക്കുന്നുണ്ട് രക്ഷാധികാരി ബൈജു ഒപ്പ്. സിങ്ക് സൗണ്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച പി ബി സ്മിജിത് കുമാറും ശബ്ദരൂപകല്‍പ്പന നിര്‍വഹിച്ച പ്രമോദ് തോമസും ഈ സിനിമയുടെ മികവില്‍ നിര്‍ണായകവുമാണ്. ബിജിബാല്‍ ആണ് സംഗീതവും പശ്ചാത്തല സംഗീതവും. സിനിമയുടെ ഭാവത്തെ കുറേക്കൂടി ആസ്വാദകരോട് ചേര്‍ത്തുനിര്‍ത്തുന്ന രീതിയിലാണ് ബിജിബാലിന്റെ പശ്ചാത്തല സംഗീതം. പശ്ചാത്തല സംഗീതം സിനിമയില്‍ നിന്നും കഥാന്തരീക്ഷത്തില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതാവണമെന്ന വാശിയില്‍ ഭക്തിഗാനമൊരുക്കുന്ന സംഗീത സംവിധായകര്‍ക്ക് കണ്ട് പഠിക്കാനുള്ളത് കൂടിയാണ് ആഖ്യാനത്തോട് ലയിച്ച് നീങ്ങുന്ന ബിജിബാലിന്റെ പശ്ചാത്തലസംഗീതം. ഏഴു പാട്ടുകളും ഗാനശകലങ്ങളായി കഥാന്തരീക്ഷത്തില്‍ ലയിച്ചുചേര്‍ന്നവയാണ്. ചില ഗാനങ്ങള്‍ അനവസരത്തിലാണോ കഥയിലേക്ക് കടന്നുവരുന്നതെന്ന് തോന്നിയിരുന്നു.

ഓര്‍ഡിനറിയിലെ ഡ്രൈവര്‍ സുകു എന്ന കഥാപാത്രത്തിന്റെ ഹാംഗ് ഓവര്‍ അടുത്ത കാലം വരെ ബിജുമേനോന്‍ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ മൂളലും നീട്ടലുമായി തങ്ങിനിന്നിരുന്നു. അനുരാഗ കരിക്കിന്‍വെള്ളത്തിലെ രഘുവിലെത്തിയപ്പോള്‍ സുകു പൂര്‍ണമായും ഇറങ്ങിപ്പോയതായും അനുഭവപ്പെട്ടു. രക്ഷാധികാരി ബിജുവായി ബിജുമേനോന്‍ കരിയറിലെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച അഭിനയം തന്നെയാണ് സമ്മാനിച്ചത്. സ്വാഭാവികതയില്‍ നിന്ന് ഒരു ഘട്ടത്തിലും പിന്നോക്കം പോകാതെ ബൈജുവില്‍ കുടിയിരിക്കാന്‍ ബിജു മേനോന് കഴിഞ്ഞു. അഭിനേതാവ് എന്ന നിലയില്‍ ശരിക്കും അതിശയിപ്പിക്കുന്നുണ്ട് ബിജു മേനോന്‍. ഹരീഷ് പെരുമണ്ണയുടെ ബുദ്ധിവളര്‍ച്ചയില്ലാത്ത കഥാപാത്രത്തെ ബുദ്ധിമാനായാണ് ബൈജു പരിഗണിക്കുന്നത്. കാഴ്ചയില്‍ കൗതുകവും രസവും കുറുമ്പുമായി മുന്നേറുന്ന ഹരീഷ് പെരുമണ്ണ ഔട്ട്സ്റ്റാന്‍ഡിംഗ് പ്രകടനമാണ് നടത്തിയത്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശരീരഭാഷയില്‍ അയവ് വരുത്തുന്നതില്‍ അജു വര്‍ഗ്ഗീസിന് പരിമിതിയുള്ളതായി ചിലപ്പോഴെങ്കിലും തോന്നിയിരുന്നു. ഇവിടെ ബിജു മേനോനും ഹരീഷിനുമൊപ്പം തനിനാടനായി ഓള്‍റൗണ്ടറായി മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട് അജു. അജുവിന്റെ അഭിനയത്തിലെ മുന്നേറ്റം കൂടിയാണ് രക്ഷാധികാരി ബൈജു ഒപ്പ്. ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന അമേരിക്കക്കാരനും അലന്‍സിയറുടെ കള്ളുഷാപ്പിന്റെ വഴക്കമുള്ള പാട്ടുകാരനുമൊക്കെ നമ്മള്‍ നഷ്ടമായി ഇടക്കിടെ ഓര്‍ക്കുന്ന സ്വാഭാവികതയുടെ അഴകുള്ള നടന്‍മാര്‍ക്ക് പകരക്കാരാകുന്നുണ്ട്. ദീപക് പറമ്പോല്‍, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ്, ചേതന്‍ ജയലാല്‍,നെബീഷ്, ഇന്‍ഡി പള്ളാശേരി, ഉണ്ണി രാജന്‍ പി ദേവ് എന്നിവരും നന്നായിട്ടുണ്ട്. നടിമാരില്‍ ശ്രീകല, ഹന്ന എന്നിവരുടേതും സ്വാഭാവിക ചാരുതയുള്ള പ്രകടനമാണ്, എടുത്ത് പറയേണ്ടത് ശ്രീകലയുടെ അഭിനയമാണ്. ഇനിയുമുണ്ട് പരിചിതരല്ലാത്ത എന്നാല്‍ പ്രകടനം കൊണ്ട് അടുപ്പമുണ്ടാക്കിയ കുറേ അഭിനേതാക്കള്‍.

ബൈജുവും കൂട്ടരും ആദ്യം പങ്കെടുക്കുന്ന കല്യാണം പിന്നീടുള്ള ക്ലബ്ബ് വാര്‍ഷികം എന്നിവ രസകരമായി ചിത്രീകരിച്ചപ്പോഴും സമഗ്രതയില്‍ ഛായാഗ്രഹണം പോരായ്മകളുടേതാണ്. ഫോക്കസ് ഔട്ടായ രംഗങ്ങളും കഥാന്തരീക്ഷത്തിന്റെ സ്വാഭാവികതയോട് ചേര്‍ന്ന് നീങ്ങാത്ത ഫ്രെയിമുകളും നിരവധിയുണ്ട്. പയ്യോളിയിലും പരിസരത്തുമായി സിനിമാ സെറ്റ് തോന്നലുണ്ടാക്കാതെ ഗ്രാമാന്തരീക്ഷവും കടയും കവലയുമെല്ലാം ഒരുക്കിയ കലാസംവിധായകനും മേന്മയനുഭവപ്പെടുത്തിയിട്ടുണ്ട്. താരങ്ങളെയത്രയും നാടനാക്കി മാറ്റിയതില്‍ സമീറാ സനീഷിന്റെ മിടുക്കും കാണാം.

തിരക്കഥാകൃത്തില്‍ നിന്ന് സംവിധായകനിലേക്ക് കളം മാറിയപ്പോള്‍ ജനപ്രിയതയുടെ രസപ്പൊരുത്തം ആവര്‍ത്തിക്കാനാകാതെ പോയ രഞ്ജന്‍ പ്രമോദിന്റെ നല്ല തിരിച്ചുവരവ് തന്നെയാണ് രക്ഷാധികാരി ബൈജു ഒപ്പ്. ജീവിതഗന്ധിയായ രചനകളിലൂടെ എഴുത്തുകാരനായും സംവിധായകനായും ഇദ്ദേഹത്തില്‍ ഇനിയും വിശ്വാസമര്‍പ്പിക്കാമെന്ന് ഈ സിനിമ ഉറപ്പുനല്‍കുന്നുണ്ട്. അവധിക്കാല റിലീസുകളില്‍ പ്രേക്ഷകരോട് നീതി പുലര്‍ത്തുന്നതില്‍ മുന്നിലാണ് രക്ഷാധികാരി ബൈജുവിന്റെ സ്ഥാനം. ബാഹുബലിയുടെ ബ്രഹ്മാണ്ഡ വരവില്‍ രക്ഷാധികാരി ബൈജുവിന് കളിസ്ഥലം നഷ്ടമാകുമെന്ന ആശങ്ക പലയിടങ്ങളിലായി ഉയര്‍ന്നുകേട്ടു. ആസ്വാദകരുടെ തെരഞ്ഞെടുപ്പിനായ് ബാഹുബലിക്കൊപ്പം ബൈജുവിനും അവസരം നല്‍കൂ.