രാമലീല :

നിറം മാറുന്ന ത്രില്ലര്‍ 

September 28, 2017, 8:02 pm
നിറം മാറുന്ന ത്രില്ലര്‍ 
Movie Reviews
Movie Reviews
നിറം മാറുന്ന ത്രില്ലര്‍ 

രാമലീല :

നിറം മാറുന്ന ത്രില്ലര്‍ 

Movie Rating

★★★★★ ★★★★★

ദിലീപ് നായകനായ രാമലീല പറയുന്നത് രാഷ്ട്രീയമല്ല, രാഷ്ട്രീയത്തിനുള്ളിലെ അധര്‍മ്മമാണ്. ചിത്രം വാണിജ്യസിനിമാ ചേരുവകളാല്‍ നിശ്ചയിക്കപ്പെട്ട അളവുകോലുകള്‍ കൊണ്ട് വരച്ചെടുക്കപ്പെട്ട ചതുരക്കള്ളിയിലാണ് നിലകൊള്ളുന്നത്. നായകനും പ്രതിനായകനും അനുചരസംഘവും രാമലീലയിലുണ്ട്. രക്തസാക്ഷി രാഘവന്റെ മകനായ അഡ്വക്കേറ്റ് രാമനുണ്ണി രാഷ്ട്രീയത്തില്‍ എത്തുകയും എംഎല്‍എ ആവുകയും ചെയ്യുന്നു. എംഎല്‍എ സ്ഥാനം രാജിവച്ച് എതിര്‍പാര്‍ട്ടിയിലേക്ക് വരുന്നിടതാണ് സിനിമയുടെ ആരംഭം. തുടര്‍ന്നങ്ങോട്ട് രാമനുണ്ണിയുടെയും രക്തസാക്ഷിയായ പിതാവിന്റയും ജീവിതവും നിലനില്‍ക്കുന്ന രാഷ്ട്രീയ അധാര്‍മ്മികതകളിലൂടെയും സിനിമ വളരുന്നു. പകുതിയോടടുക്കുമ്പോള്‍ അപ്രതീക്ഷിതമെന്നു തോന്നുന്ന ഒരു കൊലപാതകത്തിലൂടെ സിനിമ ത്രില്ലെര്‍ സ്വഭാവത്തിലേക്കു മാറുന്നു. ദിലീപ് എന്ന നടന്‍ രാമനുണ്ണി എന്ന കഥാപാത്രത്തിന് എത്രമാത്രം അനുയോജ്യനാണെന്ന് വിലയിരുത്തുമ്പോള്‍ നിരാശയാണ് തോന്നുകയെങ്കിലും മുന്‍കാല ചിത്രങ്ങളുടേ മടുപ്പിക്കല്‍ പ്രതികരണങ്ങളോ അസഹനീയ ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ആവര്‍ത്തനസ്വഭാവമുള്ള ഭാവചലനങ്ങളോ പ്രകടിപ്പിക്കുന്നില്ല. ഒരു സംവിധായകന്‍ എന്ന നിലയില്‍ അരുണ്‍ ഗോപിയുടെ നേട്ടമാണിത്.

ദിലീപ് എന്ന നടന്‍ എല്ലാക്കാലവും പിന്‍പറ്റിപോന്ന അഭിനയത്തിന്റെ പൊളിച്ചെഴുത്തും സാധിക്കുന്നുണ്ട്. ത്രില്ലെര്‍ സിനിമകളുടെ ചേരുവയില്‍ കൃത്യമായ അളവില്‍ സെന്റിമെന്റ്‌സും ചടുല സംഭാഷണങ്ങളും കോര്‍ത്തിണക്കിയതിലാണ് തിരക്കഥാകൃത്തിന്റെ മികവ്. പക്ഷെ ഇതേ മികവില്‍ത്തന്നെ ഒരുക്കിയ 'റണ്‍ ബേബി റണ്‍' പലയിടത്തും ഓര്‍മിപ്പിച്ചു. 'റണ്‍ ബേബി'യില്‍ ടെലിവിഷന്‍ ചാനല്‍ ആയിരുന്നുവെങ്കില്‍ രാമലീല യില്‍ ന്യൂസ് പോര്‍ട്ടല്‍ ആണെന്ന് മാത്രം. ഇതിനുള്ള മറുപടി സച്ചി ഒരു അഭിമുഖത്തില്‍ പറഞ്ഞത് 'റണ്‍ ബേബി റണ്‍ കഴിഞ്ഞപ്പോള്‍ അതുപോലൊരു സിനിമ ചെയ്യണ'മെന്ന് ദിലീപ് അവശ്യപ്പെടുകയായിരുന്നു എന്നാണ്. പക്ഷെ സച്ചിയെപ്പോലെ വാണിജ്യസിനിമാ രസക്കൂട്ടുകള്‍ കൃത്യമായ അളവില്‍ സന്നിവേശിപ്പിക്കാന്‍ അറിയാവുന്ന ഒരാള്‍ക്ക് ഈ ആവശ്യം അതേപടി സ്വീകരിക്കേണ്ടതുണ്ടായിരുന്നോ എന്ന് രാമലീല മുന്നോട്ടു വയ്ക്കുന്ന ചോദ്യമാണ്. റണ്‍ ബേബി റണ്ണില്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലെ ഗാലറി പ്രധാന മുഹൂര്‍ത്തങ്ങളുടെ വേദിയായപ്പോള്‍ രാമലീലയില്‍ പാലക്കാടന്‍ ഗ്രാമത്തിലെ കാല്‍പ്പന്തുകളിയുടെ കെട്ടിയുയര്‍ത്തിയ ഗാലറിയാവുന്നു എന്ന വ്യത്യാസം മാത്രം. മദ്യപിക്കുന്ന നായികയും പുരോഗമന സ്വഭാവമുള്ള എഴുത്തുകാരനുമായ അച്ഛനും പുതുമകളൊന്നും നല്‍കിയില്ല.

നിര്‍മ്മാതാവായ സുരേഷ്‌കുമാര്‍ ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. എന്നാല്‍ രണ്‍ജി പണിക്കരെയും സായ്കുമാറിനെയും സലംകുമാറിനെയും പോലുള്ളവരെ വേണ്ടത്ര പരിഗണിക്കാനായിട്ടില്ലെന്നുള്ളതും ഒരു പോരായ്മായായി തോന്നാവുന്നതാണ്.

ഒരു ഘട്ടത്തില്‍ പോലും സിനിമ ത്രില്ലെര്‍ സ്വഭാവത്തില്‍ നിന്നും മാറുന്നില്ല എന്നത് ശ്രദ്ധേയമാണ്. അന്തംവിട്ട സംഘട്ടന രംഗങ്ങള്‍ ഇല്ലെന്നുള്ളതും ശ്രദ്ധേയമായി. ഗാനരംഗങ്ങള്‍ മറ്റു പല ചിത്രങ്ങളെയും ഓര്‍മിപ്പിച്ചു. പക്ഷെ സിനിമയുടെ വികാസത്തിന് സഹായകമാകുന്ന രീതിയിലാണ് സന്നിവേശിപ്പിച്ചത് എന്നതിനാല്‍ അരോചകമായില്ല. പ്രേക്ഷകനെ രസിപ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ രാമലീലക്ക് കഴിയുന്നുണ്ട്. മറ്റു മുന്‍വിധികള്‍ ഒന്നും ഇല്ലാതെ തിയേറ്ററില്‍ എത്തിയാല്‍ ഈ രാമന്‍ നിരാശപ്പെടുത്തില്ല.