രാമന്റെ ഏദന്‍തോട്ടം :

കടലാസില്‍ തീര്‍ത്ത പൂങ്കാവനം 

May 12, 2017, 9:05 pm
കടലാസില്‍ തീര്‍ത്ത പൂങ്കാവനം 
Movie Reviews
Movie Reviews
കടലാസില്‍ തീര്‍ത്ത പൂങ്കാവനം 

രാമന്റെ ഏദന്‍തോട്ടം :

കടലാസില്‍ തീര്‍ത്ത പൂങ്കാവനം 

Movie Rating

★★★★★ ★★★★★

രഞ്ജിത്ത് ശങ്കര്‍ കരിയറില്‍ ആദ്യമായി കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് 'രാമന്റെ ഏദന്‍തോട്ടം'. ഭേദപ്പെട്ട എന്റര്‍ടെയ്‌നറായിരുന്ന 'പ്രേതം' തീയേറ്ററുകളിലെത്തി ഒരു വര്‍ഷത്തിനകമാണ് ഡ്രീംസ് ആന്റ് ബിയോണ്ട് എന്ന സ്വന്തം ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ പുതിയ ചിത്രവുമായി എത്തിയിരിക്കുന്നത്. ഏദന്‍ തോട്ടത്തിലെ 'രാമന്‍' എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. പ്രൊഫഷണല്‍ ജീവിതത്തില്‍ വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കെ പ്രകൃതിയുടെ വിളിയാല്‍ അതെല്ലാമുപേക്ഷിച്ച് പുറപ്പെട്ടയാളാണ് രാമന്‍. നഗരങ്ങളില്‍ വനങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിലാണ് ഇപ്പോള്‍ അയാളുടെ ആനന്ദം, ജീവിതവും. ഒപ്പം ഹൈറേഞ്ചില്‍ സഞ്ചാരികളെ കാത്ത് പ്രകൃതിയുടെ തണലില്‍ സവിശേഷതയുള്ള 'ഏദന്‍' എന്ന റിസോര്‍ട്ടും അയാള്‍ നടത്തുന്നുണ്ട്. വെറും വിശ്രമദിനങ്ങളല്ല, മറിച്ച് നഗരജീവിതത്തിന്റെ വേഗങ്ങള്‍ക്കിടെ നഷ്ടപ്പെട്ടുപോയ മനുഷ്യര്‍ക്ക് സ്വയം വീണ്ടെടുക്കാനാവുന്ന ഒരു പുനരുജ്ജീവനകേന്ദ്രമാണ് രാമന്റെ വിഭാവനയില്‍ 'ഏദന്‍'. 'ഏദനി'ല്‍ പലപ്പോഴായി വന്നുപോകുന്ന നൂറുകണക്കിന് അതിഥികളില്‍ ഒരു സ്ത്രീയുമായി രാമനുണ്ടാവുന്ന സവിശേഷബന്ധത്തിലേക്കാണ് സിനിമ കണ്ണയയ്ക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ 
കുഞ്ചാക്കോ ബോബന്‍ 

വനം പശ്ചാത്തലമാക്കുന്ന സിനിമകള്‍ മുന്‍പെന്നത്തേക്കാള്‍ കൂടിയിട്ടുണ്ട് ഇക്കാലത്ത്. കാട്ടിലേക്ക്/ പ്രകൃതിയിലേക്ക് മടങ്ങാനുള്ള ആധുനികമനുഷ്യന്റെ 'ത്വര' ഒരുകാലത്ത് ആര്‍ട്ട്ഹൗസ് ഫിലിംമേക്കേഴ്‌സാണ് കൂടുതല്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ മലയാളത്തില്‍പ്പോലും ഇന്ന് മുഖ്യധാരയിലും കഥപറച്ചിലിന്റെ പശ്ചാത്തലത്തില്‍ കാട് കടന്നുവരുന്ന സിനിമകള്‍ കൂടി. മുഖ്യധാരയില്‍ കാട് പശ്ചാത്തലമാക്കുന്നതില്‍ കൂടുതല്‍ ചിത്രങ്ങളും ത്രില്ലര്‍ വിഭാഗത്തിലാവുമ്പോള്‍ ആര്‍ട്ട്ഹൗസ് ശ്രേണി ആ പശ്ചാത്തലത്തില്‍ കൂടുതലും ചര്‍ച്ചചെയ്യാന്‍ താല്‍പര്യപ്പെടുന്നത് നാഗരികതയില്‍ സ്വയം നഷ്ടപ്പെടുന്ന മനുഷ്യന്റെ അസ്ഥിത്വപ്രതിസന്ധിയാണ്. രണ്ടാമത് പറഞ്ഞ വ്യഥയല്ലെങ്കിലും 'രാമന്റെ ഏദന്‍തോട്ട'ത്തിലൂടെ രഞ്ജിത്ത് ശങ്കര്‍ പറയാന്‍ ശ്രമിച്ചിരിക്കുന്നത് പ്രകൃതിയെ അറിഞ്ഞ പുരുഷനിലൂടെ വീട്ടമ്മയായ ഒരു സ്ത്രീയ്ക്കുണ്ടാവുന്ന പരിണാമമാണ്. 'പുണ്യാളന്‍ അഗര്‍ബത്തീസി'ലും കഴിഞ്ഞ ചിത്രമായ 'പ്രേത'ത്തിലുമൊക്കെ വ്യത്യസ്തമായ വിഷയങ്ങളിലൂന്നിയുള്ള അത്തരം ശ്രമങ്ങള്‍ പരാജയപ്പെടാതെ കരയ്ക്കടുപ്പിച്ച സംവിധായകനാണ് അദ്ദേഹമെന്നതിനാല്‍ 'രാമനി'ലും അയാളുടെ 'ഏദന്‍തോട്ട'ത്തിലും പ്രതീക്ഷ ഉയരുക സ്വാഭാവികം. പക്ഷേ 'പ്രേത'ത്തിലൂടെ തന്നിലെ ക്രാഫ്റ്റ്‌സ്മാന്റെ വളര്‍ച്ച സൂചിപ്പിച്ച രഞ്ജിത്ത് ശങ്കര്‍ ഇക്കുറി നിരാശപ്പെടുത്തുന്നുവെന്ന് മാത്രം.

രാമന്റെ ഏദന്‍തോട്ടം 
രാമന്റെ ഏദന്‍തോട്ടം 

വനത്തിന്റെ പശ്ചാത്തലത്തില്‍ ദൃശ്യപ്രധാനമാവേണ്ട ആദ്യപകുതിയില്‍ അതിനുള്ള ശ്രമം സംവിധായകന്റെ ഭാഗത്തുനിന്നില്ല. മറിച്ച് കഥാപാത്രങ്ങള്‍ക്ക് തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ എഴുതിവച്ചത് പറയുമ്പോള്‍ പശ്ചാത്തലമാവാനുള്ള നിയോഗമേ ഇവിടെ കാടിനുള്ളൂ. മധു നീലകണ്ഠന്‍ എന്ന മികവുറ്റ ഛായാഗ്രാഹകനെ ലഭിച്ചിട്ടും ഇത്തരത്തിലൊരു സിനിമയ്ക്കുള്ള ദൃശ്യപരമായ സാധ്യതകള്‍ അന്വേഷിച്ചിട്ടില്ല രഞ്ജിത്ത്. കൊച്ചി നഗരത്തില്‍ നിന്നുള്ള രണ്ട് കുടുംബങ്ങളുടെ 'ഏദന്‍ ദിനങ്ങളാ'ണ് സിനിമയുടെ ആദ്യപകുതി. നഗരത്തിന്റെ 'മുഷ്‌കു'മായി എത്തുന്നതിനാലും 'പ്രകൃതിയുടെ മടിത്തട്ടില്‍' പരിവര്‍ത്തനപ്പെടേണ്ടവരായതിനാലും 'ഏദനി'ലെത്തുന്ന കഥാപാത്രങ്ങളില്‍ പലരെയും ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് തട്ടിക്കയറുന്നവരായാണ് സംവിധായകന്‍ തുടക്കത്തില്‍ അവതരിപ്പിക്കുന്നത്. അകാരണമായ ദേഷ്യം, വിശേഷിച്ചും സ്ത്രീകഥാപാത്രങ്ങളുടേത് കൃത്രിമമായി അനുഭവപ്പെടുന്നു. മൂന്ന് വര്‍ഷംകൊണ്ട് നഗരങ്ങളില്‍ 32 വനങ്ങള്‍ വച്ചുപിടിപ്പിച്ചതായി (!) അവകാശപ്പെടുന്ന നായകനെ അവതരിപ്പിച്ചിരിക്കുന്നത് കണ്ടാല്‍ അയാള്‍ ബഡായി പറയുന്നതായേ തോന്നൂ. ചാക്കോച്ചനിലെ നടന്റെ എന്തെങ്കിലും കുഴപ്പം കൊണ്ടല്ല ഇത്. 'രാമനി'ലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിക്കുന്ന ഫിലോസഫി ഉള്‍ക്കൊണ്ടുള്ള ശരീരഭാഷയിലാണ് കുഞ്ചാക്കോ ബോബനെങ്കിലും തിരക്കഥയിലെ ദൗര്‍ബല്യത്താല്‍ പൂര്‍ണബോധ്യമാവാതെ പോകുന്നു നായകന്‍. പ്രകൃതിയുടെ തുടിപ്പുകള്‍ സ്വന്തം ഹൃദയത്തുടിപ്പാക്കിയ ഒരാളാണ് രാമനെന്ന മട്ടില്‍ അയാളെക്കൊണ്ടും മറ്റുള്ളവരെക്കൊണ്ടും പറയിക്കുന്നുണ്ടെങ്കിലും ഫലത്തില്‍ വ്യക്തിത്വ വികസനത്തില്‍ അഭിരുചിയുള്ള, സഹൃദയനായ ഒരു റിസോര്‍ട്ട് ഉടമയായേ രാമനെ അനുഭവപ്പെടുന്നുള്ളൂ. പാത്രസൃഷ്ടികള്‍ക്കൊപ്പം സന്ദര്‍ഭങ്ങളിലും കൃത്രിമത്വം അനുഭവപ്പെടുത്തുന്ന, പ്രേക്ഷകരെ പരിഗണിക്കുന്നതായി തോന്നാത്ത ആദ്യപകുതി ഒരു റിസോര്‍ട്ടിന്റെ പരസ്യം ഒരു മണിക്കൂര്‍ നേരത്തേക്ക് വലിച്ചുനീട്ടിയതായി തോന്നിയാല്‍ കുറ്റപ്പെടുത്താനാവില്ല. പച്ചപ്പും തണുപ്പുമൊക്കെയുള്ള കാടാണ് ഉടനീളം പശ്ചാത്തലത്തിലെങ്കിലും ക്യാമറയ്ക്ക് പിന്നില്‍ മധു നീലകണ്ഠന്‍ എന്ന ഛായാഗ്രാഹകനാണ് എന്നിരിക്കിലും കഥാപാത്രങ്ങളുടെ കൃത്രിമ ഭാഷണങ്ങളും പെരുമാറ്റവും കൊണ്ടാവാം വിരസമാണ് ആദ്യപകുതി.

വനാന്തരത്തിലെ ആദ്യപകുതിയില്‍ നിന്ന് സിനിമയെ കൊച്ചി നഗരത്തിലേക്ക് പറിച്ചുനടുകയാണ് സംവിധായകന്‍ രണ്ടാംപകുതിയില്‍. ടൈറ്റിലിലുള്ള 'ഏദനി'ലെ രാമനല്ല പ്രധാനകഥാപാത്രമെന്നും അത് മാലിനി എന്ന സ്ത്രീകഥാപാത്രമാണെന്നും പറയുന്നതാണ് രണ്ടാംപകുതി. ഭാര്യമാര്‍ 'അടങ്ങിയൊതുങ്ങി ജീവിക്കേണ്ടവരാ'ണെന്ന ഉറച്ച ബോധ്യമുള്ള ഒരു പുരുഷനൊപ്പം ജീവിക്കുന്നതിന്റെ എല്ലാവിധ അസ്വസ്ഥകളും പേറുന്ന മാലിനിക്ക് രാമനിലൂടെയുണ്ടാവുന്ന പരിവര്‍ത്തനത്തിലാണ് സിനിമയുടെ മുന്നോട്ടുപോക്ക്. തന്നില്‍ ഉറങ്ങിക്കിടക്കുന്ന കലാകാരിയെയും അഭിമാനത്തെത്തന്നെയും അതിലൂടെ അവര്‍ വീണ്ടെടുക്കുന്നു. പക്ഷേ അന്ത്യത്തില്‍ മാലിനി സ്വന്തം നിലപാട് വ്യക്തമാക്കുംവരേയ്ക്കും ഒരു സാധാരണ കുടുംബചിത്രമായി ചുരുങ്ങുന്നു 'രാമന്റെ ഏദന്‍തോട്ടം'.

അനു സിത്താര 
അനു സിത്താര 

ആശയം നല്ലതുതന്നെയെങ്കിലും അത് നടപ്പിലാക്കാനാവുന്ന ഒരു തിരക്കഥ സൃഷ്ടിക്കാനായില്ല സംവിധായകന്. തങ്ങള്‍ക്കുവേണ്ടിയല്ലാതെ, സംവിധായകന്‍ തിരക്കഥയില്‍ എഴുതിവച്ചു എന്നതുകൊണ്ട് മാത്രം പലപ്പോഴും സംസാരിക്കുകയും പെരുമാറുകയും ചെയ്യേണ്ടിവരുന്ന കഥാപാത്രങ്ങളാല്‍ സമ്പന്നമാണ് സിനിമ. നായകനും നായികയുമടക്കമുള്ളവര്‍ ഇത്തരത്തില്‍ ദുര്‍ബലമായ പാത്രസൃഷ്ടിയുടെ പോരായ്മ പേറുന്നവരാണ്. മഹേഷ് നാരായണന്റെ 'ടേക്ക് ഓഫി'ലെ ഷഹീദായി നടത്തിയ മികച്ച പ്രകടനത്തിന് ശേഷം ചാക്കോച്ചന്‍ സ്‌ക്രീനിലെത്തുന്ന ചിത്രമാണ് 'രാമന്റെ ഏദന്‍തോട്ടം'. കുഞ്ചാക്കോ ബോബനിലെ നടന്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ ചിത്രമായും തോന്നുന്നുണ്ട് 'ഏദനി'ലെ 'രാമനെ' കാണുമ്പോള്‍. 'പ്രകൃതിജീവനം' നയിക്കുന്ന ഒരാളുടെ ധ്യാനപൂര്‍ണതയും അനായാസതയും അലിവുമൊക്കെ ശരീരഭാഷയില്‍ അദ്ദേഹം കൊണ്ടുവരുമ്പോഴും ആ കഥാപാത്രം പ്രേക്ഷകരില്‍ നിന്ന് അകന്നുമാത്രം നില്‍ക്കുന്നതിന് കാരണം തിരക്കഥയിലെ പോരായ്മ തന്നെയാണ്. നഗരത്തില്‍ ജനിച്ചുവളര്‍ന്ന 'മാലിനി'യായി അനു സിത്താരയെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട്. അതേസമയം സിനിമയുടെ രണ്ടാംപകുതിയെ പലപ്പോഴും രക്ഷിച്ചെടുക്കുന്നത് അവരുടെ സ്‌ക്രീന്‍ പ്രസന്‍സുമാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി ചില നല്ല നിമിഷങ്ങളും സിനിമയിലുണ്ട്. അതെല്ലാം അനു സിത്താരയുടെ കഥാപാത്രത്തിന്റെ ഏകാന്തതയും സംഘര്‍ഷങ്ങളും 'രാമനു'മായുള്ള അവരുടെ സവിശേഷ ബന്ധവുമായും രൂപപ്പെട്ട് വരുന്നതാണ്. അതേസമയം സംവിധായകന്‍ കൂടിയായ തിരക്കഥാകൃത്തിന്റെ 'കൈകടത്തലി'ല്‍ സ്വത്വം നഷ്ടപ്പെടാത്തതായി തോന്നുന്ന ഒരു കഥാപാത്രവും സിനിമയിലുണ്ട്. അത് ജോജു ജോര്‍ജ്ജ് അവതരിപ്പിക്കുന്ന മാലിനിയുടെ ഭര്‍ത്താവായ, പരാജിതനായ ചലച്ചിത്ര നിര്‍മ്മാതാവിന്റെ വേഷമാണ്. നെഗറ്റീവ് പരിവേഷമുള്ള, തന്റേതായ നിലപാടുകളില്‍ ഉറപ്പുള്ള ആ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ട് അദ്ദേഹം. പ്രേക്ഷകരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ അതീവതാല്‍പര്യമുള്ളവരെപ്പോലെ പലപ്പൊഴും പെരുമാറുന്ന നായികാനായകന്മാര്‍, വൈകാരിക പാരവശ്യത്തിലും അധ്യാപകരിലുള്ള ഭയത്താല്‍ കര്‍ശനമായ ചിട്ടയോടെമാത്രം പെരുമാറുന്ന വിദ്യാര്‍ഥികളെയും ഓര്‍മ്മിപ്പിക്കുന്നു. അതേസമയം പോരായ്മകളെല്ലാം ഉള്ളപ്പോള്‍ത്തന്നെ നായികയായ 'മാലിനി'യുടെ തിരിച്ചറിവുകളിലും നിലപാടിലും 'സാധാരണ കുടുംബചിത്രങ്ങളി'ല്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു ചിത്രം.

'പ്രകൃതി' പശ്ചാത്തലത്തില്‍ വരുന്ന ഒരു ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം ബിജിബാലും കൈകാര്യം ചെയ്യുന്നു എന്നതുകൂടിയാണ് 'രാമന്റെ ഏദന്‍തോട്ടം' കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കാവുന്ന ഘടകങ്ങള്‍. 'കമ്മട്ടിപ്പാട'വും 'റാണി പദ്മിനി'യുമടക്കം ക്യാമറയില്‍ പകര്‍ത്തിയ മധു നീലകണ്ഠന്റെ ഛായാഗ്രഹണമികവിനെ പക്ഷേ ഉപയോഗിച്ചിട്ടേയില്ല രഞ്ജിത്ത് ശങ്കര്‍. കാടിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ആദ്യപകുതിയില്‍ അതിനുള്ള അപാരസാധ്യത ഉണ്ടായിരുന്നെങ്കിലും വേഗത്തില്‍, അലക്ഷ്യമായി ചിത്രീകരണം പൂര്‍ത്തിയാക്കിയതുപോലെയാണ് 'ഏദന്‍തോട്ട'ത്തിന്റെ ദൃശ്യാനുഭവം. ബിജിബാലിന്റെ പാട്ടുകള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നവയല്ലെങ്കിലും കേള്‍ക്കാനിമ്പമുള്ളതാണ്. 'മഹേഷിന്റെ പ്രതികാര'മടക്കം പശ്ചാത്തലസംഗീതത്തിലും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും ഇവിടെ ആ മേഖലയില്‍ ബിജിബാലിനെ സംവിധായകന്‍ ആവശ്യത്തിലധികം പണിയെടുപ്പിച്ചതുപോലെയാണ് തോന്നുന്നത്. പറയുന്നതിലുള്ള സംവിധായകന്റെ ആത്മവിശ്വാസമില്ലായ്മ വെളിവാക്കുംപോലെ തലങ്ങുംവിലങ്ങും ഉപയോഗിച്ചിരിക്കുന്ന ബിജിഎം എഴുന്നുനില്‍ക്കുന്നുണ്ട്. ചെയ്തത് ബിജിബാലാണ് എന്നതിനാല്‍ അവ അരോചകമാകുന്നില്ലെന്ന് മാത്രം. പശ്ചാത്തലസംഗീതം അല്‍പംകൂടി കൈയടക്കത്തോടെ ഉപയോഗിച്ചിരുന്നുവെങ്കില്‍ രക്ഷിച്ചെടുക്കാമായിരുന്ന രംഗങ്ങള്‍ രണ്ടാംപകുതിയിലുണ്ട്.

അനു സിത്താര, കുഞ്ചാക്കോ ബോബന്‍ 
അനു സിത്താര, കുഞ്ചാക്കോ ബോബന്‍ 

'രാമന്റെ ഏദന്‍തോട്ടം' എന്ന ടൈറ്റില്‍ മനോഹരമാണെങ്കിലും 'മാലിനി'യ്ക്ക് പ്രാധാന്യമുള്ള സിനിമയ്ക്ക് ആ പേരിട്ടത് ആശയക്കുഴപ്പത്തിനാണ് ഇടനല്‍കുക. മുന്‍കൂട്ടി തയ്യാര്‍ ചെയ്ത ഒന്ന് ദുര്‍ബലമായി നടപ്പാക്കാന്‍ ശ്രമിച്ചതിന്റെ കൃത്രിമത്വം അനുഭവിപ്പിക്കുന്ന, തിരക്കഥയുടെ കരുത്തില്ലായ്മയാല്‍ പാതിവഴിയില്‍ത്തന്നെ പരാജയം സമ്മതിച്ച ഒരു ചിത്രത്തിന്റെ കാഴ്ചാനുഭവമാണ് 'രാമന്റെ ഏദന്‍തോട്ടം' സമ്മാനിക്കുന്നത്.