റോള്‍ മോഡല്‍സ് :

മുഷിപ്പിക്കാത്ത ചിരി 

June 26, 2017, 8:53 pm
മുഷിപ്പിക്കാത്ത ചിരി 
Movie Reviews
Movie Reviews
മുഷിപ്പിക്കാത്ത ചിരി 

റോള്‍ മോഡല്‍സ് :

മുഷിപ്പിക്കാത്ത ചിരി 

Movie Rating

★★★★★ ★★★★★

മെക്കാര്‍ട്ടിനുമൊത്ത് ജനപ്രീതിയില്‍ മുന്നിലെത്തിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നര്‍മ്മരസപ്രധാനമായ നിരവധി സിനിമകളുടെ രചന നിര്‍വഹിക്കുകയും ചെയ്ത റാഫി 'റിംഗ് മാസ്റ്ററി'ന് ശേഷം സ്വതന്ത്ര സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് 'റോള്‍ മോഡല്‍സ്'. സമീപകാലത്ത് ഏറെ സൂക്ഷിച്ചുമാത്രം സിനിമകള്‍ തെരഞ്ഞെടുക്കുന്ന ഫഹദ് ഫാസില്‍ 'മഹേഷിന്റെ പ്രതികാര'ത്തിന് ശേഷം നായകനാവുന്ന ചിത്രവുമാണിത്. 'ടേക്ക് ഓഫി'ന് ശേഷം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന സിനിമയും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ പ്രഭയില്‍ നില്‍ക്കുന്ന വിനായകന്‍ ഫഹദിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും പ്രീ-റിലീസ് പരസ്യങ്ങള്‍ വഴി സിനിമ കാണാന്‍ പ്രേരിപ്പിച്ച ഘടകമാണ്.

പലകുറി വിജയംകണ്ട നര്‍മ്മത്തിന്റെ വഴിയേ തന്നെയാണ് ഇത്തവണയും റാഫിയുടെ ഡ്രൈവിംഗ്. ഗൗതം മേനോന്‍ എന്ന ടെക്കിയാണ് ഫഹദ് ഫാസിലിന്റെ കഥാപാത്രം. എന്തും മുന്‍കൂട്ടി നിശ്ചയിച്ച്, അണുവിട വ്യതിചലിക്കാതെ നടപ്പില്‍ വരുത്തുന്ന 'ടൈം ടേബിള്‍ ജീവി'യായ ഗൗതം, അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ചിത്രം 'നോര്‍ത്ത് 24 കാത'ത്തിലെ ഫഹദിന്റെതന്നെ നായകന്‍ ഹരികൃഷ്ണനെ പെട്ടെന്ന് ഓര്‍മ്മയിലെത്തിക്കും. പക്ഷേ ഗൗതത്തിന് ഇതല്ലാത്ത ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നും നിലവിലെ സ്ഥിതിയിലെത്താന്‍ എന്തായിരുന്നു കാരണമെന്നും ചിത്രം പറയുന്നു. ഒരു 'സ്വാഭാവിക ജീവി'യായി അയാളെ മടക്കിക്കൊണ്ടുവരാന്‍ സുഹൃത്തുക്കള്‍ നടത്തുന്ന ശ്രമങ്ങളും അതിനോടുള്ള ഗൗതത്തിന്റെ പ്രതികരണങ്ങളുമാണ് സിനിമയുടെ പ്രധാന ഭാഗം.

'ഇതൊരു ഹ്യൂമറസ് എന്റര്‍ടെയ്‌നറാണ്' എന്ന മട്ടില്‍ തീയേറ്ററുകളിലെത്തുന്ന ഉത്സവകാല റിലീസുകളുടെ അണിയറക്കാര്‍ പറഞ്ഞത്, ഒരു മുന്‍കൂര്‍ ജാമ്യമാവുന്ന അവസ്ഥയ്ക്ക് എത്രയോവട്ടം പ്രേക്ഷകര്‍ സാക്ഷികളായിട്ടുണ്ട്. സാമാന്യബുദ്ധിയും യുക്തിയുമൊക്കെ വീട്ടില്‍വച്ചിട്ട്, കാശ് കൊടുത്ത് ടിക്കറ്റെടുത്തതിനാല്‍ സ്വയം ഇക്കിളിയിട്ട് ചിരിക്കേണ്ട ചിത്രങ്ങളുടെ ഗണത്തിലേക്ക് 'റോള്‍ മോഡല്‍സ്' അമ്പേ വീണുപോകുന്നില്ല എന്നതുതന്നെ പ്രധാന ആശ്വാസം. ദൗര്‍ബല്യങ്ങളില്ലാത്ത തിരക്കഥയാണ് റാഫിയുടേത് എന്ന് ഇതിനര്‍ഥമില്ല. സിനിമയുടെ ടോട്ടാലിറ്റിയിലും പാത്രസൃഷ്ടികളിലുമൊക്കെയുള്ള 'കനമില്ലായ്മകളെ' സാന്നിധ്യം കൊണ്ട് മറികടക്കാവുന്ന അഭിനേതാക്കളെ കഥാപാത്രങ്ങളായി നിശ്ചയിക്കാന്‍ റാഫിയ്ക്കായി. അവര്‍ അത് നന്നായി നടപ്പിലാക്കുകയും ചെയ്തു.

നര്‍മ്മരംഗങ്ങള്‍ പലതവണ സ്‌ക്രീനില്‍ കണ്ടുമറന്നതും മറക്കാത്തതുമായ രംഗങ്ങള്‍ ഓര്‍മ്മയിലെത്തിക്കുന്നവയാണ്, പലപ്പൊഴും സംഭാഷണപ്രധാനവും. പക്ഷേ ഫഹദ് ഫാസിലും വിനായകനുമുള്‍പ്പെടെ ചിത്രത്തില്‍ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും തിരക്കഥാ ദൗര്‍ബല്യത്താല്‍ സംവിധായകന്‍ തെന്നി വീഴേണ്ടിടത്തൊക്കെ അദ്ദേഹത്തെ വീഴാതെ കാക്കുന്നു. ഫഹദ്, വിനായകന്‍, സ്രിന്റ, സിദ്ദിഖ് തുടങ്ങിയവരൊക്കെ പ്രതിഭാസ്പര്‍ശത്തിന്റെ തെളിവോടെ, പലപ്പൊഴും തിരക്കഥയുടെ ബലമില്ലായ്മ വെളിപ്പെടുന്ന രംഗങ്ങള്‍ രക്ഷിച്ചെടുക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നു. അപൂര്‍വ്വം നിമിഷങ്ങളിലൊഴികെ അവര്‍ അതിലെല്ലാം വിജയിക്കുകയും ചെയ്യുന്നു. സിനിമ ഏതായാലും ചെയ്യാന്‍ ഉറപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ കടുകിട വിട്ടുവീഴ്ചയ്ക്കില്ല എന്ന മട്ടിലാണ് ഗൗതമായി ഫഹദ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. ഗൗതം മേനോന്‍ പ്രേക്ഷകരുടെ യുക്തിക്ക് ഭീഷണി ഉയര്‍ത്താത്തതിന് പ്രധാനകാരണം ആ വേഷം ഫഹദ് ഫാസില്‍ അവതരിപ്പിച്ചു എന്നതാണ്. കൈവിട്ടുപോകാവുന്ന രംഗങ്ങള്‍ എത്തുമ്പൊഴും ഫഹദിലെ അഭിനേതാവിന്റെ 'ഗൗരവ'ത്തിന് തെല്ലും കുറവില്ല. പലപ്പൊഴും ആരംഭത്തിലേ ക്ലീഷേ മണക്കുന്ന രംഗങ്ങള്‍ കണ്ടിരിക്കാവുന്ന വിധമാക്കുന്നതും ചിലപ്പോഴൊക്കെ രസിപ്പിക്കുന്നതും അഭിനേതാക്കളുടെ പ്രകടനങ്ങളാണ്. 'പെര്‍ഫോമന്‍സ് ഓറിയന്റഡ്' ആയാണ് സിനിമയുടെ മുന്നോട്ടുപോക്ക്.

കഥയിലെ 'കാര്യങ്ങളി'ലും കഥാപാത്രങ്ങളുടെ നിര്‍മ്മിതിയിലുമൊക്കെ മുന്‍ വിജയചിത്രങ്ങളില്‍ നിന്ന് ശ്രദ്ധയോടെയുള്ള തുന്നിക്കൂട്ടലിന് എത്രയും ഉദാഹരണങ്ങളുണ്ട്. നായകന്റെ നിര്‍മ്മിതിയില്‍ പ്രകടമായുള്ള 'നോര്‍ത്ത് 24 കാതം' സ്വാധീനം പോലെ വിക്രത്തിന്റെ 'അന്യനും' എന്തിന് രാജ്കുമാര്‍ ഹിറാനിയുടെ '3 ഇഡിയറ്റ്‌സ്' വരെ പടം കണ്ടിരിക്കെ പലപ്പൊഴായി മനസിലെത്തും. വിനായകന്‍ ഉള്‍പ്പെടെ ചിത്രത്തിലെ മിക്ക അഭിനേതാക്കള്‍ക്കുമുള്ള കുപ്പായവും നിലവിലെ അവരവരുടെ സ്‌ക്രീന്‍ ഇമേജിന് ചേരുന്ന വിധത്തിലാണ് റാഫി തയ്ച്ചു കൊടുത്തിരിക്കുന്നത്. 'കമ്മട്ടിപ്പാട'ത്തെ ഗംഗയെ സ്പൂഫ് ചെയ്തതോ എന്ന് തോന്നിപ്പിക്കുംവിധമുള്ള കഥാപാത്രമാണ് വിനായകന്റേത്. രണ്‍ജി പണിക്കരുടെ കഥാപാത്രം അദ്ദേഹം ഈയിടെ അവതരിപ്പിച്ചുപോരുന്ന, നായകന്മാരുടെ അച്ഛന്‍ വേഷങ്ങളിലെ വൈവിധ്യങ്ങളുടെ തുടര്‍ച്ചയാവുമ്പോള്‍ ഷറഫുദ്ദീന്‍ അവസരത്തിന് അല്‍പം മണ്ടത്തരമൊക്കെ പറയുന്ന നായകന്റെ കൂട്ടുകാരനാവുന്നു.

ചുറ്റുപാടും കണ്ണോടിക്കാതെ അവനവനിലേക്ക് മാത്രമൊതുങ്ങി ഒരു 'മികച്ച പ്രൊഫഷണല്‍' ആവുക എന്നത് വേദവാക്യമാവുന്ന വിദ്യാഭ്യാസ സംസ്‌കാരത്തിനുള്ള വിമര്‍ശനമാണ് ചിത്രത്തിന്റെ അടിത്തറ. പക്ഷേ 'അനാവശ്യ' ഗൗരവത്തോടെ ഇത്രയും പ്രാധാന്യമുള്ളൊരു വിഷയത്തെക്കുറിച്ച് ഒരു ആക്ഷേപഹാസ്യം ചമയ്ക്കുക സംവിധായകന്റെ ഉദ്ദേശമല്ല. മറിച്ച് ഒരു എന്റര്‍ടെയ്‌നര്‍ ഒരുക്കുവാന്‍ സംവിധായകന്‍ കണ്ടെടുത്ത പരിസരമാകുന്നേയുള്ളൂ അത്. കണ്ടെത്താവുന്ന എല്ലാത്തരം പോരായ്മകള്‍ക്കിടയിലും അമ്പേ ബോറടിപ്പിക്കുന്ന ചിത്രമായി 'റോള്‍ മോഡല്‍സ്' മാറാത്തതിന് പിന്നില്‍ സാമാന്യം ദീര്‍ഘകാലത്തെ പ്രവൃത്തിപരിചയമുള്ള റാഫിയിലെ തിരക്കഥാകൃത്തുണ്ട്. അതിന്റെ ഘടനാപരമായ മികവാവണം പ്രതിഭാധനരായ അഭിനേതാക്കള്‍ക്കൊപ്പം ഈ കുറവുകള്‍ക്കിടയിലും റോള്‍ മോഡല്‍സിനെ ഒരു തവണ കാണാവുന്ന 'എന്റര്‍ടെയ്‌നറാ'ക്കി മാറ്റിയിരിക്കുന്നത്.