സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ് :

ഹൃദയത്തിലേക്ക് ഒരു സ്‌ട്രെയ്റ്റ് ഡ്രൈവ്‌ 

May 26, 2017, 8:57 pm
ഹൃദയത്തിലേക്ക് ഒരു സ്‌ട്രെയ്റ്റ് ഡ്രൈവ്‌ 
Movie Reviews
Movie Reviews
ഹൃദയത്തിലേക്ക് ഒരു സ്‌ട്രെയ്റ്റ് ഡ്രൈവ്‌ 

സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ് :

ഹൃദയത്തിലേക്ക് ഒരു സ്‌ട്രെയ്റ്റ് ഡ്രൈവ്‌ 

Movie Rating

★★★★★ ★★★★★

'Cricket is our religion, Sachin is our God!' ആവേശം ഇരമ്പിയാര്‍ത്ത ഒരു ഏകദിനമത്സരത്തില്‍ പേരറിയാത്തൊരു കളിക്കമ്പക്കാരന്‍ ഗ്യാലറിയില്‍ ആദ്യമായി എഴുതി ഉയര്‍ത്തിയ വാചകം. പിന്നീട് 2013 നവംബറില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള അവസാന ടെസ്റ്റ് വരെ സച്ചിന്‍ സാന്നിധ്യംകൊണ്ടും അസാന്നിധ്യംകൊണ്ടും ശ്രദ്ധിക്കപ്പെട്ട ഇന്ത്യയുടെ എത്രയോ മത്സരങ്ങളില്‍ അതേ വാചകം പലപല ആരാധകര്‍ വീണ്ടും ഉയര്‍ത്തിക്കാട്ടി.. പലപ്പോഴും സ്‌കോര്‍ബോര്‍ഡില്‍ ടീം ഇന്ത്യയ്ക്ക് മറികടക്കേണ്ട റണ്‍സ് അപ്രാപ്ര്യമായി അവര്‍ക്ക് തോന്നിയപ്പോള്‍, സച്ചിന്‍ ക്രീസിലേക്കുള്ള നടത്തം ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ മനസറിഞ്ഞിട്ടെന്നവണ്ണം ടെലിവിഷന്‍ ക്യാമറകള്‍ ആ ബാനറിലേക്ക് സൂം ചെയ്തു. 1989 മുതല്‍ 2013 വരെ 24 വര്‍ഷം നീണ്ട കരിയര്‍. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്ണുകള്‍ (15,921, 18,426), ഇരു ഫോര്‍മാറ്റുകളിലും ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ (51, 49), ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറി.. 'ക്രിക്കറ്റ് ദൈവം' എന്ന വിശേഷണത്തിന് ടെന്‍ഡുല്‍ക്കറേക്കാള്‍ യോഗ്യത മറ്റാര്‍ക്കെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് അപ്രാപ്യമെന്ന് തോന്നുന്ന ഈ കണക്കുകള്‍ മതി. രണ്ടരപതിറ്റാണ്ടിനിടെ അന്തര്‍ദേശീയ ക്രിക്കറ്റിന്റെ റെക്കോര്‍ഡ് ബുക്കുകളില്‍ ഭൂരിഭാഗവും തന്റേതാക്കിയ, ഒരു ജനത 'ദൈവ'മെന്ന് വിളിച്ച് ഹൃദയത്തിലേറ്റിയ ഒരു ക്രിക്കറ്ററുടെ ജീവിതം എങ്ങനെ സ്‌ക്രീനിലാക്കും?

ബോളിവുഡിന് സ്‌പോര്‍ട്‌സ് ബയോപിക്കുകളോട് ഏറെ താല്‍പര്യമുള്ള കാലമാണിത്. മഹേന്ദ്രസിങ് ധോണിയുടെയും (എം.എസ്.ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി) മുഹമ്മദ് അസ്ഹറുദ്ദീന്റെയും (അസ്ഹര്‍) മില്‍ഖാ സിങ്ങിന്റെയുമൊക്കെ (ഭാഗ് മില്‍ഖാ ഭാഗ്) ജീവിതം സ്‌ക്രീനിലെത്തിയതിന് ശേഷമാണ് 'സച്ചിന്‍: എ ബില്യണ്‍ ഡ്രീംസി'ന്റെ വരവ്. പക്ഷേ സിനിമ പുറത്തിറങ്ങുംമുന്‍പ് ഒരുപക്ഷേ പ്രേക്ഷകരിലേറെയും പ്രതീക്ഷിച്ചിരുന്നതുപോലെ ഒരു കഥാചിത്രമല്ല 'ബില്യണ്‍ ഡ്രീംസ്'. മറിച്ച് രമേശ് ടെന്‍ഡുല്‍ക്കര്‍ തന്റെ ഇളയ മകനെ അവന്റെ വികൃതി മാറ്റാന്‍ രമാകാന്ത് അച്‌രേക്കറുടെ ക്രിക്കറ്റ് പരിശീലക്കളരിയില്‍ കൊണ്ടുവിടുന്ന കാലം മുതല്‍ രണ്ടര പതിറ്റാണ്ടിന്റെ ഇതിഹാസ സമാനമായ കരിയറിന് വിട പറഞ്ഞ് വാംഖഡെ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്റ്റിന് ശേഷം സച്ചിന്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗം വരെയുള്ള കാലത്തെ ഒറിജിനല്‍ ഫൂട്ടേജുകള്‍ വഴി ഡോക്യുമെന്ററി രൂപത്തില്‍ അവതരിപ്പിക്കുകയാണ് ജെയിംസ് എര്‍സ്‌കിന്‍.

സിനിമയുടെ തുടക്കഭാഗത്ത് വികൃതിപ്പയ്യനായ സച്ചിനെയും തുടര്‍ന്ന് അച്‌രേക്കറുടെ കളരിയില്‍ പരിശീലിക്കുന്ന കൗമാരക്കാരനെയും അവതരിപ്പിക്കാന്‍ മാത്രമാണ് സംവിധായകന്‍ കഥാപാത്രങ്ങളെ ഉപയോഗിച്ചിരിക്കുന്നത്. കടന്നുവന്ന വഴികളെക്കുറിച്ചുള്ള സച്ചിന്റെ തന്നെ ആത്മഭാഷണങ്ങളുടെ രൂപത്തിലാണ് ചിത്രത്തിന്റെ ഘടന. 1988ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങളുമായി ശ്രദ്ധിക്കപ്പെടുന്നത് മുതലുള്ള കരിയറും അതിന്റെ ഉയര്‍ച്ചതാഴ്ച്ചകളും അവതരിപ്പിക്കാന്‍ സംവിധായകന്‍ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് കളിക്കളത്തിന് അകത്തും പുറത്തുമുള്ള ഒറിജിനല്‍ വീഡിയോ ഫുട്ടേജുകളെയാണ്. പത്രവാര്‍ത്തകളും ക്രിക്കറ്റിലും പുറത്തും സച്ചിന്റെ ജീവിതവുമായി ബന്ധപ്പെട്ടവരും, ഇരമ്പിയാര്‍ത്ത ഗ്യാലറികളും അതിലെ ആരാധകരുമടക്കം സിനിമയില്‍ കടന്നുവരുന്നു.

റിലീസിന് മുന്‍പ് സാധാരണയില്‍ കവിഞ്ഞ പരസ്യപ്രചാരണങ്ങളൊന്നുമുണ്ടായില്ലെങ്കിലും ഈ ജീവചരിത്രചിത്രം ഒരു ഡോക്യുമെന്ററി ആയിരിക്കുമെന്ന മുന്നറിയിപ്പ് നല്‍കാതെ തീയേറ്ററുകളിലെത്തിക്കാന്‍ നിര്‍മ്മാതാക്കളെ ധൈര്യപ്പെടുത്തിയത് സച്ചിനോടുള്ള ഇന്ത്യന്‍ ആരാധനയിലുള്ള വിശ്വാസമായിരിക്കണം. സ്ഥിരം ഫോര്‍മാറ്റിലുള്ള ഒരു ബയോഗ്രഫിക്കല്‍ ഡ്രാമയല്ല എന്ന് മനസിലാവുന്നത് യഥാര്‍ഥ സച്ചിന്‍ സ്‌ക്രീനിലെത്തി തന്റെ കഥ പറയാന്‍ ആരംഭിക്കുമ്പോള്‍ മാത്രമാണ്. ഏതെങ്കിലും കായികയിനത്തില്‍ പ്രതിഭയുള്ളയാളെന്ന 'കണ്ടെത്തല്‍', ഗൗരവപ്പെട്ട വേദികളിലെത്താനുള്ള അയാളുടെ/ അവളുടെ പ്രയത്‌നം, സമൂഹത്താലോ കുടുംബത്താലോ ഉള്ള നിരുത്സാഹപ്പെടുത്തല്‍, മറ്റ് പലപല പ്രതിബന്ധങ്ങള്‍, ഒടുക്കം എല്ലാത്തിനെയും വകഞ്ഞുമാറ്റിയുള്ള പ്രധാനകഥാപാത്രത്തിന്റെ ജീവിതവിജയം. സ്‌പോര്‍ട്‌സ് ഡ്രാമകളുടെ ഈ സ്ഥിരം ഫോര്‍മാറ്റിനേക്കാള്‍ യഥാര്‍ഥ ഫുട്ടേജുകളിലൂടെ കഥ പറയുന്ന ഡോക്യുമെന്ററി ചിത്രമായിരിക്കാം സച്ചിന്റെ ജീവിതം പറയാന്‍ കൂടുതല്‍ യോജിക്കുകയെന്ന ജെയിംസ് എര്‍സ്‌കിന്റെ തീരുമാനത്തിന് നല്ല നമസ്‌കാരം. പതിനാലാം വയസ്സില്‍ സ്‌കൂള്‍ ക്രിക്കറ്റില്‍ വിനോദ് കാംബ്ലിയുമൊത്ത് 664 റണ്‍സിന്റെ പാര്‍ട്‌നര്‍ഷിപ്പ് റെക്കോര്‍ഡിട്ട, പിന്നീടങ്ങോട്ട് മികവിന്റെ പടികള്‍ ഏറെയും മുകളിലോട്ട് മാത്രം കയറിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതം അവതരിപ്പിക്കുന്നതിന് കൂടുതല്‍ അഭികാമ്യം കഥാചിത്രത്തേക്കാള്‍ ഡോക്യുമെന്ററി ഫോര്‍മാറ്റ് ആയി തോന്നുന്നു.

ക്രിക്കറ്റ് മൈതാനങ്ങള്‍, കാണിയായോ കളിക്കാരനായോ ഏതെങ്കിലും ഘട്ടത്തില്‍ ജീവിതത്തിന്റെ ഭാഗമായിരുന്നവര്‍ക്ക് കളിയോര്‍മ്മകളുടെ ഗൃഹാതുരതയില്‍ സ്വയം മറക്കാനുള്ള കാഴ്ചകള്‍ എമ്പാടുമുണ്ട് 'സച്ചിന്‍: എ ബില്യണ്‍ ഡ്രീംസി'ല്‍. 24 വര്‍ഷം നീണ്ട കരിയറില്‍, പല കാലങ്ങളില്‍ സച്ചിന്റെ സമകാലികരായിരുന്ന നിരവധി പ്രതിഭകളെ (വിശേഷിച്ചും ബൗളര്‍മാര്‍), അവരുടെ പ്രകടനങ്ങളെ ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണാനുള്ള അവസരം കൂടിയാണ് ചിത്രം ഒരുക്കുന്നത്. തങ്ങള്‍ക്കെതിരായ ടെസ്റ്റില്‍, പതിനാറുകാരനായ സച്ചിന്‍ എന്ന അരങ്ങേറ്റക്കാരന്‍ പയ്യന് പരുക്കേല്‍ക്കും വിധം മാരകമായ ബൗണ്‍സര്‍ എറിഞ്ഞ വഖാര്‍ യൂനിസ് മുതല്‍ പല കാലങ്ങളില്‍ പാകിസ്താന്റെ അബ്ദുല്‍ ഖാദര്‍, വസിം അക്രം, ഷൊയൈബ് അഖ്തര്‍, ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍, ചാമിന്ത വാസ്, വെസ്റ്റ് ഇന്‍ഡീസിന്റെ കര്‍ട്‌ലി ആംബ്രോസ്, കോട്‌നി വാല്‍ഷ്, സൗത്ത് ആഫ്രിക്കയുടെ ഷോണ്‍ പൊള്ളോക്ക്, അലന്‍ ഡൊണാള്‍ഡ്, ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്ത് തുടങ്ങി സച്ചിന്റെ ഏറ്റവും പേരുകേട്ട എതിരാളി ഷെയ്ന്‍ വോണ്‍ വരെ!

ടെലിവിഷന്‍ സംപ്രേക്ഷണത്തില്‍ ഓരോ ഓവറിനിടയിലും പരസ്യം കാണിക്കാവുന്ന ക്രിക്കറ്റിനെ, ഉദാരവല്‍ക്കരണാനന്തരം ഇന്ത്യന്‍ വിപണി എങ്ങനെ ഉപയോഗപ്പെടുത്തി എന്ന തരത്തിലുള്ള വായനകളുണ്ട്. താരോദയത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത ഉല്‍പ്പന്നങ്ങളുടെ ബ്രാന്റ് അംബാസിഡര്‍ ആയ സച്ചിന്‍ തൊണ്ണൂറിന് ശേഷമുള്ള ഇന്ത്യന്‍ വിപണിയുടെ പരസ്യബോര്‍ഡ് ആയിരുന്നുവെന്ന് ജെയിംസ് എര്‍സ്‌കിന്‍ ഒരിടത്ത് നിരീക്ഷിക്കുന്നുണ്ട്. കയറ്റങ്ങള്‍ക്കൊപ്പം ടെന്‍ഡുല്‍ക്കരുടെ കരിയറിലെ അപൂര്‍വ്വം പരാജയകാലങ്ങളുടെ നിഴലുകളും 'എ ബില്യണ്‍ ഡ്രീംസി'ല്‍ വീണുകിടക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ 1996 മുതലുള്ള കാലത്ത് ഉയര്‍ന്ന കോഴയാരോപണങ്ങള്‍, ടീമിനെ നയിച്ച ചുരുങ്ങിയ കാലയളവിലെ ടീമിന്റെയും സച്ചിന്റെതന്നെയും തുടര്‍പരാജയങ്ങള്‍, മുഹമ്മദ് അസ്ഹറുദ്ദീനുമായുണ്ടായിരുന്ന ഉരസല്‍, 2004-2006 കാലത്ത് ക്രീസ് എന്നേക്കുമായി വിടേണ്ടിവരുമോ എന്ന് ഭയപ്പെടുത്തിയ ടെന്നിസ് എല്‍ബോ പരുക്ക് എന്നിവയടക്കം തന്നിലെ ക്രിക്കറ്ററുടെ പ്രതിഭയെ പലകാലങ്ങളില്‍ തളര്‍ത്തിയ പ്രതിസന്ധികളും അവയെ എങ്ങനെ നേരിട്ടുവെന്നും സച്ചിന്‍ വിവരിക്കുന്നുണ്ട്. കളിക്കുന്ന ഓരോ ഇന്നിംഗ്‌സിലും ഏറ്റവും ചുരുങ്ങിയത് ഒരു 'സെഞ്ചുറിയെങ്കിലും' പ്രതീക്ഷിക്കുകയും അതിന് കഴിയാത്തപക്ഷം ഒരു അപരാധമായി കണക്കാക്കുകയും ചെയ്യുന്ന ആരാധകപ്രതീക്ഷകള്‍ സച്ചിന്റെ ചുമലില്‍ പ്രചോദനമായോ ഭാരമായോ എക്കാലവും ഉണ്ടായിരുന്നിരിക്കണം. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കുടുംബം അദ്ദേഹത്തെ എങ്ങനെ പിന്തുണച്ചുവെന്ന് ചിത്രം പറയുന്നുണ്ട്. ഭര്‍ത്താവിന്റെ ക്രിക്കറ്റ് ജീവിതത്തിനുവേണ്ടി സ്വന്തം മെഡിക്കല്‍ കരിയര്‍ ത്യജിച്ച അഞ്ജലി, മക്കള്‍ സാറയും അര്‍ജുനും, എക്കാലവും വഴികാട്ടിയായിനിന്ന സഹോദരന്‍ അജിത്ത് ടെന്‍ഡുല്‍ക്കര്‍, അച്ഛന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍, അമ്മ രജനി എന്നിവരൊക്കെ കടന്നുവരുന്നുണ്ട് ചിത്രത്തില്‍. ക്രിക്കറ്റ് കളിക്കുന്നത് ഒരു ക്ഷേത്രത്തില്‍ പോകുന്നതുപോലെയാണെന്നാണ് ഒരിടത്ത് അദ്ദേഹം കളിയുമായുള്ള തന്റെ ബന്ധത്തെ ചുരുക്കുന്നത്.

സച്ചിന്‍ എന്ന നമ്മുടെ കാലത്ത് ലോകക്രിക്കറ്റില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രതിഭാധനനായ ക്രിക്കറ്ററുടെ ജീവിതം സ്‌ക്രീനിലെത്തിക്കുമ്പോള്‍ വിമര്‍ശനബുദ്ധിയോടെ സൂക്ഷ്മപരിശോധന നടത്തുകയല്ല ജെയിംസ് എര്‍സ്‌കിന്‍. പരാജയകാലങ്ങളൊക്കെ പരാമര്‍ശിക്കുമ്പൊഴും സച്ചിന്‍ എന്ന വികാരം ആരാധകരുമായി പങ്കുവെക്കുകതന്നെയാണ് സംവിധായകന്റെ ആത്യന്തിക ലക്ഷ്യം. ഡോക്യുമെന്ററി എന്ന തരത്തില്‍ പരീക്ഷണത്വരയൊന്നും പ്രകടിപ്പിക്കാത്തപ്പൊഴും ആ ശ്രമത്തില്‍ അയാള്‍ വിജയിക്കുകതന്നെ ചെയ്യുന്നു. പറയുന്നത് സച്ചിന്റെ ജീവിതമാണ് എന്നതിനാല്‍ ആ വിജയം സംവിധായകന്‍ എളുപ്പത്തില്‍ സാധ്യമാക്കുന്ന ഒന്നുമാണ്. സച്ചിന്റെ അച്ചടിക്കപ്പെട്ട ജീവചരിത്രങ്ങളേക്കാള്‍ കളിയാസ്വാദകരുടെ പ്രിയം നേടും 'എ ബില്യണ്‍ ഡ്രീംസ്'. ആരവങ്ങള്‍ക്ക് നടുവില്‍ നിന്നുള്ള ആ സ്‌ട്രെയ്റ്റ് ഡ്രൈവ് ഒരു ക്രിക്കറ്റ് ആസ്വാദകന്റെ ഹൃദയത്തിലേക്ക് നേരിട്ടുള്ളതാണ്. നമ്മുടെ തീയേറ്ററുകളില്‍ താരപ്പകിട്ടുള്ള കഥാചിത്രങ്ങള്‍ക്ക് സമാനമായ പ്രേക്ഷകാവേശത്തിന് ഒപ്പമിരുന്ന് ഒരു ഡോക്യുമെന്ററി കാണുന്നതിന്റെ അപൂര്‍വ്വതയുമുണ്ട് 'ബില്യണ്‍ ഡ്രീംസി'ന്റെ കാഴ്ചാനുഭവത്തിന്. ഇന്ത്യന്‍ സ്‌ക്രീനില്‍ ഇത്തരത്തിലൊന്ന് ആദ്യമാവണം.