സഖാവ് :

വിരസനായ വിപ്ലവകാരി

April 16, 2017, 10:23 pm
വിരസനായ വിപ്ലവകാരി
Movie Reviews
Movie Reviews
വിരസനായ വിപ്ലവകാരി

സഖാവ് :

വിരസനായ വിപ്ലവകാരി

Movie Rating

★★★★★ ★★★★★

ഒരിടവേളയ്ക്ക് ശേഷം ചെങ്കൊടിയുടെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന നായകന്മാര്‍ മലയാളത്തിന്റെ സ്‌ക്രീനിലേക്കെത്തുകയാണ്, ഒന്നിനുപിറകെ ഒന്നായി. 'മെക്‌സിക്കന്‍ അപാരത'യിലെ പോളും കൊച്ചനിയനും തീയേറ്ററുകളിലെത്തി ഒന്നരമാസം പിന്നിടുംമുമ്പേ അടുത്ത ഒരുജോഡി സഖാക്കളും തീയേറ്ററുകളിലെത്തിയിരിക്കുന്നു. സിദ്ധാര്‍ത്ഥ ശിവയുടെ നിവിന്‍ പോളി ചിത്രത്തിന്റെ പേരും 'സഖാവ്' എന്നുതന്നെ.

പേര് സൂചിപ്പിക്കുംപോലെ കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തനം പശ്ചാത്തലമാകുന്ന സിനിമയാണ് 'സഖാവ്'. സഖാവ് കൃഷ്ണന്‍, സഖാവ് കൃഷ്ണകുമാര്‍ എന്നീ ഇരട്ടവേഷങ്ങളിലാണ് നിവിന്‍. പോയകാലത്ത് ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിച്ച്, അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത കൃഷ്ണന്‍ ഒരു ആദര്‍ശാത്മക കമ്യൂണിസ്റ്റ് നേതാവാണെങ്കില്‍ തന്റെ പേരിന് മുന്നില്‍ ഒരു 'സഖാവു'ണ്ടെന്ന് മുന്നിലെത്തുന്നവരോട് എല്ലായ്‌പ്പോഴും ഓര്‍മ്മിപ്പിച്ച് അതില്‍ പുളകിതനാകുന്നയാളാണ് 'എസ്എഫ്‌കെ' പ്രവര്‍ത്തകനായ കൃഷ്ണകുമാര്‍. രാഷ്ട്രീയജീവിതത്തില്‍ വലിയ വിജയങ്ങള്‍, മുഖ്യമന്ത്രിപദം വരെ, സ്വപ്‌നം കാണുന്ന, എന്നാല്‍ അതിനുവേണ്ടി മെനക്കെടാനൊന്നും വയ്യാത്ത പ്രായോഗികവാദിയായ കൃഷ്ണകുമാറിന്, ആരായിരിക്കണം ഒരു യഥാര്‍ഥ കമ്യൂണിസ്റ്റെന്ന് സഖാവ് കൃഷ്ണന്‍ വഴി ബോധ്യപ്പെടുന്നതാണ് 'സഖാവി'ന്റെ പ്രമേയം. ഇരുവര്‍ക്കുമിടയിലെ പരിചയത്തിന് തുടക്കമിടുന്നത് ഒരു രക്തദാനവും. ജീവിതത്തിനും മരണത്തിനുമിടയില്‍ ആശുപത്രിക്കിടക്കയില്‍ കഴിയുന്ന കൃഷ്ണന് രക്തം ദാനം ചെയ്യാനുള്ള നിയോഗത്തിലൂടെയാണ് കൃഷ്ണകുമാര്‍ അയാളെ അടുത്തറിയാന്‍ തുടങ്ങുന്നത്. എല്ലാത്തരം നാടകീയതകള്‍ക്കും ആവര്‍ത്തനവിരസതകള്‍ക്കും യഥേഷ്ടം കയറിവരാന്‍ വാതിലുകളെല്ലാം തുറന്നിട്ടിരിക്കുന്ന ഒരു പ്ലോട്ട്. അതിനെ അങ്ങേയറ്റം നാടകീയമായി, അല്‍പം കൂടിയ സമയദൈര്‍ഘ്യത്തില്‍ (രണ്ട് മണിക്കൂര്‍ 44 മിനിറ്റ്) അവതരിപ്പിക്കുകയാണ് സിദ്ധാര്‍ത്ഥ ശിവ.

നിവിന്‍ പോളി 
നിവിന്‍ പോളി 

യുവസഖാവ് കൃഷ്ണകുമാറിന്റെ പശ്ചാത്തലം പരിചയപ്പെടുത്തിയാണ് സിനിമയുടെ ആരംഭം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യുവാക്കള്‍ക്ക് അവസരം കൊടുത്തേക്കുമെന്നതിനാല്‍ അതിലേക്കുള്ള രണ്ട് വര്‍ഷംകൂടി വിദ്യാര്‍ഥി പ്രസ്ഥാനമായ 'എസ്എഫ്‌കെ'യില്‍ തുടരാന്‍ എന്തോ 'ഡിടിപി കോഴ്‌സ്' ചെയ്യുന്നുവെന്നാണ് അയാള്‍ ഒരിക്കല്‍ പരിചയപ്പെടുത്തുന്നത്. ജാതി, മത പരിഗണനകളെല്ലാംവെച്ച് സ്വന്തം മണ്ഡലത്തില്‍ ഒരു സീറ്റ് സ്വപ്‌നം കാണുന്ന കൃഷ്ണകുമാര്‍ അതിനുവേണ്ടിയുള്ള 'രാഷ്ട്രീയ വഴിവെട്ടലി'ലാണ്. 'യഥാര്‍ഥ' സഖാവായ കൃഷ്ണന് അല്‍പസമയത്തിനകം സ്‌ക്രീനിലേക്ക് എത്തേണ്ടതിനാല്‍, ഇരുസഖാക്കന്മാര്‍ക്കുമിടയില്‍ വിപരീത ധ്രുവങ്ങള്‍ സൃഷ്ടിക്കാനായി, കാരിക്കേച്ചര്‍ സ്വഭാവത്തിലാണ് കൃഷ്ണകുമാറിന്റെ അവതരണം. 'ഇന്ത്യന്‍ പ്രണയകഥ'യിലെ അയ്മനം സിദ്ധാര്‍ഥന്റെ ശ്രേണിയില്‍പ്പെടുന്ന കഥാപാത്രമാണ് സഖാവ് കൃഷ്ണകുമാര്‍. ആ വഴിയേ ചിരിയുണര്‍ത്താനുള്ള സംവിധായകന്റെ ശ്രമങ്ങളിലേറെയും പക്ഷേ ആവര്‍ത്തനവിരസതയാലും പരത്തിപ്പറയലിനാലും ലക്ഷ്യംകാണാതെ പോകുന്നു.

ആശുപത്രിക്കിടക്കയില്‍ കഴിയുന്ന സഖാവ് കൃഷ്ണനെക്കുറിച്ചുള്ള മറ്റ് കഥാപാത്രങ്ങളുടെ സ്മരണകളിലൂടെയാണ് ചിത്രം പീരുമേട് ഫഌഷ്ബാക്കിലേക്ക് പോകുന്നത്. വരമ്പ് മീശയും ഒരു വശത്തേക്ക് ചീകിവെച്ച മുടിയുമായി നിവിന്‍പോളി പ്രത്യക്ഷപ്പെടുന്ന ഈ ഭാഗമാണ് ചിത്രത്തിലെ പ്രധാനഭാഗം. ഹൈറേഞ്ചിലെ തോട്ടംതൊഴിലാളിസമരങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു പഴയകാലം എന്നത് ദൃശ്യപരമായും കൗതുകമുണര്‍ത്തുന്ന ഒന്നാണ്. ചിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള ഈ ഫഌഷ്ബാക്ക് കാലം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ഘട്ടത്തില്‍ കൗതുകമുണര്‍ത്തുന്നുണ്ട്. പക്ഷേ മുന്നോട്ടുനീങ്ങവേ ആ കൗതുകത്തിന് തുടര്‍ച്ചയൊരുക്കാനാവുന്നില്ല സംവിധായകന്.

അല്‍ത്താഫ് സലിം, നിവിന്‍ പോളി 
അല്‍ത്താഫ് സലിം, നിവിന്‍ പോളി 

തുടക്കം മുതലുള്ള മന്ദതാളം സിനിമയുടെ മൊത്തത്തിലുള്ള ആസ്വാദനത്തില്‍ കാര്യമായി പരുക്കേല്‍പ്പിക്കുന്ന ഒന്നാണ്. സഖാവ് കൃഷ്ണകുമാറിന്റെ അവതരണരംഗങ്ങള്‍ മുതല്‍ ഈ വലിഞ്ഞുനീങ്ങലുണ്ട്. അല്‍ത്താഫ് സലിം അവതരിപ്പിക്കുന്ന സുഹൃത്തുമൊത്ത് കൃഷ്ണകുമാര്‍ സൃഷ്ടിക്കുന്ന തമാശകള്‍ ചിരിയിലേക്ക് എത്താതെപോകുന്നതിന്റെ പ്രധാനകാരണം ഈ വേഗതക്കുറവാണ്. പീരുമേട്ടിലെ സഖാവ് കൃഷ്ണന്റെ ഇന്‍ട്രൊഡക്ഷന്‍ രംഗങ്ങള്‍ ആവേശമുണ്ടാക്കുന്നുണ്ട്. ആകെ അഞ്ച് അംഗങ്ങള്‍ മാത്രമുള്ള തോട്ടം തൊഴിലാളി മേഖലയില്‍ പാര്‍ട്ടി വളര്‍ത്താനെത്തുന്ന കൃഷ്ണനും തോട്ടം മുതലാളിയുമായുള്ള അയാളുടെ ആദ്യ കലഹവുമൊക്കെ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്. പക്ഷേ പിന്നീട് വിരസതയിലേക്ക് വീണുപോവുകയാണ് സിനിമ. പഴയ തോട്ടംതൊഴിലാളി മേഖലയിലെ തൊഴിലാളി സമരങ്ങള്‍ എന്ന, സംഘര്‍ഷവും നാടകീയതയുമൊക്കെ യഥേഷ്ടം കടന്നുവരാവുന്ന ഒരു പശ്ചാത്തലമുള്ളപ്പൊഴും അതില്‍നിന്ന് കാണിയെ പിടിച്ചിരുത്തുന്ന ഒരു സിനിമ ഉണ്ടാക്കാനാവുന്നില്ല സിദ്ധാര്‍ത്ഥ ശിവയ്ക്ക്. കൃഷ്ണന്റെ വളര്‍ച്ച വളരെ പെട്ടെന്നും താരതമ്യേന കുറവ് എതിര്‍പ്പുകളെ മറികടന്നുമാണ്. ഹൈറേഞ്ചില്‍ കൃഷ്ണനൊപ്പം സഖാക്കന്മാരും മറ്റ് തൊഴിലാളികളുമൊക്കെയുണ്ടെങ്കിലും നമ്മുടെ കണ്ണില്‍പ്പെടുകയോ സിനിമ കണ്ടിറങ്ങുമ്പോള്‍ ഒപ്പം പോരുകയോ ചെയ്യുന്ന കഥാപാത്രങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. അവതരണത്തില്‍ പ്രാധാന്യമെല്ലാം നായകനാണെന്നതാണ് അതിന് കാരണം. ബൈജുവിന്റെ 'ഗരുഡന്‍' എന്ന കഥാപാത്രവും ടോണി ലൂക്ക് അവതരിപ്പിച്ചിരിക്കുന്ന തോട്ടം മുതലാളിയുടെ കഥാപാത്രവുമൊക്കെ ആദ്യകാഴ്ചയില്‍ കാമ്പുള്ളവരും അവതരണത്തെ രസകരമാക്കാന്‍ പോന്നവരുമെന്ന് തോന്നുമെങ്കിലും നായകന്റെ പ്രഭാവത്തിന് മുന്നില്‍ ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് കീഴ്‌പ്പെടുന്നവരാണ് അവരെല്ലാംതന്നെ.

കഥാപാത്രങ്ങളെപ്പോലെതന്നെയാണ് സംഭവങ്ങളും. ഈ പശ്ചാത്തലത്തില്‍ അല്‍പം പിരിമുറുക്കവും നാടകീയതയുമൊക്കെയുള്ള സംഭവങ്ങള്‍ കാണി പ്രതീക്ഷിക്കുക സ്വാഭാവികമാണെങ്കിലും 'സഖാവി'ല്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്താണ്. കാഴ്ചയിലുള്ള 'ക്രൂരത'യൊഴിച്ചാല്‍ ഗരുഡനും ടോണി ലൂക്കിന്റെ കഥാപാത്രവുമൊക്കെ സാധുക്കളാണ്, പെരുമാറ്റത്തില്‍. തൊഴിലാളികളോട് അവര്‍ മോശമായി പെരുമാറുന്നതൊന്നും നാം കാണുന്നില്ല. കാമ്പും കഴമ്പുമെല്ലാം സഖാവ് കൃഷ്ണനുള്ള വാഴ്ത്തുപാട്ടായി ചുരുങ്ങിപ്പോയിരിക്കുന്നു. സംഭവങ്ങളില്‍ ആവശ്യമായ നാടകീയതയും അപ്രതീക്ഷിതത്വവുമൊക്കെ ഒഴിഞ്ഞുനില്‍ക്കുമ്പോള്‍ നാടകീയത കടന്നുവരുന്നത് സംഭാഷങ്ങളില്‍ മാത്രമാണ്. സംഭവങ്ങളിലൂടെ കഥ പറയുന്നതിന് പകരം സംഭവങ്ങള്‍ കുറച്ച് എല്ലാത്തരം പ്രതിബന്ധങ്ങളെയും എളുപ്പം മറികടക്കുന്ന നായകനെക്കൊണ്ട് ധാരാളം സംസാരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ കൂടിയായ തിരക്കഥാകൃത്ത്. ഒരുപക്ഷേ സിനിമയുടെ കേന്ദ്രപ്രമേയത്തിന്റെ നിലനില്‍പ്പ് തന്നെ സഖാവ് കൃഷ്ണന്റെ സംഭാഷണങ്ങളിലാണ്. അതാവട്ടെ എന്താണ് കമ്യൂണിസമെന്നും എന്തായിരിക്കണം ഒരു യഥാര്‍ഥ കമ്യൂണിസ്‌റ്റെന്നുമുള്ളതിന്റെ പാഠപുസ്തക നിര്‍വചനം പോലുള്ള വിശദീകരണങ്ങളുമാണ്. പറയാനുള്ളത് ക്രിയകളിലൂടെയല്ലാതെ നീണ്ടുപോകുന്ന സംഭാഷണങ്ങളിലൂടെ പരത്തിപ്പറഞ്ഞ് വിരസമാക്കുകയാണ് രണ്ടാംപകുതിയില്‍ സഖാവ് കൃഷ്ണന്‍, സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവയും.

നിവിന്‍ പോളി 
നിവിന്‍ പോളി 

പേരില്‍ത്തന്നെ 'സഖാവു'ള്ള, റിലീസ്ദിനം ദേശാഭിമാനിയില്‍ മാത്രം ഒന്നാംപേജ് നിറച്ച പരസ്യവുമായെത്തിയ ചിത്രത്തില്‍ 'ലക്ഷ്യമാക്കുന്ന' പ്രേക്ഷകസമൂഹത്തിന് ഇഷ്ടപ്പെടാത്തതായൊന്നുമില്ല. കൃഷ്ണകുമാര്‍ എന്ന 'തിരുത്തപ്പെടേണ്ട' മോശം മാതൃകയെ നായകനായി അവതരിപ്പിക്കുമ്പോള്‍ യുവരാഷ്ട്രീയ പ്രവര്‍ത്തകരെ താറടിച്ചുവെന്ന വിമര്‍ശനമുയര്‍ത്താനുള്ള ന്യായമില്ല. ആ വിമര്‍ശനത്തെ മുന്‍കൂട്ടിക്കണ്ടുള്ള മറുപടിയാണ് പാര്‍ട്ടി വിദ്യാര്‍ഥി സംഘടനയില്‍ (എസ്എഫ്‌കെ) തനിക്കുള്ള എതിരാളിയായി കൃഷ്ണകുമാര്‍ സ്വയം സങ്കല്‍പിക്കുന്ന സുഹൃത്ത്. സംഭാഷണങ്ങളും സ്‌ക്രീന്‍ ടൈമുമെല്ലാം നന്നേ കുറവെങ്കിലും പാത്രരൂപീകരണത്തില്‍ കൃഷ്ണകുമാറിന്റെ മറുവശംപോലെയുള്ള 'മാതൃകാ സഖാവാ'ണ് കാഴ്ചയില്‍ത്തന്നെ ആ കഥാപാത്രം. സംഗീതസംവിധായകന്‍ സൂരജ് എസ് കുറുപ്പാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കൃഷ്ണനെ അവതരിപ്പിക്കുന്ന തോട്ടംതൊഴിലാളി സമരകാലത്ത് ഒരുപാട് സഖാക്കള്‍ അയാള്‍ക്കൊപ്പമുണ്ടെങ്കില്‍ ഇന്നിന്റെ കൃഷ്ണകുമാര്‍ കാലത്ത് അയാള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനയിലെ രണ്ടേരണ്ട് കഥാപാത്രങ്ങളേ സിനിമയിലുള്ളൂ. എതിരാളിയായി കൃഷ്ണകുമാര്‍ മുന്നില്‍ക്കാണുന്ന യുവാവും മണ്ടത്തരങ്ങള്‍ പറഞ്ഞ് എപ്പോഴും കൂടെയുള്ള കൂട്ടുകാരനും (അല്‍ത്താഫ് സലിം). പുതിയകാലത്തെ 'സഖാക്കളു'ടെ എണ്ണം ചുരുക്കിയതിനേക്കാള്‍ കൗതുകകരമായി തോന്നിയത് കഥപറഞ്ഞ പശ്ചാത്തലത്തിന്റെ സമകാല രാഷ്ട്രീയയാഥാര്‍ഥ്യത്തോട് സിനിമ പുലര്‍ത്തിയ മൗനമോ മുഖംതിരിക്കലോ ആണ്. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളും അവ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ഇടതുമുന്നണിക്കുള്ളില്‍ത്തന്നെ നടക്കുന്ന തര്‍ക്കങ്ങളും വാര്‍ത്തകളില്‍ നിറയുന്ന ദിവസങ്ങളിലൊന്നിലാണ് 'സഖാവ്' തീയേറ്ററുകളിലെത്തിയത്. മൂന്നാറല്ലെങ്കിലും ഭൂപ്രകൃതിയിലും തോട്ടംമേഖലയിലെ തൊഴിലാളി സാഹചര്യങ്ങളിലുമൊക്കെ സമാനതകളേറെയുള്ള പീരുമേടാണ് സഖാവ് കൃഷ്ണന്റെ മുന്‍കാല പ്രവര്‍ത്തനമേഖല. പ്രകൃതിയെ മറന്നുള്ള വികസനം വേണ്ടെന്ന് സജീവപ്രവര്‍ത്തനത്തിന്റെ കാലത്ത് പറയുന്ന സഖാവ് കൃഷ്ണന്‍ വര്‍ത്തമാനകാലത്ത് കൈയേറ്റക്കാരനായ റിസോര്‍ട്ടുടമയുടെ മര്‍ദ്ദനത്തിന് ഇരയാവുന്നുണ്ട്. മറ്റൊന്ന് ഇന്നത്തെ തോട്ടംതൊഴിലാളികളുടെ പ്രതിനിധീകരണമാണ്. എസ്റ്റേറ്റ് പൂട്ടിയതിനാല്‍ തൊഴിലില്ലാതെ പട്ടിണിയിലായ കുടുംബത്തെ പുലര്‍ത്താന്‍ വേശ്യാവൃത്തിക്കിറങ്ങിയ പെണ്‍കുട്ടിയും അവളുടെ അച്ഛനുമാണ് ആ തരത്തില്‍ വരുന്ന കഥാപാത്രങ്ങള്‍. ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരത്തിനിറങ്ങുകയും ചെയ്ത പഴയകാല സഖാക്കളുടെ പ്രതിനിധീകരണങ്ങള്‍ ചെങ്കൊടിയേന്തി സ്‌ക്രീനില്‍ നിരന്നുനില്‍ക്കുമ്പോള്‍ തൊഴിലാളിസംഘടനകളെ അകറ്റിനിര്‍ത്തിയ പൊമ്പിളൈ ഒരുമൈ സമരകാലത്തെ തൊഴിലാളിസംഘടനാ നേതാക്കളുടെ പ്രതിനിധീകരണങ്ങള്‍ സ്‌ക്രീനിലെ അദൃശ്യത കൊണ്ടാണ് ശ്രദ്ധ നേടുക. ചുരുക്കിപ്പറഞ്ഞാല്‍ സമകാലരാഷ്ട്രീയത്തോട് ഒരതിര് വിട്ട് സമ്പര്‍ക്കപ്പെടാന്‍ താല്‍പര്യമില്ലാതെ കമ്യൂണിസ്റ്റ് കാല്‍പനികതയെ, ഫ്‌ളേവറില്‍ പോലും പരീക്ഷണം നടത്താതെ അവതരിപ്പിച്ചിരിക്കുകയാണ് സഖാവ്.

ഗായത്രി സുരേഷ്, നിവിന്‍ പോളി 
ഗായത്രി സുരേഷ്, നിവിന്‍ പോളി 

തെരി, കത്തി തുടങ്ങിയ വിജയ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ ജോര്‍ജ്ജ് സി.വില്യംസാണ് സഖാവിനെ ഫ്രെയ്മിലാക്കിയിരിക്കുന്നത്. റിയലിസ്റ്റിക് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുക സംവിധായകന്റെ ലക്ഷ്യമായി തോന്നുന്നുണ്ടെങ്കിലും ആ റിയലിസത്തെ സിനിമയിലേക്ക് എത്തിക്കാന്‍ ആവശ്യമായ കലാസംവിധാനത്തിലേതുള്‍പ്പെടെയുള്ള സൂക്ഷ്മാംശങ്ങളിലൊന്നും ശ്രദ്ധിച്ചതായി തോന്നുന്നില്ല. തുടക്കത്തിലെ അര മണിക്കൂറിലേറെ നീളുന്ന ആശുപത്രി സീക്വന്‍സ് വിരസമാകാന്‍ പ്രധാന കാരണം ഇതാണ്. മാറ്റമില്ലാതെ ഒരേ പശ്ചാത്തലത്തില്‍ സാധാരണമട്ടില്‍ മുന്നോട്ടുനീങ്ങുന്ന രംഗങ്ങള്‍ ആരാണ് രസത്തോടെ കണ്ടിരിക്കുക? പീരുമേട് ഫഌഷ്ബാക്കിലും കലാസംവിധാനത്തിലെ മികവില്ലായ്മ മുഴച്ച് നില്‍ക്കുന്നു. ജോര്‍ജ്ജ് വില്യംസിന്റെ ഛായാഗ്രഹണമികവിനെ അടയാളപ്പെടുത്തുന്നതല്ല ഈ ഭാഗവും. മികവുള്ള രംഗങ്ങള്‍ ഇല്ലെന്നല്ല. (ഉദാഹരണത്തിന് കൃഷ്ണന്റെ വിവാഹവാഗ്ദാനത്തിന് ശേഷം ഐശ്വര്യ രാജേഷിന്റെ നായികാകഥാപാത്രം ഒരു മലത്തലപ്പിലൂടെ നിങ്ങുന്ന ചെങ്കൊടികളിലൂടെ അയാളുടെ സാന്നിധ്യമറിഞ്ഞ് ആനന്ദിക്കുന്നത്.) പക്ഷേ രണ്ട് മണിക്കൂര്‍ 44 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയില്‍ ദൃശ്യങ്ങളിലൂടെയുള്ള ആശയവിനിമയം തീരെ കുറവാണെന്ന് മാത്രം. സംവിധായകന്റെ കഴിവില്ലായ്മയായല്ല ഇതൊന്നും തോന്നുന്നത്. മറിച്ച് സിനിമയുടെ പാഠത്തിനപ്പുറം അതിന്റെ ദൃശ്യപരതയില്‍ താല്‍പര്യമില്ലാത്തയാളെപ്പോലെയാണ് അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവപ്പെടുക. മോശം എഡിറ്റിംഗ് കൂടി ചേര്‍ന്ന് ആകെ അയഞ്ഞ പരുവത്തിലുള്ള ദൃശ്യങ്ങളുടെ സമാഹാരമായിപ്പോകുന്നു സഖാവിന്റെ കാഴ്ചാനുഭവം. അങ്കമാലി ഡയറീസിലൂടെ ഇപ്പോഴും ഹിറ്റ് ചാര്‍ട്ടുകളില്‍ സാന്നിധ്യമറിയിക്കുന്ന സംഗീതസംവിധായകനാണ് പ്രശാന്ത് പിള്ള. സഖാവിന്റെയും സംഗീതവിഭാഗം അദ്ദേഹമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. പക്ഷേ പ്രശാന്തിലെ സംഗീതപ്രതിഭയെയും സിദ്ധാര്‍ത്ഥ ശിവ ഉപയോഗിച്ചിട്ടില്ല. മൂളാന്‍ തോന്നുന്ന പാട്ടുകളില്ലെന്ന് മാത്രമല്ല, പശ്ചാത്തലസംഗീതവും ദൃശ്യപഥത്തോട് ചേര്‍ന്നുപോകാത്തതാണ്. വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്ന ഒരു രംഗത്തെപ്പോലും പൊടുന്നനെ നാടകീയതയിലേക്ക് തള്ളിയിടുന്നു പലപ്പൊഴും ആ മ്യൂസിക്കല്‍ നോട്ടുകള്‍.

'ആനന്ദ'ത്തിലെ അതിഥിവേഷമൊഴിച്ചാല്‍ നിവിനെ നായകനായി സ്‌ക്രീനില്‍ കണ്ടിട്ട് ഒരു വര്‍ഷമാവുന്നു. 'സഖാവി'ല്‍ കൃഷ്ണന്റെ മൂന്ന് ഗെറ്റപ്പുകളിലും (മകളുടെ സ്‌കൂളിലെ ഹെഡ്മിസ്ട്രസിനെ കാണാന്‍ പോകുന്ന സമയദൈര്‍ഘ്യം കുറഞ്ഞ ഒരു ഘട്ടമടക്കം) കൃഷ്ണകുമാറിന്റെ ഒരു ഗെറ്റപ്പിലുമാണ് നിവിന്‍ സ്‌ക്രീനിലെത്തുന്നത്. മറ്റ് കഥാപാത്രങ്ങള്‍ക്കൊക്കെയും പ്രാധാന്യം കുറഞ്ഞ സിനിമയില്‍ നിവിന്‍ മോശമാക്കിയില്ല. ഒരു വശം തളര്‍ന്ന് പ്രായമായ അവസ്ഥയില്‍ അരോഗദൃഢഗാത്രരായ യുവാക്കളെ ഒറ്റയ്ക്ക് അടിച്ചോടിക്കുന്നതൊഴികെ. നിവിനിലെ നടനെക്കാളുപരി ആ രക്തത്തിന്റെ പങ്ക് സംവിധായകനാണല്ലോ.

സഖാവ്‌
സഖാവ്‌

2012ല്‍ പുറത്തിറങ്ങിയ 101 ചോദ്യങ്ങളിലൂടെ സംവിധാനരംഗത്തേക്കെത്തിയ സിദ്ധാര്‍ത്ഥ ശിവ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സംവിധായകനാണ്. കഴിഞ്ഞവര്‍ഷമെത്തിയ 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' ആയിരുന്നു മുഖ്യധാരയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ചുവടുവെയ്പ്പ്. ദൃശ്യത്തില്‍ ശ്രദ്ധിക്കാതെ പാഠത്തില്‍ ആവശ്യത്തിലധികം മുഴുകിയതിന്റെ എല്ലാ പോരായ്മകളോടെയുമുള്ള സൃഷ്ടിയാണ് സഖാവ്. പഠിപ്പിക്കാനറിയാത്ത ഒരു സാമൂഹികശാസ്ത്രാധ്യാപകന്റെ ക്ലാസിലിരിക്കുന്നതുപോലെയാണ് 'സഖാവി'ന്റെ കാഴ്ചാനുഭവം. ആ ക്ലാസ് ആകട്ടെ അല്‍പം നീണ്ടുപോകുന്നതുമാണ്.