ടേക്ക് ഓഫ് :

അതിശയമികവിലൊരു അതിജീവനഗാഥ 

March 25, 2017, 4:12 pm
അതിശയമികവിലൊരു അതിജീവനഗാഥ 
Movie Reviews
Movie Reviews
അതിശയമികവിലൊരു അതിജീവനഗാഥ 

ടേക്ക് ഓഫ് :

അതിശയമികവിലൊരു അതിജീവനഗാഥ 

Movie Rating

★★★★★ ★★★★★

ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലായ ഇറാഖില്‍ 2014ല്‍ ഇന്ത്യന്‍ നഴ്‌സുമാരുള്‍പ്പെടെ വലിയൊരു വിഭാഗം ബന്ദികളാക്കപ്പെട്ടിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ദിവസങ്ങളെ അവര്‍ അതിജീവിച്ചതും സ്വദേശത്തേക്കുള്ള മടക്കവും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഈ സംഭവങ്ങളാണ് മലയാളത്തിലെ മുന്‍നിര എഡിറ്ററായ മഹേഷ് നാരായണന്റെ സംവിധാനത്തിലേക്കുള്ള ചുവടുവയ്പ്പായ ടേക്ക് ഓഫിന് ആധാരം. ഭക്ഷണവും വെള്ളവുമില്ലാതെ ഭീകരവാദികളുടെ നിയന്ത്രണത്തില്‍ നരകയാതന നേരിട്ട ആ 46 നഴ്‌സുമാരുടെ അനുഭവങ്ങളെ സമീറ എന്ന ഇന്ത്യന്‍ നഴ്‌സിലൂടെ വിശദീകരിക്കുകയാണ് ടേക്ക് ഓഫ്. തിക്രിത്തിലെ ആഭ്യന്തരയുദ്ധമേഖലയില്‍ നിന്നുള്ള അവരുടെ മോചനകഥ എന്നതിനപ്പുറം ഇന്ത്യന്‍ നഴ്‌സുമാരുടെ ജീവിതപ്പുറങ്ങളിലേക്ക് കൂടിയാണ് സിനിമയുടെ സഞ്ചാരം. ലോകത്തിന്റെ എല്ലാ കോണുകളിലും ആതുരശുശ്രൂഷാ മേഖലയില്‍ സജീവമായ, എന്നാല്‍ അര്‍ഹമായ ആദരം അന്യമായവരാണ് ഇന്ത്യന്‍ നഴ്‌സുമാര്‍. തൊഴിലിടത്തും, ജീവിതത്തിലും ഇവര്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ ദൃശ്യരേഖയയായി മാറുന്നു ടേക്ക് ഓഫ്. പുരുഷതൃഷ്ണകളുടെ ഉത്തേജക ഉടലുകളായാണ് പൊതുബോധവും, അവയെ താരാട്ടുന്ന നമ്മുടെ സിനിമകളും മിക്കപ്പോഴും നഴ്‌സുമാരെ ചിത്രീകരിച്ചിട്ടുള്ളത്. അതിനൊരു തിരുത്താവുന്നുണ്ട് മഹേഷ് നാരായണന്റെ ടേക്ക് ഓഫ്.

യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി സിനിമയൊരുക്കുമ്പോള്‍ ചലച്ചിത്രകാരനുള്ള വെല്ലുവിളി വലുതാണ്. ആസ്വാദ്യകരമാക്കുന്നതിനുള്ള സിനിമാറ്റിക് കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് പരിമിതിയുണ്ട്. യഥാര്‍ത്ഥ സംഭവം അതേ പടി പുനര്‍സൃഷ്ടിച്ചാല്‍ ഡോക്യുഫിക്ഷന്‍ സ്വഭാവത്തിലേക്ക് വഴിതിരിയും. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകലാതെ നഴ്‌സുമാര്‍ നേരിട്ട ദുരന്തസാഹചര്യങ്ങളുടെ അനുഭവപരിസരമൊരുക്കുക എന്ന സങ്കീര്‍ണ ദൗത്യമാണ് ആദ്യ സംവിധാനത്തില്‍ മഹേഷ് ഏറ്റെടുത്തത്. പരിചയസമ്പന്നനായ സംവിധായകന് പോലും വെല്ലുവിളിയാകുമായിരുന്ന ദൗത്യം ആവിഷ്‌കാര മിടുക്കാല്‍ മഹേഷ് വിജയകരമാക്കിയിട്ടുണ്ട്. ആതുരസേവന മേഖലയിലെ ലോകമാതൃകകളെ വിവരിക്കുന്ന മൊണ്ടാഷുകളില്‍ നിന്ന് പാര്‍വതിയുടെ സമീറയിലെത്തുന്നിടത്താണ് ടേക്ക് ഓഫിന് തുടക്കം. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇറാഖിലേക്ക് പോകുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുന്ന സമീറ. ആവശ്യപ്പെട്ട രേഖകള്‍ക്കായുള്ള തിരച്ചില്‍, വീട്ടിലേക്കുള്ള വിളി, ഒപ്പമുള്ളവരോടുള്ള ഇടപെടല്‍, ആന്തരിക സംഘര്‍ഷങ്ങള്‍ പ്രതിഫലിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ഈ സീനിലെ ചുരുങ്ങിയ ഷോട്ടുകളിലൂടെ നായികാ കഥാപാത്രത്തെ സ്വഭാവ വ്യാഖ്യാനത്തോടൊപ്പം വിശദമായി പരിചയപ്പെടുത്തുകയാണ് സംവിധായകന്‍. ചുറ്റുമുള്ളതും, പിന്നീട് കടന്നുവരുന്നതുമായ ഓരോ കഥാപാത്രങ്ങളില്‍ നിന്നുമായി കേന്ദ്രകഥാപാത്രത്തിന്റെ ബയോഡേറ്റായും സ്വഭാവവും, പൂര്‍വകാലവും വിശദീകരിച്ച് കാട് കയറുന്ന പതിവുകളെ നിരാകരിച്ചുള്ള നീക്കം. സമീറയുടെ ധര്‍മ്മസങ്കടങ്ങളെയും, ആധികളെയും, നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തെയും അവതരിപ്പിച്ച ഈ രംഗങ്ങളില്‍ പാര്‍വതി തന്റെ മുന്‍കാല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള പ്രകടനങ്ങളെയത്രയും ഭാവമികവിനാല്‍ നിഷ്പ്രഭമാക്കുന്നുണ്ട്. മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിലൊരാള്‍ എന്നതില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളെന്ന വിലയിരുത്തലിലേക്ക് ഭാവപ്രകാശനത്താല്‍ ഉയരുകയാണ് പാര്‍വതി. സമീറ വിങ്ങലും നീറ്റലുമായി കഥാവഴികളിലത്രയും കാഴ്ചക്കാരില്‍ തങ്ങിനില്‍ക്കുന്നതിന് പാര്‍വതി എന്ന അഭിനേത്രിയുടെ ഇടപെടല്‍ അനിഷേധ്യമായിരുന്നുവെന്ന് പറയാതിരിക്കാനാകില്ല.

സമീറയുടെ ജീവിതപ്രാരാബ്ധങ്ങളില്‍ തുടങ്ങി ഇറാഖിലെ ജോലി അനിവാര്യമായിരുന്നുവെന്ന് വിശദീകരിക്കുന്നിടത്ത് വരെ ചടുലവേഗമാണ് സിനിമയ്ക്ക്. സമീറ എന്ന മുസ്ലിം പെണ്‍കുട്ടി കുടുംബത്തിലും ഭര്‍തൃവീട്ടിലും നേരിടുന്ന പ്രശ്‌നങ്ങള്‍, യാഥാസ്ഥിതിക സാഹചര്യങ്ങളെ മറികടക്കാനൊരുങ്ങുമ്പോഴുള്ള പ്രതിബന്ധങ്ങള്‍, വിദേശത്തെ ജോലി എന്ന സാഹചര്യത്തിലേക്ക് അവരും സഹപ്രവര്‍ത്തകരും എത്തിച്ചേരുന്ന സാഹചര്യം എന്നിവയൊക്കെ വേഗത്തിലാണ് കടന്നുപോകുന്നത്. മഹേഷ് നാരായണന്‍ എന്ന സംവിധായകനോട് തോള്‍ ചേര്‍ന്നുനീങ്ങുന്ന എഡിറ്ററെയും ഇവിടെ കാണാനാകും. സമീറയെ ദുരന്തമുഖത്ത് എത്തിക്കാനുള്ള വഴികളില്‍ അവര്‍ക്ക് മുന്നിലുള്ള തടസ്സങ്ങളും അവയുടെ ദ്രുതപരിഹാരങ്ങളും സിനിമാറ്റിക്ക് ആകുന്നുണ്ട്. ഒരു സിനിമയിലൊതുങ്ങാത്ത വിഷയത്തെ ചുരുക്കിയെടുക്കുന്നതിലെ പരിമിതികളാവാം ഇത്തരം സിനിമാറ്റിക് വഴിതിരിയലുകള്‍. എല്ലാ നഴ്‌സുമാരുടെയും പ്രതിനിധിയായും സമീറയെ പ്രതിഷ്ഠിച്ചപ്പോള്‍ അവരിലേറെയും നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ ഒരാളിലേക്ക് സമന്വയിപ്പിക്കാനുമാണ് തിരക്കഥയില്‍ മഹേഷ് നാരായണനും പി വി ഷാജികുമാറും ശ്രമിച്ചിരിക്കുന്നത്. സമീറയുടെ ചുറ്റുപാടുകളെയും പ്രശ്‌നങ്ങളെയും അങ്ങേയറ്റം റിയലിസ്റ്റിക്കായി ചിത്രീകരിച്ചിട്ടുണ്ട്. ആസ്വാദനത്തില്‍ ഇത്തരമൊരു അനുഭവ പരിസരം സൃഷ്ടിക്കാന്‍ തുടക്കം മുതല്‍ അവസാനം വരെ 2014ലെ യഥാര്‍ത്ഥ സംഭവത്തിന്റെ റിയല്‍ ഫുട്ടേജും, ന്യൂസ് ഫുട്ടേജും ഉപയോഗിച്ചിട്ടുണ്ട്. ദുരിതവും ദുരന്തവും തുടര്‍ച്ചയായി സംഭവിക്കുന്ന സമീറയുടെ ജീവിതയാത്രകളെ യഥാര്‍ത്ഥ സംഭവങ്ങളില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്താനും റിയലിസത്തിനും ഈ ഫുട്ടേജുകള്‍ പ്രയോജനപ്പെടുന്നുമുണ്ട്.

രണ്ടാംപകുതിയിലെ നിര്‍ണായക ദൗത്യത്തിലേക്ക് കഥ എത്തിനില്‍ക്കും വരെ സമീറയുടെ ജീവിതാവസ്ഥകളിലാണ് ടേക്ക് ഓഫ് നിലയുറപ്പിച്ചിരുന്നത്. ആസിഫലിയുടെ ഫൈസല്‍, കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന ഷഹീദ്, അലന്‍സിയറുടെ ഉപ്പാ കഥാപാത്രം, മാസ്റ്റര്‍ എറിക് അവതരിപ്പിക്കുന്ന ഇബ്രു എന്നിവരോട് ബന്ധിപ്പിച്ച് ഭൂത-വര്‍ത്തമാന കാലങ്ങള്‍ സമീറയിലെ സ്ത്രീയെയും കുടുംബിനിയെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് സിനിമ പറയുന്നു. സിനിമയില്‍ മാത്രം സംഭവിക്കുന്നതും, സാധിക്കുന്നതുമായ അയഥാര്‍ത്ഥ രംഗസൃഷ്ടികളെ ഒഴിവാക്കിയാണ് ഈ സീനുകളേറെയും. അതിവൈകാരികതയിലേക്ക് വലിഞ്ഞുപോകാത്തവിധം കൃത്യതയോടെ ഓരോ രംഗത്തെയും ഒതുക്കിയെടുക്കുന്നുണ്ട് മഹേഷിലെ സംവിധായകനും എഡിറ്ററും. സ്വാഭാവിക പരിസരത്ത് നിന്ന് ഒരു വിധത്തില്‍ തെന്നിപ്പോകാതെ അഭിനേതാക്കളും. ജീവിതത്തില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങളില്‍ അത്രയൊന്നും പുറത്തേക്ക് കടക്കാത്ത തിരക്കഥയും, സംഭാഷണങ്ങളും, ഭാവനയില്‍ രൂപപ്പെട്ട കഥാപാത്രങ്ങളല്ല, ജീവിച്ചിരിക്കുന്നവര്‍ തന്നെയാണ് ഓരോരുത്തരുമെന്ന് ബോധ്യപ്പെടുംവിധം സ്വാഭാവികത.

തിക്രിത്തില്‍ സമീറ ഉള്‍പ്പെടെയുള്ള നഴ്‌സുമാര്‍ അപകടത്തിലാകുന്ന സാഹചര്യം വരെ അവരുടെ ജീവിതാവസ്ഥകളെ കേന്ദ്രീകരിച്ചായിരുന്നു സിനിമ. കഥ പറച്ചിലില്‍ അതുവരെ തുടര്‍ന്നുപോന്ന താളവും വേഗവും മാറിമറിഞ്ഞ് ഒരു ത്രില്ലറിന്റെ അന്തരീക്ഷത്തിലേക്ക് എടുത്തുയര്‍ത്തപ്പെടുകയാണ്. സമീറയുടെ നരച്ചതും വരണ്ടതുമായ ജീവിതത്തെ റിയലിസ്റ്റിക്കായി പരിചരിച്ച ഫ്രെയ്മുകളില്‍ നിന്ന് സാനു ജോണ്‍ വര്‍ഗ്ഗീസ് എന്ന ഛായാഗ്രാഹകന്റെ ക്യാമറ ഒരു ത്രില്ലറിന്റെ മൂഡിലേക്ക് മാറ്റപ്പെടുകയാണ്. ബജറ്റ് പരിമിതികളെക്കുറിച്ചുള്ള വിലാപം അവസാനിപ്പിച്ച് ഇത് പോലുള്ള ഛായാഗ്രാഹകരിലുള്ള വിശ്വാസം വര്‍ധിപ്പിക്കുകയാണ് നമ്മുടെ സിനിമാ ലോകം ചെയ്യേണ്ടതെന്ന് ടേക്ക് ഓഫ് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. രക്തരൂക്ഷിതമായ തിക്രിത്തിനെ, യുദ്ധമുഖത്തുള്ള ഇറാഖിനെ, എംബസിയും സൈന്യവും കൈകോര്‍ത്ത രക്ഷാദൗത്യത്തെ അവയ്ക്കിടയില്‍ വിറങ്ങലിച്ച് ജീവനും കയ്യില്‍പ്പിടിച്ചിരിക്കുന്ന മനുഷ്യമുഖങ്ങളെ അതിഗംഭീരമായി പകര്‍ത്തിയിരിക്കുന്നു സാനു ജോണ്‍ വര്‍ഗ്ഗീസ്. കഥാപാത്രങ്ങളായി ജീവിച്ച പ്രധാന അഭിനേതാക്കള്‍ക്കൊപ്പം ഈ ഛായാഗ്രാഹകന്റെ പരിചരണ പാടവം കൂടിയാണ് മഹേഷ് നാരായണനെ സംവിധായകനെന്ന നിലയില്‍ ഏറ്റവുമധികം പിന്തുണച്ചത്. സന്തോഷ് രാമന്റെ കലാസംവിധാനവും രഞ്ജിത് അമ്പാടിയുടെ ചമയവും ഇതിനൊപ്പം ചേര്‍ത്തുപറയുന്നു. തിക്രിത്തിന്റെ യുദ്ധമുഖങ്ങളെ അത്രമേല്‍ വിശ്വസനീയമാക്കിയിട്ടുണ്ട് സന്തോഷ് രാമന്‍.

സമീറയും ഷഹീദും അടങ്ങുന്നവരുടെ അതിജീവനഗാഥയിലേക്ക് ഇന്ത്യന്‍ അംബാസിഡര്‍ മനോജിന്റെ റോളിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്. ഫഹദ് ഫാസിലിനോളം മികച്ച നടനെ മലയാളം സമീപവര്‍ഷങ്ങളിലൊന്നും സ്‌ക്രീനില്‍ കണ്ടിട്ടില്ല. മഹേഷിന്റെ പ്രതികാരം തിയറ്ററുകളിലെത്തി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് വീണ്ടും ഫഹദിനെ കാണാനായത്. നടപ്പുരീതികളില്‍ നിന്നുള്ള മലയാള സിനിമയുടെ എല്ലാ സമീപകാലമാറ്റങ്ങളിലും മുഖചിത്രമായി ഫഹദ് ഉണ്ടായിരുന്നു. ചാപ്പാക്കുരിശും, അന്നയും റസൂലും, ആമേനും, മഹേഷിന്റെ പ്രതികാരവും ഇപ്പോഴിതാ ടേക്ക് ഓഫിലും. വൈകാരിക രംഗങ്ങളില്‍ അതിഭാവുകത്വത്തിലേക്കോ നാടകീയതയിലേക്കോ പതറിച്ചിതറുന്ന സമകാലികര്‍ക്കിടയില്‍ അതുല്യമായ അണ്ടര്‍ പ്ലേയിലൂടെ / നിയന്ത്രിതാഭിനയത്തിലൂടെ ഫഹദ് എന്ത് കൊണ്ട് നിരന്തരം ഒന്നാമനാകുന്നുവെന്നതിന് ഈ സിനിമകളും സാക്ഷ്യമായിരുന്നു. അകമേക്കും പുറമേക്കും തോല്‍വിയടഞ്ഞ അല്ലെങ്കില്‍ മുറിവേറ്റ പരാജിതനെ ഉള്ളില്‍പ്പേറിയ മഹേഷില്‍ നിന്നും രക്ഷാദൗത്യത്തിന്റെ നേതൃമുഖമായ മനോജിലേക്ക്. സ്ഥൈര്യത്തിന്റെ പ്രതീകമായ ഒരു ദൗത്യത്തലവനായി മനോജ് എന്ന കഥാപാത്രം ടേക്ക് ഓഫിന്റെയും പ്രസരിപ്പാകുന്നു.

സമീറയുടെ കഥയാണ് ടേക്ക് ഓഫ്, സമീറയിലൂടെ നഴ്‌സ് സമൂഹത്തെ പ്രതിനിധീകരിക്കുകയാണ് ടേക്ക് ഓഫ്. ശ്വാസ നിശ്വാസങ്ങളാലും, മൗനങ്ങളാലും, ഭാവങ്ങളാലും വാചാലമാക്കിയിട്ടുണ്ട് സമീറയുടെ ഹര്‍ഷ സംഘര്‍ഷങ്ങളെ പാര്‍വതി. വരാനിരിക്കുന്ന പ്രധാന പുരസ്‌കാരങ്ങളില്‍ മികവ് മാനദണ്ഡമായാല്‍ മത്സരിക്കാന്‍ പാര്‍വതിയുടെ സമീറയുണ്ടാകും. സമീറയുടെ പ്രാരാബ്ധ ജീവിതവും, ഗര്‍ഭകാലവും, പ്രണയവുമെല്ലാം ശരീരഭാഷയിലും പാര്‍വതി അനുപമമാക്കി.

ഷാഹിദ് കുഞ്ചാക്കോ ബോബന് ഇതുവരെ ലഭിച്ചതില്‍ മികച്ച വേഷമാണെന്ന കാര്യത്തില്‍ സംശയമില്ല. ‘ഹൗ ഓള്‍ഡ് ആര്‍ യൂ’വിലെ രാജീവ് എന്ന കഥാപാത്രത്തിന് ശേഷം ഇത്രയേറെ ഒതുക്കത്തോടെ ഹൃദ്യമായി ചാക്കോച്ചന്‍ കഥാപാത്രത്തെ അനുഭവപ്പെടുത്തിയത് ടേക്ക് ഓഫിലാണ്. പ്രണയസാഫല്യത്തിനായി നിസ്സഹായതയോടെ നീങ്ങുന്ന ഷഹീദിനെ ചിത്രീകരിച്ച തുടക്കത്തിലെ രംഗങ്ങളിലും, ഇബ്രുവിന് മുന്നിലെത്തുന്ന സീനുകളിലുമെല്ലാം കുഞ്ചാക്കോ ബോബന്‍ നടന്‍ എന്ന നിലയില്‍ തന്റെ റേഞ്ച് ഉയര്‍ത്തുന്നുണ്ട്. ഇബ്രുവായെത്തിയ മാസ്റ്റര്‍ എറിക്, ഉപ്പയുടെ റോളിലെത്തിയ അലന്‍സിയര്‍ എന്നിവരും നന്നായി. വിദേശകാര്യ സെക്രട്ടറിയായി എത്തിയത് മലയാളത്തിന് അത്ര പരിചിതനല്ലാത്ത ബോളിവുഡ് താരം പ്രകാശ് ബാല്‍വഡിയാണ്. കാര്‍ക്കശ്യക്കാരനായ ബ്യൂറോക്രാറ്റ് റോളുകളില്‍ സ്ഥിരപ്പെട്ട ഈ നടന്‍ ടേക്ക് ഓഫിലും പതിവ് മികവിലുണ്ട്.

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും, ബന്ദിയാക്കപ്പെട്ട ആളുകളുടെ അനുഭവങ്ങളില്‍ നിന്നും രൂപപ്പെട്ട തിരക്കഥയില്‍ നല്ല രീതിയിലുള്ള ഗൃഹപാഠം അനുഭവപ്പെടുന്നു. പ്രധാന കഥാപാത്രങ്ങളുടെ വളര്‍ച്ചയും, പശ്ചാത്തല സൃഷ്ടിയുമെല്ലാം അങ്ങേയറ്റം വിശ്വസനീയമാണ്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയെ അവരിലെ വംശീയത, യസീദി വിരുദ്ധനിലപാട്, ഇറാഖിലെ രാഷ്ട്രീയ അസ്ഥിരത എന്നിവയോടൊപ്പം ബന്ധിപ്പിച്ച് അവതരിപ്പിച്ചിടത്തും നമ്മുടെ വാണിജ്യസിനിമയ്ക്ക് അപരിചിതമായ പരിശ്രമം കാണാനുണ്ട്. മഹേഷ് നാരായണനും സഹരചയിതാവ് പി വി ഷാജികുമാറിനും ഇക്കാര്യത്തില്‍ അഭിമാനിക്കാം. പോരായ്മയായി അനുഭവപ്പെട്ടത് ചില വഴിത്തിരിവുകളിലെ അവിശ്വസനീയതയാണ്. സമീറയുടെ പ്രതിബന്ധങ്ങള്‍ ഒന്നിനുപുറകേ ഒന്നായി ഏറുമ്പോള്‍ ചിലതെങ്കിലും ബോധപൂര്‍വ്വ നിര്‍മ്മിതിയായി അനുഭവപ്പെടും. ഇബ്രുവിന്റെ രണ്ട് ഘട്ടങ്ങളിലെ മനംമാറ്റത്തിലും ഇതേ അവിശ്വസനീയതയുണ്ട്. മനോജിന്റെ വ്യക്തിജീവിതത്തെ പരാമര്‍ശിക്കുന്ന രംഗവും, ഐസിസ് പക്ഷത്ത് പ്രത്യക്ഷപ്പെട്ട കരുണയും കഥാവഴിയില്‍ അനൗചിത്യമായി തോന്നി. ഷഹീദ് ഉള്‍പ്പെടുന്ന അവസാന ഭാഗത്തെ പ്രധാന രംഗത്തിലുമുണ്ട് സിനിമാറ്റിക് കൃത്രിമത്വം. സമഗ്രതയില്‍ ഈ വിയോജിപ്പുകളെ അസ്ഥാനത്താക്കുന്നതാണ് ആസ്വാദനം

സംഗീതം ഷാന്‍ റഹ്മാനും പശ്ചാത്തലം ഗോപീസുന്ദറുമാണ്. സിനിമയോട് ചേര്‍ന്നുനീങ്ങുംവിധമാണ് പാട്ടുകളും പശ്ചാത്തലവും. ചില വേളകളിലെങ്കിലും സിനിമയുടെ ഭാവാന്തരീക്ഷത്തോട് ചേര്‍ന്നുപോകുന്നതല്ല പശ്ചാത്തലസംഗീതം. അഭിനേതാക്കളുടെ പ്രകടനങ്ങളിലൂടെ ചില രംഗങ്ങളുടെ തീവ്രത ഉള്‍ക്കൊള്ളാവുന്നിടത്താണ് സംഗീതം ചേര്‍ച്ചയാകാതെ പോകുന്നത്. മഹേഷ് നാരായണനൊപ്പം അഭിലാഷ് ബാലചന്ദ്രനും എഡിറ്റിംഗില്‍ പങ്കാളിയാണ്. കൃത്യമായൊരു ഒഴുക്കും വേഗവും സൃഷ്ടിച്ച് , സിനിമയുടെ ഭാവപരിസരം ചിതറിപ്പോകാത്തെ സമയകാലങ്ങളെ ലയിപ്പിച്ചാണ് എഡിറ്റിംഗ്. വൈകാരിക താളം തീര്‍ത്തുള്ള എഡിറ്റിംഗ് സിനിമയുടെ ത്രില്ലര്‍ ഘടനയില്‍ നിര്‍ണായകവുമാണ്.

രാജാമേനോന്‍ സംവിധാനം ചെയ്ത എയര്‍ലിഫ്റ്റ് യുദ്ധഭൂമിയിലെ രക്ഷാദൗത്യത്തെ അവകരിപ്പിച്ച സമീപകാല ചിത്രമായിരുന്നു. ബോളിവുഡ് വിപണി സാധ്യത മുന്നില്‍ കണ്ട് തീവ്രദേശീയതയില്‍ നീരാടിയായിരുന്നു സിനിമ. രക്ഷാദൗത്യത്തിന്റെ പ്രകീര്‍ത്തനത്തിനപ്പുറം അരക്ഷിത സാഹചര്യത്തിലകപ്പെട്ട വിങ്ങലുകളുടെ പകര്‍ത്തലായിരുന്നില്ല എയര്‍ലിഫ്റ്റ്. ഇവിടെ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവത്തെ വിവരിക്കുന്നതിലൂടെ ഇത്തരം സാഹചര്യങ്ങളിലെ സര്‍ക്കാര്‍ അലംഭാവത്തെ ചെറുതായെങ്കിലും വിമര്‍ശന വിധേയമാക്കുന്നുണ്ട് സിനിമ. ജനപ്രീതി നേടിയെടുക്കും വിധം ഉദ്വേഗപരതയില്‍ ടേക്ക് ഓഫിലെ ക്ലൈമാക്‌സ് രക്ഷാദൗത്യത്തെ മാറ്റിയിട്ടുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുകയെന്ന ലക്ഷ്യം രണ്ടാം പകുതിയിലെ ത്രില്ലര്‍ ഘടനയിലും കാണാം. നോണ്‍ ലീനിയര്‍ സ്വഭാവത്തിലേക്ക് എഡിറ്റിലൂടെ സിനിമയെ മാറ്റിയെടുത്തതും വിജയം കണ്ടിട്ടുണ്ടിട്ടുണ്ട്. ഈ രംഗങ്ങള്‍ സാങ്കേതിക പരിചരണത്തിലും മികച്ച നിലവാരം അനുഭവപ്പെടുത്തുന്നതാണ്.

വായിച്ച് നീക്കിവയ്ക്കുന്നതോ, മറവിയിലേക്ക് മറയുന്നതോ ആയ വാര്‍ത്തകളിലൊന്നാവും 2014ലെ ഇന്ത്യന്‍ നഴ്‌സുമാരുടെ ഈ അതിജീവനകഥ. ഈ സംഭവത്തെ നിര്‍ത്തി നഴ്‌സ് സമൂഹം അര്‍ഹിക്കുന്ന സാമൂഹ്യസ്വീകാര്യതയെക്കുറിച്ച് സംസാരിക്കാന്‍ ടേക്ക് ഓഫിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ നല്ല സിനിമകള്‍ക്കായുള്ള കാത്തിരിപ്പിനെയാണ് ടേക്ക് ഓഫ് ആഘോഷിക്കുന്നത്.