തരാമണി :

ആണ്‍കഥകള്‍ക്കപ്പുറം 

August 20, 2017, 5:32 pm
ആണ്‍കഥകള്‍ക്കപ്പുറം 
Movie Reviews
Movie Reviews
ആണ്‍കഥകള്‍ക്കപ്പുറം 

തരാമണി :

ആണ്‍കഥകള്‍ക്കപ്പുറം 

Movie Rating

★★★★★ ★★★★★

തമിഴ് നവശ്രേണിയിലെ ശ്രദ്ധേയനായ ചലച്ചിത്രകാരനാണ് റാം. കൂട്ടംതെറ്റി മേയുന്ന മനുഷ്യരുടെ ആത്മസങ്കടങ്ങളും,അതിജീവനവും, സംഘര്‍ഷവും സന്തോഷവുമെല്ലാം ഒതുക്കിവയ്ക്കാതെ പറയുന്നവയായിരുന്നു റാമിന്റെ മുന്‍ സിനിമകള്‍. കറ്റ്ര്ത് തമിഴ്, ദേശീയ പുരസ്‌കാരം നേടിയ തങ്കമീന്‍കള്‍ എന്നിവയ്ക്ക് ശേഷമുള്ള റാം ചിത്രമാണ് തരമണി. മുന്‍ സിനിമകളില്‍ നിന്ന് ഭിന്നമായ കഥ പറച്ചിലിനൊപ്പമാണ് റാം തരമണി അവതരിപ്പിക്കുന്നത്. ആന്‍ഡ്രിയ ജെര്‍മിയ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ. തുടര്‍ന്നുള്ള വായനയില്‍ സ്‌പോയിലര്‍ അലര്‍ട്ട്.

രണ്ട് പേര്‍ക്കിടയിലെ ആത്മബന്ധത്തിലൂന്നി അവരുള്‍പ്പെടുന്ന ലോകവും, നേരിടുന്ന ദുരിതവും ദുരന്തവും അനുഭവിക്കുന്ന ഹര്‍ഷസംഘര്‍ഷങ്ങളുമെല്ലാം ഹൃദ്യമായി പറഞ്ഞുപോകുന്നവയായിരുന്നു റാമിന്റെ കറ്റ്രത് തമിഴ്, തങ്കമീന്‍കള്‍ എന്നീ സിനിമകള്‍. കറ്റ്രത് തമിഴിലെ പ്രഭാകറും തങ്കമീന്‍കളിലെ കല്യാണിയും ചെല്ലമ്മയുമൊക്കെ സമൂഹം കൂടെ നടത്താതെ വിട്ടുകളഞ്ഞവരായിരുന്നു. ഇവിടെ അല്‍ത്തിയ ജോസഫ് എന്ന ആംഗ്ലോ ഇന്ത്യന്‍ നായികയെയും പ്രഭുനാഥ് എന്ന നായകനെയും കേന്ദ്രീകരിച്ചാണ് സിനിമ. ഐടി മേഖലയില്‍ എച്ച് ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന എണ്‍പതിനായിരം രൂപാ വരുമാനമുള്ള സ്വയംപര്യാപ്തയായ നായികയാണ് അല്‍ത്തിയ. പുരോഗമന കാഴ്ചപ്പാടുകള്‍ക്കൊപ്പമാണ് ജീവിതം. നേരെ എതിര്‍ധ്രുവത്തിലാണ് പ്രഭുനാഥ്. ഗ്രാമജീവിതത്തോട് ലഹരിയുള്ള അടക്കവും ഒതുക്കവുമുള്ള പെണ്ണിനെ ഭാര്യയായി ആഗ്രഹിച്ചിരുന്ന പ്രഭുവിന് ഐടി മേഖലയിലായിരുന്നു ജോലി. ഒരു പ്രണയത്തകര്‍ച്ച ലഹരിയിലേക്കും, സുഹൃത്തിന്റെ കരുണയാല്‍ ലഭിച്ച ഒറ്റമുറിയിലെ ജീവിതത്തിലേക്കും അയാളെ എത്തിച്ചു. നായികയ്ക്കും നായകനും മുന്‍പേ റാം സിനിമയിലേക്ക് പ്രവേശിക്കുന്നുണ്ട്. ശബ്ദസാന്നിധ്യവുമായി ആഖ്യാതാവിന്റെ റോളില്‍. ആഖ്യാതാവിനപ്പുറം കഥയ്ക്ക് അകത്തും പുറത്തുമായി നിലകൊണ്ട് തന്റെ സാമൂഹിക നിരീക്ഷണവും വീക്ഷണവും രാഷ്ട്രീയ വ്യാഖ്യാനവുമൊക്കെ ആക്ഷേപഹാസ്യമായും നര്‍മ്മരൂപേണയും പറയുകയാണ് സംവിധായകന്‍. തരമണി അല്‍ത്തിയയുടെയും പ്രഭുനാഥിന്റെയും കഥയല്ല റാം എന്ന ചലച്ചിത്രകാരന്‍ നടത്തുന്ന സാമൂഹിക നിരീക്ഷണമാണെന്ന് ആഖ്യാനത്തുടര്‍ച്ചയില്‍ മനസിലാകും. ഇന്ത്യാ-ശ്രീലങ്ക ക്രിക്കറ്റ് മാച്ചില്‍ ഇന്ത്യ തോല്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രാമേശ്വരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലേക്കും അവിടെ നിന്ന് ബിഹാറി തൊഴിലാളിയിലേക്കും അമിതവേഗതയില്‍ പോകുന്ന ഓഡി കാറിലേക്കും, ഇടയ്ക്കിടെ കണ്ണ് തെറ്റിക്കുന്നുണ്ട് സംവിധായകന്‍. ചില ഘട്ടങ്ങളിലൊക്കെ റാമിന്റെ ഇടപെടല്‍ ആസ്വാദനത്തിലെ സ്വാഭാവികതയെ നന്നായി ബാധിക്കുന്നുമുണ്ട്.

യാദൃശ്ചികമായി കണ്ടുമുട്ടുന്ന(മഴയും പഞ്ചറായ സ്‌കൂട്ടറും സാഹചര്യമൊരുക്കിയ) രണ്ട് അപരിചിതരില്‍ നിന്നാണ് റാം പ്രധാന കഥയിലേക്ക കടക്കുന്നത്. ചിത്രത്തിലുടനീളം കഥ പറച്ചിലുകാരനായും അഭിപ്രായങ്ങള്‍ പങ്കുവച്ചും കഥയെ നിയന്ത്രിച്ചും താനുണ്ടാകുമെന്ന ഓര്‍മ്മപ്പെടുത്തലിനൊപ്പമാണ് റാം ഇവരിലെത്തിച്ചേരുന്നത്. god eye view എന്നും birds eye view എന്നുമൊക്കെ വ്യാഖ്യാനിക്കാവുന്ന ഉന്നതങ്ങളില്‍ നിന്നുള്ള കാഴ്ചകളിലൂടെ രാമേശ്വരത്തെയും മഹാസമുദ്രത്തെയും കടന്ന് നായികയിലേക്ക് എത്തിച്ചേരുകയാണ് സിനിമ. കനത്ത മഴയില്‍ സ്‌കൂട്ടര്‍ നിര്‍ത്തി

താടിക്കാരനായ ഒരു അപരിചിതന്‍ നില്‍ക്കുന്ന ബസ് ഷെല്‍ട്ടറിലേക്ക് സംശയത്തോടെ കയറി നില്‍ക്കുന്ന നായിക. അവരുടെ സംശയം പൂണ്ട തുറിച്ചുനോട്ടത്തിന് മറുപടി പറയുന്ന നായകനില്‍ നിന്ന് പ്രഭുവിന്റെ കഥ തുടങ്ങുന്നു. ശെല്‍വരാഘവന്‍ ചിത്രങ്ങളിലെ നായകകഥാപാത്രങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന നായകനാണ് പ്രഭുനാഥ്. ആത്മവ്യഥകളോട് പ്രണയവും അത്ര തന്നെ ജീവിതത്തോട് ആസക്തിയുമുള്ള ഒരാള്‍. തനിക്ക് ചുറ്റും വളരുന്ന ലോകത്തിനൊപ്പം ജീവിക്കാനുള്ള യോഗ്യത തന്നില്‍ ഇല്ലെന്ന് വിശ്വസിക്കുന്നയാള്‍. തുടര്‍ച്ചയായ പരാജയങ്ങളാല്‍ പരുക്കേറ്റയാള്‍. സമൂഹ നിര്‍മ്മിത മുന്‍വിധികളെ തട്ടിത്തെറിപ്പിച്ച് കൊണ്ട് എന്നെ തുറിച്ചുനോക്കേണ്ടതില്ല, ഞാനൊരു റേപ്പിസ്റ്റല്ല എന്ന വാക്കുകള്‍ക്കൊപ്പമാണ് പ്രഭുനാഥിനെ പരിചയപ്പെടുത്തുന്നത്. അവിടെ നിന്നും കുറേ ദൂരം സഞ്ചരിക്കുമ്പോഴാണ് പാട്രിയാര്‍ക്കിയുടെ വാഹകനായ സാധാരണ പുരുഷനാണ് ഈ നായകനെന്ന് റാം വ്യക്തമാക്കുന്നത്.

ഭര്‍ത്താവ് സ്വവര്‍ഗ പ്രണയിയെന്നറിയുമ്പോള്‍ താനുമായുള്ള ദാമ്പത്യത്തില്‍ നിന്ന് അയാളെ സ്വതന്ത്രമാക്കുന്നയാളാണ് അല്‍ത്തിയാ, ദിവസങ്ങള്‍ മാത്രം നീണ്ട പരിചയമുള്ള അപരിചിതനോട് തുറന്ന സൗഹൃദം പുലര്‍ത്തുന്നുമുണ്ട് അവര്‍. പ്രണയത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ചും വിശാലമായ കാഴ്ചപ്പാടുള്ളയാള്‍ എന്ന നിലയിലാണ് അല്‍ത്തിയ.ുടെ കഥാപാത്രനിര്‍മ്മിതി. അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം ആന്‍ഡ്രിയ ജെര്‍മിയ എന്ന അഭിനേത്രിയുടെ മികച്ച പ്രകടനം കാണാന്‍ സാധിച്ചത് തരമണിയിലാണ്. മെയില്‍ ഷോവനിസ്റ്റ് ആയ/ പാട്രിയാര്‍ക്കിയുടെ എല്ലാ കുഴപ്പങ്ങളും കൂടിച്ചേരുന്നയാള്‍ എന്ന നിലയ്ക്കാണ് പ്രഭുവിനെ റാം രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിനെ സ്ഥാപിക്കാനായി സിനിമയില്‍ സൃഷ്ടിച്ചിരിക്കുന്ന രംഗങ്ങളില്‍ കൂടുതലും അതിശയോക്തി കലര്‍ന്നതുമാണ്. അല്‍ത്തിയയുടെ ഭൂതകാലം വിശ്വാസയോഗ്യമായി പറയാന്‍ കഴിഞ്ഞപ്പോള്‍ പ്രഭുവിന്റെ പ്രണയത്തകര്‍ച്ചയും ഉപകഥയും അത്രമേല്‍ സിനിമാറ്റിക് ആണ്.

ആഖ്യാനത്തിലെ സൂക്ഷ്മതയും അഭിനേതാക്കളുടെ ഗംഭീരപ്രകടനവും രംഗാവിഷ്‌കാരമികവും മാറ്റിനിര്‍്ത്തിയാല്‍ കഥാഘടയില്‍ ക്ലീഷേകളുടെ മലവെള്ളപ്പാച്ചിലാണ്. ഭര്‍ത്താവിന്റെ സ്വവര്‍ഗപ്രണയം, അമേരിക്കയിലെത്തിയപ്പോള്‍ ജീവിതശൈലി മാറി കാമുകനെ വഞ്ചിക്കുന്ന കഥാപാത്രം, നായകനെ വഞ്ചിച്ചതിനാല്‍ പൂര്‍വകാമുകിയുടെ ദാമ്പത്യം തകര്‍ന്ന് അവള്‍ നിലയില്ലാക്കയത്തിലാകണം എന്ന നിര്‍ബന്ധം, നൃത്തം ചെയ്യാന്‍ അറിയാത്തതിനാല്‍ ഭാര്യയെ ഡാന്‍സ് ചെയ്യാന്‍ വിട്ട് പബില്‍ കൂട്ടിരിക്കുന്ന ഭര്‍ത്താവ് നിര്‍ഗുണനാണെന്ന് സ്ഥാപിക്കുന്ന രംഗം, പട്ടികളെല്ലാം ഒരു പോലെ വിധേയത്വം കാണിക്കുമെന്ന അയാളുടെ ഭാര്യയുടെ പ്രസ്താവന, കോര്‍പ്പറേറ്റ് തൊഴിലിടത്തില്‍ സ്ഥലംമാറി പോകുന്ന ബോസ്സും പുതുതായി ചുമതലയേല്‍ക്കുന്ന ബോസും കീഴിലുള്ള സഹപ്രവര്‍ത്തകയെ ലൈംഗിക താല്‍പ്പര്യത്തോടെ കാണുമെന്ന മുന്‍വിധി, നായകന്‍ പ്രണയത്തകര്‍ച്ചയില്‍ പ്രതികാരത്തിന് ഇറങ്ങിയാല്‍ നഗരത്തില്‍ ആരുടെ ഭാര്യയെയും വശീകരിക്കാനാകുമെന്ന യുക്തി, ഇങ്ങനെ ക്ലീഷേകളുടെ വിഴുപ്പുകളുണ്ടാക്കുന്ന നിരാശയുടേത് കൂടിയാണ് തരാമണി.

കഥാഗതിക്കൊപ്പം കഥാപാത്രങ്ങളെ ജൈവികമായി വളരാന്‍ അനുവദിക്കുന്നില്ല റാം. സിനിമകളില്‍ പ്രണയങ്ങളിലും ദാമ്പത്യങ്ങളിലുമായി പല കാലങ്ങളില്‍ തകര്‍ച്ച നേരിട്ട ആകെ കഥാപാത്രങ്ങളുടെ തുടര്‍ച്ചയായാണ് പ്രഭുവിനെ റാം അവതരിപ്പിച്ചത്. ആദ്യപ്രണയത്തിന്റെ തകര്‍ച്ചയും, അതിന് വേണ്ടി നടത്തിയ കുറ്റകൃത്യം സൃഷ്ടിച്ച പാപബോധവും വേട്ടയാടുന്ന പ്രഭു അല്‍ത്തിയയുമായുളള ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചപ്പോള്‍ തന്നെ പ്രതികാര ദാഹിയാകുന്നത് ഒട്ടുംവിശ്വസനീയമായിരുന്നില്ല. പെട്ടെന്നൊരു ദിവസം പെണ്‍സമൂഹത്തോട് മൊത്തമായി പ്രതികാരം ചെയ്യാന്‍ അയാള്‍ ഒരുമ്പെടുന്നതൊക്കെ റാം ഈ കഥാപാത്രത്തിന് മേല്‍ കെട്ടിയേല്‍പ്പിക്കുന്നതായാണ് അനുഭവപ്പെട്ടത്. സ്റ്റേഷനിലെ പോലീസ് കഥാപാത്രവുമായും അന്വേഷണ ഉദ്യോഗസ്ഥനുമായി ഈ സംഭവങ്ങളെ ബന്ധിപ്പിച്ചതിലും അസ്വാഭാവികതയും അതിനാടകീയതും കാണാം. യുക്തിയിലൂന്നിയ ചോദ്യങ്ങളെ നേരിടാന്‍ വോയിസ് ഓവറിലൂടെ വിശദീകരണവും നല്‍കുന്നുണ്ട് റാം.

പ്രവചനാത്മക സ്വഭാവവുമുള്ള കഥാഗതിയെ ആസ്വാദ്യകരമാക്കുന്നതില്‍ റാമിന്റെ വോയ്‌സ് ഓവറിലുള്ള നരേഷന് വലിയ പങ്കുണ്ട്. ഒരേ സമയം തന്നെ സിനിമയെ എന്‍ഗേജ്ഡ് ആക്കുന്നതും സ്വാഭാവികത തകര്‍ക്കുന്നതും ഈ വോയ്‌സ് ഓവറാണ്. സിനിമയുടെ സ്വാഭാവിക താളത്തെ, ജൈവികമായ കഥാസഞ്ചാരത്തെ, ആസ്വാദനത്തിലെ സ്വാതന്ത്ര്യത്തെ തകിടം മറിക്കുന്നതാണ് പലയിടങ്ങളിലും റാമിന്റെ ഇടപെടല്‍. പ്രേക്ഷകരെ അവരുടെ ചിന്തകളിലേക്ക് സ്വതന്ത്രരാക്കാതെ നിര്‍ണായകരംഗങ്ങളില്‍ ആ സന്ദര്‍ഭങ്ങളുടെ ഉള്‍പ്പൊരുളും രാഷ്ട്രീയവും നിര്‍ബന്ധബുദ്ധിയോടെ വ്യാഖ്യാനിക്കുകയാണ് റാം. കുടുംബത്തിലും സമൂഹത്തിലും വിവിധ അധികാരശ്രേണികളിലും സ്ത്രീ എത്രമാത്രം വിവേചനം നേരിടുന്നുവെന്നും പുരുഷന്‍ എത്ര മാത്രം ആനുകൂല്യങ്ങള്‍ക്ക് ഉടമയാകുന്നുവെന്നും പറയാന്‍ ശ്രമിച്ചിട്ടുണ്ട് സിനിമ. അതേ സമയം തന്നെ സ്ത്രീപക്ഷ സിനിമയുടെ ടാഗിന് വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ചെടുക്കുന്ന ഏച്ചുകെട്ടലാകുന്ന രംഗങ്ങളില്‍ ഈ സിനിമയുടെ രാഷ്ട്രീയത്തെ സംശയിക്കേണ്ടി വരുന്നു. ചില ഘട്ടങ്ങളില്‍ ഇത് സിനിമയെ ക്ലീഷേകളില്‍ നിന്ന് മോചിപ്പിക്കുന്നുമുണ്ട്. മോഷ്ടിച്ച തുക റഹീമിന്റെ ഭാര്യയെ തിരിച്ചേല്‍പ്പിക്കുന്ന രംഗത്തില്‍ നോട്ട് നിരോധനം കടന്നുവരുന്നതൊക്കെ സിനിമയുടെ മൂഡ് ഷിഫ്റ്റ് ചെയ്യുന്നതാണ്.

കഥാസന്ദര്‍ഭങ്ങളിലെയും ട്വിസ്റ്റുകളിലെയും പ്രവചനാത്മക വിയോജിപ്പാകുമ്പോള്‍ തന്നെ രംഗാവിഷ്‌കാര മികവില്‍ റാം ഒരിക്കല്‍ കൂടി തന്റെ കയ്യൊപ്പ് പതിപ്പിച്ച ചിത്രമാകുന്നു തരാമണി. വന്യഭാവനയിലേക്ക് പിന്‍വാങ്ങുന്നിടത്ത് പോലും ആസ്വാദകനെ ലയിപ്പിച്ച് നിര്‍ത്തുംവിധമാണ് റാമിന്റെ ആഖ്യാനം.

ആണ്‍പെണ്‍ ബന്ധങ്ങളെ, മനുഷ്യര്‍ക്കിടയിലെ സാംസ്‌കാരികവും സാമ്പത്തികവുമായ അന്തരത്തെ കൃത്യമായ മുന്‍വിധികളോടെ നോക്കിക്കാണുന്ന സംവിധായകനിലേക്ക് തന്നെയാണ് തരാമണി എത്തിച്ചേരുന്നത്. തമിഴ് സിനിമയുടെ പരമ്പരാഗത ആഖ്യാന ശൈലികളില്‍ നിന്നും കഥാപാത്രരൂപങ്ങളില്‍ നിന്നുമൊക്കെ ബഹുദൂരം മുന്നിലാണ് തരാമണിയും കഥാപാത്രങ്ങളും. കഥ പറയുന്ന ഇടവും രീതിയും ആഖ്യാനത്തിലെ സൂക്ഷ്മതയുമെല്ലാം സിനിമയെ ആസ്വാദ്യകരമാക്കുന്നുണ്ട്. പ്രേക്ഷകരെ കടുത്ത സമ്മര്‍ദ്ദങ്ങളിലോ ആഘാതങ്ങളിലോ ദുരന്തമുഖത്തോ തള്ളിയിടാന്‍ ആഗ്രഹിക്കാത്ത സംവിധായകനുമാണ് ഈ ചിത്രത്തില്‍ റാം. നിര്‍ണായക പ്രതിബന്ധങ്ങളില്‍, എന്ത് സംഭവിക്കുമെന്ന് ആകുലപ്പെടുന്ന മുഹൂര്‍ത്തങ്ങളില്‍ മനുഷ്യരെ സംഘര്‍ഷങ്ങളില്‍ മോചിപ്പിച്ച് പരസ്പരം പൊറുത്തുനീങ്ങുന്നവരാക്കുകയാണ് റാം.

സങ്കീര്‍ണതകളിലൂടെയും മാനസിക സംഘര്‍ഷങ്ങളിലുമായി മാറി മാറി സഞ്ചരിക്കുന്ന കഥാപാത്രമായി അല്‍ത്തിയയെ ഗംഭീരമാക്കിയിരിക്കുന്നു ആന്‍ഡ്രിയ. പ്രഭുവിനെ അവതരിപ്പിച്ച വസന്ത് രവിയുടെയും ഗംഭീര പ്രകടനമാണ്. അഞ്ജലിയുടെ അതിഥി വേഷം, അല്‍ത്തിയയുടെ മകനായി വന്ന ബാലതാരം പോലീസ് ഉദ്യോഗസ്ഥനായെത്തിയ അഴകം പെരുമാള്‍ എന്നിവരും നന്നായിട്ടുണ്ട്. രണ്ട് മനുഷ്യരുടെ ജീവിതത്തിലെ ആധിയും ആകുലതയും സംഘര്‍ഷവും സന്തോഷവുമെല്ലാം മാറിമറയുമ്പോള്‍ മഴയെ പല ഘട്ടങ്ങളിലായി അന്തരീക്ഷതീവ്രതയ്ക്കായി ഉപയോഗിച്ചിട്ടുണ്ട് റാം. നിരവധി രൂപകങ്ങളിലേക്ക് പ്രവേശിച്ച് കാഴ്ചയില്‍ അധികമാനങ്ങള്‍ക്കുള്ള അവസരമൊരുക്കുന്നുണ്ടെങ്കിലും ഇണപ്രാവുകളുടെ ഉപകഥയൊക്കെ സാമാന്യം നല്ല ബോറാണ്.

തേനി ഈശ്വരിന്റെ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗും യുവന്‍ ഷങ്കര്‍ രാജയുടെ പശ്ചാത്തവും റാം നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ആറ് പാട്ടുകളില്‍ ഒരു കോപ്പൈ, പാവങ്ങള്‍ എന്നീ പാട്ടുകള്‍ കേള്‍വിസുഖമുള്ളതെങ്കിലും ആഖ്യാനത്തില്‍ മുഴച്ചുനില്‍ക്കുന്നുവെന്ന് തോന്നി.

ആണ്‍കേന്ദ്രീകൃത പൊതുബോധം സെന്‍സറിംഗില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച ചിത്രവുമാണ് തരാമണി. എന്തുകൊണ്ട് ഈ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ അംഗങ്ങള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. കഥാന്ത്യത്തിലേക്കൊരു സാമൂഹ്യസന്ദേശ വിഞ്ജാപനം മാറ്റിവച്ച് ഒരുക്കുന്ന തട്ടുപൊളിപ്പന്‍ തമിഴ് പടങ്ങളില്‍ തലപൂഴ്ത്തിനില്‍ക്കുന്ന തമിഴ് സിനിമകള്‍ക്കിടയില്‍ സര്‍ഗാത്മകതയുടെ പുതുശ്വാസമാണ് തരാമണി. ഒരിക്കല്‍ കൂടി ഹൃദ്യവും വശ്യവുമായ കഥ പറച്ചില്‍ കൊണ്ട് റാം മനസ്സില്‍ തൊടുന്ന സിനിമയുമാണ് തരാമണി.