സോളോ :

ഒറ്റയ്ക്ക് തോല്‍ക്കുന്ന യുദ്ധം  

October 5, 2017, 7:09 pm
ഒറ്റയ്ക്ക് തോല്‍ക്കുന്ന യുദ്ധം  
Movie Reviews
Movie Reviews
ഒറ്റയ്ക്ക് തോല്‍ക്കുന്ന യുദ്ധം  

സോളോ :

ഒറ്റയ്ക്ക് തോല്‍ക്കുന്ന യുദ്ധം  

Movie Rating

★★★★★ ★★★★★

ചരിത്രം ഒരു നടനെ നിര്‍ണ്ണയിക്കുക എങ്ങനെയായിരിക്കും...? കടന്നു പോയ നടനകാലജീവിതം തന്നെയാണ് നടന്റെ ശേഷിപ്പ്, ആ അര്‍ത്ഥത്തില്‍ ദുല്‍ഖര്‍ സല്‍മന്‍ എന്ന നടന് സോളോ എന്ന ചിത്രം എന്ത് അടയാളപ്പെടുത്തലാകും നല്‍കുക..? ഒരു ബ്ലാങ്ക് ഇടമാണ് ഈ നടന് ഈ സിനിമ സമ്മാനിച്ചത്.

ശിവ പര്യായങ്ങളായ നാല് കഥാപാത്രങ്ങളിലൂടെ പഞ്ചഭൂതങ്ങളെന്ന ഭാരതീയ സങ്കല്പത്തിന്റെ ചുവടു പിടിച്ച് നിര്‍മ്മിക്കപ്പെട്ട നാല് ഭാഗങ്ങളുള്ള ചിത്രം പ്രേക്ഷകനിലേക്ക് കടന്നുകയറാന്‍ നന്നേ ബുദ്ധിമുട്ടുന്നു. ബിജോയ് നമ്പ്യാര്‍ എന്ന സംവിധായകനെ മലയാള പ്രേക്ഷകര്‍ ശ്രദ്ധിച്ചത് , റിഫ്‌ളക്ഷന്‍സ് എന്ന ഷോര്‍ട്ട് ഫിലിമുമായി ബന്ധപ്പെട്ടാണ്, അതിനു കാരണം മോഹന്‍ലാല്‍ ഈ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു എന്നുള്ളതാണ്. പിന്നീടങ്ങോട്ട് സെയ്ത്താന്‍, ഡേവിഡ്, വാസിര്‍ എന്നീ ഹിന്ദി ചിത്രങ്ങള്‍ ബിജോയ് നമ്പ്യാരുടെതായി വന്നു. ഇതിനിടയില്‍ എം. ടിവിയില്‍ നടന്‍ മിലിന്ദ് സോമന്‍ നിര്‍മ്മിച്ച റഷ് എന്ന സീരിയലിലൂടെ 13 എപ്പിസോഡുകളിലായി ടീനേജ് ലൈഫ് പറയുന്ന ഒരു പരീക്ഷണ കഥപറച്ചില്‍ ശൃംഖലയും ബിജോയ് നമ്പ്യാരുടെതായി വന്നു. ആസ്വാദ്യകരമായിരുന്നു ഈ പരമ്പര. ഇതുകൊണ്ടൊക്കെ തന്നെ ബിജോയ് നമ്പ്യാര്‍ മലയാളത്തിലേക്ക് എത്തുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ വലിയ നിലയിലായിരുന്നു. ദുല്‍ഖര്‍ നായകനായി എത്തിയതോടെ ഇത് ഇരട്ടിച്ചു.

ബിജോയ് നമ്പ്യാരുടെ ക്രാഫ്റ്റും, സ്റ്റോറി ടെല്ലിംഗ് രീതിയും പക്ഷെ, സോളോയില്‍ വേണ്ടത്ര വികസിക്കാതെ പോകുന്നതാണ് സോളോയുടെ ആദ്യ പ്രതികരണം. ജലം, വായു, അഗ്‌നി, ഭൂമി എന്നിങ്ങനെ നാല് എലമെന്റുകള്‍ ആണ് ചിത്രത്തെ വേര്‍തിരിക്കുന്നത്. വരുണദേവനും, വായു ദേവനും, അഗ്‌നി ദേവനും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളാണ് ദുല്‍ഖറിന്റെ ശേഖറും, ത്രിലോകും, ശിവയും, രുദ്രയും. നാലാമത് പ്രതിനിധാനം ചെയ്യുന്ന ഭൂമിയാകട്ടെ കഥാപരമായി നിലകൊള്ളുന്നത് അക്ഷരയെന്ന നായികയിലും. പ്രമേയ പരിസരങ്ങളൊന്നുംപുതുമ സൃഷ്ടിക്കാന്‍ ബിജോയ് നമ്പ്യാര്‍ എന്ന രചയിതാവിന് കഴിയുന്നില്ല. എന്നാല്‍ ഫിലിം മേക്കര്‍ എന്ന നിലയില്‍ തന്റെ ദൃശ്യങ്ങളില്‍ അസാമാന്യ കൈയ്യൊതുക്കവും, ചടുലതയും, മികവാര്‍ന്ന ആവിഷ്‌കരണപാടവവും പുലര്‍ത്താന്‍ കഴിയുന്നുമുണ്ട്.

നാലു കഥകള്‍, ഒരു നായകന്‍ എന്ന നിലയില്‍ കൊമേര്‍സ്യല്‍ രീതികളുടെ പതിവ് സമ്പ്രദായങ്ങളാണ് അവലംബിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നത് ശിവ ബിംബങ്ങളിലൂടെയും, ശിവ ഭാവങ്ങളിലൂടെയുമാണ്. പ്രണയം, ക്രോധം, രൗദ്രം എന്നീ ശിവ സങ്കല്‍പങ്ങളും, ശിവ കഥകളും കഥാപാത്രസൃഷ്ട്ടിയിലും ആവിഷ്‌കരണ രീതിയിലും സ്വാധീനിച്ചിട്ടുണ്ടെന്ന് കരുതാം. പക്ഷെ, അത്യന്തികമായി ആസ്വാദകന് പുതുതൊന്നും പങ്കുവെക്കാന്‍ ഈ കഥകളിലൊന്നിനും കഴിയുന്നില്ല. ജലമെന്ന അടിസ്ഥാനത്തില്‍ നിര്‍മ്മിതമായ ആദ്യ എപ്പിസോഡ് കഥാപരമായി മാറ്റി നിര്‍ത്തിയാല്‍ നല്‍കുന്നത് വിരസതയാണ്. ടെക്‌നിക്കല്‍ അവബോധവും, ദൃശ്യങ്ങളുടെ ചടുലതയും കൊണ്ട് ഇതിനെ മറികടക്കാന്‍ ബിജോയ് നമ്പ്യാര്‍ എന്ന സംവിധായകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, പ്രേക്ഷകര്‍ അസംതൃപ്തിയിലേക്കാണ് തെന്നി നീങ്ങുന്നത്.

രണ്ടാം കഥയായ വായുവിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാകട്ടെ അങ്ങേയറ്റം മെലോഡ്രാമ കൊണ്ട് സമ്പന്നവും. ഒരു കാര്യം പല തലങ്ങളിലൂടെ അവതരിപ്പിച്ച് പ്രേക്ഷകന്റെയുള്ളില്‍ ഒരവസാനം രൂപപ്പെടുന്ന കഥന രീതി അവലംബിക്കാന്‍ ശ്രമിക്കുകയും, അതില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നതാണ് വായുവില്‍ കാണാന്‍ കഴിയുന്നത്. മൂന്നാമത് ഖണ്ഡം അഗ്‌നിയാണ്. തമ്മില്‍ ഭേദം ഈ അഗ്‌നിയാണെന്ന് നിസ്സംശയം പറയാം. ആദ്യ ചിത്രമായ സെയ്ത്താനിലെ എനര്‍ജി ഇവിടെ സംവിധായകന് കൈ വരുന്നു. പകയുടെ പടയോട്ടമാണ് വിഷയമെങ്കിലും തോക്കില്ലാതെ തന്നെ നെഞ്ചില്‍തറക്കുന്ന രംഗങ്ങള്‍ ഒട്ടേറെയുണ്ട്. ഈ സെക്ടറില്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ മിതത്വമുള്ള ഭാവങ്ങളും, ഈ വിഭാഗത്തിന് മുതല്‍കൂട്ടാണ്. നാലാമത് എത്തുന്ന ഭൂമി എല്ലാ തരത്തിലും താഴ്ന്ന നിലവാരം പുലര്‍ത്തി സര്‍വ്വം സഹ എന്ന ഭൂമിയുടെ പര്യായം പോലെയായി ഈ കഥയും കഥാഘടനയും. പലയിടങ്ങളിലും കഥയുടെ വഴികള്‍ സീരിയല്‍ രംഗങ്ങളെ ഓര്‍മ്മിപ്പിച്ചെങ്കില്‍ അത് പ്രേക്ഷകരുടെ തെറ്റല്ല. ഈ സിനിമയുടെ രചനാവേളയില്‍ ഒരിയ്ക്കലെങ്കിലും ശിവപുരാണം എന്ന ഇതിഹാസകൃതിയിലൂടെ കടന്നുപോകാമായിരുന്നുവെന്ന് വെറുതെ മോഹിച്ചു.

ബിജോയ് നമ്പ്യാര്‍ എന്ന സംവിധായകന്റെ മലയാള സിനിമ പ്രവേശനം കാത്തിരുന്ന പ്രേക്ഷകരുടെ പ്രതീക്ഷകളുടെ ഭാരം ഒരു ബാധ്യതയായത് തന്നെയാണ് സോളോ നേരിടുന്ന പ്രധാന പ്രശ്‌നം. അസ്ഥാനത്തു സ്ഥാപിച്ച ഗാനങ്ങള്‍ ഒരു തരത്തിലും ആസ്വാദ്യജനകമായില്ല. മധു നീലകണ്ഠന്‍, ഗിരീഷ് ഗംഗാധരന്‍, സെജന്‍ഷാ എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു നവ കാഴ്ചാനുഭവം നല്‍കാന്‍ ഇവര്‍ക്ക് കഴിയുന്നുമുണ്ട്. ടെക്‌നോളജിയ്ക്ക് മേല്‍നേടുന്ന ആധിപത്യം വിഷയ സ്വീകരണത്തില്‍ ഉണ്ടാകുന്നില്ല എന്നതാണ് പ്രധാന പോരായ്മയായി തോന്നിയത്.

ജീവിത നിരീക്ഷണമോ, കഥാപാത്ര സൃഷ്ട്ടിയിലെ പുതുമയോ ഉണ്ടാകാത്തിടത്തോളം കാലം ഇത്തരം സിനിമകളില്‍ പ്രേക്ഷക പങ്കാളിത്തവും കുറവായിരിക്കും. കഥ പറച്ചിലല്ല, സിനിമയെന്ന സത്യം നിലനില്‍ക്കുമ്പോള്‍തന്നെ ഒരനുഭവമാകാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളോട് ശരാശരി പ്രേക്ഷകന്‍ മുഖം തിരിച്ചാല്‍ അത് ആസ്വാദന നിലവാര തകര്‍ച്ചയല്ല. സിനിമയുടെ അവതരണത്തിലേ പരാജയമെന്ന് തന്നെ കരുതണം. ആദിമധ്യാന്തം ഒരു കഥ കാണാനുള്ള മനസ്സുമായി തീയേറ്ററില്‍ എത്തിയാല്‍ നിരാശയാണ് ഫലം. ഒരു പരീക്ഷണ ചിത്രമെന്ന മുന്‍വിധിയോടെ നവാഗത സംവിധായകന്റെ ചിത്രമെന്ന തോന്നലോടെ എത്തുന്നവര്‍ക്ക് ഈ കഥാഭാഗങ്ങള്‍ ഇഷ്ടമായേക്കാം.