തൊണ്ടിമുതലും ദൃക്‌സാക്ഷിയും :

കയ്യടിച്ച് വരവേല്‍ക്കേണ്ട മികവ് 

June 30, 2017, 7:52 pm
കയ്യടിച്ച് വരവേല്‍ക്കേണ്ട മികവ് 
Movie Reviews
Movie Reviews
കയ്യടിച്ച് വരവേല്‍ക്കേണ്ട മികവ് 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും :

കയ്യടിച്ച് വരവേല്‍ക്കേണ്ട മികവ് 

Movie Rating

★★★★★ ★★★★★

സമീപവര്‍ഷങ്ങളില്‍ മലയാളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത സിനികമളിലൊന്നാണ് മഹേഷിന്റെ പ്രതികാരം. സംഭാഷണകേന്ദ്രീകൃത കഥനരീതി ഉപേക്ഷിച്ച് സൂക്ഷ്മാംശങ്ങളിലൂന്നിയും ദൃശ്യഭാഷയുടെ ചാരുതയിലും കഥാപാത്രനിര്‍ണയത്തിലെ മികവിലും ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ ആവിഷ്‌കാര സാമര്‍ത്ഥ്യം അനുഭവപ്പെടുത്തിയിരുന്നു ഈ സിനിമ. തിയറ്റര്‍ വിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോളും സാമൂഹിക മാധ്യമങ്ങള്‍ പോത്തേട്ടന്‍ ബ്രില്യന്‍സില്‍ ചര്‍ച്ച അവസാനിപ്പിച്ചിരുന്നില്ല. പ്രധാന അംഗീകാരങ്ങളും സിനിമയെ തേടിയെത്തി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന പേരില്‍ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആദ്യവരവില്‍ അമ്പരപ്പിച്ച സംവിധായകന്‍ കാത്തുവച്ചിരിക്കുന്ന കാഴ്ചയും കൗതുകവുമെന്തെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു. സെമി റിയലിസ്റ്റിക് ഘടനയില്‍ നിന്നുകൊണ്ട് സാന്ദര്‍ഭിക ഹാസ്യവും സിനിമാറ്റിക് ട്വിസ്റ്റുകളുമായി കഥ പറഞ്ഞ മഹേഷില്‍ നിന്ന് രണ്ടാം സിനിമയിലെത്തുമ്പോള്‍ റിയലിസത്തിലേക്കും കഥ പറച്ചിലിന്റെ നവസാധ്യതകളിലേക്കും പ്രവേശിച്ചിരിക്കുകയാണ് ദിലീഷ് പോത്തന്‍. മിക്ക രംഗങ്ങളെയും ചിരിയില്‍ ചെന്നവസാനിപ്പിച്ചിരുന്നു മഹേഷിന്റെ പ്രതികാരം. ഇവിടെ മനുഷ്യരെയും സമൂഹത്തെയും കലര്‍പ്പോ കൃത്രിമത്വമോ സിനിമാറ്റിക് ഗിമ്മിക്കുകളോ ഇല്ലാതെ യഥാതഥമായ വികാരങ്ങളാല്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍. ഓരോ സംവിധാനങ്ങളിലേക്ക് അടക്കം ചെയ്യപ്പെട്ട മനുഷ്യരുടെ പലവിധ അവസ്ഥകളുടെ കലര്‍പ്പില്ലാത്ത പകര്‍പ്പുമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും.

ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട്, പുതുമുഖം നിമിഷാ സജയന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ. കാസര്‍ഗോഡ് നടക്കുന്ന ഒരു മോഷണവും പിന്നീട് പോലീസ് സ്‌റ്റേഷനിലും ചുറ്റുപാടുമായി നടക്കുന്ന സംഭവങ്ങളുമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. പുറത്തുള്ള അത്ര തന്നെ പിരിമുറുക്കവും സമ്മര്‍ദ്ദവും മോഷണക്കേസില്‍ ഇരയായവരുടെയും ഇടപെടുന്നവരുടെയും ഉള്ളിലുമുണ്ട്.

ആദ്യ സിനിമയില്‍ മഹേഷില്‍ നിന്ന് ചാച്ചനിലേക്കും അവിടെ നിന്ന് പ്രകാശ് സിറ്റിയിലേക്ക് യാത്ര തുടങ്ങിയ ദിലീഷ് പോത്തന്‍ ഇവിടെ ഒരു കൂട്ടം മനുഷ്യരില്‍ നിന്ന് ചിലരില്‍ ചെന്നെത്തുകയാണ്. നന്മയുടെ പക്ഷത്ത് നില്‍ക്കുന്ന നായകനും തിന്മയുടെ പ്രതീകമായ വില്ലനും അവരിലൊരാളുടെ അന്തിമവിജയത്തിന് വേണ്ട കരുക്കളുമൊക്കെ നിരത്തിയ ഫോര്‍മുലാ സിനിമകളിലൊന്നല്ല തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഇവിടെ കള്ളനും പോലീസും വാദിയും അവരുടെ കുടുംബവും സമൂഹവുമെല്ലാം സാഹചര്യത്തിനൊത്ത് പെരുമാറുന്ന നിസ്സാരരായ മനുഷ്യരായി കടന്നുവരികയാണ്. നായകനെയോ നായികയെയോ അതുവരെ മറച്ചുനിര്‍ത്താന്‍ ഇന്‍ട്രോ സീനിലും, നിറവൈവിധ്യതയ്ക്കായി പാട്ടുകളിലോ പാസിംഗ് ഷോട്ടുകളിലോ മാത്രമായി നമ്മുടെ സിനിമകളില്‍ കടന്നുവരുന്നതാണ് സമൂഹം. ഇവിടെ സമൂഹത്തിലൊരുവനോ ഒരുവളോ ആയി മാത്രമാണ് കഥാപാത്രമായെത്തിയ ഓരോ മനുഷ്യനെയും സംവിധായകന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. അവര്‍ വരുന്നതും മടങ്ങുന്നതും ജീവിതം തുടരുന്നതും ഈ ആള്‍ക്കൂട്ടങ്ങളിലൂടെയാണ്. കള്ളനും പോലീസും വാദിയും സാക്ഷിയുമെല്ലാം തനിക്ക് താന്‍ മാത്രം തുണയാകുന്ന അതിജീവനത്തിനായി ഓരോരോ ശ്രമങ്ങളുമായി നീങ്ങുന്നവരാണ്.

അവതരണത്തില്‍ പരിചിത ശൈലിയെയോ മുന്‍മാതൃകകളെയോ പിന്തുടരാതെ ലളിതവും സ്വതന്ത്രവുമായ ആഖ്യാനത്തിന് മുതിര്‍ന്നിരിക്കുകയാണ് ദിലീഷ് പോത്തന്‍. ചെറുസന്ദര്‍ഭങ്ങളിലൂന്നി സവിശേഷമായ ഡീറ്റെയിലിംഗിലൂടെയാണ് മഹേഷിലെ അവതരണ രീതിയെങ്കില്‍ ഇവിടെ ക്യാമറയ്ക്ക് മുന്നിലെത്തുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും സന്ദര്‍ഭങ്ങള്‍ക്കൊത്ത് അവരില്‍ നിന്ന് പുറത്തുവരുന്ന സ്വാഭാവിക സംസാരങ്ങളിലൂടെ

പല അടരുകളിലേക്കും രാഷ്ട്രീയ മാനങ്ങളിലേക്കും സിനിമ പ്രവേശിക്കുന്നുണ്ട്. സിനിമയുടെ കാഴ്ചയില്‍ ഇനി എന്ത് സംഭവിക്കുമെന്നത് പലപ്പോഴും പ്രവചനാത്മകമോ മുന്‍വിധികളെ പാലിക്കുന്നതോ ആകാം, എന്നാല്‍ യഥാര്‍ത്ഥ സംഭവങ്ങളുടെ ദൃക്‌സാക്ഷിയാകുമ്പോള്‍ പലപ്പോഴും തുടര്‍ച്ചയില്‍ അപ്രതീക്ഷിതത്വമുണ്ടാകും. അത്തരത്തില്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ത്ത് ചിന്തിക്കാനാകും വിധം പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ സഞ്ചാരമാണ് സിനിമയുടേത്. ജാഥയും കൊടിയും കവല പ്രസംഗവും മുദ്രാവാക്യത്തിലൂന്നിയ പഞ്ച് ഡയലോഗുകളുമില്ലാതെ കനപ്പെട്ട രാഷ്ട്രീയം തൊണ്ടിമുതലും ദൃക്‌സാക്ഷിയും പങ്കുവയ്ക്കുന്നുണ്ട്. ജാതിമത ധ്രുവീകരണം ബലം പ്രാപിച്ച കാലത്തെ പുരോഗമന ജീവിതവും മിശ്രവിവാഹവും എത്രമാത്രം സാഹസികമാണെന്ന് അനുഭവ വിവരണത്തെയോ നെടുവീര്‍പ്പിനൊപ്പമുള്ള സംഭാഷണത്തയോ കൂട്ടുപിടിക്കാതെ അനുഭവപ്പെടുത്തുന്നുണ്ട് സിനിമ.

വൈക്കത്ത് ഉല്‍സവപറമ്പിലെ നാടകവും, ഗ്രാമീണ ജീവിതവും, ജങ്കാര്‍ യാത്രയും കൃഷിയുമൊക്കെയായി തുടങ്ങുന്ന സിനിമ കാസര്‍ഗോഡന്‍ അതിര്‍ത്തി ഗ്രാമമായ ഷേണിയിലെ പോലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചാണ് പീന്നീട് കഥ പറയുന്നത്. മോഷണമുതല്‍ തിരികെ കിട്ടാനായി കാത്തിരിക്കുന്നവരും, പ്രതിയില്‍ നിന്ന് അത് കണ്ടെടുക്കാന്‍ ശ്രമിക്കുന്ന പോലീസും നിരപരാധിത്വം ആവര്‍ത്തിക്കുന്ന പ്രതിയും ഉള്‍പ്പെടുന്ന രംഗങ്ങളില്‍ നിന്ന് ഒരു റിയലിസ്റ്റിക് ത്രില്ലറിന്റെ തീവ്രതയിലേക്ക് സിനിമ പ്രവേശിക്കുന്നുണ്ട്. ഒരു പോലീസ് സ്‌റ്റേഷനിലും കാസര്‍ഗോഡന്‍ നാട്ടിന്‍പുറത്തും കവലയിലും കടയിലും മറഞ്ഞിരുന്ന് പകര്‍ത്തിയത് പോലാണ് മിക്ക സീനുകളും. സാഹചര്യങ്ങള്‍ക്കും തങ്ങള്‍ക്ക് മേല്‍ ലഭിക്കുന്ന അധികാരത്തിന്റെ ആനുകൂല്യത്തിലും മനുഷ്യന്‍ എത്ര വേഗമാണ് ഹിംസയുടെ പക്ഷത്തേക്ക് പ്രവേശിക്കുന്നതെന്ന് ഈ സിനിമ ഭംഗിയായി കാണിച്ചു തരുന്നുണ്ട്. ബസിലെ മോഷണരംഗത്തില്‍ നിന്നും,പോലീസ് സ്‌റ്റേഷന്‍ രംഗത്തിലും യൂണിഫോം ഇല്ലാത്തവരും ഉള്ളവരും ഒരേ നിയോഗത്തിനായി ഓടുന്നിടത്തും ആള്‍ക്കൂട്ടവിചാരണയുടെയും വൈയക്തിക നീതിബോധത്തിന്റെയും അധികാരത്തിന്റെയും വിവിധ രൂപങ്ങള്‍ കാണാനാകും.

ദൃശ്യപ്രധാനമായി കഥ പറയുമ്പോള്‍ സംഭാഷങ്ങള്‍ കൂടി റിയലിസ്റ്റിക് ആയി മാറുന്നതിലെ ചാരുത മഹേഷില്‍ ദിലീഷും ശ്യാമും അനുഭവഭേദ്യമാക്കിയിരുന്നു. കഥ പറച്ചിലുകാരനെ കൂട്ടുപിടിച്ചോ, ദീര്‍ഘസംഭാഷങ്ങളിലോ ഫ്‌ളാഷ് ബാക്കിലോ അല്ല കഥാപാത്രങ്ങളുടെ വ്യാഖ്യാനവും സ്വഭാവ വ്യാഖ്യാനവും സംഭവിക്കുന്നത്. പേരുള്‍പ്പെടെ കട്ടെടുത്ത കള്ളന്റെ കഥാപാത്ര നിര്‍മ്മിതി നോക്കുക, അയാള്‍ പല വേളകളിലായി വിശപ്പിനെ ജീവിതമായും അതീജീവനമായും വിന്യസിക്കുന്നുണ്ട്. അയാളെ നിര്‍ബന്ധിച്ച് ഊട്ടുന്നവര്‍ക്കും, അയാളുടെ വിശപ്പിനെ പരിഹസിക്കുന്നവര്‍ക്കും മുന്നിലേക്ക് അയാള്‍ വിശപ്പിനെ വിശദീകരിക്കുന്നുണ്ട്. കള്ളന്റെ ഭൂതകാലത്തിലേക്ക് ചോദ്യമെറിയുമ്പോഴും അയാള്‍ക്ക് വിശപ്പെന്ന മറുപടി മാത്രമേ പറയാനുള്ളൂ. മജിസ്‌ട്രേറ്റിന്റെ വീട്ടിലെ കുട്ടി ആര്‍ത്തിയോടെ ആഹാരം കഴിക്കുന്നതിനെ പരിഹസിച്ചിടത്തും അയാള്‍ ഒറ്റവരി ഡയലോഗില്‍ തന്റെ ജീവിതം തന്നെ വിവരിച്ചുനല്‍കി. മൂന്നോ നാലോ കൊടികളുടെ കാഴ്ചയില്‍ നിന്നാണ് ജാതീയത കൊടികെട്ടിയ സാമൂഹികാവസ്ഥയിലേക്ക് ദിലീഷ് കഥയെ എത്തിച്ചത്. തന്റെ ആവിഷ്‌കാര മാധ്യമത്തിന്റെ സര്‍ഗാത്മക സാധ്യതകളെ ഏറ്റവും നന്നായി ഉപയോഗിച്ച ചലച്ചിത്രകാരന്‍മാരില്‍ ഒന്നാംനിരയില്‍ തന്നെ വീണ്ടും ഇരിപ്പുറപ്പിക്കുകയാണ് ദിലീഷ് പോത്തന്‍. തുടര്‍ന്നും മലയാളത്തിന് ഏറ്റവും പ്രതീക്ഷയര്‍പ്പിക്കാവുന്ന ചലച്ചിത്രകാരന്‍മാരിലെ ഒന്നാംപേരുകാരനാണ് ദിലീഷ് പോത്തനെന്ന് രണ്ടാം ചിത്രവും ഉറപ്പുതരുന്നുണ്ട്. ഔദ്യോഗിക രേഖകളില്‍ ഇടമില്ലാത്തതിനാല്‍ സംഭവിക്കുന്ന തൊഴില്‍നഷ്ടവും പലായനവും കെട്ടുകഥയല്ല. ഐഡന്റിറ്റി കാര്‍ഡ് ഇല്ലാത്ത/മേല്‍വിലാസമില്ലാത്തയാള്‍, ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാകുന്ന കാലത്ത് കല്‍പ്പിത കഥാപാത്രവുമല്ല. തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാല്‍ സ്വത്വം ഇല്ലാതായ മനുഷ്യരുടെയാകെ പ്രതിനിധിയാണ്. അതുകൊണ്ട് തന്നെ കള്ളത്തരത്തില്‍ സത്യസന്ധനാകുന്ന ഈ 'കള്ളനെ' ജീവിച്ചിരിക്കുന്ന കാലത്തിന്റെ രാഷ്ട്രീയമുദ്രണത്തോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ചന്തയിലും കവലയിലും ജങ്കാറിലും കുളിമുറിയിലും വീട്ടകത്തും റോട്ടിലും തോട്ടിലും ബസിലും പോലീസ് സ്‌റ്റേഷനിലും കഥയില്‍ ഇടമുള്ള മനുഷ്യര്‍ ഇടപെടുന്ന വിവിധ ലോകങ്ങളില്‍ കഥയും സഞ്ചരിക്കുന്നുണ്ട്. മോഷണത്തിനും പിന്നാലെ ഓരോ മനുഷ്യരുടെയും ഉള്ളുകള്ളങ്ങള്‍ക്കും ദൃക്‌സാക്ഷിയായാണ് പ്രേക്ഷകരെ വിന്യസിച്ചിരിക്കുന്നത്. കള്ളന് മേല്‍ കോണ്‍സ്റ്റബിളും അയാള്‍ക്ക് മേല്‍ എസ് ഐയും എസ് ഐയ്ക്ക് മേല്‍ സിഐയും അധികാരത്തെ ഉപകരണമാക്കി ഇടപെടുന്നതിനെ ഹാസ്യാത്മകമായി അവതരിപ്പിച്ച രംഗം ഗംഭീരമാണ്. ആ രംഗത്തിന് മുമ്പ് കള്ളനെന്ന് കേട്ടപ്പോള്‍ ഒരാള്‍ക്ക് മേല്‍ ശാരീരിക ആക്രമണത്തിന് മുതിരാന്‍ ആള്‍ക്കൂട്ടത്തിന് പ്രേരണയാകുന്നതും ഈ അധികാര ബോധമാണ്. സിസ്റ്റത്തിന്റെ താല്‍പ്പര്യത്തിനൊത്ത് കുറ്റകൃത്യത്തെയും നീതിയെയുമൊക്കെ സൗകര്യം പോലെ വ്യാഖ്യാനം ചെയ്യുന്നതിനെ ശ്രീജയോട് രണ്ട് സമയങ്ങളിലായി മൊഴിയെടുക്കുന്നതിലൂടെ വൈരുദ്ധ്യത്തിലൂടെ വിശദീകരിച്ചിരിക്കുന്നത് കാണാം. മൊബൈല്‍ ടവര്‍ തര്‍ക്കം, കരുതല്‍ തടവുകാരന്‍, വീഴ്ചയില്‍ കൂട്ടത്തിലൊരാളെ ബലിയാടാക്കാന്‍ മടി കാട്ടാത്ത ഉദ്യോഗസ്ഥന്‍ എന്നിവരിലൂടെ നീതിനിര്‍വഹണ സംവിധാനത്തെ സമൂഹം ഏതൊക്കെ തലത്തില്‍ പ്രയോജനപ്പെടുത്തുന്നുവെന്നതും വിവിധ രംഗങ്ങളിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്. വെട്രിമാരന്‍ ചിത്രം വിസാരണൈ അധികാരത്തിന്റെ വിവിധ തട്ടുകളിലും ഇരയും ശിക്ഷകനും നിലകൊള്ളുന്നുണ്ടെന്ന് കാട്ടിയിരുന്നു. ഇവിടെ കീഴുദ്യോഗസ്ഥന് മേല്‍ അധികാരപ്രയോഗം നടത്തി സുരക്ഷിതനാകാന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ ആ ചിത്രത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. സീനുകളില്‍ അല്ല സന്ദര്‍ഭങ്ങളിലാണ് സമാനത. ആക്ഷന്‍ ഹീറോ ബിജു വരെയുള്ള പോലീസ് ഹീറോ സ്‌റ്റോറികളുടെ തിരുത്തുമാണ് ഈ രംഗങ്ങള്‍. വ്യവസ്ഥിതിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ തന്നെ പോലീസുകാരെ അധികാര പ്രയോഗത്തിന്റെ ഉപകരണങ്ങള്‍ മാത്രമായ നിസാരരായ മനുഷ്യരായാണ് സിനിമ പരിഗണിച്ചിരിക്കുന്നത്. തൊഴിലില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം താങ്ങാനാകാതെ ലീവ് എടുക്കാനാഗ്രഹിക്കുന്ന കഥാപാത്രവും അയാളുടെ നിസഹായവസ്ഥയും അവരില്‍ പലരും നിര്‍ണായക സാഹചര്യത്തില്‍ നടത്തുന്ന കുറ്റകൃത്യവുമെല്ലാം അതിജീവനത്തിനായി പലതും ചെയ്തുകൂട്ടുന്ന മനുഷ്യരുടെ ചിത്രീകരണമായി സിനിമയെ മാറ്റിയിട്ടുണ്ട്. കാസര്‍ഗോഡിനെ മത ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുടെ ഇടമായി കൂടിയാണ് പൊതുബോധം പരിഗണിക്കുന്നത്. ഇവിടെ അമ്പലപ്പറമ്പിലെ തര്‍ക്കവും തല്ലും പരിഹരിക്കാന്‍ രണ്ട് പേര്‍ക്കൊപ്പമെത്തുന്ന കഥാപാത്രമായും ചായക്കടയിലെ ഗ്രാമീണ നിഷ്‌കളങ്കതയായും മതാതീതരായ മനുഷ്യരെ കൃത്യമായി അടയാളപ്പെടുത്തിയത് കാണാം. ഫേസ്ബുക്ക് ലൈവുകളും ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകളും ഉള്‍പ്പെടെ മനുഷ്യരെയും പ്രവൃത്തികളെയും തല്‍സമയം പകര്‍ത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്ന കാലത്ത് കുറേ ആളുകളെ/ അവസ്ഥകളെ പല ആംഗിളുകളില്‍ നിന്നായി ലൈവ് ആയി പകര്‍ത്തുകയും പിന്തുടരുന്നതിന്റെയും കാഴ്ചയാകുന്നുണ്ട് പ്രധാന ഭാഗങ്ങളിലേക്കെത്തുമ്പോള്‍ സിനിമ.

സൂപ്പര്‍താര ഇമേജുണ്ടാക്കാന്‍ ശ്രമിക്കാതെ മലയാള സിനിമയിലെ പുതുപരീക്ഷണങ്ങള്‍ക്ക് തന്നിലെ നടനെ വിട്ടുകൊടുത്തയാളാണ് ഫഹദ് ഫാസില്‍. മലയാള സിനിമയിലെ നവനിര ശ്രമങ്ങളുടെ വളര്‍ച്ച എത്ര ഉയരത്തിലേക്ക് പ്രവേശിക്കുമ്പോഴും ഫഹദ് ഫാസില്‍ എന്ന അഭിനേതാവിനെ കൂടി ആ വളര്‍ച്ചയുടെ വഴികളിലേറെയും ചേര്‍ത്തെഴുതേണ്ടിവരും. എന്ത് കൊണ്ട് വീണ്ടും ഫഹദ് എന്ന ചോദ്യത്തിന് ദിലീഷ് മുമ്പേ മറുപടി നല്‍കിയതാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും കാണുമ്പോള്‍ ആ ചോദ്യമുണ്ടാകില്ല. ഫഹദ് ഇതുവരെ ചെയ്തതില്‍ ഏറ്റവും സങ്കീര്‍ണതയുള്ള കഥാപാത്രമാണ് ഈ സിനിമയിലേത്. മാന്ത്രികന്റെ കൗശലവിദ്യപോലെ ഞൊടിയിടെയില്‍ ഭിന്ന വികാരങ്ങളിലേക്ക് മാറിമറഞ്ഞുപോകുന്നുണ്ട് ഫഹദിന്റെ കഥാപാത്രം. സമ്മര്‍ദ്ദപ്പെരുക്കത്തിലേക്ക് ചുറ്റുമുള്ളവരെയെല്ലാം എടുത്തെറിഞ്ഞ് കണ്ണുകളാല്‍ ചിരിക്കുന്നുണ്ട് ഈ കഥാപാത്രം. ബസ്സില്‍ നിന്നുള്ള ആദ്യ രംഗത്തില്‍ കണ്ണുകളിലൂടെയാണ് ഫഹദിനെ പരിചയപ്പെടുത്തുന്നുണ്ട്. കണ്ണുകളിലൂടെ മാത്രം തന്റെ കഥാപാത്രത്തെ സ്വഭാവസഹിതം പരിചയപ്പെടുത്തുന്നുണ്ട് ഈ നടന്‍. ഉള്‍വ്യഥയും സംഘര്‍ഷവും അമര്‍ഷവും പരിഹാസവുമൊക്കെ ഞൊടിയിടെ വന്നു മറയുന്ന കഥാപാത്രമാകാന്‍ മലയാളത്തില്‍ നിലവില്‍ മറ്റാരുണ്ടെന്ന ചോദ്യം ഈ സിനിമ അവശേഷിപ്പിക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദിന്റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സുരാജ് വെഞ്ഞാറമ്മൂടിനെ പേരറിയാത്തവര്‍, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകളിലാണ് സ്വാഭാവികതയുടെ ചാരുതയുള്ള കഥാപാത്രമായി മുന്‍പ് കണ്ടിരുന്നത്. ഇവിടെ വൈക്കത്തുകാരന്‍ പ്രസാദ് ആയി അയാളുടെ ഹര്‍ഷസംഘര്‍ഷങ്ങളില്‍, ആധികളിലും ആകുലതകളിലും മറ്റൊരു നടനെ ഈ കഥാപാത്രമായി ചിന്തിക്കാനാകാത്ത വിധം പ്രതിനിധീകരിച്ചിട്ടുണ്ട് സുരാജ് വെഞ്ഞാറമ്മൂട്. നിമിഷാ സജയന്‍ എന്ന പുതുമുഖമാണ് ശ്രീജ എന്ന കഥാപാത്രമായിരിക്കുന്നത്. സംഭാഷണങ്ങളുടെ പിന്തുണയില്ലാതെയാണ് പല സന്ദര്‍ഭങ്ങളിലെയും വൈകാരികാവസ്ഥയെ പ്രധാന കഥാപാത്രങ്ങള്‍ക്ക് പ്രതിഫലിപ്പിക്കേണ്ടിയിരുന്നത്. അതിഗംഭീരമായി ഈ കഥാപാത്രമായി മാറിയിട്ടുണ്ട് നിമിഷാ സജയന്‍. മലയാള സിനിമയ്ക്ക് തുടര്‍ന്നും അഭിമാനിക്കാന്‍ അവസരമൊരുക്കുന്ന അഭിനേത്രിയുടെ അരങ്ങേറ്റമായാണ് നിമിഷയുടെ പ്രകടനം.

പോലീസ് സ്‌റ്റേഷന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളെ യഥാതഥമായി ആവിഷ്‌കരിച്ചപ്പോള്‍ കാക്കിയിട്ടവരിലേറെയും യഥാര്‍ത്ഥ പോലീസുകാരാണ്. എസ് ഐയുടെ റോളിലെത്തിയത് സിഐ ആണ്. കൂട്ടത്തില്‍ അലന്‍സിയര്‍ പോലീസ് യൂണിഫോമിലാണ്. ആര്‍ട്ടിസ്റ്റ് ബേബിയിലൂടെ ഹാസ്യം സൃഷ്ടിച്ച അലന്‍സിയര്‍ ഇവിടെ രക്തസമ്മര്‍ദ്ദത്തിന് ഗുളിക കഴിക്കേണ്ട ദിനങ്ങളിലൂടെ കടന്നുപോകുന്ന പോലീസ് ഉദ്യോഗസ്ഥനാണ്. പ്രതിക്ക് മുന്നിലും പരാതിക്കാര്‍ക്ക് മുന്നിലും രണ്ട് മുഖവും ശരീരഭാഷയുമായാണ് അയാളുടെ ജീവിതം. അലന്‍സിയര്‍ അടുത്ത കാലത്ത് ചെയ്ത മികച്ച കഥാപാത്രമാണ് തൊണ്ടിമുതലിലേത്. തുടക്കക്കാരായ ഒരു പാട് അഭിനേതാക്കള്‍, സ്വാഭാവികതയുടെ തെളിമയില്‍ മലയാള സിനിമയില്‍ മുന്‍നിരയിലേക്ക് പ്രവേശിക്കാന്‍ പ്രാപ്തിയുള്ളവര്‍. 86 പുതുമുഖങ്ങളുമായി എത്തിയ അങ്കമാലിയിലേത് പോലെ മുന്‍പരിചമോ മുഖപരിചയമോ ഇല്ലാത്ത കുറേ മനുഷ്യര്‍ രണ്ട് മണിക്കൂറിനുള്ളില്‍ കാഴ്ച്ചക്കാരുടെ മനസിലേക്ക് കയറി കസേരയിട്ടിരിക്കുകയാണ്. വീട്ടുകാരുടെ പരാതിയില്‍ ലോക്കപ്പിലായ സുകുമാരന്‍, യൂണിഫോം ഇടാതെ ഓരോ പ്രതിസന്ധിയിലും പ്രായോഗിക പരിഹാരം നിര്‍ദേശിക്കുന്ന പോലീസ് കഥാപാത്രം, എസ് ഐയും സിഐയും, തുടങ്ങി ആദ്യവരവില്‍ തന്നെ അമ്പരപ്പ് ബാക്കിയാക്കി ഒരു പിടി നടീനടന്‍മാര്‍. വെട്ടുകിളി പ്രകാശ് എന്ന നടനെ എന്നോടിഷ്ടം പാടാമോ എന്ന സിനിമയിലാണ് കാര്യമായൊരു റോളില്‍ കണ്ടത്. ഭാഗ്യദേവതയിലും ഒടുവില്‍ ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിലും സവിശേഷമായ മാനറിസവും സ്വതസിദ്ധശൈലിയുമുള്ള ഈ നടനെ കണ്ടു. ഈ നടനെ ശ്രീജനെന്ന കഥാപാത്രമായി ഗംഭീര പ്രകടനത്തിനൊപ്പം തിരികെയെത്തിച്ചിട്ടുണ്ട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സ്വഭാവ കഥാപാത്രങ്ങള്‍ക്ക് വലിയ സാധ്യത ഉള്ളപ്പോള്‍ ഈ നടനും നല്ല കഥാപാത്രങ്ങളായി ഇനിയുമെത്തട്ടേ. സംവിധായകന്‍ ശ്രീകാന്ത് മുരളിയുടെ കഥാപാത്രവും രസകരമായിരുന്നു.

രംഗചിത്രീകരണത്തില്‍ യാഥാര്‍ത്ഥ്യ പ്രതീതിയുണ്ടാക്കാന്‍ രാജീവ് രവിയുടെ ഛായാഗ്രഹണം വലിയ പങ്കുവഹിച്ചു. മനുഷ്യരുടെ ദൈനംദിന ജീവിതം ക്യാമറയില്‍ ഏറ്റവും നന്നായി അവതരിപ്പിക്കാനാകുന്ന ഛായാഗ്രാഹകനാണ് രാജീവ് രവി. ആലപ്പുഴയിലെ തവണക്കടവിനെ വെള്ളത്താല്‍ ചുറ്റപ്പെട്ട, കാര്‍ഷിക സമൃദ്ധിയുള്ള, ജങ്കാര്‍ ജീവിതയാത്രയുടെ ഭാഗമായ ഇടമായി ചുരുങ്ങിയ ഫ്രെയിമുകളില്‍ രാജീവ് രവി അടയാളപ്പെടുത്തുന്നുണ്ട്. തവണക്കടവിനെ ആ നാടിന്റെ സവിശേഷതകള്‍ക്കൊപ്പമാണ് ചിത്രീകരിച്ചിരിക്കുന്നത്. കവലയോ കടയോ ആള്‍ക്കൂട്ടമോ ക്രമീകരിച്ച് ചിത്രീകരിച്ച സിനിമാ രംഗത്തിന്റെ കാഴ്ചയാകാതെ ഇതെല്ലാം സ്വാഭാവികമായി വരികയാണ്. ഷേണിയിലെത്തുമ്പോള്‍ പ്രസാദിന്റെ വാക്കുകളെ വിശ്വസനീയമാക്കുന്ന വിധത്തില്‍ ആ നാടിനെ വരള്‍ച്ചയുടെ ലക്ഷണങ്ങളോടെ അവതരിപ്പിച്ചിരിക്കുന്നത് കാണാം. നിഴലും വെളിച്ചവും ഇടകലര്‍ന്നെത്തുന്ന രംഗവിന്യാസങ്ങളില്‍, കള്ളനെ പിന്തുടരുന്ന പ്രസാദിലൂടെയുള്ള നിഴല്‍ കാഴ്ച, മൂന്നാംമുറ ചിത്രീകരിച്ചിരിക്കുന്ന സീനുകള്‍, കള്ളനായുള്ള ഓട്ടം തുടങ്ങി സാങ്കേതിക-സൗന്ദര്യ മികവിനപ്പുറം സിനിമയുടെ പരിചരണത്തെ ഏറ്റവും നന്നായി പിന്തുണയ്ക്കുന്ന ഛായാഗ്രഹണ പദ്ധതി രാജീവ് രവി സമ്മാനിച്ചിട്ടുണ്ട്. പച്ചയായതും അത്രമേല്‍ കാലികരാഷ്ട്രീയം അടരുകളില്‍ ഉറച്ചുനില്‍ക്കുന്നതുമായ കഥാപരിസരവും തിരക്കഥയും തീര്‍ത്ത സജീവ് പാഴൂരിനും അഭിമാനിക്കാം. രസച്ചേരുവകളിലുള്ള കെട്ടുകഥകളേക്കാള്‍ ജീവസ്സുറ്റത് ഈ ചുറ്റുവട്ട യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ്.

'തേപ്പു'കഥകളുടെ ആഘോഷങ്ങള്‍ക്കിടയില്‍ പെണ്ണുങ്ങള്‍ ധൈര്യം കാണിക്കാതെ ലോകത്ത് ഒരു പ്രേമവിവാഹവും നടന്നിട്ടില്ല എന്ന രീതിയിലുള്ള ചോദ്യവും ശ്രീജയുടെ കഥാപാത്ര നിര്‍മ്മിതിയും പ്രസക്തമാണ്. സംഭാഷണ രചനയിലും സര്‍ഗാത്മക പിന്തുണയിലും പങ്കാളിയായ ക്രിയേറ്റീവ് ഡയറക്ടര്‍ ശ്യാം പുഷ്‌കരന്റെ സാന്നിധ്യം അനുഭവിച്ചറിയാം.

ജ്യോതിഷ് ശങ്കറിന്റെ കലാ സംവിധാനവും സമീറാ സനീഷിന്റെ വസ്ത്രാലങ്കാരവും സ്വാഭാവിക പരിചരണത്തിന് ഗുണമായിട്ടുണ്ട്. ഏതാണ് സെറ്റുകളെന്നും യഥാര്‍ത്ഥ ഇടമെന്നും തിരിച്ചറിയാനാകാത്ത വിധമാണ് ജ്യോതിഷ് ശങ്കറിന്റെ ഇടപെടല്‍.

സാങ്കേതിക പരിചരണത്തിലെ മികവിന്റേത് കൂടിയാണ് തൊണ്ടിമുതലും ദൃകസാക്ഷിയും. തല്‍സമയ ശബ്ദസന്നിവേശവും ശബ്ദ രൂപകല്‍പ്പനയും സിനിമയുടെ സ്വാഭാവിക പരിചരണത്തിന് വലിയ ഗുണമായിട്ടുണ്ട്. സിനിമയുടെ ഭാവപരിസരത്തോടും ആഖ്യാരീതിയും പൂര്‍ണമായും നീതി പുലര്‍ത്തുന്നതാണ് കിരണ്‍ ദാസിന്റെ എഡിറ്റിംഗ്. റഫീഖ് അഹമ്മദ്-ബിജിബാല്‍ കൂട്ടുകെട്ടിന്റെതാണ് പാട്ടുകള്‍. കണ്ണിലെ പൊയ്കയില്‍ എന്ന ടൈറ്റില്‍ സോംഗിന് ശേഷമുള്ള പാട്ടുകള്‍ കഥാഗതിയുടെ ഭാഗമാണ്. രണ്ടാം പകുതിയില്‍ ബിജിബാലിന്റെ പശ്ചാത്തല സംഗീതവും ശബ്ദവിന്യാസവും വിവിധ സന്ദര്‍ഭങ്ങളിലെ ഭാവപരിസരമൊരുക്കിയതില്‍ വലിയ പങ്കുവഹിച്ചിരിക്കുന്നത് കാണാം.

നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമയെന്നതാണ് വ്യക്തിപരമായ അഭിപ്രായം. കാലത്തെയും സിനിമയെന്ന മാധ്യമത്തിന്റെയും സാധ്യതകളെയും തെല്ലും പരിഗണിക്കാതെ പടച്ചുവിടുന്ന ചവര്‍പ്പന്‍ പടപ്പുകളില്‍ നിന്നും നമ്മുടെ സിനിമ മുന്നോട്ടായണമെങ്കില്‍ ഇതുപോലുള്ള സിനിമകള്‍ക്കായി കയ്യടി ഉയരണം.