ടിയാന്‍ :

മേപ്പടിയാന്റെ ഹിന്ദുരാഷ്ട്ര സ്വപ്നം 

July 19, 2017, 11:44 am
മേപ്പടിയാന്റെ ഹിന്ദുരാഷ്ട്ര സ്വപ്നം 
Movie Reviews
Movie Reviews
മേപ്പടിയാന്റെ ഹിന്ദുരാഷ്ട്ര സ്വപ്നം 

ടിയാന്‍ :

മേപ്പടിയാന്റെ ഹിന്ദുരാഷ്ട്ര സ്വപ്നം 

Movie Rating

★★★★★ ★★★★★

ഹിന്ദുവും വേദപണ്ഡിതനുമായ പട്ടാഭിരാമഗിരിക്കും അധോലോകത്തില്‍ നിന്ന് അവധൂതപാതയിലെത്തിയ മുസ്ലിം ചെറുപ്പക്കാരന്‍ മുഹമ്മദ് അസ്ലനും മുന്നിലുള്ള പൊതുശത്രു. ഭാരതീയ സംസ്‌കൃതിയെയും വിശ്വാസത്തെയും ആചാരപ്പഴമയെയും സ്വാര്‍ത്ഥതാല്‍പ്പര്യത്തിനായി വിറ്റഴിക്കുന്ന ആള്‍ദൈവമാണ് അയാള്‍. ഈ ആള്‍ദൈവത്തെ തുരത്താനും തകര്‍ക്കാനും ഇരുവരുടെയും കൂട്ടായ ദൗത്യം. ചുരുക്കെഴുത്തില്‍ തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം അല്ലെങ്കില്‍ കപടവിശ്വാസത്തിന് മേല്‍ അചഞ്ചല ഭക്തിയുടെ ജയം. പുറംതോടിലുള്ള ഈ മതേതര ഗ്രൂപ്പ് ഫോട്ടോയ്ക്കപ്പുറം ടിയാന്‍ മുരളി ഗോപിയുടെ പതിവ് കള്ളക്കടത്താണ്. ഈ അടുത്ത കാലത്ത് എന്ന സിനിമയില്‍ സംഘപരിവാറിന് രക്ഷക സ്ഥാനം കൊടുത്തത് പോലെ, ലൈഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ കാവിരാഷ്ട്രീയത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റും ഇടതുപക്ഷത്തിന് പ്രതിനായക പദവിയും നല്‍കിയത് പോലെ ഇവിടെ ബ്രാഹ്മണിക് പ്രത്യയശാസ്ത്രത്തിലൂന്നിയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ കൊടി നാട്ടുകയാണ് ടിയാന്‍.

ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകളില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം കൃത്യമായി വെളിപ്പെടുത്തിയ ചലച്ചിത്രകാരനാണ് മുരളി ഗോപി. ഈ അടുത്ത കാലത്ത് എന്ന സിനിമയില്‍ തലസ്ഥാന നഗരിയില്‍ പലിശക്കാരനില്‍ നിന്ന് നായകന് അഭയമാകുന്നത് ആര്‍എസ്എസ് ശാഖയായിരുന്നു. ലെഫ്റ്റ് റൈറ്റ് ലൈഫ്റ്റില്‍ 'ബിബിവിപി' നിയന്ത്രിക്കുന്ന കാമ്പസിലേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇടത് വിദ്യാര്‍ത്ഥി സംഘടന കൊടി നാട്ടാനെത്തുന്നത്. ആ ദൗത്യത്തില്‍ എസ്എഫ്‌ഐ നേതാവിനെ വെട്ടിയൊതുക്കുന്നത് സിപിഐഎം സെക്രട്ടറി നിയോഗിച്ച ക്വട്ടേഷന്‍ ടീം. ഗുണ്ടാ സംഘമെന്ന് കാഴ്ചയില്‍ തോന്നും വിധമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസിലും വിദ്യാര്‍ത്ഥി സംഘടനയിലും പ്രവര്‍ത്തകരെ അണിനിരത്തിയത്. പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന് മേലുള്ള മാധ്യമ-പൊതുബോധ നിര്‍മ്മിതമായ പ്രതിഛായയെ പ്രതിനായക സ്ഥാനത്ത് നിര്‍ത്തിയായിരുന്നു മുരളി ഗോപി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരുക്കിയത്. ടിയാന്‍, ലെഫ്റ്റ് റൈറ്റ് എന്നീ രണ്ട് സിനിമകളുടെയും അവതരണ ഘടനയിലും ചില സമാനതകളുണ്ട്. ലെഫ്റ്റ് റൈറ്റില്‍ പ്രത്യയ ശാസ്ത്രത്തിലൂന്നി ജീവിക്കുന്ന ആദര്‍ശനിഷ്ഠനായ ചെഗുവേരാ റോയ് ഒരു വശത്തും എടുത്തുചാട്ടക്കാരനായ പോലീസുകാരന്‍ വട്ട് ജയന്‍ എതിര്‍വശത്തും. പ്രത്യയശാസ്ത്ര സംരക്ഷണത്തിനും സമൂഹത്തിനും വേണ്ടിയും റോയിക്ക് വേണ്ടിയും പൊതുബോധത്തിനൊത്ത് തിന്മയെ വെട്ടിവീഴ്ത്തുന്നത് വട്ട് ജയനാണ്. സമാന രീതിയില്‍ രണ്ട് ദിശകളില്‍ നായക കഥാപാത്രത്തെ നിര്‍ത്തി പ്രതിനായകനെ ഇടയില്‍ നിര്‍ത്തിയുള്ള കളിയാണ് ടിയാന്‍.

ഗാഗ്രാവാഡിയെന്ന ഉത്തരേന്ത്യന്‍ ഗ്രാമം. ആദിശങ്കരന്റെ വേദപാത പിന്തുടരുന്ന ഗിരി പരമ്പരയിലെ ഇപ്പോഴത്തെ കണ്ണി പട്ടാഭിരാമ ഗിരി(ഇന്ദ്രജിത്ത്). ഗാഗ്രാവാഡിയുടെ യഥാര്‍ത്ഥ അവകാശികളാണ് ഗിരി പരമ്പര. മുസ്ലിങ്ങളും ദളിതരും ഇതരജാതിയിലുള്ളവരുമെല്ലാം പിന്നീടുള്ള കുടിയേറ്റക്കാര്‍. പട്ടാഭിരാമഗിരിയുടെ ആശ്രമം അന്നാടിന്റെ സംസ്‌കൃതിയുടെ ശേഷിപ്പ് പേറുന്ന വീടാണ്. അവിടെയുള്ള കിണറിന്റെ ഉറവയാണ് ആ ഗ്രാമത്തെ വളര്‍ത്തിയതെന്ന് സിനിമ പറയുന്നുണ്ട്. വേദാന്ത പണ്ഡിതനാണ് പട്ടാഭിരാമഗിരി. ആശ്രമത്തെ അയാള്‍ സംരക്ഷിക്കുന്നത് സനാതന ധര്‍മ്മത്തെ സംരക്ഷിക്കുന്നതിനാണ്. അയാളില്‍ നിന്ന് സംസ്‌കൃതവും വേദവും പഠിക്കാനായി വിദേശികളുമുണ്ട്. അമേരിക്കക്കാരി ശിഷ്യയാണ് നിലവിലെ പഠിതാവ്. ഗാഗ്രാവാഡിയെന്ന ഗഡാഗഡിയന്‍ പേരൊക്കെയുണ്ടെങ്കിലും ഇന്ത്യയെ ആണ് ഈ സാങ്കല്‍പ്പിക ഭൂമിക പ്രതിനിധീകരിക്കുന്നതെന്ന് ചുരുക്കാം. അങ്ങനെ വരുമ്പോള്‍ ഈ നാടിന്റെ ആദ്യഅവകാശികളും നയിക്കേണ്ടവരും സംരക്ഷിക്കേണ്ടവരുമായി ബ്രാഹ്മണ സമൂഹത്തെ സിനിമ കണക്കാക്കുന്നു. ആദ്യപകുതിയില്‍ തന്നെ പട്ടാഭിരാമഗിരിയിലൂടെ പലവുരു ഈ ഉടമസ്ഥാവകാശം ആവര്‍ത്തിക്കുന്നുണ്ട്. ഗിരിയുടെ ആശ്രമത്തിന്റെ നിലനില്‍പ്പ് സംസ്‌കാരത്തിന്റെ നിലനില്‍പ്പായാണ് അവതരിപ്പിക്കപ്പെടുന്നത്.

മഹാശയ ഭഗവാന്‍ എന്ന ആള്‍ദൈവത്തിന്റെ വരവോടെയാണ് ഗിരിയും അയാളുടെ ബ്രാഹ്മണ്യത്തിന് വിധേയപ്പെട്ടും കടപ്പെട്ടും ജീവിക്കുന്ന സമൂഹവും അസ്വസ്ഥമാകുന്നത്. ആര്‍ഷ ഭാരത സംസ്‌കാര പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാധു ബ്രാഹ്മണന്‍ പിന്നീട് ധാര്‍മ്മിക പ്രതിസന്ധിയിലാവുകയാണ്. കുടിയേറ്റക്കാരും കച്ചവടക്കാരുമായ മുസ്ലിങ്ങളെയാണ് ആള്‍ദൈവ ശിങ്കിടികള്‍ ആദ്യം തല്ലിയോടിക്കുന്നത്. പിന്നീട് നായരെയും ദളിതനെയും ആക്രമിക്കുന്നു. ഒടുവില്‍ ശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച സരസ്വതീ വിഗ്രഹവും സംസ്‌കൃതിയും പലകാലങ്ങളായി കാത്തരുളുന്ന ഗിരിയുടെ ആശ്രമത്തിലെത്തുന്നു ആള്‍ദൈവപ്പട. മഹാശയ ആശ്രമത്തിനായി വീട് കൈമാറണമെന്നാണ് അപേക്ഷ. മുസ്ലിങ്ങളെയും ദളിതരെയും കയ്യൂക്കില്‍ നേരിടുന്ന ആള്‍ദൈവസംഘം ബ്രാഹ്മണനായ ഗിരിക്ക് മുന്നില്‍ വിനയഭാവത്തിലാണ്. ബ്രാഹ്മണ ശാപത്തെക്കുറിച്ചും ബ്രഹ്മഹത്യയെന്ന മഹാപാപത്തെക്കുറിച്ചും പൂണൂല്‍ ഉടലിന്റെ ശ്രേഷ്ഠതയെക്കുറിച്ചും ശത്രുക്കള്‍ ഇടയ്ക്ക് മറന്നുപോയാല്‍ പോലും പട്ടാഭിരാമഗിരി ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

ആദ്യപകുതിയില്‍ ഗോമാംസ നിരോധനം, സ്വച്ഛ് ഭാരത്, മാവോയിസം, ഡിവൈഎഫ്ഐ തുടങ്ങിയ കീവേര്‍ഡുകളില്‍ തമാശ സൃഷ്ടിച്ച് മതേതരഭാവം പ്രകാശിപ്പിക്കാന്‍ ടിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സമാന്തരമായി തീവ്രഹിന്ദുത്വ അജണ്ടകളുടെ ഒളിച്ചുകടത്തലിന് വേഗം കൂടുന്നുണ്ട്. ആ വേഗമേറുമ്പോള്‍ ബ്രാഹ്മണ്യ രക്ഷാകര്‍തൃത്വത്തിന്റെ അനിവാര്യതയും അതിലൂന്നി രൂപപ്പെടേണ്ട അഖണ്ഡ ഭാരതവുമാണ് സിനിമയുടെ അജണ്ടയെന്ന് മറയില്ലാതെ മേപ്പടിയാന്‍ വെളിപ്പെടുത്തുന്നു. തുടക്കത്തില്‍ തന്നെ ഗഗ്രാവാഡിയിലെ മുസ്ലിങ്ങളെയും ദളിതരെയും ആള്‍ദൈവ ഗുണ്ടകള്‍ ആക്രമിക്കുന്ന രംഗം നോക്കുക. പട്ടാഭിരാമഗിരി തന്റെ ബ്രാഹ്മണ്യം ഉയര്‍ത്തിക്കാട്ടിയാണ് അവരെ തടയുന്നത്. ആ ഗ്രാമത്തിലെ സര്‍വ്വസമുദായങ്ങളുടെയും ജീവനം ഗിരിയുടെ കിണറിലെ ഉറവയില്‍ നിന്നാണ്. അതയാള്‍ പറയുന്നുമുണ്ട്. ദളിതന് വെള്ളം കൊടുക്കേണ്ടെന്ന സുരാജിന്റെ നായര്‍ കഥാപാത്രത്തിന്റെ ആവശ്യം അയാളിലെ സംരക്ഷകന്‍ തള്ളിക്കളയുന്നുമുണ്ട്. മഹാശയന്‍ സംഘം നാട്ടുകാരെ തല്ലിയോടിക്കുമ്പോള്‍ അവരൊന്നായി അഭയം പ്രാപിക്കുന്നത് സാത്വികനായ ഗിരിക്ക് മുന്നിലാണ്. മുന്നിലെത്തിയവരോട് ഭൂമിയുടെ ഉടമസ്ഥാവകാശമുള്ളവരുടെ കാര്യം ആദ്യം സംസാരിക്കാമെന്നാണ് ഗിരി പറയുന്നത്. അതായത് കുടിയേറ്റക്കാരായ ദളിതരുടെയും മുസ്ലീങ്ങളുടെയും കാര്യം പിന്നീട് നോക്കാം, ആദ്യം ആധാരവും രാജാവിന്റെ ഭൂദാന രേഖയുമൊക്കെ കൈവശമുള്ള മേല്‍ജാതിക്കാരുടെ കാര്യത്തില്‍ തീര്‍പ്പാക്കാമെന്ന്. ബ്രാഹ്മണനിലൂടെ നയിക്കപ്പെടുകയും ഭരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ട രാജ്യമാണ് പട്ടാഭിരാമഗിരിയിലൂടെ സംവിധായകന്‍ ജിയെന്‍ കൃഷ്ണകുമാറും മുരളി ഗോപിയും വിഭാവനം ചെയ്യുന്നത്. ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിലൂന്നിയ ജാതിവ്യവസ്ഥ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത ചില രംഗങ്ങളിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കാണാം. പട്ടാഭിരാമഗിരി എന്ന വേദാന്തി സ്വന്തം ശക്തിയും സ്വത്വവും തിരിച്ചറിഞ്ഞ് തിരിച്ചടിക്കുംവരെ കാത്തിരിക്കുന്നുണ്ട് ആ ഗ്രാമം. ബ്രാഹ്മണ്യത്തിലും അതിന് ലഭിക്കേണ്ട വരേണ്യ പരിഗണനയിലും അഭിമാനിക്കുന്ന ആളാണ് പട്ടാഭിരാമഗിരി. ദളിതരും അധികാര സ്ഥാപനങ്ങളും വ്യവസ്ഥയും എതിരാളിയും ഒരു പോലെ തന്നിലെ ബ്രാഹ്മണനെ ആദരിക്കണമെന്ന് ആഗ്രഹമുള്ളയാളുമാണ്. മുസ്ലിങ്ങളെയും ദളിതരെയും കുടിയൊഴിപ്പിക്കുമ്പോള്‍ അവരെല്ലാം ഓടിയെത്തുന്നത് ഈ വേദാന്ത പണ്ഡിതന്റെ പടിക്കലാണ്. സമൂഹത്തിന്റെ രക്ഷാകര്‍തൃത്വം ബ്രാഹ്മണര്‍ക്ക് നഷ്ടമായതിനാലുള്ള അനര്‍ത്ഥങ്ങളായാണ് ആള്‍ദൈവ മാഫിയയെയും അവരാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂട സംവിധാനത്തിന്റെ നിസ്സഹായതയെയും ഗിരി വിലയിരുത്തുന്നത്. മനുസ്മൃതിയുടെ ശ്രേഷ്ഠതയെക്കുറിച്ചാണ് നായകനായ പട്ടാഭിരാഗിരിയിലൂടെ മുരളി ഗോപി പറയുന്നത്. അതില്‍ മനുഷ്യര്‍ എഴുതിച്ചേര്‍ത്തതാണ് മറ്റെല്ലാമെന്നും നായകന്‍ സ്ഥാപിക്കുന്നു.

റിയല്‍ എസ്റ്റേറ്റ് മാഫിയകളും കോര്‍പ്പറേറ്റുകളും നിയോഗിച്ച ഇടനിലക്കാരനാണ് ഭഗവാന്‍ മഹാശയന്‍ (മുരളി ഗോപി) എന്ന ആള്‍ദൈവം. മുസ്ലിങ്ങളെയും ദളിതരെയും ഇതരജാതിക്കാരെയും കുടിയൊഴിപ്പിച്ച് മുന്നേറിയ ആള്‍ദൈവ- കോര്‍പ്പറേറ്റ് ടീം വേദപണ്ഡിതന് മുന്നിലെത്തുമ്പോള്‍ അപേക്ഷിക്കുന്നവരാണ്. ബ്രാഹ്മണശാപത്തെ ആ നാട്ടിലുളളവരെപ്പോലെ ആള്‍ദൈവ കിങ്കരന്‍മാരും ഭയക്കുന്നു. സനാതന ധര്‍മ്മത്തെയും ബ്രാഹ്മണ്യത്തെയും തകര്‍ക്കാന്‍ ചെങ്കൊടിയേന്തിയെത്തുന്ന മൂലധന ശക്തികളുടെ പ്രതിനിധിയായ മഹാശയ ഭഗവാനെ സാത്വികനായ സാധു ബ്രാഹ്മണന്‍ എങ്ങനെ അതിജയിക്കുമെന്നതിന്റെ ചിത്രീകരണമാണ് തുടര്‍ന്നങ്ങോട്ട്. ഇതിനായി ഗിരിയ്ക്ക് നിഴലായും തുണയായും നിയോഗിക്കപ്പെടുന്നത് മുഹമ്മദ് അസ്ലന്‍ എന്ന ചെറുപ്പക്കാരനാണ്. അസ്ലനെ അവതരിപ്പിക്കുന്നത് ബാങ്ക് വിളികളുടെയും ഇസ്ലാമിക അന്തരീക്ഷമെന്ന് തോന്നുന്ന ശബ്ദപരിസരങ്ങളിലും നിന്നാണ്. അയാള്‍ മുംബൈ അധോലോകത്തെ കിരീടം വയ്ക്കാത്ത രാജാവാണ്. മുംബൈ അധോലോകം സമം മുസ്ലീം അധോലോക നായകര്‍ എന്നത് സിനിമ കൃത്യമായി സ്ഥാപിക്കുന്നുണ്ട്. അയാളെ എതിരിടുന്നതും വകവരുത്താന്‍ ശ്രമിക്കുന്നതും മുസ്ലീം ഗ്രൂപ്പാണ്. അവരില്‍ നിന്ന് അസ്ലനെ വ്യത്യസ്ഥമാക്കുന്നത് ഹിന്ദു പത്നിയും നിസ്‌കാരത്തഴമ്പിന് മേല്‍ ഭാര്യയാല്‍ വരയ്ക്കുന്ന കുറിയുമാണ്. അല്ലാഹുവിന്റെ അടിമയെന്നും സേവകനെന്നും ദൈവികതയുള്ളവനെന്നും വാഴ്ത്തപ്പെടുന്ന അസ്ലന്‍ തിന്മയോട് ചേര്‍ന്നുള്ള തന്റെ ജീവിതം ഉപേക്ഷിക്കുന്നത് ഒരു ഫക്കീറിന്റേ പ്രേരണയാലാണ്. ഗ്യാങ്‌സ്റ്ററിലെ അക്ബറിനെപ്പോലെ ആത്മാന്വേഷണ പര്യടനം വല്ല ദര്‍ഗയിലേക്കുമായിരിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. കാശിയിലേക്കാണത്. അവിടെ ഗംഗയില്‍ മുങ്ങി, അഘോരികള്‍ക്കൊപ്പം വസിച്ച് കുംഭമേളയിലെ സന്യാസസമൂഹത്തെ പിന്തുടര്‍ന്ന് പ്രയാണത്തിനിടെ കാലിടറി വീണപ്പോള്‍ തുണചേര്‍ന്ന സന്യാസ സമൂഹത്തിനിടയിലേക്ക്. പിന്നെ ഹിമാലയത്തിലോ വാരണാസിയിലോ ഗുഹാവാസം. അവിടെ നിന്ന് അസ്ലനിലെ കുണ്ഡലിനി ഉണര്‍ത്തി പുനര്‍ജന്മം. നേരത്തേ പട്ടാഭിരാമ ഗിരി പലവുരു പറഞ്ഞിട്ടുള്ള ജ്ഞാനത്രാണി എന്ന ഭാരതീയന്റെ ആകെ സമ്പാദ്യം നേടിയെടുത്തിരിക്കുകയാണ് അപ്പോഴേക്കും അസ്ലന്‍. മുസ്ലീം കൂട്ടത്തില്‍ തോക്കെടുത്തും കൊന്നൊടുക്കിയും ബാങ്ക് വിളിയുടെ ലഹരിപരിസരത്ത് ജീവിച്ച അസ്ലന്‍ അങ്ങനെ ദേശീയ മുസ്ലീം ആവുകയാണ്. ശൈവചര്യയിലേക്കാണ് പിന്നീടുള്ള പ്രയാണം. ഇന്ത്യയിലെ ഹിന്ദുവൊഴികെയുള്ള എല്ലാ മതസ്ഥരുടെയും സ്വത്വം ആര്‍ഷ ഭാരത സംസ്‌കാരത്തിലാണെന്നും ഹൈന്ദവവല്‍ക്കരണത്തിലൂടെ മാത്രമേ ഭാരതീയന് നിലനില്‍പ്പുള്ളൂ എന്നുമുള്ള സംഘപരിവാര്‍ തീവ്രഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ മറയില്ലാതെ തുറന്നുവയ്ക്കുകയാണ് പട്ടാഭിരാമഗിരിയിലൂടെയും അസ്ലനിലൂടെയും തിരക്കഥാകൃത്ത് മുരളി ഗോപി. തീവ്രഹിന്ദുത്വ സംഘടനകള്‍ കാലങ്ങളായി ഇന്ത്യയിലുള്ള ന്യൂനപക്ഷങ്ങളോട് ഭീഷണിയായും ആഞ്ജയായും പറയുന്നത് ഇത് തന്നെയാണ്. ഹൈന്ദവ പാരമ്പര്യത്തെ പുല്‍കി ആര്‍ഷ ഭാരതീയരായി ജീവിക്കാന്‍. ജോണ്‍ കൊക്കന്‍ അവതരിപ്പിക്കുന്ന മുസ്ലിം വില്ലനെ മിയാന്‍ദാദ് ജഴ്സി ധരിച്ച കഥാപാത്രമാക്കുന്നതിലുമുണ്ട് പാക്കിസ്ഥാനിലേക്ക് പോകൂ എന്ന ഫാസിസ്റ്റ് തിട്ടൂരമിടുന്നവരുടെ ഭാഷ.

പരമസാത്വികനും വേദാന്തിയുമായ പട്ടാഭിരാമഗിരിയെ ശത്രുനിഗ്രഹ ശേഷിയുള്ളവനാക്കുകയാണ് അധോലോകത്തില്‍ നിന്ന് അവധൂതനിലേക്കും ഇസ്ലാമില്‍ നിന്ന് ദേശീയ മുസ്ലീമിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ട അസ്ലന്‍. നിരവധി വൈദേശികാക്രമണങ്ങളെ ചെറുത്ത, ശങ്കരാചാര്യര്‍ സ്ഥാപിച്ച ദേവീവിഗ്രഹം കൂടിയാണ് ഗിരി സംരക്ഷിക്കുന്നത്. ഹിന്ദുവെന്നതിന് പകരം സനാതന ധര്‍മ്മിയായി പട്ടാഭിരാമഗിരിയെ അവതരിപ്പിക്കുന്നു. സനാതന ധര്‍മ്മ പാരമ്പര്യത്തെ വരിച്ച ഇതരമതസ്ഥരെ കൂടി ഉള്‍ക്കൊള്ളുന്ന ഇടമാണ് ഗിരിയുടെ ആശ്രമം. തൊഴുതു നില്‍ക്കുന്ന ദളിതനെയും അഭയം പ്രാപിക്കുന്ന മറ്റ് മതസ്ഥരെയും സംരക്ഷിക്കുന്ന ആള്‍. ഗാഗ്രാവാഡിയുടെ ആദ്യഅവകാശിയെന്നതും പല ആക്രമണങ്ങളെയും ചെറുത്ത ദേവി വിഗ്രഹവും ആശ്രമവും എന്നതും അതിനെ സംരക്ഷിക്കുന്ന ബ്രാഹ്മണ പണ്ഡിതന്‍ എന്നതുമൊക്കെ ഇന്ത്യയിലെ പല മുസ്ലിം ആരാധനാലയങ്ങള്‍ക്കും മേല്‍ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ഉന്നയിക്കുന്ന അവകാശവാദത്തെ ഉദ്ദേശിച്ചുള്ളതാണോ എന്ന് സംശയം തോന്നി.

മരുഭൂമിയില്‍ രാവും പകലും തീ കൂട്ടിയാണ് അസ്ലന്‍ പട്ടാഭിരാമഗിരിക്കും ദേവീ വിഗ്രഹത്തിനും ഗാഗ്രാവാഡിക്കും കാവലിരിക്കുന്നത്. മരുഭൂമിയില്‍ പകലും തീ കൂട്ടുന്നത് തീ കായാനും തണുപ്പകറ്റാനുമല്ലെന്ന് വ്യക്തം. അഗ്‌നിയെ ഉപാസിക്കുന്നവനായി തന്നെയാകും അസ്ലനെ സിനിമ ചിത്രീകരിക്കുന്നത്. കുടിയിറക്ക് ഭീഷണിയില്‍ നില്‍ക്കെ പട്ടാഭിരാമഗിരിക്ക് മലമുകളിലെ തീ ചൂണ്ടിക്കാട്ടി അത്തരമൊരു സൂചന നല്‍കുന്നുമുണ്ട് സംവിധായകന്‍. അവസാന ഭാഗത്ത് ലോ ആംഗിളില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന അസ്ലനിലേക്ക് ക്യാമറയെത്തുമ്പോള്‍ തലയ്ക്ക് മുകളില്‍ ചന്ദ്രക്കലയാണ്. അയാളിയെ ശൈവഭാവമായിരിക്കാം ഉദ്ദേശമെന്ന് അതുവരെയുള്ള കഥ പ്രകാരം ചിന്തിക്കാം.

സാങ്കേതിക പരിചരണത്തിലെ നിലവാരവും നാടകീയവും വൈകാരികവുമായ രംഗാവിഷ്‌കാരവും കൊണ്ട് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ എന്ന പോലെ പഞ്ച് സീനുകള്‍ സൃഷ്ടിക്കാനാണ് ടിയാനിലും തിരക്കഥാകൃത്ത് ശ്രമിച്ചിരിക്കുന്നത്. ഭാഷയെ വരേണ്യവല്‍ക്കരിച്ചുള്ള സംഭാഷണത്താലും ഈ രംഗങ്ങള്‍ക്ക് പ്രഹരശേഷിയുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുരളി ഗോപി അവതരിപ്പിക്കുന്ന മഹാശയ ഭഗവാന് ശിവസ്ത്രോത്രങ്ങളും മന്ത്രങ്ങളും നിറച്ചുള്ള ബംബം ശിവ ബോലെ എന്ന ഗാനം ഈ നടന്റെ ശബ്ദത്തിലുണ്ട്. പൃഥ്വിയുടെ കഥാപാത്രത്തിനും മാസ്് ആക്ഷന്‍ ഇന്‍ട്രോയുണ്ട്. ഗംഗയില്‍ മുങ്ങി ഹിമാലയ ഗുഹാവാസം നടത്തി ഹൈന്ദവതയെ പുല്‍കി അസ്ലന് പുനര്‍ജന്മം അനുവദിക്കുന്ന രംഗത്തിന് മുന്നോടിയായി നേതി നേതി എന്ന ഗാനവുമുണ്ട്. മരുപ്രദേശത്ത് മലമുകളിലെ പാറക്കെട്ടുകളുടെ അരികിലായി ഫോട്ടോഷൂട്ടിനെന്ന മട്ടില്‍ നിര്‍ത്തിയാണ് അസ്ലനെ ആദ്യം അവതരിപ്പിക്കുന്നത്. അസ്ലന്റെ സംഭാഷണത്തിലുമുണ്ട് അതിനാടകീയത. ഒരു വാചകത്തെ നാലോ അഞ്ചോ ആയി മുറിച്ച് ഇടയില്‍ നിര്‍ത്തി നിര്‍ത്തി പ്രാസവും താളവും തീര്‍ത്താണ് സംഭാഷണം. ദൃശ്യഭാഷയുടെ നവസാധ്യതകളിലൂടെ സിനിമ അതിശക്തമായ രാഷ്ട്രീയം പഞ്ച്് ഡയലോഗിനൊപ്പമല്ലാതെ പറയുന്ന കാലത്താണ് കടുകട്ടി സംഭാഷണങ്ങളാല്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഗോമാംസം കഴിച്ചതിന് സ്വന്തം മകനെ ലോക്കപ്പിലിട്ട് മര്‍ദ്ദിക്കുന്ന പോലീസുകാരന്‍ പിതാവിനെ കാട്ടിയും അനീതിക്കെതിരെ ഡിവൈഎഫ്ഐ ഉത്തരേന്ത്യയില്‍ സജീവമാകേണ്ടിയിരുന്നുവെന്ന് വീട്ടമ്മയെ കൊണ്ട് പറയിച്ചും സിനിമ തെല്ല് നേരത്തേക്ക് മതേതര മുഖം കാട്ടുന്നുണ്ടെങ്കില്‍ അതത്രയും പെരുങ്കള്ളമാണെന്ന് വിശ്വസിപ്പിക്കുംവിധമാണ് തുടര്‍ന്നുള്ള രാഷ്ട്രീയം. കഥാപാത്രനിര്‍മ്മിതികളിലും നല്ല രീതിയില്‍ ഈ ഹിന്ദുത്വ തീവ്രവാദത്തിന്റെ ഒളിച്ചുകടത്തല്‍ കാണാം. വിശ്വാസത്തെ കച്ചവടച്ചരക്കാക്കുന്ന സാങ്കേതിക ഗിമ്മിക്കുകളിലൂടെ അത്ഭുതം കാട്ടുന്ന ആള്‍ദൈവത്തോട് മാത്രമാണ് ടിയാന് എതിര്‍പ്പ്. പത്മപ്രിയയുടെ ദൈവിക സിദ്ധിയുള്ള ആള്‍ദൈവത്തെ വണങ്ങുന്നുണ്ട് സിനിമ. ഒടുക്കം മഹാശയനെ ഉന്മൂലനം ചെയ്യുമ്പോള്‍ സാത്വിക ബ്രാഹ്മണന് ശക്തിയായി ഈ കക്ഷിയുമുണ്ട്.

ഉടലിലെ പൂണൂലിലാണ് പട്ടാഭിരാമഗിരിയുടെ ആത്മരക്ഷ. താനൊരു വേദാന്തിയാണെന്നും ബ്രാഹ്മണനെന്നും അയാള്‍ ആവര്‍ത്തിക്കുന്നത് ചുറ്റുമുള്ളവര്‍ ആക്രമിക്കപ്പെടുമ്പോഴും തനിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് അക്രമികളെ ഓര്‍മ്മപ്പെടുത്താനാണ്. ജനാധിപത്യക്രമത്തില്‍ ജാതിശ്രേണി തകര്‍ന്നതില്‍ ആകുലനാണ് പട്ടാഭിരാമഗിരി. പോലീസ് സ്റ്റേഷനിലും ആശുപത്രിയിലും അയാള്‍ അക്കാര്യം എതിര്‍പ്പായി ഉയര്‍ത്തുന്നുണ്ട്. ബ്രാഹ്മണ രക്ഷാകര്‍തൃത്വമുള്ള രാജ്യത്തെയാണ് അയാള്‍ ഗാഗ്രാവാഡിയില്‍ സാധ്യമാക്കുന്നത്. ആള്‍ദൈവത്തിന്റെ ആഞ്ജയാല്‍ കല്ലെറിയാന്‍ നിയോഗിക്കപ്പെട്ട ദളിതനെ തൊഴുകൈയോടെ പിന്തിരിപ്പിച്ചും മുസ്ലിമിനെ ഗംഗയില്‍ മുക്കി പൈതൃകം വീണ്ടെടുത്ത് തനിക്ക് നിഴലായി നിര്‍ത്തിയും പട്ടാഭിരാമഗിരി എന്ന വേദപ്രമാണി അജയ്യനായ അധികാരിയായി മാറുകയാണ്. മനുസ്മൃതിയുടെ മഹത്വത്തെക്കുറിച്ച് നായകന്‍ മുമ്പേ വാചാലനായതും ഈ പ്രത്യയശാസ്്ത്രത്തെ മുന്‍നിര്‍ത്തിയാണ്. അസ്ലനെ നിര്‍മ്മിച്ചിരിക്കുന്നത് നോക്കാം. അയാള്‍ ചുറ്റുമുള്ളവര്‍ക്ക് അല്ലാഹുവിന്റെ അടിമയാണ്. അല്ലാഹുവാല്‍ നിയന്ത്രിക്കപ്പെടുന്നയാളുമാണ്. അയാള്‍ മതസ്വത്വത്തില്‍ അല്ല രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഹിന്ദുവായ ഭാര്യയാണ് അസ്ലന്റേത്. ദര്‍ഗകളിലേക്കോ സൂഫി പാതകളിലേക്കോ അല്ല, തന്റെ പൈതൃക വേര് ഖനിച്ച് കാശിയിലേക്കും ഹിമാലയത്തിലേക്കുമാണ് അയാള്‍ എത്തിപ്പെടുന്നത്. ജാവേദ് മിയന്‍ദാദ് മുസ്ലിം വില്ലന്റെ മേലുടുപ്പാകുന്നതും നിഷ്‌കളങ്കമല്ലെന്ന് കഥാന്ത്യത്തില്‍ ബോധ്യപ്പെടും.

സതീഷ് കുറുപ്പിന്റെ ദൃശ്യപരിചരണം മികച്ചതാണ്. അസ്ലന്റെ യാത്ര, ഗാഗ്രാവാഡിയിലെ പോരാട്ടങ്ങള്‍, മഹാശയ ആശ്രമത്തിലെ ആഘോഷം എന്നിവയില്‍ ഛായാഗ്രാഹകന്റെ സാമര്‍ത്ഥ്യം അനുഭവപ്പെടുന്നുണ്ട്. ജിയെന്‍ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ ചിത്രമാണ് ടിയാന്‍. സിനിമയുടെ അപകട രാഷ്ട്രീയം മാറ്റിനിര്‍ത്തിയാല്‍ ആദ്യ രണ്ട് ചിത്രങ്ങളില്‍ നിന്ന് സംവിധായകന്‍ എന്ന നിലയില്‍ ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ട് കൃഷ്ണകുമാര്‍. ഇന്ദ്രജിത്തിനോ പൃഥ്വിരാജിനോ വലിയ വെല്ലുവിളിയുള്ള കഥാപാത്രമായി പട്ടാഭിരാമഗിരിയെയും അസ്ലനെയും തോന്നിയിട്ടില്ല. തന്നില്‍ നിന്ന് വിട്ടുപോകാത്ത കഥാപാത്രമെന്നാണ് പൃഥ്വി അസ്ലനെ നേരത്തെ വിശേഷിപ്പിച്ചിരുന്നത്. പ്രകടനത്തില്‍ ഈ തോന്നലുണ്ടായില്ല. സ്റ്റേജ് നാടകത്തിലെ ചില അതിഗൗരവ കഥാപാത്രങ്ങളെ പോലെ മുന്നിലേക്കാഞ്ഞ് ഒട്ടും അയവില്ലാതെയാണ് പ്രകടനം. മുരളി ഗോപിയുടെ ചില കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ ശൈലീകൃത അഭിനയത്താല്‍ മികച്ചതായിരുന്നു. പ്രധാനമായും ലുക്കാചുപ്പി, കന്യകാ ടാക്കീസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകളിലെ റോളുകള്‍. ഇവിടെ മഹാശയ ഭഗവാന്‍ ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദയുടെ വകഭേദമായാണ് അനുഭവപ്പെട്ടത്.

ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ശുദ്ധികലശമെന്ന തോന്നലൊക്കെയുണ്ടാക്കി കാവിരാഷ്ട്രീയത്തിന്റെ ഒളിച്ചുകടത്തിയ ചിത്രമായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ടിയാനും മേപ്പടിയാന്‍ തന്നെയാണ്. ഇവിടെ മതേതര മുഖംമൂടിയിട്ട് തീവ്രഹിന്ദുത്വവാദികളുടെ രാഷ്ട്രീയത്തെ ആഘോഷിക്കുന്നുവെന്ന് മാത്രം.