ഗോദ :

രസിപ്പിച്ചു മലർത്തിയടിക്കുന്ന ചിക്-ഫ്ലിക്ക്

May 20, 2017, 12:00 pm
രസിപ്പിച്ചു മലർത്തിയടിക്കുന്ന ചിക്-ഫ്ലിക്ക്
Movie Reviews
Movie Reviews
രസിപ്പിച്ചു മലർത്തിയടിക്കുന്ന ചിക്-ഫ്ലിക്ക്

ഗോദ :

രസിപ്പിച്ചു മലർത്തിയടിക്കുന്ന ചിക്-ഫ്ലിക്ക്

ചലച്ചിത്രകാരനും ചലച്ചിത്ര നിരൂപകനും

Movie Rating

★★★★★ ★★★★★

ഹോളിവുഡ് വാണിജ്യസിനിമാ ചുറ്റുവട്ടത്തു ജനപ്രിയമായ 'ചിക് -ഫ്ലിക്ക്' വിഭാഗത്തിലുള്ള സിനിമകൾ മലയാളത്തിൽ നന്നേ കുറവാണ്. ഒരു കൗമാരക്കാരിയായ നായിക, അവളുടെ ചാപല്യങ്ങളും, മോഹഭംഗങ്ങളും സ്വയം മറികടന്നുകൊണ്ട് ലക്ഷ്യത്തിലേക്കുള്ള യാത്രാമധ്യേ, അവൾ സമാഗമിക്കുന്ന കാമുകനടക്കമുള്ള കഥാപാത്രങ്ങളിലൂടെയുള്ള യാത്രയാണ്, ഹാപ്പി എൻഡിങ് റൊമാന്റിക് കോമെഡികളുടെ പെൺപക്ഷ ചിത്രങ്ങളായ ചിക്-ഫ്ലിക്കുകൾ. മുന്പിറങ്ങിയ 'ഓം ശാന്തി ഓശാന' യാണ് ആദിമദ്ധ്യാന്തം ഒരു കൗമാരക്കാരിയുടെ കാഴ്ചപ്പാടിൽ കഥ പറഞ്ഞ തനത് ചിക് -ഫ്ലിക്ക്. എന്നാൽ 'ഗോദ' എന്ന പുതു ചിത്രം ഒരുപടികൂടി മുന്നിൽ കടന്ന് ആയിനത്തെ സ്പോർട്സ് ഡ്രാമയുമായി കൗതുകകരമാം വിധം യോജിപ്പിച്ചിട്ടുണ്ട്. ഇതിലുള്ളത് കൗമാരക്കാരിയുടെ ചാപല്യമല്ല, മറിച്ചു സാഹചര്യങ്ങളുടെ ബ്ലോക്കുകളെ മലർത്തിയടിച്ച അവളുടെ നിശ്ചയദാര്‍ഢ്യമാണ്. ആത്യന്തികമായി അഥിതി എന്ന പഞ്ചാബിപ്പെൺകൊടിയുടെ ജീവിത സഫലീകരണമാണ് 'ഗോദ' എന്ന ചിത്രം പറയുന്ന കഥ, അതിലേക്കവളെ അടുപ്പിക്കുന്നത് ദാസ് എന്നൊരു മലയാളിച്ചെക്കനും, പരുവപ്പെടുത്തുന്നത് കണ്ണാടിക്കൽ ഗ്രാമത്തിലെ ഒരു പഴയ ഗുസ്തിചാമ്പ്യനും. ഇവിടെയാണ് 'ഒരിടത്തൊരു ഫയൽവാനി'ൽ നിന്നും 'മുത്താരം കുന്നി'ൽ നിന്നും 'ഗോദ'യിലെ ഫയൽവാനുള്ള വ്യത്യാസം, അവളെ ആരും ആനയിച്ചുകൊണ്ടുവരുന്നതല്ല, ഗുസ്തിയോടുള്ള ആവേശം മൂത്തു ഗോദ തേടിയിറങ്ങി, ആരാലും ക്ഷണിക്കാതെ കണ്ണാടിക്കൽ ഗ്രാമത്തിലേക്ക് രായ്ക് രാമാനം തീവണ്ടി കയറി, ഉപ്പേരിയും കൊറിച്ചു കൊണ്ട് വരുന്നൊരു അതിഥിയാണ് ഈ "അതിഥി" (അറിഞ്ഞിട്ട പേരാണ്) എന്ന വിടർന്ന കണ്ണുകളുള്ള സുന്ദരി. അവളെയും കൊണ്ട്, ഒട്ടേറെ നർമ്മ മുഹൂർത്തങ്ങളിലൂടെയും കഥാഗതികളിലൂടെയും രണ്ടു മണിക്കൂർ മിന്നിമറയുന്നൊരു ഹൃദ്യമായ സൂപ്പർഫാസ്റ്റ് എന്റർടൈനർ ആണ് 'ഗോദ' എന്ന ബേസിൽ ജോസഫ് ചിത്രം.

ദംഗലും, സുൽത്താനും ഉഴുതുമറിച്ച ഇന്ത്യൻ ബോക്സ്ഓഫീസ് മണ്ണിലെ ചൂടാറും മുന്നേ മറ്റൊരു ഗുസ്തിപ്പടം, അതും മലയാളക്കരയിലെ മനയത്തു വയലിന്റെ (സാങ്കൽപ്പിക സ്ഥലം) നടുവിൽ കിളയ്‌ക്കുക എന്നത് ഫിലിം മേക്കേഴ്‌സ് പോയിന്റ് ഓഫ് വ്യൂവിൽ സാഹസികത തന്നെയാണ്. അതിനെ ഏറ്റെടുക്കാൻ ധൈര്യം കാണിച്ച E4 എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിയെ ആശ്ലേഷിക്കുക തന്നെ വേണം. തിരക്കഥാകൃത്തായ രാകേഷ് മാന്തോടി ഒരു ഫെയറി ടെയ്ൽ കഥാപശ്ചാത്തലത്തിലേക്കാണ് പെൺ ഗുസ്തി എന്ന റിയലിസ്റ്റിക് ഘടകത്തെ മാറ്റിക്കിളച്ചത്. ആദ്യ അഞ്ചുമിനിട്ടിൽ പഞ്ചാബിയായ നായികയുടെ ഉദ്ദേശത്തെ സ്ഥാപിച്ച ശേഷം പൊടുന്നെന്നെ ക്യാമെറ കണ്ണാടിക്കൽ ഗ്രാമത്തേക്കു തിരിക്കുന്ന പക്ഷം 'ദംഗൽ' എന്ന സിനിമയെ നാം മറക്കും. നൂതനരീതിയിലുള്ള ടൈറ്റിലിംഗ് പോലും ഗ്രാമത്തെ പോർട്രെയ് ചെയ്യുന്നതാണ്. മുൻചിത്രമായ 'കുഞ്ഞിരാമായണത്തി'നു സമമായ കാരിക്കേച്ചർ കഥാപാത്രങ്ങളാൽ സമൃദ്ധമാണ് കണ്ണാടിക്കൽ എന്ന സാങ്കൽപ്പിക ഗ്രാമവും, അതിലേക്കു ഗാട്ടാ ഗുസ്തിയെന്ന പോപ്പുലർ സ്പോർട്സിനെ രാകേഷ് പ്ളേസ് ചെയ്ത ശേഷം അതിന്റെ തലപ്പത്തു രഞ്ജിപ്പണിക്കരുടെ കരുത്തനായ ക്യാപ്റ്റൻ കഥാപാത്രത്തെയും പ്രതിഷ്ഠിച്ചു. വിനീത് ശ്രീനിവാസന്റെ പരിചയപ്പെടുത്തലാലും, "ഈ നാടിന്റെ ഗുസ്തിപാരമ്പര്യത്തെ കുറിച്ച് ഞാൻ കൂടുതൽ പറയണ്ടല്ലോ" എന്ന രഞ്ജി പണിക്കരുടെ ഡയലോഗിലും കൂടി തിരക്കഥാകൃത്ത് വിശദീകരണങ്ങളെ ഒഴിവാക്കി. ഇന്നാട്ടിലെ വയലിൽ ക്രിക്കറ്റ് വേണോ അതോ പഴഞ്ചന്മാരുടെ ഗുസ്തി കളിക്കണോ എന്ന നാട്ടുകാരുടെ സമസ്യയാണ് സിനിമയുടെ ഉപകഥ. ട്രൈലറുകളും പാട്ടുകളും ഏകദേശ സ്വഭാവം മനസ്സിലാക്കിത്തന്നിരുന്നു. ആ വിധത്തിൽ പ്രവചനീയമായ കഥയെങ്കിലും, ഓരോ പതിനഞ്ചുമിനിറ്റിലും കഥാഗതിയിലും, ഇമോഷനിലും ഗിയർ ഷിഫ്റ്റ് നടത്തുന്ന (ഏകദേശം എട്ടോളം സന്ദർഭങ്ങൾ) തിരക്കഥയാണ് ഈ രണ്ടു മണിക്കൂർ ചിത്രത്തിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. അതെല്ലാം തന്നെ സ്‌ട്രൈറ്റ് ടു ദി പോയിന്റ് ആയതിനാൽ കഥപറച്ചിലിൽ മുഷിപ്പ് ഒട്ടുമേ അനുഭവപ്പെടുകയുമില്ല. ഇത്തരത്തിൽ ഒരു വേഗമേറിയ പാക്കേജിന് വേണ്ടി ശാഠ്യം പിടിച്ചതുകൊണ്ടാവാം, റിലേഷൻഷിപ് ദൃഢമാക്കേണ്ട ചില സീക്വെൻസുകൾക്കു സ്ക്രീൻ ടൈം കുറവുള്ളതായി തോന്നി.

ഗ്രാമാന്തരീക്ഷത്തിലെ നുറുങ്ങുകൾ പറയുമ്പോഴെല്ലാം ലളിതവും സമൃദ്ധവുമായ ഡയലോഗ് കോമഡികളുണ്ട് ചിത്രത്തിൽ, അവയെ രസകരമാം വിധം വിഷ്വലി വിനിയോഗിച്ച ശേഷം അതിൽ നിന്നും വിഭിന്നമായി സിനിമയിലെ മർമ്മപ്രധാനമായ രണ്ടു ഇമോഷണൽ സീനുകളിലേക്കു വരുമ്പോൾ കട്ട് ചെയ്യാതെ സിംഗിൾ ലെങ്ത്തി ഷോട്ടുകളിൽ അവയെ ദൃശ്യവൽക്കരിച്ച ബേസിൽ ജോസെഫിന്റെ സംവിധാനതീരുമാനം ഒരു കൊമേർഷ്യൽ മലയാള സിനിമ എന്ന ചുറ്റുവട്ടത്തിൽ വിലയിരുത്തുമ്പോൾ ശ്ലാഖനീയമാണ്. അതിന്റെ തന്നെ സ്പൂഫ് എന്ന രീതിയിലായിരിക്കാം ബീഫ് നിഷിദ്ധമായ പഞ്ചാബിലെ തട്ടുകട സമുച്ചയത്തിന്റെ നടുക്കിരുന്നു ടോവിനോയുടെ കഥാപാത്രം 'ബീഫ് കറി എങ്ങിനെ ഉണ്ടാക്കാം' എന്ന് വിശദീകരിക്കുന്നതും സിംഗിൾ ഷോട്ടിൽ തന്നെ എടുത്തുവെച്ചിരിക്കുന്നത്. മൊത്തം ഗുസ്തിപ്പടങ്ങളെ താരതമ്യം ചെയ്‌താൽ ആക്ഷൻ സീക്വെൻസുകൾക്കു മികവും കൈയ്യടക്കവും കുറവാണ്. ആകെത്തുകയിൽ; ഏതോ ഒരു ഗ്രാമവും, പഞ്ചാബും, പരിശീലനവും, നാഷണൽ ഗുസ്തിയും, റൊമാൻസും, തമാശയും, കുടുംബവും, സ്ത്രീശാക്തീകരണവും, ഗാന സന്ദർഭങ്ങളും, എന്ന് വേണ്ട പലവിധ സിനിമാ ചെക്‌ലിസ്റ്റുകളിൽ ഉൾപ്പെടുത്തേണ്ടതെല്ലാം രണ്ടുമണിക്കൂറിൽ അടക്കിയിരുത്തിയ രാകേഷിന്റെ തിരക്കഥയും, അതിനെയെല്ലാം വേണ്ട വിധം ചിത്രീകരിച്ചു ഫലപ്രദമായി സംവേദിച്ച ബേസിലിന്റെ സംവിധാനമികവും, ദൃശ്യങ്ങളെ പ്ലെസന്റ് മൂഡിൽ തന്നെ സ്ഥിരതയോടെ ഫ്രേമിൽ ആക്കിയ വിഷ്ണു ശർമ്മയുടെ ഛായാഗ്രഹണവും, ആ ദൃശ്യങ്ങളെ വേണ്ടവിധം ഒതുക്കി മുന്നോട്ടു പോകുന്ന കഥപറച്ചിലിനു വഴിവെട്ടിയ അഭിനവ് സുന്ദർ നായക്കിന്റെ എഡിറ്റിംഗും ഇഴചേർന്നു കിടക്കുന്ന ഒരു കലാപ്രവർത്തനമാണ്. ഇതിനെയെല്ലാം യോജിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതാകട്ടെ ഫ്രഷും, മികവാർന്നതുമായ ഷാനിന്റെ സംഗീതസംവിധാനവും. "കണ്ണഞ്ചുന്നൊരു നാടുണ്ടെ" എന്നത് ഗ്രാമത്തെ പരിചയപ്പെടുത്തുന്നതും, "ആരോ നെഞ്ചിൽ"എന്നത് ദാസിന്റെ മൗനാനുരാഗവും, "വൗ" സോങ് അതിഥിയുടെ വരവും, "പെണ്ണ് ഭയങ്കരിയാ" എന്നത് നാട്ടുകാർ അവളെ ഏറ്റെടുക്കുന്നതും, പിന്നെ ഒരു ട്രെയിനിങ് സോങ്ങും;ഇവയെല്ലാം ഇമ്പമേറിയവയിൽ നിന്നുപരി സിനിമയുടെ കഥാഗതിക്കനുസരിച്ചുള്ള രചനയോടു കൂടിയുള്ള തിരക്കഥാ പുരോഗതിയെ കുറിക്കുന്ന പാട്ടുകളാണ്, എന്നുവെച്ചാൽ അവയില്ലെങ്കിൽ സിനിമക്ക് വിള്ളൽ വീഴും. അവസാനത്തോടടുക്കെ സിനിമയിലെ ശബ്ദങ്ങൾ മൊത്തത്തിൽ അച്ചടക്കമില്ലായ്മ പ്രകടിപ്പിക്കുന്നുണ്ട്.

ഓൺ സ്ക്രീനിലേക്ക് കടന്നാൽ ചെറുതും വലുതുമായ എല്ലാവരുടെയും പ്രകടനങ്ങൾ നിലവാരമുള്ളവയാണ്. കാരണം എല്ലാവർക്കും വ്യക്തമായ കഥാപാത്ര ലക്ഷണങ്ങൾ (traits) കൊടുത്തിട്ടുണ്ട് എന്നുള്ളതിനാലാണ്. പ്രധാനകഥാപാത്രമായ അതിഥിയെ വിശ്വസനീയമാം വിധം അവതരിപ്പിച്ച വാമിഖ ഗബ്ബി ഈ ചിത്രത്തിന്റെ തിളക്കമാണ്. ഒരു ഗുസ്തിക്കാരിക്ക് വേണ്ടിയ ശാരീരികക്ഷമതയും, സിനിമയിലുടനീളം മലയാളം പറയിച്ചു കലർപ്പു വരുത്താതെ ഒരു ലക്ഷണമൊത്ത പഞ്ചാബിപ്പെൺകൊടി തന്നെയായി ചിത്രീകരിച്ചതും അവർക്കു കൂടുതൽ ആത്മവിശ്വാസം നല്കിയിട്ടുന്നെന്ന് വ്യക്തം. അവൾ ആരോട് ചേർന്നഭിനയിച്ചാലും ഭംഗിയുണ്ടിതിൽ. സിനിമയിൽ രണ്ടാമതെങ്കിലും, അഭിനയത്തിൽ ഏറ്റവും സന്തോഷം തരുന്നത് ടോവിനോ തോമസ്സിന്റെ കഥാപാത്രമായ ആഞ്ജനേയ ദാസിന്റേതാണ്. കഥാപാത്രത്തിലെ നിഷ്കളങ്കതയും, അഭിനയത്തിലെ അനായാസതയും നല്ലോണം ചേർന്ന് പോകുന്നുണ്ട് സിനിമയൊട്ടാകെ. വിവരമില്ലാത്ത ഒരു പയ്യനിൽ നിന്നും നിശ്‌ചയദാർഢ്യമുള്ള ഒരു അഭ്യാസിയിലേക്കുള്ള പ്രയാണം വരെ, ഏറ്റവും കൂടുതൽ മാറ്റങ്ങൾ സംഭവിക്കുന്ന കഥാപാത്രവും ടോവിനോയുടെയാണ്. തമാശയും ആക്ഷനും പ്രണയവും എല്ലാം അതിശയകരമാം വണ്ണം സ്ക്രീൻ പ്രെസെൻസോടെയാണ് ടോവിനോ അവതരിപ്പിച്ചിട്ടുള്ളത്. ഒരു സീനിൽ ദാസനെ മോഹൻലാലിനോടുപമിച്ചു (ദാസൻ -വിജയൻ) തമാശക്കെങ്കിലും ഒരു ചെറിയ ഏറും നടത്തുന്നുണ്ട് സംവിധായകൻ. യുവതാരങ്ങളുടെ ലീഗിൽ നോക്കിയാൽ, ഏതു രീതിയിലേക്കും മോൾഡ് ചെയ്യാവുന്ന ഒരു ശരീരഭാഷ നിലവിൽ ടോവിനോയ്‌ക്കുണ്ട്. രഞ്ജി പണിക്കരുടെ ക്യാപ്റ്റൻ എന്ന മെന്റർ റോൾ ഭംഗിയായി, സിംഹത്തെ പോലെ വരികയും, നാടിനെ മൊത്തത്തിൽ മലർത്തിയടിക്കുകയും ചെയ്ത ശേഷം ഭാര്യക്ക് മുന്നിൽ പതറുകയും ചെയ്യുന്ന ഫയൽവാൻ സിൻഡ്രോം നന്നായി അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ഭാര്യയായ പാർവതിയും ഉള്ള സീനുകളെല്ലാം സ്കോർ ചെയ്തു. സഹനടനപ്പട്ടികയിൽ അജു വർഗീസ് തന്റെ തനതായ ശൈലിയിൽ സിനിമയിലെ നാലാമനായി കേറി നിന്നു, ഹരീഷ്, ബിജുക്കുട്ടൻ, ധർമ്മജൻ, ശ്രീജിത്ത് രവി, കോട്ടയം പ്രദീപ് ഇവർ അടങ്ങിയ കാർട്ടൂൺ ഗ്രാമക്കൂട്ടായ്മയുടെ ലൈനുകളെല്ലാം ഏറ്റിട്ടുണ്ട്. ഇവരെ എല്ലാവരെയും എണ്ണിയെണ്ണി അതിഥി മലർത്തിയടിക്കുന്ന സീൻ രസകരമാണ്.

ഒരു പെണ്ണിന്റെ മനസ്സുറപ്പോടെയുള്ള ആഗ്രഹപൂർത്തീകരണം എന്നതിലുപരി, കണ്ണീരൊഴുക്കി കുമ്പിട്ടിരിക്കുന്ന അതിഥിയിൽ തുടങ്ങി ദാസനെ കൈപിടിച്ച് റിങ്ങിൽ കയറ്റുന്ന റെസ്‌ലിങ് ചാമ്പ്യനായ അഥിതിയിൽ അവസാനിക്കുന്നു എന്നതാണ് ഈ സിനിമയുടെ ചേല്. അതിൽ കഥാപാത്ര വളർച്ചയുണ്ട്. ഒരു തുടർച്ചയുണ്ട്, സന്തോഷമുണ്ട്. സിനിമക്കകത്തു കയറി മാർക്കിട്ടാൽ മികവിനു 4/ 5 ഉം, ഇവിടെയിറങ്ങുന്ന ഇതര വാണിജ്യസിനിമകളെ താരതമ്യപ്പെടുത്തി വിലയിരുത്തിയാൽ ആസ്വാദനതലത്തിൽ 3.5/ 5 ഉം സ്കോർ കൊടുക്കാം 'ഗോദ'യ്ക്ക്. കൂടുതൽ അവകാശവാദങ്ങളോ, കപടമായ ഇസങ്ങൾ കൊണ്ടോ പ്രേക്ഷകരെ നട്ടം തിരിക്കാത്ത ഈ ചിത്രം; കുടുംബസമേതം കണ്ടാസ്വദിക്കാൻ കാതോർക്കാതെ കയറാം.