ട്യൂബ് ലൈറ്റ് :

ഫ്യൂസില്ല, കെട്ടുപോയ പ്രകടനവും  

June 23, 2017, 6:16 pm
ഫ്യൂസില്ല, കെട്ടുപോയ പ്രകടനവും   
Movie Reviews
Movie Reviews
ഫ്യൂസില്ല, കെട്ടുപോയ പ്രകടനവും   

ട്യൂബ് ലൈറ്റ് :

ഫ്യൂസില്ല, കെട്ടുപോയ പ്രകടനവും  

Movie Rating

★★★★★ ★★★★★

ഗുവോ എന്ന ചൈനീസ് ബാലനെ ലക്ഷ്മണ്‍ (സല്‍മാന്‍ ഖാന്‍) ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിക്കുന്ന രംഗം ട്യൂബ് ലൈറ്റിലുണ്ട്. കുന്നില്‍ മുകളില്‍ നിന്നുള്ള രംഗം താഴെ ബസ്സില്‍ നിന്നുള്ള കാഴ്ചയായി മാറുന്നു. അവിടെ ചിരിയടക്കാന്‍ പാടുപെട്ടും പിന്നീടത് പൊട്ടിച്ചിരിയാക്കി മാറ്റിയും കാഴ്ച കണ്ടിരിക്കുന്ന ഓംപുരി. ഓംപുരി അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ചിത്രമാണ് ട്യൂബ് ലൈറ്റ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാള്‍ ആ സീനില്‍ അടക്കിവച്ച ചിരിയെ പൊട്ടിച്ചിരിയാക്കി മാറ്റുന്നത് കണ്ടപ്പോള്‍ അത് സല്‍മാന്‍ ഖാന്റെ ദയനീയ പ്രകടനം അടുത്തുകണ്ടതിനെ തുടര്‍ന്നുണ്ടായ പ്രതികരണമാണോ എന്ന് സംശയിച്ചുപോകും. അവതരണവും പ്രകടനവും ഒരു പോലെ നിരാശയുടെ നിലവാരത്തിലെത്തിച്ച കബീര്‍ ഖാന്‍ സൃഷ്ടിയാണ് ട്യൂബ് ലൈറ്റ്. മാസ് ഹീറോ പ്രതിച്ഛായയില്‍ വലിയ ഇളക്കം തട്ടാതെ സേഫ് സോണില്‍ തുടരുന്ന സല്‍മാന്‍ ഖാനില്‍ പ്രകടന പരീക്ഷണത്തിന് മുതിര്‍ന്നിടത്താണ് കബീര്‍ ഖാന് പിഴച്ചത്. ഭായ് ജാന്‍ ബോറിംഗ് ജാന്‍ ആവുന്ന മണിക്കൂറുകളുടേതാണ് ഈ സിനിമയുടെ ആസ്വാദനം.

ദംഗലിന് മുന്നേ വരെയുള്ള സിനിമകളുടെ വിജയ ശരാശരി നോക്കിയാല്‍ സല്‍മാന്‍ ഖാനാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ബോളിവുഡ് ബോക്‌സ് ഓഫീസിലെ ബ്രാന്‍ഡ് അംബാസിഡര്‍. ഖാന്‍ ത്രയങ്ങളില്‍ അഭിനയത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലാണെങ്കിലും ഷാരൂഖിലും ആമിറിലും മുകളില്‍ ബോക്‌സ് ഓഫീസ് നേട്ടമുണ്ടാക്കാന്‍ സല്‍മാന് കഴിഞ്ഞിട്ടുണ്ട്. തെലുങ്ക്-തമിഴ് മാസ് സിനിമകളുടെ സല്‍മാന്‍ ഖാന്‍ വേര്‍ഷന്‍ മടുപ്പിലേക്കെത്തിയപ്പോഴാണ് ഏക് താ ടൈഗറിന്റെ സംവിധായകന്‍ കബീര്‍ ഖാന്‍ സല്‍മാനെ നിഷ്‌കളങ്കനായ ഭായ്ജാനാക്കിയത്. എന്തിനും ഏതിനും മസില്‍ വിരിച്ച് എതിരാളികളെ തല്ലിപ്പറപ്പിക്കുന്ന നായകനില്‍ നിന്ന് നിഷ്‌കളങ്കനും നിസ്വാര്‍ത്ഥനുമായ രക്ഷകനിലേക്ക് സ്ഥലംമാറ്റം. ബജ്‌റംഗി ഭായ്ജാനില്‍ നിന്ന് സുല്‍ത്താനിലേക്കെത്തിയ പാവം പാവം ഭായ്ജാന്‍ പതിപ്പുകളുടെ ദുരന്തപര്യവസാനമാണ് ട്യൂബ് ലൈറ്റ്. 2015ല്‍ പുറത്തിറങ്ങിയ ലിറ്റില്‍ ബോയ് എന്ന അമേരിക്കന്‍ സിനിമയില്‍ എട്ട് വയസുകാരന്‍ അവതരിപ്പിച്ച കഥാപാത്രത്തെ 51കാരനായ സല്‍മാന് വേണ്ടി അഴിച്ചുപണിഞ്ഞുള്ള കുട്ടികളിയിലാണ് ട്യൂബ് ലൈറ്റിന്റെ ഫ്യൂസ് പോയത്.

ഒറ്റ സംഘട്ടന രംഗം പോലുമില്ലാത്ത സല്‍മാന്‍ ഖാന്‍ സിനിമ, തുടര്‍ച്ചയായി ചെകിട്ടത്തടിയേറ്റുവാങ്ങുന്ന നായകനായി സല്‍മാന്‍ ഖാന്‍. ആക്രമിക്കാനെത്തിയ കാലാള്‍പ്പടയെ നാല് ദിക്കിലേക്ക് നിലംതൊടാതെ പറത്തുന്ന ആസ്ഥാന നിയോഗത്തില്‍ നിന്ന്് ഇത്തരമൊരു കഥാപാത്രമായി സല്ലു മാറുമ്പോള്‍ കഥാന്തരീക്ഷവും കഥാപാത്രവും അല്‍പ്പസ്വല്‍പ്പം റിയലിസ്റ്റിക് ആണെന്ന് പ്രതീക്ഷിക്കും. ഏതാണ്ട് അങ്ങനെയൊക്കെ തന്നെയാണ്. പക്ഷേ ആസ്വാദ്യകരമായ കഥ പറച്ചിലിനോ അതിനൊത്ത കഥാസൃഷ്ടിക്കോ അല്ല ലക്ഷ്മണ്‍ സിംഗ് ബിഷ്ത് ആയി സല്‍മാന്‍ ഖാനെ അഭിനയിപ്പിക്കുന്നതിനാണ് സംവിധായകന്റെ പരിശ്രമം മുഴുവന്‍.

ലക്ഷ്മണ്‍ സിംഗ് ബിഷ്ത് സ്വയം പരിചയപ്പെടുത്തുന്നതിലൂടെയാണ് സിനിമയുടെ തുടക്കം. മറ്റുള്ളവരുടെ അതേ വേഗത്തില്‍ ബുദ്ധിയോ ചിന്തയോ ചെല്ലാത്ത അടിമുടി അരക്ഷിതത്വത്തില്‍ കഴിയുന്ന ആളാണ് ലക്ഷ്മണ്‍ സിംഗ്. ആ വളര്‍ച്ചക്കുറവിന് സഹപാഠികള്‍ ലക്ഷ്മണിന് നല്‍കിയ വിളിപ്പേരാണ് ട്യൂബ് ലൈറ്റ്. സാമര്‍ത്ഥ്യമുള്ള സഹോദരനെ ലഭിച്ചപ്പോഴാണ് ട്യൂബ് ലൈറ്റിന് അല്‍പ്പം വെളിച്ചം കൂടിയത്. സഹോദരനെ ആശ്രയിച്ച് ജീവിക്കുന്ന ലക്്ഷ്മണിന് ഒരു ഘട്ടത്തില്‍ ഭരതനെ വേര്‍പിരിയേണ്ടി വരുന്നു. ഇത് അയാളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളും ചൈനക്കാരനായ ഗുവാ എന്ന ബാലന്റെ ഗ്രാമത്തിലേക്കുള്ള വരവുമാണ് തുടര്‍ന്നുള്ള സിനിമ. പ്രായത്തിനൊത്ത് ശരീര വളര്‍ച്ചയും മാനസിക വളര്‍ച്ചയുമില്ലാത്ത പെപ്പറും പിതാവുമായുള്ള ബന്ധവും ചുറ്റുമുള്ളവരുടെ പരിഹാസത്തെ അതിജീവിക്കാന്‍ അവന് ലഭിച്ച സവിശേഷ കഴിവുമൊക്കെയായിരുന്നു ലിറ്റില്‍ ബോയ് എന്ന സിനിമയുടെ പ്രമേയം. ഈ പ്രമേയത്തിലേക്ക് ഇന്ത്യാ-ചൈനാ ശത്രുതയും യുദ്ധവും രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തെ മാനുഷികതയുമൊക്കെ കലര്‍ത്തിയാണ് കബീര്‍ ഖാന്‍ ട്യൂബ് ലൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സല്‍മാന്‍ ഖാന്റെ സഹോദരന്‍ സൊഹൈല്‍ ഖാനാണ് സിനിമയിലെയും സഹോദരന്‍. ലക്ഷ്ണനും ഭരതനും തമ്മിലുള്ള ബന്ധത്തിലെ തീവ്രതയും ലക്ഷ്മണിന്റെ മാനസിക വളര്‍ച്ച സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും വിശദീകരിക്കാനാണ് ആദ്യപകുതി പ്രധാനമായും മാറ്റിവച്ചിരിക്കുന്നത്. ലിറ്റില്‍ ബോയിയില്‍ പെപ്പറിന്റെ ലോകം കടലോരത്തുള്ള ഒരു സാങ്കല്‍പ്പിക ഗ്രാമമാണ്. ഇന്തോ-ചൈനാ അതിര്‍ത്തി ഗ്രാമമായാണ് കബീര്‍ ഖാനെ ഇതിനെ മാറ്റിയിരിക്കുന്നത്. പക്കാ കമേഴ്സ്യല്‍ സിനിമയുടെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് തന്നെ മതവും രാഷ്ട്രീയവും അതിര്‍ത്തിയും കലഹകാരണമാക്കിയ മനുഷ്യരുടെ കഥ അതീവഹൃദ്യമായി അവതരിപ്പിച്ചിടത്താണ് ബജ്‌റംഗി ഭായ്ജാനില്‍ കബീര്‍ ഖാന്‍ വിജയിച്ചത്. സല്‍മാന്‍ ഖാന്‍,ഹര്‍ഷാലി മല്‍ഹോത്ര എന്നിവരെ മനോഹരമായും വിശ്വസനീയമായും കഥാപാത്രങ്ങളാക്കി മാറ്റിയതും ഒട്ടുമോ മടുപ്പിക്കാത്ത കഥ പറച്ചിലുമാണ് ബജ്‌റംഗി ഭായ്ജാനിനെ മികച്ച എന്റര്‍ടെയിനറാക്കിയത്. അത്തരത്തിലൊരു ആഖ്യാന സാമര്‍ത്ഥ്യത്തിന്റെ അസാന്നിധ്യമാണ് ട്യൂബ് ലൈറ്റിന്റെ വെളിച്ചം കെടുത്തിയത്.

വഴിതെറ്റി ഒറ്റപ്പെട്ട പാക് ബാലികയെ പാക് പട്ടാളത്തെ കബളിപ്പിച്ച് ലാഹോറിലെ ഉള്‍ഗ്രാമത്തിലെത്തിച്ച് സധൈര്യം മടങ്ങുന്ന ബജ്‌റംഗി ഭായ്ജാനിലും ഗ്രാമീണ ഗുസ്തി ചാമ്പ്യന്റെ ആഗോള വിജയം പറഞ്ഞ സുല്‍ത്താനിലും സല്‍മാന്‍ ഖാന്‍ നടപ്പുകാലത്തിന്റെ രാഷ്ട്രീയത്തെയും വിപണി സ്വീകാര്യതയെും കൃത്യമായി പരിഗണിച്ചിട്ടുണ്ട്. ആര്‍എ്സഎസ് നേതാവിന്റെ മകനായി തീവ്രഹിന്ദുത്വചിന്താഗതിയുള്ള കുടുംബത്തില്‍ ജനിച്ചയാളാണ് ഭായ്ജാനിലെ പവന്‍ ചതുര്‍വേദി. പരമ്പരാഗത വിശ്വാസങ്ങളെ അതേപടി പിന്തുടരുന്നയാള്‍, മതനിഷ്ഠയിലൂടെയും തീവ്രദേശീയതാവാദത്തിലൂടെയും നിര്‍മ്മിക്കപ്പെട്ട മുന്‍വിധികളെ കൈവിടാത്ത തടിമിടുക്കന്‍. സുല്‍ത്താനിലും തീവ്രദേശീയതയുടെ വിളംബരമുണ്ടായിരുന്നു. നിയമം കയ്യിലെടുത്തും ശത്രുവിനെ ഉന്മൂലനം ചെയ്തുമുള്ള വീരനായകത്വത്തെ തള്ളിക്കളഞ്ഞ് ത്യാഗനിര്‍ഭരതയിലെ സൂപ്പര്‍ഹീറോയിസത്തിലേക്കാണ് സല്‍മാന്‍ ഖാനെ കബീര്‍ ഖാന്‍ ബജ്‌റംഗി ഭായ്ജാനില്‍ പ്രതിഷ്ഠിച്ചതെങ്കില്‍ ട്യൂബ് ലൈറ്റില്‍ എത്തുമ്പോള്‍ ഗാന്ധിയന്‍ തത്വചിന്തയിലും അഹിംസയിലും തീവ്രദേശീയതയും നിലയുറപ്പിച്ച ആളാണ് ലക്ഷ്മണ്‍. ശ്രീരാമ സഹോദരങ്ങളായ ലക്ഷ്മണനും ഭരതനുമായി കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചതും വെറുതെയാകില്ല. തീവ്രദേശീയതയിലൂന്നി ഇന്ത്യന്‍ പൊതുബോധത്തെ താലോലിക്കാനും അതുവഴി ബോക്‌സ് ഓഫീസില്‍ തലപ്പൊക്കമുണ്ടാക്കാനും കബീര്‍ ഖാന്‍ എല്ലാ സിനിമകളിലും ശ്രമിച്ചിട്ടുണ്ട്. മാനസിക വളര്‍ച്ചയില്ലായ്മയിലും പട്ടാളക്കാരനാകാന്‍ കൊതി പൂണ്ട് നില്‍ക്കുന്ന നായകനെയും, ഒരു നിമിഷവും കൈവിടാത്ത അയാളുടെ രാജ്യസ്‌നേഹവുമെല്ലാം അവതരണത്തില്‍ പര്‍വതീകരിക്കുന്നുണ്ട് സംവിധായകന്‍. ലിറ്റില്‍ ബോയ് എന്ന അമേരിക്കന്‍ സിനിമയുടെ സല്ലു വേര്‍ഷന്‍ എന്നതിനേക്കാള്‍ ബജ്‌റംഗി ഭായ്ജാന്‍ എന്ന സിനിമയുടെ അതേ അച്ചിലൊരുക്കി മറ്റൊരുക്കിയ ചിത്രമെന്ന വിശേഷണമാകും ട്യൂബ് ലൈറ്റിന് കൂടുതല്‍ ഇണങ്ങുക. ചൈനയ്‌ക്കെതിരെ യുദ്ധത്തിന് പോയ സഹോദരനെ കാത്തിരിക്കുന്നതിനൊപ്പം ഗ്രാമത്തിലെത്തിയ ചൈനീസ് കുടുംബത്തെ നാട്ടുകാരുടെ സമ്പൂര്‍ണ എതിര്‍പ്പിലും ചേര്‍ത്തുപിടിക്കുന്ന നായകന്‍. പാക് ബാലികയെ ആ രാജ്യത്തിന്റെ അതിര്‍ത്തി ലംഘിച്ച് കുടുംബത്തിന് കൈമാറുന്നതിന് പകരം ഇവിടെ ചൈനീസ് കുടുംബത്തിനും കുട്ടിക്കും സംരക്ഷണമാവുകയാണ് ലക്ഷ്മണ്‍. പട്ടാളക്കാര്‍ പോലും സല്യൂട്ടടിക്കുന്ന രാജ്യഭക്തിയും ഗാന്ധിചിന്തയും നിഷ്‌കളങ്കതയുമാണ് നായകന്റെ കൈമുതല്‍. .

800 കോടിക്കടുത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയ ദംഗല്‍ 1000 കോടിക്ക് മുകളില്‍ കളക്ഷനാണ് ചൈനയില്‍ നിന്ന് നേടിയത്. പാക്കിസ്ഥാനിലെ റിലീസ് അല്ല ചൈനീസ് റിലീസ് ആണ് ബോളിവുഡിന്റെ വിപണി വിസ്തൃതിക്ക് ഇനി പ്രധാനം. ഇന്ത്യാ-ചീനാ ഭായി ഭായി കഥയായി ലിറ്റില്‍ ബോയിയെ 1962ലേക്ക് പ്രതിഷ്ഠിക്കുന്നതും ചൈനീസ് മനുഷ്യരെ പ്രകീര്‍ത്തിക്കുന്നതും രണ്ടിടങ്ങളിലെയും രാജ്യസ്‌നേഹികളെ നോവിക്കാതെ കഥ പറയുന്നതുമെല്ലാം ഇന്ത്യയോളം വലിയ ആ ബോക്‌സ് ഓഫീസ് മുന്നില്‍ കണ്ടുകൊണ്ടാവണം. ലിറ്റില്‍ ബോയ് എന്ന സിനിമ യുദ്ധവിരുദ്ധ ചിന്ത വിശാലാര്‍ത്ഥത്തില്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ചിടത്ത് ട്യൂബ് ലൈറ്റില്‍ ഇന്ത്യാ-ചൈനാ യുദ്ധവും ലക്ഷ്മണസഹോദരന്റെ രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടവുമെല്ലാം ഏച്ചുകെട്ടലിലെ മടുപ്പായി മുഴച്ചിരിക്കുന്നുണ്ട്.

കൃത്യമായൊരു ഫോക്ക്‌സ് തിരക്കഥയിലോ കഥ പറച്ചിലിലോ ഇല്ല, തട്ടിക്കൂട്ടി മുന്നേറുന്നതായി രണ്ടാം പകുതിയില്‍ ഉടനീളം അനുഭവപ്പെടുന്നുണ്ട്. സല്‍മാന്‍ ഖാന്റെ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനം കൂടിയാകുമ്പോള്‍ തല പെരുത്തുപോയ കാഴ്ചാനുഭവമായി ട്യൂബ് ലൈറ്റ്. ഗ്രാമം മുഴുവന്‍ ഒരു വിയോഗത്തില്‍ തകര്‍ന്ന് നില്‍ക്കുന്ന ഒരു രംഗമുണ്ട്. പലരും കണ്ണീരൊഴുക്കുന്നു. ഈ സീനില്‍ ക്യാമറ സല്‍മാന്‍ ഖാന്റെ ക്ലോസപ്പിലെത്തുമ്പോള്‍ ലക്ഷ്മണിന്റെ വിങ്ങല്‍ പൊട്ടിക്കരച്ചിലായി മാറുന്നു. ആ പ്രകടനം കണ്ട് ശരിക്കും പൊട്ടിത്തകര്‍ന്നുപോവുക കാഴ്ചക്കാരാവും. ഇതുപോലെയാണ് പല രംഗങ്ങളും. ചുറ്റുമുള്ളവരും സ്‌ക്രീനിലെ കഥാപാത്രങ്ങളുമെല്ലാം ആ രംഗത്തിന്റെ ഭാവം സങ്കടമോ സന്തോഷമേ ഏതുമാകട്ടെ അതിനൊത്ത് പ്രതികരിക്കുമ്പോള്‍ അതൊന്നും പ്രേക്ഷകരെ സ്പര്‍ശിക്കാത്ത വിധത്തില്‍ അകറ്റിക്കളയുന്നത്ര നിരാശാജനകമാണ് സല്‍മാന്‍ ഖാന്റെയും സൊഹൈല്‍ ഖാന്റെയും അഭിനയം. കൂട്ടത്തില്‍ വൈകാരിക രംഗങ്ങളിലൊക്കെ ചേട്ടനേക്കാള്‍ മെച്ചപ്പെട്ട് അഭിനയിച്ചിരിക്കുന്നത് സുഹൈല്‍ ഖാനാണെന്ന് പറയേണ്ടിവരും.

ലക്ഷ്മണ-ഭരത സഹോദരങ്ങളുടെ ആത്മബന്ധവും തീവ്രതയും ഒന്നോ രണ്ടോ സന്ദര്‍ഭങ്ങളിലും ഫ്‌ളാഷ് ബാക്കിലും ഗാനരംഗത്തിലുമായി അവതരിപ്പിച്ചെങ്കിലും സല്‍മാന്റെയും സൊഹൈലിന്റെ കഥാപാത്രങ്ങള്‍ക്ക് സ്വാഭാവികമായ വളര്‍ച്ച സൃഷ്ടിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. ഭരതിന്റെ പോക്ക്, ചൈനീസ് കുടുംബത്തിന്റെ വരവ്, യുദ്ധം എന്നിവയെല്ലാം ചിതറിത്തെറിച്ച് നില്‍ക്കുകയാണ്. കൃത്യമായൊരു ആഖ്യാന പദ്ധതിയോടെ തിരക്കഥാരൂപമോ ഇല്ലാതെ തട്ടിക്കൂട്ടിയതിന്റെ കുഴപ്പങ്ങളത്രയും സിനിമയില്‍ കാണാം. ഗാവൂ എന്ന ചൈനീസ് ബാലന്‍ ഗ്രാമത്തിലെത്തിയതും ലക്ഷ്മണുമായുള്ള ബന്ധവും വിശ്വസനീയമായി സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. മാര്‍ട്ടിന്‍ റേയ് തംഗു എന്ന അരുണാചല്‍ സ്വദേശിയായ ബാലതാരം അവതരിപ്പിച്ച ഗവുവും സല്‍മാന്‍ കഥാപാത്രവും ഒരുമിച്ചുള്ള തുടക്കത്തിലെ രംഗങ്ങള്‍ മാത്രമാണ് സിനിമയില്‍ ആകെ ആസ്വദിക്കാനാകുന്നത്. ധര്‍മ്മബോധവും അചഞ്ചല വിശ്വാസവും എത്ര ശ്രമകരമായ ദൗത്യവും വിജയമാക്കി മാറ്റുമെന്നതിന്റെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നീണ്ട് വലിഞ്ഞ് വെറുപ്പിക്കുന്ന അളവിലെത്തുന്നുണ്ട്.

1962ലാണ് കഥ നടക്കുന്നത്. അസീം മിര്‍സ ഡെറാഡൂണിനെയും ലഡാക്കിനെയും ചാരുതയോടെ ക്യാമറയിലാക്കിയിട്ടുണ്ട്. ആദ്യ ഗാനരംഗവും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേ 1962ലെ അതിര്‍ത്തി ഗ്രാമമാണ് ഈ പ്രദേശമെന്ന് വിശ്വസിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നിടത്താണ് പ്രശ്‌നം. സിനിമാ സെറ്റ് ആണെന്ന് ഒറ്റനോട്ടത്തില്‍ പിടികിട്ടുംവിധമാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഗ്രാമമൊന്നാകെ നാട്ടുകവലയില്‍ അണിനിരക്കുന്നുണ്ട് പ്രധാന രംഗങ്ങളിലെല്ലാം. ഗ്രാമത്തിലെ ജനസംഖ്യാ കണക്കെടുപ്പിനെന്ന പോലെയാണ് ലക്ഷ്മണിന്റെ ഓരോ അത്ഭുതവൃത്തിക്കളും മുന്‍കൂട്ടിയറിഞ്ഞ് നാട്ടുകൂട്ടം എത്തുന്നത്. ഷാരൂഖ് ഖാന്‍ നേരിട്ടെത്തി സല്‍മാന്‍ ഖാന്് സവിശേഷ സിദ്ധി നല്‍കിയിട്ടും ആ ഗസ്റ്റ് അപ്പിയറന്‍സ് രംഗവും തുടര്‍ന്നുള്ള നിര്‍ണായക രംഗവും ആസ്വാദ്യകരമാകും വിധം വര്‍ക്ക് ഔട്ട് ആയില്ല. പേരിനൊരു ചൈനീസ് നായിക എന്നതിനപ്പുറം സു സു എന്ന നായികയ്ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായില്ല. അടുത്ത രംഗത്തില്‍ എന്താണ് സംഭവിക്കുകയെന്ന് ഒന്നോ രണ്ടോ സിനിമകള്‍ കണ്ടവര്‍ക്ക് പോലും പിടികിട്ടുംവിധമാണ് രണ്ടാം പകുതിയിലെ നിര്‍ണായക രംഗങ്ങളുടെ ക്രമീകരണം.

സല്‍മാന്‍ ഖാന്‍ തന്നെയാണ് ട്യൂബ് ലൈറ്റിന്റെ നിര്‍മ്മാതാവ്. ബോക്‌സ് ഓഫീസില്‍ ഫ്യൂസ് പോയാലും ഇതുപോലൊരു കഥാപാത്രം തെരഞ്ഞെടുക്കുംമുമ്പ് സല്ലുഭായ് മൂന്നുവട്ടം ആലോചിക്കട്ടെ