വര്‍ണ്യത്തില്‍ ആശങ്ക :

കള്ളത്തരമില്ലാത്ത ചിരി 

August 5, 2017, 4:00 pm
കള്ളത്തരമില്ലാത്ത ചിരി 
Movie Reviews
Movie Reviews
കള്ളത്തരമില്ലാത്ത ചിരി 

വര്‍ണ്യത്തില്‍ ആശങ്ക :

കള്ളത്തരമില്ലാത്ത ചിരി 

Movie Rating

★★★★★ ★★★★★

വന്‍കവര്‍ച്ചകളുടെ ആസൂത്രണവും നടപ്പാക്കലും ഉള്ളടക്കമാകുന്ന heist സിനിമകള്‍ മലയാളത്തില്‍ അധികമൊന്നും വന്നിട്ടില്ല. ഉള്ളവനെ കൊള്ളയടിച്ച് ഇല്ലാത്തവനെ സംരക്ഷിക്കുന്ന കായംകുളം കൊച്ചുണ്ണി മാതൃകയായ സിനിമകളാണ് മലയാളത്തിലുള്ള മോഷണ സിനിമകള്‍. കായംകുളം കൊച്ചുണ്ണിയുടെ ജീവചരിത്ര സിനിമയും കളിക്കളം, മീശമാധവന്‍, അനുരാഗ കൊട്ടാരം, ചെറിയ ലോകവും വലിയ മനുഷ്യനും,സപ്തമശ്രീ തസ്‌കര, ഉറുമ്പുകള്‍ ഉറങ്ങാറില്ല തുടങ്ങി ജനപ്രിയ കള്ളന്‍മാരുടെ കഥകള്‍ അനവധി നേരത്തെ വന്നിട്ടുണ്ട്. ഇതില്‍ കള്ളന്‍ പവിത്രന്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകള്‍ മോഷണത്തേക്കാള്‍ കള്ളന്റെ വ്യക്തിത്വത്തെ കേന്ദ്രീകരിച്ചാണ് കഥ പറഞ്ഞത്. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത വര്‍ണ്യത്തില്‍ ആശങ്ക കവര്‍ച്ചയുടെ കഥയാണ്. തൃശൂര്‍ ഗോപാല്‍ജിയാണ് രചന.

യഥാര്‍ത്ഥ ജീവിതത്തില്‍ മോഷ്ടാവിനോട് കരുണ തോന്നില്ലെങ്കിലും തസ്‌കരന്‍മാരെ സിനിമയില്‍ കാണുമ്പോള്‍ കയ്യടി കവര്‍ച്ചയെ പിന്തുണയ്ക്കും. കള്ളന്‍മാരെ സോഷ്യലിസ്റ്റാക്കിയോ അഴിമതിക്കാരെയും ക്രൂരന്‍മാരെയും കവര്‍ച്ച ചെയ്യുന്നത് ചിത്രീകരിച്ചോ ആണ് കവര്‍ച്ച ന്യായീകരിക്കപ്പെടാറുള്ളത്. ഇവിടെ പെട്ടെന്ന് പണം ആവശ്യമായപ്പോള്‍ മോഷണവഴിയിലെത്തിയവരും, മോഷണം തൊഴിലായി തെരഞ്ഞെടുത്തവരും ചാരവൃത്തിയില്‍ ആകൃഷ്ടരായി കൂടിയവരുമുണ്ട്. ഏതായാലും ദുരിതഭൂതകാലവും, ജീവിതസാഹചര്യവും ഇവരെ മോഷണത്തിലേക്ക് തള്ളിയിട്ടെന്ന കദനകഥയുടെ അകമ്പടി ഇല്ല. കള്ളന്‍മാര്‍ക്ക് സ്തുതിഗീതവുമായാണ് ചിത്രം തുടങ്ങുന്നത്. തോല്‍പ്പാവക്കൂത്തിനൊപ്പമുള്ള ടൈറ്റില്‍ സീക്വന്‍സ് ആകര്‍ഷകമാണ്. കള്ളാദി കള്ളനെന്ന ടൈറ്റില്‍ സോംഗിലും, ശീര്‍ഷകങ്ങളിലും ഒരു വിന്റേജ് സിനിമാ ഫീല്‍ സൃഷ്ടിച്ചാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ കഥയിലേക്ക് പ്രവേശിക്കുന്നത്. കഥ പറച്ചിലിലും പഴമ ബോധപൂര്‍വമോ അല്ലാതെയോ ഉണ്ട്. ഫ്‌ളാഷ് ബാക്കുകളിലേക്കുള്ള പിന്‍വാങ്ങലും,ദൃശ്യപരിചരണ രീതികളുമൊക്കെ വിന്റേജ് ഫീല്‍ സൃഷ്ടിക്കുംവിധമാണ്. കേന്ദ്രകഥാപാത്രങ്ങളെ ഓരോരുത്തരെയായി കഥയിലേക്കെത്തിക്കുകയാണ്.

പ്രദീഷ്, ഗില്‍ബര്‍ട്ട്, കൗട്ട ശിവന്‍, വില്‍സണ്‍ എന്നിവരാണ് പ്രധാന കള്ളന്‍മാര്‍. ഷൈന്‍ ടോം ചാക്കോ പ്രദീഷിനെയും മണികണ്ഠന്‍ ഗില്‍ബര്‍ട്ടിനെയും കുഞ്ചാക്കോ ബോബന്‍ കൗട്ട ശിവനെയും ചെമ്പന്‍ വിനോദ് ജോസ് വില്‍സണിനെയും അവതരിപ്പിക്കുന്നു. മോഷണവും പിടിച്ചുപറിയും അടിപിടിയുമായി നടക്കുന്ന ഇവരോരുത്തരും വിവിധ സംഭവങ്ങളിലൂടെ ഒരുമിക്കുന്നിടത്ത് നിന്നാണ് സിനിമയുടെ മുന്നോട്ട് പോക്ക്.

നാല് പേര്‍ക്കും പണം അടിയന്തര ആവശ്യമാണ്. അതിനുള്ള കുറുക്കുവഴി കവര്‍ച്ചയുമാണ്. ചെറുകിട മോഷണവും പിടിച്ചുപറിയുമായി തല്ല് വാങ്ങിയും കേസില്‍പ്പെട്ടും നടക്കുന്നവര്‍ ഒരുമിച്ചാല്‍ വലിയ കവര്‍ച്ചയിലേക്ക് കടക്കണമെന്നത് തസ്‌കര സിനിമകളുടെ നിയമമാണ്. ഇവിടെ നാല്‍വര്‍ സംഘം നടത്തുന്ന മോഷണ പദ്ധതിയും, സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന ദയാനനന്ദന്‍ എന്ന കഥാപാത്രത്തിന്റെ കടന്നുവരവുമാണ് കഥാഗതിയെ സംഭവ ബഹുലമാക്കുന്നത്.

പ്രദീഷ്, ഗില്‍ബര്‍ട്ട്, കൗട്ട ശിവന്‍, വില്‍സണ്‍ എന്നീ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ചെറുരംഗങ്ങളില്‍ നിന്നാണ് നിര്‍ണായക ഭാഗത്തേക്ക് സിനിമ പ്രവേശിക്കുന്നത്. ഇവരുള്‍പ്പെടുന്ന രംഗങ്ങളെ നര്‍മ്മഭരിതമായാണ് അവതരിപ്പിക്കുന്നത്. കള്ളന്‍മാരെയും ഗ്രാമീണതയെയും ബന്ധിപ്പിച്ച് സൃഷ്ടിച്ച നര്‍മ്മ ഭാഗങ്ങളിലാണ് സിനിമയുടെ ജീവന്‍. സെമി റിയലിസ്റ്റിക് സ്വഭാവമുള്ള ക്യാമറാ മൂവ്‌മെന്റുകളിലൂടെ ജയേഷ് നായരും സവിശേഷമാര്‍ന്ന പശ്ചാത്തല സംഗീതത്തോടൊപ്പം പ്രശാന്ത് പിള്ളയും കഥ പറച്ചിലിന് കരുത്താകുന്നുണ്ട്. ഏച്ചുകെട്ടലാകാതെ തൃശൂര്‍ വാമൊഴിയെ സംഭാഷണങ്ങളിലേക്കും കഥാപാത്രങ്ങളിലേക്കും വിന്യസിച്ചതും വാമൊഴിയിലൂന്നി മാത്രം തമാശയുണ്ടാക്കാന്‍ മെനക്കെടാത്തതും ഗുണമായിട്ടുണ്ട്. ജയേഷ് നായരുടെ ക്യാമറയും ഭവന്‍ ശ്രീകുമാറിന്റെ എഡിറ്റിംഗും സ്വാഭാവിക താളം സൃഷ്ടിക്കുന്നതിന് സഹായിച്ചിട്ടുണ്ട്.

കഥാപരിചരണത്തിലും അന്തരീക്ഷസൃഷ്ടിയിലും മലയാളിയുടെ നൊസ്റ്റാള്‍ജിക് സിനിമകളെ പിന്‍പറ്റുന്നതിനപ്പുറം കഥയിലേക്കും അവരെ പ്രവേശിപ്പിക്കുകയാണ് വര്‍ണ്യത്തില്‍ ആശങ്ക. സന്ദേശം എന്ന സിനിമയിലെ യശ്വന്ത് സഹായിയുടെ ഫ്‌ളെക്‌സ് ബോര്‍ഡില്‍ തുടങ്ങി കോണ്‍ഗ്രസിനെ പ്രതീകാത്മകമാക്കിയുള്ള ഐഎന്‍എസ്പിയിലേക്കും സിപിഐഎമ്മിനെ മാതൃകയാക്കിയ ആര്‍ഡിപിയിലേക്കും കടക്കുന്നു. ആര്‍ എസ് എസ് എന്ന് തോന്നിപ്പിക്കുന്ന സംഘടനയുടെ ആസ്ഥാനത്തേക്കും സിനിമ കഥ പറഞ്ഞെത്തുന്നുണ്ട്. ഒരു രാഷ്ട്രീയ സംഘട്ടനത്തിന്റെ പിന്നാലെയെത്തിയ ഹര്‍ത്താലിനെ മുതലെടുക്കുന്ന കള്ളന്‍മാരെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രധാന ഭാഗം.

പ്രധാന കഥാപാത്രങ്ങളെയും അവരുടെ സ്വഭാവ സവിശേഷതയും വിശദീകരിച്ച ആദ്യപകുതിയും, നാല്‍വര്‍ സംഘത്തിന്റെ കവര്‍ച്ചാ പദ്ധതിയിലേക്ക് കടക്കുന്ന രണ്ടാം പകുതിയും. കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും വിശ്വസനീയമായി അവതരിപ്പിക്കുന്നതില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ വിജയിച്ചിട്ടുണ്ട. കവര്‍ച്ചാ ഘട്ടത്തിലടക്കം യുക്തിയെ ഉപേക്ഷിക്കുന്നതാണെങ്കിലും ഫ്രഷ്‌നസ് ഉള്ള സംഭാഷണങ്ങളും സ്വാഭാവികതയുള്ള രംഗങ്ങളുമാണ് തൃശൂര്‍ ഗോപാല്‍ജി എന്ന നാടകപശ്ചാത്തലമുള്ള തിരക്കഥാകൃത്തില്‍ നിന്ന് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മദ്യക്കുപ്പിക്ക് മുന്നിലും കൂരയ്ക്ക് കീഴിലും ഒരുമയോട് നിലയുറപ്പിക്കുമ്പോഴും കള്ളത്തരം കൈവിടാത്ത കള്ളന്‍മാരെ രസകരമായി ചിത്രീകരിച്ചിട്ടുമുണ്ട്. ഗില്‍ബര്‍ട്ട് (മണികണ്ഠന്‍), വില്‍സണ്‍ (ചെമ്പന്‍) എന്നീ കഥാപാത്രങ്ങളിലൂടെയുള്ള കൗണ്ടര്‍ തമാശകളും ആസ്വാദനത്തെ രസാവഹമാക്കിയിട്ടുണ്ട്.

പിടിച്ചുപറിയും തല്ലുകൊള്ളിത്തരവുമായി നടക്കുന്ന കൗട്ട ശിവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ഹൗ ഓള്‍ഡ് ആര്‍ യൂവിലെ രാജീവ്, വേട്ടയിലെ നായകകഥാപാത്രം, ടേക്ക് ഓഫിലെ ഷാഹിദ് എന്നീ കഥാപാത്രങ്ങളിലാണ് കുഞ്ചാക്കോ ബോബനെ അടുത്തകാലത്ത് മിതത്വമാര്‍ന്ന അഭിനയത്തിലൂടെ കണ്ടിട്ടുള്ളത്. ഇവിടെ കൗട്ട് ശിവനെന്ന റൗഡിയുടെ റോളില്‍ ഈ നടന്‍ തന്റെ മുന്‍കാല കഥാപാത്രങ്ങളെ പൊളിച്ചെഴുതുന്ന പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ചോക്ലേറ്റ് ഇമേജിനും, നന്മയുള്ള നായകന്‍ പ്രതിഛായയ്ക്കും പുറത്ത് കുഞ്ചാക്കോ ബോബനെ ഉപയോഗപ്പെടുത്തിയ ചിത്രവുമാണ് വര്‍ണ്യത്തില്‍ ആശങ്ക. കമ്മട്ടിപ്പാടം എന്ന സിനിമയിലെ ബാലന്‍ എന്ന കഥാപാത്രത്തിന് ശേഷം മണികണ്ഠന്‍ ടൈപ്പ് ചെയ്യപ്പെടുന്നതായാണ് തോന്നിയിട്ടുള്ളത്. ഈ നടനെ ആദ്യചിത്രത്തോളം ഉപയോഗപ്പെടുത്തിയ കഥാപാത്രവും പിന്നീട് വന്നിട്ടില്ല. ഇവിടെ ഗില്‍ബര്‍ട്ടിനെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട് മണികണ്ഠന്‍. ചെമ്പന്‍-മണികണ്ഠന്‍ കോമ്പിനേഷനും രസകരമാണ്. ഇവരുടെ കോമ്പിനേഷന്‍ രംഗങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ഹ്യൂമറുകളെ കേന്ദ്രീകരിച്ചാണ് സിനിമ നീങ്ങുന്നതും. ചെമ്പനും, ഷൈന്‍ ടോം ചാക്കോയും നാല്‍വര്‍ സംഘത്തിന്റെ അടി-ഇടി-കുടി രംഗങ്ങളെ ആസ്വാദ്യകരമാക്കിയിരിക്കുന്നു. വളിപ്പന്‍ തമാശകളും തട്ടുപൊളിപ്പന്‍ നമ്പരുകളും പയറ്റുന്ന ടൈപ്പ് ഹാസ്യറോളുകളില്‍ നിന്ന് മികച്ച സ്വഭാവ നടനിലേക്ക് സുരാജ് വെഞ്ഞാറമ്മൂട് ഉയരുന്നതാണ് അദ്ദേഹത്തിന്റെ സമീപകാല കഥാപാത്രങ്ങളില്‍ കണ്ടത്. തൊണ്ടിമുതലിലെ പ്രസാദില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥനയ ദയാനന്ദന്‍ എന്ന കുടിയന്‍ കുടുംബസ്ഥനെ സുരാജ് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. നായികയെന്ന് പറയാനാകില്ലെങ്കിലും രചനാ നാരായണന്‍കുട്ടി തന്റെ റോള്‍ മോശമാക്കിയില്ല.

മോഷ്ടാവ് കേന്ദ്രകഥാപാത്രമാകുന്ന സിനിമകളില്‍ തസ്‌കരവൃത്തിയെയും കള്ളനെയും ന്യായീകരിക്കാന്‍ മോഷണത്തിലൂടെ പ്രതികാരം നിര്‍വഹിക്കേണ്ട പൂര്‍വകാല ചതിയോ, ഈ കൃത്യത്തിന് മുതിരാന്‍ നിര്‍ബന്ധിതനാക്കിയ സാഹചര്യമോ ഉപകഥയായി കടന്നുവരാറുണ്ട്. ഇവിടെ പ്രതിസ്ഥാനത്ത് മുഖ്യധാരാ രാഷ്ട്രീയത്തെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പൊതുസേവകരെന്ന് അവകാശപ്പെട്ട് ജനങ്ങളെ കൊളളയടിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കുമിടയില്‍ 'ചെറിയ കളവ്' നടത്തുന്ന മോഷ്ടാക്കള്‍ക്കും കസേരയിട്ട് ഇരിക്കാമെന്നാണ് സിനിമ പറയുന്നത്. രാഷ്ട്രീയക്കാരിലും ജനപ്രതിനിധികളിലും അഴിമതിക്കാരുണ്ടെന്നത് നേരാണെങ്കിലും രാഷ്ട്രീയവും മോഷണവും ഒരേ തുലാസിലിട്ട് നിര്‍ത്തിയുള്ള രാഷ്ട്രീയ വ്യാഖ്യാനവും സാമാന്യവല്‍ക്കരണവും വിയോജിപ്പുണ്ടാക്കുന്നുണ്ട്. ക്ലൈമാക്‌സ് പ്രസംഗ സന്ദേശത്തിലും ടെയ്ല്‍ എന്‍ഡിലും ഇതേ രാഷ്ട്രീയമാണ് പറഞ്ഞ് അവസാനിപ്പിക്കുന്നതും.

പൂട്ടിപ്പോയ ബാറിലെ തൊഴിലാളി നേരിടുന്ന പ്രശ്‌നം, നോട്ട് നിരോധനം കള്ളനെ ബാധിച്ചത്, രാഷ്ട്രീയ സംഘര്‍ഷം എന്നിവയെ ആക്ഷേപ ഹാസ്യത്തില്‍ കഥയിലേക്ക് ബന്ധിപ്പിച്ചതും നന്നായിട്ടുണ്ട്. രാഷ്ട്രീയക്കൊലയെയും ഹര്‍ത്താലിനെയും മുന്‍നിര്‍ത്തി കക്ഷിരാഷ്ട്രീയത്തേക്കാള്‍ മഹത്തരമാണ് മോഷണമെന്ന വാദത്തോട് മാത്രം ഇവിടെയും വിയോജിപ്പ്.

കഥാപരിസരവും കഥാപാത്രങ്ങളും വിശ്വസനീയമായി അവതരിപ്പിക്കപ്പെടുമ്പോഴും slow paced ആണ് ആഖ്യാനം. സാഹസികമായ ഒരു കവര്‍ച്ചയുടെ ചിത്രീകരണമെത്തുമ്പോള്‍ സിനിമ കുറേക്കൂടി മന്ദതാളത്തിലേക്ക് അമരുന്നുമുണ്ട്. ഈ വേളയില്‍ മോഷണമുതല്‍ തൂക്കി നോക്കി തരംതിരിക്കുന്നതും ഭാഗം വയ്ക്കുന്നതുമൊന്നും യുക്തിസഹവുമല്ല. പിടിക്കപ്പെടാന്‍ വേണ്ടി കവര്‍ച്ചയ്ക്കിറങ്ങിയതാണോ എന്ന തോന്നലുണ്ടാക്കും വിധമാണ് ഈ സീനുകള്‍. എന്നാല്‍ തുടര്‍രംഗങ്ങളിലെ സംഭവവികാസങ്ങളിലൂടെ ആസ്വാദനത്തിലുണ്ടാവുന്ന ഇടര്‍ച്ച സംവിധായകന്‍ മറികടക്കുന്നുണ്ട്. ദയാനന്ദന്റെ വിശദീകരണ പ്രസംഗം അതുവരെ പറഞ്ഞ കഥയെ ഒരു സന്ദേശത്തില്‍ അവസാനിപ്പിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമായി അനുഭവപ്പെടുന്നുണ്ട്. സിനിമയുടെ അതുവരെയുള്ള ആഖ്യാനഗതിയോട് ചേര്‍ന്ന് പോകുന്നതുമല്ല ഈ വിശദീകരണം.

ഒറ്റനായകനിലൂന്നിയ കെട്ടുകാഴ്ചകളില്‍ നിന്ന് ആകര്‍ഷകവും വ്യത്യസ്ഥവുമായ കഥാവഴികളിലേക്ക് നമ്മുടെ സിനിമ വീണ്ടും സഞ്ചരിക്കുന്നത് പ്രതീക്ഷയേകുന്ന കാര്യമാണ്. മൂന്നാം സംവിധാന സംരംഭത്തിലെത്തുമ്പോഴും സിദ്ധാര്‍ത്ഥ് ഭരതന്‍ പ്രതീക്ഷ നഷ്ടപ്പെടുത്തുന്നില്ല. ആശങ്കയില്ലാതെ കാണാനാകുന്ന സിനിമയാണ് വര്‍ണ്യത്തില്‍ ആശങ്ക.