വീരം :

‘നവ’രസങ്ങളില്ലാത്ത അങ്കപ്പുറപ്പാട്

March 1, 2017, 6:49 pm


‘നവ’രസങ്ങളില്ലാത്ത അങ്കപ്പുറപ്പാട്
Movie Reviews
Movie Reviews


‘നവ’രസങ്ങളില്ലാത്ത അങ്കപ്പുറപ്പാട്

വീരം :

‘നവ’രസങ്ങളില്ലാത്ത അങ്കപ്പുറപ്പാട്

Movie Rating

★★★★★ ★★★★★

പുറത്തിറക്കുംമുമ്പേ വന്ന 'വീരവാദ'ങ്ങളെയൊന്നും സാധൂകരിക്കുന്ന സൃഷ്ടിയല്ല ജയരാജ് രചനയും സംവിധാനവും നിര്‍വഹിച്ച വീരം. മാക്ബത്തിന് ലോകത്ത് വന്ന പതിപ്പുകളില്‍ മികച്ച മൂന്നെണ്ണത്തില്‍ ഒന്നായിരിക്കും വീരമെന്നായിരുന്നു ജയരാജിന്റെ അവകാശവാദം. എന്നാല്‍ കെട്ടിലും മട്ടിലും മാത്രം പകിട്ടൊതുക്കി സ്റ്റാര്‍ പ്ലസിലോ സീടിവിയിലോ ഒക്കെ സംപ്രേഷണം ചെയ്യുന്ന പുതിയ കാലത്തെ പുരാണ സീരിയലുകളുടെ ആസ്വാദനമാണ് വീരം സമ്മാനിച്ചത്. ഹോളിവുഡിലെ വലിയ പേരുകാരെ സാങ്കേതിക വിഭാഗത്തില്‍ അണിനിരത്താനായിട്ടും, കൂറ്റന്‍ മുടക്കുമുതല്‍ കൂട്ടുണ്ടായിട്ടും ദൃശ്യഭാഷ്യത്തില്‍ അതൊന്നും മനോഹാരിതയും മാറ്റുമായില്ല.

ചതിക്കുന്ന ചന്തുവിന്റെ കഥയെന്ന മുഖവുരയാണ് വീരത്തിന് ഉണ്ടായിരുന്നത്. ചതിക്കാത്ത ചന്തുവിന്റെ കഥയായിരുന്നു എംടിയുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥ. പാടിപ്പതിഞ്ഞൊരു പാണര്‍കഥയുടെ പുനര്‍വായനയും പുനര്‍വിചാരണയുമായിരുന്നു വീരഗാഥ. വടക്കന്‍ വീരഗാഥയില്‍ നിന്നും മലയാളത്തിലെ മുമ്പേ വന്ന വടക്കന്‍ പാട്ടു സിനിമകളില്‍ നിന്നും രീതിഭാവങ്ങളില്‍ പൂര്‍ണമായും വേറിട്ടതാണ് വീരം. ഷേ്ക്‌സ്പിയര്‍ മാക്ബത്ത് രചിക്കുന്നതിന് എത്രയോ മുമ്പ് പിറന്ന വടക്കന്‍ പാട്ടുകളിലെ ചന്തുവിനും മാക്ബത്തിനുമുള്ള കൗതുകരമായ സമാനതകളെ സാധ്യതയാക്കിയാണ് ജയരാജ് വീരമൊരുക്കിയത്. സിനിമയുടെ തുടക്കത്തില്‍ രഞ്ജി പണിക്കരുടെ വാക്കുകളിലൂടെ മാക്ബത്തും ചന്തുവും ഒറ്റ ഉടലിന് ഉയിരാകുന്നതിനെക്കുറിച്ച് സംവിധായകന്റെ വിശദീകരണമുണ്ട്. അധികാരവും ആഗ്രഹവും മനുഷ്യമനസിനെ കുഴക്കിമറിച്ചെടുത്ത കഥ മാക്ബത്തിലൂടെ കാലദേശങ്ങള്‍ കടന്നപ്പോഴും ചതിയനായ ചന്തുവിനെ പാടിയ പാണന്‍പാട്ടിന് യാത്രാദൂരം കുറവായിരുന്നു.

ആരോമലിന് അങ്കത്തിന് തുണപോയ മച്ചുനന്‍ ചന്തു ഇരുമ്പാണിക്ക് പകരമായി മുളയാണി വച്ച് അരിങ്ങോടര്‍ക്ക് വേണ്ടി ചതി നടത്തിയെന്നതും ഭീരുവായ ഭര്‍ത്താവ് പോലും പതറി നില്‍ക്കെ പെണ്‍മയുടെ ശൗര്യമേറി വീരപുത്രിയായ ഉണ്ണിയാര്‍ച്ചയുടെ മക്കളാല്‍ ചന്തുവിനെ ജയിച്ചുവെന്നതുമാണ് പാണന്‍പാട്ടിലെ ചന്തുചരിതം. വടക്കന്‍ പാട്ടിലെയും മാക്ബത്തിലെയും കഥാസാഹചര്യങ്ങളെ ലയിപ്പിച്ച് തിരക്കഥ. തിരക്കഥയില്‍ പഴുതുകളോ പോരായ്മകളോ ഇല്ലാതെ മാക്ബത്തും ചന്തുവും ലയിച്ചിട്ടുണ്ട്. ദുര്‍മന്ത്രവാദിയുടെ മോഹവാഗ്ദാനങ്ങളും, തുളുനാടിറങ്ങി വരുന്ന കാടും മലയും,കാവല്‍ക്കാരുടെ കയ്യിലെ ചോരക്കറയും, കുട്ടിമാണിയുടെ ഉന്മാദാവസ്ഥയുമെല്ലാം ചന്തുവും മാക്ബത്തും വേറിട്ട സ്വത്വങ്ങളല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ തിരക്കഥയെ മികച്ച രംഗാവിഷ്‌കാരത്തോടെയും പ്രതിപാദിക്കുന്ന പ്രമേയത്തിന്റെ അകതീവ്രത ചോരാതെയും അവതരിപ്പിക്കുന്നതിലാണ് ജയരാജ് പരാജയപ്പെട്ടത്. മനുഷ്യമനസിന്റെ അപ്രവചനീയ തലങ്ങളെയും അതിസങ്കീര്‍ണതകളെയും ഷേക്‌സ്പിയര്‍ മാക്ബത്തിലൂടെ നിര്‍വചിച്ചപ്പോള്‍ ചന്തു ചതിയനായ സാഹചര്യവും ഇതിനോട് ചേര്‍ന്നുനീങ്ങുന്നതായിരുന്നു. ഈ രണ്ട് കഥാപാത്രങ്ങളുടെയും ദുരന്താവസ്ഥയെ വിശ്വസനീയമായി കഥാപാത്രങ്ങളിലൂടെയും രംഗസൃഷ്ടിയിലൂടെയും അവതരിപ്പിക്കാന്‍ ശ്രമിക്കാത്തതോ സാധിക്കാത്തതോ ആണ് നിരാശ.

മാക്ബത്ത് ചന്തുവാകുമ്പോള്‍ അല്ലെങ്കില്‍ അവര്‍ ഒരാളായി ചതിയന്‍ ചന്തുവിന്റെ കഥയായി വീരം മാറുമ്പോള്‍ ദൃശ്യപരിചരണത്തില്‍ കളരിപ്പയറ്റിന്റെ വലിയ സാധ്യതയാണ് ജയരാജിന് മുന്നിലുണ്ടായത്. അവതാര്‍, ലോര്‍ഡ് ഓഫ് ദ റിംഗ്സ്, ഹംഗര്‍ ഗെയിംസ്,തുടങ്ങിയ സിനിമകളില്‍ സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ ആയും ആക്ഷന്‍ ഡയറക്ടറായും ഉണ്ടായിരുന്ന അലന്‍ പോപ്പിള്‍ടണ്‍ ആക്ഷന്‍ കൊറിയോഗ്രഫറായും, വിഎഫ്ക്‌സിന് പ്രാണാ സ്റ്റുഡിയോസിനെയും പശ്ചാത്തല ഈണത്തിന് ഹാന്‍സ് സിമ്മറുടെ അസോസിയേറ്റ് ജഫ് റോണയെയും ലഭിച്ചിരുന്നു. ഓസ്‌കാര്‍ ജേതാവായ ട്രിഫോര്‍ പ്രൗഡ് ആയിരുന്നു മേക്കപ്പ്. ജെഫ് ഓം ആണ് കളറിസ്റ്റ്. ഇവരെ ക്രിയാത്മകമായി എത്രമാത്രം ഉപയോഗിക്കാനായിട്ടുണ്ട് എന്നതില്‍ സംശയം ജനിപ്പിക്കുന്നതാണ് വീരത്തിന്റെ വിഷ്വല്‍ ട്രീറ്റ്‌മെന്റ്. വിഎഫ്എക്സ്,ആക്ഷന്‍ കൊറിയോഗ്രഫി,ദൃശ്യപരിചരണം, ശബ്ദ സങ്കലനം എന്നിവയെ സര്‍ഗാത്മകമായി ലയിപ്പിച്ച് ചന്തുവിന്റെ കൊടുംചതിയും ആ ചതിയാല്‍ അയാളിലുണ്ടാകുന്ന ആത്മസംഘര്‍ഷങ്ങളും വൈകാരികമായും ദൃശ്യാത്മകമായും അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടില്ല. സാങ്കേതിക പരിചരണത്തില്‍ വലിയ മുന്നേറ്റമില്ലാത്ത കാലത്താണ് മലയാളിക്ക് മുന്നില്‍ വടക്കന്‍ പാട്ട് സിനിമകളും അങ്കത്തട്ടിലേറിയ സിനിമകളും കൂടുതലും വന്നത്. സിനിമാറ്റിക് കൗശലങ്ങളും ഗിമ്മിക്കുകയും അല്ലാത്ത തലത്തില്‍ അങ്കചിത്രീകരണം മലയാളിക്ക് കാണാനായിട്ടില്ല.

വമ്പന്‍ കാന്‍വാസില്‍ 300,ലോര്‍ഡ് ഓഫ് റിംഗ്സ്,റെഡ് ക്ളിഫ്,ഹീറോ,ഗ്രാന്‍ഡ് മാസ്റ്റര്‍ എന്നീ സിനിമകളൊക്കെ യുദ്ധചിത്രീകരണം ദൃശ്യസമ്പന്നമാക്കിയിട്ടുണ്ട്. ഇവിടെ ക്ലൈമാക്‌സിലെ കളരിപ്പയറ്റ് ഒഴിച്ചുനിര്‍ത്തിയാല്‍ സിനിമയില്‍ നിന്നും ഒരു സ്റ്റേജ് പെര്‍ഫോര്‍മന്‍സിന്റെ ചുരുക്കത്തിലേക്കാണ് വീരം ചെറുതാകുന്നത്.

അജന്ത-എല്ലോറ ഫത്തേപ്പൂര്‍ സിക്രി തുടങ്ങി പൗരാണിക പ്രൗഡിയുള്ള പശ്ചാത്തലമാണ് കഥ പറയാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഗുഹകളിലും കൂറ്റന്‍ പാറക്കെട്ടുകള്‍ക്ക് മുന്നിലുമാണ് കഥയത്രയും നടക്കുന്നത്. കഥ നടക്കുന്ന ഇടം സിനിമയില്‍ സെറ്റ് ആയാലും,പല പ്രദേശങ്ങളിലെ ലൊക്കേഷനായാലും സംവിധായകന്റെ സമര്‍ഥമായ വിന്യാസത്തില്‍ നമുക്ക് മുന്നില്‍ ജൈവികവും സ്വഭാവികവുമായ പശ്ചാത്തലമാകാറുണ്ട്. ഇവിടെ അജന്തയും എല്ലോറയും ഫത്തേപ്പൂര്‍ സിക്രിയും പാറപ്രദേശവുമെല്ലാം ഒരു കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒരു സ്‌റ്റേജ് പോലെ അനുഭവപ്പെടുകയാണ്. അങ്കത്തട്ടില്‍ ആരോമലും അരിങ്ങോടരും ചുരികത്തലപ്പുകള്‍ കോര്‍ത്ത് പൊരുതുമ്പോഴും ഇതുപോലെ പാവക്കൂട്ടങ്ങളാക്കി നിര്‍ത്തി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കൂട്ടത്തെ കാണാം. അന്യഭാഷാ താരങ്ങളുടെ ചുണ്ടിനൊത്ത് ചേരാതെ നില്‍ക്കുന്ന വടക്കേ മലബാര്‍ വാമൊഴിയുടെ വഴക്കിടലും കാഴ്ചയിലെ പോരായ്മയാകുന്നുണ്ട്.

അങ്കവും അങ്കച്ചേകോനും അയാളുടെ അകസങ്കീര്‍ണതയുമെല്ലാം ഒരു പോലെ അനുഭവപ്പെടുന്നതിന് പകരം അങ്കത്തട്ടിലെ ആക്ഷന്‍ കൊറിയോഗ്രഫിയുടെ മിടുക്കും അതിന് നിയോഗിക്കപ്പെട്ട അഭിനേതാക്കളുടെ പാടവവും കണ്ട് തൃപ്തിയടയേണ്ടിവരികയാണ്. ചൈനയിലും ഹോങ്കോങ്ങിലും പിറവിയെടുക്കുന്ന യുദ്ധ സിനിമകള്‍ അവരുടെ തനത് ആയോധന കലയെ സിനിമയില്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നത് പോലെ മലയാളി കളരിയെ ആക്ഷന്‍ ഫോം എന്ന നിലയില്‍ സിനിമയില്‍ ദൃശ്യവല്‍ക്കരിച്ചിട്ടില്ല. വീരം അത്തരമൊരു ശ്രമം എന്ന നിലയില്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ കളരിയങ്കചിത്രീകരണത്തിലെ അഴകിനപ്പുറം ചന്തുവിന്റെയും മാക്ബത്തിന്റെയും ഉള്‍പ്പെടെ ആത്മസംഘര്‍ഷങ്ങളെയും ആശങ്കകളെയും ഹൃദ്യമായും വിശ്വസനീയമായും വൈകാരികതലത്തിലും അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. വീരത്തിന് വീര്യം ചോര്‍ന്നുപോകുന്നത് ഈ സമന്വയമില്ലായ്മയിലാണ്. വിഷ്വല്‍ ഇഫക്ടിന്റെയും ഗ്രാഫിക്സിന്റെയും മറ്റ് സാങ്കേതിക മേഖലയുടെ സങ്കലനം പ്രയോജനപ്പെടുത്താവുന്ന ആഖ്യാനപദ്ധതിയുടെ അഭാവം തന്നെയാണ് വീരത്തിന്റെ പോരായ്മ.

ഡോ.എംആര്‍ആര്‍ വാര്യരാണ് വീരത്തെ വടക്കന്‍ മണ്ണിലെ ഇപ്പോള്‍ നിലവില്‍ ഇല്ലാത്ത ഭാഷയുടെ താളത്തിലെത്തിച്ചിരിക്കുന്നത്. വൈകാരിക രംഗങ്ങളിലെത്തുമ്പോള്‍ ഈ ഭാഷ ചതുരവടിവുള്ള സാഹിത്യഭാഷണത്തിലേക്ക് കളം മാറുന്നുണ്ട്. ചന്തുവിന്റെ മരണം വിളിച്ചറിയിക്കുന്ന രംഗത്തിലും കുട്ടിമാണിയുടെ ശപഥത്തിലും ചന്തുവും ഉണ്ണിയാര്‍ച്ചയും തമ്മിലുള്ള സംഭാഷണത്തിലും അതിവൈകാരിക തലമുണ്ടാകുമ്പോള്‍ സംഭാഷണം കൃത്രിമത്വത്തിലെത്തുന്നുണ്ട്. ഇത് എന്തിന് ചെയ്തതാണെന്ന് മനസിലാകുന്നില്ല. മലയാളം സിനിമ എന്ന നിലയില്‍ കാണുമ്പോള്‍ വടക്കന്‍ വാമൊഴിക്കൊത്ത് ചുണ്ടനക്കാന്‍ പാടുപെടുന്നുവെങ്കിലും കുനാല്‍ കപൂറിന്റെ ആയോധന മികവ് എളന്തര്‍ മഠത്തിലെ ചന്തുവിനെ ധീരയോദ്ധാവാക്കുന്നുണ്ട്. പ്രണയത്തിലും അധികാരമോഹത്തിലും ആശയെക്കാള്‍ ആശയക്കുഴപ്പത്തിലാഴ്ന്ന ചന്തുവിനെ പ്രതിനിധീകരിക്കുന്നതിനെക്കാള്‍ ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതിലുളള കണ്‍ഫ്യൂഷനാണോ കുനാല്‍ കപൂറിന്റെ മുഖത്തെന്ന് സംശയം തോന്നിപ്പോകും. ആരോമലിന്റെ റോളിലെത്തിയ ശിവജിത്ത് നമ്പ്യാര്‍ ആയോധന മികവിനൊപ്പം അഭിനയത്തിലും തന്നെ അടയാളപ്പെടുത്തി. കുട്ടിമാണിയും ഉണ്ണിയാര്‍ച്ചയുമായ ദിവിതാ താക്കൂറും ഹിമാര്‍ഷയും അഭിനയത്തെക്കാള്‍ അംഗലാവണ്യത്തിലാണ് കഥാപാത്രങ്ങളെ പ്രതിനിധീകരിച്ചത്.

എസ് കുമാര്‍ എന്ന ഛായാഗ്രാഹകന്‍ രാത്രി രംഗങ്ങളിലും നിഴലും വെളിച്ചവും ഇഴചേര്‍ന്ന മൂഹൂര്‍ത്തങ്ങളിലും പ്രകാശക്രമീകരണങ്ങളിലും ഛായാഗ്രഹണത്തിലും സൃഷ്ടിച്ച മനോഹരമായ ഫ്രെയിമുകള്‍ വീരത്തിന് വീര്യമാകുന്നുണ്ട്. കാവാലം നാരായണപ്പണിക്കര്‍ എം.കെ അര്‍ജുനന്‍ കൂട്ടുകെട്ടിലുള്ള ഗാനവും ആകര്‍ഷകമാണ്. ജെഫ് റോണയുടെ പശ്ചാത്തല ഈണം ചന്തുവിന്റെ ആത്മവ്യഥകളിലും അങ്കത്തിനും സവിശേഷ ഭാവതലം ഒരുക്കുമ്പോള്‍ ചിത്രസംയോജനത്തില്‍ അപ്പു ഭട്ടതിരിയും ശബ്ദ രൂപകല്‍പ്പനയില്‍ രംഗനാഥ് രവിയും തങ്ങളുടെ സാമര്‍ത്ഥ്യം അനുഭവപ്പെടുത്തിയിട്ടുണ്ട്. ജയരാജിന്റെ നവരസാ സീരീസിലെ അഞ്ചാം ചിത്രമാണ് വീരം. ഇതില്‍ കരുണം എന്ന ചിത്രമാണ് കൂടുതല്‍ ഹൃദ്യമായി തോന്നിയത്. നവരസാ സീരീസ് സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാകും മറ്റ് സിനിമകളെന്നാണ് ജയരാജ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത രസത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ രസാവഹമാകും അവതരണമെന്ന് പ്രതീക്ഷിക്കാം.