വെളിപാടിന്റെ പുസ്തകം :

വെളിപാടല്ല, വഴിപാട് 

September 1, 2017, 2:18 pm
വെളിപാടല്ല, വഴിപാട് 
Movie Reviews
Movie Reviews
വെളിപാടല്ല, വഴിപാട് 

വെളിപാടിന്റെ പുസ്തകം :

വെളിപാടല്ല, വഴിപാട് 

Movie Rating

★★★★★ ★★★★★

ഒരു ലാല്‍ജോസ് ചിത്രത്തില്‍ ആദ്യമായി മോഹന്‍ലാല്‍.. 'വെളിപാടിന്റെ പുസ്തക'മെന്ന് പേരിടുംമുന്‍പേ ഈ പ്രോജക്ട് പ്രേക്ഷകരുടെ സജീവശ്രദ്ധയിലേക്കെത്താന്‍ മതിയായ കാരണമായിരുന്നു ആ ഒത്തുചേരല്‍ വാര്‍ത്ത. മുന്‍പ് കരിയറിന്റെ വിവിധഘട്ടങ്ങളില്‍ രണ്ട് തവണ മോഹന്‍ലാലിനെവച്ച് സിനിമകള്‍ ആലോചിച്ചിട്ടുണ്ട് ലാല്‍ജോസ്. രണ്ടും പല കാരണങ്ങളാല്‍ നടക്കാതെപോയി. ഇപ്പോള്‍, 'നീന'യെന്ന തന്റെ സ്ഥിരംവഴികളില്‍നിന്ന് വേറിട്ട നടത്തത്തിന് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് മോഹന്‍ലാല്‍ ചിത്രവുമായി ലാല്‍ജോസ് എത്തുന്നത്. തൊട്ടുമുന്‍പിറങ്ങിയ മേജര്‍ രവി ചിത്രമൊഴിച്ചാല്‍ വിജയങ്ങളുടെ സജീവതയിലാണ് മോഹന്‍ലാലും. നിര്‍ഭാഗ്യവശാല്‍, പ്രേക്ഷകരുടെ പ്രതീക്ഷാഭാരവുമായെത്തിയ 'വെളിപാടിന്റെ പുസ്തകം' തുറക്കുമ്പോള്‍ ആശയ്ക്ക് വകയില്ലെന്നാണ് കാഴ്ചാനുഭവം.

മോഹന്‍ലാല്‍, വെളിപാടിന്റെ പുസ്തകം 
മോഹന്‍ലാല്‍, വെളിപാടിന്റെ പുസ്തകം 

ലാല്‍ജോസ്-മോഹന്‍ലാല്‍ യുഎസ്പി

പ്രേക്ഷകരില്‍ പ്രതീക്ഷാഭാരമേറ്റിയ കാരണമെന്താണോ ആ സമ്മര്‍ദ്ദത്താല്‍ തന്നെ അച്ചടി പിഴച്ചുപോയ പുസ്തകമായാണ് 'വെളിപാടിന്റെ പുസ്തക'ത്തിന്റെ കാഴ്ചാനുഭവം. ഫിനിക്‌സ് എന്നു പേരായ തീരപ്രദേശത്തെ കോളെജിലേക്ക് എത്തുന്ന വൈസ് പ്രിന്‍സിപ്പല്‍-അധ്യാപകനാണ് മോഹന്‍ലാലിന്റെ മൈക്കിള്‍ ഇടിക്കുള. പ്രീ-റിലീസ് പരസ്യങ്ങളില്‍ ഇടിക്കുളയുടെ മട്ടും മാതിരിയും കണ്ടപ്പോള്‍ കഥാപാത്രം ഫാസില്‍ ചിത്രം 'ലൈഫ് ഈസ് ബ്യൂട്ടിഫുളി'ലെ നായകന്‍ വിനയചന്ദ്രന്റെ 2017 പതിപ്പാവാനുള്ള സാധ്യത തോന്നിയിരുന്നു. പക്ഷേ പശ്ചാത്തലമാകുന്നതൊഴിച്ചാല്‍ കോളെജിന് ഇവിടെ സവിശേഷപ്രാധാന്യമൊന്നുമില്ല. വിദ്യാഭ്യാസമേഖലയോ വിദ്യാര്‍ഥികളോ നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ചാവിഷയമല്ല. പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളില്‍ ആവര്‍ത്തിക്കുന്ന 'ബിടെക്' ക്യാമ്പസിന് പകരം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജാണെന്ന് മാത്രം. വാട്ട്‌സ്ആപ് ക്ലിപ്പുകളെക്കുറിച്ചും യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഷോര്‍ട്ട്ഫിലിമിനെക്കുറിച്ചുമൊക്കെയുള്ള സംഭാഷണങ്ങളില്‍ മാത്രമാണ് ഫിനിക്‌സിലെ വിദ്യാര്‍ഥികള്‍ സമകാലികരാവുന്നത്. അതൊഴിച്ചാല്‍ സ്ഥിരം സിനിമാറ്റിക് ക്യാമ്പസ് തന്നെ.

തന്റെ ചിത്രത്തിലേക്ക് മോഹന്‍ലാല്‍ ആദ്യമായി എത്തുമ്പോള്‍ ലാല്‍ജോസിന് അനുഭവപ്പെട്ട ഭയമെന്ന് ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. മോഹന്‍ലാലിലെ നടനെ ഉപയോഗപ്പെടുത്തണോ താരത്തെ ഉപയോഗപ്പെടുത്തണോ? ഓണം പോലെയൊരു ഉത്സവസീസണ്‍ ആവുമ്പോള്‍ താരത്തെ കാണാനെത്തുന്ന പ്രേക്ഷകരെ അഭിസംബോധന ചെയ്യാതെ പറ്റുമോ? അങ്ങനെയെങ്കില്‍ മോഹന്‍ലാല്‍ മീശ പിരിയ്ക്കണ്ടേ? ഇങ്ങനെ ഒട്ടേറെ 'കനത്ത' സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ ലാല്‍ജോസും ബെന്നി പി.നായരമ്പലവും ഇരുന്ന് തലപുകച്ച, 2 മണിക്കൂര്‍ 37 മിനിറ്റ് ഉത്തരം മാത്രമായി ചുരുങ്ങിപ്പോയി 'വെളിപാടിന്റെ പുസ്തകം'.

ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍, ലാല്‍ജോസ്‌ 
ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍, ലാല്‍ജോസ്‌ 

'മീശ പിരിയ്‌ക്കേണ്ട' ഫെസ്റ്റിവല്‍ മോഹന്‍ലാല്‍

'നായക സങ്കല്‍പങ്ങളുടെ പൂര്‍ണത'യായിരുന്ന, പുഴയില്‍ നിന്ന് പൊന്തിവരുന്ന പൂവള്ളി ഇന്ദുചൂഡനൊക്കെ ട്രോള്‍ പേജുകളില്‍ സ്ഥിരം സന്ദര്‍ശകനാവുന്ന കാലമാണിത്. സ്ഥിരം ചട്ടക്കൂടുകളില്‍ തുടര്‍ച്ചയായി വന്ന് പ്രേക്ഷകരെ ബോറടിപ്പിച്ചതിനുശേഷം 'മീശപിരി സിനിമകള്‍' മോഹന്‍ലാലും വലിയ ഇടവേളയിലേക്ക് ഒഴിവാക്കിയിരുന്നു. അടുത്തിടെ കളക്ഷനില്‍ റെക്കോര്‍ഡിട്ട പുലിമുരുകന്‍ 'പ്രചോദന'ത്താലാവണം ഓണച്ചിത്രത്തില്‍ മോഹന്‍ലാലിനെ മീശ പിരിപ്പിക്കാന്‍ ലാല്‍ജോസും തീരുമാനിച്ചത്. കോളെജില്‍ പുതുതായി ചാര്‍ജ്ജ് ഏറ്റെടുത്ത് വേഗത്തില്‍ത്തന്നെ വിദ്യാര്‍ഥികളുടെ അടുപ്പക്കാരനാകുന്നു ഇടിക്കുള. പരസ്പരം അടികൂടുന്ന രണ്ട് വിദ്യാര്‍ഥി സംഘങ്ങളെ തന്റെ സാന്നിധ്യംകൊണ്ട് ഒരു മാന്ത്രികതയാലെന്നവണ്ണം കുഞ്ഞാടുകളാക്കി മാറ്റുകയാണ് അദ്ദേഹം. ശേഷം മോഹന്‍ലാലിന്റെ 'മീശപിരി ഗെറ്റപ്പി'നുവേണ്ടി 'ബലപ്രയോഗത്താല്‍' സൃഷ്ടിച്ചതെന്ന് തോന്നുന്നതരത്തില്‍ ഉറപ്പില്ലാത്ത മറ്റൊരു എപ്പിസോഡ്. മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുമിച്ച് ആഘോഷിക്കാനുള്ള ദുര്‍ബലമായ ശ്രമമായി മാറുന്നു സിനിമ.

മോഹന്‍ലാല്‍, അപ്പാനി രവി 
മോഹന്‍ലാല്‍, അപ്പാനി രവി 

ഇതില്‍ ലാല്‍ജോസ് എവിടെ?

നായകനിലും നായികയിലും മാത്രമൊതുങ്ങാതെ, കൗതുകമുള്ള പാത്രസൃഷ്ടികളും നര്‍മ്മത്തിന്റെ പശ്ചാത്തലത്തിലുള്ള കഥ പറച്ചിലുമൊക്കെ ചേര്‍ന്നതാണ് 'ലാല്‍ജോസ് ഫ്‌ളേവറെ'ങ്കില്‍ ഇവിടെ അതെല്ലാം മിസ്സിംഗ് ആണ്. മൈക്കിള്‍ ഇടിക്കുളയുടെ ചില്ലറ സാരോപദേശങ്ങളുള്ള ആദ്യപകുതിയില്‍ തമാശയുണ്ടാക്കാനുള്ള 'ബാധ്യത' പ്രേംരാജ് എന്ന സലിംകുമാറിന്റെ അധ്യാപക കഥാപാത്രത്തില്‍ നിക്ഷിപ്തമാണ്. സലിംകുമാറിന്റെ ട്രേഡ് മാര്‍ക് ശൈലിയില്‍ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷനുള്ള പ്രേംരാജ് പറയുന്ന സംഭാഷണങ്ങളിലാണ് ആകെയുള്ള ആ ക്ലീഷേ തമാശാ ശ്രമങ്ങള്‍. മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുമിച്ച് ബാലന്‍സ് ചെയ്യാനുള്ള 'ഭഗീരഥ പ്രയത്‌ന'ത്തിനിടെ ലാല്‍ജോസിനെ സ്‌ക്രീനില്‍ വെളിപ്പെട്ട് കിട്ടുന്നത് ഇടയ്ക്കിടെയെത്തുന്ന ഗാനരംഗങ്ങളിലാണ്. 'ഓ പിന്നെയും വന്നോ' എന്ന് തോന്നുന്നമട്ടിലാണ് കൃത്യമായ ഇടവേളകളില്‍ അവ കടന്നുവരുന്നതെങ്കിലും ഷാന്‍ റഹ്മാന്‍ ആദ്യമായി ലാല്‍ജോസിനുവേണ്ടി ചെയ്ത ഈണങ്ങള്‍ കൊള്ളാം. നേരത്തേ പറഞ്ഞ 'കഠിനാധ്വാന'ത്തിനിടയ്ക്ക് സംവിധായകന്‍ ആസ്വദിച്ചുചെയ്തത് ആ പാട്ടുകളുടെ ദൃശ്യവല്‍ക്കരണം മാത്രമായിരിക്കുമെന്നും തോന്നുന്നു.

സലിംകുമാര്‍, മോഹന്‍ലാല്‍ 
സലിംകുമാര്‍, മോഹന്‍ലാല്‍ 

മോഹന്‍ലാല്‍, അപ്പാനി രവി

മോഹന്‍ലാല്‍ എന്ന താരത്തെ ലക്ഷ്യംവച്ച് ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീഴാവുന്ന ദുര്‍ബലമായൊരു പ്ലോട്ട് തയ്യാറാക്കുമ്പോള്‍ ലാലിലെ നടന്‍ അതിനെ രക്ഷിച്ചെടുക്കുമെന്നാവും ലാല്‍ജോസ് കരുതിയിട്ടുണ്ടാവുക. ഒപ്പം തന്നിലെ സംവിധായകനിലുള്ള ആത്മവിശ്വാസവും അദ്ദേഹത്തെ മുന്നോട്ട് നയിച്ചിരിക്കാം. മോഹന്‍ലാലും കുറേപ്പേരുമുള്ള ഒരു പേടകം നിയന്ത്രണമില്ലാതെ എങ്ങോട്ടോ പോകുന്നതുപോലെയാണ് മുഴുനീളം സിനിമയെങ്കില്‍ ക്ലൈമാക്‌സ് എന്ന ക്രാഷ് ലാന്‍ഡിംഗില്‍ അതൊരു പൊട്ടിത്തെറിയില്‍ അവസാനിക്കാതെ രക്ഷിച്ചുനിര്‍ത്തുന്നത് മോഹന്‍ലാലിലെ നടനാണ്. ചവുട്ടിനില്‍ക്കാന്‍ പ്രതലമില്ലാത്ത കഥാപാത്രമെങ്കിലും സ്‌ക്രിപ്റ്റിലെ കഴമ്പില്ലായ്മകളെ ഒരു പരിധി വരെയെങ്കിലും പ്രകടനത്താല്‍ വിശ്വസിപ്പിക്കാനാകുന്നു അദ്ദേഹത്തിന്. 'വെളിപാടിന്റെ പുസ്തകം' 2 മണിക്കൂര്‍ 37 മിനിറ്റും മോഹന്‍ലാലില്‍ മുഴുകുമ്പോള്‍ ചുറ്റും നില്‍ക്കുന്നവര്‍ അപ്രസക്തരോ 'താരത്തെ കണ്ടിരിക്കുന്ന' പ്രേക്ഷകരെ 'ശല്യപ്പെടുത്താത്തവരോ' ആണ്. സലിം കുമാറും 'അങ്കമാലി ഡയറീസ്' നായിക രേഷ്മ രാജനുമൊക്കെയുണ്ടെങ്കിലും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ അപ്പാനി രവിയെ അവതരിപ്പിച്ച ശരത്കുമാര്‍ മാത്രമാണ് പ്രകടനത്തിലെ ഊര്‍ജ്ജം കൊണ്ട് മോഹന്‍ലാലിനൊപ്പം സ്‌ക്രീനില്‍ വെളിപ്പെടുന്ന മറ്റൊരാള്‍.

വെളിപാടിന്റെ പുസ്തകം  
വെളിപാടിന്റെ പുസ്തകം  

അച്ചടി പിഴച്ച പുസ്തകം

ഒരു ലാല്‍ജോസ്-മോഹന്‍ലാല്‍ ചിത്രത്തിന് കാത്തിരുന്നവരെ നിരാശപ്പെടുത്തും 'വെളിപാടിന്റെ പുസ്തകം'. മോഹന്‍ലാല്‍ എന്ന താരമെത്തിയപ്പോള്‍ അമ്പരക്കുന്നതിന് പകരം തന്നിലെ സംവിധായകനെ വിശ്വാസത്തിലെടുക്കാമായിരുന്നു ലാല്‍ജോസിന്. ആദ്യകൂട്ടുകെട്ട് കരിയറില്‍ ഓര്‍ത്തിരിക്കാവുന്ന ചിത്രമാക്കാനായില്ല ഇരുവര്‍ക്കും. തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ക്കും അങ്ങനെതന്നെ.