വിക്രം വേദാ :

മാസ് ത്രില്‍ 

July 25, 2017, 4:35 pm
മാസ് ത്രില്‍ 
Movie Reviews
Movie Reviews
മാസ് ത്രില്‍ 

വിക്രം വേദാ :

മാസ് ത്രില്‍ 

Movie Rating

★★★★★ ★★★★★

ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ലോകസിനിമയിലെ സമകാലീന മാറ്റങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കൂടുതല്‍ മികച്ച സിനിമകളുണ്ടാകുന്നത് തമിഴിലാണ്. രജനി-അജിത്-വിജയ് മാസ് മസാലാ ബ്രഹ്മാണ്ഡങ്ങള്‍ക്കിടയിലും പരീക്ഷണ സിനിമകള്‍ ഉള്‍പ്പെടെ മിക്ക ഗണത്തിലുമുള്ള (genre) സൃഷ്ടികള്‍ തമിഴില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. മധുരൈ മാവട്ടം ടെംപ്ലേറ്റ് മടുപ്പുകളില്‍ നിന്ന് പ്രമേയവൈവിധ്യതയും വേറിട്ട അവതരണവും ഉള്ള സിനിമകളിലേക്ക് കോളിവുഡിനെ മോചിപ്പിച്ചതില്‍ വിജയ് സേതുപതി എന്ന നായക നടനും കാര്യമായ പങ്കുണ്ട്. സിനിമകളുടെയും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ സവിശേഷശ്രദ്ധ പുലര്‍ത്തുന്നയാളാണ് വിജയ് സേതുപതി. എക്സ്ട്രാ റോളുകളിലെത്തി പിന്നീട് നായകനായി മാറി. ഇപ്പോള്‍ തമിഴ് പുതുനിരയിലെ മികച്ച നടന്‍മാരിലൊരാളാണ് വിജയ് സേതുപതി. വീരനായകത്വം പതിപ്പിച്ച സിനിമകളേക്കാള്‍ കാമ്പുള്ള ചലച്ചിത്രസൃഷ്ടികളിലാണ് തന്റെ മുഖം പതിയേണ്ടതെന്ന് ചിന്തിക്കുന്ന നടനാണ് വിജയ് സേതുപതിയെന്ന് തോന്നിയിട്ടുണ്ട്. സൂതു കവും, പന്നയാരും പദ്മിനിയും, ജിഗര്‍ തണ്ട, ഇരൈവി, ആണ്ടവന്‍ കട്ടളൈ തുടങ്ങി തമിഴ് സിനിമയിലെ പുതുനിര മികവുകളിലേറെയും സേതുപതിയുടെ കയ്യൊപ്പുണ്ട്.

വിജയ് സേതുപതിയുടെ 2017ലെ രണ്ടാമത്തെ റിലീസ് ആണ് വിക്രം വേദ. ഗായത്രി-പുഷ്‌കര്‍ സംവിധായക ദമ്പതികളുടേതാണ് ചിത്രം. ഓരം പോ, വാ എന്നീ നര്‍മ്മപ്രധാനമായ സിനിമകളൊരുക്കിയ ഗായത്രി-പുഷ്‌കര്‍ ഇത്തവണ ട്രാക്ക് മാറിയിരിക്കുകയാണ്. മാധവനും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമെന്ന നിലയിലായിരുന്നു വിക്രം വേദ ചിത്രീകരണ ഘട്ടം മുതല്‍ വാര്‍ത്തയായത്. മാധവന്‍ നായകനും സേതുപതി വില്ലനുമാകുന്ന സിനിമയെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായി. വിക്രമാദിത്യനും അദ്ദേഹത്തെ ചോദ്യങ്ങളാല്‍ ധാര്‍മ്മിക പ്രതിസന്ധിയിലാക്കിയ വേതാളത്തെയും രൂപകമാക്കിയാണ് വിക്രം വേദ ഒരുക്കിയിരിക്കുന്നത്. ടൈറ്റില്‍ സീക്വന്‍സിന്് മുമ്പ് തന്നെ നടന്‍ നാസറിന്റെ ശബ്ദത്തില്‍ ആനിമേറ്റഡ് സ്റ്റോറിയായി വിക്രമാദിത്യ വേതാള കഥ ചുരുക്കി പറയുന്നുണ്ട് സംവിധായകര്‍. ധര്‍മ്മവും അധര്‍മ്മവും ന്യായവും അന്യായവും നീതിയും അനീതിയും ആപേക്ഷികമാണെന്ന് പോലീസ്-ക്രിമിനല്‍ സ്‌റ്റോറിയിലൂടെ ആകര്‍ഷകമായി പറയുകയാണ് വിക്രം വേദ.

നല്ലവന്‍ കെട്ടവന്‍ കഥകള്‍ തമിഴ് മാസ് മസാലാ സിനിമകളിലെ സ്ഥിരം ടെംപ്ലേറ്റാണ്. പോലീസ് സൂപ്പര്‍ ഹീറോ കഥകളെന്നത് പോലെ തന്നെ ഗാംഗ്‌സ്റ്റര്‍ ഹീറോ കഥകളും ജനപ്രിയത നേടിയിട്ടുണ്ട്. ഇവിടെ വിക്രം(മാധവന്‍) എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായ പോലീസ് ഓഫീസറാണ്. നോര്‍ത്ത് ചെന്നൈയില്‍ ഒരു നിര്‍ണായക ദൗത്യം ഏറ്റെടുത്ത് വന്നിരിക്കുകയാണ് വിക്രം. ആ മേഖലയെ കൈപ്പിടിയിലാക്കിയ വേദ എന്ന ക്രിമിനല്‍ സംഘത്തലവനെ വകവരുത്താനായി നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തിലാണ് വിക്രം. ചെന്നൈയിലെ പ്രമുഖ അഭിഭാഷകന് കീഴില്‍ പ്രാക്ടീസ് ചെയ്യുകയാണ് വിക്രമിന്റെ ഭാര്യ പ്രിയ. വേദയെ വകവരുത്താന്‍ വിക്രമും സംഘവും നടത്തുന്ന നിര്‍ണായക നീക്കങ്ങള്‍ക്കിടെയാണ് തോക്കില്‍ തിര നിറച്ച് വിന്യസിക്കപ്പെട്ട എന്‍കൗണ്ടര്‍ ടീമിനടുത്തേക്ക് വേദയെത്തുന്നത്. വിക്രമിന് മുന്നില്‍ കീഴടങ്ങാനെത്തിയ വേദ പുരാണകഥയിലെ വേതാളമാവുകയാണ്. അയാള്‍ക്ക് ലഭിക്കേണ്ട ഉത്തരങ്ങള്‍ ധര്‍മ്മാധര്‍മ്മങ്ങളുടെ, ശരിതെറ്റുകളുടെ വേര്‍തിരിക്കലായി മാറുകയാണ് വിക്രം എന്ന ഓഫീസറുടെ മനസ്സില്‍.

പാക്ക്ഡ് ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ ഒരുക്കപ്പെട്ട തിരക്കഥയും കേന്ദ്രകഥാപാത്രങ്ങളുടെ അതിഗംഭീര പ്രകടനവും അതിനൊപ്പിച്ചുള്ള സാങ്കേതിക പരിചരണ മികവുമാണ് വിക്രം വേദയെ ആസ്വാദ്യകരമാക്കിയിരിക്കുന്നത്. ഒരു നിമിഷം പോലും കാഴ്ചയില്‍ നിന്നകലാത്ത വിധം പിടിച്ചിരിത്തുന്നതാണ് പുഷ്‌കര്‍-ഗായത്രി ടീമിന്റെ ആഖ്യാന സാമര്‍ത്ഥ്യം. വിക്രമിനെ ധാര്‍മ്മിക പ്രതിസന്ധിയിലാക്കുന്ന വേദയുടെ ചോദ്യങ്ങള്‍ നരേറ്റീവില്‍ സിനിമയെ അനുനിമിഷം ഉദ്വേഗജനകമാക്കാനും ത്രില്ലറിന്റെ താളക്രമത്തിലെത്തിക്കുന്നതിനുമുള്ള സങ്കേതം കൂടിയാകുന്നുണ്ട്. മൂന്ന് ഘട്ടങ്ങളിലായി മൂന്ന് കഥകളാണ് വേദ വിക്രമിനോട് പറയുന്നത്. ആ കഥയില്‍ അവശേഷിപ്പിച്ച ഉത്തരങ്ങളും ചോദ്യങ്ങളുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. സമൂഹത്തെ അപകടപ്പെടുത്തുന്ന തിന്മയുടെ പ്രതിരൂപമായ ക്രിമിനല്‍ സംഘത്തെ ഏറ്റുമുട്ടല്‍ കൊലയിലൂടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനെ യുക്തിസഹമാക്കി നിര്‍ത്തുന്നിടത്താണ് പോലീസും ക്രിമിനലും നടപ്പാക്കുന്ന കൃത്യങ്ങളിലെ ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ചുള്ള ചോദ്യമെത്തുന്നത്.

തുടക്കത്തില്‍ വിക്രമിനെ (മാധവന്‍) കേന്ദ്രീകരിച്ച് നീങ്ങുന്ന കഥയിലേക്ക് വേദ (വിജയ് സേതുപതി)യുടെ അപ്രതീക്ഷിത എന്‍ട്രിയാണ്. വിക്രമും സൈമണും സംഘവും ഉള്‍പ്പെടുന്ന എന്‍കൗണ്ടര്‍ ദൗത്യങ്ങളെ സെമി റിയലിസ്റ്റിക് സ്വഭാവത്തില്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ വേദയുടെ വരവും അയാള്‍ ഉള്‍പ്പെടുന്ന ലോകവും അവരുടെ പ്രവര്‍ത്തികളുമെല്ലാം മാസ് അപ്പീലുണ്ടാക്കും വിധമാണ് അവതരിപ്പിക്കപ്പെടുന്നത്. ഒരു നാണയത്തിന് ഇരുപുറങ്ങളായാണ് പോലീസിനെയും ഗാംഗ്‌സ്റ്റര്‍ ഗ്രൂപ്പിനെയും വിശദീകരിക്കുന്നത്. നീതിനിര്‍വഹണത്തിന്റെ പേരില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ കൊലയിലും തൊഴിലായും കുറ്റകൃത്യമായും പ്രതികാരമായും ചേരിപ്പോരായും അരങ്ങേറുന്ന ഗാംഗ്‌സ്റ്റര്‍ ചെയ്തികളിലും ന്യായത്തിന്റെയും അന്യായത്തിന്റെയും ഇടങ്ങളുണ്ടെന്ന് സിനിമ ഓര്‍മ്മപ്പെടുത്തുന്നു. വിക്രമാദിത്യന്റെ തോളില്‍ തൂങ്ങുന്ന വേതാളത്തെ ഓര്‍മ്മപ്പെടുത്തുംവിധം വിക്രം വേദാ കഥാപാത്രങ്ങളെ ചില വേളകളില്‍ ചിത്രീകരിച്ചിട്ടുമുണ്ട്. അറസ്റ്റ് ചെയ്ത് ജീപ്പില്‍ പിന്നിലിരുത്തി കൊണ്ടുപോകുന്ന ഘട്ടത്തിലും പിന്നില്‍ നിന്ന് തൂങ്ങിയാടുന്ന സീനിലുമെല്ലാം വേതാള കഥയുടെ മിനിമല്‍ ഫീല്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിരിക്കുന്നത് കാണാം.

സിനിമാറ്റിക് ക്ലീഷേകളെ പിന്തുടരാതെ കഥ പറയാന്‍ ശ്രമിച്ചുവെന്നതിലും ഇരട്ട സംവിധായകര്‍ വിജയിച്ചിട്ടുണ്ട്. നിര്‍ണായക രംഗത്തില്‍ ഫാക്ടറി ഗോഡൗണില്‍ വിക്രവും വേദയും മുഖാമുഖം നില്‍ക്കുമ്പോള്‍ ഇതുപോലുള്ള ഫാക്ടറിയില്‍ ജോലിയൊന്നും നടക്കാറില്ലേയെന്നും നമ്മള്‍ക്ക് പഴി കിട്ടാന്‍ ഉണ്ടാക്കിയതാണോ ഒഴിഞ്ഞ ഗോഡൗണുകളെന്നും നായകന്‍ ചോദിക്കുമ്പോള്‍ ഗോഡൗണ്‍ ക്ലൈമാക്‌സ് ക്ലീഷേ മറികടക്കുകയാണ് സിനിമ. തുടങ്ങി അരമണിക്കൂര്‍ പിന്നിടുമ്പോള്‍ വിക്രമിന് മറുപുറത്ത് വേദയെ നിര്‍ത്തുകയാണ് സിനിമ. വീരനായകത്വം വേദയിലേക്ക് കേന്ദ്രീകരിച്ച് തുടങ്ങുമ്പോള്‍ ഇതൊന്നും വേദയെപ്പറ്റിയല്ല ധര്‍മ്മത്തെപ്പറ്റിയാണ് അതേ കഥാപാത്രത്തെക്കൊണ്ട് പറയിക്കുന്നുണ്ട് ഗായത്രി-പുഷ്‌കര്‍ ദമ്പതികള്‍.

ഉദ്വേഗതീവ്രതയില്‍ നീങ്ങുന്ന ആദ്യപകുതിയില്‍ നിന്ന് മൂന്ന് ഉപകഥകളിലായി വിക്രം-വേദാ ഹൈഡ് ആന്‍ഡ് സീക്ക് ഗെയിം രണ്ടാം പകുതിയിലെത്തുമ്പോള്‍ കുറേക്കൂടി മാസ് മസാലാ ഫോര്‍മുലകളെ സംവിധായകര്‍ ആശ്രയിക്കുന്നതായി അനുഭവപ്പെട്ടു. ധര്‍മ്മവും അധര്‍മ്മവും നമ്മള്‍ ഏത് പക്ഷത്ത് നിന്ന് നോക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കുമെന്ന വിശദീകരണത്തിലേക്ക് സിനിമ എത്തിച്ചേരുമ്പോള്‍ പിരിമുറുക്കത്തിന് പകരം ഇടര്‍ച്ചയാണ് ആഖ്യാനഗതിയില്‍ സംഭവിക്കുന്നത്. ഏത് പക്ഷത്ത് നിലയുറപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചില്ല ന്യായാന്യായങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നീതിമാനും കുറ്റവാളിയും ഉണ്ടാകുന്നതെന്ന് പറഞ്ഞുതീര്‍ക്കുകയാണ് സിനിമ. കഥാപാത്രനിര്‍മ്മിതിയിലും ആഖ്യാന പദ്ധതിയിലും നിയോ നോയര്‍ ഛായ സൃഷ്ടിക്കുന്നതിപ്പുറം പക്കാ ആക്ഷന്‍ എന്റര്‍ടെയിനറിന്റെ രൂപരീതികളിലേക്കാണ് വിക്രം വേദാ പ്രവേശിക്കുന്നത്.

അഴിമതിയാല്‍ ഗ്രസിച്ച നിയമസംവിധാനത്തെയും അതിന്റെ ഇടനിലക്കാരായ ഉദ്യോഗസ്ഥരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചിത്രം ഏറ്റുമുട്ടല്‍ കൊല കുറ്റകൃത്യത്തെ തളളിപ്പറയുന്നില്ലെന്നതിലാണ് നിരാശ. മുന്‍പ് പലവട്ടം സൂപ്പര്‍താരങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളായ എന്‍കൗണ്ടര്‍ പോലീസ് സ്‌റ്റോറികള്‍ വൈയക്തിക നീതിബോധത്തെ താരാട്ടുന്ന രീതിയില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് കയ്യടിച്ചിരുന്നുവെന്നതും യാഥാര്‍ത്ഥ്യം.

കാഴ്ചക്കാരന്‍ വിക്രമിനൊപ്പമാണോ അതോ ക്രിമിനലായ വേദയ്‌ക്കൊപ്പമാണോ എന്നത് തുറന്ന ചോദ്യമായി വിട്ടുനല്‍കാന്‍ മുതിരുകയല്ല വിക്രം വേദ. മറിച്ച് കഥയുടെ പ്രത്യേക ഘട്ടം മുതല്‍ കൃത്യമായി വേദയില്‍ ശരിപക്ഷമുറപ്പിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു സംവിധായകര്‍. ഈ കഥാപാത്രത്തിനോട് അനുഭാവമുണ്ടാക്കുംവിധമുള്ള ഉപകഥകളെയാണ് വിന്യസിച്ചിരുന്നതും. കഥാപാത്രനിര്‍മ്മിതിയിലും ഉയരേ നില്‍ക്കുന്നത് വിജയ് സേതുപതിയുടെ വേദയാണ്. കഥപറച്ചിലിനോട് ഇഴുകിനീങ്ങുന്ന ദൃശ്യപരിചരണത്തിലും പശ്ചാത്തല സംഗീതത്തിലുമായി സിനിമയുടെ താളക്രമം സമര്‍ത്ഥമായി രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. വിക്രമിനെ വെളുപ്പിലേക്ക്/ തുറസ്സിലേക്ക്/ പകലിലേക്ക് നീക്കി നിര്‍ത്തിയും വേദയെ കറുപ്പിലും ഇരുളിലുമായും നിര്‍ത്തിയുമുള്ള തുടക്കത്തില്‍ നിന്ന് ഇരുവര്‍ക്കുമിടയിലുള്ള കാറ്റ് ആന്‍ഡ് മൗസ് ഗെയിം ക്രമേണ രൂപപ്പെടുന്നതിനെ ചിത്രീകരിച്ചതിലും കൗതുകമുണ്ട്. പി എസ് വിനോദിന്റെ ഛായാഗ്രാഹണം കഥ പറച്ചിലില്‍ മികച്ച പിന്തുണ നല്‍കിയിട്ടുണ്ട്. എന്‍കൗണ്ടര്‍ ഘട്ടങ്ങളിലെ പ്രകാശക്രമീകരണവും റിയലിസ്റ്റിക് ഫീല്‍ നല്‍കുന്ന ക്യാമറാ മൂവ്‌മെന്റുകളും, വേദയെയും അയാളുടെ ലോകത്തെയും ഗാംഗ്‌സ്റ്റര്‍ തീം സൃഷ്ടിച്ച് അവതരിപ്പിച്ചതുമെല്ലാം ആസ്വാദ്യകരമായിരുന്നു. വിവിധ തീം മ്യൂസിക്കുകള്‍ക്കൊപ്പമുള്ള പശ്ചാത്തല ഈണവും മികച്ചതാണ്. കറുപ്പു വെള്ളൈ എന്ന ഗാനവും ഈ പാട്ടിലെ എന്‍ഡ് പീസും സിനിമയുടെ ആകെത്തുകയില്‍ ത്രില്ലര്‍ മൂഡ് സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. സാം സി എസ് ആണ് സംഗീത സംവിധായകന്‍.

വില്ലന്‍മാരെ മുംബൈയില്‍ നിന്നോ വിദേശത്ത് നിന്നോ ഇറക്കുമതി ചെയ്യുന്നത് തമിഴ് മുഖ്യധാരാ സിനിമകള്‍ ഒരു പതിറ്റാണ്ടിലേറെയെയായി പതിവാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. വിക്രം വേദായില്‍ ചേട്ടാ എന്ന വിളിപ്പേരുള്ള അധോലോക നായകനായ വില്ലന്‍ കേരളത്തില്‍ നിന്നാണ്. തമിഴ് കമേഴ്‌സ്യല്‍ സിനിമയിലെ മലയാളി വില്ലന്‍ ഒരു തരത്തില്‍ കൗതുകവുമാണ്. മലയാളം സിനിമകള്‍ എത്രയോ കാലം വില്ലന്‍ കൗണ്ടറെയും പൊള്ളാച്ചി ക്വട്ടേഷന്‍ ലീഡറെയുമെല്ലാം മാറി മാറി ആഘോഷിച്ചിട്ടുള്ളതുമാണ്. ഇവിടെ ഹരീഷ് പേരടിയാണ് ചേട്ടാ എന്ന വില്ലന്റെ റോളില്‍. മലയാളത്തില്‍ ശക്തമായ കാരക്ടര്‍ റോളുകള്‍ ചെയ്തിരുന്ന ഹരീഷ് തമിഴിലും തെലുങ്കിലും തിരക്കേറിയ സ്വഭാവ നടനായി മാറിയിരിക്കുകയാണ്. വേദയ്‌ക്കൊത്ത വില്ലനായും വേദയുടെ തലൈവരായും ഗംഭീര പ്രകടനവുമാണ് ഹരീഷിന്റേത്.

സിനിമയിലെ സ്ത്രീവിരുദ്ധതയും സ്ത്രീകഥാപാത്രങ്ങളുടെ പ്രാധാന്യവും ചര്‍ച്ചയാകുമ്പോള്‍ വിക്രം വേദാ രണ്ട് നായികമാരുടെ കഥാപാത്ര നിര്‍മ്മിതിയില്‍ പുലര്‍ത്തിയ സത്യസന്ധത എടുത്തുപറയാവുന്നതാണ്. വിക്രമിന്റെ ഭാര്യയായി പ്രിയ എന്ന അഭിഭാഷകയെ അവതരിപ്പിച്ചത് ശ്രദ്ധാ ശ്രീനാഥ് ആണ്. ചന്ദ്രയെന്ന കഥാപാത്രമായി വരലക്ഷ്മി ശരത്കുമാറും വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളായാണ് ഇരുവരെയും അവതരിപ്പിച്ചത്.

കഥാപാത്രം അത് ഏത് ഇടത്തെ പ്രതിനിധീകരിക്കുന്നതാണെങ്കിലും ഉള്ളിലേക്ക് ആവാഹിച്ചുള്ള പകര്‍ന്നാട്ടമാണ് വിജയ് സേതുപതിയുടേത്. നിയന്ത്രിതാഭിനയത്തിന്റെ ഊഷ്മളതയും രസിപ്പിക്കുന്ന ചില മാനറിസങ്ങളുമായി തമിഴിലെ സമകാലീനരായ അഭിനേതാക്കള്‍ക്കൊക്കെ ഒരു പാട് ഉയരെ തന്നിലെ നടനെ പ്രതിഷ്ഠിക്കുന്നുണ്ട് വിജയ് സേതുപതി. ബോളിവുഡിലായാലും തമിഴിലായാലും ഏറെ ശ്രദ്ധയോടെയാണ് മാധവന്‍ ഇപ്പോള്‍ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാറ്. ചോക്ലേറ്റ് ഹീറോ എന്ന മുന്‍കാല ഇമേജിനെ കുടഞ്ഞെറിഞ്ഞ് തന്റെ പ്രായത്തിന് യോജിക്കുന്ന കഥാപാത്രങ്ങളാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പുകളില്‍ ഉള്ളത്. ടൈറ്റിലിലെ 'പാതി'യായ വിക്രം എന്ന ഗൗരവക്കാരന്‍ പൊലീസ് ഓഫീസറെ മികച്ച അണ്ടര്‍പ്ലേയിലൂടെ മാധവനും ഭാവഭദ്രമാക്കി.