വിവേകം :

ശിവ ശിവ എന്തൊരവിവേകം! 

August 24, 2017, 6:38 pm
ശിവ ശിവ എന്തൊരവിവേകം! 
Movie Reviews
Movie Reviews
ശിവ ശിവ എന്തൊരവിവേകം! 

വിവേകം :

ശിവ ശിവ എന്തൊരവിവേകം! 

Movie Rating

★★★★★ ★★★★★

അജിത്തിന്റെ അഭിനയജീവിതത്തിലെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലെത്തിയ ചിത്രമാണ് വിവേകം. 2015 നവംബറില്‍ വേതാളം റിലീസ് ചെയ്ത് രണ്ട് വര്‍ഷം ഇടവേള കഴിഞ്ഞാണ് വിവേകവുമായി തലയുടെ വരവ്. വേതാളത്തില്‍ നിന്ന് വിവേകത്തില്‍ എത്തുമ്പോഴും സംവിധായകന്റെ സ്ഥാനത്ത് ശിവ തന്നെ. ഔദ്യോഗിക ആരാധക സംഘങ്ങളെ പിരിച്ചുവിട്ടെങ്കിലും ജനപ്രിയതയില്‍ ഇടിവുതട്ടാതെ രജനീകാന്തിന് തൊട്ടുപിന്നിലായ് ഇടമുറപ്പിച്ച താരവുമാണ് തല. മാസ് മസാലകളുടെ മന്നന്‍ സിരുതൈ ശിവ തുടര്‍ച്ചയായി തന്നില്‍ വിശ്വാസമര്‍പ്പിച്ച തമിഴകത്തലൈയ്ക്ക് രജതജൂബിലി വര്‍ഷത്തില്‍ ഏതായാലും സമാനതകളില്ലാത്തൊരു അംഗീകാരത്തിനാണ് അവസരം നല്‍കിയത്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെയുള്ള നായകന്‍മാര്‍ പല പടങ്ങളിലായി വെടിവച്ച് തള്ളിയതിനേക്കാള്‍ കൂടുതല്‍ വില്ലന്‍മാരെ തോക്കിനാല്‍ തീര്‍ത്ത നായകനെന്ന നേട്ടം ഇനി അജിത്തിന്റെ പേരിലായിരിക്കും. ആ അംഗീകാരം ഉറപ്പിക്കാനാവും തലയുടെ പഞ്ച് ഡയലോഗിനും പാട്ടിനുമുള്ള ഇടവേളയൊഴിച്ചാല്‍ പല തരം തോക്കുകളുടെ ഉന്നം തെറ്റാ പരീക്ഷണമാക്കി മാറ്റിയിട്ടുണ്ട് സിനിമ. തലൈ രസികരല്ലാത്തവര്‍ക്ക് വിരസവുമാണ് ഈ വെടിവട്ടം.

ഏഗന്‍,അസ്സല്‍ എന്നീ സിനിമകള്‍ കണ്ടപ്പോള്‍ പച്ചവയര്‍-ചുവപ്പ് വയര്‍ കണ്‍ഫ്യൂഷനുള്ള ബോംബ് കഥകളില്‍ വിജയകാന്തിന് പകരക്കാരനായി മാറുകയാണോ അജിത് എന്ന് സംശയിച്ചിരുന്നു. തൊട്ടുപിന്നാലെ തലയുടെ അമ്പതാം സിനിമയായി വെങ്കട്ട് പ്രഭുവിന്റെ മങ്കാത്ത വന്നപ്പോഴാണ് സംശയം നീങ്ങിയത്. ചേരുവാചവര്‍പ്പുകളില്ലാതെ കഥ പറച്ചിലിലും ദൃശ്യവ്യാകരണത്തിലും പുതുശൈലി സ്വീകരിച്ചുള്ള മാസ് എന്റര്‍ടെയിനറായിരുന്നു മങ്കാത്ത. ആസ്വാദനത്തിലും അവതരണത്തിലും മങ്കാത്തയെ വെല്ലുന്ന തിരൈപ്പടവുമായി പിന്നീട് തലവെട്ടം കണ്ടതുമില്ല. ആശ്വസിക്കാന്‍ വകയായത് യെന്നൈ അറിന്താലും ആരംഭവും ആണ്. വീരം,വേതാളം,വിവേകം എന്നീ മൂന്ന് സിനിമകളാണ് ഇതിനിടയില്‍ ഉള്ളത്. മൂന്നും സിരുതൈ ശിവാ സിനിമകളാണ്. വേണമെങ്കില്‍ ദ ശിവാ ട്രിലജി എന്നും പറയാം. മൂന്നിനും സംവിധായകന്‍ ശിവയാണ്. വീരം എന്ന സിനിമയില്‍ നാട്ടിന്‍പുറ നായകനും വല്ല്യേട്ടനുമായി അജിത്തിനെ പ്രതിഷ്ഠിച്ചപ്പോള്‍ വേതാളത്തില്‍ നായകന് നഗരത്തിലേക്ക് പ്രമോഷനോടെ സ്ഥലംമാറ്റം കിട്ടി. വിനായകനില്‍ നിന്ന് ഗണേഷിലെത്തിയപ്പോള്‍ മദ്രാസിനെയും കൊല്‍ക്കത്തയെയും വിറപ്പിച്ച വില്ലാധിവില്ലനായി തല. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന നായകന്‍ വിശ്വരൂപമെടുത്താല്‍ അന്താരാഷ്ട്ര മാഫിയാ ഡോണ്‍ വരെ നിലംപരിശാകും. മൂന്നാമതും അജിത്ത് തന്റെ ഡേറ്റ് ശിവയ്ക്ക് കൊടുത്തപ്പോള്‍ അതുക്കും മേലെ ഒരു നായകനെ കല്‍പ്പിച്ചെടുത്തതില്‍ കുറ്റം ചാരാനാകില്ല.

നൂറാവര്‍ത്തിക്കഥയാണെങ്കിലും തമിഴ് മസാലാ സിനിമകളില്‍ നായകന്റെ സാമൂഹിക ദൗത്യത്തിന് മാത്രം പുതുമയുണ്ടാകും. കമ്പ്യൂട്ടര്‍ ഗെയിമിലൂടെ തലമുറയെ തകര്‍ക്കുന്ന മാഫിയ(അനേഗന്‍), മെഡിക്കല്‍ വേസ്റ്റ് തള്ളാന്‍ രാജ്യത്തെ ചവറുകൂനയാക്കിയ മാഫിയ (സിങ്കം ത്രീ), വൈറസ് മാഫിയ(ഏഴാം അറിവ്) സ്വാശ്രയ മാഫിയ (ഭൈരവാ), മനുഷ്യക്കടത്ത് മാഫിയ (വേതാളം) ഇങ്ങനെ നായകന് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ മാത്രം കാലികവും സാര്‍വലൗകികവുമാകാന്‍ തമിഴ് ചലച്ചിത്രകാരന്‍മാര്‍ ശ്രദ്ധിക്കാറുണ്ട്. ഇവിടെ എ കെ എന്ന് ചുരുക്കി വിളിക്കുന്ന അജയ് കുമാര്‍ ആണ് അജിത്തിന്റെ കഥാപാത്രം. അജിത്തിന്റെ തന്നെ ചുരുക്കപ്പേരാണ് എകെ. ഇനിയങ്ങോട്ട് കാണുന്നത് അജിത് എന്ന സൂപ്പര്‍താരമാണെന്നും ഏതെങ്കിലും സാങ്കല്‍പ്പിക കഥയിലെ കഥാപാത്രമല്ലെന്നും ആ നിമിഷം മുതല്‍ കാണികള്‍ വിശ്വസിച്ചാല്‍ കൊള്ളാം. രജനീകാന്ത് സിനിമകളിലെ നായകന്‍മരെ പോലെ അസാധ്യമെന്ന പദം തന്നെ പ്രയോഗത്തില്‍ അപ്രസക്തമാക്കും പോലെ ഇവിടെയും. കഥയ്ക്കിടെ യുക്തി തപ്പിപ്പോകുന്നത് തപ്പാണ് എന്ന് ചുരുക്കം.

പല രാജ്യക്കാര്‍ അന്താരാഷ്ട്ര രഹസ്യാന്വേഷണ സംഘത്തിലെ ഒരുവനാണ് അജയ്കുമാര്‍ എന്ന എകെ. അണുവായുധങ്ങളും രാസായുധങ്ങളും മുതല്‍ വന്‍കിട സൈബര്‍ ആക്രമണം വരെ ഞൊടിയിടെ തകര്‍ത്തെറിയാന്‍ പ്രാപ്തിയുള്ള സംഘമാണ് ഇവരുടേത്. വീരത്തില്‍ തല തമിഴിന് ഒന്നാമനാണെങ്കില്‍ വേതാളത്തില്‍ രാജ്യത്തിന് നായകനായിരുന്നു, ഇവിടെ ലോകത്തെ ഏറ്റവും ബുദ്ധിശാലിയും കരുത്തനുമായ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റാണ് അജോയ് കുമാര്‍. അയാളെ കുരുക്കാന്‍ പദ്ധതിയിടുന്നവര്‍ കെണിയൊരുക്കാന്‍ തന്ത്രം തെരയുന്ന ചാരദൗത്യത്തിലെ വിശുദ്ധപുസ്തകം മട്ടിലൊരു പുസ്തകം കയ്യിലെടുക്കുമ്പോഴാണ് അറിയുന്നത് അതിലെ ഒന്നാം പേജ് നമ്മുടെ നായകനെക്കുറിച്ചുള്ള സ്‌ത്രോത്രാവലിയാണെന്ന്. പിന്നീട് നൂറിനടുത്ത് വരുന്ന സര്‍വ്വായുധധാരികളായ എന്‍കൗണ്ടര്‍ ടീം യന്ത്രത്തോക്കുകളും ലേസര്‍ ഗണ്ണുകളും അത്യാധുനിക ആയുധങ്ങളുമായി എകെയെ ചക്രവ്യൂഹത്തിലാക്കിയെങ്കിലും പാഴാകുന്നത് ആ തോക്കുകളിലെ ഉണ്ടയത്രയുമായിരിക്കുമെന്ന് നമ്മള്‍ പിന്നീട് മനസിലാക്കും. വൈറ്റ് ഹൗസിലേക്ക് വരെ ഐഡി കാര്‍ഡ് കാട്ടിയാല്‍ എന്‍ട്രി കിട്ടുന്ന ഉദ്യോഗസ്ഥനാണ് വര്‍ണ്ണനകളില്‍ നായകന്‍. നിര്‍ണായക വേളകളില്‍ പഞ്ച് ഡയലോഗോടെ ആത്മപ്രശംസയുടെ എവറസ്റ്റിലെത്തി കൊടിനാട്ടുന്ന അജയ് കുമാറിനെ സമയം കിട്ടുമ്പോഴെല്ലാം വില്ലന്‍ വരെ പുകഴ്ത്തുന്നുണ്ട്. നായക സ്‌തോത്രത്തില്‍ യാഴിനിയെ വെല്ലുന്നുണ്ട് വില്ലനായ ആര്യന്‍. നായകനോട് ഇത്രയേറെ ആരാധനയുള്ള ആളെ ആണോ ശിവ ഇത്രയും വലിയ വില്ലനാക്കി കളഞ്ഞതെന്നും ഇടയ്ക്ക് തോന്നും.

മധുരൈയില്‍ നിന്ന് വേതാളം വഴി കൊല്‍ക്കത്തയ്ക്ക് വണ്ടി കയറിയ സിരുതൈ ശിവ ഇക്കുറി കിഴക്കന്‍ യൂറോപ്പിലാണ് കഥയെ കുടിയിരുത്തിയിരിക്കുന്നത്. നമ്മുടെ നാട്ടില്‍ നിന്നൊരു നായകന്‍ ഏത് രാജ്യത്ത് പോയാലും എത്ര വര്‍ഷം അവിടെ താമസക്കാരനായിരുന്നാലും ജീവിതത്തില്‍ അയാല്‍ നെഞ്ചില്‍ ഇടനെഞ്ചില്‍ എന്ന് തുടങ്ങി നാം ഇന്ത്യക്കാര്‍ എന്ന അഭിമാനം കൊള്ളുന്ന സൈന്യത്തിലെ പാട്ട് കേട്ടും പാടിയും ജീവിക്കുന്ന ഇന്ത്യനായിരിക്കും. ഇവിടെയും ഉലകത്തമിഴനാണ് എ കെ. കൂട്ടുകാരും നാട്ടുകാരും ശത്രുക്കളും ഇടപാടുകാരുമൊക്കെ രാജ്യാന്തര പൗരന്‍മാരാണെങ്കിലും എകെയുടെ പ്രിയപത്‌നി ഇന്ത്യക്കാരിയാണ്. യാഴിനി. സെര്‍ബിയയില്‍ ഭാര്യ നടത്തുന്ന ദക്ഷിണേന്ത്യന്‍ റസ്റ്റോറന്റില്‍ മസാല ദോശയടിക്കുന്ന അതേ കൈവഴക്കത്തില്‍ എകെ ഒറ്റയ്ക്ക് ടാങ്ക് ഓടിച്ച് എതിരിയെ തരിപ്പണമാക്കുന്നത് കാണാം. വിഷ്ണുവിന്റെ അവതാര കഥകളും കൃഷ്ണലീലയും പൗരാണിക മിത്തുകളുമൊക്കെ മണ്ണിലും മനസിലുമുറച്ച നാട്ടില്‍ ഇക്കഥയിലെന്ത് യുക്തി തേടിയിറങ്ങാനാണ്.

ഭീകരവിരുദ്ധസ്‌ക്വാഡിലെ ഒരു അംഗം എന്നതിനേക്കാള്‍ മനുഷ്യനും ഭൂമിക്കും വിനാശകരമായ ഏതൊരു ചെയ്തിയും ഇല്ലാതാക്കാന്‍ രൂപമെടുത്ത അവതാരപുരുഷനായാണ് ശിവ അജിത് കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. സ്വന്തം അനുമതിയോടെ അല്ലാതെ ഒരു വെടിയുണ്ട പോലും ദേഹം തേടിയെത്തില്ലെന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന നായകന്‍. ഉലകം മുഴുവന്‍ നിന്നെ എതിര്‍ത്താലും എല്ലാ സാഹചര്യവും നീ പരാജയപ്പെട്ടെന്ന് ചുറ്റും നിരന്ന് അലറിയാലും നീ പരാജയം അംഗീകരിക്കുംവരെ ഒരുവനും നിന്നെ തോല്‍പ്പിക്കാനാകില്ലെന്നാണ് ഓരോ തളര്‍ച്ചയിലും ആത്മവിശ്വാസത്തോടെ നായകന്‍ ആവര്‍ത്തിക്കുന്നത്.

രൂപത്തിലും ആകാരത്തിലും ശരീരഭാഷയിലും ഹോളിവുഡ് ആക്ഷന്‍ ഹീറോകളോട് അടുത്ത് നില്‍ക്കുന്ന ഭാവപ്രകൃതമുള്ളയാളാണ് അജിത് കുമാര്‍. അഭിനയത്തെക്കാള്‍ സ്റ്റൈലിഷ് സ്‌ക്രീന്‍ പ്രസന്‍സാണ് സിനിമകളിലെ തലൈവിളയാടല്‍. ഹോളിവുഡ് ആക്ഷന്‍ ത്രില്ലറുകള്‍ പോലെ അതുമല്ലെങ്കില്‍ ജെയിംസ് ബോണ്ട് സീരീസിലും ഫാസ്്റ്റ് ആന്‍ഡ് ഫ്യൂരിയസിലും മിഷന്‍ ഇംപോസിബിളിലും കണ്ട ചടുലവും തീവ്രവുമായ ആക്ഷന്‍ രംഗാവിഷ്‌കാരത്തിനൊപ്പമുള്ള സിനിമ ആയിരിക്കാം അജിത്തും ശിവയും മുന്നില്‍ കണ്ടത്. ബൈക്ക് സ്റ്റണ്ടിലും കാര്‍-ബൈക്ക് ചെയ്‌സിംഗിലും ആക്ഷന്‍ കൊറിയോഗ്രഫിയിലും ഹോളിവുഡ് നിലവാരം അനുഭവിപ്പിക്കാന്‍ ശിവയ്ക്ക്് കഴിഞ്ഞിട്ടുണ്ട്. നല്ല മുതല്‍മുടക്കിലും പൂര്‍ണതയിലുമുള്ള ആക്ഷന്‍ സീക്വന്‍സുകളെയും കഥാഭൂമികയെയും പ്രയോജനപ്പെടുത്താനാകുന്ന കഥയോ കഥനരീതിയോ അല്ല വിവേകത്തിന്റേത് എന്നതാണ് കടുത്ത നിരാശ. അജിത് അവതരിപ്പിക്കുന്ന എകെ എന്ന നായകന്റെ കുറേ ചേയ്‌സ്-ആക്ഷന്‍-എന്‍കൗണ്ടര്‍ ദൗത്യങ്ങളെ കൂട്ടിയിണക്കാന്‍ ഒരു തട്ടിക്കൂട്ട് കഥ ശിവ ഉണ്ടാക്കുകയായിരുന്നുവെന്ന് തോന്നുന്നു. ഫലത്തില്‍ ഗണ്‍ഫൈറ്റും ചേസും തീം ആയ ഒരു വീഡിയോ ഗെയിമിന്റെ സിനിമാറ്റിക് ചിത്രീകരണമാണോ വിവേകം എന്ന് കണ്ടിറങ്ങിയപ്പോള്‍ തോന്നി. ബള്‍ഗേറിയയിലെ റോഡും കാറും കാടും പാലവും ചെയ്‌സുമൊക്കെ കഥയില്‍ ഇടംപിടിച്ചെങ്കിലും മസാലാ മധുരൈ മാവട്ടത്തിലേതാണ്. അവിടെയാണ് ശിവയുടെ ഹോളിവുഡ് ലെവല്‍ ആക്ഷന്‍ ത്രില്ലര്‍ അവിയല്‍ ത്രില്ലറായിപ്പോയത്. തുടക്കത്തില്‍ മാസ് ഇന്‍ട്രോ, അവിടെ നിന്ന് ഭാര്യയും കുടുംബവും, പിന്നെയല്‍പ്പം കോമഡി ഇറക്കുമതി, അത് തീരുമ്പോള്‍ ശത്രുവിന്റെ ലാന്‍ഡിംഗ്, പിന്നീടങ്ങോട്ടും ഇതേ പാചകവിധി.

ലോകത്തെ പലരാജ്യങ്ങളിലായി കണ്ണി ചേര്‍ക്കപ്പെട്ട് സാമ്രാജ്യം വിപുലീകരിച്ച സമാന്തര ഭരണകൂടമാണ് തന്റെ എതിരാളിയെന്ന് നായകന്‍ തിരിച്ചറിയുന്നുണ്ട്. ലോകത്ത് ഏത് രാജ്യത്തും എന്ത് അസ്ഥിരതയും ദുരന്തവും കലാപവും നടത്താന്‍ കെല്‍പ്പുള്ളവരാണ് ഇവരെന്ന് വില്ലന്‍മാരിലൂടെ സിനിമ പറയുന്നുണ്ട്. എന്നാല്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ യുക്തിയെ ഒരു മര്യാദയുടെ പേരില്‍ പോലും പരിഗണിക്കുന്നേയില്ല ശിവ. ആണവായുധങ്ങളിലൂടെയും സൈബര്‍ അറ്റാക്കിലൂടെയും വെര്‍ച്വല്‍ ലോകത്തെ അത്യാധുനിക പരീക്ഷണത്തിലൂടെയും ഭൂകമ്പം നടത്തിയും സാമ്പത്തികാവസ്ഥ തകര്‍ത്തും ഏത് രാജ്യത്തെയും വരുതിയിലാക്കുന്നവരാണ് തങ്ങളെന്ന് ഇവരുടെ നേതാവും ആവര്‍ത്തിക്കുന്നുണ്ട്. കൂറ്റന്‍ ഹാളുകളുടെ അതേ വലിപ്പമുള്ള കമ്പ്യൂട്ടര്‍ സ്‌ക്രീനുകളുടെയും വീഡിയോ വാളുകളുടെയും വെര്‍ച്വല്‍ ലോകത്തിന്റെയും ചിത്രീകരണത്തിലൂടെ ഈ പറഞ്ഞതൊക്കെ വിശ്വസിക്കണമെന്നാണ് ശിവയുടെ വാദം. ഒരു കൂറ്റന്‍ എടിഎം മെഷീന്‍ പോലൊരു യന്ത്രത്തിന്റെ സ്‌ക്രീനില്‍ മൂന്നോ നാലോ ബട്ടണ്‍ അമര്‍ത്തിയാല്‍ ലോകത്ത് എവിടെയും എന്തും സംഭവിക്കുമെന്നൊക്കെ വിശദീകരിച്ചത് കാണുമ്പോള്‍ വിജയകാന്ത് സീരീസ് ബോംബ് കഥകളാണ് ഓര്‍മ്മ വരിക. 73 മള്‍്ട്ടിനാഷനല്‍ കൈകോര്‍ത്താണ് ഈ സമാന്തര സര്‍ക്കാര്‍ എന്നൊക്കെയാണ് സംവിധായകന്‍ പറയുന്നത്. ഹോളിവുഡിലെ കല്‍പ്പിത സ്വഭാവമുള്ള സയന്‍സ് ഫിക്ഷന്‍ സിനിമ പോലും യുക്തിയെ പാതിയെങ്കിലും ഒപ്പം കൂട്ടാറുണ്ട്.

രണ്ട് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചാണ് അജിത് സ്‌ക്രീനിലെത്തിയിരിക്കുന്നത്. ഇടവേള അജിത്തിന്റെ രൂപഭാവങ്ങളില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ ആരോഗ്യവും അഴകുമുള്ള തലയുടേതാണ് വിവേകം. കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ ശരീരം ക്രമീകരിക്കാനാകാത്ത അജിത്തിനെയാണ് യെന്നൈ അറിന്താലിലും വേതാളത്തിലും ആരംഭത്തിലും കണ്ടത്. ആരോഗ്യപ്രശ്‌നങ്ങളും അമിതവണ്ണവും പരിക്ഷീണഭാവവും ആ കഥാപാത്രങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ആരംഭത്തിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് ഒക്കെ ആയാസപ്പെട്ടാണ് ആക്ഷന്‍ സീക്വന്‍സുകള്‍ കൈകാര്യം ചെയ്തത്. വിവേകത്തില്‍ രാജ്യാന്തര ഭീകരവിരുദ്ധ സ്‌ക്വാഡിനെ നയിക്കാനും ആരോഗ്യ പ്രകൃതവും രൂപവുമൊക്കെയാണ് തലയുടേത്.

നായകന്റെ വിളയാടല്‍ നഗരം മുംബൈയും കൊല്‍ക്കത്തയും മലേഷ്യയുമൊക്കെയായി സ്ഥലംമാറ്റം സംഭവിച്ചത് പോലെ നായകനോളം പോന്ന വില്ലനെയും തമിഴ് മാസ് മസാല സിനിമകള്‍ ഇറക്കുമതി ചെയ്യുകയാണ്. മിനിമം ബോളിവുഡില്‍ നിന്നെങ്കിലുമാകണം വില്ലന്‍. വില്ലാധിവില്ലനായി രാഹുല്‍ ദേവിനെ സ്വകാര്യവിമാനത്തില്‍ പറത്തിവിട്ട ശിവ ഇക്കുറി ബോളിവുഡ് താരം വിവേക് ഒബ്‌റോയിയെ തമിഴിലെത്തിച്ചാണ് വില്ലനാക്കിയത്. ബംഗാളില്‍ താവളമുറപ്പിക്കുകയും ഗ്ലോബ് തിരിയുമ്പോള്‍ കണ്ണില്‍ പതിയുന്നിടത്തെല്ലാം സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്യുന്ന വില്ലനായിരുന്നു വേതാളത്തിലെ രാഹുല്‍ ദേബ്. ഇവിടെ 73 കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന സമാന്തര ഭരണകൂടത്തിന്റെ പ്രതിനിധി മാത്രമാണ് വിവേക് ഒബ്‌റോയിയുടെ ആര്യന്‍. ചുമ്മാ തമിഴ് പഞ്ച് ഡയലോഗ് പറഞ്ഞ് നാല് പാടും നടക്കുന്ന വില്ലന്‍ മാത്രമാണ് വിവേക് ഒബ്‌റോയി. വിവേകം രണ്ട് ആഗ്രഹമോ ആലോചനയോ ആയതിനാലാകും സമാന്തര ഭരണകൂടത്തെ ബാക്കി വച്ചിട്ടുണ്ട്. തനി ഒരുവന്‍, വിക്രം വേദ എന്നീ സിനിമകളിലൂടെ തമിഴ് കമേഴ്‌സ്യല്‍ സിനിമകളില്‍ നായകന്‍-വില്ലന്‍ ദ്വന്ദ്വങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിലും കഥാഭൂമികയില്‍ പ്രതിഷ്ഠിക്കുന്ന ശൈലിയിലും മാറ്റം വന്നിരുന്നു. ബള്‍ഗേറിയക്ക് വിമാനം കയറി ശിവ ഇതൊന്നുമറിയുന്നില്ല.

തമിഴ് സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ ആക്ഷന്‍ എന്റര്‍ടെയിനറുകളിലാണ് അജിത് സമീപവര്‍ഷങ്ങളില്‍ തിളങ്ങിയിട്ടുള്ളത്. വിഷ്ണുവര്‍ധനും വെങ്കിട്ട് പ്രഭുവും ആണ് ഇക്കൂട്ടത്തില്‍ അജിത്തിനെ നന്നായി ഉപയോഗിച്ചിരിക്കുന്നത്. ക്രൈം ഡ്രാമാ സ്വഭാവത്തില്‍ കൂടുതല്‍ സിനിമകള്‍ വരുന്ന ഇന്‍ഡസ്ട്രി എന്ന നിലയില്‍ പുതുനിര സംവിധാകര്‍ക്ക് തന്നിലെ താരത്തെയും നടനെയും വിട്ടുനല്‍കുകയാണ് അജിത് ഇനി ചെയ്യേണ്ടതെന്ന് തോന്നുന്നു. തലവിളയാടല്‍ സിനിമയെന്ന നിലയില്‍ അജിതിന്റെ ആത്മസമര്‍പ്പണത്തെ ഉപയോഗപ്പെടുത്താനാകുന്ന ഒന്നും തന്നെ സിനിമയില്‍ ഇല്ല.

പലയാവര്‍ത്തി വന്ന് പോയിട്ടുള്ളതും വിരസവുമായ ക്ലൈമാക്‌സിനേക്കാള്‍ ടെയ്ല്‍ എന്‍ഡിലെ മേക്കിംഗ് വീഡിയോയ്ക്ക് കയ്യടി കിട്ടുന്നത് അതിനാലാവും. തലയ്ക്കുള്ള കൈതട്ടല്‍ പെരുകി മറ്റെല്ലാ താരങ്ങള്‍ക്കും ഉയരെ എത്തുന്നതിനുള്ള കാരണം എന്താണെന്ന് ആക്ഷന്‍ സീക്വന്‍സുകളില്‍ അജിത് എന്ന നടന്റെ സമര്‍പ്പണം നോക്കിയാല്‍ മനസിലാകും. അക്ഷരാ ഹാസനൊപ്പമുള്ള ബൈ്ക്ക് സ്റ്റണ്ടിലും ചെയ്‌സിംഗ് സീക്വന്‍സുകളിലും കാട്ടിലെ രംഗങ്ങളിലുമെല്ലാം അജിത് പ്രസരിപ്പോടെ സ്‌ക്രീനില്‍ നിറയുന്നുണ്ട്. തമിഴ് സിനിമാതാരങ്ങളുടെ ആര്‍ജിതസ്വത്തായ അമിതാഭിനയവും അതിനാടകീയതയും അജിത്തില്‍ ഇല്ല എന്നതും സ്‌ക്രീനില്‍ സഹായകമാണ്.

ആരാധക സംഘടന പിരിച്ചുവിട്ടും ആരാധകരുടെ പാലഭിഷേകം വേണ്ടെന്ന് വച്ചും മാതൃകയാകുന്ന അജിത് കുമാര്‍ സമീപകാലത്ത് ചെയ്യുന്ന സിനിമകളെല്ലാം ആരാധകരെ മാത്രം ലക്ഷ്യമിടുന്നുവെന്നതിലാണ് വൈരുദ്ധ്യം. വിജയത്തിന് മുമ്പ് ഞാന്‍ വിജയം ആഘോഷിക്കാറില്ലെന്നും, ഞാന്‍ വാക്ക് കൊടുത്താല്‍ നടപ്പാക്കുമെന്നതും, ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രഖ്യാപിക്കുന്നതും വിവേകത്തിലെ കഥാപാത്രത്തെ ഊന്നിയല്ല അജിത് എന്ന താരത്തിനുള്ള വാഴ്ത്താണെന്ന് കാഴ്ചയില്‍ ബോധ്യപ്പെടും.

ഇന്ത്യന്‍ സിനിമയിലെ വില്ലന്റെയും ശിങ്കിടികളുടെയും നെഞ്ചത്തും മുതുകത്തും തലയിലുമായി കൃത്യമായി കൊള്ളുകയും, നായകന്റെ ഭ്രമണപഥത്തിലെത്തി ഇക്കണ്ട കാലമത്രയും ഉന്നം പിഴച്ച് പോയതുമായ വെടിയുണ്ടകളത്രയും സംഗമിക്കുന്നത് കാണുമ്പോള്‍ തമിള്‍പടം പോലൊരു സ്പൂഫ് ആയും വിവേകത്തെ വേണമെങ്കില്‍ കാണാനാകും. വിവേകും സന്താനവും വിളയാടി ഇടത്തേക്ക് ഹാസ്യശിങ്കിടിയായി കരുണാകരനാണ്.

തറവളിപ്പുകളുമായി നായകന് അകമ്പടി സേവിക്കുന്ന ഈ കഥാപാത്രം പെട്ടെന്ന് സ്‌ക്രീന്‍ വിട്ടൊഴിയുന്നുണ്ട്. ദാ വന്നു ദേ പോയി ലൈനില്‍ അമ്പരപ്പിച്ച് കളഞ്ഞത് അക്ഷരാ ഹാസനാണ്. ഷമിതാബിന് ശേഷം അക്ഷരയെ കാണാനായത് വിവേഗത്തിലാണ്. അതിഥി വേഷമായതിനാലാവും കഥാപാത്രത്തിന്റെ ഭാവം മുഖത്ത് വരുത്താന്‍ പോലും ഈ നടിക്ക് സമയം കിട്ടിയില്ലെന്ന് തോന്നുന്നു. ഭര്‍ത്താവിനെ ദൈവമായി കരുത്തി സ്തുതിച്ചും പ്രാര്‍ത്ഥിച്ചും കഴിയുന്ന കഥാപാത്രമാണ് യാഴിനി. ഇതേ പേരിലാണ് കമാലിനി മുഖര്‍ജി അവതരിപ്പിച്ച അതിഗംഭീര കഥാപാത്രം ഇരൈവി എന്ന സിനിമയില്‍ ഉണ്ടായിരുന്നത് എന്നോര്‍ക്കുമ്പോള്‍ നിരാശ പെരുക്കും.

കഥ പഴയ വീഞ്ഞായാലും പാക്കേജ് എന്റര്‍ടെയിനര്‍ ഒരുക്കുന്നതില്‍ സംവിധായകന്‍ ശിവയ്ക്കുള്ള സാമര്‍ത്ഥ്യം കുറച്ചെങ്കിലും വീരം എന്ന സിനിമയില്‍ കാണാനുണ്ടായിരുന്നു. വേതാളത്തിലെത്തുമ്പോള്‍ അജിത്തിന്റെ താരമൂല്യം മുതലെടുക്കാനാകുന്ന തിരക്കഥ കൈവശമില്ലാതെ പോയി. വിവേകത്തിലും ഇത് ആവര്‍ത്തിച്ചു. ലോകത്ത് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും ശക്തനായ ഒരു വില്ലന്‍ എന്ന തോന്നലുണ്ടാക്കുന്നതാണ് രാഹുല്‍ ദേബിനെ പരിചയപ്പെടുത്തുന്ന ആദ്യ രംഗം വേതാളത്തിലുണ്ടായത്. വിവേകത്തിലും അത് പോലാണ്. എകെയ്ക്ക് മുമ്പില്‍ ലോകത്ത് ഏത് ശക്തമായ സൈന്യം പോലും നിഷ്പ്രഭമാണെന്ന് പ്രേക്ഷകര്‍ മുമ്പേ വിശ്വസിച്ചുപോയി. തലയ്ക്ക് വേണ്ടി തലയ്ക്കകത്ത് ഒന്നുമില്ലെന്ന് വിശ്വസിച്ച് കാണുന്നവരെ മാത്രം ശിവ നിരാശപ്പെടുത്തി കാണില്ല. തലൈ വിടുതലൈ എന്ന ഗാനവും സര്‍വൈവല്‍ എന്ന തീം സോംഗും സിനിമയില്‍ ഗാനമായും പശ്ചാത്തല സംഗീതമായും അനുഭവാന്തരീക്ഷമൊരുക്കുന്നുണ്ട്. എന്നാല്‍ ഔചിത്യമില്ലാതെ തുടരെ തുടരെയാണ് തുടക്കത്തിലെ പാട്ടുകള്‍. വേതാളത്തിന് പിന്നാലെ വിവേകത്തിലും ഓളമുണ്ടകാക്കുന്ന പാട്ട് ഒരുക്കാന്‍ അനിരുദ്ധിന് കഴിഞ്ഞു. വെട്രിയുടെ ക്യാമറാ ചലനങ്ങളും സിനിമയുടെ ചടുല താളത്തിനൊത്താണ്. നായകന്‍ നിര്‍ണായക ഘട്ടത്തില്‍ വില്ലനെ കീഴടക്കാനെത്തുമ്പോഴുള്ള ഭാര്യയുടെ കീര്‍ത്തനവും നല്ല ബോറാണ്.

എന്റെ പരാജയം പോലും ഞാന്‍ ചിന്തിച്ച് തുടങ്ങുന്നിടത്താണ് എന്ന് ആവര്‍ത്തിക്കുന്ന സര്‍വ്വകലാവല്ലഭനായ നായകന് തോല്‍വിയെവിടെ എന്ന് ചിന്തിക്കുന്നിടത്താണ് ബില്ലാ സ്‌റ്റൈല്‍ ചതിയും കെണിയുമായി ശിവയുടെ ട്വിസ്റ്റ്. സൂപ്പര്‍മാനെയോ ബാറ്റ്മാനെയോ പോലെ അമാനുഷിക നായകന്‍ എന്ന നിലയ്ക്ക് കണ്ടാല്‍ പോലും അതിശയോക്തിയാകും വിധമാണ് ശിവയുടെ നായകനിര്‍മ്മിതി. മൂന്ന് പടം 'വെടിപ്പായി' ഒരുമിച്ച് ചെയ്ത സ്ഥിതിക്ക് ശിവയോട് സലാം പറയുകയാണ് തലയ്ക്ക് താരപദവിക്ക് നല്ലതെന്ന് തോന്നുന്നു. കബാലിയിലൂടെ രജനീകാന്ത് ചെയ്തത് മാതൃകയാക്കി കാലത്തിനൊത്ത സിനിമകളിലേക്ക് കളം മാറ്റുന്നതാവും തലയ്ക്കും ഉത്തമം. വേതാളം പോലെ അജിത് എന്ന താരം നിറഞ്ഞ് തുളുമ്പിയ സിനിമയാണ് വിവേകം.