2016ലെ ഏറ്റവും വലിയ ഹിറ്റിലേക്ക് ‘ദംഗലി’ന്റെ കുതിപ്പ്; ‘സുല്‍ത്താനെ’ മറികടക്കാന്‍ ഇനി വേണ്ടത് 30 കോടി 

January 2, 2017, 6:26 pm
2016ലെ ഏറ്റവും വലിയ ഹിറ്റിലേക്ക് ‘ദംഗലി’ന്റെ കുതിപ്പ്; ‘സുല്‍ത്താനെ’ മറികടക്കാന്‍ ഇനി വേണ്ടത് 30 കോടി 
BOLLYWOOD
BOLLYWOOD
2016ലെ ഏറ്റവും വലിയ ഹിറ്റിലേക്ക് ‘ദംഗലി’ന്റെ കുതിപ്പ്; ‘സുല്‍ത്താനെ’ മറികടക്കാന്‍ ഇനി വേണ്ടത് 30 കോടി 

2016ലെ ഏറ്റവും വലിയ ഹിറ്റിലേക്ക് ‘ദംഗലി’ന്റെ കുതിപ്പ്; ‘സുല്‍ത്താനെ’ മറികടക്കാന്‍ ഇനി വേണ്ടത് 30 കോടി 

പോയവര്‍ഷം എല്ലാ ഇന്ത്യന്‍ ഭാഷകളിലുമായിറങ്ങിയ ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാമത് സല്‍മാന്‍ഖാന്റെ സുല്‍ത്താന്‍ ആയിരുന്നു. ഇന്ത്യയിലും വിദേശത്ത് നിന്നുമായി 588 കോടി രൂപയാണ് ചിത്രം വാരിയത്. ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 300.45 കോടിയും. എന്നാല്‍ ക്രിസ്മസ് റിലീസായി ഡിസംബര്‍ 23ന് തീയേറ്ററുകളിലെത്തിയ ആമിര്‍ഖാന്‍ ചിത്രം ദംഗല്‍ സുല്‍ത്താന് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്.

കൂടുതല്‍ നിരൂപകപ്രശംസ നേടിയ ചിത്രങ്ങള്‍ സല്‍മാനെക്കാളും ആമിറിന്റേതാണ് പുറത്തുവന്നിട്ടുള്ളതെങ്കിലും ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളില്‍ മുന്നില്‍ സല്‍മാന്‍ഖാന്‍ തന്നെ. 100 കോടിക്ക് മുകളില്‍ കളക്ട് ചെയ്ത ഏറ്റവും കൂടുതല്‍ സിനിമകളും ബോളിവുഡില്‍ സല്‍മാന്റെ പേരിലാണ്.

രണ്ടിലും ഗുസ്തിക്കാരാണ് പ്രധാനകഥാപാത്രങ്ങള്‍ എന്നതിനാലും ബോളിവുഡിലെ 2016ലെ രണ്ട് വമ്പന്‍ പ്രോജക്ടുകളാണ് എന്നതിനാലും ദംഗലിന്റെ പ്രഖ്യാപനം മുതല്‍ സുല്‍ത്താനുമായി താരതമ്യമുണ്ടായിരുന്നു. അയ്യായിരത്തോളം സ്‌ക്രീനുകളില്‍ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തിയ ദംഗലിന്റെ ആദ്യദിന കളക്ഷന്‍ പുറത്തെത്തിയപ്പോഴും അത് സുല്‍ത്താനെ മറികടന്നോ എന്നറിയാനായിരുന്നു ഇന്റസ്ട്രിക്ക് കൗതുകം. പക്ഷേ സല്‍മാന്‍ ചിത്രത്തിനൊപ്പമെത്തിയിരുന്നില്ല ദംഗലിന്റെ ഫസ്റ്റ്‌ഡേ കളക്ഷന്‍. സുല്‍ത്താന്‍ 36.54 കോടി നേടിയിരുന്നെങ്കില്‍ 29.78 കോടിയായിരുന്നു ദംഗലിന്റെ ആദ്യദിന സമ്പാദ്യം.

പക്ഷേ ദിവസങ്ങള്‍ കഴിയുമ്പോഴും കളക്ഷനില്‍ വലിയ ഇടിവൊന്നും അനുഭവപ്പെടുന്നില്ല ആമിര്‍ഖാന്‍ ചിത്രത്തിന്. തീയേറ്ററുകളിലെത്തി 10 ദിവസം പിന്നിടുമ്പോള്‍ ആഭ്യന്തര കളക്ഷനില്‍ സുല്‍ത്താന് അടുത്തെത്തിയിരിക്കുകയാണ് ദംഗല്‍. 270.47 കോടിയാണ് 10 ദിവസംകൊണ്ട് ദംഗല്‍ ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത്. അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ നിന്ന് 141.60 കോടിയും. ആകെ 412.07 കോടി. ഈ വാരാന്ത്യത്തിലെ ആഭ്യന്തര കളക്ഷന്‍ മാത്രം 72.93 കോടി വരും ചിത്രത്തിന്റേത്. (വെള്ളി-18.59 കോടി, ശനി- 23.07 കോടി, ഞായര്‍-31.27 കോടി)

സുല്‍ത്താന്‍ ഇന്ത്യയില്‍ നിന്ന് നേടിയത് 300.45 കോടിയായിരുന്നു. വിദേശമാര്‍ക്കറ്റുകളടക്കമുള്ള ആകെ ഗ്രോസ് 588 കോടിയും. കളക്ഷനില്‍ അപ്രതീക്ഷിത ഇടിവൊന്നും സംഭവിച്ചില്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ദംഗല്‍ ആഭ്യന്തരകളക്ഷനില്‍ സുല്‍ത്താന് മുകളിലെത്തും. രണ്ടാഴ്ചയെങ്കിലും ഇതേ പ്രേക്ഷകപ്രതികരണത്തോടെ തീയേറ്ററുകളില്‍ തുടര്‍ന്നാല്‍ സുല്‍ത്താന്റെ ആഗോള കളക്ഷനെയും ദംഗല്‍ മറികടന്നേക്കും. ട്രേഡ് അനലിസ്റ്റുകള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട് അക്കാര്യത്തില്‍.