ബാഹുബലിയെ തകര്‍ക്കാന്‍ പത്മാവതി

October 24, 2017, 6:11 pm
ബാഹുബലിയെ തകര്‍ക്കാന്‍ പത്മാവതി
BOLLYWOOD
BOLLYWOOD
ബാഹുബലിയെ തകര്‍ക്കാന്‍ പത്മാവതി

ബാഹുബലിയെ തകര്‍ക്കാന്‍ പത്മാവതി

ദൃശ്യവിസ്മയം കൊണ്ട് പുതിയ ചരിത്രം സൃഷ്ടിച്ച ബാഹുബലിയെ നേരിടാന്‍ സഞ്ജയ്‌ ലീല ബന്‍സാലി ഒരുക്കുന്ന പത്മാവതി റിലീസിന് മുന്‍പേ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയില്‍. സംവിധായകനെ കൈയ്യേറ്റം ചെയ്തും സെറ്റ് കത്തിച്ചും പ്രതിഷേധക്കാര്‍ സമരം ശക്തിപ്പെടുത്തുമ്പോള്‍, പ്രേക്ഷകര്‍ പത്മാവതിയുടെ പോസ്റ്ററിനും, ട്രൈലറിനും വന്‍ സ്വീകരണമാണ് നല്‍കുന്നത്.

ദീപിക പദുകോണ്‍ പത്മാവതി എന്ന കഥാപാത്രമാകുന്നു. രണ്‍വീര്‍ സിംഗ് അലാവുദീന്‍ ഖില്‍ജിയായും, ഷാഹിദ് കപൂര്‍ പത്മാവതിയുടെ ഭര്‍ത്താവായരത്തന്‍ സിംഗായും അഭിനയിക്കുന്നു. മേവാറിലെ രജപുത്ര രാജ്ഞിയായിരുന്ന റാണി പത്മിനി എന്ന പത്മാവതിയുടെയും, ഖില്‍ജിരാജവംശത്തിലെ സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെയും അതീവ ഹൃദ്യമായ പ്രണയമാണ് ചിത്രം പറയുന്നത്.

ചിത്രീകരണം തുടങ്ങിയത് മുതല്‍ വിവാദങ്ങള്‍ പത്മാവതിയ്ക്കൊപ്പമുണ്ട്. രജപുത്ര വംശജരെ അപമാനിക്കുന്ന തരത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന ആരോപണവുമായി രജപുത്ര കര്‍ണിസേനരംഗത്ത് വന്നു. രാജസ്ഥാനിലെ ജയ്ഗഡ് ഫോര്‍ട്ടിലെ ചിത്രീകരണത്തിനിടെ ചിത്രത്തിന്‍റെ സെറ്റും, ചിത്രീകരണ ഉപകരണങ്ങളും തീയിട്ടു. സംവിധായകന്‍ സഞ്ജയ്‌ ലീല ബന്‍സാലിയെകൈയ്യേറ്റം ചെയ്യുകയും, മര്‍ദിക്കുകയും ചെയ്തു.

പത്മാവതിയും, അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ വിഷയമെന്നതാണ് രജപുത്ര വംശജരെ പ്രകോപിപ്പിച്ചത്. രാജസ്ഥാനിലെ പ്രശ്നങ്ങള്‍ പോലീസ് ഇടപെട്ട് അവസാനിപ്പിച്ചെങ്കിലും പോസ്റ്റര്‍ റിലീസിനോടനുബന്ധിച്ച് വീണ്ടും വിവാദം ആരംഭിച്ചു. രജപുത്ര കര്‍ണ്ണിസേന രാജ് മന്ദിര്‍ സിനിമ ഹാളിനു പുറത്ത് പോസ്റ്റര്‍ കത്തിച്ചു. തങ്ങളെ അപമാനിക്കുന്ന എന്തെങ്കിലും സിനിമയില്‍ ഉണ്ടെങ്കില്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് സേനയുടെ നിലപാട്. ഒരു വശത്ത് വിവാദങ്ങള്‍ പുകയുമ്പോള്‍ ഏറ്റവും മികച്ച വിഷ്വല്‍ എഫക്റ്റോടെ ചിത്രം തീയേറ്ററില്‍ എത്തിക്കാനാണ് സഞ്ജയ്‌ ലീല ബന്‍സാലി ശ്രമിക്കുന്നത്. ബാഹുബലിയുടെ ചരിത്ര വിജയം നല്‍കിയ പ്രേക്ഷക പിന്തുണ പത്മാവതിയിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. 160 കൊടി രൂപയാണ് ചിത്രത്തിന്‍റെ മുതല്‍ മുടക്ക്. ഡിസംബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പത്മാവതി അതിമനോഹരമായ ചിത്രമായിരിക്കുമെന്ന് ബാഹുബലി സംവിധായകന്‍ രാജമൗലി ട്വീറ്ററില്‍ കുറിച്ചതോടെ ചിത്രത്തെ കുറിച്ച് വന്‍ പ്രതീക്ഷയാണ് ഉണ്ടായിരിക്കുന്നത്.