ആമിറിന്റെ ‘ദംഗലി’ന് പിന്നില്‍ ഒരു യഥാര്‍ഥ ജീവിതകഥയുണ്ട്; ഇതാണ് ആ കഥയിലെ നായകന്‍

October 21, 2016, 1:06 pm
ആമിറിന്റെ ‘ദംഗലി’ന് പിന്നില്‍ ഒരു യഥാര്‍ഥ ജീവിതകഥയുണ്ട്; ഇതാണ് ആ കഥയിലെ നായകന്‍
BOLLYWOOD
BOLLYWOOD
ആമിറിന്റെ ‘ദംഗലി’ന് പിന്നില്‍ ഒരു യഥാര്‍ഥ ജീവിതകഥയുണ്ട്; ഇതാണ് ആ കഥയിലെ നായകന്‍

ആമിറിന്റെ ‘ദംഗലി’ന് പിന്നില്‍ ഒരു യഥാര്‍ഥ ജീവിതകഥയുണ്ട്; ഇതാണ് ആ കഥയിലെ നായകന്‍

സല്‍മാന്‍ ഖാന്റെ 'സുല്‍ത്താന്' ശേഷം ബോളിവുഡിന്റെ തിരശ്ശീലയിലെത്തുന്ന ഗുസ്തിക്കാരനാണ് ആമിറിന്റെ 'മഹാവീര്‍സിങ് ഫോഗട്ട്. നിതേഷ് തിവാരി സംവിധാനം ചെയ്ത 'ദംഗലി'ലെ പ്രധാനകഥാപാത്രം. ഒരു ഗുസ്തിക്കാരന്‍ മാത്രമല്ല ആമിര്‍ഖാന്‍ കഥാപാത്രം. മറിച്ച് ഒരു ഗുസ്തിപരിശീലകന്‍ കൂടിയാണ്. സമൂഹത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് തന്റെ പെണ്‍മക്കള്‍ക്ക് ഗുസ്തിപരിശീലനം നല്‍കി അവരെ കായികരംഗത്തെ അന്തര്‍ദേശീയ വേദികളിലേക്ക് ഉയര്‍ത്തിയ ആള്‍. പക്ഷേ അത് തിരക്കഥാകാരന്റെയും സംവിധായകന്റെയും ഭാവനയില്‍ വിരിഞ്ഞ ഒരു കഥാപാത്രമല്ല. ഒരു യഥാര്‍ഥ ജീവിതകഥയുണ്ട് അതിന് പിന്നില്‍. അമീര്‍ കഥാപാത്രത്തിന്റെ പേര് തന്നെയാണ് ആ യഥാര്‍ഥ നായകനും. മഹാവീര്‍ സിങ് ഫോഗട്ട്.

സ്‌ക്രീനിലെ മഹാവീര്‍ യഥാര്‍ഥ മഹാവീറിനൊപ്പം 
സ്‌ക്രീനിലെ മഹാവീര്‍ യഥാര്‍ഥ മഹാവീറിനൊപ്പം 

ചെറുപ്പകാലത്ത് ഗോദയില്‍ ഏറെ തിളങ്ങിയ ആളായിരുന്നു മഹാവീര്‍. ഹരിയാനയാണ് സ്വദേശം. പുരുഷ കായികതാരങ്ങള്‍ ഭൂരിപക്ഷമായ ഗുസ്തിരംഗത്തേക്ക് തന്റെ പെണ്‍മക്കളെ കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തന്റെ മക്കളായ ഗീത, ബബിത ഒപ്പം സഹോദരന്മാരുടെ പുത്രിമാരായ റിതു, വിനേഷ്, പ്രിയങ്ക, സംഗീത എന്നിവരെയൊക്കെ അദ്ദേഹം ഗുസ്തി പരിശീലിപ്പിച്ചു. ചെമ്മണ്ണ് നിറച്ച നാടന്‍ ഗോദകളില്‍ ആണ്‍കുട്ടികളെപ്പോലെ മുടി മുറിച്ച്, ഷോര്‍ട്‌സ് ഇട്ട് കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ ഗുസ്തി പരിശീലിക്കുന്നതില്‍ ഗ്രാമീണരില്‍ പലരും അസ്വസ്ഥത പ്രകടിപ്പിച്ചു. പക്ഷേ മഹാവീറിന് തന്റെ വഴിയില്‍ ഉറച്ച നിലപാടുണ്ടായിരുന്നു. 'ഒരു സ്ത്രീക്ക് പ്രധാനമന്ത്രിയാവാമെങ്കില്‍ എന്തുകൊണ്ട് ഒരു ഗുസ്തിക്കാരിയായിക്കൂടാ' എന്നായിരുന്നു എതിര്‍പ്പുമായെത്തുന്നവരോടുള്ള അദ്ദേഹത്തിന്റെ ചോദ്യം.

ബബിത ഫോഗട്ടിനും ഗീത ഫോഗട്ടിനുമൊപ്പം ആമിര്‍ ഖാന്‍ 
ബബിത ഫോഗട്ടിനും ഗീത ഫോഗട്ടിനുമൊപ്പം ആമിര്‍ ഖാന്‍ 

2000 ഒളിമ്പിക്‌സില്‍ കര്‍ണം മല്ലേശ്വരി ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയപ്പോള്‍ മഹാവീറിന്റെ മനസില്‍ ഒരു സ്വപ്‌നം ഉദിച്ചു. ഗുസ്തിയില്‍ തന്റെ പെണ്‍മക്കള്‍ ഒരു കാലത്ത് കഴുത്തില്‍ അണിയുന്ന ഒളിമ്പിക് മെഡല്‍ ആയിരുന്നു അത്. ഹരിയാനയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പമുള്ള അഖാഡകളിലാണ് മഹാവീറിന്റെ പെണ്‍മക്കള്‍ പരിശീലിച്ചത്. ആ പരിശീലനത്തറകളില്‍ ഗീതയും ബബിതയും ആണ്‍കുട്ടികളെ നിരന്തരം മലര്‍ത്തിയടിച്ചു.

2010 കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണവുമായി ഗീത ഫോഗട്ട്‌ 
2010 കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണവുമായി ഗീത ഫോഗട്ട്‌ 

മുതിര്‍ന്നതോടെ അവര്‍ മത്സരിക്കുന്ന വേദികളും മാറി. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ ഗോദകളിലേക്ക് അവര്‍ വിജയകിരീടം ചൂടി മുന്നേറി. മഹാവീറിന്റെ മകള്‍ ഗീത ഫോഗട്ടിനായിരുന്നു 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഗുസ്തിയില്‍ ഒരു ഇന്ത്യന്‍ വനിത നേടുന്ന ആദ്യ സ്വര്‍ണമായിരുന്നു അത്. ഒപ്പം ഗുസ്തിയില്‍ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരവുമായി അവര്‍. നാല് വര്‍ഷത്തിന് ശേഷം 2014ല്‍ മഹാവീറിന്റെ രണ്ടാമത്തെ മകള്‍ ബബിത കുമാരിയും കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടി. ഈ വര്‍ഷം റിയോയില്‍ നടന്ന ഒളിമ്പിക്‌സില്‍ മഹാവീറിന്റെ സഹോദരപുത്രിയായ വിനേഷ് ഫോഗട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. പുരുഷന്മാര്‍ അടക്കിവാണ ഗുസ്തിപോലൊരു കായികയിനത്തിന്റെ ലോകവേദിയിലേക്ക് തന്റെ പെണ്‍കുട്ടികളെ പരിശീലിപ്പിച്ചയച്ച മഹാവീര്‍ സിങ് ഫോഗട്ടിന് കായികപരിശീലകന്മാര്‍ക്കുള്ള ഉന്നത പുരസ്‌കാരമായ ദ്രോണാചാര്യ അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ചു.

ആമിര്‍ഖാന്‍, മഹാവീര്‍ സിങ് ഫോഗട്ട്‌ 
ആമിര്‍ഖാന്‍, മഹാവീര്‍ സിങ് ഫോഗട്ട്‌ 

മഹാവീറിന്റെ പെണ്‍മക്കള്‍ നേടിയ മെഡലുകള്‍ക്ക് മറ്റൊരു തിളക്കം കൂടിയുണ്ട്. 2011 സെന്‍സസ് കണക്കുകള്‍ അനുസരിച്ച് സ്ത്രീകളുടെ അനുപാതം ഏറ്റവും താഴ്ന്ന സംസ്ഥാനമാണ് ഹരിയാന (1000 പുരുഷന്മാര്‍ക്ക് 879 സ്ത്രീകള്‍). സ്ത്രീകള്‍ക്കിടയിലെ സാക്ഷരതയുടെ കാര്യത്തിലും അതുതന്നെ സ്ഥിതി (65.94 ശതമാനം). സാമൂഹികമായ മാമൂലുകളെ എതിര്‍ത്തുതോല്‍പ്പിച്ച മഹാവറിന്റെയും മക്കളുടെയും ജീവിതം സ്‌ക്രീനില്‍ എത്തിക്കുന്നതിലൂടെ ആമിര്‍ പങ്കുവെക്കുന്ന രാഷ്ട്രീയവും അതുതന്നെ. ലിംഗനീതിയുടെ രാഷ്ട്രീയം.