തലമുടി പറിച്ചെടുത്തവര്‍ ബന്‍സാലിയെ വിടുന്നില്ല; ‘പദ്മാവതി’യുടെ സെറ്റ് കത്തിച്ചു; കാറുകളും തകര്‍ത്തു; വന്‍ നഷ്ടം

March 15, 2017, 4:48 pm


തലമുടി പറിച്ചെടുത്തവര്‍ ബന്‍സാലിയെ വിടുന്നില്ല;  ‘പദ്മാവതി’യുടെ സെറ്റ് കത്തിച്ചു; കാറുകളും തകര്‍ത്തു; വന്‍ നഷ്ടം
BOLLYWOOD
BOLLYWOOD


തലമുടി പറിച്ചെടുത്തവര്‍ ബന്‍സാലിയെ വിടുന്നില്ല;  ‘പദ്മാവതി’യുടെ സെറ്റ് കത്തിച്ചു; കാറുകളും തകര്‍ത്തു; വന്‍ നഷ്ടം

തലമുടി പറിച്ചെടുത്തവര്‍ ബന്‍സാലിയെ വിടുന്നില്ല; ‘പദ്മാവതി’യുടെ സെറ്റ് കത്തിച്ചു; കാറുകളും തകര്‍ത്തു; വന്‍ നഷ്ടം

സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം പദ്മാവതിയുടെ ഷൂട്ടിങ്ങ് അലങ്കോലപ്പെടുത്താനുള്ള ശ്രമം വീണ്ടും. മഹാരാഷ്ട്രയിലെ ചിത്രത്തിന്റെ സെറ്റ് അക്രമികള്‍ കത്തിച്ചു. വടികളും കല്ലുമായി വന്ന അമ്പതോളം വരുന്ന സംഘം സെറ്റിന് തീയുടകയായിരുന്നു. സെറ്റിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് നേരേയും ആക്രമണമുണ്ടായി. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. ആക്രമണത്തില്‍ വന്‍ നഷ്ടമുണ്ടായെന്നാണ് വിവരം.

ബുധനാഴ്ച്ച രാവിലെ ഷൂട്ടിനായി എത്തിയപ്പോഴാണ് സെറ്റ് കത്തിയെരിഞ്ഞ കാര്യം ബന്‍സാലി അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ചിറ്റൂറിലെ റാണി പദ്മിനിയെ സിനിമയില്‍ മോശക്കാരിയാക്കി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ ബന്‍സാലിക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു.

രജ്പുത് കര്‍ണിസേന എന്ന സംഘടന ജനുവരിയില്‍ ജയ്പൂരില്‍ ചിത്രത്തിന്റെ സെറ്റിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചിവിട്ടു. ബന്‍സാലിയെ തല്ലിയ അക്രമികള്‍ അദ്ദേഹത്തിന്റെ തലമുടി പറിച്ചെടുക്കുകയുണ്ടായി. അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിക്കുന്ന രണ്‍വീര്‍ സിങും റാണി പദ്മിനിയെ അവതരിപ്പിക്കുന്ന ദീപിക പദുകോണും തമ്മില്‍ ഇഴചേര്‍ന്ന് അഭിനയിക്കുന്ന പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചായിരുന്നു രജ്പുത് കര്‍ണിസേനയുടെ അക്രമം. സംഘടനയുടെ ഭീഷണിയെ തുടര്‍ന്നാണ് ജയ്പൂരിലെ ചിത്രീകരണം അവസാനിപ്പിച്ച് ബന്‍സാലി മഹാരാഷ്ട്രയില്‍ ഷൂട്ടിങ് പുനരാംരഭിച്ചത്.

ജയ്പൂരില്‍ ബന്‍സാലിയെ ആക്രമിച്ചവര്‍ക്കെതിരെ ബോളിവുഡ് ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. ഹിന്ദുത്വ ഭീരവാദം കെട്ടുകഥയല്ലെന്ന് തെളിഞ്ഞതായി ബോളിവുഡ് സംവിധായകന്‍ അനുരാഗ്‌ കശ്യപ് അന്ന് പ്രതികരിക്കുകയുണ്ടായി. ഋതിക് റോഷന്‍, കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ഫര്‍ഹാന്‍ അക്തര്‍, അര്‍ജുന്‍ രാംപാല്‍, അര്‍ജുന്‍ കപൂര്‍, റിതേഷ് ദേശ്മുഖ്, സോനം കപൂര്‍, വിശാല്‍ ദദ്ലാനി തുടങ്ങിയവര്‍ ബന്‍സാലിക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിച്ച് രംഗത്തെത്തി. ഋതിക് റോഷന്‍ സംഭവം രോഷം ജനിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ബോളിവുഡ് ഒരുമിച്ച് നിന്ന് പ്രതിരോധിക്കാന്‍ സമയമായി എന്ന അഭിപ്രായമാണ് ഫര്‍ഹാന്‍ അക്തര്‍, കരണ്‍ ജോഹര്‍, അര്‍ജുന്‍ രാംപാല്‍ എന്നിവര്‍ പ്രകടപ്പിച്ചത്.