മേജര്‍ രവി അഭിമുഖം: ‘യുദ്ധത്തെ പ്രകീര്‍ത്തിക്കുന്ന സിനിമയല്ല 1971; യുദ്ധം എന്തിനെന്ന് ചോദിക്കുന്ന സിനിമ’

April 6, 2017, 5:27 pm
മേജര്‍ രവി അഭിമുഖം: ‘യുദ്ധത്തെ പ്രകീര്‍ത്തിക്കുന്ന സിനിമയല്ല 1971; യുദ്ധം എന്തിനെന്ന് ചോദിക്കുന്ന സിനിമ’
Celebrity Talk
Celebrity Talk
മേജര്‍ രവി അഭിമുഖം: ‘യുദ്ധത്തെ പ്രകീര്‍ത്തിക്കുന്ന സിനിമയല്ല 1971; യുദ്ധം എന്തിനെന്ന് ചോദിക്കുന്ന സിനിമ’

മേജര്‍ രവി അഭിമുഖം: ‘യുദ്ധത്തെ പ്രകീര്‍ത്തിക്കുന്ന സിനിമയല്ല 1971; യുദ്ധം എന്തിനെന്ന് ചോദിക്കുന്ന സിനിമ’

സൈനിക പശ്ചാത്തലത്തെ മലയാളത്തിന്റെ സ്‌ക്രീനില്‍ യാഥാര്‍ഥ്യബോധത്തോടെ ദൃശ്യവല്‍ക്കരിച്ച സംവിധായകനാണ് മേജര്‍ രവി. അതിര്‍ത്തിക്കപ്പുറത്തെ 'പൊതു ശത്രു'വിനെതിരേ സൈനികനായ നായകന്‍ നേടുന്ന വിജയങ്ങളാണ് ആദ്യചിത്രങ്ങളില്‍ കടന്നുവന്നതെങ്കില്‍ അവസാനം ചെയ്ത 'പിക്കറ്റ് 43'യിലെത്തുമ്പോള്‍ സൈനികനെ മാനുഷികമായ കണ്ണോടെ നോക്കിക്കാണാനുള്ള ശ്രമമുണ്ട്. മഹാദേവന്‍ എന്ന പട്ടാള ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ നാലാമത് എത്തുകയാണ് മേജര്‍ രവിയുടെ പുതിയ ചിത്രം '1971: ബിയോണ്ട് ബോര്‍ഡേഴ്‌സി'ല്‍. ചിത്രം തീയേറ്ററുകളിലെത്തുന്നതിന് തലേന്ന് സംവിധായകന്‍ സംസാരിക്കുന്നു.

ജോര്‍ജ്ജിയയിലെ ചിത്രീകരണത്തിനിടെ 
ജോര്‍ജ്ജിയയിലെ ചിത്രീകരണത്തിനിടെ 

മഹാദേവന്‍ എന്ന പട്ടാള ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ നാലാമത് സ്‌ക്രീനിലെത്തുകയാണ്. കഴിഞ്ഞ മൂന്ന് ചിത്രങ്ങളില്‍നിന്ന് 1971നുള്ള പ്രത്യേകതയും വ്യത്യാസവും എന്താണ്?

‘ഓരോ ശത്രുവിലും ഒരു മനുഷ്യനുണ്ട്’ എന്നാണ് 1971ന്റെ പരസ്യവാചകം. ലളിതമായി പറഞ്ഞാല്‍ ആ ആശയം തന്നെയാണ് സിനിമ മുന്നോട്ടു വെക്കുന്നത്. യുദ്ധവിജയങ്ങളെ പാടിപ്പുകഴ്ത്തുന്നവര്‍ പലപ്പോഴും യുദ്ധമുഖത്ത് ഒരു സൈനികന്‍ എന്തിനെയൊക്കെയാണ് നേരിടുന്നെന്ന് അറിയാറില്ല. അന്വേഷിക്കാന്‍ മെനക്കെടാറുമില്ല. മാധ്യമങ്ങളിലൂടെയും മറ്റും കേട്ടറിയുന്നതും യഥാര്‍ഥ യുദ്ധരംഗവും തമ്മില്‍ വളരെ അകലമുണ്ട്. യുദ്ധം നടക്കുന്ന സമയത്ത് പട്ടാളക്കാരന്‍ ഒരു ഉപകരണം പോലെ ആയിരിക്കും. അയാളുടെ മനസും വികാരങ്ങളുമൊക്കെ അപ്രസക്തമാണ് അപ്പോള്‍. അതേസമയം ഒരു മനുഷ്യജീവിയല്ലേ അയാളും? അയാള്‍ മാത്രമല്ല അയാള്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ അതിര്‍ത്തിക്കപ്പുറത്ത് നില്‍ക്കുന്നയാളും ഇതേപോലെ വികാരങ്ങളും വിചാരങ്ങളുമൊക്കെയുള്ള ഒരു മനുഷ്യനാണ്. നിങ്ങള്‍ ഒരു വിജയം നേടി എന്നുള്ളതുകൊണ്ട് അയാള്‍ മോശക്കാരനാവുമോ? അതിര്‍ത്തിക്കപ്പുറത്തുള്ള രാജ്യത്തെ സംബന്ധിച്ച് അവരുടെ ഹീറോയാണ് നിങ്ങളുടെ വെടിയേറ്റ് മരിച്ച ആ പട്ടാളക്കാരന്‍. അതിര്‍ത്തിക്കിരുപുറവുംനിന്ന് പരസ്പരം പോരടിക്കുന്ന പട്ടാളക്കാര്‍ക്കിടയിലുള്ള ചിലതരം വികാരങ്ങളും അവയുടെ കൈമാറ്റങ്ങളുമൊക്കെയുണ്ട്. അവര്‍ക്കിടയിലുള്ള ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുണ്ട്. ശത്രു മരിച്ചുവീണതിന് ശേഷം ‘എന്തൊരു പോരാട്ടമാണ് നിങ്ങള്‍ നടത്തിയത്, ആ വീര്യത്തിന് എന്റെ ബിഗ് സല്യൂട്ട്’ എന്ന് അയാളുടെ യൂണിഫോമിന്റെ പോക്കറ്റില്‍ എഴുതിയിട്ടവരുണ്ട്. അങ്ങനെ അതിര്‍ത്തിക്കപ്പുറവുമിപ്പുറവുമുള്ള ശത്രുപക്ഷങ്ങളില്‍ ഏതെല്ലാമോ രീതിയില്‍ ബന്ധിക്കപ്പെട്ട, എതിരാളിയുടെ പോരാട്ടവീര്യത്തെ ബഹുമാനിച്ച കുറച്ച് പട്ടാളക്കാരാണ് 1971ലെ പ്രധാന കഥാപാത്രങ്ങള്‍. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത സിനിമ. രണ്ട് ഇന്ത്യന്‍ സൈനികരും ഒരു പാകിസ്താന്‍ സൈനികനുമാണ് 1971ലെ പ്രധാന കഥാപാത്രങ്ങള്‍. അവര്‍ക്കിടയിലുള്ള ഈ പറഞ്ഞ വികാരമാണ് സിനിമയുടെ കേന്ദ്രപ്രമേയം. യുദ്ധമെല്ലാം കഴിഞ്ഞതിന് ശേഷം സിനിമയുടെ അവസാനം മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ഒരു പെര്‍ഫോമന്‍സുണ്ട്. എനിക്കൊപ്പം നിന്നവര്‍ ജീവനോടെയില്ലാത്തപ്പോള്‍ ഇതിനെ എങ്ങനെ വിജയമെന്ന് വിളിക്കും എന്ന തരത്തില്‍ ആ കഥാപാത്രം സംസാരിക്കുന്നുണ്ട്.

താങ്കളുടെ ഫിലിമോഗ്രഫിയിലെ ആദ്യചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഇപ്പോള്‍ പറഞ്ഞ യുദ്ധത്തിന്റെ മാനുഷികതലം എന്നതിനേക്കാള്‍ അതിര്‍ത്തിക്കപ്പുറത്തുള്ള പൊതുശത്രുവിനുമേല്‍ നായകന്റെ നേതൃത്വത്തില്‍ നേടുന്ന വിജയങ്ങളെ ഉദ്‌ഘോഷിക്കുന്നവയാണ്. പക്ഷേ അവസാന ചിത്രമായ ‘പിക്കറ്റ് 43’യിലൊക്കെ എത്തുമ്പോള്‍ അതില്‍ വ്യത്യാസം വരുന്നുണ്ട്. ‘ശത്രു’വിലെ മനുഷ്യനെ നോക്കാനുള്ള ശ്രമമുണ്ട്. പ്രമേയപരമായി ‘പിക്കറ്റ് 42’യുടെ തുടര്‍ച്ചയാണോ ‘1971’?

‘പിക്കറ്റ് 43’ അതിര്‍ത്തിക്കിരുപുറവുമുള്ള രണ്ട് സൈനികരുടെ വ്യക്ത്യാധിഷ്ഠിതമെന്ന് പറയാവുന്ന ബന്ധമായിരുന്നു. പരസ്പരബഹുമാനമുള്ളവരാണ് അവര്‍. ശത്രുവിന്റെ മരണത്തില്‍ കണ്ണീരൊഴുക്കുന്ന, അയാളെ ഉള്ളറിഞ്ഞ് സല്യൂട്ട് ചെയ്യുന്ന കഥാപാത്രമായിരുന്നു ‘പിക്കറ്റ് 43’യിലേത്. പക്ഷേ സിനിമ ആ കഥാപാത്രങ്ങള്‍ക്കിടയിലുള്ള അകലത്തില്‍ സംഭവിക്കുന്ന ഒന്നുമായിരുന്നു. പക്ഷേ ‘ബിയോണ്ട് ബോര്‍ഡേഴ്‌സി’ലേക്കെത്തുമ്പോള്‍ ‘പിക്കറ്റ് 43’യില്‍ പറഞ്ഞുതുടങ്ങിയത് കുറേക്കൂടി വിശാലമായ ക്യാന്‍വാസിലേക്ക് എത്തുകയാണ്. പേര് സൂചിപ്പിക്കുമ്പോലെ അതിരുകളില്ലാത്ത മാനുഷികതയെക്കുറിച്ചുതന്നെയാണ് ചിത്രം സംസാരിക്കുന്നത്. യുദ്ധത്തെ പ്രകീര്‍ത്തിക്കുന്ന സിനിമയല്ല 1971. മറിച്ച് ഇനിയൊരു യുദ്ധം ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്ന സിനിമയാണ്. നമ്മുടെ അതിര്‍ത്തി മാത്രമല്ല. ലോകത്തെവിടെയുമുള്ള അതിര്‍ത്തികള്‍ ശാന്തമായിരിക്കട്ടെ എന്നാഗ്രഹിക്കുന്ന സിനിമ. അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങള്‍ പറഞ്ഞ് തീര്‍ക്കുകയാണ് വേണ്ടത്. അല്ലാതെ യുദ്ധമല്ല പ്രതിവിധി.

അല്ലു സിരീഷ്, മോഹന്‍ലാല്‍, മേജര്‍ രവി 
അല്ലു സിരീഷ്, മോഹന്‍ലാല്‍, മേജര്‍ രവി 

കീര്‍ത്തിചക്ര, അതുവരെയുള്ള പട്ടാളസിനിമകളില്‍നിന്ന് മലയാളത്തിന്റെ സ്‌ക്രീനില്‍ പുതിയ അനുഭവമുണ്ടാക്കിയ ഒന്നാണ്. സൈനികപശ്ചാത്തലത്തില്‍ ആറ് സിനിമകള്‍ ചെയ്‌തെങ്കിലും ഒരു ഹൈ സ്‌കെയില്‍ യുദ്ധരംഗം പക്ഷേ താങ്കളുടെ സിനിമകളിലും കണ്ടിട്ടില്ല. 1971ല്‍ അത്തരം രംഗങ്ങളുണ്ടോ? ടാങ്ക് ഫൈറ്റ് ഒക്കെയുണ്ടെന്ന് കേട്ടു?

ഇതുവരെ ചെയ്ത സിനിമകളില്‍നിന്ന് ചിത്രീകരണഘട്ടത്തില്‍ ഏറെ അധ്വാനിക്കേണ്ടിവന്ന സിനിമയാണ് ‘1971’. പ്രത്യേകിച്ചും 70 കാലഘട്ടം ഒരു സൈനിക പശ്ചാത്തലത്തില്‍ പുനരാവിഷ്‌കരിക്കുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. സൈന്യം ഉപയോഗിക്കുന്ന വാഹനങ്ങളും ആയുധങ്ങളുമൊക്കെ അക്കാലത്തേത് ദൃശ്യവല്‍ക്കരിക്കണമല്ലോ? കുറേയൊക്കെ യഥാര്‍ഥത്തില്‍ അക്കാലത്ത് ഉപയോഗത്തിലുണ്ടായിരുന്നത് തന്നെ ലഭ്യമാക്കാനായി. ബാക്കിയുള്ളത് ഗ്രാഫിക്‌സ് ഉപയോഗിച്ച് പഴയ കാലത്തേതിന് സമാനമായി സ്‌ക്രീനില്‍ മാറ്റിയെടുത്തു. പിന്നെ ടാങ്ക് ഫൈറ്റ്. 1971ല്‍ നമ്മള്‍ ചെയ്തിരിക്കുന്ന തരത്തിലുള്ള ഒരു ടാങ്ക് ഫൈറ്റ് മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതിന് മുന്‍പ് വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. ഏറെ ബുദ്ധിമുട്ടിയാണ് ആ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള സൈനികവാഹനമാണ് അത്. പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയാല്‍ വലിയ ശബ്ദം പുറപ്പെടുവിക്കും. അടുത്ത് നില്‍ക്കുന്ന ഒരാള്‍ പറയുന്നതുപോലും കേള്‍ക്കാനാവാത്ത തരത്തിലുള്ള ഒച്ചയാണത്. പലതും എങ്ങനെ ചിത്രീകരിച്ചു എന്ന് ചോദിച്ചാല്‍ എനിക്കിപ്പോള്‍ വിശദീകരിക്കാനാവില്ല. പ്രായോഗികബുദ്ധിമുട്ടുകള്‍ ഏറെ നേരിട്ടെങ്കിലും ഞങ്ങള്‍ വിചാരിച്ച തരത്തില്‍ വിട്ടുവീഴ്ചകളൊന്നും കൂടാതെ ചിത്രീകരിക്കാനായി. സൈന്യത്തില്‍ പരിശീലനം നേടിയവര്‍ മാത്രം നിയന്ത്രിക്കുന്ന വാഹനമാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഓടിച്ചിരിക്കുന്നത്. വളരെ കൂള്‍ ആയാണ് അദ്ദേഹം ആ രംഗങ്ങള്‍ കൈകാര്യം ചെയ്തത്.

ഫിലിമോഗ്രഫിയിലെ ഏഴ് പ്രധാന ചിത്രങ്ങളില്‍ അഞ്ചിലും മോഹന്‍ലാലാണ് നായകന്‍. എന്താണ് ലാലുമൊത്തുള്ള അനുഭവം?

സവിശേഷമായൊരു ബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍. ഞാന്‍ ചെയ്യുന്ന തരത്തിലുള്ള സിനിമകളോടൊക്കെ വലിയ ആവേശമുള്ള ആളാണ് അദ്ദേഹം. ലൊക്കേഷനില്‍ നമ്മള്‍ തളര്‍ന്നിരിക്കുകയാണെങ്കില്‍ ഊര്‍ജ്ജം പകരുന്ന ഒരു ഘടകമാണ് മോഹന്‍ലാല്‍. അങ്ങനെയുള്ള ഘട്ടങ്ങളില്‍ എല്ലാവരെയും ഉണര്‍ത്തി കാര്യങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകും അദ്ദേഹം. ആക്ഷന്‍ സീക്വന്‍സുകളോട് മോഹന്‍ലാലിനുള്ള താല്‍പര്യത്തെക്കുറിച്ച് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അത് സത്യമാണ്. എന്റെ സിനിമകളിലെ ആക്ഷന്‍ സീക്വന്‍സുകളൊക്കെ സൈനികമായ രീതിയിലുള്ളതാണല്ലോ? ഓരോ പുതിയ കാര്യം പറയുമ്പോഴും ഒരു ചെറിയ കുട്ടിയുടെ കൗതുകത്തോടെയാണ് അദ്ദേഹം കേട്ടിരിക്കാറ്. നമ്മളെ വിസ്മയിപ്പിക്കുന്ന രീതിയില്‍ ക്യാമറയ്ക്ക് മുന്നില്‍ അത് നടപ്പാക്കുകയും ചെയ്യും അദ്ദേഹം.

മോഹന്‍ലാല്‍, ആശാ ശരത്ത്, സുജിത്ത് വാസുദേവ് എന്നിവര്‍ക്കൊപ്പം മേജര്‍ രവി 
മോഹന്‍ലാല്‍, ആശാ ശരത്ത്, സുജിത്ത് വാസുദേവ് എന്നിവര്‍ക്കൊപ്പം മേജര്‍ രവി 

ഒരിക്കല്‍ മാത്രമാണ് മമ്മൂട്ടിയെ നായകനാക്കിയത്. 2007ല്‍ പുറത്തുവന്ന ‘മിഷന്‍ 90 ഡെയ്‌സി’ല്‍. 1971ല്‍ ശബ്ദസാന്നിധ്യമായി മമ്മൂട്ടി വരുന്നു?

‘ബിയോണ്ട് ബോര്‍ഡേഴ്‌സി’ന്റെ നരേഷന്‍ മമ്മൂട്ടിയുടെ ശബ്ദത്തിലാണ്. ഇതേക്കുറിച്ച് ഒരുകാര്യം പ്രത്യേകം പറയാനുണ്ട്. ശബ്ദം നല്‍കാനെത്തിയ മമ്മൂട്ടി പിണങ്ങിപ്പോയെന്നൊക്കെ ചില സോഷ്യല്‍ മീഡിയാ പ്രചരണങ്ങള്‍ കണ്ടു. എന്തിനാണ് ആളുകള്‍ ഇങ്ങനെ അസത്യം പ്രചരിപ്പിക്കുന്നതെന്ന് മനസിലാവുന്നില്ല. അങ്ങനെയുള്ള വാര്‍ത്തകളൊക്കെ തെറ്റാണ്. നടന്നത് ഇതാണ്. മമ്മൂക്കാ, ഇങ്ങനെയൊരു സംഭവമുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. 1971നുവേണ്ടി ഒരു വോയ്‌സ് ഓവര്‍ നല്‍കണമെന്ന്. എനിക്ക് സമയമുണ്ടാവില്ലെന്ന് പറഞ്ഞ് വേഗത്തില്‍ അദ്ദേഹം നടന്നുപോയി. പിന്നീട് എന്റെ മുഖം കണ്ട് ലാലേട്ടന്‍ ചോദിച്ചു എന്താണ് വിഷയമെന്ന്. മമ്മൂക്ക ഇങ്ങനെ പ്രതികരിച്ച കാര്യം ഞാന്‍ പറഞ്ഞു. നിങ്ങള്‍ നോക്കിക്കോ, വൈകുന്നേരമാവുമ്പോഴേക്കും മമ്മൂക്ക തിരിച്ചുവിളിച്ചിരിക്കുമെന്ന് ലാലേട്ടന്‍ പറഞ്ഞു. അത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ രീതിയാണെന്നും അതില്‍ വിഷമിക്കാനൊന്നുമില്ലെന്നും. അതുപോലെതന്നെ സംഭവിച്ചു. വൈകുന്നേരമായപ്പോള്‍ മമ്മൂക്ക എന്നെ വിളിച്ചു. ചെയ്തുതരാമെന്ന് പറഞ്ഞു. പറഞ്ഞതുപോലെ അദ്ദേഹം വന്ന് ചെയ്തു, ആവശ്യമായ സമയമെടുത്ത് തന്നെ. ചെറുതല്ല, വലിയ വിവരണമാണ് അദ്ദേഹത്തിന് പറയേണ്ടിയിരുന്നത്. 1971 സ്‌ക്രീനില്‍ കാണുമ്പോള്‍ അറിയാം, മമ്മൂക്കയുടെ ശബ്ദത്തിന്റെ മാസ്മരികത. നേരത്തേ പറഞ്ഞ, സിനിമ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന വികാരങ്ങളൊക്കെ മമ്മൂക്കയുടെ ശബ്ദത്തില്‍ പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യും. മമ്മൂക്കയുടെയും ലാലേട്ടന്റെയുംപേരില്‍ തെറ്റായ വാര്‍ത്തകളൊക്കെ പ്രചരിപ്പിക്കുന്നവര്‍ക്ക് അറിയില്ല, അവര്‍ക്കിടയിലുള്ള ബന്ധമെന്താണെന്നും സൗഹൃദമെന്താണെന്നും.

മമ്മൂട്ടി കണ്ടോ 1971? മമ്മൂട്ടിയുമൊത്ത് ഒരു സിനിമ ആലോചനയിലുണ്ടോ?

ചില രംഗങ്ങളൊക്കെ മമ്മൂക്ക കണ്ടു. ട്രെയ്‌ലറും. കണ്ടിട്ട് ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് നോക്കി അദ്ദേഹം. മമ്മൂക്കയെ നായകനാക്കി ഒരു ചിത്രം ആലോചനയിലുണ്ട്. നേരത്തേ ആലോചിച്ചിരുന്നു. ആക്ഷന് പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യാനുള്ള താല്‍പര്യം അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. പക്ഷേ മമ്മൂക്കയ്ക്ക് ഒരു പ്രോജക്ടുമായി വരുമ്പോള്‍ അതിനുതക്കവണ്ണമുള്ള ഒന്നാവണ്ടേ? അത്തരം ഒരു വിഷയത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. മമ്മൂക്കയൊത്ത് ഇനി ചെയ്യുന്ന ചിത്രം സൈനികപശ്ചാത്തലത്തില്‍ ഉള്ളതാവില്ല.

മേജര്‍ രവി 
മേജര്‍ രവി 

പട്ടാളക്കഥകളല്ലാതെ മേജര്‍ രവിക്ക് മറ്റൊന്നും പറയാനില്ലേ എന്ന് സോഷ്യല്‍ മീഡിയയിലൊക്കെ സിനിമാപ്രേമികള്‍ ചോദിക്കുന്നത് കണ്ടിട്ടുണ്ട്. അതിനുള്ള ഉത്തരമാണോ നിവിന്‍ പോളിയെ നായകനാക്കിയുള്ള പ്രണയചിത്രം?

ഒരു പട്ടാളക്കാരനായിരുന്നതുകൊണ്ട് സംവിധായകനായപ്പോള്‍ ആദ്യം പറഞ്ഞതൊക്കെ പട്ടാളക്കഥകളായെന്ന് മാത്രം. സ്വാഭാവികമായും എനിക്ക് ആ പശ്ചാത്തലത്തില്‍ നിന്ന് പറയണമെന്ന് തോന്നിയ കാര്യങ്ങളാണ് ഇതുവരെ പറഞ്ഞത്. 1971ല്‍ ഉള്‍പ്പെടെ. എന്നുകരുതി പട്ടാളക്കാരന് മറ്റ് അനുഭവങ്ങളൊന്നുമില്ലെന്ന് അര്‍ഥമില്ലല്ലോ? ജീവിതത്തിന്റെ മറ്റ് തുറകളില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ക്കുള്ളതുപോലെയുള്ളതരം അനുഭവങ്ങള്‍ പട്ടാളക്കാര്‍ക്കുമില്ലേ? കരിയറിലെ വേറിട്ട സിനിമയായിരിക്കും നിവിന്‍ പോളിക്കൊപ്പമുള്ള പ്രണയചിത്രം.