വ്യാജ അക്കൗണ്ടില്‍ പ്രണയാഭ്യര്‍ത്ഥനയും വിവാഹാലോചനയും, വഞ്ചിക്കപ്പെടരുതെന്ന് നടി 

May 12, 2017, 12:13 pm
വ്യാജ അക്കൗണ്ടില്‍ പ്രണയാഭ്യര്‍ത്ഥനയും വിവാഹാലോചനയും, വഞ്ചിക്കപ്പെടരുതെന്ന് നടി 
Celebrity Talk
Celebrity Talk
വ്യാജ അക്കൗണ്ടില്‍ പ്രണയാഭ്യര്‍ത്ഥനയും വിവാഹാലോചനയും, വഞ്ചിക്കപ്പെടരുതെന്ന് നടി 

വ്യാജ അക്കൗണ്ടില്‍ പ്രണയാഭ്യര്‍ത്ഥനയും വിവാഹാലോചനയും, വഞ്ചിക്കപ്പെടരുതെന്ന് നടി 

അറസ്റ്റിലായ ആളുടെ പേരിലെ സാമ്യത ചൂണ്ടിക്കാട്ടി തന്നെ തേജോവധം ചെയ്യുന്നുവെന്ന പരാതിയുമായി നടി അമലാ റോസ് കുര്യന്‍ നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ അമലയുടെ ഫോട്ടോയും പേരും ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുരുഷന്‍മാരെ പ്രണയത്തില്‍ കുടുക്കി വഞ്ചിക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന പരാതിയില്‍ സൈബര്‍ സെല്ലിന് മുന്നിലെത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികള്‍ക്കെതിരെ നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ് അമലയുടെ പരാതി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദീര്‍ഘമായ കുറിപ്പിലൂടെ തന്റെ നിസഹായവസ്ഥ വെളിപ്പെടുത്തുകയാണ് അമലാ റോസ് കുര്യന്‍.

അമലയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒന്നിനു പുറകെ മറ്റൊന്നായി സൈബര്‍ കുറ്റകൃത്യത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഇവിടെ ഓരോ പെണ്‍കുട്ടികളും. കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ അറിഞ്ഞു എന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് മറ്റൊരു പേരില്‍ ഒരു പെണ്‍കുട്ടി കേരള മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്യുകയും പല പേരില്‍ എന്റെ ഫോട്ടോകള്‍ വച്ച് വാട്സാപിലും ഫേസ്ബുക്കിലും ഐഎംഒയിലും എല്ലാം അക്കൗണ്ട് ഉണ്ടാക്കി പ്രണയ വിവാഹ അഭ്യര്‍ഥനകള്‍ നടത്തുകയും ചെയ്യുന്നു. വിവാഹത്തിന്റെ വക്കില്‍ എത്തിയിട്ട് വഴിമുട്ടുന്ന അവസ്ഥ, ഇതേ തുടര്‍ന്ന് ഒരുപാടു യുവാക്കളും അവരുടെ കുടുംബാംഗങ്ങളും വഞ്ചിക്കപ്പെടുന്നു. ഈ പ്രശ്നത്തെ തുടര്‍ന്ന് ഞാന്‍ സൈബര്‍ സെല്ലില്‍ സമീപിച്ചിരുന്നു, പരാതി എഴുതിക്കൊടുത്ത് കേസും ഫയല്‍ ചെയ്തു. വാട്സ്ആപ് നമ്പര്‍ ട്രേസ് ചെയ്തപ്പോള്‍ കോയമ്പത്തൂര്‍ ഭാഗത്തു നിന്നുള്ള അവിടുത്തെ രണ്ട് നഴ്സിങ് വിദ്യാര്‍ഥികള്‍ ആണ് ഇതിനു പിന്നിലെന്നാണ് പോലീസ് എന്നോട് ആദ്യം പറഞ്ഞത്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് അവരുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടായില്ല. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലും പലതവണ ഞാന്‍ ഇതേകാര്യം പറഞ്ഞ് സമീപിച്ചിട്ടുണ്ട്. അവര്‍ പറയുന്ന ന്യായം മറ്റൊന്നാണ്. വാട്സാപും ഫെയിസ്ബുക്കും ഐഎംഒയുെമല്ലാം വിദേശ കമ്പനികള്‍ ആണെന്നാണ്. മാത്രവുമല്ല ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കു താല്‍പര്യവും ഇല്ല. ഇവിടെ എവിടെയാണ് ഒരു പെണ്‍കുട്ടിക്കു നീതി ലഭിക്കുക. ഈ പറയുന്ന സാറുമ്മാരുടെയെല്ലാം വീട്ടിലെ പെണ്‍കുട്ടികള്‍ക്കാണ് ഈ അവസ്ഥ വന്നതെങ്കില്‍ അവര്‍ പ്രതികരിക്കില്ലേ.

ഞാന്‍ വീണ്ടും സൈബര്‍ സെല്ലില്‍ സമീപിച്ചു, ഞാന്‍ കേസ് ഫയല്‍ ചെയ്ത ഡേറ്റ് ഉള്‍പ്പെടെ പറഞ്ഞു. വീണ്ടും ഒന്നൂടെ കേസ് ഫയല്‍ ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു. എത്ര ഫയല്‍ ചെയ്താലും ഇതുവരെ സംഭവിച്ചതല്ലേ സംഭവിക്കുക എന്ന് തിരിച്ചു ചോദിച്ചു. ഒരു പാട് കോളുകള്‍ വരുന്നതാണ് സംസാരിക്കാന്‍ സമയം ഇല്ല വേണമെങ്കില്‍ വന്നൊരു റിട്ടണ്‍ കംപ്ലയിന്റെ എഴുതി കൊടുക്കൂ എന്ന് പറഞ്ഞ് അവര്‍ ഫോണ്‍ കട്ട് ചെയ്തതു. എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ, നിഖിത, നിമ്മി, തുമ്പു (ഇതൊക്കെ ആയിരുന്നു ഫേക്ക് ഐഡിയുടെ പേരുകള്‍). എന്തൊക്കെയോ അങ്ങനെ വേറെ. ഏതൊക്കെ പേരിലാണെങ്കിലും എന്റെ പേരും ഫോട്ടോയും അപ്ലോഡ് ചെയ്ത് ആരെങ്കിലും സമീപിക്കുകയാണെങ്കില്‍ അത് ഫേക്ക് ആണെന്ന് മനസിലാക്കുക.

എനിക്ക് ഈ ഫേസ്ബുക്ക് അക്കൗണ്ട് മാത്രമേ നിലവില്‍ ഉള്ളൂ

വാട്‌സ് ആപ് നമ്പര്‍ എന്റെ അടുത്ത സുഹൃത്തുക്കളുടെ കയ്യിലുണ്ട്

ആകെ ഒരു വാട്‌സ് ആപ് നമ്പര്‍ മാത്രമേ ഉള്ളൂ

എനിക്ക് ഐഎംഒ ഇല്ല

ഞാന്‍ ഒരു മാട്രിമോണിയല്‍ സൈറ്റിലും രജിസ്റ്റര്‍ ചെയ്തിട്ടില്ല

തല്‍ക്കാലം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല

ഏതെങ്കിലും അക്കൗണ്ടില്‍ നിന്നും എന്റെ പ്രൊഫൈല്‍ വച്ചോ മറ്റ് പ്രൊഫൈലുകളില്‍ എന്റെ ഫോട്ടോകള്‍ വച്ചോ വന്നാല്‍ അത് ഫേക്ക് ആണെന്ന് മനസിലാക്കുക. ഇതിന്റെ പിന്നില്‍ ആരാണ് എന്ന് എനിക്കറിയില്ല. പക്ഷേ മനപൂര്‍വം കരിവാരിതേക്കാന്‍ ചെയ്യുന്നതാണ്. ഇതുകൊണ്ട് അവര്‍ എന്താണ് നേടുന്നതെന്ന് അറിയില്ല, എല്ലാ പെണ്‍കുട്ടികളെയും പോലെ ഇവിടെ എന്നെ സഹായിക്കാന്‍ നിയമമോ നീതിപീഠമോ ഇല്ല. എന്റെ പ്രതികരണം ഞാന്‍ ഫേസ്ബുക്കില്‍ അറിയിക്കുക മാത്രമേ നിവൃത്തിയുള്ളൂ. നല്ലവരായ സുഹൃത്തുക്കള്‍ ഇത് ഷെയര്‍ ചെയ്ത് പരമാവധി ആളുകളില്‍ എത്തിക്കൂ. ലൈക്കുകള്‍ക്കോ റീച്ചിനോ വേണ്ടിയല്ല ഇനി ഒരാള്‍ പോലും വഞ്ചിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്.