ഇനി അപ്പാനി രവിക്ക് കയ്യടിക്കാം, ‘അന്ന് പട്ടിണിക്കിട്ട് തിരിച്ചയച്ച അതേ അങ്കമാലി ഇന്ന് ജീവിതം തന്നു’ 

March 6, 2017, 1:15 pm
 ഇനി അപ്പാനി രവിക്ക് കയ്യടിക്കാം, ‘അന്ന് പട്ടിണിക്കിട്ട് തിരിച്ചയച്ച അതേ അങ്കമാലി ഇന്ന് ജീവിതം തന്നു’ 
Celebrity Talk
Celebrity Talk
 ഇനി അപ്പാനി രവിക്ക് കയ്യടിക്കാം, ‘അന്ന് പട്ടിണിക്കിട്ട് തിരിച്ചയച്ച അതേ അങ്കമാലി ഇന്ന് ജീവിതം തന്നു’ 

ഇനി അപ്പാനി രവിക്ക് കയ്യടിക്കാം, ‘അന്ന് പട്ടിണിക്കിട്ട് തിരിച്ചയച്ച അതേ അങ്കമാലി ഇന്ന് ജീവിതം തന്നു’ 

നമ്മുടെ വില്ലന്‍മാരുടെ പതിവ് ആജാനുബാഹുത്വമില്ലാതെ, മെലിഞ്ഞ ശരീരവും ക്രൗര്യം കലര്‍ന്ന മുഖവുമായി വന്നിറങ്ങി അതുവരെ വിന്‍സെന്റ് പെപ്പെയുടെയും പോര്‍ക്ക് വര്‍ക്കിയുടെയും ഭീമന്റെയും ടെന്‍ എംഎല്‍ തോമസിന്റെയുമായിരുന്ന അങ്കമാലിയെ തോട്ടയെറിഞ്ഞ് വിറപ്പിച്ച കഥാപാത്രം. അങ്കമാലി ഡയറീസ് പരിചയപ്പെടുത്തിയ 86 പുതുമുഖങ്ങളില്‍ നായകനൊപ്പം കയ്യടി വാങ്ങിയവരില്‍ മുന്നിലുണ്ട് അപ്പാനി രവി. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയെത്തിയ സുജിത് ശങ്കറിനും കമ്മട്ടിപ്പാടത്തിലെ ബാലേട്ടനായ മണികണ്ഠന്‍ ആചാരിക്കും പിന്നാലെ അങ്കമാലി ഡയറീസിലെ അപ്പാനി രവിയെ ആഘോഷിക്കുകയാണ് ആസ്വാദകര്‍. കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറിന് പറയാനുള്ളത്.

എങ്ങനെയാണ് അങ്കമാലി ഡയറീസിലെ 86 പുതുമുഖങ്ങളില്‍ ഒരാളായത്, അപ്പാനി രവി ശരത്തിനെ ഏല്‍പ്പിച്ചതിന് കാരണം?

കാലടി സര്‍വകലാശാല കാമ്പസില്‍ വച്ച് അങ്കമാലി ഡയറീസിന് വേണ്ടി ഓഡിഷന്‍ നടന്നിരുന്നു. എന്റെ അധ്യാപകന്‍ ഗോപന്‍ ചിദംബരം സാറാണ് പങ്കെടുക്കണമെന്ന് പറഞ്ഞത്. ആദ്യഘട്ടത്തില്‍ ചെമ്പന്‍ വിനോദ് ചേട്ടന്‍ ഗോപന്‍ സാറിനോട് ഇങ്ങനെ കുറേ പേരെ സിനിമയിലേക്ക് വേണമെന്ന് അറിയിച്ചു. രണ്ടാം ഘട്ടമായിരുന്നു ഓഡിഷന് സിനിമയുടെ ടീം എത്തിയത്. ഗോപന്‍ സാറിന്റെ ശിക്ഷണം ഈ സിനിമയില്‍ ഒരു പാട് ഗുണം ചെയ്തിട്ടുണ്ട്. കഥാപാത്രത്തെ സൂക്ഷ്മതലത്തില്‍ എങ്ങനെ അനുഭവപ്പെടുത്തണം എന്നതൊക്കെ അദ്ദേഹമാണ് പഠിപ്പിച്ച് തന്നത്. ഓഡിഷന്‍ ചെയ്യാന്‍ വേണ്ടി സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ ടിനു ചേട്ടന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ കണ്ണന്‍ ചേട്ടന്‍, ചെമ്പന്‍ ചേട്ടന്റെ അനിയന്‍ ഉല്ലാസേട്ടന്‍ എന്നിവരാണ് വന്നത്. ഞാന്‍ ഒരു ഹാസ്യരംഗം അഭിനയിച്ചു കാണിക്കുകയാണ് ചെയ്തത്. നൂറിനടുത്ത് പേര്‍ അന്ന് ഓഡിഷനുണ്ടായിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് കണ്ണന്‍ ചേട്ടന്‍ വിളിച്ചു. സിനിമയില്‍ ഒരു റോള്‍ ഉണ്ടെന്ന് അറിയിച്ചു. മുന്‍കാല അനുഭവം വച്ച് പാസിംഗ് ഷോട്ടോ മറ്റോ ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാര്യമായ റോള്‍ ആയിരിക്കുമെന്നും വിശ്വസിച്ചിരുന്നില്ല. വലിയ സ്വപ്‌നമൊക്കെ കാണിച്ച് പറ്റിക്കുമായിരിക്കും എന്ന് മുന്‍വിധിയില്‍ ഞാന്‍ വലിയ എക്‌സൈറ്റ്‌മെന്റിനൊന്നും നിന്നില്ല. അടുത്ത ദിവസം തന്നെ കണ്ണന്‍ ചേട്ടന്‍ വീണ്ടും വിളിച്ചു. ശരത്തേ വണ്ടി ഓടിക്കാന്‍ പഠിക്കണമെന്ന് പറഞ്ഞു, കാറാണ്, ഓംനി പോലുള്ള വണ്ടിയാണ് ഓടിക്കേണ്ടത് എന്ന് പറഞ്ഞു. ഞാന്‍ കൂട്ടുകാരുടെ സഹായത്താല്‍ അവരുടെ വണ്ടിയെടുത്ത് ഓടിക്കാന്‍ പഠിച്ചു. അപ്പോഴും ചെയ്യാന്‍ പോകുന്ന റോളിനെക്കുറിച്ച് ഒരു ഐഡിയയുമില്ല. 86 പുതുമുഖങ്ങള്‍ അഭിനയിക്കുന്ന സിനിമ ആണെന്ന് അറിയാം. ആരൊക്കെ ഏതൊക്കെ റോളിലാണെന്ന് നിശ്ചയമില്ലായിരുന്നു. പിന്നെ തിരക്കഥ കേള്‍പ്പിക്കാന്‍ വിളിച്ചു. ചെമ്പന്‍ ചേട്ടന്‍ മുഴുവന്‍ സ്‌ക്രിപ്ടും കേള്‍പ്പിച്ചു. അപ്പോഴാണ് വിന്‍സെന്റ് പെപ്പെ ആന്‍ണിയാണെന്നും പ്രധാന വില്ലന്‍ അപ്പാനി രവി ശരത് ആണെന്നും പറഞ്ഞത്. അത് ശരിക്കും ഞെട്ടിച്ചു. ഞാന്‍ അത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഏതായാലും സിനിമയില്‍ വണ്ടി ഓടിക്കേണ്ടി വന്നിട്ടില്ല. യുക്ലാമ്പ് രാജന്‍ വണ്ടി ഓടിച്ചാല്‍ മതിയെന്ന് ലിജോ സാര്‍ പറഞ്ഞു. ഞാന്‍ ശരിക്കും കരഞ്ഞുപോയിരുന്നു ആ റോള്‍ നിനക്കാണെന്ന് പറഞ്ഞപ്പോള്‍. കരയാതെ കരഞ്ഞെന്നൊക്കെ പറയില്ലേ, ജീവിതത്തില്‍ ഇത്രയധികം സന്തോഷിച്ചിട്ടും കരഞ്ഞിട്ടുമില്ല, വല്ലാത്ത അവസ്ഥയായിരുന്നു ചേട്ടാ അത്.

സിനിമയോടും അഭിനയത്തോടും വലിയ ആവേശവും അഭിനിവേശവുമൊക്കെ കാലങ്ങളായി കൊണ്ടുനടക്കുന്ന കുറേ പേര്‍. സത്യത്തില്‍ ഞങ്ങളാരും അഭിനയിച്ചിട്ടില്ല, അങ്കമാലിക്കാരായി ജീവിക്കുകയായിരുന്നു. ലിജോ സാര്‍ കഴിഞ്ഞ ദിവസം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു, ശരതിനെ കണ്ടപ്പോള്‍ തന്നെ അപ്പാനി രവി ഇയാളെന്ന് തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസിലുള്ള അപ്പാനിയുടെ രൂപവും ഇതുപോലെ മെലിഞ്ഞായിരുന്നുവെന്ന്. ഷൂട്ടിംഗ് സമയത്ത് ലിജോ സാര്‍ പറഞ്ഞു, നിങ്ങളാരും ആയിരം രൂപയ്ക്ക് അഭിനയിക്കണ്ട ഒരു രൂപയുടെ അഭിനയം എനിക്ക് മതിയെന്ന്, സിനിമയുടെ മൂന്ന് ദിവസം മുമ്പ് ഞങ്ങളുടെ ഓരോരുത്തരുടെയും സീന്‍ ചെമ്പന്‍ ചേട്ടനും ലിജോ ചേട്ടനും പറഞ്ഞു തന്നു. സിനിമ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ഒരാള്‍ക്കും കാരക്ടറിനെക്കുറിച്ചോ സീനുകളെക്കുറിച്ചോ സിനിമയുടെ മൂഡിനെക്കുറിച്ചോ ഒരു സംശയവുമുണ്ടായിരുന്നില്ല. ഈ സിനിമയില്‍ ജീവിതത്തില്‍ ഒരു നാടകത്തില്‍ പോലും അഭിനയിക്കാത്ത എത്രയോ പേര്‍ ഉണ്ട്. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയവര്‍. അവരെല്ലാം അതിഗംഭീരമായി അഭിനയിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ലിജോ സാര്‍ എന്ന സംവിധായകന്റെ മാജിക്ക് ഉണ്ട്.

 ശരത് കുമാര്‍ അപ്പാനി രവിയായി 
ശരത് കുമാര്‍ അപ്പാനി രവിയായി 

അഭിനയരംഗത്ത് നേരത്തെ സജീവമായിരുന്നോ?

തിരുവനന്തപുരത്ത് അരുവിക്കരയാണ് എന്റെ സ്വദേശം. കുട്ടിക്കാലം മുതല്‍ക്കേ ഒരു നാടകക്കളരിയുടെ മുറ്റത്താണ് കളിച്ചു വളര്‍ന്നത്. അതുകൊണ്ട് തന്നെ നാടകത്തോടും നാടക കലാകാരന്‍മാരോടും ആ സമയം മുതല്‍ക്കേ ഇഷ്ടവും വളര്‍ന്നു. പിന്നീട് സ്‌കൂള്‍ കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചു. പിന്നീട് തിരുവനന്തപുരത്ത് പല ട്രൂപ്പുകള്‍ക്കൊപ്പം നാടകങ്ങളില്‍ സഹകരിച്ചു. സ്‌കൂളിലെ പഠിത്തമൊക്കെ അത്ര മെച്ചമായിരുന്നില്ല, അതിനേക്കാള്‍ കമ്പം നാടകത്തോടായിരുന്നു. എന്റെ കുടുംബ പശ്ചാത്തലം അത്ര നല്ലതായിരുന്നില്ല. സ്‌കൂള്‍ കഴിഞ്ഞ് ഹയര്‍ സെക്കണ്ടറി വരെ അച്ഛനും അമ്മയും നല്ല രീതിയില്‍ വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ഡിഗ്രി പഠിപ്പിക്കാന്‍ കോളേജിലേക്ക് അയക്കാന്‍ അവര്‍ക്ക് സാമ്പത്തികസ്ഥിതി ഉണ്ടായിരുന്നില്ല. കലാരംഗത്ത് സജീവമാകുന്നതിനോട് വീട്ടുകാര്‍ക്ക് അത്ര താല്‍പ്പര്യമുണ്ടായിരുന്നില്ല. സ്‌കൂള്‍ കാലത്ത് നല്ല രീതിയില്‍ പിന്തുണച്ചെങ്കിലും ഉപജീവനത്തിന് ഒരു തൊഴില്‍ നിര്‍ബന്ധമായിരിക്കേ, അതിന് പകരം നാടകവുമായി നടന്നാലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഓര്‍ത്തായിരിക്കും അവര്‍ പിന്തിരിപ്പിച്ചത്. എനിക്കാണേല്‍ കുട്ടിക്കാലം മുതല്‍ നാടകം ശരീരത്തില്‍ കയറിയത് കൊണ്ട് വിട്ടുപോകുന്നുമില്ല. അതിനിടെ കറസ്‌പോണ്ടന്റായി ഡിഗ്രി എടുത്തു. തിരുവനന്തപുരത്ത് ഗ്രാമങ്ങളിലും നഗരങ്ങളിലുമൊക്കെയായി നാടകവുമായി ഊരുചുറ്റലായിരുന്നു ആ സമയത്തെ ജീവിതം.

സ്‌കൂള്‍ നാടക കാലത്തിന് ശേഷം പ്രൊഫഷണല്‍ നാടകത്തിലായിരുന്നു അഭിനയിച്ചുകൊണ്ടിരുന്നത്. നാടകരംഗത്ത് തന്നെ സജീവമായി നിന്നപ്പോള്‍ കാവാലം നാരായണപ്പണിക്കര്‍ സാറിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു. ജീവിതത്തിലെ വലിയ അവസരങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റെ കര്‍ണ്ണഭാരത്തില്‍ അഭിനയിക്കാന്‍ സാധിച്ചത്. പിന്നെയും രണ്ട് മൂന്ന് നാടകങ്ങളില്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പ്രവര്‍ത്തിക്കാനായി. സാര്‍ മരിക്കുന്നതിന് മുമ്പ് കാവാലത്തിന്റെ ശിക്ഷണം ലഭിച്ചത് ജീവിതത്തിലെ വഴിത്തിരിവ് തന്നെയാണ്. പിന്നീട് സൈക്ലിസ്റ്റ് എന്ന നാടകം അവതരിപ്പിക്കാനായി എന്റെ ഒരു സ്‌നേഹിതനായ ചേട്ടന്‍, കണ്ണന്‍ ചേട്ടന്‍ കാലടി ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലേക്ക് ക്ഷണിച്ചു. അങ്ങനെ കാലടി കാമ്പസില്‍ ആ പ്ലേ അവതരിപ്പിച്ചപ്പോഴാണ് കാലടി യൂണിവേഴ്‌സിറ്റി കാമ്പസിനകത്ത് വലിയൊരു സൗഹൃദം രൂപപ്പെട്ടത്. നാടകം ജീവിതവും അഭിനിവേശവുമായി കൊണ്ടുനടക്കുന്ന കുറേ കൂട്ടുകാര്‍. അവിടെ തിയറ്റര്‍ മേഖലയുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹം വന്നത് അങ്ങനെയാണ്. സൈക്ലിറ്റ് കഴിഞ്ഞ് തിരുവനന്തപുരത്ത് പോയി, പിന്നെ അടുത്ത വര്‍ഷമാണ് കാലടി സര്‍വകലാശാലയില്‍ ജോയിന്‍ ചെയ്യുന്നത്. എം എ നാടകമാണ് കാലടിയില്‍ ഇപ്പോള്‍ പഠിക്കുന്നത്.

 ശരത് കുമാര്‍ 
ശരത് കുമാര്‍ 

അപ്പാനി രവിയുടെ കഥാപാത്രത്തെ രൂപപ്പെടുത്തുന്നതില്‍ ശരതിന്റെ മെലിഞ്ഞ ശരീരവും പ്രധാന ഘടകമായിരുന്നു, ഈ ശരീരമായിരുന്നല്ലേ സിനിമയിലെത്താനുള്ള വെല്ലുവിളി?

സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമായിരുന്നുവെങ്കില്‍ എനിക്ക് എത്തിപ്പിടിക്കാനാകുന്ന ഇടമാണെന്ന് ചിന്തിച്ചിരുന്നില്ല. നമ്മളെ പോലെ പട്ടിണിയും പരിവട്ടവും നാടകവുമായ നടക്കുന്ന ആളുകള്‍ക്ക് സിനിമാ പ്രവേശം എളുപ്പമല്ലെന്നും കരുതിയിരുന്നു. അതിന് കാരണവുമുണ്ട്. കാലടിയില്‍ പഠനം തുടങ്ങിയ കാലത്ത് എറണാകുളത്ത് മിക്ക ഓഡിഷനിലും പങ്കെടുത്തിരുന്നു. സിനിമയ്ക്ക് വേണ്ടി അഭിനേതാക്കളെ തേടുന്നുവെന്ന പരസ്യം ഫേസ്ബുക്കിലൊക്കെ കണ്ടാണ് പോകുന്നത്. വളരെ സങ്കടകരമായ കാര്യങ്ങളാണ് ആ ഘട്ടത്തിലൊക്കെ നേരിട്ടത്. കൂടുതല്‍ പേരും ഓഡിഷന്‍ സമയത്ത് എന്നോട് പറഞ്ഞിരുന്നത് നിങ്ങളുടെ ശരീരം കഥാപാത്രത്തിന് യോജിക്കില്ലെന്നാണ്, ഈ കഥാപാത്രത്തിന് കുറച്ച് സൈസൊക്കെ വേണമെന്ന് പറഞ്ഞ് മടക്കി അയക്കും. നാടക പ്രവര്‍ത്തകന്‍ എന്ന നിലയിലും നാടകവിദ്യാര്‍ത്ഥി എന്ന നിലയിലും ശരീരം നടന് പരിമിതിയാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്റെ ഈ മെലിഞ്ഞ ശരീരം വച്ച് രാവണനെ വേണമെങ്കില്‍ എനിക്ക് അവതരിപ്പിക്കാനാകും എന്ന വിശ്വാസമുണ്ടായിരുന്നു. അത് അഹങ്കാരമൊന്നുമല്ല കേട്ടോ, നടനെന്ന നിലയ്ക്കുള്ള ആത്മവിശ്വാസം മാത്രമാണ്. പക്ഷേ ഓരോ ഓഡിഷനിലും എന്റെ മെലിഞ്ഞ ശരീരം എന്നെ തിരിച്ചയക്കുന്നതാണ് കണ്ടത്. ഇതിനിടയില്‍ ചിലര്‍ ഓഡിഷന് ശേഷം റോള്‍ ഓഫര്‍ ചെയ്തു. പിന്നീട് വിളിക്കാമെന്ന് പറഞ്ഞെങ്കിലും വിളി വന്നില്ല, മറ്റൊരു പടത്തില്‍ ചെറിയ റോളില്‍ അഭിനയിച്ചു. പക്ഷേ സിനിമ തിയറ്ററുകളിലെത്തിയപ്പോ ഞാന്‍ ഇല്ലായിരുന്നു. തിയറ്ററില്‍ കൂട്ടുകാര്‍ക്കൊപ്പം സിനിമ കാണാന്‍ പോയി സങ്കടത്തോടെ മടങ്ങി വന്നിട്ടുണ്ട്. ഇതേ സമയം ഉപജീവനത്തിനായി സ്‌കൂള്‍-കോളേജ് കലോല്‍സവത്തിന് മോണോ ആക്ട്, മൈം,നാടകം എന്നിവ പഠിപ്പിക്കാന്‍ പോകും. അങ്ങനെ കിട്ടുന്ന വരുമാനം കൊണ്ടാണ് പഠിക്കുന്നതും ഇതുവരെ ജീവിച്ചതും. ഇപ്പോഴും സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ കലോല്‍സവത്തിന് പരിശീലിപ്പിക്കുന്നുണ്ട്.

 ശരത് കുമാര്‍ ലിജോ പെല്ലിശേരിക്കൊപ്പം
ശരത് കുമാര്‍ ലിജോ പെല്ലിശേരിക്കൊപ്പം

അപ്പാനി രവി അങ്കമാലി പട്ടണത്തിലെ നാടന്‍ ഗുണ്ടയാണ്, നാടക പ്രവര്‍ത്തകനാണല്ലോ ശരത്. അപ്പാനിയുടെ രീതികളും മാനറിസവും ശൈലിയുമൊക്കെ എങ്ങനെയാണ് വന്നത് ?

നാടകം കളിക്കുന്ന സമയത്തും കാലടിയില്‍ പഠിക്കുന്ന സമയത്തും കയ്യില്‍ കാശില്ലെങ്കില്‍ കൈ കാട്ടിയാല്‍ നിര്‍ത്തുന്ന ടാങ്കര്‍ ലോറിയിലോ ചരക്ക് ലോറിയിലോ കയറിയാവും യാത്ര, അതല്ലെങ്കില്‍ വേറേ ഏതെങ്കിലും വണ്ടി. അതില്‍ കയറി യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറുമായി കുറേ നേരം സംസാരിക്കും, അങ്ങനെ അവരുടെ രീതികളും മാനറിസവുമൊക്കെ മനസിലുണ്ടായിരുന്നു. വേറൊരു കാര്യം കൂടി പറയാം. ഞാന്‍ ആരോടും ഇത് പറഞ്ഞിട്ടില്ല, പ്ലസ് ടു കഴിഞ്ഞപ്പോ പത്രത്തില്‍ പരസ്യം കണ്ടിട്ട് ഞാന്‍ ഒരു ജോലിക്കായി അങ്കമാലിയില്‍ വന്നിരുന്നു. സേവന കറിപ്പൗഡറിന്റെ വില്‍പ്പനയായിരുന്നു കിട്ടിയ ജോലി. ജീവിതത്തിലെ ആദ്യത്തെ ജോലിയായിരുന്നു. ട്രെയിനില്‍ തിരുവനന്തപുരത്ത് നിന്നും അങ്കമാലിയില്‍ വന്നിറങ്ങി. സേവന കറിപൗഡറിന്റെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായി അങ്കമാലി മുഴുവന്‍ അലഞ്ഞു. കയ്യിലുളളതൊന്നും ചെലവാകാതെ വിശന്ന്, കരഞ്ഞ്, ആകെ മടുത്ത് തിരിച്ച് തിരുവനന്തപുരത്തേക്ക് വണ്ടി കയറി. അതേ അങ്കമാലിയാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. യഥാര്‍ത്ഥ ജീവിതത്തില്‍ കയ്യിലുള്ള കറിപൗഡര്‍ ചെലവാകാതെ വിശന്ന് തളര്‍ന്ന് പൊട്ടിക്കരഞ്ഞ് ഇരുന്ന അതേ അങ്കമാലിയില്‍ സിനിമയില്‍ കയ്യില്‍ തോട്ടയുമായി അവിടെ മൊത്തം വിറപ്പിക്കുന്ന അപ്പാനി രവിയായി. അതൊക്കെയാണ് ഈ സിനിമ സമ്മാനിച്ച അല്‍ഭുതം. അന്ന് എന്നെ നിരാശനാക്കി വെറുംകയ്യോടെ തിരിച്ചയച്ച അങ്കമാലിയാണ് ഇപ്പോഴെനിക്ക് ജീവിതം തന്നത്.

 ശരത് കുമാര്‍ 
ശരത് കുമാര്‍ 

അപ്പാനി രവിയെ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നു. ശരത് എന്ന നടനെക്കാള്‍ ആളുകള്‍ക്ക് പരിചയം അപ്പാനി രവിയെയാണ്. അടുത്ത സിനിമ ഈയൊരു കഥാപാത്രത്തെ മറികടക്കുന്നതായിരിക്കേണ്ടേ?

എനിക്ക് വലിയ സന്തോഷമുണ്ട്. ഈ സിനിമ ഇറങ്ങുന്നതിന്റെ തലേന്നാള്‍ വരെ ഒന്നുല്ലാതിരുന്ന ഒരു സാധാരണക്കാരനെ ഒരു കഥാപാത്രത്തിലൂടെ ജനങ്ങല്‍ സ്വീകരിച്ചിട്ടുണ്ട്. അതിന് നന്ദി ആദ്യം ദൈവത്തോടും, പിന്നെ ലിജോ ചേട്ടനോടും ഈ കഥാപാത്രത്തെ സൃഷ്ടിച്ച ചെമ്പന്‍ ചേട്ടനോടുമാണ്. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത കഥാപാത്രം ചെയ്യാനാണ് ആഗ്രഹം. ഈ കഥാപാത്രത്തെക്കാള്‍ മികച്ചതായി ഇനിയും നല്ല റോളുകള്‍ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. ഇനിയൊരു മോശം റോള്‍ ചെയ്താല്‍ അത് ലിജോ ചേട്ടനോട് ചെയ്യുന്ന തെറ്റായിരിക്കും. എന്റെ ഇത്രയും കാലത്തെ കഷ്ടപ്പാടിനും നെട്ടോട്ടത്തിനും

 ശരത് കുമാര്‍ നാടകത്തില്‍ 
ശരത് കുമാര്‍ നാടകത്തില്‍ 

കമ്മട്ടിപ്പാടത്തില്‍ ബാലേട്ടനായ മണികണ്ഠനുമായി താരതമ്യം ചെയ്യുന്നുണ്ടല്ലോ സോഷ്യല്‍ മീഡിയ

ബാലേട്ടനായ മണികണ്ഠന്‍ ചേട്ടനെ എനിക്ക് നന്നായി അറിയാം. കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്‍ അഭിനയത്തില്‍ എന്റെ ശരീരത്തില്‍ വന്നിട്ടില്ല. മണികണ്ഠന്‍ ചേട്ടന് കിട്ടിയ പോലെ കയ്യടി കിട്ടുന്നതില്‍ സന്തോഷം. പാവങ്ങളും സിനിമയില്‍ അഭിനയിക്കട്ടേ. ഇനിയും ഇതുപോലുള്ള പുതുമുഖങ്ങളെ വിശ്വസിക്കാനും അവസരം കിട്ടാനും ഞങ്ങളുടെയൊക്കെ റോളുകള്‍ പ്രചോദനമാകുമെങ്കില്‍ അത് കൂടിയാകും സന്തോഷം. മണികണ്ഠന്‍ ചേട്ടനും ഞാനുമൊക്കെ അത്ര താഴേക്കിടയില്‍ നിന്നാണ് വരുന്നത്. അതുപോലുള്ള യാതൊരു സൗകര്യവുമില്ലാത്ത സ്ഥലങ്ങളില്‍ ഇനിയും നടന്‍മാര്‍ ഉയര്‍ന്നുവരട്ടേ. ഓഡിഷനൊക്കെ പോയപ്പോ ഒരു പാട് സ്ഥലത്ത് നിന്ന് മാനസികമായി തളര്‍ത്തി തിരിച്ചയച്ചിട്ടുണ്ട്. അവിടെ നിന്ന് കയ്യടി കിട്ടുന്ന ഒരു കഥാപാത്രത്തിലേക്ക് എത്തിച്ചത് അഭിനയത്തോടുള്ള ഭ്രാന്ത് കൊണ്ടാവണം.

പുതിയ സിനിമകളിലേക്കുള്ള വിളികള്‍ വന്നുകാണുമല്ലോ, അടുത്ത റോളില്‍ തീരുമാനമെടുത്തോ?

ഞങ്ങള്‍ എണ്‍പത്തിയാറ് പേരും സിനിമയുടെ പ്രമോഷന്‍ തിരക്കിലായിരുന്നു. കുറേ പേര്‍ വിളിക്കുകയും ഫേസ്ബുക്കില്‍ മെസ്സേജ് അയക്കുന്നുമുണ്ട്. രണ്ട് മൂന്ന് പേര്‍ സ്‌ക്രിപ്ട് പറയാമെന്ന് പറഞ്ഞിട്ടുണ്ട്. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ പുതിയ സിനിമയുടെ സ്‌ക്രിപ്ട് കേള്‍ക്കും. അടുത്ത സിനിമ ചെയ്യുന്നതിന് മുമ്പ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്ന എന്റെ ലിജോ ചേട്ടനോടും ചെമ്പന്‍ ചേട്ടനോടും വിജയ് ബാബു സാറിനോടും അഭിപ്രായം ചോദിക്കണം. ആ കാരക്ടര്‍ ചെയ്താല്‍ ശരതിന് നന്നാവുമെന്ന് അവര്‍ കൂടി പറഞ്ഞിട്ട് അടുത്ത സിനിമ ചെയ്യാമെന്നാണ് കരുതുന്നത്.