ജയരാജ് അഭിമുഖം: എന്റെ ചന്തു ചതിയനാണ്,മാക്ബത്തിന് ലോകത്ത് വന്ന പതിപ്പുകളില്‍ മികച്ച മൂന്നെണ്ണത്തില്‍ ഒന്നായിരിക്കും വീരം 

August 27, 2016, 1:04 pm
ജയരാജ് അഭിമുഖം: എന്റെ ചന്തു ചതിയനാണ്,മാക്ബത്തിന് ലോകത്ത് വന്ന പതിപ്പുകളില്‍ മികച്ച മൂന്നെണ്ണത്തില്‍ ഒന്നായിരിക്കും വീരം 
Celebrity Talk
Celebrity Talk
ജയരാജ് അഭിമുഖം: എന്റെ ചന്തു ചതിയനാണ്,മാക്ബത്തിന് ലോകത്ത് വന്ന പതിപ്പുകളില്‍ മികച്ച മൂന്നെണ്ണത്തില്‍ ഒന്നായിരിക്കും വീരം 

ജയരാജ് അഭിമുഖം: എന്റെ ചന്തു ചതിയനാണ്,മാക്ബത്തിന് ലോകത്ത് വന്ന പതിപ്പുകളില്‍ മികച്ച മൂന്നെണ്ണത്തില്‍ ഒന്നായിരിക്കും വീരം 

വാണിജ്യ സിനിമകളിലൂടെയും സമാന്തര സിനിമകളിലൂടെയും മാറി മാറി സഞ്ചരിച്ച ചലച്ചിത്രകാരനാണ് ജയരാജ്. ജോണി വാക്കര്‍ എന്ന ഹിറ്റ് ചിത്രവും ഫോര്‍ ദ പിപ്പിള്‍ എന്ന ട്രെന്‍ഡ് സെറ്ററും ഒരുക്കിയ അതേ ചലച്ചിത്രകാരന്‍ ദേശാടനം,കളിയാട്ടം,കരുണം, ശാന്തം, ഒറ്റാല്‍ എന്നീ സിനിമകളിലൂടെ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കി. കലാമൂല്യമുള്ള സിനിമകളില്‍ നിന്ന് പൂര്‍ണമായും വഴിതിരിയുകയും തിയറ്ററുകളെ ലക്ഷ്യമിട്ട് തുടര്‍ച്ചയായി സിനിമകള്‍ ഒരുക്കുകയും ചെയ്ത ജയരാജ് ഒറ്റാല്‍ എന്ന ചിത്രത്തിന് പിന്നാലെ ഇനി കമേഴ്‌സ്യല്‍ സിനിമ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ക്രിസ്റ്റല്‍ ബെയര്‍ പുരസ്‌കാരവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ഒറ്റാല്‍ നേടിയിരുന്നു. നവരസങ്ങളിലൂന്നി ഒമ്പത് സിനിമകളൊരുക്കണമെന്ന ആഗ്രഹതുടര്‍ച്ചയില്‍ അഞ്ചാമത്തെ ചിത്രമായി വീരം പൂര്‍ത്തിയാക്കുകയാണ് ജയരാജ്. കരുണം,ശാന്തം,അത്ഭുതം,ബീഭല്‍സ് എന്നീ ചിത്രങ്ങളായിരുന്നു നവരസ സീരീസിലെ മുന്‍സിനിമകള്‍. ലോകോത്തര സാങ്കേതിക വിദഗ്ധരെ അണിനിരത്തിയാണ് വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തില്‍ ജയരാജ് വീരഭാവത്തെ സ്‌ക്രീനിലേക്ക് പകര്‍ത്തുന്നത്. കുനാല്‍ കപൂറാണ് നായകന്‍. ബ്രിക്‌സ് ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിംഗ് ഫിലിം ആണ് വീരം. ചിത്രത്തെക്കുറിച്ച് ജയരാജ്

വീരം ഫസ്റ്റ് ലുക്ക് പുറത്തുവന്നല്ലോ, വടക്കന്‍ പാട്ടിലെ ചന്തുവിനെ ആധാരമാക്കിയാണോ ചിത്രം?

ഷേക്‌സ്പിയറിന്റെ മാക്ബത്തിന്റെ സ്വതന്ത്ര ആവിഷ്‌കാരമാണ് വീരം. വടക്കന്‍ പാട്ടിലെ ചന്തു എന്ന കഥാപാത്രവും മാക്ബത്തും ചേര്‍ന്നതാണ് വീരം. ഞാന്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എം ആര്‍ വാര്യരാണ് സംഭാഷണ രചന. വടക്കന്‍ പാട്ടുകളും വടക്കന്‍ പാട്ടുകളിലെ വീരകഥകളും സിനിമയില്‍ കണ്ടത് വടക്കന്‍ വാമൊഴിയില്‍ അല്ല,വള്ളുവനാടന്‍ ഭാഷയിലാണ്. വടക്കന്‍ പാട്ട് ആദ്യമായി വടക്കന്‍ വാമൊഴിയില്‍ വരുകയാണ്. മാക്ബത്ത് എന്ന ഷേക്‌സീപീരിയന്‍ നാടകം കളരിയുടെ പശ്ചാത്തലത്തില്‍ പുനരവതരിപ്പിക്കാനാണ് വീരത്തിലൂടെ ശ്രമിക്കുന്നത്.

കളരി വീരത്തിന്റെ തീം ആണോ?

കളരിയുടെ ജന്മദേശമായിട്ടും നമ്മള്‍ കളരിയെ തീരെ പ്രയോജനപ്പെടുത്തിയിട്ടില്ല. മറുനാട്ടില്‍ നിന്നെത്തിയവരാണ് നമ്മളെക്കാള്‍ ഈ ആയോധനകലയുടെ സാധകരായി സാധ്യത ഉപയോഗപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ആയോധന രൂപമാണ്. ബിസി ആറാം നൂറ്റാണ്ടില്‍ ഉണ്ടായതാണ് കളരി. ബോധിധര്‍മ്മ എന്ന ബുദ്ധസന്യാസി ഇവിടെ നിന്നാണ് കളരിയെ ചൈനയിലെത്തിച്ചത്. അതിന്റെ വകഭേദമായി കുങ്ങ്ഫുവും കരാട്ടേയുമൊക്കെ വന്നത്. വകഭേദങ്ങളൊക്കെ ജനകീയമായെങ്കിലും കളരിക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. സിനിമയിലും കളരിയെ യഥാര്‍ത്ഥ സ്വത്വത്തില്‍ അല്ല അവതരിപ്പിച്ചിട്ടുള്ളത്. അതൊരു സിനിമാറ്റിക് അവതരണം മാത്രമായിരുന്നു. ഇവിടെ കളരിയെ ആധികാരികമായും ശാസ്ത്രീയമായും ചിത്രീകരിക്കാനാണ് നോക്കിയിട്ടുള്ളത്. വടക്കന്‍ പാട്ടും ചന്തുവും പ്രമേയമാകുമ്പോള്‍ കളരി സിനിമയുടെ പ്രധാന പശ്ചാത്തലമാകുന്നുണ്ട്. ഓണാഘോഷത്തിനൊക്കെ കാണുന്നത് പോലെ കളരിയുടെ ഒരു ഡോമോണ്‍സ്‌ട്രേഷന്‍ അല്ല വീരത്തില്‍ കാണാനാവുക. സ്റ്റണ്ട് കൊറിയോഗ്രഫറായ അലന്‍ പോപ്പില്‍ട്ടണ്‍ മൂന്ന് മാസത്തോളം കേരളത്തില്‍ ചെലവിട്ട് കളരി പരിശീലനവും കളരിപ്പയറ്റും നേരില്‍ കണ്ട് ചിത്രീകരിച്ച ശേഷമാണ് ആക്ഷന്‍ കൊറിയോഗ്രഫി പഌന്‍ ഉണ്ടാക്കിയത്. സിവിഎന്‍ കളരിയിലെ ശിവകുമാര്‍ ഗുരുക്കളും കളരിയെ ആധികാരികമായി അവതരിപ്പിക്കാന്‍ പിന്തുണ നല്‍കി. ആറ് മാസത്തോളം നായകന്‍ കുനാല്‍ കപൂര്‍ ഉള്‍പ്പെടെ പ്രധാന താരങ്ങളെല്ലാം കളരി പരിശീലിച്ചിരുന്നു. ആയോധന വിദ്യ അഭ്യസിക്കാനും ചെയ്യാനും സാധിക്കുന്ന അഭിനേതാക്കളെ കൂടിയാണ് കഥാപാത്രങ്ങളാക്കിയത്.

ഓസ്‌കാര്‍ ജേതാക്കള്‍ ഉള്‍പ്പെടെ ഹോളിവുഡ് സാങ്കേതിക പ്രവര്‍ത്തകരാണല്ലോ അണിയറയില്‍, അത്ര വലിയ കാന്‍വാസിലാണോ ചിത്രം?

ഈ സിനിമയില്‍ പ്രധാനമായും മുതല്‍മുടക്കിയിരിക്കുന്നത് ഇതിന്റെ സാങ്കേതിക പൂര്‍ണതയ്ക്ക് വേണ്ടിയാണ് അല്ലാതെ താരങ്ങള്‍ക്ക് വേണ്ടിയല്ല. ഓസ്‌കാര്‍ ജേതാക്കളും ലോകത്ത് ലഭിക്കാവുന്നതില്‍ മികച്ച ടെക്‌നീഷ്യന്‍സും ഇക്കൂട്ടത്തിലുണ്ട്. ഈ സിനിമയില്‍ സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്യാന്‍ ലോകത്തെ മികച്ച സാങ്കേതിക പ്രവര്‍ത്തകന്‍ വേണമെന്ന് തീരുമാനിച്ചതും കളരിയെ മികച്ച രീതിയില്‍ അവതരിപ്പിക്കാനാണ്. അവതാര്‍, ലോര്‍ഡ് ഓഫ് ദ റിംഗ്‌സ്, ഹംഗര്‍ ഗെയിംസ്, ഹെര്‍കുലീസ് എന്നീ സിനിമകളില്‍ സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ ആയും ആക്ഷന്‍ ഡയറക്ടറായും ഉണ്ടായിരുന്ന അലന്‍ പോപ്പിള്‍ടണ്‍ ആണ് വീരത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫര്‍. സിനിമയ്ക്ക് ഒരു രാജ്യാന്തര സ്വഭാവമുണ്ടാക്കാന്‍ വേണ്ടിയല്ല ഈ ടെക്‌നീഷ്യന്‍സിനെ കൊണ്ടുവന്നത്. ആകാംക്ഷയുടെ വാള്‍മുനയില്‍ നില്‍ക്കുന്ന അനുഭവം പ്രേക്ഷകര്‍ക്ക് ഉണ്ടാകണം എന്നതിനാലാണ് അലനെ ആക്ഷന്‍ ഏല്‍പ്പിച്ചത്. മറ്റ് സാങ്കേതിക പ്രവര്‍ത്തകരും ഇത്തരത്തില്‍ രാജ്യാന്തര ശ്രദ്ധ നേടിയവരാണ്. വിഎഫ്എക്‌സ് ചെയ്യുന്നത് പ്രാണാ സ്റ്റുഡിയോസ് ആണ്. ഗെയിം ഓഫ് ത്രോണ്‍സ് ചെയ്തത് അവരാണ്. ഓസ്‌കാര്‍ ജേതാവായ ട്രിഫോര്‍ പ്രൗഡ് ആണ് മേക്കപ്പ്. ഗഡിയേറ്ററും സ്റ്റാര്‍ വാര്‍സും ചെയ്ത ആളാണ് അദ്ദേഹം. ഗ്ലാഡിയേറ്റര്‍,ഇന്‍സെപ്ഷന്‍,ഇന്റര്‍സെറ്റല്ലാര്‍, ദ ഡാര്‍ക്ക് നൈറ്റ് എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ ഹാന്‍സ് സിമ്മറുടെ അസോസിയേറ്റ് ജഫ് റോണയാണ് പശ്ചാത്തല സംഗീതം. സ്‌പൈഡര്‍ മാന്‍, ടൈറ്റാനിക് ഹാരിപോര്‍ട്ടര്‍ എന്നീ സിനിമകളുടെ കളറിസ്റ്റ് ആയിരുന്ന ജെഫ് ഓം ആണ് കളറിസ്റ്റ്. ഒപ്പം എസ് കുമാര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. കാവാലം നാരായണപ്പണിക്കര്‍ അവസാനമായി രചന നിര്‍വഹിച്ച ഗാനം ഈ ചിത്രത്തിലുണ്ട്. എം.കെ അര്‍ജുനന്‍ മാസ്റ്ററാണ് സംഗീത സംവിധാനം. അപ്പു ഭട്ടതിരിയാണ് എഡിറ്റര്‍. അപ്പു എന്റെ ഒറ്റാല്‍ എന്ന സിനിമയുടെയും ചിത്രസംയോജകനായിരുന്നു. മിടുക്കനായ എഡിറ്ററാണ് അപ്പു. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയാണ്. സൗണ്ട് മിക്‌സിംഗ് സിനോയ് ആണ്.

മാക്ബത്ത് എന്ന ദുരന്തനാടകം എങ്ങനെ വീരമായി?

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഉള്ള അവതാര്‍ എന്ന പേര് ഒരു ഹോളിവുഡ് ചിത്രത്തിന് പറ്റുമെങ്കിലും വീരം ഏത് ഭാഷയിലും ഇണങ്ങുന്ന പേരാണ്. വീരം ദീര്‍ഘകാലമായി എന്റെ മനസ്സില്‍ ഉള്ള ചിത്രമാണ്. എന്റെ സ്വപ്‌ന സിനിമ എന്ന് തന്നെ പറയാം. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും ഒരേ സമയം പുറത്തിറക്കാനാണ് ഞാന്‍ ആലോചിക്കുന്നത്. അഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌ക്രിപ്ട് പൂര്‍ത്തിയാക്കിയിരുന്നു. വേണ്ട തയ്യാറെടുപ്പുകളും നടത്തി. പക്ഷേ ഈ സിനിമ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ മികച്ച സാങ്കേതിക പിന്തുണ വേണമെന്ന് അറിയാമായിരുന്നു. അങ്ങനെ നല്ലൊരു നിര്‍മ്മാതാവിനായി തെരച്ചിലില്‍ ആയിരുന്നു. ചന്ദ്രമോഹന്‍ ഡി പിള്ളൈ എന്ന നിര്‍മ്മാതാവ് ഈ സിനിമ ഏറ്റെടുക്കുന്നത് അങ്ങനെയാണ്. അദ്ദേഹം എന്റെ പഴയ ഒരു സുഹൃത്താണ്. 25 വര്‍ഷമായി ഞങ്ങള്‍ കണ്ടിട്ടില്ല. കുറേ കാലമായി ഞങ്ങള്‍ തമ്മില്‍ കോണ്ടാക്ട് ഉണ്ടായിരുന്നില്ല. ഒറ്റാലിന് ഐഎഫ്എഫ്‌കൈയില്‍ സുവര്‍ണചകോരം ലഭിച്ചപ്പോള്‍ ഞാന്‍ നല്‍കിയ അഭിമുഖത്തില്‍ വീരത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. നിര്‍മ്മാതാവ് ആരാണെന്ന് തീരുമാനിച്ചിട്ടില്ല. അപ്പോഴാണ് ചന്ദ്രമോഹന്‍ എന്നെ ബന്ധപ്പെടുന്നത്. നല്ലൊരു നിര്‍മ്മാതാവിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ചന്ദ്രമോഹനിലൂടെ സഫലമായത്. ഈ സിനിമ ജയരാജ് ആഗ്രഹിക്കുന്ന പൂര്‍ണതയോടെ ചെയ്യാം എന്ന പിന്തുണയാണ് ചന്ദ്രമോഹന്‍ നല്‍കിയത്. സ്‌ക്രിപ്ട് പൂര്‍ത്തിയാക്കിയതിനാല്‍ ഞാന്‍ നേരേ അമേരിക്കയിലേക്ക് പോയി ടെക്‌നീഷ്യന്‍സിനെ സമീപിച്ചു. അജന്തയിലും എല്ലോറയിലും ആഗ്രയിലുമൊക്കെ സിനിമ ചിത്രീകരിച്ചു. സാങ്കേതിക പൂര്‍ണതയ്ക്ക് വേണ്ടിയാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയത്.

ഒഥല്ലോയുടെ ചലച്ചിത്രഭാഷ്യമായ കളിയാട്ടം തെയ്യം പശ്ചാത്തലമായും,മറ്റൊരു ചിത്രമായ ശാന്തം വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആധാരമാക്കിയും എടുത്തവയാണ്. മാക്ബത്തിന് വേണ്ടി എന്തുകൊണ്ട് വടക്കന്‍ പാട്ടിലേക്കും ചന്തുവിലേക്കും എത്തി?

ഷേക്‌സീരിയന്‍ കൃതികളിലെ ദുരന്തതീവ്രത കൂടുതലുള്ള നാടകമാണ് മാക്ബത്ത്. ട്രാജഡി ഓഫ് അംബീഷന്‍ എന്നാണ് മാക്ബത്തിനെ വിശേഷിപ്പിക്കുന്നത്. എല്ലാ മനുഷ്യരുടെയും അതിമോഹത്തില്‍ സംഭവിച്ചേക്കാവുന്ന ദുരന്തമാണ് മാക്ബത്തിന് ആധാരം. മറ്റൊന്നായി മാറാനുള്ള ശ്രമവും അതിന് വേണ്ടിയുള്ള ആദ്യ തെറ്റിനെ പിന്‍പറ്റി സംഭവിക്കുന്ന നിരവധി തെറ്റുകള്‍. ഒടുവില്‍ അതില്‍ നിന്ന് പുറത്തുകടക്കാനേ കഴിയുന്നില്ല. കാലാതീത സൃഷ്ടി എന്ന ആകര്‍ഷണമാണ് മാക്ബത്ത് സിനിമയാക്കാന്‍ കാരണമായത്. അകിരാ കുറസോവയും റൊമാന്‍ പൊളാന്‍സ്‌കിയും ഉള്‍പ്പെടെ മാസ്റ്റേഴ്‌സ് മാക്ബത്ത് ചലച്ചിത്രരൂപത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മാക്ബത്തിന്റെ സിനിമാഭാഷ്യം നല്ല വെല്ലുവിളിയായി തന്നെയാണ് ഞാന്‍ കാണുന്നത്. ഇതുവരെ വന്നതില്‍ നിന്ന് വിഭിന്നമായ പരിഭാഷ്യം എന്ന നിലയ്ക്കാണ് മാക്ബത്തിനെ ഞാന്‍ സമീപിച്ചിരിക്കുന്നത്. വടക്കന്‍ പാട്ടുകഥകളിലെ ഏറ്റവും വലിയ ചതിയനായ ചന്തുവിലേക്ക് ഞാന്‍ എത്തിയത് അതുകൊണ്ടാണ്. ചന്തു ചെയ്ത കൊലപാതകം അത്രമേല്‍ നീചകൃത്യമായും കൊടുംചതിയായുമാണ് വിശേഷിപ്പിക്കുന്നത്. മാക്ബത്ത് ചെയ്തതും അതാണ്. മാക്ബത്തും തന്റെ ഏറ്റവും പ്രിയപ്പെട്ട രാജാവിനെയാണ് അധികാരമോഹത്താല്‍ വകവരുത്തിയത്. മാക്ബത്തിനേക്കാള്‍ എത്രയോ മുമ്പ് രചിക്കപ്പെട്ട വടക്കന്‍ പാട്ടുകളില്‍ വലിയ സാധ്യതകളാണ് ഒളിഞ്ഞിരിപ്പുളളത്. ചന്തുവും ഉണ്ണിയാര്‍ച്ചയും ആരോമലും കുട്ടിമാണിയും ഉള്‍പ്പെടുന്ന വലിയ കഥാപാത്രലോകവും കഥാലോകവും ഉണ്ട്.

വീരം ഫസ്റ്റ് ലുക്ക്, കുനാല്‍ കളരി പരിശീലനത്തില്‍ 
വീരം ഫസ്റ്റ് ലുക്ക്, കുനാല്‍ കളരി പരിശീലനത്തില്‍ 

ചതിയുടെ പ്രതീകമായ ചതിയന്‍ ചന്തുവിനെ ആണ്‍മയുടെയും നന്മയുടെ മുഖമാക്കി തിരുത്തിയെഴുതി സിനിമയായിരുന്നു എംടിയുടെ രചനയില്‍ ഹരിഹരന്‍ ഒരുക്കിയ ഒരു വടക്കന്‍ വീരഗാഥ. വീരം ചതിക്കാത്ത ചന്തുവിനെയാണോ ചതിയന്‍ ചന്തുവിനെയാണോ നായകനാക്കിയിരിക്കുന്നത്?

മലയാളത്തില്‍ ഒരു പാട് തവണ ചന്തു വന്നിട്ടുണ്ട്. വടക്കന്‍ പാട്ടുകളിലെ ചന്തു ചതിയനാണ്. അയാള്‍ ആരോമലിനെ ചതിച്ച് കൊന്നയാളാണ്.കുത്തുവിളക്ക് കൊണ്ട് കുത്തിക്കൊന്നു, മച്ചുനനെ ചതിച്ചു എന്നുമാണ് പാണരുടെ പാട്ടുകളില്‍ പറയുന്നത്. കൂടെ നിന്ന് ചതിച്ച ചന്തുവിനെ തന്നെയാണ് വീരത്തില്‍ കാണാനാവുക. മാക്ബത്തില്‍ നിന്ന് ചന്തുവിലെത്തുമ്പോള്‍ രണ്ട് കഥകളിലും ചില സമാനതകള്‍ കാണാം. ആ സമാനതകളില്‍ നിന്നാണ് വീരം എഴുതിയത്.

എന്തുകൊണ്ടാണ് ബോളിവുഡ് താരം കുനാല്‍ കപൂറിനെ ചന്തുവായി കാസ്റ്റ് ചെയ്തത്?

ഒരു താരത്തിന്റെ പുറകേ ഞാന്‍ പോയിട്ടില്ല. കളരിക്ക് പറ്റിയ ആകാരസൗഷ്ടവം ഉള്ള നടന്‍ വേണമെന്ന നിര്‍ബന്ധത്തില്‍ നിന്നാണ് കുനാലിനെ തെരഞ്ഞെടുക്കുന്നത്. കളരിപ്പയറ്റ് അഭ്യസിച്ച പലരെയും ഈ കഥാപാത്രത്തിനായി നോക്കിയിരുന്നു. പക്ഷേ അഭിനേതാവ് എന്ന നിലയില്‍ തൃപ്തിപ്പെടുത്തിയില്ല. അങ്ങനെയാണ് കുനാലില്‍ എത്തിയത്. കാസ്റ്റിംഗ് ഡയറക്ടറാണ് കുനാലിനെ നിര്‍ദ്ദേശിച്ചത്. അയാള്‍ ചെയ്ത രംഗ് ദേ ബസന്തി കണ്ടിരുന്നു. യൂണിവേഴ്‌സല്‍ അപ്പീല്‍ ഉള്ള ആക്ടറാണ് കുനാല്‍ കപൂര്‍. ആറ് മാസത്തോളം കളരി പരിശീലിക്കാമെന്ന് കുനാല്‍ കഥ കേട്ടപാടെ സമ്മതിച്ചു. ഒട്ടുമിക്ക താരങ്ങളും പുതുമുഖങ്ങളാണ്. പ്രധാനമായും രണ്ട് സ്ത്രീകഥാപാത്രങ്ങളാണ്. ശിവജിത്ത് എന്ന നടനാണ് ആരോമല്‍ ചേകവരാകുന്നത്. മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാകും ഈ നടന്‍. കണ്ണൂരില്‍ നിന്നുളള ആളാണ്. ഒന്നരവര്‍ഷത്തോളം കളരി അഭ്യസിച്ചിരുന്ന നടനാണ്. അഹ്‌റാന്‍ എന്നൊരു നടനും ചിത്രത്തിലുണ്ട്.

പീരിഡ് ഡ്രാമ എന്ന നിലയിലാണോ ചിത്രം, കാലഘട്ടമൊക്കെ എങ്ങനെയാണ് സമീപിച്ചിരിക്കുന്നത്?

വടക്കന്‍ പാട്ടുകളില്‍ പരാമര്‍ശിക്കുന്ന അതേ കാലഘട്ടം തന്നെയാണ്. 12ാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയാണ്. പിന്നെ കളര്‍ ടോണിലും രംഗപശ്ചാത്തലത്തിലുമെല്ലാം കാലഘട്ടത്തോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ മുമ്പ് ചെയ്ത സിനിമകളില്‍ നിന്ന് ഭിന്നമായ അവതരണരീതിക്കാണ് ശ്രമിച്ചിരിക്കുന്നത്. ഈ കാലഘട്ടത്തോട് ചേരുന്ന ലൊക്കേഷന് വേണ്ടിയാണ് ഔറംഗബാദിലും ആഗ്രയിലും ഫത്തേപ്പൂര്‍ സിക്രിയിലും എല്ലോറയിലും കേരളത്തിലെ ചില ഉള്‍നാടന്‍ പ്രദേശത്തുമായി സിനിമ ചിത്രീകരിച്ചത്.

പൊതുവേ സമാന്തര സ്വഭാവമുള്ള സിനിമകള്‍ ലോ ബജറ്റില്‍ ഉള്ളവയല്ലേ, വീരം താങ്കളുടെ കമേഴ്‌സ്യല്‍ സിനിമകളെക്കാള്‍ മുതല്‍മുടക്കിലാണല്ലോ? മുടക്കുമുതല്‍ തിയറ്ററുകളിലൂടെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം ഈ ചിത്രത്തിനൊപ്പമില്ലേ?

മികച്ച അക്കാദമിക് നിലവാരമുള്ള സിനിമ എന്നതിനാണ് ഞാന്‍ പ്രാഥമിക പരിഗണന നല്‍കിയത്. ദേശാടനം ഞാന്‍ തുടങ്ങുമ്പോള്‍ അക്കാദമിക് നിലവാരമുള്ള സിനിമകള്‍ ജനകീയമാക്കണം എന്ന ആഗ്രഹമാണ് ഉണ്ടായിരുന്നത്. ന്യൂ ജനറേഷന്‍ സിനിമ എന്ന എന്റെ നിര്‍മ്മാണ കമ്പനിയാണ് ദേശാടനം നിര്‍മ്മിച്ചത്. അന്ന് ഞങ്ങളുടെ മുന്നിലുണ്ടായിരുന്നത് അടൂര്‍ സാറിന്റെ കൊടിയേറ്റമായിരുന്നു. നൂറിലേറെ ദിവസം ഓടി സിനിമയാണ് അത്. ദേശാടനം അക്കാര്യത്തില്‍ വിജയമായി. നല്ല സിനിമ എന്ന നിലയില്‍ പുരസ്‌കാരങ്ങളിലും പ്രേക്ഷക മനസ്സിലും ആ ചിത്രം ഇടം നേടി. അതേ പ്രതീക്ഷ തന്നെയാണ് വീരം എന്ന സിനിമയ്‌ക്കൊപ്പവും എനിക്കുള്ളത്. വാണിജ്യ ചേരുവയുള്ള സിനിമകള്‍ മാത്രമല്ലല്ലോ വിജയിക്കാറുള്ളത്. നിലവാരമുള്ള ഒരു ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ വീരം സ്വീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. എന്നാല്‍ ബാഹുബലി പോലെ ഒരു ബ്രഹ്മാണ്ഡ സിനിമയോ ഫെസ്റ്റിവല്‍ ചിത്രമോ ഒന്നുമല്ല വീരം. മലയാളത്തില്‍ ഇന്നുവരെ വന്നതില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് വീരം. അത് സിനിമയുടെ സാങ്കേതിക പൂര്‍ണതയ്ക്ക് വേണ്ടിയാണ് എന്നതും എടുത്തുപറയുന്നു. ബാഹുബലി പോലെ വിസ്മയ രംഗങ്ങള്‍ക്കായി വിഎഫ്എക്‌സ് ചെയ്തതോ, ബ്രഹ്മാണ്ഡ ചിത്രമെന്നൊക്കെ പറയാനോ വേണ്ടി ഇത്രയേറെ ബജറ്റ് ചെലവഴിച്ചതുമല്ല.

Jayaraj
Jayaraj

നാല് രസങ്ങളിലൂന്നിയ സിനിമകള്‍ കൂടി ബാക്കിയുണ്ട്, തുടര്‍ന്ന് ചെയ്യുന്നത് ഈ ചിത്രങ്ങളാണോ?

നവരസത്തിലൂന്നിയ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ മറ്റ് ചിത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നുള്ളൂ. ഈ സീരീസ് തന്നെ തീര്‍ക്കാന്‍ നല്ല പ്രയത്‌നമുണ്ട്. സമൂഹത്തെ വിവിധ കോണുകളില്‍ നിന്ന് നിരീക്ഷിച്ചാല്‍ അല്ലെങ്കില്‍ വിവിധ അവസ്ഥകളോടുള്ള മനുഷ്യന്റെ പ്രതികരണങ്ങളെയും പ്രതിരോധങ്ങളെയും മനസ്സിലാക്കിയാല്‍ നവരസങ്ങളെ അടുത്തറിയാനാകും. കരുണം ചെയ്യുമ്പോള്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെടുന്ന വാര്‍ധക്യവും ഒറ്റപ്പെടലുമായിരുന്നു വിഷയം. ആ സാഹചര്യം ഇപ്പോഴും നിലവിലുണ്ട്. ശാന്തം ചെയ്തത് കൊലപാതക രാഷ്ട്രീയവും മനുഷ്യരുടെ ബന്ധങ്ങള്‍ കലുഷിതമാക്കുന്ന സാമൂഹ്യസാഹചര്യവും ആസ്പദമാക്കിയാണ്. അത്തരമൊരു അവസ്ഥയ്ക്കും മാറ്റമുണ്ടായിട്ടില്ല. ദയാവധം പ്രമേയാക്കിയാണ് അത്ഭുതം ഒരുക്കിയത്. ബീഭല്‍സ് ഹിന്ദിയിലാണ് ചെയ്തത്. അത് ബാലപീഢനം പ്രമേയമാക്കിയാണ്. രാമോജി റാവു ഫിലിം സിറ്റിയിലെ സെറ്റില്‍ ഒറ്റ ക്യാമറ ഉപയോഗിച്ച് 2 മണിക്കൂര്‍ 13 സെക്കന്‍ഡ് എടുത്താണ് അത്ഭുതം ചെയ്തത്. ധീരതയുടെ വിവിധ മാനങ്ങളിലൂടെ കൂടിയാണ് വീരം കഥ പറയുന്നത്. വടക്കന്‍ പാട്ടുകളില്‍ മലയാളിയില്‍ ഗൃഹാതുരതയും ചരിത്രസ്മൃതിയും മാത്രമല്ല ആത്മധൈര്യവും സൃഷ്ടിച്ചിട്ടുണ്ട്. പാണര്‍ പാടിയ കഥകളിലൂടെ ഉയിരെടുത്ത ചന്തുവിനെയാണ് വീരത്തില്‍ കാണാനാവുക. പാണനിലൂടെയാണ് കഥ പറയുന്നത്.

നവരസപ്രധാനമായ അടുത്ത നാല് സിനിമകള്‍ മലയാളത്തിലാണോ?

കൃത്യമായ തയ്യാറെടുപ്പോട് കൂടി മാത്രമേ ഇനി സിനിമ ചെയ്യൂ. നവരസ സീരീസിലെ ഇനി ചെയ്യേണ്ട നാല് ചിത്രങ്ങളില്‍ ചില സിനിമകളുടെ സബ്ജക്ട് മനസ്സിലുണ്ട്. ഒരു വിഷയം മനസ്സിനെ വിടാതെ പിന്തുടരുമ്പോള്‍ മാത്രമേ ചലച്ചിത്ര രൂപത്തിലേക്ക് കടക്കുകയുള്ളൂ. ഏത് ഭാഷയിലായിരിക്കും സിനിമ എന്നൊന്നും നിലവില്‍ തീരുമാനിച്ചിട്ടില്ല. ആറ് ദേശീയ അവാര്‍ഡും ആറ് വട്ടം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ സംവിധായകനാണ്, ജോണിവാക്കറും ഫോര്‍ ദ പിപ്പീളും പോലെ വലിയ കമേഴ്‌സ്യല്‍ സക്‌സസ് ആയ സിനിമകളും ഇക്കൂട്ടത്തിലുണ്ട്.

വാണിജ്യ സ്വഭാവമുള്ള സിനിമ ഇനി ചെയ്യില്ല എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണോ?

ഒറ്റാല്‍ എന്ന ചിത്രമാണ് എന്നെ ഇത്തമൊരു തീരുമാനത്തിലേക്ക് ഉറപ്പിച്ചുനിര്‍ത്തിയത്. ആ തീരുമാനത്തില്‍ മാറ്റമില്ല. ഒറ്റാലിന് ഐഎഫ്എഫ്‌കെയില്‍ നാല് പ്രധാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. സംവിധായകന്‍ എന്ന നിലയില്‍ സമൂഹത്തോടും പ്രേക്ഷകരോടും പുതിയ തലമുറയോടും കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്ന കാര്യം ഞാന്‍ മനസ്സിലാക്കുന്നു. പ്രേക്ഷകരോടും സമൂഹത്തോടുമുള്ള ആ ബാധ്യത തികഞ്ഞ സത്യസന്ധതോടെ ഇനിയങ്ങോട്ട് നിറവേറ്റണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. പലപ്പോഴും എന്നിലെ സംവിധായകന്‍ നേരിട്ട സംഘര്‍ഷമാണ് രണ്ട് ധാരകളിലുള്ള സിനിമകള്‍ മാറി മാറി ചെയ്യാന്‍ കാരണം. അര്‍ത്ഥവത്തായ സിനിമകള്‍ മാത്രമേ ഇനി ചെയ്യൂ എന്നത് ഒരു വാശിയും വെല്ലുവിളിയുമായി ഞാന്‍ ഏറ്റെടുക്കുകയാണ്. വീരം എന്ന സിനിമയെ ഞാന്‍ സമീപിച്ചതും അത്തരത്തിലാണ്. വലിയ ബജറ്റും മികച്ച ടെക്‌നീഷ്യന്‍സും ഉണ്ടായപ്പോഴും അക്കാദമിക്ക് ആയ ചിത്രമൊരുക്കാനാണ് ഞാന്‍ നോക്കിയത്. ഒരിക്കലും ഒരു വാണിജ്യ ഫോര്‍മുലയിലുള്ള സിനിമയല്ല വീരം. എന്നാല്‍ വാണിജ്യ സാധ്യത ഈ ചിത്രത്തിനുണ്ട്.

മാക്ബത്ത് പല പതിപ്പുകള്‍ വന്നിട്ടുണ്ടല്ലോ, ഹിന്ദിയില്‍ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ചലച്ചിത്ര ഭാഷ്യമുണ്ടായി ഇവയില്‍ നിന്ന് വീരം എങ്ങനെ വേറിട്ട് നില്‍ക്കും?

മാക്ബത്ത് എന്ന വിഖ്യാതരചനയ്ക്ക് ലോകത്ത് വന്ന പതിപ്പുകളില്‍ മികച്ച മൂന്നെണ്ണത്തില്‍ ഒന്നായിരിക്കും വീരം എന്ന് നൂറും ശതമാനം എനിക്ക് വിശ്വാസമുണ്ട്. അത്രമാത്രം ഇന്‍വോള്‍വ്ഡ് ആയാണ് ഞാന്‍ ഈ സിനിമ ചെയ്തിരിക്കുന്നത്.