‘മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഞാന്‍’; സന്തോഷ് പണ്ഡിറ്റ് പറയുന്നു 

April 17, 2017, 7:29 pm
‘മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഞാന്‍’; സന്തോഷ് പണ്ഡിറ്റ് പറയുന്നു 
Celebrity Talk
Celebrity Talk
‘മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഞാന്‍’; സന്തോഷ് പണ്ഡിറ്റ് പറയുന്നു 

‘മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഞാന്‍’; സന്തോഷ് പണ്ഡിറ്റ് പറയുന്നു 

മലയാളത്തിലെ മുഖ്യധാരാസിനിമ പലപ്പോഴും പരിഹാസത്തോടെ കണ്ട സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി നായകനാവുന്ന സിനിമയില്‍ ഒപ്പമഭിനയിക്കുന്നുവെന്ന വാര്‍ത്ത ഏറെ കൗതുകമുണര്‍ത്തുന്ന ഒന്നായിരുന്നു. തന്റേതായ രീതിയില്‍ സിനിമകളൊരുക്കിയ അദ്ദേഹം എന്തോ കുറ്റകൃത്യം ചെയ്തുവെന്ന മട്ടിലായിരുന്നു 'കൃഷ്ണനും രാധയും' പുറത്തിറങ്ങിയ കാലത്ത് പ്രമുഖ മാധ്യമങ്ങള്‍ പോലും പെരുമാറിയത്. എന്നാല്‍ പോകപ്പോകെ തന്റേതായൊരു സ്‌പേസ് സന്തോഷ് പണ്ഡിറ്റ് സൃഷ്ടിച്ചു. ഇപ്പോള്‍ ഏതിര്‍പ്പുകള്‍ തണുക്കുകയും കൈയടികള്‍ കൂടുകയും ചെയ്തിട്ടുണ്ട്, സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ. രാജാധിരാജ ഒരുക്കിയ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സന്തോഷ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. ഇത്തരത്തിലൊരു അവസരത്തിന്റെ ത്രില്ലിലാണ് താനെന്ന് പറയുന്നു സന്തോഷ് പണ്ഡിറ്റ്, സൗത്ത്‌ലൈവിനോട്..

ഈ സിനിമയെക്കുറിച്ച് ഇപ്പോള്‍ അധികം വെളിപ്പെടുത്താനാവില്ല. നല്ലൊരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. രാജാധിരാജ എന്ന ഹിറ്റൊരുക്കിയ അജയ് വാസുദേവിന്റെ സംവിധാനം. നായകന്‍ മമ്മൂക്ക. അങ്ങനെ ഒരു പ്രോജക്ടില്‍ അഭിനയിക്കാന്‍ അവസരം വരുമ്പോള്‍ എനിക്ക് കൂടുതല്‍ ചിന്തിക്കാനില്ലല്ലോ? മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. സിനിമയിലെത്തുന്നതിന് എത്രയോ മുന്‍പേ മമ്മൂക്കയെ ശ്രദ്ധിച്ചിട്ടുണ്ട്. സിനിമയോട് താല്‍പര്യമുള്ള ഒരാള്‍ എന്ന നിലയില്‍ പല കഥാപാത്രങ്ങളെയും അദ്ദേഹം എങ്ങനെയാവും അവതരിപ്പിച്ചിട്ടുണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ട്. പിന്നെ സിനിമയോട് അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥത. മമ്മൂക്കയെ ഇതുവരെ നേരില്‍ പരിചയപ്പെട്ടിട്ടില്ല. വരുന്ന ഓണത്തിനാവും ചിത്രം തീയേറ്ററുകളിലെത്തുക. എല്ലാത്തരം പ്രേക്ഷകരെയും പിടിച്ചിരുത്തുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. 
സന്തോഷ് പണ്ഡിറ്റ് 

എന്നാല്‍ ഒരു മുഖ്യധാരാസിനിമയിലേക്കുള്ള ആദ്യാവസരമല്ല ഇതെന്നും പറയുന്നു പണ്ഡിറ്റ്.

“നേരത്തേ സിനിമകളില്‍ അഭിനേതാവെന്ന നിലയില്‍ ചില അവസരങ്ങളൊക്കെ വന്നിരുന്നു. അവയില്‍ പ്രമുഖ താരങ്ങളുടെ സിനിമകളുമുണ്ടായിരുന്നു. പക്ഷേ എനിക്ക് ആ തിരക്കഥകളൊന്നും ബോധ്യപ്പെട്ടില്ല. ഒരു നല്ല പ്രോജക്ടിലേക്ക് എത്തുന്നത് ഇപ്പോഴാണ്. വെറുതെ വന്നുപോകുന്ന ഒരു കഥാപാത്രം ചെയ്തിട്ട് കാര്യമില്ലല്ലോ? ഈ വേഷത്തെക്കുറിച്ച് നേരത്തേ ചില സൂചനകളുണ്ടായിരുന്നു. പക്ഷേ സിനിമയിലെ കാര്യങ്ങളൊക്കെ യാഥാര്‍ഥ്യമാകണമെങ്കില്‍ പല ഘടകങ്ങള്‍ ചേര്‍ന്നുവരണമല്ലോ? അത്തരത്തിലുള്ളതൊക്കെ ഇപ്പോള്‍ ഒത്തുവന്നു..” 

സന്തോഷ് പണ്ഡിറ്റ് സെറ്റില്‍ ഇന്ന് ജോയിന്‍ ചെയ്തു. നാളെ മുതല്‍ അദ്ദേഹം ചിത്രീകരണത്തില്‍ പങ്കെടുക്കും. മറ്റൊരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടതുള്ള മമ്മൂട്ടി അതിനുശേഷമേ ജോയിന്‍ ചെയ്യൂ. അതിനാല്‍ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകളും ഉടന്‍ ഉണ്ടാവില്ല. സ്വന്തമായി സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളുടെ പണിപ്പുരയിലായിരുന്നുവെന്നും അവയ്ക്ക് ഇടവേള നല്‍കിയാണ് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെത്തിയിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ക്കുന്നു സന്തോഷ് പണ്ഡിറ്റ്. “രണ്ട് സിനിമകളുടെ വര്‍ക്കിലായിരുന്നു ഞാന്‍. 'ഉരുക്കുസതീശന്‍' എന്ന ഒരു സിനിമയും 'ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍' എന്ന മറ്റൊരു സിനിമയും. ഉരുക്കുസതീശന്റെ ചിത്രീകരണത്തില്‍നിന്ന് രണ്ട് മാസത്തെ ബ്രേക്ക് എടുത്തിരിക്കുകയാണ്. തല മൊട്ടയടിച്ച ലുക്കിലാണ് അതില്‍ ഞാനെത്തുന്നത്. ആ പ്രോജക്ടുകള്‍ക്കിടയിലാണ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം വന്നതും അത് സ്വീകരിച്ചതും..”