കാര്‍ത്തിക് നരേന്‍ അഭിമുഖം: ഏറ്റവും വിലമതിക്കുന്നത് ഷങ്കറിന്റെ ട്വീറ്റ്, ഡി 16 മലയാളം റീമേക്ക് ആലോചനയില്‍ 

February 24, 2017, 10:16 am
കാര്‍ത്തിക് നരേന്‍ അഭിമുഖം: ഏറ്റവും വിലമതിക്കുന്നത് ഷങ്കറിന്റെ ട്വീറ്റ്, ഡി 16 മലയാളം റീമേക്ക് ആലോചനയില്‍ 
Celebrity Talk
Celebrity Talk
കാര്‍ത്തിക് നരേന്‍ അഭിമുഖം: ഏറ്റവും വിലമതിക്കുന്നത് ഷങ്കറിന്റെ ട്വീറ്റ്, ഡി 16 മലയാളം റീമേക്ക് ആലോചനയില്‍ 

കാര്‍ത്തിക് നരേന്‍ അഭിമുഖം: ഏറ്റവും വിലമതിക്കുന്നത് ഷങ്കറിന്റെ ട്വീറ്റ്, ഡി 16 മലയാളം റീമേക്ക് ആലോചനയില്‍ 

പരീക്ഷണ സിനിമകളുടെ ഭൂമികയായ തമിഴകത്തെ ഏറ്റവും പുതിയ ചര്‍ച്ചാ വിഷയം ഇരുപത്തിരണ്ടുകാരനായ കാര്‍ത്തിക് നരേന്‍ എന്ന സംവിധായകനാണ്. ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ കോളിവുഡില്‍ തന്റെ ഇടം കണ്ടെത്തുകയാണ് 22 കാരനായ ഈ കോയമ്പത്തൂരുകാരന്‍. തമിഴിലെ മുന്‍നിര നിര്‍മ്മാതാക്കളും അഭിനേതാക്കളും ഈ യുവ സംവിധായകന്റെ ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍. 50 വിജയദിനങ്ങള്‍ പിന്നിട്ട് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ധ്രുവങ്ങള്‍ പതിനാറിന്റെ (ഡി-16) സംവിധായകന്‍ മനസ്സു തുറക്കുന്നു...

സിനിമ പോലെ ട്വിസ്റ്റും സസ്‌പെന്‍സും നിറഞ്ഞതായിരുന്നല്ലോ ചിത്രീകരണവേള?

സിനിമക്കു ഒരു നിര്‍മ്മാതാവിനെ കണ്ടെത്തുക എന്നതായിരുന്നു ഞങ്ങള്‍ക്കു മുന്നിലുണ്ടായിരുന്ന ആദ്യ കടമ്പ. ഫീച്ചര്‍ ഫിലിം മേക്കിങില്‍ മുന്‍പരിചയമില്ലാത്ത ഇരുപത്തിരണ്ടുകാരന്‍ പയ്യനു വേണ്ടി പണം മുടക്കാന്‍ ആരും തയ്യാറായില്ല. അതില്‍ ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. കാരണം സിനിമ കോടികള്‍ മറിയുന്ന ഒരു വ്യവസായമാണ്. അവിടെ റിസ്‌ക് എടുത്ത് നഷ്ടം വരുത്തിവെക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. നിര്‍മ്മാതാവിനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഞാന്‍ അച്ഛനെ വിളിച്ച് ഈ പ്രൊജക്റ്റ് ഇപ്പോഴൊന്നും നടക്കാനുള്ള സാധ്യത ഞാന്‍ കാണുന്നില്ല എന്നു പറഞ്ഞു. പ്രൊജക്റ്റ് ഉപേക്ഷിക്കേണ്ടതില്ലെന്നും ഈ സിനിമ അദ്ദേഹം നിര്‍മ്മിക്കാമെന്നും പറഞ്ഞു എനിക്ക് ആത്മവിശ്വാസം നല്‍കി. അങ്ങനെയാണ് ധ്രുവങ്ങള്‍ പതിനാറ് യഥാര്‍ഥ്യമാകുന്നത്. അച്ഛന്‍ നിര്‍മ്മാണം ഏറ്റെടുത്തത് മറ്റൊരു തരത്തില്‍ സിനിമക്കു ഏറെ ഗുണം ചെയ്തു. ചിത്രത്തിന്റെ മേക്കിങില്‍ പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഒരു ഘട്ടത്തിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകേണ്ടി വന്നിട്ടില്ല. അതുകൊണ്ടു തന്നെ സാങ്കേതികമായി ഏറ്റവും മികവോടെ ചിത്രീകരണം പൂര്‍ത്തികരിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു.

ധ്രുവങ്ങള്‍ പതിനാറിന്റെ ഭാഗമാകന്‍ റഹ്മാന്‍ ആദ്യം വിസമ്മതിച്ചിരുന്നല്ലോ ?

റഹ്മാന്‍ സാര്‍ ഈ പ്രൊജക്റ്റില്‍ താല്‍പര്യകുറവ് കാണിക്കാന്‍ രണ്ടു കാരണങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് തീര്‍ച്ചയായും എന്റെ പ്രായം തന്നെയായിരുന്നു. സിനിമ ചെയ്യാനുള്ള പക്വത എനിക്കുണ്ടോ എന്ന സംശയം സ്വാഭവികമാണല്ലോ. ഒട്ടേറെ പോലീസ് വേഷങ്ങള്‍ ഇതിനോടകം ചെയ്‌തെന്നും ഇനിയും അതേ വേഷത്തിലെത്തിയാല്‍ പ്രേക്ഷകര്‍ക്കു മടുപ്പ് തോന്നുമെന്നതായിരുന്നു അദ്ദേഹത്തെ അലട്ടിയ രണ്ടാമത്തെ പ്രശ്‌നം. പതിവു പോലീസ് വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും D-16ലെ കഥാപാത്രമെന്നു അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞു. സ്‌ക്രിപ്പ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു ഈ സിനിമ ചെയ്യാനുള്ള ആത്മവിശ്വാസമായി. ഷൂട്ടിങ് തുടങ്ങിയതോടെ അദ്ദേഹം ഞങ്ങളുടെ ടീമില്‍ പൂര്‍ണമായും വിശ്വാസം അര്‍പ്പിച്ചു എന്നു പറയാം.കാര്‍ത്തിക് നരേന്‍
കാര്‍ത്തിക് നരേന്‍

മലയാള സിനിമകള്‍ കാണാറുണ്ടോ, ആരാണ് ഇഷ്ട സംവിധായകര്‍?

മലയാള സിനിമകള്‍ കാണാറുണ്ട്. എല്ലാ സിനിമകളും കാണാറില്ല. തമിഴ്‌നാട്ടില്‍ റിലീസിനെത്തുന്ന മലയാള സിനിമകള്‍ താരതമ്യേന കുറവാണല്ലോ. മലയാള സിനിമകള്‍ സബ്‌ടൈറ്റില്‍സോടെ വരുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ കാണാറുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമകള്‍ പിറവിയെടുക്കുന്ന ഇടങ്ങളിലൊന്നാണ് മലയാളം. മലയാളത്തിലെ എല്ലാ മുന്‍നിര അഭിനേതാക്കളെയും ഇഷ്ടമാണ്. വ്യക്തിപരമായി ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകന്‍ ജിത്തു ജോസഫാണ്. അദ്ദേഹത്തിന്റെ മേക്കിങ് സ്റ്റെയില്‍ എനിക്ക് ഏറെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കൃത്യമായി ഫോളോ ചെയ്യാറുണ്ട്. തമിഴില്‍ മണിരത്‌നവും ഗൗതം വാസുദേവ് മേനോനുമാണ് എന്റെ ഇഷ്ട സംവിധായകര്‍. ലോകസിനിമയില്‍ ആല്‍ഫ്രെഡ് ഹിച്ച്‌കോക്ക്, ക്രിസ്റ്റഫര്‍ നോളന്‍, ഡേവിഡ് ഫിന്‍ജര്‍ എന്നീ സംവിധായകരും എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യക്തിത്വങ്ങളാണ്. ഹിച്ച്‌കോക്ക് മ്യൂവിസിന്റെ കളക്ഷന്‍ തന്നെയുണ്ട് എനിക്ക്.കാര്‍ത്തിക് നരേന്‍
കാര്‍ത്തിക് നരേന്‍

കേരളം കാത്തിരിക്കുന്നു D-16ന്റെ കേരള റീലിസിനായി?

ഡിസംബര്‍ 29നാണു ചിത്രം റിലീസ് ചെയ്യുന്നത്. ഒരേ സമയം തമിഴ്‌നാട്ടിലും കേരളത്തിലും റിലീസ് ചെയ്യാനായിരുന്നു ആഗ്രഹം. നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് കേരളത്തില്‍ സിനിമാ സമരം നടക്കുകയായിരുന്നു. ഇപ്പോള്‍ സമരം തീര്‍നെന്നു മനസ്സിലാക്കുന്നു. ചിത്രം കേരളത്തില്‍ റിലീസ് ചെയ്യണമെന്നു ആവശ്യപ്പെട്ടു ഒട്ടേറെ കോളുകളും മെസേജുകളും ലഭിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള പല ഡിസ്ട്രിബൂട്ടേഴ്‌സും സിനിമ വിതരണത്തിനെടുക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിരുന്നു. ഒരു ഘട്ടത്തില്‍ സിനിമ ഡബ്ബ് ചെയ്തു റിലീസ് ചെയ്യാന്‍ ആലോച്ചിരുന്നു. ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുന്നില്‍ കണ്ടാണ് അങ്ങനെ ആലോചിച്ചത്. നിലവില്‍ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.

അരവിന്ദ് സ്വാമി, നാഗചൈതന്യ വമ്പന്‍ പ്രൊജക്റ്റാണല്ലോ രണ്ടാമാത്തെ ചിത്രം?

രണ്ടാമത്തെ ചിത്രം വളരെ പ്രധാനപ്പെട്ടതാണ്. ധ്രുവങ്ങള്‍ പതിനാറ് ഇഷ്ടപ്പെട്ടിട്ടുള്ള പ്രേക്ഷകര്‍ തീര്‍ച്ചയായും ഏറെ പ്രതീക്ഷയോടെയാകും എന്റെ രണ്ടാമാത്തെ ചിത്രം കാണാന്‍ എത്തുക. നരഗാസൂരന്‍ ഒരു സസ്‌പെന്‍സ് ഡ്രാമയാണ്. ഡി-16ല്‍ നിന്ന് തികച്ചും വ്യത്യസ്തമായ പ്ലോട്ടും മേക്കിങുമാണ് നരകാസുരന്റേത്. അരവിന്ദ് സ്വാമിക്കും നാഗചൈതന്യക്കും ചിത്രത്തിന്റെ തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടിട്ടുണ്ട്. അവര്‍ ഈ സിനിമയുടെ ഭാഗമാകുമെന്നു കരുതുന്നു, ഇരുവരുമായി കരാറില്‍ ഒപ്പിട്ടില്ല. അതു ഉടനെ സംഭവിക്കുമെന്നു കരുതുന്നു. അരവിന്ദ് സ്വാമി എനിക്ക് ഏറെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ്. അദ്ദേഹത്തോടോപ്പം പ്രവര്‍ത്തിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവിച്ച് അറിഞ്ഞിട്ടില്ലാത്ത അരവിന്ദ് സ്വാമിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍.കാര്‍ത്തിക് നരേനും പിതാവും
കാര്‍ത്തിക് നരേനും പിതാവും

ധ്രുവങ്ങള്‍ പതിനാറിനു ലഭിച്ച പ്രതികരണങ്ങളില്‍ ഏറ്റവും വിലമതിക്കുന്നത് ?

ചിത്രം കണ്ടെത്തിനു ശേഷം തമിഴ് സിനിമാലോകത്തുള്ള ഒട്ടേറെ പേര്‍ നേരിട്ടു വിളിച്ചും മെസേജുകളിലൂടെയും അവരുടെ പ്രതികരണങ്ങള്‍ അറിയിച്ചു. പലരും ഫേയ്‌സ്ബുക്കിലൂടെയും ട്വീറ്ററിലൂടെയും സിനിമയെക്കുറിച്ച് നല്ല വാക്കുകള്‍ പങ്കുവെച്ചു. ഞാന്‍ ഏറ്റവും വിലമതിക്കുന്നത് സംവിധായകന്‍ ശങ്കര്‍ പങ്കുവെച്ച ട്വീറ്റാണ്. ഡി-16 പുറത്തിറങ്ങി രണ്ടാം ദിനം അദ്ദേഹം പടം കണ്ടു. അദ്ദേഹം ട്വീറ്ററിലൂടെ ആശംസ പങ്കുവെച്ചത് ജനുവരി ഒന്നിനാണ്. അങ്ങനെ എന്റെ എക്കാലത്തേയും മികച്ച ന്യൂഇയര്‍ ഗിഫ്റ്റായി അത് മാറി.