‘ദിലീഷ്, നിങ്ങളുടെ ഫാന്‍ ക്ലബ്ബിലേക്ക് ഞാന്‍ അംഗത്വമെടുക്കുന്നു’; ‘തൊണ്ടിമുതല്‍’ കണ്ട ലാല്‍ജോസ് 

July 10, 2017, 4:13 pm
‘ദിലീഷ്,  നിങ്ങളുടെ ഫാന്‍ ക്ലബ്ബിലേക്ക് ഞാന്‍ അംഗത്വമെടുക്കുന്നു’; ‘തൊണ്ടിമുതല്‍’ കണ്ട ലാല്‍ജോസ് 
Celebrity Talk
Celebrity Talk
‘ദിലീഷ്,  നിങ്ങളുടെ ഫാന്‍ ക്ലബ്ബിലേക്ക് ഞാന്‍ അംഗത്വമെടുക്കുന്നു’; ‘തൊണ്ടിമുതല്‍’ കണ്ട ലാല്‍ജോസ് 

‘ദിലീഷ്, നിങ്ങളുടെ ഫാന്‍ ക്ലബ്ബിലേക്ക് ഞാന്‍ അംഗത്വമെടുക്കുന്നു’; ‘തൊണ്ടിമുതല്‍’ കണ്ട ലാല്‍ജോസ് 

'മഹേഷിന്റെ പ്രതികാരം' ചെയ്ത സംവിധായകന്റെ രണ്ടാംചിത്രം എന്നതായിരുന്നു 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയുടെ യുഎസ്പി. ഒപ്പം 'മഹേഷി'ല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസില്‍, 'പേരറിയാത്തവരി'ലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സുരാജ് വെഞ്ഞാറമ്മൂട്, ക്രിയേറ്റീവ് ഡയറക്ടര്‍ എന്ന മലയാളസിനിമയില്‍ അങ്ങനെ കേട്ടിട്ടില്ലാത്ത കസേരയില്‍ ശ്യാം പുഷ്‌കരന്‍, എല്ലാറ്റിനും പുറമെ ക്യാമറയ്ക്ക് പിന്നില്‍ രാജീവ് രവിയുടെ സാന്നിധ്യവും. 'മഹേഷി'നേക്കാള്‍ സിനിമാറ്റിക്ക് ഘടകങ്ങള്‍ കുറഞ്ഞ 'തൊണ്ടിമുതലി'നെ പ്രേക്ഷകരില്‍ ബഹുഭൂരിപക്ഷവും ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. സിനിമാമേഖലയില്‍ നിന്നുള്ള പലരും ചിത്രം കണ്ടതിന്റെ ആവേശം പങ്കുവച്ചിരുന്നു. അക്കൂട്ടത്തില്‍ പങ്കുചേരുകയാണ് സംവിധായകന്‍ ലാല്‍ജോസ്.

ആദ്യചുവടുവയ്പ്പില്‍ വിജയിച്ച ഒരു സംവിധായകന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി രണ്ടാമത്തെ സിനിമയാണെന്നും ദിലീഷ് പോത്തന്‍ അതിലും വിജയിച്ചുവെന്നും പറയുന്നു ലാല്‍ജോസ്. ഒപ്പം ദിലീഷിന്റെ ഫാന്‍ ക്ലബ്ബില്‍ അംഗത്വമെടുക്കുകയാണെന്നും..

അത്ഭുതപ്പെടാന്‍ തയ്യാറായിരിക്കുന്നവരെ അത്ഭുതപ്പെടുത്താന്‍ പ്രയാസമാണ്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ അത് സാധിച്ചിരിക്കുന്നു. അരങ്ങേറ്റ ചിത്രം വിജയിപ്പിച്ച ഒരു സംവിധായകനെ സംബന്ധിച്ച്, മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി രണ്ടാമത്തെ സിനിമയാണ്. ദിലീഷ് പോത്തന്‍ ഒരു അതിഗംഭീര സിനിമയുമായി വീണ്ടുമെത്തിയിരിക്കുന്നു. ഈ പരിശ്രമത്തിന് ദിലീഷിന് എല്ലാ ആശംസകളും. ഞാന്‍ നിങ്ങളുടെ ഫാന്‍ ക്ലബ്ബിലേക്ക് ഔദ്യോഗികമായി അംഗത്വമെടുക്കുകയാണെന്നുകൂടി അറിയിക്കട്ടെ.. 
ലാല്‍ജോസ് 

ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയന്‍ എന്ന പുതുമുഖവുമാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 24 പൊലീസ് കഥാപാത്രങ്ങളുള്ളതില്‍ അലന്‍സിയര്‍ ഒഴികെ 23 പേരും യഥാര്‍ത്ഥ പൊലീസുകാരാണ്! ഏറെക്കാലത്തിന് ശേഷം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന വെട്ടുകിളി പ്രകാശിനും അവതരിപ്പിക്കാന്‍ മികച്ച വേഷമുണ്ട്.