ലിബര്‍ട്ടി ബഷീര്‍ അഭിമുഖം: തിയറ്ററുകളില്‍ നിന്ന് ഒരു സിനിമയും പിന്‍വലിക്കില്ല, കണ്ണൂര്‍ ജില്ലയിലെ ഏറ്റവും നല്ല തിയറ്റര്‍ എന്റേതാണ് 

December 29, 2016, 11:50 am
 ലിബര്‍ട്ടി ബഷീര്‍ അഭിമുഖം: തിയറ്ററുകളില്‍ നിന്ന് ഒരു സിനിമയും പിന്‍വലിക്കില്ല, കണ്ണൂര്‍ ജില്ലയിലെ ഏറ്റവും നല്ല തിയറ്റര്‍ എന്റേതാണ് 
Celebrity Talk
Celebrity Talk
 ലിബര്‍ട്ടി ബഷീര്‍ അഭിമുഖം: തിയറ്ററുകളില്‍ നിന്ന് ഒരു സിനിമയും പിന്‍വലിക്കില്ല, കണ്ണൂര്‍ ജില്ലയിലെ ഏറ്റവും നല്ല തിയറ്റര്‍ എന്റേതാണ് 

ലിബര്‍ട്ടി ബഷീര്‍ അഭിമുഖം: തിയറ്ററുകളില്‍ നിന്ന് ഒരു സിനിമയും പിന്‍വലിക്കില്ല, കണ്ണൂര്‍ ജില്ലയിലെ ഏറ്റവും നല്ല തിയറ്റര്‍ എന്റേതാണ് 

സിനിമാ സമരം ചലച്ചിത്ര വ്യവസായത്തെ രൂക്ഷമായ പ്രതിസന്ധിയിലെത്തിച്ച സാഹചര്യത്തില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറുമായി അഭിമുഖം

മലയാള സിനിമ സാമ്പത്തികമായി മെച്ചപ്പെട്ട അവസരത്തിലാണ് ക്രിസ്മസ് സീസണിലെ റിലീസുകള്‍ മുടക്കിയുള്ള സമരം, സംഘടനകളുടെ ഭാഗത്ത് നിന്നും സോഷ്യല്‍ മീഡിയയിലും എല്ലാ സിനിമാ സമരത്തിന്റെയും പ്രധാന ഉത്തരവാദിയായി ആരോപിക്കുന്നത് ലിബര്‍ട്ടി ബഷീര്‍ എന്ന സംഘടനാ നേതാവിനെയാണ്, നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയായിരുന്നു താങ്കള്‍, ഇത്രയും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സമരം ക്രിസ്മസ് സീസണില്‍ തന്നെ വേണമായിരുന്നോ?

ഒരു തിയറ്റര്‍ നടത്തിക്കൊണ്ടുപോവുക എന്നത് മറ്റ് വ്യവസായങ്ങള്‍ പോലെ അത്ര എളുപ്പമല്ല. ഒരു വര്‍ഷം 100-120 സിനിമകള്‍ വന്നാല്‍ പതിനഞ്ചോ ഇരുപതോ സിനിമകള്‍ മാത്രമാണ് വിജയിക്കുന്നത്. അല്ലേല്‍ മുടക്കമുതലെങ്കിലും തിരിച്ചുകിട്ടുന്നത്. ആ ഇരുപത് പടങ്ങളും കിട്ടുന്നത് പല തിയറ്ററുകള്‍ക്കായാണ്. എല്ലാ വിജയ സിനിമകളും ഒരേ തിയറ്ററുകള്‍ക്ക് കിട്ടില്ലല്ലോ. അപ്പോ വിജയിക്കുന്ന 20 സിനിമകളില്‍ എത്രയെണ്ണം ഞാനീപ്പറഞ്ഞ ഏതൊക്കെ തിയറ്ററുകളിലാണ് ഓടിയിട്ടുണ്ടാകും എന്ന് നോക്കണം. ഒരു മോണോപ്പോളി സ്വഭാവം ഒരു തിയറ്ററുകളിലും ഇല്ല. പ്രധാന സിനിമകളെല്ലാം ഒരു വിഭാഗം തിയറ്ററുകള്‍ക്ക് മാത്രം കിട്ടുന്ന രീതിയൊന്നും ഇവിടെയില്ലല്ലോ. ഓണമോ പെരുന്നാളോ ക്രിസ്മസോ വന്നാല്‍ മൊത്തം റിലീസുകളില്‍ ഒരു ചിത്രമാകും വിജയിക്കുന്നത്. വലിയ അഡ്വാന്‍സൊക്കെ നല്‍കി ബാക്കിയുള്ള സിനിമകള്‍ റിലീസ് ചെയ്ത് കുറേ തിയറ്ററുകള്‍ക്കാണ് നല്ല രീതിയില്‍ തിരിച്ചടി കിട്ടും. മിക്ക സ്‌റ്റേഷനുകളിലും അഞ്ചോ ആറോ തിയറ്ററുകളുണ്ട്. കൊല്ലത്തില്‍ കാത്തിരുന്ന് കിട്ടുന്നതാണ് ഒരു ഹിറ്റ്. ഇത് വച്ചാണ് ഒരു വര്‍ഷത്തെ ചെലവ് നടത്തേണ്ടത്. പത്ത് വര്‍ഷം മുമ്പ് തുടരെത്തുടരെ സിനിമ പരാജയപ്പെട്ടപ്പോള്‍ കേരളത്തിലെ പ്രധാന തിയറ്ററുകളെല്ലാം അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു. പല സംസ്ഥാനത്തും കുറേയേറെ തിയറ്ററുകള്‍ അടച്ചുപൂട്ടിയപ്പോള്‍ സിനിമകളോടുള്ള അഭിനിവേശം മൂലം കേരളത്തിലെ തിയറ്ററുമകളില്‍ കൂടുതല്‍ പേരും തിയറ്റര്‍ നിലനിര്‍ത്തി. ഏതെങ്കിലും കാലത്ത് നല്ല സിനിമകള്‍ വരുമെന്നും തിയറ്ററുകള്‍ക്ക് നല്ല കാലമുണ്ടാകുമെന്നും ഞങ്ങള്‍ അന്ന് വിശ്വസിച്ചു. കെ ബി ഗണേഷ്‌കുമാര്‍ സിനിമാ മന്ത്രിയായപ്പോള്‍ 75-80 ശതമാനത്തോളം തിയറ്ററുകള്‍ നവീകരിച്ചു. രണ്ടരക്കോടി രൂപയെങ്കിലും മിനിമം ചെലവഴിച്ചാണ് ഓരോ തിയറ്ററുകളും പുതുക്കിയത്. ഇരുപതിനായിരം രൂപാ വൈദ്യുതി ചാര്‍ജായി അടച്ചിരുന്നിടത്ത് എയര്‍കണ്ടീഷനിലേക്ക് മാറിയപ്പോള്‍ ഒന്നരലക്ഷത്തിന് മേലെയാണ് കറന്റ് ചാര്‍ജ്ജ്. ഫിലിം പ്രൊജക്ടറില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറിയപ്പോളും ചെലവ് കൂടിയത് ഞങ്ങള്‍ക്കാണ്. പഴയ ഓപ്പറേറ്റര്‍മാര്‍ക്ക് പ്രവര്‍ത്തനം അറിയില്ല. എഞ്ചിനീയറിംഗ് കഴിഞ്ഞവരെയാണ് ഓപ്പറേറ്റര്‍മാരായി എടുത്തത്. അവര്‍ക്ക് മിനിമം ഇരുപതിനായിരമെങ്കിലും മാസശമ്പളം കൊടുക്കണം. ആ ശമ്പളത്തിന് ആളെ കിട്ടാനില്ല.

ലിബര്‍ട്ടി ബഷീര്‍ വര്‍ഷങ്ങളായി ഏകാധിപത്യസ്വഭാവത്തില്‍ സമരം പ്രഖ്യാപിക്കുകയും സിനിമാ മേഖല സത്ംഭിപ്പിക്കുകയും ചെയ്യുകയാണ് എന്നാണ് നിര്‍മ്മാതാക്കളുടെ ആരോപണം,സിനിമയുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ എല്ലാ ഘട്ടത്തിലും എതിര്‍പക്ഷത്തുണ്ടാകുന്നത് താങ്കളാണ്? തിയറ്ററുടമകളുടെ സംഘടന താങ്കള്‍ എന്ത് പറയുന്നുവോ അത് നടപ്പാക്കുക എന്ന ലക്ഷ്യമുള്ളവരുടെ കൂട്ടായ്മയാണോ?

350 ലേറെ തിയറ്ററുടമകള്‍ അംഗങ്ങളായ സംഘടനയാണ് കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. ഇവരില്‍ വ്യത്യസ്ഥ രാഷ്ട്രീയ ചിന്താഗതിയുള്ളവരുണ്ട്. ഇടത് ആശയമുള്ള മെംബര്‍മാരുണ്ട്. സജീവ രാഷ്ട്രീയമുള്ള ആളുകളുണ്ട്. കോണ്‍ഗ്രസ് പക്ഷത്തുള്ളവരുണ്ട്. ഭരണകക്ഷിയുമായി അടുപ്പമുള്ളവരുണ്ട്. മറ്റ് പല വ്യവസായ മേഖലകളിലും പ്രവര്‍ത്തിക്കുന്നവരുണ്ട്. സിനിമ നിര്‍മ്മിച്ച അനുഭവപരിചയമുള്ളവരും ഇപ്പോഴും നിര്‍മ്മാണ രംഗത്തുള്ളവരും ഉണ്ട്. ഇവരെല്ലാം കഴിഞ്ഞ ഒമ്പത് വര്‍ഷമായി എന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് തുടര്‍ച്ചയായി തെരഞ്ഞെടുക്കുന്നത് എന്നെ പേടിയുള്ളത് കൊണ്ടാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?, ഞാനുള്‍പ്പെടുന്ന നേതൃത്വം പല കാലങ്ങളിലായി സിനിമാ വ്യവസായത്തിന്റെ നെടുംതൂണായ തിയറ്റര്‍ മേഖലയിലെ പ്രശ്‌നങ്ങളില്‍ കാര്യമായി ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടാണ് പല രാഷ്ട്രീയ നിലപാടും കാഴ്ചപ്പാടുമുളളവര്‍ എനിക്ക് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത്. ഈ ആരോപണം ഉന്നയിക്കുന്ന ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെയും പ്രൊഡ്യൂസേഴ്‌സിന്റെയും സംഘടന നോക്കൂ, പത്ത് വര്‍ഷമായി സിനിമയെടുക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാത്തവരാണ് അവരുടെ സംഘടനകളുടെ തലപ്പത്ത ഉള്ളത്. വണ്‍മാന്‍ ഷോ നടത്തുന്നുവെന്നും ഏകാധിപത്യം കാണിക്കുന്നുവെന്നും സംഘടനയുടെ തലപ്പത്ത് നിന്ന് പറയുന്ന ആളുകള്‍ ഉള്‍പ്പെടെ നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും 100 കോടിക്ക് മുകളില്‍ കുടിശിക ഞങ്ങള്‍ തിയറ്ററുകാര്‍ക്ക് കിട്ടാനുണ്ട്. അതെല്ലാം പല വര്‍ഷങ്ങളായി കിട്ടാനുള്ളതാണ്. തിയറ്ററുകളില്‍ നിന്ന് പിരിച്ചെടുത്ത അഡ്വാന്‍സിന്റെ ബാക്കിയാണ് ലഭിക്കാനുള്ളത്.

ഞങ്ങളിലെ സംഘടനാ നേതാക്കളെല്ലാം തിയറ്റര്‍ മേഖലയില്‍ ഉള്ളവരാണ്. ഈ സംഘടനകളുടെ തലപ്പത്തുള്ളവര്‍ പിടിവാശി കാണിച്ചാല്‍ അവര്‍ക്കല്ല പാവപ്പെട്ട നിര്‍മ്മാതാക്കള്‍ക്കാണ് നഷ്ടം.

മന്ത്രി എകെ ബാലനോട് സിനിമാ സമരത്തെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ ക്രിസ്മസ് റിലീസ് അനുവദിച്ച് സമരത്തില്‍ പരിഹാരം തേടാമെന്ന നിര്‍ദ്ദേശം തിയറ്ററുടമകള്‍ തള്ളി എന്നതും, പരിഹാരത്തിന് ജുഡീഷ്യല്‍ സമിതിയാകാം എന്ന നിര്‍ദേശം സ്വീകരിച്ചില്ലെന്നുമാണ് അറിയിച്ചത്. പരസ്പര സഹകരണത്തോടെ നീങ്ങേണ്ട മേഖല തിയറ്ററുടമകളുടെ ഏകപക്ഷീയമായ കടുംപിടുത്തം മൂലം പ്രതിസന്ധിയിലാവുകയല്ലേ?

മന്ത്രി എ കെ ബാലന്‍ ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ അനുഭാവപൂര്‍വമാണ് കേട്ടത്. ഫെസ്റ്റിവല്‍ സീസണില്‍ മാത്രമാണ് മലയാളത്തില്‍ പ്രധാന റിലീസുകള്‍ ഉള്ളത്. ഈ ആവശ്യമുയര്‍ത്താന്‍ മറ്റേത് അവസരത്തിലാണ് ഞങ്ങള്‍ക്ക് സാധിക്കുക. പിന്നെ ജൂഡീഷ്യല്‍ സ്വഭാവമുള്ള സമിതിയെ വയ്ക്കാമെന്ന് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ നിര്‍ദ്ദേശം. സമാന സ്വഭാവമുള്ള രണ്ട് സമിതികള്‍ ഇതിനോടകം ഗവണ്‍മെന്റിന് ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ടി ബാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും, ഈ രണ്ട് സര്‍ക്കാരുകള്‍ക്കും റിപ്പോര്‍ട്ട് നടപ്പാക്കാനായിട്ടില്ല. ഇനിയൊരു സമിതി കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ വീണ്ടും അഞ്ച് വര്‍ഷമെടുക്കും. ഇപ്പോഴത്തെ ന്യായമായ ആവശ്യത്തിന് അഞ്ച് വര്‍ഷം കാത്തിരിക്കണം. 13 വര്‍ഷമായി തുടരുന്ന തിയറ്റര്‍ വിഹിത വ്യവസ്ഥയില്‍ ചെറിയൊരു മാറ്റമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. കെ ബി ഗണേഷ് കുമാര്‍ മന്ത്രിയായിരിക്കെ നിര്‍ദേശിച്ച പ്രകാരം ഞങ്ങളുടെ കൂട്ടത്തിലുള്ള എണ്‍പത് ശതമാനം തിയറ്ററുകളും നവീകരിച്ചു. ബാക്കിയുള്ളവ നവീകരണ ഘട്ടത്തിലാണ്. പിന്നെ ഒരു കാര്യം കൂടി, മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയിലുളള ചര്‍ച്ചയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രനും ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ കീഴിലുള്ള കൈരളി ശ്രീ തിയറ്ററുകളുടെ നടത്തിപ്പിന് വര്‍ഷം അഞ്ച് കോടി രൂപയുടെ ഫണ്ട് നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഗ്രാന്‍ഡ് ഉപയോഗിച്ച് നടത്തുന്ന തിയറ്ററുകളില്‍ ഞാന്‍ ഈ സംസാരിക്കുന്നത് വരെയും ശമ്പളം നല്‍കിയിട്ടില്ല. പത്താം തിയതി ശമ്പളം നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഗണേഷ്‌കുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ തിയറ്ററുകള്‍ നന്നായി കൊണ്ടുനടന്നിരുന്നു. പിന്നീട് ആ തിയറ്ററുകളില്‍ പുതിയ പടമൊന്നും കിട്ടിയില്ല. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും സര്‍ക്കാര്‍ തിയറ്ററുകളുടെ അവസ്ഥ പരിതാപകരമാണ്. ഈ സാഹചര്യം കൂടി മനസിലാക്കി വേണം സ്വകാര്യ തിയറ്ററുകളുടെ കാര്യം പരിഗണിക്കാന്‍. ഞങ്ങളെല്ലാം വലിയ മാഫിയ ആണെന്നും കൊള്ളലാഭം ഉണ്ടാക്കുകയാണെന്നും ആരോപിക്കുന്നവര്‍ കാര്യങ്ങള്‍ നന്നായി മനസിലാക്കണം. മറ്റെല്ലാ വ്യവസായങ്ങളെക്കാള്‍ വലിയ റിസ്‌കാണ് തിയറ്ററര്‍ വ്യവസായം.

മള്‍ട്ടിപ്‌ളെക്‌സുകളുടെ അതേ വിഹിതം വേണമെന്ന് ആവശ്യപ്പെടാനുള്ള യോഗ്യത ഫെഡറേഷന്‍ തിയറ്ററുകള്‍ക്കുണ്ടോ?, ഏരീസും പിവിആറും ഉള്‍പ്പെടുന്ന തിയറ്ററുകളുടെ നിലവാരമില്ലാത്ത തിയറ്ററുകളില്‍ എങ്ങനെ ഇതേ വിഹിതം നടപ്പാക്കും?, അവിടെയുള്ള തിയറ്റര്‍ നിരക്കും താങ്കളുടേതടക്കമുള്ള തിയറ്ററുകളുടെ നിരക്കും തമ്മില്‍ വലിയ മാറ്റമില്ലേ? എലിയെ പിടിക്കാന്‍ പൂച്ചയെ വളര്‍ത്തുന്ന തിയറ്ററുകളുടെയും, ബസ് സ്റ്റാന്‍ഡിലെ ടോയ്‌ലറ്റുകളെക്കാള്‍ ശോച്യമായ അവസ്ഥയുള്ള ടോയ്‌ലറ്റുകള്‍ ഉള്ള തിയറ്ററുകളുടെയും വീഡിയോ 2011ല്‍ ക്ലാസിഫിക്കേഷന്‍ പരിശോധനാ സംഘം മാധ്യമങ്ങളെ കാണിച്ചിരുന്നതാണ്, സംഘടനയെ നയിക്കുന്ന താങ്കളുടെ തിയറ്ററിലെ ശോചനീയാവസ്ത ചിത്രസഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. ?

കണ്ണൂര്‍ ജില്ലയിലുള്ള ഏറ്റവും നല്ല തിയറ്ററാണ് എന്റേത്. ഒരു കാര്യം കൂടി പറയാം. തലശേരി ചിത്രവാണി തിയറ്റര്‍ നിര്‍മ്മാതാവ് ആന്റോ ജോസഫ് ഏറ്റെടുത്തിരിക്കുകയാണ്. ആന്റോയുടെ സ്വന്തം സിനിമകള്‍ പോലും ചിത്രവാണിയില്‍ നല്‍കാതെ എന്റെ തിയറ്റര്‍ കോംപ്ലക്‌സിലാണ് റിലീസ് ചെയ്യുന്നത്. തിയറ്റര്‍ നല്ലതായത് കൊണ്ടല്ലേ ഇത്. മഞ്ഞോടിയില്‍ ഉള്ള എന്റെ തിയറ്റര്‍ ഗംഭീരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ തലശേരിയിലെ ലിബര്‍ട്ടി തിയറ്റര്‍ കോംപ്‌ളക്‌സ് ജില്ലയിലെ ഏറ്റവും നല്ല തിയറ്ററാണ്. പിന്നെ പാര്‍ക്കിംഗിന്റെ കാര്യത്തില്‍ ഞങ്ങളില്‍ പല തിയറ്ററുടമകള്‍ക്കും പരിമിതിയുണ്ട്. നഗരത്തിലെ ഹൃദയഭാഗത്ത് കാലങ്ങളായി ഉള്ള തിയറ്ററുകളാണ് കൂടുതല്‍ പേരുടേത്. അവിടെ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുക പെട്ടെന്ന് നടക്കുന്ന കാര്യമല്ലല്ലോ. ഒരു സെന്റിന് നാല് ലക്ഷമുളളിടത്ത് പാര്‍ക്കിംഗ് ഒരുക്കുന്നത് പോലെ അമ്പത് ലക്ഷത്തില്‍ കൂടുതല്‍ നല്‍കിയാലും ഒരു സെന്റ് സ്ഥലം കിട്ടാതിടത്ത് പാര്‍ക്കിംഗ് സൗകര്യം വിശാലമായി കൊടുക്കാനാകുമോ? ഫെഡറേഷന്‍ മെംബേഴ്‌സിന്റെ എല്ലാ തിയറ്ററുകളും നഗരകേന്ദ്രങ്ങളിലാണ്. മഞ്ചേരിയില്‍ ഞങ്ങളുടെ അംഗത്തിന്റെ ഐമാക്‌സ് സൗകര്യമുള്ള തിയറ്ററുണ്ട്. തിരുവനന്തപുരത്തുള്ള എസ് എല്‍ ഏരീസിലുള്ള അതേ സൗണ്ട് സിസ്റ്റമുള്ള എത്രയോ തിയറ്ററുകളുണ്ട്. നമ്മുടെ മാളുകളിലെ മള്‍ട്ടിപ്‌ളെസ്‌കുകളെക്കാള്‍ സൗകര്യമുള്ളതും സാങ്കേതിക മേന്മയുള്ളതുമായ കുറേ തിയറ്ററുകള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ളവര്‍ക്കുണ്ട്. ഒരിക്കല്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. കേരളത്തിലെ മള്‍ട്ടിപ്‌ളെക്‌സുകളിലല്ല അല്ലാത്ത തിയറ്ററുകളിലാണ് സിനിമയുടെ വിജയപരാജയം നിര്‍ണയിക്കുന്നത് എന്ന കാര്യം. അത് വാസ്തവമാണ്. ഒരു പടം മാസ് ഹിറ്റാകുമോ എന്ന് തീരുമാനിക്കപ്പെടുന്നത് മാളുകളല്ല അല്ലാത്ത തിയറ്ററുകളാണ്. ബാഹുബലി രണ്ടാം ഭാഗം 10 കോടിക്ക് മുകളില്‍ നല്‍കിയാണ് കേരളത്തില്‍ വിതരണത്തിന് എടുത്തത്. അതിന്റെ റിലീസ് ലഭിക്കാന്‍ 8 കോടിയോളം അഡ്വാന്‍സായി പല തിയറ്ററുകളില്‍ നിന്ന് പിരിച്ചെടുത്തിട്ടുണ്ട്. പല സിനിമകളും ഇത്തരത്തില്‍ പത്തും ഇരുപതും ലക്ഷം അഡ്വാന്‍സായി വാങ്ങുന്നുണ്ട്. പലപ്പോഴും തിയറ്ററുകളില്‍ നിന്നുള്ള അഡ്വാന്‍സ് സമാഹരിച്ചാണ് ഇവിടെ സിനിമാ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. മള്‍ട്ടിപ്‌ളെക്‌സില്‍ ഇങ്ങനെയൊരു സംവിധാനമില്ല. എന്നിട്ടും അവര്‍ക്കാണ് സിനിമ റിലീസ് ചെയ്യുമ്പോള്‍ കൂടുതല്‍ നേട്ടം. ഇതൊന്നുമറിയാതെ ഞങ്ങള്‍ക്കെതിരെ ഒരു വിഭാഗം വ്യാജപ്രചരണം അഴിച്ചുവിടുന്നത്. നിര്‍മ്മാതാക്കളെക്കാള്‍ വലിയ റിസ്‌കാണ് തിയറ്ററുടമകളുടേത്. പ്രദര്‍ശനഘട്ടത്തിലും വലിയ റിസ്‌കുണ്ട്. പ്രൊജക്ഷന്‍ ഒരു നിമിഷം നിലച്ചാല്‍ കാണികള്‍ പ്രകോപിതരാകും. പ്രേമം കോഴിക്കോട് പ്രദര്‍ശിപ്പിക്കുന്നതിനിടെ കുറച്ചുസമയം പ്രൊജക്ഷന്‍ പ്രശ്‌നമായപ്പോള്‍ തിയറ്റര്‍ അലങ്കോലമാക്കി.

സിനിമാ തിയേറ്റര്‍ നടത്തിപ്പ് എത്ര നഷ്ടത്തിലാണ് എന്ന് മനസ്സിലാക്കാന്‍ ഇനിയും ഉദാഹരണങ്ങള്‍. ഫെഡറേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും ഇപ്പോഴത്തെ ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റും ആയ ബോബിയുടെ തലയോലപ്പറമ്പിലെ തീയേറ്ററിന്റെ മതിപ്പ് വില 10 കോടിക്ക് മുകളിലാണ് എന്നാല്‍ ആ തീയേറ്ററിന് ലഭിക്കുന്ന പ്രതിമാസ വാടക 1,70,000 രൂപയാണ്. അത് പോലെ ഇപ്പോഴത്തെ ചേംബര്‍ സെക്രട്ടറി കെ സി ഇസ്മയിലിന്റെ പെരിന്തല്‍മണ്ണയിലെ 2 തിയേറ്ററുകളുടെ മതിപ്പ് വില 15 കോടി ആണ്. പക്ഷെ ലഭിക്കുന്ന വാടക 2.70 ലക്ഷം രൂപ മാത്രമാണ്. അത് പോലെ ഞങ്ങളുടെ വൈസ് പ്രസിഡന്റ് സതീഷ് കുറ്റിയിലിന്റെ വടകര ജയ ഭാരത് തീയേറ്ററിന്റെ മതിപ്പ് വില 12 കോടി രൂപയാണ് എന്നാല്‍ ലഭിക്കുന്ന വാടക 2 ലക്ഷം രൂപയാണ്. അത് പോലെ കോതമംഗലം മാത തീയേററ്റര്‍, വടകര കേരള കൊയര്‍, കരുനാഗപളളി - ഗാനം ഇതിലെ മിക്ക തീയേറ്ററുകളും വാടകയ്ക്ക് എടുത്തിരിക്കുന്നത് കാര്‍ണിവല്‍ ആണ് ഇവയെല്ലാം നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്- പ്രമുഖ നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടറും ആയ മുക്ഷേഷ് ആര്‍.മേഹ്തയുടെ നേതൃത്ത്വത്തില്‍ പിരമിഡ് സായമിറാ 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ 35 ഓളം തീയേറ്ററുകള്‍ വാടകയ്ക്ക് എടുക്കുകയും 6 മാസത്തിന് ശേഷം നഷ്ടം സഹിക്കാന്‍ പറ്റാതെ വിട്ട് പോവുകയും ചെയ്തിരുന്നു. അതു പോലെ റിലയന്‍സ് ഗ്രൂപ്പിന്റെ ഇന്ത്യ ഒട്ടുക്കും പ്രവര്‍ത്തിച്ചിരുന്ന ആഡ്‌ലാബ്‌സ് നഷ്ട്ടത്തിലായതിനല്‍ മറ്റൊരു കമ്പനിക്ക് വിറ്റു. നിര്‍മ്മാതാവ് ആന്റോ ജോസഫ് പൊന്നാനിയില്‍ വിലയ്ക്ക് എടുത്ത അലങ്കാര്‍ തീയേറ്റര്‍ നഷ്ടം വന്നപ്പോള്‍ വിറ്റു ഒഴിഞ്ഞു. എന്നിട്ടും സിനിമാ മേഖലയെ തകര്‍ക്കുന്നവരായി ചിത്രീകരിക്കുന്നത് ഞങ്ങളെയാണ്.

സിനിമാ മേഖലയ്ക്ക് ഗുണകരമായ എല്ലാ തീരുമാനങ്ങള്‍ക്കും എതിര്‍പ്പുയര്‍ത്തുന്നവരാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, ഗണേഷ് കുമാറിന്റെ കാലത്ത് വൈഡ് റിലീസിനെയും, തിയറ്റര്‍ ഗ്രേഡിംഗിനെയും എതിര്‍ത്തു, ഇനിയും ടിക്കറ്റ് മെഷീനുകള്‍ സ്ഥാപിക്കാനായില്ല. ഈ മേഖലയെ കൂടുതല്‍ സുതാര്യമാക്കാനും ആധുനികവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങളെ അട്ടിമറിക്കുന്നത് എന്തിനാണ്?

2003ല്‍ 60-40 എന്ന നിലയിലുളള വ്യവസ്ഥ ഉണ്ടാക്കുമ്പോള്‍ കേരളത്തില്‍ 42 റിലീസ് സെന്ററുകള്‍ മാത്രമാണ് ഉള്ളത്. അന്ന് ടിക്കറ്റ് ചാര്‍ജ് 30 മുതല്‍ 45 വരെയാണ്. 2003ല്‍ ബാല്‍ക്കണിയില്‍ എന്റെ തിയറ്ററില്‍ 45 രൂപയാണ്. ഇന്ന് 100 മുതല്‍ 125 വരെയാണ് ടിക്കറ്റ് നിരക്ക്. 42 തിയറ്ററുകളുടെ സ്ഥാനത്ത് 100 നടുത്ത് റിലീസ് സെന്ററുകളായി. അതിന്റെ ഗുണം ആര്‍ക്കാണ്?. ഇവിടെയുള്ള നിര്‍മ്മാതാക്കളാണ്. 2003ല്‍ ഉള്ളതിന്റെ അമ്പത് ശതമാനം പോലും കാണികള്‍ ഇപ്പോള്‍ തിയറ്ററുകളില്‍ എത്തുന്നില്ല. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തിയറ്ററുകള്‍ നവീകരിക്കുകയും കൂടുതല്‍ സൗകര്യങ്ങളൊരുക്കുകയും ചെയ്തിട്ടും ടിക്കറ്റ് നിരക്ക് വലിയ തോതില്‍ ഉയര്‍ത്തിയിട്ടില്ല. ടിക്കറ്റ് ചാര്‍ജ് ഉയര്‍ത്തുന്നത് ഇവിടെയുള്ള യുവജനസംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിഷേധവും സമരവുമൊക്കെ അതിജീവിച്ചാണ്. 20 രൂപാ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയാല്‍ അതില്‍ 9. 60 രൂപാ കിട്ടുന്നത് നിര്‍മ്മാതാക്കള്‍ക്കാണ്. 6 രൂപയാണ് ഞങ്ങള്‍ക്ക് കിട്ടുന്നത്. എന്നിട്ടും തിയറ്റര്‍ വിഹിതത്തിന്റെ കാര്യത്തില്‍ ഇവര്‍ ഇരട്ടത്താപ്പ് കാട്ടുകയാണ്. മാളുകളുടെ കാര്യം അങ്ങനെയാണോ ഇതേ സൗകര്യം നല്‍കിയാണ് അവര്‍ 200ഉം 250 രൂപാ നിരക്കില്‍ ടിക്കറ്റിന് ഈടാക്കുന്നത്. മാത്രമോ ഇരുപത് രൂപയുടെ കുപ്പിവെള്ളം നാല്‍പ്പത് രൂപയ്ക്കും പെപ്‌സിയും കോളയും ഇരട്ടിവിലയ്ക്കും കൊടുക്കുന്നു. പത്ത് രൂപാ മൂല്യമുള്ള പോപ്പ് കോണിന് 120 രൂപയാണ്. അവര്‍ക്ക് തോന്നിയമട്ടില്‍ ടിക്കറ്റ് ചാര്‍ജ് കൂട്ടും. അതിനൊന്നും കോര്‍പ്പറേഷന്‍ അനുമതി പ്രശ്‌നമല്ല. തിയറ്ററുകളെ നിലവാരത്തിന് അനുസരിച്ച് തരംതിരിക്കുന്നതിന് വേണ്ടിയുള്ള ഗ്രേഡിംഗിന് ഞങ്ങള്‍ എതിരല്ല. അന്ന് വൈഡ് റിലീസിനെയാണ് ഞങ്ങള്‍ എതിര്‍ത്തത്. തിയറ്റര്‍ ക്ലാസിഫിക്കേഷന്‍ പരിശോധനയ്ക്ക് ഞങ്ങള്‍ സഹകരിച്ചിരുന്നല്ലോ. ഒരേ പ്രദേശത്ത് തന്നെ രണ്ട് തിയറ്ററുകളില്‍ റിലീസ് വന്നാലുള്ള സാമ്പത്തിക നഷ്ടം പരിഗണിച്ചാണ് അന്ന് എതിര്‍ത്തത്.

ഇ ടിക്കറ്റിംഗ് ഇനിയും നടപ്പാക്കാനായിട്ടില്ല, അത് തിയറ്ററുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ്, അത് പോലും അംഗീകരിക്കാതെ എങ്ങനെ നിങ്ങളുടെ ആവശ്യം മാത്രം അംഗീകരിച്ച് തരണം?

ഇ ടിക്കറ്റ് നടപ്പാക്കിക്കോട്ടെ. പക്ഷേ രണ്ട് രൂപാ സര്‍വ്വീസ് ചാര്‍ജായി ഈടാക്കാമെന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ ഉറപ്പുതന്നതാണ്. അത് ഇതുവരെ നടപ്പാക്കിയില്ല. തിയറ്റര്‍ അടച്ചിട്ട് സമരം നടത്തിയാണ് സര്‍വീസ് ചാര്‍ജ് നടപ്പാക്കിയത് അത് കാബിനറ്റില്‍ തീരുമാനിച്ചിട്ടും നടപ്പായില്ല. സുരേഷ് കുമാറൊക്കെയാണ് ഇത് അട്ടിമറിച്ചത്. സര്‍വീസ് ചാര്‍ജ് നടപ്പാക്കുന്നതിനൊപ്പമാണ് ടിക്കറ്റ് മെഷീനുകള്‍ സ്ഥാപിക്കേണ്ടത്. ഞങ്ങള്‍ 330 ലേറെ തിയറ്ററുകള്‍ മള്‍ട്ടിപ്‌ളെക്‌സുകളുടെ അതേ നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇനിയും ഏത് തരം പരിശോധനയ്ക്കും ഗ്രേഡിംഗിനും ഞങ്ങള്‍ തയ്യാറാണ്.

ഇനിയും സമരം തുടര്‍ന്നാല്‍ കടുത്ത പ്രതിസന്ധിയിലാകുന്നത് ഈ സിനിമാ മേഖല ഒന്നാകെയാണ്, നിര്‍മ്മാതാവും വിതരണക്കാരനുമായ താങ്കള്‍ക്ക് ഇക്കാര്യം അറിയാം, സര്‍ക്കാര്‍ ഉടന്‍ ഒരു ചര്‍ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു, ബാക്കി സിനിമകള്‍ കൂടി പിന്‍വലിക്കുകയാണ് വിതരണക്കാര്‍, ക്രിസ്മസ് റിലീസ് മുടങ്ങിയതോട് എത്രയോ നിര്‍മ്മാതാക്കളാണ് പെരുവഴിയിലായത്?

ഞങ്ങള്‍ ന്യായമായ ആവശ്യമാണ് ഉന്നയിക്കുന്നത്. 13 വര്‍ഷമായി തുടരുന്ന വ്യവസ്ഥയിലൊരു മാറ്റം. ചെറിയ വിട്ടുവീഴ്ചയ്ക്ക് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഞങ്ങള്‍ തയ്യാറായതുമാണ്. ഇനി ഇപ്പോള്‍ സര്‍ക്കാര്‍ രണ്ട് രൂപാ സര്‍വീസ് ചാര്‍ജ് നടപ്പാക്കിയാല്‍ ഞങ്ങള്‍ ഈ സമരം പിന്‍വലിച്ചേക്കാം. നടപ്പാക്കാമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്യമല്ലേ അത്. പിന്നെ ഇപ്പോള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പുലിമുരുകനും കട്ടപ്പനയിലെ ഋതിക് റോഷനുമൊക്കെ പിന്‍വലിക്കുമെന്ന പ്രഖ്യാപനം. ആരാണ് അങ്ങനെ തീരുമാനമെടുത്തത്?, ദിലീപോ ടോമിച്ചന്‍ മുളകുപ്പാടമോ സിനിമ പിന്‍വലിക്കുമെന്ന് എവിടെയങ്കിലും പറഞ്ഞോ, സിനിമ പിന്‍വലിക്കുമെന്ന വാദം വ്യാജമാണെന്നായിരുന്നു അവരുടെ ക്രിസ്മസ് കാലത്തെ പരസ്യം തന്നെ. പിന്നെ ഇവിടെ നിര്‍മ്മാതാക്കളും വിതരണക്കാരും പിടിവാശിയില്‍ നിന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് നോക്കൂ. ജനുവരിയില്‍ വിജയ് ചിത്രം ഭൈരവായും, ഹോളിവുഡില്‍ നിന്ന് ട്രിപ്പിള്‍ എക്‌സും, സൂര്യയുടെ എസ് ത്രീയും, ബോളിവുഡില്‍ നിന്ന് കാബിലും തിയറ്ററുകളിലെത്തുന്നുണ്ട്. ഇതെല്ലാം വന്‍കിട സിനിമകളാണ്. ഇതില്‍ പല സിനിമകളും തിയറ്ററുകളില്‍ നിന്ന് അഡ്വാന്‍്‌സ് പിരിച്ചെടുത്തതാണ്. അവയെല്ലാം ഇതേ ഡേറ്റില്‍ തന്നെ റിലീസിനെത്തും. മലയാള സിനിമയെ അപകടപ്പെടുത്തിയുള്ള ഈ സമരം തുടരണമോ എന്ന കാര്യം വിതരണക്കാരും നിര്‍മ്മാതാക്കളുമാണ് തീരുമാനിക്കേണ്ടത്.