പ്രണയമാണ് മാമ്പഴപ്പുളിശ്ശേരിയോട്-മോഹന്‍ലാല്‍ 

November 3, 2017, 2:35 pm
പ്രണയമാണ് മാമ്പഴപ്പുളിശ്ശേരിയോട്-മോഹന്‍ലാല്‍ 
Celebrity Talk
Celebrity Talk
പ്രണയമാണ് മാമ്പഴപ്പുളിശ്ശേരിയോട്-മോഹന്‍ലാല്‍ 

പ്രണയമാണ് മാമ്പഴപ്പുളിശ്ശേരിയോട്-മോഹന്‍ലാല്‍ 

അത്ഭുതകരമായ രുചിയാണ് എനിക്ക് ബാല്യത്തില്‍ മാമ്പഴപ്പുളിശ്ശേരി സമ്മാനിച്ചത്. എന്താ ടേസ്റ്റ് ,എത്ര കഴിച്ചാലും നാവില്‍നിന്ന് മാറാത്ത രുചി. ഒരുപാട് പേര്‍ എനിക്ക് മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കിത്തന്നിട്ടുണ്ടെങ്കിലും മുത്തശ്ശി ഉണ്ടാക്കിത്തന്ന ടേസ്റ്റ് ഇപ്പോഴും നാവിലുണ്ട്. മാമ്പഴം കഴുകി വെക്കുമ്പോള്‍ മുതല്‍ പുളിശ്ശേരിയുടെ സ്വാദ് നാവിലേക്ക് വന്നുകൊണ്ടിരിക്കും. പുളിശ്ശേരിയില്‍ ചേര്‍ക്കുന്ന വെളിച്ചെണ്ണയുടെ സുഗന്ധവും മഞ്ഞളും എല്ലാം തമ്മില്‍ ചേര്‍ന്നുണ്ടാകുന്ന ആ പ്രത്യേക രുചിക്കൂട്ടാണ് എന്റെ ഭക്ഷണവിഭവങ്ങളില്‍ മാമ്പഴപ്പുളിശ്ശേരിയെ ഒന്നാമത് എത്തിക്കുന്നത്.

എത്രയോ രാജ്യങ്ങളില്‍ ഞാന്‍ സഞ്ചരിച്ചിരിക്കുന്നു.ആ രാജ്യങ്ങളിലെ തനത് വിഭവങ്ങള്‍ ആസ്വദിക്കാന്‍ ഞാന്‍ തയ്യാറാകാറുണ്ട്. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ചേരയുടെ നടുമുറി എന്ന പക്ഷക്കാരനാണ് ഞാന്‍. പക്ഷെ മുത്തശ്ശി ഉണ്ടാക്കിത്തന്ന മാമ്പഴപ്പുളിശ്ശേരിയെ വെല്ലാന്‍ ഒരു ഫൈവ്സ്റ്റാര്‍ വിഭവങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. മാമ്പഴപ്പുളിശ്ശേരിയുണ്ടാക്കാന്‍ തിരഞ്ഞെടുക്കുന്ന മാമ്പഴത്തിനും ചില പ്രത്യേകതകളുണ്ട്. ആ പ്രത്യേക മാമ്പഴം കൊണ്ട് പുളിശ്ശേരി വച്ചാല്‍ മാത്രമേ ഈ പറഞ്ഞ സ്വാദ് കിട്ടു... എത്രയോ ഇനം മാങ്ങകള്‍ ഉണ്ട്. അതിനിടയില്‍ നിന്നും ഈ മാമ്പഴം തിരഞ്ഞ് പിടിച്ചും പുളിശ്ശേരിയുണ്ടാക്കിയ ആ ആദ്യ പാചകക്കാരനെ നമ്മള്‍ മനസ്സുകൊണ്ട് വണങ്ങേണ്ടതാണെന്ന് എനിക്ക് തോന്നാറുണ്ട്. എന്തൊരു ഒബ്‌സര്‍വേഷനാണ് ഇത്.ആ രസകൂട്ടിനുവേണ്ട ഘടകങ്ങള്‍ ഒത്തൊരുമിപ്പിച്ചയാള്‍ അസാമാന്യ പ്രതിഭതന്നെയാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

അന്ന് നമ്മള്‍ കഴിച്ചിരുന്ന ഭക്ഷണത്തില്‍ രുചിക്ക് മാത്രമല്ല പ്രാധാന്യം നല്‍കിയിരുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിക്കും, രോഗം മാറാനും ഉള്ള ഘടകങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയിരുന്നു. ഞാന്‍ പറഞ്ഞ മാമ്പഴപ്പുളിശ്ശേരിയില്‍ ധാരാളമായി ചേര്‍ത്തിരുന്ന മഞ്ഞള്‍ മഴക്കാലത്തെ പനി പോലുള്ള അസുഖങ്ങള്‍ പിടിപെടാതിരിയ്ക്കാന്‍ സഹായിച്ചിരുന്നു. പൊതുവെ, മഞ്ഞള്‍ പ്രതിരോധ ശക്തി നല്‍കുന്ന ഔഷധമാണെന്നൊക്കെ നമ്മള്‍ വായിച്ചറിഞ്ഞിട്ടുണ്ട്. എത്രയോ നാളുകള്‍ കഴിഞ്ഞാണ് അറിഞ്ഞോ അറിയാതെയോ നമ്മുടെ ഭക്ഷണത്തില്‍ ചേര്‍ന്നിരിക്കുന്ന ഈ കൂട്ടുകളൊക്കെ നമ്മുടെ ശരീരത്തിന്റെ വലിയ സംരക്ഷകരായിരുന്നു എന്നറിയുന്നത്.

ഭക്ഷണം മരുന്നാണെന്ന് പണ്ടുള്ളവര്‍ പറയുന്നത് ഇതുകൊണ്ടുകൂടിയാണ്. കാലം മാറി,നമ്മുടെ ഭക്ഷണ സമ്പ്രദായങ്ങളിലും മാറ്റം വന്നു. പല രുചികള്‍, പല ചേരുവകള്‍ പല പരീക്ഷണങ്ങള്‍... ഇവയിലൊക്കെ നമ്മുടെ ശരീരത്തിന് ആവശ്യമുള്ളവ എത്രത്തോളമുണ്ടെന്ന് നമ്മളിപ്പോള്‍ അന്വേഷിയ്ക്കാറില്ല. പക്ഷെ,പല നല്ല ശീലങ്ങളിലേക്കുള്ള മടങ്ങിപ്പോക്ക് നമുക്ക് അനിവാര്യമായ കാലമാണിത്.

ഷൂട്ടിംങ്ങ് ലൊക്കേഷനുകളില്‍ ചില ഭക്ഷണസൂത്രങ്ങള്‍ മോഹന്‍ലാലിന്റെതായി ഉണ്ടാകാറുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയാറുണ്ട്. രണ്ടു കറികളെ കൂട്ടിയോജിപ്പിച്ച് മൂന്നാമതൊരു കറിയുണ്ടാക്കലാണത്. അഭിനയ രസങ്ങളുടെ നായകന് രുചിരസങ്ങളിലും താല്‍പ്പര്യമുണ്ടാവുക സ്വാഭാവികമാണല്ലോ.