മലയാളത്തില്‍ പാരകള്‍ സജീവമെന്ന് പ്രതാപ് പോത്തന്‍

November 3, 2017, 1:02 pm
മലയാളത്തില്‍ പാരകള്‍ സജീവമെന്ന് പ്രതാപ് പോത്തന്‍
Celebrity Talk
Celebrity Talk
മലയാളത്തില്‍ പാരകള്‍ സജീവമെന്ന് പ്രതാപ് പോത്തന്‍

മലയാളത്തില്‍ പാരകള്‍ സജീവമെന്ന് പ്രതാപ് പോത്തന്‍

മലയാള സിനിമയിലാണ് ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തത്ര രാഷ്ട്രീയം ഉള്ളതെന്ന് പ്രതാപ് പോത്തന്‍. കേരളത്തിലെ സിനിമാക്കാര്‍ക്ക് ശത്രുത കൂടുതലാണ്. ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ഈ ആരോപണം ഉന്നയിച്ചത്. ശ്യാമപ്രസാദിന്റെ സിനിമാ ചിത്രീകരണത്തിനിടയില്‍ രോഗബാധിതനായ പ്രതാപ് പോത്തന്‍ ചികിത്സാകാലം കഴിഞ്ഞ് വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.

ഇതിനിടയില്‍ ദുല്‍ക്കര്‍ ചിത്രം സംവിധാനം ചെയ്യാനുള്ള ശ്രമം താന്‍ ഉപേക്ഷിച്ചെന്ന് പ്രതാപ് പോത്തന്‍ പറഞ്ഞു.ആ ചിത്രത്തിന്റെ തിരക്കഥ എനിക്ക് ഇഷ്ടപ്പെട്ടില്ല. ഇഷ്ടപ്പെടാത്ത ഒരു ചിത്രം എങ്ങനെയാണ് ചിത്രീകരിക്കുക. അതുകൊണ്ടുതന്നെ ആ പ്രൊജക്ട് ഞാന്‍ വേണ്ടെന്ന് വച്ചു. സിനിമയ്ക്ക് പുറത്തുനിന്നുള്ളവരുടെ ഇടപെടലും ഉണ്ടായിരുന്നു. അതൊക്കെ അസഹനീയമായപ്പോഴാണ് ആ പ്രൊജക്ടില്‍ നിന്നും പിന്മാറാന്‍ ഞാന്‍ തീരുമാനമെടുത്തത്. 20 വര്‍ഷത്തിനുശേഷം സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു അത്.

എനിക്കിപ്പോള്‍ 64 വയസ്സായി. ലോക പ്രശസ്തരായ സംവിധായകരെല്ലാം കരിയറിലെ മികച്ച സിനിമകള്‍ ചെയ്തത് ഈ പ്രായത്തിനുശേഷമാണ്. എനിക്കും മികച്ച സിനിമകള്‍ ചെയ്യാനുള്ള ഒരു കാലമാണ് ഇനിയും ഉള്ളതെന്നാണ് എന്റെ വിശ്വാസം. തിരക്കഥ പൂര്‍ത്തിയാകുന്നതിന് അനുസരിച്ചായിരിക്കും കഥാപാത്രങ്ങളെ നിശ്ചയിക്കുക.

മനസ്സില്‍ തോന്നുന്നത് മുഖത്ത് നോക്കി പറയുക എന്റെ രീതിയാണ്. അത് പലര്‍ക്കും ഇഷ്ടപ്പെടില്ല. മറ്റുള്ളവരുടെ മുമ്പില്‍ പോയി തൊഴുത് നില്‍ക്കാനും താല്‍പ്പര്യമില്ല. അതുല്യപ്രതിഭയായ തിലകന്റെ അനുഭവം നമുക്കറിയാമല്ലോ. വ്യക്തിവിരോധത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരില്‍ ചാന്‍സ് ഇല്ലാതാക്കും .ഇത് കേരളത്തിലെ സിനിമാക്കാര്‍ക്കിടയില്‍ മാത്രമുള്ളതാണ്. തമിഴ്‌നാട്ടിലെ സിനിമയിലൊ, രാഷ്ട്രീയത്തിലൊ ഇതു ചെയ്യില്ല. ജോലി ഇല്ലാതാക്കുക, പ്രൊജക്ട് തട്ടിക്കളയുക, ഇതൊക്കെ ഇവിടയെ ഉള്ളു... എന്നെ ശ്യാമപ്രസാദിന്റെ സിനിമയില്‍ നിന്നുപോലും പുറത്താക്കാനുള്ള ശ്രമം നടന്നിരുന്നു.

മലയാള സിനിമയില്‍ എന്താണ് നടക്കുന്നതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ദിലീപിനെ എന്തിനാണ് ജയിലിലിട്ടത്. എന്തൊക്കെയോ ദുരൂഹതകള്‍ ആ കേസിനും പിന്നിലുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കും. എന്റെ ഭാര്യ രാധികയില്‍നിന്നും വിവാഹമോചനം നേടുന്ന കാലത്ത് ഞാന്‍ അത് അനുഭവിച്ചതാണ്. ആ തീരുമാനം തെറ്റായി എന്ന തോന്നല്‍ ഇല്ലാത്തതു കൊണ്ടും അതിനെക്കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കാത്തതുകൊണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് നിരാശയില്ല.

ജീവിതത്തില്‍ നഷ്ടബോധം തോന്നുന്നത് 'അങ്ങാടി 'യെന്ന ഐ.വി ശശി ചിത്രത്തില്‍ അഭിനയിക്കാത്തതിനാലാണ്. എനിക്ക് വേണ്ടി എഴുതിയ കഥയായിരുന്നു അത്. എനിയ്ക്ക് പക്ഷെ അന്ന് ആ കഥയില്‍ താല്‍പ്പര്യം തോന്നിയില്ല. പകരം 'പപ്പു' എന്ന സിനിമയായിരുന്നു ഞാന്‍ തെരഞ്ഞെടുത്തത്.ആ തെറ്റായ തെരഞ്ഞെടുപ്പ് എനിയ്ക്ക് ദോഷം ചെയ്തു .ഇന്നും അങ്ങാടിയിലെ കഥാപാത്രം നഷ്ടപ്പെട്ടതില്‍ എനിക്ക് ദുഃഖമുണ്ട്.