‘നന്ദി തലൈവാ’; രജനീകാന്തിനോട് സച്ചിന്‍ 

April 19, 2017, 11:54 am
‘നന്ദി തലൈവാ’; രജനീകാന്തിനോട് സച്ചിന്‍ 
Celebrity Talk
Celebrity Talk
‘നന്ദി തലൈവാ’; രജനീകാന്തിനോട് സച്ചിന്‍ 

‘നന്ദി തലൈവാ’; രജനീകാന്തിനോട് സച്ചിന്‍ 

സ്‌പോര്‍ട്‌സ് ബയോപ്പിക്കുകളോട് ബോളിവുഡ് താല്‍പര്യം കാട്ടിത്തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. മഹേന്ദ്രസിങ് ധോണിയുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും മില്‍ഖ സിങ്ങിന്റെയുമൊക്കെ ജീവിതം ഇന്ത്യന്‍ സിനിമാപ്രേമി സ്‌ക്രീനില്‍ കണ്ടെങ്കിലും അതിലുമൊക്കെ ആകാംക്ഷയേറ്റുന്നൊരു ചിത്രം വരാനിരിക്കുന്നതേയുള്ളൂ. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതം സ്‌ക്രീനിലെത്തിക്കുന്ന 'സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്' മെയ് 26നാണ് തീയേറ്ററുകളിലെത്തുക.

ജെയിംസ് എര്‍സ്‌കിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏതാനും ദിവസം മുന്‍പാണ് പുറത്തെത്തിയത്. ജന്മനാടായ മുംബൈയില്‍വെച്ച് സച്ചിന്‍ തന്നെയായിരുന്നു ട്രെയ്‌ലര്‍ പുറത്തിറക്കിയത്. വമ്പന്‍ വരവേല്‍പ്പാണ് ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്. ഒരാഴ്ചയെത്തും മുന്‍പേ ലഭിച്ചത് രണ്ട് കോടിയിലേറെ കാഴ്ചകള്‍. ഹിന്ദി, മറാഠി, ഇംഗ്ലീഷ്, തെലുങ്ക് എന്നിവ കൂടാതെ തമിഴിലും പുറത്തിറങ്ങുന്ന ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സ്റ്റൈല്‍മന്നന്‍ രജനീകാന്ത്.

'സച്ചിന്‍: എ ബില്യണ്‍ ഡ്രീംസിന് എന്റെ എല്ലാ ആശംസകളും' എന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രജനി പോസ്റ്റ് ചെയ്തത്. ഉടന്‍ വന്നു സച്ചിന്റെ പ്രതികരണം. 'നന്ദി തലൈവാ, തമിഴ് പതിപ്പ് നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു.'

എ.ആര്‍.റഹ്മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ നിര്‍മ്മാണം 200 നോട്ട്ഔട്ട് എന്ന നിര്‍മ്മാണ കമ്പനിയാണ്.