സനല്‍കുമാര്‍ ശശിധരന്‍ അഭിമുഖം: ഭീഷണിയില്‍ ഭയമില്ല, പ്രതിഷേധകര്‍ക്ക് പ്രത്യേക പ്രദര്‍ശനം നടത്താം, സിനിമയുടെ ഉള്ളടക്കം അല്ല ഇവര്‍ക്ക് പ്രശ്‌നം 

February 6, 2017, 6:22 pm
സനല്‍കുമാര്‍ ശശിധരന്‍ അഭിമുഖം: ഭീഷണിയില്‍ ഭയമില്ല, പ്രതിഷേധകര്‍ക്ക് പ്രത്യേക പ്രദര്‍ശനം നടത്താം, സിനിമയുടെ ഉള്ളടക്കം അല്ല ഇവര്‍ക്ക് പ്രശ്‌നം 
Celebrity Talk
Celebrity Talk
സനല്‍കുമാര്‍ ശശിധരന്‍ അഭിമുഖം: ഭീഷണിയില്‍ ഭയമില്ല, പ്രതിഷേധകര്‍ക്ക് പ്രത്യേക പ്രദര്‍ശനം നടത്താം, സിനിമയുടെ ഉള്ളടക്കം അല്ല ഇവര്‍ക്ക് പ്രശ്‌നം 

സനല്‍കുമാര്‍ ശശിധരന്‍ അഭിമുഖം: ഭീഷണിയില്‍ ഭയമില്ല, പ്രതിഷേധകര്‍ക്ക് പ്രത്യേക പ്രദര്‍ശനം നടത്താം, സിനിമയുടെ ഉള്ളടക്കം അല്ല ഇവര്‍ക്ക് പ്രശ്‌നം 

ക്രൗഡ് ഫണ്ടിംഗിനൊപ്പം ഒരാള്‍പൊക്കം എന്ന ആദ്യ സിനിമ, അവാര്‍ഡ് നേടിയാല്‍ തിയറ്ററുകളില്‍ നിന്ന് പുറത്താക്കപ്പെടുന്ന സമാന്തര സിനിമകളുടെ ദുരവസ്ഥയെ അതിജീവിച്ചെത്തിയ നിരവധി രാഷ്ട്രീയമാനങ്ങളുള്ള ഒഴിവുദിവസത്തെ കളി എന്ന രണ്ടാം ചിത്രം. മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ആദ്യ ചിത്രത്തിനും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം രണ്ടാമത്തെ ചിത്രത്തിനും. മൂന്നാമത്തെ ചിത്രമായ സെക്‌സി ദുര്‍ഗ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തിലെ മികച്ച സിനിമയ്ക്ക് ഹിവോസ് ടൈഗര്‍ എന്ന സുപ്രധാന പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നു. ഹിവോസ് ടൈഗര്‍ പുരസ്‌കാരം നേടിയതിന് ശേഷം സനലിന് പറയാനുള്ളത്.

വളരെക്കാലത്തിന് ശേഷം ഒരു മലയാള സിനിമയ്ക്ക് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സുപ്രധാന പുരസ്‌കാരം ലഭിക്കുകയാണ് സെക്‌സി ദുര്‍ഗയിലൂടെ. അവാര്‍ഡ് നേട്ടം എങ്ങനെ കാണുന്നു?

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവല്‍ ലോകത്തെ പ്രധാന ചലച്ചിത്ര മേളകളില്‍ ഒന്നാണ് എന്നതിനപ്പുറം റോട്ടര്‍ഡാമിന് മാത്രമായ ചില സവിശേഷതകളുണ്ട്. ലോകത്ത് ഏറ്റവുമധികം പുതിയ ചലച്ചിത്രകാരന്‍മാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മേളയാണ് റോട്ടര്‍ഡാം. കാന്‍, ബെര്‍ലിന്‍ തുടങ്ങിയ മേളയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും ചലച്ചിത്രരംഗത്തുള്ള വലിയ പേരുകാരെ തുടര്‍ച്ചയായി ആനയിക്കുന്നതിലാണ് ഇവര്‍ക്ക് താല്‍പ്പര്യക്കൂടുതല്‍. കമേഴ്സ്യല്‍ വശവും പ്രശസ്തിയും പരിഗണന ആകാതെ പുതുനിരയെയും ചലച്ചിത്രലോകത്തെ പരീക്ഷണത്വരയെയും കയ്യയച്ച് പിന്തുണയ്ക്കുന്ന മേളയാണ് റോട്ടര്‍ഡാം. കാനും ബെര്‍ലിനും വലിയ പേരുകള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ഇവര്‍ ആര്‍ട്ടിസ്റ്റിക് സിനിമകള്‍ക്കൊപ്പം നില്‍ക്കുന്നു. മലയാളത്തില്‍ നിന്നുള്ള സിനിമ എന്നതും സനല്‍കുമാര്‍ ശശിധരന്‍ എന്ന സംവിധായകന്‍ എന്നതുമൊക്കെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ സിനിമയ്ക്കും ഏഷ്യന്‍ സിനിമയ്ക്കും ഒരു പോലെ ലഭിക്കുന്ന നേട്ടമായി റോട്ടര്‍ഡാം ഫെസ്റ്റിവലിലെ ഹിവോസ് ടൈഗര്‍ അവാര്‍ഡിനെ കാണണം. ഇത്തരം സ്‌പേസുകളില്‍ നമ്മുടെ സിനിമകള്‍ക്ക് ഇടം ലഭിക്കുമ്പോള്‍ ഇനി വരാനിരിക്കുന്ന സിനിമകള്‍ക്കും ചലച്ചിത്രകാരന്‍മാര്‍ക്കും മികച്ച സാധ്യതയായി മാറും. എട്ട് സിനിമകളാണ് മത്സരിച്ചത്. കഴിഞ്ഞ വട്ടം മൂന്ന് സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കിയപ്പോള്‍ ഇത്തവണ ഒരു ചിത്രത്തിന് മതിയെന്ന് സംഘാടകര്‍ തീരുമാനിച്ചിരുന്നു. ആ പുരസ്‌കാരം സെക്‌സി ദുര്‍ഗയ്ക്ക് ലഭിച്ചതില്‍ ആഹ്ലാദമുണ്ട്.

രാജ്യത്തിന് അഭിമാനിക്കാവുന്ന പുരസ്‌കാരം മറ്റൊരു രാജ്യത്ത് നിന്ന് സ്വന്തമാക്കിയപ്പോള്‍ പുറത്തിറങ്ങിയിട്ടില്ലാത്ത സിനിമയുടെ പേരാണ് ചിലര്‍ക്ക് പ്രശ്‌നം. പേരിനെച്ചൊല്ലി ചില ഹിന്ദു മൗലികവാദ സംഘടനകളുടെ ഭീഷണിയാണ്, വീട്ടിലേക്കും ഭീഷണി ഫോണ്‍ കോളുകള്‍. ഈ സിനിമ ഇനി നേരിടാനിരിക്കുന്നത് വലിയ വെല്ലുവിളികള്‍ കൂടിയാണെന്ന് തോന്നുന്നുണ്ടോ?

എന്റെ നായികയുടെ പേര് ദുര്‍ഗ എന്നാണ്. അങ്ങനെയാണ് സിനിമ സെക്‌സി ദുര്‍ഗയായത്. സെക്‌സി ദുര്‍ഗ എന്ന പേരിന് ദൈവവുമായി ബന്ധമില്ല. പിന്നെ ഈ പ്രതിഷേധകര്‍ ആരെങ്കിലും സിനിമ കണ്ടോ?, സിനിമയ്ക്ക് പുരസ്‌കാരം ലഭിച്ച വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഭീഷണിയും തെറിവിളിയും അധിക്ഷേപവും ഉണ്ടായത്. നിങ്ങളുടെ ഭാര്യയുടെ പേരില്‍ സെക്സി എന്നിട്ടാല്‍ എന്താവും പ്രതികരിക്കുക, മകളുടെ പേരിട്ട് സെക്സി എന്നിട്ടൂടേ. ഒരു കാര്യം ഉറപ്പാണ് സിനിമയുടെ ഉള്ളടക്കം അല്ല ഇവരുടെ വിഷയം. ഉള്ളടക്കം എന്താണെന്നും എന്തിനെക്കുറിച്ചാണ് സിനിമയെന്നും മനസിലാക്കാതെയാണ് ഇവരുടെ ഈ പ്രതിഷേധവും ഭീഷണിയും. ഞാന്‍ നെതര്‍ലാന്‍ഡ്‌സിലാണ്. ചിലര്‍ എന്റെ വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പറഞ്ഞു. സിനിമയുടെ പേര് മാറ്റണം എന്നാണ് അവരുടെ ആവശ്യം. നിങ്ങള്‍ക്ക് സെക്‌സി ശ്രീജ എന്ന് പേരിട്ടൂടേ എന്ന് ചിലര്‍ ചോദിക്കുന്നു. ഭാര്യയുടെ പേര് ശ്രീജയെന്നാണ്. സെക്‌സി ദുര്‍ഗയിലെ ദുര്‍ഗ ദുര്‍ഗാ ദേവിയല്ല എന്ന് പറഞ്ഞിട്ടും ഇവര്‍ക്ക് തൃപ്തിയാകുന്നില്ല.

ഹിവോസ് ടൈഗര്‍ പുരസ്‌കാരവുമായി സനല്‍  
ഹിവോസ് ടൈഗര്‍ പുരസ്‌കാരവുമായി സനല്‍  

ഭീഷണികള്‍ക്ക് ആസൂത്രിത സ്വഭാവമുണ്ടോ? സജ്ജയ് ലീലാ ബെന്‍സാലിയെ പദ്മാവതിയെന്ന സിനിമയുടെ പേരില്‍ ആക്രമിക്കുകയും തങ്ങളുടെ താല്‍പ്പര്യങ്ങളുടെ വരുതിയിലാക്കുകയും ചെയ്തത് ഈ അടുത്താണ്. ആവിഷ്‌കാര സ്വാതന്ത്യത്തിന് നേരെയുള്ള ഭീഷണി നേരിടാന്‍ ബോളിവുഡില്‍ പ്രതിഷേധക്കാരുമായി പല പ്രമുഖ താരങ്ങളും അവരുടെ സിനിമകളും ഒത്തുതീര്‍പ്പിലെത്തുന്ന സംഭവങ്ങള്‍ അരങ്ങേറി. സംഘപരിവാറും ശിവസേനയുമെല്ലാം ഭരണസ്വാധീനം കൂടി മുതലെടുത്ത് ഇത്തരം പ്രതിഷേധങ്ങള്‍ക്ക് പിന്നിലുണ്ട്. സെക്‌സി ദുര്‍ഗയെന്ന പേരിനെ മറയാക്കിയുള്ള ആക്രമണങ്ങളിലും ഇവരൊക്കെയാണോ?

പ്രതിഷേധങ്ങള്‍ക്ക് ആസൂത്രിത സ്വഭാവമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഇന്നലെ ആരൊക്കെയോ എന്റെ വീട്ടില്‍ വന്നിരുന്നു. ഭാര്യ എന്നോട് പറഞ്ഞതാണ്. സിനിമയുടെ പേര് തങ്ങള്‍ക്ക് അംഗീകരിക്കാനാവുന്നതല്ലെന്നും ഇക്കാര്യത്തില്‍ ഞാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം എന്നുമാണ് അവരുടെ ആവശ്യം. ഇവരെല്ലാം സംഘപരിവാര്‍ ആണോ എന്നൊന്നും തിരിച്ചറിയാനാകില്ല. ഒരേ സംഘടനയില്‍ നിന്ന് അമീബയെ പോലെ രൂപം മാറിപ്പോകുന്നവരാണ് ഇക്കൂട്ടര്‍. പിന്നെ തീവ്രമുസ്ലീം സംഘടനകളില്‍ നിന്നും ഹിന്ദുസംഘടനകള്‍ക്ക് ചില പ്രകടമായ വ്യത്യാസമുണ്ട്. മുസ്ലീം സംഘടനകള്‍ മറ്റാരെങ്കിലും ചെയ്ത ആക്രമണങ്ങള്‍ പോലും തങ്ങളുടേതാണെന്ന രീതിയില്‍ ഉത്തരവാദിത്വം അങ്ങ് ഏറ്റെടുത്തുകളയും. ഹിന്ദു തീവ്രവാദ സംഘടനകള്‍ അങ്ങനെയല്ല, അവര്‍ ഞങ്ങളല്ല എന്ന് പറഞ്ഞ് കയ്യൊഴിയും. എന്നാല്‍ ആക്രമണത്തെക്കുറിച്ചോ ആക്രമിക്കപ്പെട്ട ആളെക്കുറിച്ചോ മിണ്ടില്ല. ആര്‍എസ്എസും ബിജെപിയും അടക്കമുള്ളവര്‍ ഇവരെ തള്ളിപ്പറയില്ല ഏറ്റെടുക്കുകയുമില്ല. ഇതൊരു രാഷ്ട്രീയ കളളക്കളിയാണ്. അസഹിഷ്ണുതയും ആക്രമണവും നടത്തുന്നവരെ ഞങ്ങളുടെ കൂടെയുള്ളവരല്ല എന്ന് പറയാന്‍ തയ്യാറാകാത്തിടത്തോളം അവരെ വിശ്വസിക്കാനാകില്ല.സെക്‌സി ദുര്‍ഗ
സെക്‌സി ദുര്‍ഗ

സമൂഹത്തോടെ സംവദിക്കേണ്ട സിനിമയെ സമൂഹത്തിലെ ഒരു വിഭാഗം അസഹിഷ്ണുതയോടെയും ഭീഷണിയോടെയും നേരിടാന്‍ തയ്യാറെടുക്കുന്നു? ഇത്തരം ഭീഷണികള്‍ക്കൊപ്പമാകും സിനിമ പ്രേക്ഷകരിലെത്തിക്കേണ്ടത് എന്നത് വെല്ലുവിളിയായി കാണുന്നുണ്ടോ?

ഞാന്‍ ആരെയും പേടിക്കുന്നില്ല. ഇതുപോലുള്ള ഭീഷണികള്‍ സനല്‍കുമാര്‍ ശശിധരനെയോ സെക്‌സി ദുര്‍ഗയെയോ മാത്രം ഉന്നമിട്ട് വരുന്നതല്ല. അത് മനസിലാക്കകുയാണ് വേണ്ടത്. സമൂഹം ഒന്നടങ്കം പ്രതിരോധിക്കുമ്പോള്‍ മതമൗലികവാദികള്‍ക്ക് ചലിക്കാനാകില്ല. എന്നെ കൊല്ലുന്നതോ തല്ലുന്നതോ ഞാന്‍ കാര്യമാക്കുന്നില്ല. ജീവിതം നൈമിഷികമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എനിക്കതുകൊണ്ട് സെക്‌സി ദുര്‍ഗയെന്ന പേരിനാല്‍ ശാരീരികമായി ആക്രമിക്കപ്പെടുമോ എന്നോര്‍ത്ത് ഭയവുമില്ല. പിന്നെ ഈ ഭീഷണി ഉയര്‍ത്തുന്നവര്‍ അവര്‍ സത്യത്തില്‍ വെറും പാവങ്ങളാണ്. ഈ പ്രതിഷേധക്കാരോടൊന്നും സംസാരിക്കില്ല എന്ന ഈഗോയൊന്നും എനിക്കില്ല. ഈ പേരാണ് അവരെ അസ്വസ്ഥമാക്കുന്നതെങ്കില്‍ അവര്‍ എന്റെ സിനിമ കാണട്ടെ, ഞാനവരെ ക്ഷണിക്കുകയാണ്. വേണമെങ്കില്‍ അവര്‍ക്കായി ഒരു സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് തന്നെ നടത്താം. അത് ഭയം കൊണ്ടല്ല, തുറന്ന സംവാദത്തിലൂടെ സങ്കുചിത ബോധമുള്ളവരിലും മാറ്റമുണ്ടാക്കാനാകും എന്ന ആശയത്തില്‍ വിശ്വസിക്കുന്നത് കൊണ്ടാണ്. ഈ സിനിമ കണ്ടാല്‍ അവരുടെ മുന്‍വിധികള്‍ മാറിയേക്കാം, നാളെ മറ്റൊരു സിനിമ വരുമ്പോള്‍ ഇതേ നിലപാട് എടുക്കാതിരുന്നേക്കാം. എന്റെ ആര്‍ട്‌ഫോമിന് വേണ്ടി അതിനോട് വിയോജിക്കുന്നവരോടും പ്രതിഷേധിക്കുന്നവരോടും സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്. പിന്നെ ഈ കൊല്ലുമെന്നൊക്കെ പറയുന്ന കക്ഷികള്‍ സത്യത്തില്‍ പാവങ്ങളാണ്. അല്പബുദ്ധിയാണ് അവരുടെ ഈ എടുത്തുചാട്ടത്തിന് പിന്നില്‍. അവര്‍ ജീവിച്ച സാഹചര്യവും അവരുടെ കാഴ്പ്പാട് പാകപ്പെടുത്തിയ സംഗതികളുമൊക്കെയാണ് ലോകം എന്താണെന്ന് അറിയാത്ത രീതിയിലേക്ക് ഇവരെ മാറ്റിയത്. അവരെയെല്ലാം പിടിച്ച് ജയിലില്‍ ഇടണമെന്ന അഭിപ്രായം എനിക്കില്ല. ഞാന്‍ അവരോട് സംസാരിക്കാം, അവരെ സിനിമ കാണിക്കാം. അവര്‍ ഉന്നയിച്ചത് പോലെ ഇത് അവരുടെ വിശ്വാസത്തെയും വിശ്വാസ പ്രതീകത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണോ എന്ന് അവര്‍ കണ്ടറിയട്ടെ. അവരെ ഓപ്പണായി സിനിമ കാണാന്‍ ഈ ഘട്ടത്തില്‍ ക്ഷണിക്കുകയാണ്.

റോട്ടര്‍ഡാമില്‍ പുരസ്‌കാരം ലഭിക്കുന്നതിന് മുമ്പ് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് താങ്കളുടെ പ്രതികരണങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഘപരിവാര്‍ അനുഭാവിയെന്ന വിമര്‍ശനവും നേരിട്ടിരുന്നു?

തമാശ എന്താണെന്ന് വച്ചാല്‍ ആളുകളൊക്കെ പൊളിറ്റിക്കലി പോളറൈസ്ഡ് ആണ്. ഒരു മാങ്ങ കണ്ട് മാങ്ങയെന്ന് പറയണമെങ്കില്‍ ചില രാഷ്ട്രീയ കക്ഷികളും അവരുടെ നിലപാടും അങ്ങനെ തന്നെയാണോ എന്ന് ആദ്യം നോക്കണം എന്നായിട്ടുണ്ട്. എനിക്ക് ശരിയെന്ന തോന്നുന്ന കാര്യങ്ങളാണ് ഞാന്‍ പറയുന്നതും എഴുതുന്നതും. നാളെ ഒരു കൂട്ടര്‍ ആക്രമിക്കുമെന്ന് കരുതി ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുടെ പിന്തുണ നേരത്തെ നേടിയെടുക്കാം എന്ന ചിന്തയില്‍ അല്ല ഞാന്‍ ഒരു കാര്യവും ചെയ്യുന്നത്. പിന്നെ പനി വന്നു മരിക്കുന്നതിലേക്കാണ് നല്ലതാണ് സത്യം പറഞ്ഞതിന്റെ പേരില്‍ വെടിയേറ്റ് മരിക്കുന്നത് എന്നാണ് എന്റെ വിശ്വാസം

മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

സെക്‌സി ദുര്‍ഗ എന്ന പേര് ഹിന്ദുത്വസംഘടനകള്‍ ദുര്‍വ്യഖ്യാനിക്കാന്‍ സാധ്യതയുണ്ടെന്ന് പേരിടുമ്പോള്‍ ആലോചിച്ചിരുന്നോ?

പാര്‍വതിയെന്നോ സരസ്വതിയെന്നോ ലക്ഷ്മിയെന്നോ പേരിട്ടാലും ദുര്‍വ്യാഖ്യാനിക്കപ്പെടില്ലേ, ആരെങ്കിലും നാളെ പ്രതിഷേധിക്കുമെന്ന കരുതി എല്ലാവര്‍ക്കും സ്വീകാര്യമായ പേരെങ്ങനെ കണ്ടെത്തും. സമൂഹത്തില്‍ ചലനമുണ്ടാക്കാന്‍ തന്നെയാണ് ആര്‍ട്ട് ഫോമിലൂടെ ശ്രമിക്കുന്നത്. ഒരു രാത്രി ദുര്‍ഗ എന്ന പെണ്‍കുട്ടിക്കും അവളുടെ സുഹൃത്തിനും നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് ഈ സിനിമ. കലാരൂപം സൈലന്റ് ആയിരിക്കാനുളളതല്ല. ചലനമുണ്ടാക്കാന്‍ തന്നെയാണ്. ദുര്‍ഗയെന്ന പേരിനെ ഓര്‍ത്ത് പ്രതിഷേധമുയര്‍ത്തുമ്പോള്‍ ആ പേരിലൊരു പെണ്‍കുട്ടിയെ രാത്രി ഒറ്റയ്ക്ക് കണ്ടാല്‍ അവളെ പൂജിക്കാനും ആദരിക്കാനുമല്ല വേശ്യയെന്ന് മുദ്രകുത്താനാണ് മെനക്കെടുക. എതിര്‍പ്പുണ്ടാകുമല്ലോ എന്ന് കരുതി മുന്‍കരുതല്‍ സ്വീകരിക്കുന്നത് അവരെ സഹായിക്കലും വഴങ്ങികൊടുക്കലുമാണ്. സിനിമ ഉണ്ടാക്കുന്നത് പോലെ പ്രധാനമാണ് ആ സിനിമയിലെ നിലപാടിനൊപ്പം ഉറച്ചുനില്‍ക്കുക എന്നത്. സെക്സി ദുര്‍ഗ എന്ന പേര് വിവാദത്തിന് വേണ്ടി മനപൂര്‍വ്വം ഉപയോഗിച്ചതല്ല. അത് എന്റെ സിനിമയുടെ സബ്ജക്ടിന് അനുയോജ്യമായതിനാല്‍ ഇട്ടതാണ്. അത് പാടില്ല എന്നൊക്കെ പറഞ്ഞ് വന്നുകഴിഞ്ഞാല്‍ അത്തരം ഉമ്മാക്കികള്‍ക്കൊന്നും വഴങ്ങില്ല. ജനാധിപത്യരാജ്യം എന്ന സങ്കല്‍പ്പമൊക്കെ അപ്പോള്‍ തകര്‍ന്നുപോകില്ലേ.

പുരസ്‌കാരത്തിന് ശേഷം ഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പ്രദര്‍ശിപ്പിച്ചല്ലോ, എന്തായിരുന്നു പ്രേക്ഷകരുടെ പ്രതികരണം?

സിനിമ കാണാന്‍ നല്ലൊരു ക്യൂ തന്നെ ഉണ്ടായിരുന്നു. പ്രദര്‍ശനത്തിന് ശേഷം ചര്‍ച്ചയുണ്ടായിരുന്നു. ഇവിടെ സെക്‌സി ദുര്‍ഗ കാണിച്ചാല്‍ ഇന്ത്യയില്‍ നടക്കുന്ന സംഭവം എന്ന രീതിയിലും നമ്മുക്കിടയിലുള്ള ചില സാമൂഹ്യപ്രശ്‌നം എന്ന രീതിയിലോ ആവും ചര്‍ച്ച ചെയ്യപ്പെടുക. പക്ഷേ ഇന്ത്യയിലെ ഒരു പ്രശ്‌നം എന്ന നിലയ്ക്കല്ല ലോകത്ത് എല്ലായിടത്തും സ്ത്രീകളെ അടക്കിവയ്ക്കാന്‍ മതവും സംവിധാനങ്ങളുമൊക്കെ എങ്ങനെ ഉപയോഗിക്കുന്ന എന്ന രീതിയിലാണ് അവിടെ സിനിമ ചര്‍ച്ച ചെയ്യപ്പെട്ടത്. പലപ്പോഴും കുടുസുമുറികളില്‍ നിന്നാണ് നമ്മള്‍ ചിന്തിക്കുന്നത്.

അവാര്‍ഡ് സിനിമയെടുക്കാന്‍ പണം മുടക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ തീരുമാനിച്ച കാലത്ത് സമാന്തര സിനിമകള്‍ക്ക് വലിയ തോതില്‍ പ്രോത്സാഹനമില്ലാത്തപ്പോഴാണ് ഒരാള്‍പൊക്കം എന്ന ആദ്യസിനിമ ക്രൗഡ് ഫണ്ടിംഗിലൂടെ ചെയ്തത്, പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് താരഭാരമില്ലാതെ മൂന്നാം സിനിമ ചെയ്യുകയും അത് റോട്ടര്‍ഡാം പോലൊരു വലിയ വേദിയില്‍ അംഗീകരിക്കപ്പെടുകയും ചെയ്തപ്പോള്‍ സെക്‌സി ദുര്‍ഗയിലൂടെ മലയാളത്തിലെ പുതുനിര ചലച്ചിത്രകാരന്‍മാര്‍ക്ക് വലിയ പ്രചോദനം ലഭിക്കുന്നുണ്ട്?

സമാന്തര സിനിമയുടെ കാര്യത്തിലാണെങ്കിലും ആദ്യ സിനിമയുടെ കാര്യത്തിലാണെങ്കിലും ആദ്യ സിനിമ ചെയ്യുന്ന കാര്യത്തില്‍ മിക്കവരും അഭിമുഖീകരിച്ച പ്രശ്‌നങ്ങളാണ് ഞാനും നേരിട്ടത്. അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്രകാരന്‍മാരുടെ മാതൃക മുന്നിലുണ്ട്. അവര്‍ വലിയൊരു കൂട്ടായ്മ സൃഷ്ടിച്ച് ചിത്രലേഖാ ഫിലിം സൊസൈറ്റി പോലെ നല്ല സിനിമകളോട് ആഭിമുഖ്യമുള്ളവരെ ഏകോപിപ്പിച്ചാണ് സിനിമ സാധ്യമാക്കിയത്. പിന്നെ സമാന്തര സിനിമയെക്കുറിച്ചുള്ള തെറ്റായ ധാരണകളും വലിയ രീതിയില്‍ പരന്നിരുന്നു. ഒരേ ഫോര്‍മാറ്റിലും ഫോര്‍മുലയിലുമായി ഒരു കഥ പറയാന്‍ വേണ്ടിയുള്ള സിനിമകള്‍ ആര്‍ട്ട് സിനിമകളെന്ന ലേബലില്‍ വന്നത് നന്നായി ദോഷം ചെയ്തു. അതിന് വലിയ രീതിയില്‍ മാറ്റമുണ്ടായപ്പോഴാണ് സമാന്തര സിനിമകളില്‍ വീണ്ടും വിശ്വാസമുണ്ടായത്. ഇതാണോ ആര്‍ട്ട് സിനിമ എന്ന രീതിയില്‍ മിമിക്രിക്കാര്‍ പോലും ആക്ഷേപിക്കാന്‍ തുടങ്ങിയിരുന്നു. സുദേവന്റെയും(ക്രൈം നമ്പര്‍ 89) സജിന്‍ ബാബുവിന്റെയും(അസ്തമയം വരെ) ഷാനവാസിന്റെയും(കരി) സിനിമകള്‍ വളരെ വ്യത്യസ്ഥമായി സെന്‍സിബിളായും സത്യസന്ധമായും ആളുകള്‍ സിനിമയെ സമീപിച്ചുതുടങ്ങിയതിന് സാക്ഷ്യമായിരുന്നു. എന്റെ കാര്യത്തിലാണെങ്കില്‍ എന്റെ ഇത്രയും കാലത്തെ ജീവിതവും നാടും ഞാന്‍ കണ്ട സിനിമകളും ചലച്ചിത്രകാരന്‍മാരുമൊക്കെയാണ് എന്നെ സിനിമയില്‍ സ്വാധീനിക്കുന്നത്. അതുപോലെ ഭീഷണികളും അഭിനന്ദനങ്ങളും ഒരു പോലെ ബാധിക്കുന്നുമുണ്ട്.

പുരസ്കാരം സ്വീകരിക്കുന്നു 
പുരസ്കാരം സ്വീകരിക്കുന്നു 

റോട്ടര്‍ ഡാമില്‍ ടൈഗര്‍ പുരസ്‌കാരം നേടിയിട്ടും കേരളത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അപ്പുറത്തേക്ക് വാര്‍ത്താ പ്രാധാന്യമുണ്ടായില്ല?

ഇവിടത്തെ ഡച്ച് പത്രങ്ങള്‍ കൊടുത്ത പ്രാധാന്യം പോലും നാട്ടിലെ പത്രങ്ങള്‍ കൊടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. ഇനിയിപ്പോ നാളെ സെക്‌സി ദുര്‍ഗയ്‌ക്കെതിരെ ഉള്ള ഭീഷണിയുടെ പുറത്ത് വിവാദമായാല്‍ ഇവരെല്ലാം സിനിമയെയും പൊക്കിക്കൊണ്ടുവരും. വിവാദങ്ങളെയാണ് വാര്‍ത്തയാക്കി കാണാന്‍ ആഗ്രഹിക്കുന്നത് സിനിമയുടെ മെറിറ്റിനെയല്ല. അത്തരത്തില്‍ അല്ല ഈ സിനിമ പരിഗണിക്കപ്പെടേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. സെക്‌സി ദുര്‍ഗ കണ്ടതിന് ശേഷമാണ് ചര്‍ച്ചയുണ്ടാവേണ്ടത് അല്ലാതെ സിനിമയുടെ പേരിനെച്ചൊല്ലിയല്ല.

മിക്കവരും ആദ്യസിനിമയിലെ പരീക്ഷണം കഴിഞ്ഞാല്‍ നേരെ താരമൂല്യമുള്ള നടന്‍മാരിലേക്ക് തിരിയും. സിനിമയുടെ വിപണനത്തിന് അതൊരു സാധ്യതയുമാണ്. മൂന്നാമത്തെ സിനിമയിലും മുഖ്യധാരയില്‍ നിന്നുള്ള താരങ്ങളെ പരിഗണിച്ചിട്ടില്ല? എന്താണ് കാരണം?

ഞാന്‍ താരത്തില്‍ വിശ്വസിക്കുന്നില്ല. സിനിമയുണ്ട് കണ്ടന്റാണ് എനിക്ക് താരം. ഒരിക്കലും താരത്തിന് വേണ്ടി സിനിമ ചെയ്യാനുമില്ല. നമ്മുടെ നാട്ടില്‍ നല്ല അഭിനേതാക്കളുണ്ട്. സാധാരണ മനുഷ്യരായി ജീവിക്കുന്നവരുമുണ്ട്. എനിക്ക് സൗഹൃദത്തില്‍ നിന്നേ ആര്‍ട്ട് ഫോം ഉണ്ടാക്കാനാകൂ. അപരിചിതനായ ഒരു താരത്തെ കഥാപാത്രമാക്കി ഞാന്‍ അയാളുടെ അടുത്തെത്തുമ്പോള്‍ കാലിന്‍മേല്‍ കാല് കയറ്റിവച്ച് അപരിചിതത്വവും താരജാഡയും കാട്ടുമ്പോള്‍ അത് വച്ച് സിനിമ ചെയ്യാനാകില്ല. മുരളി ഗോപിയും പ്രകാശ് ബാരേയും താരങ്ങളായിരിക്കേ തന്നെ എന്റെ അടുത്ത സുഹൃത്തുക്കളാണ്. അവിടെ സൗഹൃദമുണ്ട്. സ്വര്‍ണ്ണത്തളികയില്‍ സിനിമ എടുക്കാനല്ല, നല്ല കടലാസില്‍ പടം വരയ്ക്കാനാണ് എനിക്ക ആഗ്രഹം. പിന്നെ സിനിമയിലൂടെ വലിയ സമ്പാദ്യമുണ്ടാക്കാനും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. അന്നന്ന് ജീവിക്കാനുള്ള പണം മതി. അതുകൊണ്ട് എനിക്ക് സംതൃപ്തി നല്‍കുന്നത് ചെയ്താല്‍ മതി.