കേരളത്തിന്റെ ‘നമ്പര്‍ വണ്‍’ ജീവിതം ഹോമിച്ച പ്രവാസികള്‍ തന്ന ഭിക്ഷ..; ഒരു സര്‍ക്കാരിന്റെയും ഭരണമികവല്ലെന്ന് സന്തോഷ് പണ്ഡിറ്റ് 

August 10, 2017, 4:52 pm
കേരളത്തിന്റെ ‘നമ്പര്‍ വണ്‍’ ജീവിതം ഹോമിച്ച പ്രവാസികള്‍ തന്ന ഭിക്ഷ..; ഒരു സര്‍ക്കാരിന്റെയും ഭരണമികവല്ലെന്ന് സന്തോഷ് പണ്ഡിറ്റ് 
Celebrity Talk
Celebrity Talk
കേരളത്തിന്റെ ‘നമ്പര്‍ വണ്‍’ ജീവിതം ഹോമിച്ച പ്രവാസികള്‍ തന്ന ഭിക്ഷ..; ഒരു സര്‍ക്കാരിന്റെയും ഭരണമികവല്ലെന്ന് സന്തോഷ് പണ്ഡിറ്റ് 

കേരളത്തിന്റെ ‘നമ്പര്‍ വണ്‍’ ജീവിതം ഹോമിച്ച പ്രവാസികള്‍ തന്ന ഭിക്ഷ..; ഒരു സര്‍ക്കാരിന്റെയും ഭരണമികവല്ലെന്ന് സന്തോഷ് പണ്ഡിറ്റ് 

ദേശീയ ദിനപത്രങ്ങളില്‍ കേരള സര്‍ക്കാര്‍ നല്‍കിയ പരസ്യങ്ങളെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന 'കേരള നമ്പര്‍ വണ്‍' ചര്‍ച്ചകളില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്ത അനുഭവം വച്ച് കേരളത്തേക്കാള്‍ പല മേഖലകളില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍ വേറെയുണ്ടെന്നും ഇവിടുത്തെ വികസനം ഒരു സര്‍ക്കാരിന്റെയും ഭരണമികവല്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. മറിച്ച് വിദേശത്ത് പോയി ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണ് മലയാളിയുടെ പുരോഗതിയെന്നും.

സന്തോഷ് പണ്ഡിറ്റ് പറയുന്നു..

കേരളം നമ്പര്‍ വണ്‍ ആണോ, അല്ലെങ്കില്‍ എത്രാം സ്ഥാനത്ത് എന്നൊരു വിഷയം ചിലര്‍ കുറച്ച് ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നു. ഏതാണ്ട് ഇന്ത്യയുടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും യാത്ര ചെയ്ത അനുഭവം വെച്ച് ഞാന്‍ വിലയിരുത്തുന്നു. പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണ്. അതായത്, കൂടുതല്‍ യുവജനങ്ങള്‍ക്കും അവിടെ ജോലിയുണ്ട്. ബാഹ്യമായി മൊബൈല്‍, കാര്‍, വീട് എന്നിവ കാണിച്ച് ജാഡ കാണിക്കുന്നതില്‍ കേരളം നമ്പര്‍ വണ്‍ ആണ് (ബാങ്കില്‍ ആധാരം പണയം വെക്കുന്നതിലും). വികസനത്തിന്റെ കാര്യത്തില്‍ തമിള്‍നാടും കര്‍ണ്ണാടകയും നമ്മെക്കാള്‍ മുന്നിലാണ്. അഴിമതി കുറഞ്ഞ ഭരണത്തില്‍ ഡല്‍ഹി നല്ലതാണ്. ഗോവയും പുരോഗതിയില്‍ മുന്നിലാണ്. സാക്ഷരത, ജനങ്ങള്‍ തമ്മിലുള്ള ഇടപഴകല്‍ എന്നിവയില്‍ കേരളം മുമ്പിലായി തോന്നുന്നു. നമ്മുടെ പുരോഗതി വിദേശത്തു പോയി ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണ്. അല്ലാതെ ഒരു സര്‍ക്കാരിന്റെയും ഭരണ മികവല്ല. ലോട്ടറി, മദ്യം ഇവ വിറ്റുകിട്ടുന്ന കാശ് കൊണ്ടാണ് സംസ്ഥാനത്തെ വികസനങ്ങള്‍ നടക്കുന്നത്. കൃഷിയില്‍ കൂടുതല്‍ പുരോഗതി നേടി, കൂടുതല്‍ തൊഴിലവസരങ്ങള്‍ കൊടുത്ത് കേരളം സ്വയംപര്യാപ്തത നേടണം. ബലൂണ്‍ പോലെ ഊതി വീര്‍പ്പിച്ച പുരോഗതി കൊണ്ട് ഒരു ഗുണവുമില്ല. തമിഴ്‌നാടും കര്‍ണാടകവും സഹകരിച്ചില്ലെങ്കില്‍ മലയാളി പട്ടിണിയാകും. ഓര്‍ത്തോ.. വിദേശത്തുള്ളവര്‍ തിരിച്ചുവന്നാല്‍ അവരെ ഉള്‍കൊള്ളാനുള്ള സ്‌പേസ് കേരളത്തിനുണ്ടോ? എന്തിന് വിദ്യാഭ്യാസമുള്ള പലരും നമ്പര്‍ വണ്‍ സംസ്ഥാനത്തെ ഉപേക്ഷിച്ച് വിദേശത്താണ് ജോലിക്ക് പോകുന്നത്. ഏറ്റവും കൂടുതല്‍ ഭൂകമ്പ സാദ്ധൃത ഉള്ള സംസ്ഥാനവുമാണ് നമ്മുടേത്. മറക്കരുത്. ബംഗാളി തൊഴിലാളികള്‍ ഒരു സമരം കൊണ്ടുവന്നാല്‍ നമ്മുടെ നിര്‍മ്മാണ മേഖലയടക്കം ഹോട്ടലും കടകളുമൊക്കെ പൂട്ടി പോകേണ്ടിവരും. കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീകളോടുള്ള മോശം സമീപനം, പീഡനം, കള്ളപ്പണം, മറ്റുള്ളവരെ പരിഹസിക്കുക, രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നിവയിലും മുന്‍പന്തിയില്‍ ആണ്. വ്യക്തിപരമായി ഞാന്‍ കേരളത്തിന് നല്കുന്ന സ്ഥാനം മൂന്ന് ആണ്. ഞാനൊരു രാഷ്ട്രീയ നിരീക്ഷകനല്ല. ജനിച്ച നാടായതുകൊണ്ട് കേരളത്തെ ഇഷ്ടപ്പെടുന്നുമുണ്ട്. ഇന്ത്യയിലെ നമ്പര്‍ വണ്‍ ആകണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. എന്റെ അനുഭവം പൂര്‍ണ്ണമായും ശരിയാണെന്ന് ഞാന്‍ വാശിപിടിക്കില്ല. രാഷ്ട്രീയ ചായ്‌വില്ലാതെ ഈ പറഞ്ഞതിനെ ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കണ്ട് വിലയിരുത്തുവാന്‍ അപേക്ഷ.

ഇംഗ്ലീഷ്, ഹിന്ദി ദിനപത്രങ്ങളുടെ ഡല്‍ഹി എഡിഷനുകളിലാണ് സംസ്ഥാനത്തിന്റെ മികവുകള്‍ ഉയര്‍ത്തിക്കാട്ടുന്ന പരസ്യം കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളെയും സാമൂഹിക അന്തരീക്ഷത്തെയും പ്രകീര്‍ത്തിച്ചുള്ളതായിരുന്നു മുഴുവന്‍ പേജ് പരസ്യങ്ങള്‍.