മോഹന്‍ലാലിന് മാത്രമല്ല, കിംഗ്ഖാനുമുണ്ട് ആ മോഹം; ‘മഹാഭാരതം’ സിനിമയാക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് ഷാരൂഖ് ഖാന്‍ 

April 18, 2017, 1:57 pm
മോഹന്‍ലാലിന് മാത്രമല്ല, കിംഗ്ഖാനുമുണ്ട് ആ മോഹം; ‘മഹാഭാരതം’ സിനിമയാക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് ഷാരൂഖ് ഖാന്‍ 
Celebrity Talk
Celebrity Talk
മോഹന്‍ലാലിന് മാത്രമല്ല, കിംഗ്ഖാനുമുണ്ട് ആ മോഹം; ‘മഹാഭാരതം’ സിനിമയാക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് ഷാരൂഖ് ഖാന്‍ 

മോഹന്‍ലാലിന് മാത്രമല്ല, കിംഗ്ഖാനുമുണ്ട് ആ മോഹം; ‘മഹാഭാരതം’ സിനിമയാക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് ഷാരൂഖ് ഖാന്‍ 

ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും വലിയ ബജറ്റില്‍ ഒരുങ്ങാനിരിക്കുന്ന ഒരു ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം ഇന്നലെയായിരുന്നു. മഹാഭാരതത്തിലെ ഭീമനെ തന്റേതായ കാഴ്ചപ്പാടില്‍ നോക്കിക്കണ്ട് എം.ടി.വാസുദേവന്‍ നായര്‍ എഴുതിയ 'രണ്ടാമൂഴ'ത്തിന്റെ ചലച്ചിത്രാവിഷ്‌കാരം. എം.ടി.തന്നെ തിരക്കഥയൊരുക്കുമ്പോള്‍ മലയാളത്തിലെ ഏത് നടനും മോഹിക്കുന്ന ഭീമന്റെ നായകവേഷം മോഹന്‍ലാലിനാണ്. സിനിമയൊരുക്കുന്നത് കല്യാണ്‍ ജ്വല്ലേഴ്‌സിന്റേതുള്‍പ്പെടെയുള്ള പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ വി.എ.ശ്രീകുമാര്‍ മേനോനും നിര്‍മ്മിക്കുന്നത് പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയും. 1000 കോടി ബജറ്റില്‍ രണ്ട് ഭാഗങ്ങളിലായാവും ചിത്രം തീയേറ്ററുകളില്‍ എത്തുക. മഹാഭാരതം കേട്ടുവളര്‍ന്ന ബാല്യമായിരുന്നു തന്റേതെന്നും ഭീമനെ വിശ്വസിച്ചേല്‍പ്പിച്ച എംടിയോട് നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പ്രോജക്ട് പ്രഖ്യാപനവേളയില്‍ പറഞ്ഞിരുന്നു. മലയാളത്തില്‍ 'രണ്ടാമൂഴം' എന്ന പേരില്‍ത്തന്നെ എത്തുന്ന ചിത്രത്തിന് മറ്റ് ഭാഷകളില്‍ 'ദി മഹാഭാരത' എന്നാണ് പേര്. ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകരില്‍ ഒട്ടേറെപ്പേരെ പലകാലങ്ങളില്‍ ആകര്‍ഷിച്ചിട്ടുണ്ടാവണം 'മഹാഭാരതം'. പലപ്പൊഴും അതൊന്നും യാഥാര്‍ഥ്യമാവാതിരിക്കാന്‍ കാരണമായത് വേണ്ടിവരുന്ന ഉയര്‍ന്ന ബജറ്റുമാവാം. 'മഹാഭാരതം' സിനിമയാക്കാനുള്ള ആഗ്രഹം ഇന്ത്യന്‍ സിനിമയിലെ ഒരു പ്രമുഖതാരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. മറ്റാരുമല്ല, ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന്‍ തന്നെയായിരുന്നു അത്.

ഇംതിയാസ് അലിയുടെ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഷാരൂഖ് ഖാന്‍ 'ബാഹുബലി'യുടെ നിലവാരത്തില്‍ 'മഹാഭാരതം' സിനിമയാക്കാനുള്ള ആഗ്രഹമാണ് വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍-വി.എ.ശ്രീകുമാര്‍ മേനോന്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അത്.

മഹാഭാരതം സ്‌ക്രീനിലെത്തിക്കുക എന്റെ സ്വപ്‌നമാണ്. ഒരുപാട് വര്‍ഷങ്ങളായുള്ള ചിന്തയാണത്. പക്ഷേ അതിന് വേണ്ടിവരുന്ന ഉയര്‍ന്ന ബജറ്റാണ് തടസ്സം. അതിനുള്ള സാമ്പത്തികം എന്റെ കൈയിലില്ല. മറ്റ് നിര്‍മ്മാതാക്കളുടെ സഹായമില്ലാതെ എനിക്കൊറ്റയ്ക്ക് അത് നിര്‍മ്മിക്കാനാവില്ല. അത്തരത്തിലൊരു പ്രോജക്ട് യാഥാര്‍ഥ്യമാക്കാന്‍ പുറത്തുനിന്നുള്ള നിര്‍മ്മാതാക്കള്‍ക്കാവും കൂടുതല്‍ സഹായിക്കാനാവുകയെന്നും ഞാന്‍ കരുതുന്നു. അത്തരത്തിലൊന്ന് നിര്‍മ്മിക്കാനായാല്‍ അത് അന്തര്‍ദേശീയ വിപണിയിലേക്കും എത്തണം. മഹാഭാരതം സിനിമയാക്കുമ്പോള്‍ ഒരു സാധാരണ ചിത്രത്തിന്റെ മട്ടില്‍ ഒരുക്കിയെടുക്കാനാവില്ല. വലുപ്പത്തില്‍ ബാഹുബലിയോടൊപ്പമോ അതിന് മുകളിലോ നില്‍ക്കണം ആ സിനിമ. 
ഷാരൂഖ് ഖാന്‍ 

രണ്ടാമൂഴത്തെക്കുറിച്ച് മോഹന്‍ലാല്‍

ആഗ്രഹം മാത്രമല്ലാതെ അത്തരത്തിലൊന്ന് പ്രായോഗികമായി മുന്നിലുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് കിംഗ് ഖാന്റെ മറുപടി.

ഇപ്പോള്‍ ഒട്ടേറെ തിരക്കുകള്‍ക്ക് നടുവിലാണ് ഞാന്‍. സാഹചര്യങ്ങള്‍ അനുകൂലമായി വന്നാല്‍ ഭാവിയില്‍ എനിക്ക് അത്തരമൊരു സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ട്. കുറച്ചുപേരോടൊക്കെ ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എനിക്കുമാത്രമല്ല, മഹാഭാരതം സിനിമയാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒരുപാടുണ്ട്. എന്റെ ആഗ്രഹം യാഥാര്‍ഥ്യമാവും മട്ടില്‍ ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല. 
മോഹന്‍ലാലും ഷാരൂഖ് ഖാനും, പഴയ ചിത്രം 
മോഹന്‍ലാലും ഷാരൂഖ് ഖാനും, പഴയ ചിത്രം 

മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ പ്രോജക്ട് ദേശീയ മാധ്യമങ്ങളിലടക്കം പ്രാധാന്യത്തോടെ ഇടം പിടിച്ചതിനാല്‍ അത് ഷാരൂഖ് ഖാനും അറിഞ്ഞുകാണണം. പക്ഷേ അതേക്കുറിച്ച് അദ്ദേഹം എന്തെങ്കിലും പ്രതികരിച്ച് കണ്ടില്ല, ഇതുവരെ.